തുര്‍ക്കിയിലെ ചില വഴിയോരക്കാഴ്ച്ചകള്‍-2

പമുക്കലെയിലെത്തുന്ന പഥികരെ വരവേല്‍ക്കുന്നത് പ്രകൃതി തീര്‍ത്ത പഞ്ഞിക്കോട്ടകളാണ്. താന്‍ കാണുന്നത് മഞ്ഞുമലയോ, വെള്ളക്കൊട്ടാരമോ, പഞ്ഞിക്കെട്ടോയെന്ന് പ്രഥമ ദര്‍ശനത്തില്‍ സന്ദര്‍ശകനെ അമ്പരപ്പിക്കുന്ന പമുക്കലെ. വെളുത്ത മലനിരകളുടെ മാത്രമല്ല ഭൂമിയുടെ കണ്ണീരു പോലെയുള്ള ചുടുനീരുറവകളുടെ നാടുമാണത്. പൗരാണികരുടെ ആരോഗ്യസ്‌നാന(സ്പാ) പട്ടണവുമായിരുന്നുവത്. ലവണാംശം കൂടുതലുള്ള ചുടുനീരുറവകളുടെ ഔഷധമൂല്യം ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതിനു എത്രയോ മുമ്പുതന്നെ ഇവിടത്തെ പൂര്‍വികര്‍ അത് മനസ്സിലാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. അഗ്‌നിപര്‍വതങ്ങളുടെ പ്രവര്‍ത്തനഫലമായുത്ഭവിക്കുന്ന താപനിര്‍ഝരിയില്‍ പാദമൂന്നിയുള്ള ഇരിപ്പ്‌പോലും ആനന്ദദായകം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള സഞ്ചാരികള്‍ ഔഷധമൂല്യവും ചര്‍മസംരക്ഷണവും മാനസികോല്ലാസവും തേടി ചുടുനീര്‍ച്ചാലുകളില്‍ നീരാടിത്തിമര്‍ക്കുന്നു. നൂറ്റാണ്ടുകളായി ഈ ചുടുനീര്‍ച്ചാലുകള്‍ ചരിത്രത്തിലൂടെ വര്‍ത്തമാനത്തിലേക്കും പിന്നെ ഭാവിയിലേക്കും പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു. ഗ്രീക്കിനും റോമിനും ബൈസാന്റിയനും ഒട്ടോമാനും ശേഷം സെക്യുലര്‍ തുര്‍ക്കിയിലൂടെയും നിര്‍ഗളിക്കുന്നു പമുക്കലെയിലെ ജലധാരകള്‍... ചുടുനീരുറവകളുടെ ഒഴുക്കില്‍ നിക്ഷിപ്തമായ കാത്സ്യം കാര്‍ബണേറ്റും മറ്റു ധാതുക്കളും വെള്ളത്തോടൊപ്പം അതിസാന്ദ്രീകരിച്ചുണ്ടായതാണ് മഞ്ഞുമലകളോട് സാദൃശ്യമുള്ള പമുക്കലെയുടെ മേല്‍ത്തളങ്ങള്‍.
പമുക്കലെയിലെത്തുമ്പോള്‍ കേള്‍ക്കുന്ന മറ്റൊരു പിന്‍വിളി ഉയരുന്നത് പുരാതന ഗ്രീക്കോ-റോമന്‍ ബൈസാന്റിയന്‍ പട്ടണമായ ഹിറോപോളിസിന്റെ അവശേഷിപ്പുകളില്‍ നിന്നാണ്. ഗ്രീക്ക് ദേവനായ അപ്പോളോ പണികഴിപ്പിച്ചുവെന്ന ഐതിഹ്യവും പ്രാര്‍ത്ഥനാ മന്ദിരങ്ങളുടെ സ്ഥാനവുമായതിനാലാണ് പുണ്യനഗരം എന്ന അര്‍ഥമുള്ള 'ഹിറോപോളിസ്' എന്ന നാമമുണ്ടായത്. ഭൂകമ്പത്തെയും മറ്റു പ്രകൃതിക്ഷോഭങ്ങളെയും അതിജീവിച്ചുകൊണ്ട് ബാക്കിയായ ഈ പുരാതന ആവാസകേന്ദ്രത്തിലെ ക്ഷേത്രങ്ങളുടെയും കുളിപ്പുരകളുടെയും മറ്റും അവശിഷ്ടങ്ങള്‍ ഭൗതിക ജീവിതത്തിന്റെ നൈമിഷികതയെത്തന്നെ വീണ്ടും ഓര്‍മിപ്പിക്കുന്നു. എല്ലാ ചരിത്രാവശിഷ്ടങ്ങളും അങ്ങനെത്തന്നെയാണ്.. ചരിത്രങ്ങള്‍ പണിയുകയും അതില്‍ വിരാജിക്കുകയും ചെയ്തവരെല്ലാം യാത്രയായിരിക്കുന്നു. അടയാളങ്ങളിവിടെ ബാക്കിയാക്കി. അവരുടെ അടയാളങ്ങളെ അക്ഷരാര്‍ഥത്തില്‍ ദര്‍ശിക്കാം നെക്രൊപോളിസ് അഥവാ പരേതാത്മാക്കളുടെ നഗരത്തില്‍. ആവാസകേന്ദ്രങ്ങളുടെ അനിവാര്യതയാണവ. മാളിക മുകളിലേറിയ മന്നന്മാരെല്ലാം മണ്ണിന്നടിയില്‍ നിദ്രപൂകിക്കഴിഞ്ഞു; തങ്ങളുടെ പദവികള്‍ക്കനുയോജ്യമായ ശവകുടീരങ്ങളില്‍. നെക്രൊപോളിസിന്റെ ശ്മശാന മൂകതയില്‍ മാര്‍ബിളില്‍ പടുത്തുയര്‍ത്തിയ മനോഹരമായ കല്ലറകളില്‍ ഇന്നലെകളുടെ 'ഉടയോര്‍' അന്ത്യവിശ്രമം കൊള്ളുന്നു.
കന്യകയുടെ വീട്
യാത്രയിലെ ഏറ്റവും വികാരഭരിതമായ നിമിഷങ്ങള്‍ സമ്മാനിച്ചത് കന്യാമറിയത്തിന്റെ ഭവനസന്ദര്‍ശനമാണ്. പരിശുദ്ധ മാതാവ് തന്റെ അവസാനനാളുകള്‍ ചെലവഴിച്ച വീട്... വിശുദ്ധ മര്‍യമിനെക്കുറിച്ചോര്‍ക്കാം. ഭൂമിയില്‍ വിശ്വാസികള്‍ക്കാകമാനം മാതൃകാവനിത.. സ്വര്‍ഗത്തിലെ സ്ത്രീകളുടെ നേതാവ്.. ത്യാഗത്തിന്റെയും വിശുദ്ധിയുടെയും ആള്‍രൂപം. മാതാവനുഭവിച്ച ത്യാഗവും വേദനയും. അപമാനവും പരീക്ഷണവും. ഒടുവില്‍ പുത്രനെ നഷ്ടപ്പെട്ട മാതാവ് എല്ലാ ദുഃഖങ്ങളുമിറക്കിവെച്ച് വിശ്രമിക്കാനെത്തിയതും അനാട്ടോലിയയില്‍... പുത്രന്‍ തന്നെയാണ് പ്രിയ ശിഷ്യന്‍ സെന്റ്‌ജോണിനോട് സ്വന്തം മാതാവിനെപ്പോലെ സംരക്ഷിപ്പിന്‍ എന്നാജ്ഞാപിച്ചുകൊണ്ട് മാതാവിന്റെ സുരക്ഷ ഉറപ്പുവരുത്തിയത്. ഒരു മാതാവും പുത്രനും.. അവരുടെ ത്യാഗവും. വിറയാര്‍ന്ന അധരങ്ങളോടെയും മിടിക്കുന്ന ഹൃദയത്തോടെയുമല്ലാതെ ആ വീട്ടുമുറ്റത്ത് പാദമൂന്നാനാവില്ല.
ലോകരില്‍ ഉത്കൃഷ്ടരായി തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ഇംറാന്‍ കുടുംബം. ഇംറാന്റെ പത്‌നിയാല്‍ പിറന്നുവീഴുംമുമ്പേ രക്ഷിതാവിനു സമര്‍പ്പിക്കപ്പെട്ട നേര്‍ച്ചയായിരുന്നു മര്‍യം. ജനിച്ചതു പെണ്‍കുഞ്ഞായപ്പോള്‍ നേര്‍ച്ച പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചോര്‍ത്ത് വേപഥുപൂണ്ട മാതാവിന് ലഭിച്ച ദിവ്യ മറുപടി തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടു: 'പുരുഷനെപ്പോലെയല്ല സ്ത്രീ.' തീര്‍ച്ചയായും പുരുഷനെപ്പോലെയല്ല സ്ത്രീ! അവള്‍ തലമുറകളുടെ ജനനിയാണ്. ഭാവിയെ മടിത്തട്ടിലിട്ടു വളര്‍ത്തുന്നവളാണ്. സഹനവും ശക്തിയും സൗന്ദര്യവുമാണ്.
യേശുവിന്റെ മാതൃപദമലങ്കരിക്കാന്‍ മറ്റാര്‍ക്കാണ് യോഗ്യത? അവര്‍ ഇംറാന്റെ പത്‌നിക്കു ലഭിച്ച ദൈവത്തിന്റെ വരപ്രസാദമാണ്. വിശുദ്ധ ഖുദ്‌സിന്റെ പരിപാലകയാണ്. സക്കരിയ്യാ പ്രവാചകനാല്‍ പരിപാലിക്കപ്പെട്ടവരാണ്. ദൈവകൃപയാല്‍ സ്വസന്നിധിയില്‍ വിഭവങ്ങള്‍ ലഭ്യമാക്കപ്പെട്ടവര്‍. ലോകസ്ത്രീകളില്‍ അത്യുല്‍കൃഷ്ട. ദൈവത്തില്‍നിന്നുള്ള വചനത്താല്‍ ശുഭവാര്‍ത്ത അറിയിക്കപ്പെട്ടവര്‍. ഇഹത്തിലും പരത്തിലും മഹത്വമുടയവനും ദൈവസാമീപ്യം സിദ്ധിച്ചവനുമായ ഒരു മകന്റെ സ്‌നേഹനിധിയായ മാതാവ്.
മകന്റെ നിഷ്‌കാസനത്തിനുശേഷം ജറുസലേമിലെ പീഡനപര്‍വം അസഹനീയമായപ്പോള്‍ മര്‍യം പുത്രതുല്യനായ സെന്റ്‌ജോണിനോടൊപ്പം എത്തിപ്പെട്ടത് അനാട്ടോലിയയില്‍..ബുള്‍ബുള്‍ കുന്നിനുമുകളില്‍ തന്റെ ജീവിതം പോലെ വിശുദ്ധവും ലളിതവുമായ പാര്‍പ്പിടം.. അവിടെ നില്‍ക്കുമ്പോള്‍ ഒരു തിരശ്ശീലയിലെന്നപോലെ ആ ജീവിതം മിന്നിമറയും. ത്യാഗഭരിതമായ ജീവിതത്തിലൂടെ നേടിയ മഹത്വങ്ങളുടെ പൈതൃകം ഭൗതികവാദികളുടെ കാല്‍ക്കീഴിലേക്കെറിഞ്ഞു കൊടുക്കവാന്‍ വിശ്വാസി സമൂഹങ്ങള്‍ അനുവദിച്ചാല്‍ അത് ഭാവിയോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും. വേദവാഹകര്‍ സമവായത്തിലെത്തുകയെന്നത് കാലഘട്ടത്തിന്റെ തേട്ടവും ഖുര്‍ആന്റെ ആഹ്വാനവുമാണ്. ഒരിക്കല്‍ നജ്‌റാനില്‍ നിന്നെത്തിയ പാതിരിമാര്‍ക്ക് പ്രവാചകന്‍ തന്റെ മദീനാ പള്ളിയില്‍ സ്വാഗതമോതുകയുണ്ടായി. ചരിത്രത്തിന്റെ ആവര്‍ത്തനമെന്നോണം ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനദൂതുമായി, ഒരുകാലത്ത് ക്രൈസ്തവരുടെ വത്തിക്കാനായിരുന്ന പഴയ കോണ്‍സ്റ്റാന്റിനോപ്പിളിലെത്തി, ബ്ലൂമോസ്‌ക്കില്‍ പ്രവേശിച്ചു പ്രാര്‍ഥനാഭരിതനായി കൈകൂപ്പി. വിശ്വാസി സമൂഹങ്ങളെല്ലാം ഒരേ സ്രോതസ്സില്‍നിന്നുള്ള ശാഖകള്‍ മാത്രം..
കപ്പോടാക്കിയ
തുര്‍ക്കി സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഇസ്താംബുള്‍ ആണ്. എന്നാല്‍ സന്ദര്‍ശനപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത സ്ഥലമാണ് തുര്‍ക്കിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കപ്പോടാക്കിയ. വെള്ളക്കുതിരകളുടെ നാട് എന്നര്‍ഥം വരുന്ന കട്പടൂക്കയില്‍ നിന്നാണ് കപ്പോടാക്കിയ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പ്രകൃതിയുടെ കരവിരുത് വിസ്മയം നെയ്യുന്ന അപൂര്‍വ ചാരുതയാണ് കപ്പോടാക്കിയ. അഗ്നിപര്‍വതങ്ങളുടെ പ്രവര്‍ത്തനഫലമായുണ്ടായ ചാരത്തിലും ലാവയിലും കാറ്റിന്റെയും മഴയുടെയും മായ്ക്കാനാവത്ത കൈയൊപ്പുകള്‍ പതിഞ്ഞുണ്ടായ ഈ ദൃശ്യവിരുന്ന് കാഴ്ച്ചക്കാരനെ സ്തബ്ധനാക്കുക തന്നെ ചെയ്യും. കപ്പോടാക്കിയയുടെ മണ്ണിലൊട്ടാകെ വിരിഞ്ഞ് നില്‍ക്കുന്നത് ഭൂമിശാസ്ത്ര വിസ്മയങ്ങളാണ്. പാരിസ്ഥിതിക പ്രക്രിയകളോടൊപ്പം മനുഷ്യകരങ്ങളും പ്രവര്‍ത്തിച്ചപ്പോള്‍ ഭൂമിയിലെ തന്നെ അപൂര്‍വ മനോഹരമായ കരവിരുതായി രൂപാന്തരപ്പെട്ടു.
ഇത് കപ്പോടാക്കിയ....ഭുഗര്‍ഭ പട്ടണങ്ങളുടെയും ഭുഗര്‍ഭ പാതകളുടെയും സ്വന്തം നാട്... പ്രകൃതിയുടെ നിഗൂഢ സൗന്ദര്യം ദര്‍ശിക്കാനെത്തുന്നവരുടെ പറുദീസ... ഇവിടത്തെ നിരവധി ഭൂഗര്‍ഭ പട്ടണങ്ങളില്‍ ചിലതു മാത്രമേ സന്ദര്‍ശക കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ചിട്ടുള്ളു. അവയില്‍ ഏറ്റവും വലുതാണ് രണ്ടായിരത്തിനും മൂവായിരത്തിനുമിടയില്‍ ജനങ്ങള്‍ താമസിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന മണ്ണിനടിയില്‍ എട്ട് നിലകളുള്ള കായ്മക്ക്‌ലി ഭുഗര്‍ഭ പട്ടണം. ധാന്യപ്പുരകളും പാചകപ്പുരകളും വീഞ്ഞുണ്ടാക്കുന്ന അറകളും സമ്മേളന മുറികളും ചര്‍ച്ചുകളും തുടങ്ങി വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള തൊഴുത്തുകള്‍ വരെ മണ്ണിനടിയില്‍ ആസൂത്രിതമായി നിര്‍മിച്ച അനട്ടോലിയയുടെ പൂര്‍വികര്‍ നമ്മെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യുദ്ധങ്ങളും അധിനിവേശങ്ങളും തുടര്‍ക്കഥയായിരുന്ന അനട്ടോലിയയുടെ അഭയകേന്ദ്രങ്ങളായിരുന്നു ഈ ഭൂഗര്‍ഭ അറകള്‍. ഇവിടത്തെ മൃദുവായ മണ്ണാകട്ടെ ഖനനത്തിന് അനുയോജ്യവും. ചരിത്രരേഖകളില്‍ അധികമൊന്നും ഇടംപിടിക്കാതെ മറഞ്ഞുപോയ ഹിറ്റൈറ്റിസ് ജനവിഭാഗമായിരുന്നു ഖനന പ്രക്രിയയും ഭൂഗര്‍ഭ നിര്‍മാണവും ഇവിടെ തുടക്കമിട്ടതെന്ന് കരുതപ്പെടുന്നു. എന്നാല്‍ വിഗ്രഹാരാധകരായിരുന്ന റോമന്‍ സാമ്രാജ്യത്തില്‍ നിന്ന് തങ്ങളുടെ ജീവനും വിശ്വാസവും രക്ഷിക്കാനായി ഇവിടത്തെ ആദ്യകാല ക്രൈസ്തവ വിശ്വാസികളാണ് ഇന്നു കാണുന്ന രൂപത്തിലുള്ള ഭുഗര്‍ഭപട്ടണങ്ങളുടെ നിര്‍മാണത്തിനു പിന്നില്‍. പിന്നീട് അറേബ്യന്‍ പടയോട്ട കാലത്തും കപ്പോടാക്കിയന്‍ നിവാസികള്‍ മണ്ണിനടിയില്‍ സുരക്ഷ കണ്ടെത്തി. ഭൂഗര്‍ഭപട്ടണ സന്ദര്‍ശനം അക്ഷരാര്‍ഥത്തില്‍ സംവത്സരങ്ങള്‍ക്ക് പിന്നിലേക്കുള്ള ഒരു തിരിഞ്ഞുനടത്തം തന്നെയാണ്. ഇന്നും കപ്പോടാക്കിയന്‍ നിവാസികള്‍ തങ്ങളുടെ കാര്‍ഷിക വിളകള്‍ സൂക്ഷിക്കുന്നതിനായി ഭുഗര്‍ഭ അറകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഭൂമി അതിന്റെ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ആദ്യകാല ക്രൈസ്തവ സമൂഹങ്ങളുടെ അടയാളങ്ങള്‍, ശിലകള്‍ കാര്‍ന്നെടുത്ത ദേവാലയങ്ങളിലും മഠങ്ങളിലും അവയില്‍ ഉല്ലേഖനം ചെയ്ത ചുവര്‍ ചിത്രങ്ങളില്‍ നിന്നുമൊക്കെ വായിച്ചെടുക്കാം. ബൈബിളില്‍നിന്നുള്ള വിവരണങ്ങളും യേശുവിന്റെയും കന്യാമറിയത്തിന്റെയും മാലാഖമാരുടെയും വര്‍ണാഭമായ ചുവര്‍ ചിത്രങ്ങളുമെല്ലാം സംവത്സരങ്ങളെ അതിജീവിച്ച് നിലനില്‍ക്കുന്നു. ശിലകള്‍ തുരന്നുണ്ടാക്കിയ ചര്‍ച്ചുകളും വീടുകളും കപ്പോടാക്കിയന്‍ താഴ്‌വാരങ്ങളിലെ പരിചിത കാഴ്ചകളായി. അവയില്‍ പ്രാവുകള്‍ക്കായി നിര്‍മിച്ച കൂടുകളുമുണ്ട്. കാര്‍ഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങള്‍ കൃഷിഭൂമി വളക്കൂറുള്ളതാക്കാന്‍ പ്രാവിന്റെ വിസര്‍ജ്യമുപയോഗിക്കുന്ന രീതി ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. ഈ ആവശ്യാര്‍ഥം പ്രാവുകളെ വളര്‍ത്തുന്നതിനായി ശിലകളില്‍ നിര്‍മിക്കപ്പെട്ട കൂടുകള്‍ താഴ്‌വരയിലുടനീളം കാണാം. പ്രാവുകള്‍ കൂടൊഴിഞ്ഞുപോയ താഴ്‌വാരങ്ങളും ശിലകള്‍ തുരന്നുണ്ടാക്കിയ വീടുകളും ചര്‍ച്ചുകളും നമ്മോട് പലതും പറയുന്നു. അവയില്‍ പലതും ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. ചിലത് പുനര്‍നിര്‍മിച്ച് ഉപയോഗ്യമാക്കിയിരിക്കുന്നു. ഇക്കൂട്ടത്തില്‍ മനോഹരമായ പഞ്ചനക്ഷത്ര ഗുഹാഹോട്ടലുകള്‍ വരെയുണ്ട്. പ്രാവുകള്‍ കൂടൊഴിഞ്ഞ പ്രാവിന്‍താഴ്‌വരയിലൂടെ മുന്നോട്ടു പോകുമ്പോള്‍ സഞ്ചാരികളുടെ മറ്റൊരാകര്‍ഷണ േകന്ദ്രമായി ഗൊരെമെയുടെ തുറസ്സില്‍ പൗരാണികതയുടെ പ്രദര്‍ശനാലയമുണ്ട്. ഉയര്‍ന്ന ശിലകളില്‍ കാര്‍ന്നെടുത്ത നിരവധി ചര്‍ച്ചുകളിലും മഠങ്ങളിലും ഗൃഹങ്ങളിലും കയറിയിറങ്ങി കപ്പോടാക്കിയന്‍ പൂര്‍വികരുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനടന്നു. ഫെയറി ചിമ്മിണികളെന്ന ഓമനപ്പേരിലറിയപ്പെടുന്ന ശിലാരൂപഭേദങ്ങള്‍ക്കുമുണ്ട് ഒരുപാട് കഥകള്‍ പറയാന്‍. ആകാശത്തേക്ക് ചൂണ്ടിനില്‍ക്കുന്ന വിരലുകള്‍പോലെ വിചിത്രമായ 'ഫെയറി ചിമ്മിണി'കളിലൊന്നില്‍ പതിനഞ്ച് മീറ്റര്‍ ഉയരത്തില്‍ ആരാധകരില്‍ മനംമടുത്ത സെന്റ് സൈമണ്‍ എന്ന പുണ്യാളന്‍ എകാന്തജീവിതം നയിച്ചിരുന്ന താഴ്‌വര പാതിരിയുടെ താഴ്‌വരയെന്നറിയപ്പെടാന്‍ തുടങ്ങി. സഞ്ചാരികളെയും വഹിച്ചു ഒഴുകിനീങ്ങുന്ന കൂറ്റന്‍ ബലൂണുകള്‍ കപ്പോടാക്കിയയിലെ ഗഗനവിസ്മയമാണ്. ഒലീവും ഉറുമാന്‍ പഴവും മത്തനും നാരകവും കൃഷിചെയ്യുന്ന തോട്ടങ്ങള്‍ ഓരോന്നായി പിന്നിടുമ്പോഴും വീണ്ടും മറ്റൊന്നിനായി കണ്ണുകള്‍ തേടിക്കൊണ്ടിരുന്നു.
തുര്‍ക്കി പിന്നിട്ട നാള്‍വഴികള്‍ അത്ഭുതകരങ്ങളാണ്. ഗ്രീക്കോ-റോമന്‍ ആധിപത്യത്തില്‍നിന്ന് ക്രൈസ്തവ ബൈസാന്റിയനിലേക്കും, പിന്നീട് പ്രവിശാലമായ ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഇരിപ്പിടമായും അത് മാറി. ശേഷം 'കമാലിസ'മെന്ന സൈദ്ധാന്തിക വന്ധ്യംകരണ കാലഘട്ടവും യൂറോപ്പിന്റെ രോഗിയെന്ന പേരുദോഷവും കടന്ന് 'പൊളിറ്റിക്കല്‍ ഇസ്‌ലാമി'ന്റെ ഉള്ളടക്കമുള്ള എ.കെ.പാര്‍ട്ടിയുടെ കൈകളില്‍ ഒരു ദശകത്തിലേറെയായി എത്തിനില്‍ക്കുമ്പോഴും ലോകം തുര്‍ക്കിയിലേക്കുതന്നെ ഉറ്റുനോക്കുകയാണ്. ക്രൈസ്തവ യൂറോപ്പിനെയും മധ്യപൂര്‍വ മുസ്‌ലിം രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന മര്‍മപ്രധാനമായ കണ്ണിയെന്ന ഭൂമിശാസ്ത്ര പ്രാധാന്യം ലോകസമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ അതിനെ ഏറ്റവും യോഗ്യമാക്കുന്നുവെന്നതാണതിനു കാരണം.
തുര്‍ക്കിയെന്നാല്‍ പൗരാണികതയുടെ നീക്കിയിരിപ്പാണ്... ആധുനികതയുടെ നേര്‍ക്കാഴ്ചകളാണ്... ഗ്രാമീണതയുടെ വിശുദ്ധിയാണ്... പച്ചമനുഷ്യരുടെ ചുടുനിശ്വാസങ്ങളാണ്... വിശ്വാസദാര്‍ഢ്യവും വിശ്വാസസ്വാതന്ത്ര്യവുമാണ്... ഒപ്പം സഞ്ചാരികളുടെ പറുദീസയുമാണ്... ചരിത്രത്തിലേക്കുള്ള യാത്രകള്‍ പലതും തുര്‍ക്കിയില്‍ അവസാനിക്കുന്നു... പാതവക്കത്തും മലമുകളിലും പൂര്‍വികരുപേക്ഷിച്ചുപോയ വഴിയടയാളങ്ങളിലൂടെ നടന്നാല്‍ കാണുന്നത് കാലത്തിന്റെ കൈയൊപ്പുകള്‍... ഇസ്തംബുളിന്റെ നാഡിമിടിപ്പുകള്‍ അടുത്തറിയാന്‍ വീണ്ടുമൊരു യാത്രക്കായി മോഹിച്ചല്ലാതെ ഒരു സന്ദര്‍ശകനും അവിടന്ന് മടങ്ങുന്നില്ല.
(അവസാനിച്ചു)
Comments