അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ്: <br> ജനമനസ്സുകള്‍ കീഴടക്കിയ സുഊദി ഭരണാധികാരി

സ്വന്തം ജനതയുടെ കൂടെ നടന്ന ഭരണാധികാരിയായിരുന്നു ജനുവരി 23-ന് അന്തരിച്ച സുഊദിയുടെ അബ്ദുല്ല രാജാവ്. പ്രത്യേകിച്ച് യുവാക്കളുടെയും സ്ത്രീകളുടെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും താല്‍പര്യങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍ഗണനാക്രമത്തില്‍ സ്ഥാനം പിടിച്ചിരുന്നു. അതുകൊണ്ടുതന്നെ 'മലികുല്‍ ഇന്‍സാനിയ്യ' അഥവാ മനുഷ്യത്വത്തിന്റെ രാജാവ്, 'അല്‍മലികുസ്സാലിഹ്' അഥവാ സച്ചരിത നായകന്‍ എന്നിങ്ങനെ പേരിട്ടാണ് അവര്‍ അബ്ദുല്ല രാജാവിനെ വിളിച്ചത്. ജനങ്ങളുമായി ബന്ധപ്പെടുന്ന വിഷയങ്ങളിലെല്ലാം അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. സുഊദി അറേബ്യന്‍ ജനതയെയും മരുഭൂമിയെയും ഒരുപോലെ സ്‌നേഹിച്ച മഹാ മനസ്‌കനായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം തൊട്ടറിഞ്ഞു. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഗ്രാമീണരുടെ കുടിലുകളില്‍ കയറിയിറങ്ങി അവരുടെ ജീവിതത്തിന്റെ ഭാഗമായി. വിവരത്തിന്റെ ലോകത്ത് സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ട ഈ ഭരണാധികാരി നല്ല വായനാ പ്രിയനായിരുന്നു. വായനാ കുതുകികള്‍ക്കായി അനേകം ലൈബ്രറികള്‍ സ്ഥാപിച്ചു. രിയാദിലെ കിംഗ് അബ്ദുല്‍ അസീസ് ലൈബ്രറിയും മൊറോക്കോയിലെ കസാന്‍ബ്ലാങ്കയില്‍ സ്ഥാപിച്ച ബൃഹത്തായ പൊതു ലൈബ്രറിയും അതില്‍ പ്രധാനം.
ഫഹദ് രാജാവിന്റെ വിയോഗത്തെ തുടര്‍ന്ന് സുഊദി അറേബ്യയുടെ ആറാമത്തെ ഭരണാധികാരിയായി 2005 ആഗസ്റ്റ് 1-ന് അബ്ദുല്ല രാജാവ് സാരഥ്യം ഏറ്റെടുക്കുമ്പോള്‍ സുഊദിയിലെ സാധാരണക്കാര്‍ ഏറെ പ്രതീക്ഷകളാണ് അദ്ദേഹത്തില്‍ അര്‍പ്പിച്ചത്. ഭരണ രംഗത്ത് വര്‍ഷങ്ങളായുള്ള പരിചയ സമ്പത്തും നൈപുണ്യവും കൈമുതലാക്കി ജനമനസ്സുകളെ തൊട്ടറിഞ്ഞ, വാല്‍സല്യത്തിന്റെ നീരുറവയായ അദ്ദേഹം ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും അവര്‍ക്ക് തിരിച്ചുനല്‍കിയാണ് ജനുവരി 23 വെള്ളിയാഴ്ച വെളുപ്പിന് കടന്നുപോയത്. ശാന്തിയും സമാധാനവും സുഭിക്ഷതയും കളിയാടുന്ന ഒരു രാജ്യം കെട്ടിപ്പടുക്കുന്നതില്‍ അബ്ദുല്ല രാജാവ് വിജയിച്ചു. തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് സ്വന്തം രാജ്യത്തും ആഗോള തലത്തിലും സംഘര്‍ഷ രഹിതമായ സമൂഹത്തെ സ്വപ്നം കണ്ടു.
രാജ്യത്ത് സമ്പല്‍ സമൃദ്ധിയുടെ പുത്തനുണര്‍വ് പകര്‍ന്നു നല്‍കി അബ്ദുല്ല രാജാവിന്റെ ഭരണകാലം. നാനാ തുറകളിലും പുരോഗതി കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ രംഗങ്ങളിലെ വികസന കുതിപ്പ് പ്രത്യേകം ദൃശ്യമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മെഗാ ഇകണോമിക് സിറ്റികള്‍ വളര്‍ച്ചയുടെ ആണിക്കല്ലുകളായി. മിഡിലീസ്റ്റിലെ 'സാമ്പത്തിക സ്രോതസ്സ്' (Economic Power House) എന്ന പേരില്‍പോലും സുഊദ്യ അറേബ്യ അറിയപ്പെടുന്നു. എണ്ണവിലയിടിവ് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുമെന്ന പ്രവചനങ്ങളെ മറികടന്ന് സമ്പദ്ഘടന തകരാതെ പിടിച്ചുനിര്‍ത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
സുഊദിയില്‍ സ്ത്രീ ശാക്തീകരണം സാധ്യമായത് അബ്ദുല്ല രാജാവിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ്. പ്രാദേശിക ഭരണ സ്ഥാപനങ്ങൡലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. സുഊദി ചരിത്രത്തിലാദ്യമായി രാജ്യത്തെ ഉന്നത സ്ഥാപനമായ ശൂറാ കൗണ്‍സിലില്‍ നേതൃ പദവികള്‍ അലങ്കരിക്കുന്നത് വരെ എത്തിനില്‍ക്കുന്നു വനിതാ ശാക്തീകരണം. വിദ്യാഭ്യാസ- സാമ്പത്തിക രംഗങ്ങളിലും വനിതകളുടെ ശക്തമായ സാന്നിധ്യം ഇന്ന് ദൃശ്യമാണ്. മാധ്യമ - നിയമ മേഖലകളിലും സ്വദേശി സ്ത്രീകള്‍ ശക്തി തെളിയിച്ചു കഴിഞ്ഞു. ജീവിതത്തിന്റെ നിഖില മേഖലകളിലും നിറഞ്ഞുനില്‍ക്കുന്ന വനിതാ ഉയിര്‍പ്പിന് അബ്ദുല്ല രാജാവിന്റെ നിര്‍ലോഭമായ പ്രചോദനവും പിന്തുണയും ലഭിച്ചു.
രാജ്യത്ത് തൊഴിലെടുത്ത് കഴിയുന്ന ദശലക്ഷക്കണക്കിന് വരുന്ന വിദേശികളുടെയും സ്‌നേഹാദരവ് അബ്ദുല്ല രാജാവിന് നിര്‍ലോഭം ലഭിച്ചു. സ്വദേശികളുടേത് പോലെതന്നെ തൊഴിലെടുക്കുന്ന വിദേശികളുടെ അവകാശങ്ങളും ഹനിക്കപ്പെടാന്‍ പാടില്ലെന്ന് ശഠിച്ച നേതാവിന്റെ കാരുണ്യത്തിന്റെ ചിറകുകള്‍ മൊത്തം രാജ്യനിവാസികള്‍ക്ക്‌മേല്‍ വിരിക്കപ്പെട്ടിരുന്നു. സ്വന്തം ചെലവില്‍ നിരവധി വിദേശ പൗരന്മാരുടെ ഭാരിച്ച ചെലവ് വരുന്ന ചികിത്സകള്‍ നടത്താന്‍ അബ്ദുല്ല രാജാവ് കനിവ് കാണിച്ചു.
ലോക ഇസ്‌ലാമിക ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് അബ്ദുല്ല രാജാവ്. വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും യോജിപ്പിനും സൗഹാര്‍ദത്തിനുമായി നിരവധി ദേശീയ അന്തര്‍ദേശീയ സംവാദങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു. ലോക സമാധാനത്തിന് മുതല്‍ക്കൂട്ടായി അന്താരാഷ്ട്ര തലത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ആശയവിനിമയം സാധ്യമാക്കി 'ഇന്റര്‍ഫെയ്ത് ഡയലോഗുകള്‍' സംഘടിപ്പിക്കാനായത് അദ്ദേഹത്തിന്റെ വലിയൊരു നേട്ടമായാണ് ലോകം വിലയിരുത്തുന്നത്. 2007-ല്‍ വത്തിക്കാനില്‍ പോപ്പ് ബെനഡിക് മാര്‍പാപ്പയെ സന്ദര്‍ശിച്ച അദ്ദേഹം വത്തിക്കാന്‍ സന്ദര്‍ശിക്കുന്ന പ്രഥമ സുഊദി ഭരണാധികാരിയായി. 2008-ല്‍ മക്കയില്‍ ലോകത്തെ ഇസ്‌ലാമിക പണ്ഡിതന്മാരെയും പ്രമുഖ മുസ്‌ലിം വ്യക്തിത്വങ്ങളെയും സംഘടിപ്പിച്ച് നടത്തിയ സമ്മേളനം വേറിട്ട ചരിത്രമായിരുന്നു. തുടര്‍ന്ന് സുഊദിയും സ്‌പെയിനും യോജിച്ച് മാഡ്രിഡില്‍ നടത്തിയ ബഹുമത സമ്മേളനം ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടു. വിവിധ ലോക രാജ്യങ്ങളിലെ നേതാക്കള്‍ക്കൊപ്പം പ്രമുഖരായ പണ്ഡിതരും എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം പ്രസ്തുത സമ്മേളനത്തിനെത്തിയിരുന്നു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. ആസ്ത്രിയ, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലും അബ്ദുല്ല രാജാവ് 'ഇന്റര്‍ഫെയ്ത് ഡയലോഗുകള്‍' നടത്തി. സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലുകളല്ല മറിച്ച് സംസ്‌കാരങ്ങളുടെ വിനിമയമാണ് നടക്കേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. ഇതിലൂടെ ലോകത്ത് നടന്നുവരുന്ന സംഘട്ടനങ്ങളെ ഇല്ലാതാക്കാനാണ് അബ്ദുല്ല രാജാവ് ശ്രമിച്ചത്. 2009-ല്‍ ഫോര്‍ബ്‌സ് മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ലിസ്റ്റില്‍ അബ്ദുല്ല രാജാവ് സ്ഥലം പിടിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വളര്‍ച്ചയും ജനക്ഷേമകരമായ പദ്ധതികളും വനിതാ ശാക്തീകരണവുമെല്ലാം മാഗസിന്‍ എടുത്ത് പറഞ്ഞു.
ഇരു ഹറമുകളുടെയും വികസനം അബ്ദുല്ല രാജാവിന്റെ കാലത്തെ മറ്റൊരു സുപ്രധാന കാല്‍വെപ്പാണ്. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ മതിയായ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മക്കയിലും മദീനയിലും അനുബന്ധ പുണ്യപ്രദേശങ്ങളിലുമെല്ലാം ദൃശ്യമാണ്. അബ്ദുല്ല രാജാവിന്റെ ഭരണകാലത്ത് പുണ്യ മക്കയും മസ്ജിദുല്‍ഹറാമും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനപാതയില്‍ കുതിക്കുകയായിരുന്നു. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ഇരു ഹറമുകളിലും പരിസരങ്ങളിലും കോടികളുടെ വികസന പദ്ധതികളാണ് ഇതിനകം അദ്ദേഹം നടപ്പിലാക്കിയത്. മക്ക ഹറമില്‍ നടപ്പിലാക്കി വരുന്ന 'പുതിയ ഹറം വികസന പദ്ധതി' ഹറം ചരിത്രത്തിലെ ഏറ്റവും വലിയ വികസനമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 'കിംഗ് അബ്ദുല്ല മക്ക വികസന പദ്ധതി ' എന്ന പേരില്‍ കോടികളുടെ വികസന പദ്ധതികള്‍ മക്കക്കുള്ളില്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 2010-ലാണ് ഏകദേശം 8000 കോടി രിയാല്‍ ചെലവ് വരുന്ന ചരിത്ര വികസനത്തിന് അബ്ദുല്ല രാജാവ് തുടക്കം കുറിച്ചത്. അബ്ദുല്ല രാജാവിന്റെ കാലത്ത് ഹറമില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ എടുത്തു പറയേണ്ട ഒന്നാണ് സഫ-മര്‍വക്കിടയിലെ 'മസ്അ' വികസനം. ഹറമിലെത്തുന്ന തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കിഴക്ക് ഭാഗം മുറ്റത്ത് നിന്ന് 20 മീറ്റര്‍ സ്ഥലമെടുത്താണ് മസ്അ വികസിപ്പിച്ചിരിക്കുന്നത്. ഇതോടെ മണിക്കൂറില്‍ 1,18,000 ആളുകള്‍ക്ക് വരെ പ്രയാണം നടത്താനും 1,15,600 പേര്‍ക്ക് നമസ്‌കരിക്കാനും സാധിക്കുന്നു.
മദീനയിലെ മസ്ജിദുന്നബവിയും അബ്ദുല്ല രാജാവിന്റെ കാലത്ത് ചരിത്ര വികസന പാതയില്‍ കുതിക്കുകയായിരുന്നു. ഭരണമേറ്റ ശേഷം കോടികളുടെ വികസന പദ്ധതികളാണ് മസ്ജിദുന്നബവിയില്‍ നടപ്പിലാക്കിയത്. മുറ്റങ്ങളില്‍ കുടകള്‍ സ്ഥാപിക്കുന്നതടക്കമുള്ളവ ഇതിലുള്‍പ്പെടും. മസ്ജിദുന്നബവിയിലെത്തുന്നവര്‍ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് വികസനം നടപ്പിലാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ പോകുന്ന വികസനം പൂര്‍ത്തിയാകുന്നതോടെ 16 ലക്ഷം പേരെ മസ്ജിദുന്നബവിക്ക് ഉള്‍ക്കൊള്ളാനാകും.
അന്താരാഷ്ട്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന കാര്യത്തില്‍ അബ്ദുല്ല രാജാവ് ഏറെ ശ്രദ്ധിച്ചു. അറബ് ഇസ്‌ലാമിക ലോകത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് അദ്ദേഹം മുന്നില്‍നിന്നു. മധ്യ പൗരസ്ത്യദേശം സംഘര്‍ഷ മുക്തമായിരിക്കണമെന്നാഗ്രഹിച്ച അബ്ദുല്ല രാജാവ് ഫലസ്ത്വീന്‍ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി. അന്താരാഷ്ട്ര വിഷയങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിന് 2002-ല്‍ നടന്ന ബൈറൂത്ത് അറബ് ഉച്ചകോടിയിലൂടെ അദ്ദേഹം ശ്രമം നടത്തി. അന്താരാഷ്ട്ര തലത്തില്‍ അറബ്-ഇസ്‌ലാമിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ലോക സമാധാനത്തിനും സുരക്ഷക്കും സ്ഥിരതക്കും അറബ് ഇസ്‌ലാമിക രാജ്യങ്ങളുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു അബ്ദുല്ല രാജാവിന്റെ നയതന്ത്ര നീക്കങ്ങള്‍. അബ്ദുല്ല രാജാവിന്റെ കാലത്ത് അന്താരാഷ്ട്ര തലത്തില്‍ സുഊദിയുടെ പേര് വാഴ്ത്തപ്പെട്ടുവെന്നു പറയാം. നിരവധി ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് സാംസ്‌കാരിക പാരസ്പര്യത്തിന് വിത്തിട്ടു. സ്‌പെയിന്‍, ഫ്രാന്‍സ്, ഈജിപ്ത്, ജോര്‍ദാന്‍, ബ്രിട്ടന്‍, ഇറ്റലി, ജര്‍മനി, തുര്‍ക്കി, ചൈന, ഇന്ത്യ, പാകിസ്താന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സുഊദി അറേബ്യയുടെ സാരഥ്യം ഏറ്റെടുത്ത ശേഷം അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി.
അബ്ദുല്ല രാജാവിന്റെ വ്യക്തിത്വം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും ഭരണ പാടവവും നേതൃഗുണവും ദൂരക്കാഴ്ചയും അദ്ദേഹത്തിന് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിക്കൊടുത്തതോടൊപ്പം സുഊദി അറേബ്യയെ മികച്ച ലോക രാഷ്ട്രങ്ങളുടെ ശ്രേണിയിലെത്തിക്കുകയും ചെയ്തു.
1924-ല്‍ രിയാദിലാണ് അബ്ദുല്ല രാജാവ് ജനിച്ചത്. റോയല്‍ കോര്‍ട്ടില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. സുഊദി സ്ഥാപകനും തന്റെ പിതാവുമായ അബ്ദുല്‍ അസീസ് രാജാവിന്റെ പ്രേരണയാല്‍ മതം, ചരിത്രം, അറബ് പൈതൃകം എന്നിവയില്‍ അവഗാഹം നേടി. യുവാവായിരിക്കെ മരുഭൂമിയും ഗ്രാമീണ ജീവിതവുമെല്ലാം തൊട്ടറിഞ്ഞ അദ്ദേഹം ജനക്ഷേമ തല്‍പരതയുടെ തോഴനായി മാറിക്കഴിഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും സുശക്തമായ നാഷണല്‍ ഗാര്‍ഡിനെ നയിക്കാന്‍ 1962- ല്‍ അന്നത്തെ ഭരണാധികാരി ഫൈസല്‍ രാജാവ് അദ്ദേഹത്തെ നിയോഗിച്ചതോടെ ആരംഭിച്ച ഔദ്യോഗിക ജീവിതം 1975-ല്‍ ഖാലിദ് രാജാവിന്റെ കാലത്ത് രണ്ടാം ഉപപ്രധാനമന്ത്രിയായും 1982-ല്‍ ഫഹദ് രാജാവിന്റെ കാലത്ത് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായും പടിപടിയായി ഉയര്‍ന്നു. നീണ്ടകാലത്തെ ഈ ഭരണ പാടവം 2005-ല്‍ ഭരണമേറ്റെടുത്തപ്പോള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് തുണയായി.
Comments