അവര്‍ നമ്മെ കാത്തിരിക്കുന്നു

പി.ജി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാമ്പില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ നൂറ്റിമുപ്പത് പേര്‍ ആന്ധ്രയിലേക്ക് വണ്ടി കയറിയത്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ പുങ്കനൂരില്‍ പ്രവര്‍ത്തിക്കുന്ന മന്‍ഹജുല്‍ ഹുദാ അക്കാദമയിലായിരുന്നു മൂന്നു ദിവസത്തെ ഓറിയന്റേഷന്‍ ക്യാമ്പ്. കളിയും കാര്യവും ചിരിയും ചിന്തയും പകര്‍ന്ന ക്യാമ്പനുഭവങ്ങള്‍ക്ക് കേരളേതര മുസ്‌ലിംകളുടെ വേപഥു നിറഞ്ഞ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ തീവ്രതയുടെ തീക്കനം നല്‍കി.
അധികാരവും ആഭിജാത്യവും വേണ്ടുവോളം ഉണ്ടായിരുന്ന ഒരു സമുദായത്തിന്റെ പിന്മുറക്കാര്‍ മനുഷ്യനെ മനുഷ്യന്‍ വഹിക്കുന്ന റിക്ഷകള്‍ വലിച്ചു അഷ്ടിക്ക് വകതേടുന്ന ദുരന്ത കാഴ്ചകള്‍ ഖല്‍ബില്‍ കീറലും കണ്ണില്‍ ഈറനും സൃഷ്ടിച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ അവസാനിക്കുന്നിടവും ടാറിട്ട റോഡുകള്‍ ചെമ്മണ്‍ പാതകള്‍ക്ക് വഴിമാറുന്നിടവും മുസ്‌ലിം ഗല്ലികളിലേക്കുള്ള പ്രവേശന കവാടങ്ങളാണെന്ന മുമ്പെന്നോ വായിച്ചുവെച്ച വരികള്‍ എത്രമാത്രം അര്‍ഥപൂര്‍ണമാണെന്ന് ആന്ധ്രയിലെ ഓരോ ചുവടുകളും ശരിവെച്ചു. വൃത്തിയും വെടിപ്പുമില്ലാതെ അകവും പുറവും ഒരുപോലെ അഴുക്കു നിറഞ്ഞ ഉത്തരേന്ത്യന്‍ ഗല്ലികളിലൂടെയുള്ള യാത്ര അത്യന്തം ദുഷ്‌കരവും വിവരണാതീതവുമായിരുന്നു. മണ്ണും മനുഷ്യനും മൃഗവും വേര്‍തിരിവേതുമില്ലാതെ ജീവിത വഴിക്ക് താളമിടുന്നത് കാണുമ്പോള്‍ പ്രബുദ്ധതയുടെ കേരള ഭൂമികയില്‍ നിന്ന് വിരുന്നെത്തിയവരുടെ കണ്ണു നിറയും.
ക്യാമ്പിലെ മുഖ്യ ഇനമായിരുന്ന ഫീല്‍ഡ് വര്‍ക്കിനിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് അശുഭവും അത്യന്തം ശോചനീയവുമായ ജീവിത യാഥാര്‍ഥ്യങ്ങളായിരുന്നു. കുറി തൊടുന്ന, ക്ഷേത്രങ്ങളിലെ കൃഷ്ണ വിഗ്രഹത്തിനു മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന, ക്ഷേത്ര മുറ്റത്ത് തുലാഭാരത്തിന് വരി നില്‍ക്കുന്ന മുസ്‌ലിംകള്‍ ഉസ്താദുമാരുടെ അനുഭവ പറച്ചിലുകളില്‍ മുഴങ്ങിക്കേട്ട അതിശയോക്തി കലര്‍ന്ന വാക്കുകളായിരുന്നുവെങ്കില്‍ ഇന്നതിന് ഞങ്ങളുടെ കണ്ണുകള്‍ യാഥാര്‍ഥ്യത്തിന്റെ മുദ്ര നല്‍കിയിരിക്കുന്നു.
പുങ്കനൂരില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള മുതുകപള്ളിയിലായിരുന്നു ഞങ്ങള്‍ ഫീല്‍ഡ് വര്‍ക്കിനു വേണ്ടി തിരഞ്ഞെടുത്തത്. ഇസ്‌ലാമിക പ്രതിനിധാനങ്ങളെന്ന് തിരിച്ചറിയാന്‍ പാകത്തില്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല. ഹിന്ദു-മുസ്‌ലിം വേര്‍തിരിവില്ലാതെ പരന്നു കിടക്കുന്ന വീടുകളില്‍ നിന്ന് മുസ്‌ലിം കുട്ടികളെ വ്യവഛേദിച്ചറിയാന്‍ ആകെയുണ്ടായിരുന്നത് ദൈര്‍ഘ്യമേറിയ അവരുടെ പേരുകളില്‍ ഉണ്ടായിരുന്ന അറബി പദങ്ങള്‍ മാത്രമായിരുന്നു. വയസ്സ് തൊണ്ണൂറോടടുത്ത ഒരു വൃദ്ധയോട് 'അല്ലാഹുവെ അറിയുമോ' എന്ന ചോദ്യത്തിന് 'വഹ് കോന്‍ ഹെ' എന്ന നിസ്സംഗത നിറഞ്ഞ ഭാവമായിരുന്നു എതിരേറ്റത്. വര്‍ഷത്തില്‍ രണ്ടു പെരുന്നാള്‍ നിസ്‌കാരത്തിനു വേണ്ടി മാത്രം പള്ളിയില്‍ എത്താറുള്ള നാല്‍പത് കഴിഞ്ഞ ഒരു മധ്യവയസ്‌കന്‍ പങ്കുവെച്ചത് അവരുടെ മുതവല്ലി വെള്ളിയാഴ്ചകളിലെ ജുമുഅക്ക് മാത്രമേ പള്ളിയിലെത്താറുള്ളൂ എന്നാണ്. 'ഹസ്‌റത്ത്' ലീവിലായാല്‍ അവരുടെ ജുമുഅക്കും അവധിയാണ്. നാട്ടിലേക്കു പോകുന്ന ഇമാം പള്ളി പൂട്ടി കൂടെ ചാവിയും കൊണ്ടു പോകലാണ് പതിവ്. 'ഹസ്‌റത്ത്' തിരിച്ചു വരുന്നത് വരെ മക്തബക്കും നീണ്ട അവധിയായിരിക്കും. ഫാത്തിഹ മുഴുമിപ്പിക്കാനറിയാത്ത അറുപത് തികഞ്ഞ കലീം മുഹമ്മദ് ശാഹ് ആലം ഉള്ളു തുറന്നു.
ഉറങ്ങാനൊരു ഊരും ഉയര്‍ന്നു ചിന്തിക്കാനുതകുന്ന ഉയിരുമില്ലാതെ സാംസ്‌കാരികമായി ഊര്‍ധ്വന്‍ വലിക്കാനടുത്ത ഉത്തരേന്ത്യന്‍ മുസ്‌ലിം ജീവിതത്തിന്റെ വേദന നിറഞ്ഞ ജീവിത വഴികളിലൂടെയുള്ള യാത്ര സ്വയം വിമര്‍ശനത്തിന്റെയും ആത്മ നിരൂപണത്തിന്റെയും വേവുന്ന ലോകത്തേക്കാണ് ഞങ്ങളെ നയിച്ചത്.
മാനവ വിഭവശേഷിയും ഭൗതിക വിഭവശേഷിയും വാദിക്കാനും ജയിക്കാനും മാത്രം ഉപയോഗപ്പെടുത്തുന്നതില്‍ ആത്മരതി കണ്ടെത്തുന്നവരുടെ ചങ്കിലാണ് ഉത്തരേന്ത്യന്‍ ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങള്‍ ആഞ്ഞു കുത്തുന്നത്. മലയാളത്തിന്റെ 'ഠ' വട്ടത്തില്‍ ഉള്ളതും ഊതിക്കെടുത്താന്‍ വേണ്ടി ഇനിയും സമുദായ സേവനത്തിന്റെ കുമ്പ വീര്‍പ്പിച്ചു വരുന്നവരോട് നിങ്ങള്‍ ഇങ്ങോട്ടു നോക്കുവിന്‍ എന്ന് ആന്ധ്രയിലെ ഓരോ മണ്‍തരികളും മന്ത്രിക്കുന്ന പോലെ.
അവര്‍ നമ്മെ കാത്തിരിക്കുകയാണ്. കറുപ്പു നിറഞ്ഞ ജീവിതത്തിന്റെ ഇരുള്‍ മടക്കുകളില്‍ വിജ്ഞാനത്തിന്റെ വെള്ളിക്കോലുമായെത്തി ഉത്ഥാനത്തിന്റെ ധര്‍മപുരിയിലേക്ക് ആനയിക്കാന്‍. വിറുകുവെട്ടികളും വെള്ളംകോരികളുമെന്ന മേല്‍വിലാസത്തിന്റെ കറുപ്പു മുദ്രക്ക് തിരുത്ത് നല്‍കാന്‍. ബാലറ്റുപെട്ടികള്‍ നിറക്കാനുള്ള ഒരുതരം സമ്മതിദാന യന്ത്രങ്ങളെന്ന വാര്‍പ്പു സങ്കല്‍പത്തെ പൊളിച്ചെടുക്കാന്‍.....
Comments