Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 06

ഇസ്‌ലാമോഫോബിയ <br> അമേരിക്കന്‍ വംശീയ വിവേചനത്തിന്റെ ഉപോല്‍പന്നം

സ്റ്റീഫന്‍ ശീഹി/ജദ്‌ലിയ്യ /സംഭാഷണം

ജദ്‌ലിയ്യ ഡോട്ട് കോം നടത്തിയ അഭിമുഖം.

'ഇസ്‌ലാമോഫോബിയ: മുസ്‌ലിംകള്‍ക്കെതിരിലുള്ള ആദര്‍ശയുദ്ധം' എന്ന പുസ്തകം രചിക്കാനുള്ള പശ്ചാത്തലമെന്തായിരുന്നു?

ബുഷ് ഭരണകാലത്ത് നീതിക്കും മനുഷ്യജീവന്റെ പവിത്രതക്കുമെതിരെ ഉണ്ടായ കടന്നാക്രമണങ്ങളാണ് ഇങ്ങനെയൊരു പുസ്തകമെഴുതാനുണ്ടായ പെട്ടെന്നുള്ള പ്രേരണ. അമേരിക്കയിലെ നവയാഥാസ്ഥിതിക അജണ്ടയാണ് ഇതിന് പിന്നിലെന്ന് വ്യക്തം. ഭരണകര്‍ത്താക്കളുടെ വാചകമടിക്കപ്പുറം പ്രശ്‌നത്തെ ഇഴകീറി പരിശോധിച്ചാല്‍ അമേരിക്കന്‍ മുഖ്യധാരയില്‍ അന്തര്‍ലീനമായ വംശീയമായ അബോധങ്ങളെയാണ് അത് തൊട്ടുണര്‍ത്തുന്നത് എന്ന് കാണാം. വിയറ്റ്‌നാമാനന്തര, ക്യാമ്പ് ഡേവിഡാനന്തര അമേരിക്കയില്‍ വളര്‍ന്ന അറബ്-അമേരിക്കന്‍ എന്ന നിലക്ക് എനിക്കൊരു കാര്യം ഉറപ്പിച്ച് പറയാനാവും. ഇന്ന് ഇസ്‌ലാമോഫോബിയയുടെ പ്രചാരകരായി രംഗത്തുള്ള അതേ ആളുകളാണ്, പതിറ്റാണ്ടുകളായി അറബികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും ലാറ്റിനോകള്‍ക്കുമെതിരെ വംശീയ വിദ്വേഷമിളക്കി വിട്ടുകൊണ്ടിരുന്നത്. ഇസ്‌ലാമോഫോബിയയെ വിമര്‍ശനാത്മകമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനെ കേവലം വലതുപക്ഷ പ്രതിഭാസമായി നോക്കിക്കാണാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് ഞാന്‍ ഈ പുസ്തകമെഴുതാന്‍ തുനിഞ്ഞത് എന്നര്‍ഥം. ഇത് വെറുമൊരു വലതുപക്ഷ അജണ്ടയല്ല. മറിച്ച് അമേരിക്കയുടെ ഏകധ്രുവ ലോകമെന്ന സങ്കല്‍പത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്ന ജനകീയ സാംസ്‌കാരിക പ്രത്യയശാസ്ത്രം തന്നെയാണ്. വെള്ള അമേരിക്കന്‍ മുഖ്യധാരയുടെ പ്രത്യയശാസ്ത്രവും ആധിപത്യ മനോഭാവവുമെല്ലാം ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ട്.

ഏതൊക്കെ വിഷയങ്ങളെയും പ്രശ്‌നങ്ങളെയും രചനാ രീതികളെയുമാണ് പുസ്തകം അഭിസംബോധന ചെയ്യുന്നത്?

മുഖ്യമായും മൂന്ന് വിഷയങ്ങളെയാണെന്ന് പറയാം. ഇസ്‌ലാമോഫോബിയ എന്നത് അമേരിക്കന്‍ രാഷ്ട്രീയ സംസ്‌കാരത്തിലുള്ള ഒരു ബഹുജന പ്രത്യയശാസ്ത്രബോധമാണ് എന്നതാണ് ഞാന്‍ സമര്‍ഥിക്കുന്ന ഒന്നാമത്തെ കാര്യം. ബെര്‍നാഡ് ലൂയിസ്, റഫീഖ് സകരിയ്യ എന്നിവരുടെ എഴുത്തുകളെ ഞാനിവിടെ ഇഴകീറി പരിശോധിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നിക്കുന്ന, എന്നാല്‍ ആശയപരമായി ഒരേ ഇസ്‌ലാമോഫോബിയയുടെ രണ്ട് ഭാഷ്യങ്ങളാണ് ഇവരുടെ രചനകള്‍. ഇവര്‍ മുന്നില്‍ നിര്‍ത്തുന്ന പടയാളികള്‍ ആരൊക്കെയെന്നല്ലേ? വലതുപക്ഷ എഴുത്തുകാരായ പാമില ജെല്ലര്‍, റോബര്‍ട്ട് സ്‌പെന്‍സര്‍ (ഇയാള്‍ നോര്‍വെയിലെ കൂട്ടക്കുരുതിക്ക് പ്രചോദനമേകിയ ആളാണ്), ഡാനിയല്‍ പൈപ്‌സിനെ പോലുള്ള വ്യാജ അക്കാദമീഷ്യന്മാര്‍, 'ലിബറലുകളാ'യി രംഗത്തുള്ള തോമസ് ഫ്രീഡ്മാനെപ്പോലുള്ളവര്‍, അയാന്‍ ഹിര്‍സി അലിയെയും ഇര്‍ശാദ് മന്‍ജിയെയും പോലുള്ള 'തദ്ദേശീയ ചാരന്മാര്‍.'

ഈ ഇസ്‌ലാമോഫോബിയ പടയാളികളെ അമേരിക്കന്‍ സാമ്രാജ്യത്തെ ന്യായീകരിക്കുന്നതിനായി എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് എന്റെ രണ്ടാമത്തെ അന്വേഷണ വിഷയം. ഫെഡറല്‍ -സ്റ്റേറ്റ്-പ്രാദേശിക ഭരണകൂടങ്ങള്‍, നിയമ ഏജന്‍സികള്‍, യൂനിവേഴ്‌സിറ്റികള്‍, ദൃശ്യ-പ്രിന്റ് മീഡിയ, ബ്ലോഗുകള്‍, താല്‍പര്യ സംരക്ഷകരായ ഗ്രൂപ്പുകള്‍, പലതരം ലോബികള്‍ ഇവയൊക്കെ ഏതെല്ലാം തരത്തില്‍ ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്നു എന്നും പരിശോധിക്കുന്നു. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് എതിരഭിപ്രായങ്ങളെ നിയന്ത്രിക്കുകയും പൗരാവകാശങ്ങളെ എടുത്തുകളയുകയുമാണ് ചെയ്യുന്നത്. അമേരിക്കന്‍ മുഖ്യധാര ഇതിനൊക്കെയും മൗനാനുവാദം നല്‍കുകയും ചെയ്യുന്നു.

അമേരിക്കന്‍ പ്രസിഡന്റും അദ്ദേഹത്തിന്റെ ടീമും എങ്ങനെയെല്ലാമാണ് ഇസ്‌ലാമോഫോബുകള്‍ ആയിത്തീരുന്നത് എന്നതാണ് എന്റെ മൂന്നാമത്തെ അന്വേഷണ വിഷയം. ഒബാമ ഭരണകൂടം വിദേശ രാജ്യങ്ങളില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കാനും അതിനെ വ്യവസ്ഥാപിതവത്കരിക്കാനും സ്ഥാപനവത്കരിക്കാനും ശ്രമിക്കുന്നത് ഇസ്‌ലാമോഫോബിയ ഗ്രൂപ്പുകളെ ഇറക്കി കളിപ്പിച്ചുകൊണ്ടാണ്. മുന്‍ പ്രസിഡന്റുമാരായ ക്ലിന്റണിന്റെയും ബുഷ് ജൂനിയറിന്റെയും ഭരണത്തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍.

നേരത്തേ താങ്കള്‍ നടത്തിയ പഠനങ്ങളില്‍ നിന്നുള്ള വ്യതിചലനമാണോ ഇപ്പോഴത്തെ ഇസ്‌ലാമോഫോബിയ പഠനം? അല്ലെങ്കില്‍ മുന്‍ വിഷയങ്ങളുമായി ഇതിന് ബന്ധമുണ്ടോ?

അറബ് ലോകത്തിന്റെ സാംസ്‌കാരിക, ധൈഷണിക, കലാ സാഹിത്യ ചരിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷകനാണ് ഞാന്‍. എന്റെ പഴയ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ടതായിരുന്നു. ആ നിലക്ക് ഇസ്‌ലാമോഫോബിയ പഠനം ഒരു വഴിമാറലാണ് എന്നു പറയാം. പക്ഷേ, ഈ രണ്ട് പഠനത്തെയും ബന്ധിപ്പിക്കുന്ന പല കണ്ണികളുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും അറബ് ലോക ചരിത്രമാണ് എന്റെ പ്രധാന പഠന മേഖല. ഇക്കാലങ്ങളില്‍ ജീവിച്ച മുസ്‌ലിംകളെ രാഷ്ട്രീയമായി ഒട്ടും പ്രബുദ്ധതയില്ലാത്തവരും സര്‍വാധിപത്യങ്ങളോട് രാജിയാകുന്നവരും ആധുനികതയോടും സിവില്‍ സമൂഹ സങ്കല്‍പത്തോടും ശത്രുതയുള്ളവരുമൊക്കെയായാണ് ചിത്രീകരിച്ചു കാണുന്നത്. മുസ്‌ലിം ലോകത്തിന്റെ വൈവിധ്യങ്ങളെയും അവിടത്തെ കൊളോണിയലിസം, സര്‍വാധിപത്യം പോലുള്ള രാഷ്ട്രീയ പ്രതിഭാസങ്ങളെയും വിമോചനം, വികസനം പോലുള്ള സാമൂഹിക ചിന്തകളെയും പഠനവിധേയമാക്കുന്ന ആര്‍ക്കും, 'റൗഡി ബുദ്ധിജീവികള്‍' എന്ന് വിളിക്കാവുന്ന ബെര്‍ഡനാഡ് ലൂയിസിനെ പോലുള്ളവരും അവസരവാദികളായ റഫീഖ് സഖരിയ്യയെ പോലുള്ളവരും പണ്ഡിതവേഷം ചമഞ്ഞ് നടക്കുന്ന ഡാനിയല്‍ പൈപ്‌സിനെ പോലുള്ളവരും നല്‍കുന്നതില്‍ നിന്ന് തീര്‍ത്തും ഭിന്നമായ ഒരു ചിത്രമാണ് ലഭിക്കുക.

ഇതൊക്കെ പറയുമ്പോഴും ആക്ടിവിസ്റ്റിന്റേതായ ഒരു മറുജീവിതവും എനിക്കുണ്ടെന്ന് സൂചിപ്പിച്ചുകൊള്ളട്ടെ. സമൂഹങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാറുണ്ട് ഞാന്‍. പഠനവും ആക്ടിവിസവും വെവ്വേറെയായി നിലകൊള്ളുമ്പോഴും പുസ്തക രചനയില്‍ എന്നിലെ ആക്ടിവിസ്റ്റ് പുറത്ത് വരാറുണ്ട്. പക്ഷേ, തെക്ക് പടിഞ്ഞാറന്‍ ഏഷ്യയെക്കുറിച്ച എന്റെ അറിവും അനുഭവവുമാണ് അതിന് നിദാനം എന്നും സൂചിപ്പിച്ചുകൊള്ളട്ടെ.

ഈ പുസ്തകം ആര് വായിക്കണമെന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്? ഏതൊരു തരത്തിലുള്ള മാറ്റമുണ്ടാക്കണമെന്നാണ് കരുതുന്നത്?

പ്രത്യേകയിനം വായനക്കാരെ മുമ്പില്‍ കണ്ടുകൊണ്ടുള്ളതല്ല ഈ രചന. അടിസ്ഥാനപരമായി വംശീയവും ജനവിരുദ്ധവുമായ ഒരു രാഷ്ട്രീയ സംസ്‌കാരത്തില്‍ ഞാന്‍ നടത്തുന്ന ഇടപെടലായി ഇതിനെ കണ്ടാല്‍ മതി. അങ്ങനെ, ഇസ്‌ലാമോഫോബിയയെ കുറിച്ച മുഖ്യധാരാ ചര്‍ച്ചകളില്‍ മാത്രമല്ല, ഇടതുപക്ഷ-പുരോഗമന ചര്‍ച്ചാവേദികളില്‍ പോലും അപ്രത്യക്ഷമായ വിമര്‍ശനാത്മക വിശകലനത്തെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ 'പൂര്‍വീകര്‍' നടത്തിയതുപോലുള്ള വിശകലനമല്ല ഇതെന്നര്‍ഥം (ജോര്‍ജ് ബുഷ്, എണ്ണ താല്‍പര്യങ്ങള്‍, ഇസ്രയേല്‍ ഇതൊക്കെയാണ് മുസ്‌ലിംകളോടുള്ള വിദ്വേഷത്തിന്റെ കാരണങ്ങള്‍ എന്നാണല്ലോ അവര്‍ പറഞ്ഞിരുന്നത്). യഥാര്‍ഥ പുരോഗമന ഇടതുപക്ഷക്കാര്‍ ഇതിനെ സ്വാഗതം ചെയ്യുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

അമേരിക്കയുടെ വംശീയവും സാമ്രാജ്യത്വപരവുമായ ചരിത്രത്തിന്റെ വെളിച്ചത്തില്‍ ഇസ്‌ലാമോഫോബിയയെ പഠിക്കാനും മനസ്സിലാക്കാനും ഈ കൃതി അമേരിക്കന്‍ മുസ്‌ലിംകളെ സഹായിക്കുമെന്നും ഞാന്‍ കരുതുന്നു. അമേരിക്കന്‍ ക്യാപിറ്റലിസം, ആഗോള സാമ്രാജ്യത്വ താല്‍പര്യങ്ങള്‍, അധീശത്വ പ്രവണതകള്‍ എന്നിവയുടെ വിശാല പരിപ്രേക്ഷ്യത്തില്‍ ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കുന്ന പക്ഷം, കറുത്ത വര്‍ഗക്കാരും മറ്റും നടത്തുന്ന വംശീയ വിവേചന വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ഈ പ്രശ്‌നത്തെ മനസ്സിലാക്കാനും അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞേക്കും. അത്തരം ചര്‍ച്ചകള്‍ അമേരിക്കയിലും അറബ് ലോകത്തുമൊക്കെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

വിവിധ വര്‍ണക്കാരായ ജനങ്ങള്‍ ഇത് വായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അപ്പോള്‍ അവര്‍ക്ക് മനസ്സിലാകും, അമേരിക്കയിലെ റെഡ് ഇന്ത്യക്കാര്‍, കറുത്ത വര്‍ഗക്കാര്‍, ഏഷ്യന്‍-ലാറ്റിന്‍ വംശജര്‍ ഒക്കെ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പീഡനങ്ങളുടെ മറ്റൊരു പതിപ്പാണ് അമേരിക്കന്‍ മുസ്‌ലിംകളും നേരിടുന്നത് എന്ന്. ഈ വിധത്തില്‍ പ്രശ്‌നങ്ങളെ നോക്കിക്കാണുകയാണെങ്കില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് ഒരേ വേദിയില്‍ അണിനിരക്കാനും കൂട്ടായ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കാനും കഴിയുമെന്നും എനിക്ക് പ്രതീക്ഷയുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 89-91
എ.വൈ.ആര്‍