Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 06

ഹഫ്‌സ എന്ന കെ. മുഹമ്മദ് ഹാഷിം

റഹ്മാന്‍ മുന്നൂര് /സ്മരണ

         ഹഫ്‌സ എന്ന തൂലികാ നാമത്തില്‍ ചെറുകഥകളും നോവലുകളും കവിതകളും വിവര്‍ത്തനങ്ങളും എഴുതിയിരുന്ന കെ. മുഹമ്മദ് ഹാഷിമിന്റെ വിയോഗത്തിലൂടെ മലയാള ഭാഷക്ക് അകക്കാമ്പുള്ള ഒരെഴുത്തുകാരനെയാണ് നഷ്ടമായിരിക്കുന്നത്.

തന്നെ ഗ്രസിച്ച രോഗത്തെക്കുറിച്ച് എല്ലാമറിഞ്ഞിരുന്നിട്ടും അദ്ദേഹത്തിന്റെ മനസ്സ് ഒട്ടും തളരുകയോ നിരാശപ്പെടുകയോ ചെയ്തിരുന്നില്ല. കൂടുതല്‍ ആഹ്ലാദവാനും ഉന്മേഷവാനുമായാണ് അദ്ദേഹത്തെ എപ്പോഴും കാണപ്പെട്ടിരുന്നത്. അവസാന നിമിഷം വരെ, ഇനിയും എഴുതിത്തീര്‍ക്കാനുള്ള വിഷയങ്ങളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

ഒരിക്കല്‍ ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ഒരു വടിയും കുത്തിപ്പിടിച്ച് ഓഫീസില്‍ കയറിവന്നു. ശരീരം അസാധാരണമാംവിധം തടിച്ചുവീര്‍ത്തിട്ടുണ്ട്. താനൊരു കാന്‍സര്‍ രോഗിയാണെന്ന മുഖവുരയോടെയാണ് അദ്ദേഹം സംസാരം തുടങ്ങിയത്. പിന്നീടത് 'വൃത്തി'യുമായി ബന്ധപ്പെട്ട ഒരു നബിവചനത്തെക്കുറിച്ച ചര്‍ച്ചയിലേക്ക് മാറി. ആ നബിവചനം ഉള്‍ക്കൊള്ളുന്ന അഗാധമായ ആത്മീയ-സാമൂഹിക അര്‍ഥതലങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി. പറഞ്ഞതെല്ലാം മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചില്ലെങ്കിലും മൗലികമായ ചില കണ്ടെത്തലുകള്‍ നടത്തിയ ആഹ്ലാദത്തിലായിരുന്നു അദ്ദേഹം.

അതിനു ശേഷം പല തവണ ഞങ്ങള്‍ കണ്ടു. രോഗത്തിന്റെ കഠിനവേദനകളെയും അനിവാര്യമായ അന്ത്യത്തെയും അല്ലാഹുവിന്റെ കാരുണ്യമായി കാണാന്‍ കഴിയുമാറുള്ള ഒരു ആത്മീയ വിതാനത്തിലേക്ക് അദ്ദേഹത്തിന്റെ മനസ്സ് ഉയര്‍ന്നതായി കണ്ട് അപ്പോഴെല്ലാം ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

ഹഫ്‌സയുടെ അസാനത്തെ കൃതി 'അതി സുന്ദരിയുടെ കഥ' എന്ന നോവലിന്റെ പ്രകാശന ചടങ്ങില്‍ വെച്ചായിരുന്നു ഞങ്ങളുടെ ഒടുവിലത്തെ കൂടിക്കാഴ്ച. കോഴക്കോടിനടുത്ത ചെറുവറ്റക്കടവിലുള്ള അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അത്. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചെറിയൊരു സദസ്സ്. പുസ്തക പ്രകാശനം. ഹ്രസ്വമായ ആശംസാ ഭാഷണങ്ങള്‍. നോമ്പുതുറ.  ''ഞാന്‍ എത്രയോ തവണ അല്ലാഹുവിനെ വിട്ടകന്നുപോയിട്ടുണ്ട്. അപ്പോഴെല്ലാം അവന്‍ എന്നെ തിരിച്ചുകൊണ്ടുവന്നു. അല്ലാഹു ഒരിക്കലും എന്നെ കൈവിടുകയില്ല.''

അല്ലാഹുവിന് തന്നോടുള്ള സവിശേഷമായ കാരുണ്യത്തെയും സ്‌നേഹത്തെയും കുറിച്ച ബോധം അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. മൂന്ന് പുസ്തകങ്ങള്‍ കൂടി എഴുതാനുള്ള ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തി. അതിലൊന്ന് അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് സ്വന്തം ജീവിത പശ്ചാത്തലത്തിലുള്ള പുസ്തകമാണ്. പക്ഷേ, അതിനു മുമ്പ് 'നീ ഇങ്ങോട്ടു പോരെടോ' എന്നു ദൈവം വിളിക്കുകയാണെങ്കില്‍ എഴുത്ത് നിര്‍ത്തി ഞാന്‍ അങ്ങോട്ടു പോകും' - സ്വതസിദ്ധമായ ചിരിയോടെ ഹഫ്‌സ പറഞ്ഞു.

പ്രകാശനച്ചടങ്ങിനു പോകുമ്പോള്‍ ഹഫ്‌സക്ക് എന്തു കൊടുക്കുമെന്ന് ഞാന്‍ ആലോചിച്ചു. ആയിടെ ഞാന്‍ എഴുതിവെച്ച അപ്രകാശിതമായ ഒരു പാട്ട് എന്റെ മനസ്സില്‍ തെളിഞ്ഞു. 

''അല്ലാഹ് നീ തന്നതെല്ലാം ഖൈറാണെന്നറിയുന്നു,
അത് പൂവാകട്ടെ മുള്ളാകട്ടെ ഞാന്‍ സ്വീകരിക്കുന്നു''

എന്നാരംഭിക്കുന്ന അതിലെ വരികള്‍

''അല്ലാഹ് നീ തന്നതെല്ലാം ഖൈറാണെന്നറിയുന്നു,
അത് മൗത്താകട്ടെ ഹയാത്താകട്ടെ ഞാന്‍ സ്വീകരിക്കുന്നു''

എന്നാണ് അവസാനിക്കുന്നത്. 

ആഹ്ലാദചിത്തനായി, ദൈവവിധിക്ക് കാതോര്‍ത്തിരിക്കുന്ന സുഹൃത്തിനു നല്‍കാവുന്ന ഏറ്റവും നല്ല ഉപഹാരമായിരിക്കും അതെന്ന് തോന്നി. വീട്ടിലെത്തിയ പാടേ ആ പാട്ട് ഞാന്‍ അദ്ദേഹത്തെ ഏല്‍പിച്ചു. അതദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും

''ഒരു പൂവിനെ മുത്തി വിടര്‍ത്തും
കാരുണ്യത്തിലും ഖൈറുണ്ട്
ഒരു മൊട്ടിനെ കൊത്തിയടര്‍ത്തും
കാഠിന്യത്തിലും ഖൈറുണ്ട്''

എന്ന വരികളെ അദ്ദേഹം പ്രശംസിക്കുകയും ആ പാട്ട് ചടങ്ങില്‍ പാടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.

1949 ജൂലൈയില്‍ കണ്ണൂര്‍ സിറ്റിയിലാണ് ഹഫ്‌സ എന്ന മുഹമ്മദ് ഹാഷിം ജനിച്ചത്. ദുരിതങ്ങളിലൂടെയുള്ള ഒരു പ്രയാണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സിങ്കപ്പൂരില്‍ മറ്റൊരു ഭാര്യയുമൊത്ത് ജീവിതം പങ്കിടുന്ന ഉപ്പക്കും, ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ ഒരിക്കലും അംഗീകരിക്കാന്‍ തയാറാവാത്ത ഉമ്മക്കുമിടയില്‍ സ്‌നേഹത്തിനു വേണ്ടി ദാഹിച്ച ബാല്യ കൗമാരങ്ങള്‍.

കോളേജില്‍ പഠിക്കുന്ന കാലത്താണ് ഹാഷിമിന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി കിട്ടുന്നത്. വീടുവിട്ട് ലോഡ്ജ് മുറിയിലാണ് അന്ന് താമസം. ദുഃഖങ്ങളും ദുരിതങ്ങളും അസഹനീയമായപ്പോള്‍ ഇനിയെന്തിന് ജീവിച്ചിരിക്കണം എന്നു പോലും ആലോചിച്ചുപോയ സന്ദര്‍ഭം. പിന്നെ പലവഴികളിലൂടെയുള്ള ജീവിതം.

'മാ' എന്ന തന്റെ ആദ്യ നോവലില്‍ അദ്ദേഹത്തിന്റെ ആത്മകഥയുടെ അംശങ്ങളുണ്ട്. എം.പി പോള്‍ അവാര്‍ഡ് നേടിയ 'മാ' 1979-ലാണ് പുറത്തിറങ്ങിയത്. അതിലെ മുഖ്യ കഥാപാത്രം നിസാമുദ്ദീന്‍, ഹാഷിം തന്നെ. പതിനാലാം വയസ്സില്‍ വിവാഹിതയായ ജമീല ഹാഷിമിന്റെ ഉമ്മയും ജാവയില്‍ വേറെ ഭാര്യയും കുട്ടികളുമുള്ള ജമീലയുടെ ഭര്‍ത്താവ് സലാം അദ്ദേഹത്തിന്റെ പിതാവുമാണ്. സത്യവിശ്വാസിയായി വളര്‍ത്തപ്പെട്ട നിസാമുദ്ദീന്‍ പലതും കണ്ടും കേട്ടും അനുഭവിച്ചും ഒന്നിലും വിശ്വാസമില്ലാതാവുകയാണ്. ഹാഷിമിന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തെയാണ് 'മാ' ആവിഷ്‌കരിക്കുന്നത്.

1980-കളിലാണ് ഞാന്‍ ഹഫ്‌സ എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ കാര്യമായ പരിവര്‍ത്തനം നടന്നുകൊണ്ടിരുന്ന കാലഘട്ടം. അര്‍ഥപൂര്‍ണമായ ഒരു ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ബോധപൂര്‍വവും കഠിനവുമായ യത്‌നത്തിലായിരുന്നു അക്കാലത്ത് അദ്ദേഹം. അതിനിടയിലെപ്പോഴോ പോസ്റ്റോഫീസിലെ ജോലി നഷ്ടപ്പെട്ടു. അത് ജീവിതത്തെ വീണ്ടും ദുരിതത്തിലാക്കി. അതാകട്ടെ, അദ്ദേഹം ബോധപൂര്‍വമായി നടത്തുന്ന ആത്മശുദ്ധീകരണ ശ്രമങ്ങളെ അട്ടിമറിച്ചുകൊണ്ടിരുന്നു.

ഒരു വായനക്കാരനെന്ന നിലയില്‍ ഖുര്‍ആനും ഹദീസും ഇസ്‌ലാമിക സാഹിത്യങ്ങളുമായുള്ള ബന്ധം ഒരുകാലത്തും ഹഫ്‌സ മുറിച്ചു കളഞ്ഞിരുന്നില്ല. യൂസുഫ് അലിയുടെ ഖുര്‍ആന്‍ പരിഭാഷ (ഇംഗ്ലീഷ്) അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട കൃതിയായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ സന്ദര്‍ഭോചിതം ഉദ്ധരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 'മാ' എന്ന ആദ്യ നോവലില്‍ തന്നെ ഇത് കാണാം; അതില്‍ ഇസ്‌ലാമിനെ പരിഹസിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കുന്നതെങ്കിലും.

സാഹിത്യലോകത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട കൃതിയാണ് 'മാ'. അതിലെ ആഖ്യാന രീതി, പുതിയൊരു ഭാഷാ നിര്‍മിതി ഇവയെല്ലാം ഹാഷിം മൗലിക പ്രതിഭയുള്ള ഒരെഴുത്തുകാരന്റെ വരവറിയിച്ചു.

'മാ'ക്കു ശേഷം അതുപോലൊരു നോവല്‍ ഹാഷിം എഴുതിയില്ല. ആഖ്യാനരീതിയില്‍ പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിച്ചില്ലെങ്കിലും തീര്‍ത്തും വ്യത്യസ്തമായൊരു ജീവിത ദര്‍ശനമാണ് തന്റെ പില്‍ക്കാല നോവലുകളിലെല്ലാം അദ്ദേഹം അവതരിപ്പിക്കുന്നത്. അത് ഇസ്‌ലാമിക വിശ്വാസത്തോടും ജീവിത വീക്ഷണത്തോടും കൂടുതല്‍ അടുപ്പം പുലര്‍ത്തി. സാരസ്വതം, ഒരു സ്വപ്‌നോപജീവിയുടെ ആത്മകഥ, അക്രമം, സ്ത്രീക്കനല്‍, ദാന്തന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍ ('സ്ത്രീക്കനലും' 'ദാന്തനും' പ്രബോധനം വാരികയിലാണ് അച്ചടിച്ചുവന്നത്). മര്‍യം ജമീലയുടെ 'അഹ്മദ് ഖലീല്‍' എന്ന നോവല്‍, മുഹമ്മദുല്‍ ഗസ്സാലിയുടെ 'മുസ്‌ലിം സ്വഭാവം', ആമിനാ വദൂദിന്റെ 'ഖുര്‍ആന്‍ ഒരു പെണ്‍വായന', സയ്യിദ് ഖുത്വ്ബിന്റെ 'വഴിയടയാളങ്ങള്‍' എന്നിവ അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളാണ്.

'മാ' എഴുതിയ ഹഫ്‌സക്ക് മതേതര ലോകത്ത് വലിയ സാധ്യതകളാണ് തുറന്നുകിടന്നിരുന്നത്. അതേമട്ടിലുള്ള രചനകളിലൂടെ പൊതുമണ്ഡലത്തില്‍ കൂടുതല്‍ സ്വീകാര്യതയും ബഹുമതിയും സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. പലരെയും കെണിയിലകപ്പെടുത്തിയ അത്തരം പ്രലോഭനങ്ങളെ മറികടക്കാന്‍ സാധിച്ചതാണ് ഹഫ്‌സയുടെ വിജയം. മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും എഴുതിത്തുടങ്ങുകയും എം.പി പോള്‍ അവാര്‍ഡ് നേടുകയും ചെയ്ത ഹഫ്‌സയുടെ പില്‍ക്കാല രചനകള്‍ അച്ചടിക്കപ്പെട്ടത് വിവേകം, പ്രബോധനം തുടങ്ങിയ ഇസ്‌ലാമിക ആനുകാലികങ്ങളിലാണ്. ഹഫ്‌സയുടെ പില്‍ക്കാല നോവലുകളിലെല്ലാം ഇസ്‌ലാമിക ദര്‍ശനത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും ശോഭയാണ് ജ്വലിച്ചു നില്‍ക്കുന്നത്. ഇസ്‌ലാമിക പ്രസാധനാലയങ്ങള്‍ക്കാണ് തന്റെ പുസ്തകങ്ങളെല്ലാം അദ്ദേഹം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നതും ശ്രദ്ധേയമാണ്. 'മാ'ക്ക് പിന്നീടൊരു പതിപ്പ് ഉണ്ടാവാതെ പോയത് അതിലദ്ദേഹം താല്‍പര്യമെടുക്കാതിരുന്നത് കൊണ്ടു കൂടിയാണ്. 

മലയാളത്തില്‍ ഇസ്‌ലാമിക സൗന്ദര്യശാസ്ത്രത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് പരേതനായ ഇ.വി അബ്ദു സാഹിബാണ്. സൈദ്ധാന്തികതലത്തില്‍ അബ്ദു മുന്നോട്ടുവെച്ച ദര്‍ശനങ്ങളുടെ പ്രയോഗവത്കരണമായിട്ടു കൂടി ഹഫ്‌സയുടെ നോവലുകളെ വിലയിരുത്താമെന്ന് തോന്നുന്നു. അബ്ദുവിന്റെ ലേഖനങ്ങളും ഹഫ്‌സയുടെ നോവലുകളും മുമ്പില്‍ വെച്ചുകൊണ്ട് ഇസ്‌ലാമിക സൗന്ദര്യശാസ്ത്ര ചര്‍ച്ചകളെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഒരു സാധ്യതയുണ്ട്. ഭാര്യ: ഹഫ്‌സ. മക്കള്‍: ഹര്‍ഷാദ്, മിദ്‌ലാജ്, സഹീര്‍.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 89-91
എ.വൈ.ആര്‍