Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 06

ആരും വാര്‍ത്തയാക്കാത്ത കൊലപാതകം

ഹാരിസ് നെന്മാറ

ആരും 
വാര്‍ത്തയാക്കാത്ത 
കൊലപാതകം

കൊല അര്‍ധരാത്രിയായിരുന്നു
കൊല നടക്കുമ്പോള്‍ മുത്തശ്ശന്‍ മാവിന് 60 വയസ്
ഉറങ്ങാതെ ആറു പതിറ്റാണ്ട് കാലം 
ഞങ്ങള്‍ക്ക് കാവലിരുന്ന 
ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന മുത്തശ്ശന്‍ 
ഋതുക്കള്‍ മാറി മറിഞ്ഞു 
ശിശിരം, ഹേമന്തം, 
ഗ്രീഷ്മം അങ്ങനെ അങ്ങനെ
വാര്‍ധക്യം ചുളിവുകള്‍ വീഴ്ത്താത്ത മുഖവുമായി 
തലയെടുപ്പോടെ മുത്തശ്ശന്‍ 
വീട്ടുമുറ്റത്ത് നിവര്‍ന്നുനിന്നു. 
തെളിവുകളൊന്നും ബാക്കിവെക്കാതെയാണ് 
ക്വൊട്ടേഷന്‍ സംഘം കൊലനടത്തിയത്. 
ഒരിറ്റുചോരപോലും ഒഴുക്കാതെ 
യന്ത്രക്കൈകള്‍ അടിവേരുകളറുത്തു.
കോടാലികള്‍ തോറ്റുപോകുമെന്നറിഞ്ഞതിനാലും 
51 വെട്ടുകള്‍ കൊണ്ടൊന്നും 
മുത്തശ്ശന്റെ ജീവനെടുക്കാനാവില്ല 
എന്നറിഞ്ഞതിനാലുമാവാം 
അവര്‍ യന്ത്രക്കൈകളിലഭയം പ്രാപിച്ചത്.
കൊല ആരുമറിഞ്ഞില്ല
മധുരമാമ്പഴങ്ങള്‍ക്കായി മുത്തശ്ശനെ കല്ലെറിയുമ്പോഴും 
ചെറുപുഞ്ചിരിയോടെ ഞങ്ങള്‍ക്കുമുന്നിലേക്ക് 
മാമ്പഴമിറുത്തിടാറുള്ള 
മുത്തശ്ശനെ കാണ്‍മാനില്ലെന്ന് അച്ഛന്‍ പറഞ്ഞു 
അങ്ങനെ ഭൂമി ഒന്നുകൂടി ആഞ്ഞുവലിച്ചു 
ഭൂമിക്ക് ആസ്ത്മയാണുപോലും 

ഹാരിസ് നെന്മാറ 

ചിലപ്പോള്‍ ഉണര്‍ന്നാലോ..?

എത്ര തട്ടിവിളിച്ചിട്ടും
ഒരിക്കലും ഉണര്‍ന്നിട്ടില്ലാത്ത
ചില രാത്രികളുണ്ട്.
രാവിലെ എഴുന്നേറ്റിട്ടാദ്യമാ
കോഴിക്കൂട് തുറക്കാന്‍ പോകേണ്ടതാ.
എന്നിട്ടുമ്മറപ്പടിയില്‍ 
നിലത്തൂന്നിയിരുന്ന്
മുടിവാരിക്കെട്ടുമ്പോള്‍
ഒരുകണ്ണകത്തേക്കും
മറുകണ്ണ് അടുക്കളയിലേക്കും 
പായിച്ചുറപ്പ് വരുത്തേണ്ടതാ.
എന്നിട്ടാണിനിയും, ഇപ്പോഴും!
ഒരുതുള്ളിക്കുപകരിക്കുമെന്ന് 
കരുതിയ സ്വന്തം വീട്ടിലെ കിണര്‍
സലിംഗബുദ്ധസ്വരൂപം പ്രാപിച്ചതും,
നട്ടുവളര്‍ത്തിയ കണിക്കൊന്ന
കന്യകാത്വം വെടിഞ്ഞതും
അറിയാതങ്ങുറങ്ങുവാ.
കൊരുത്തുവയ്ക്കാനുത്തരത്തില്‍
കഴുക്കോലില്ലാത്തതിനാല്‍
വെട്ടുകത്തിയും ഈരോലിയും
ഉമ്മറത്ത് തന്നെ ചിതറിയിരിപ്പാണ്.
എന്നാലുമെപ്പോഴാണി
ത്രയ്ക്കങ്ങുറങ്ങിപ്പോയതെന്ന്
ഞാനിടയ്ക്കാലോചിക്കും.
എന്നും ഉണരുമ്പോള്‍ 
കണ്ണടച്ചൊന്നു തട്ടി വിളിച്ചു നോക്കും.
ചിലപ്പോള്‍ ഉണര്‍ന്നാലോ? 

ഡോ. മനോജ് വെള്ളനാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 89-91
എ.വൈ.ആര്‍