Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 06

അലോസരമാകുന്ന മതപ്രഭാഷണങ്ങള്‍

അബ്ബാസ്.എ, റോഡുവിള

അലോസരമാകുന്ന മതപ്രഭാഷണങ്ങള്‍

വിവിധ മാഫിയകള്‍ ഇന്ന് പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഒരു പുതിയ മാഫിയ കൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു, 'മതപ്രസംഗ മാഫിയ.'  മഴ മാറിയതോടെ കേരളത്തിന്റെ മുക്കുമൂലകളില്‍ മതപ്രസംഗം എന്ന പേരില്‍ അരോചകമായ ശബ്ദ കോലാഹലമാണ് നടന്ന് കൊണ്ടിരിക്കുന്നത്. അതി നിസ്സാരമായ കാര്യങ്ങള്‍ പോലും മണിക്കൂറുകളെടുത്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങള്‍ പോലും ഇതില്‍ വിഷയമാണ്. ആരോടാണ് പ്രസംഗിക്കുന്നതെന്നോ, എന്ത് പ്രമേയമാണ് വിശദീകരിക്കുന്നതെന്നോ, പ്രസംഗങ്ങളുടെ ഗുണദോഷങ്ങളും പ്രതിഫലനങ്ങളും എന്താണെന്നോ ഇവര്‍ ആലോചിക്കാറേയില്ല. നബിയുടെ ത്യാഗജീവിതത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും പ്രസംഗിക്കുകയും പരിപാടി കഴിയുമ്പോള്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി വില കൂടിയ വാഹനങ്ങളില്‍ മടങ്ങുകയും ചെയ്യുന്നു. ദക്ഷിണ കേരളമായിരുന്നു ഇവരുടെ താവളമെങ്കിലും ഇപ്പോള്‍ മലബാറിലും സ്വാധീനമുറപ്പിച്ചിരിക്കുന്നു. ഇത്തരം മതപ്രസംഗങ്ങളിലൂടെ ഇസ്‌ലാമിനെ ശരിയായി അവതരിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഇസ്‌ലാമിനെ കുറിച്ച് ഗുരുതരമായ തെറ്റിദ്ധാരണകളും സംശയങ്ങളുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഇതിനെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ഇത്തരക്കാരെ അടിയന്തരമായി നിയന്ത്രിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. മതസംഘടനകള്‍ ഈ ചുമതല ഏറ്റടുക്കണം.

അബ്ബാസ്.എ, റോഡുവിള

ഖണ്ഡന മണ്ഡനങ്ങളെക്കാള്‍ ഭേദമല്ലേ 
ഈ പണപ്പിരിവ് പ്രഭാഷണങ്ങള്‍

പ്രഭാഷണ കലാ വിദഗ്ധരെ വിമര്‍ശിച്ചപ്പോള്‍ ഖാലിദ് മൂസാ നദ്‌വി തെക്കന്‍ കേരളത്തിലെ പ്രസംഗകരെയാണ് സൂചിപ്പിച്ചത്. മതപ്രഭാഷണവേളകളിലെ പിരിവും സ്ത്രീകളുടെ സദഖകളും വഅളിന് കൂലി വാങ്ങലും ഒന്നും പരിചയമില്ലാത്ത വടക്ക് ദിക്കിലേക്ക് തെക്ക് നിന്ന് ആരൊക്കെയോ വന്ന് ആളുകളെ പറ്റിച്ച് പണവുമായി കടക്കുന്നു എന്നാണ് ലേഖനം വായിച്ചാല്‍ തോന്നുക. സുന്നീ-മുജാഹിദ് 'മതതീവ്രവാദി'കളും ജമാഅത്തെ ഇസ്‌ലാമിയും ചേര്‍ന്ന് വളരെ സമാധാനത്തോടും സഹിഷ്ണുതയോടും വര്‍ത്തിക്കുന്ന പ്രദേശമാണോ മലബാര്‍?

അനാഥരെയും ഖബ്‌റുകളെയും മുടിക്കെട്ടിനെയും വരെ വിറ്റ് കാശാക്കുന്ന നാട്ടില്‍, തെക്കുനിന്നുള്ള 'സിഹ്‌റു'കാര്‍ പടയോട്ടം നടത്തുന്നുവെങ്കില്‍, അവിടം അതിന് പറ്റിയ ഇടമായത് കൊണ്ട് തന്നെയാണ് അത് സാധ്യമാകുന്നത്. ജിന്ന് വിവാദവും മുടി തര്‍ക്കവും നിരന്തരം കേട്ട് മടുത്തവര്‍ ഇടവേളകളില്‍ ഇത്തരം 'കഥാപ്രസംഗങ്ങള്‍' കേട്ടോട്ടെ, എന്തിന് അത് തടയണം? ഖണ്ഡനമണ്ഡന മലിനീകരണങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ പണപ്പിരിവുത്സവം ഭേദമല്ലേ!

അനസ് മുഹമ്മദ്

ഉത്തമ സമുദായത്തിന്റെ വേഷവിധാനങ്ങള്‍

ദൈവിക ജീവിത ദര്‍ശനമായ ഇസ്‌ലാമിന്റെ പ്രയോക്താക്കളും പ്രബോധകരുമായ മുസ്‌ലിംകളെ 'ഉത്തമ സമുദായം' എന്നാണല്ലോ അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്. അവരുടെ ചിന്തയും വാക്കും പ്രവൃത്തിയുമൊക്കെ ഉത്തമവും മാതൃകാപരവുമായിരിക്കണമെന്നാണ് ഇതിന്റെ താല്‍പര്യം.

വസ്ത്രധാരണവും, താടി-മീശകള്‍, തലമുടി എന്നിവയുടെ പരിചരണവും സംവിധാനവും അതില്‍ നിസ്സാരമല്ലാത്ത കാര്യങ്ങളാണ്. താടിരോമങ്ങള്‍  ഒരു നിയന്ത്രണവുമില്ലാതെ വളരാന്‍ വിടുന്നത് ഭംഗികേടാണ്. മനുഷ്യശരീരത്തില്‍ തുല്യതയില്ലാത്ത സ്ഥാനമാണല്ലോ മുഖത്തിനുള്ളത്. ഒരാളെ നോക്കുമ്പോള്‍ കേന്ദ്രീകരിക്കുന്ന ഭാഗം മുഖമാണ്. ഉത്തമ സമുദായത്തിലെ ആണുങ്ങളുടെ മുഖങ്ങള്‍ കാടുപിടിച്ച മാതിരിയാവുന്നത് ഭൂഷണമാണോ?

മുസ്‌ലിം സ്ത്രീകള്‍ പുറത്ത് പോകുമ്പോള്‍ മുഖംമറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച (പ്രബോധനം ലക്കം 2883) വായിച്ചു. സ്ത്രീകള്‍ മുഖം മറക്കാതെ പുറത്ത് പോകുന്നത് അനുവദനീയമാണ് എന്നാണ് തെളിവുകളില്‍നിന്ന് മനസ്സിലാവുന്നത്. ചിലര്‍ മുഖവും മുന്‍കൈകളും പാദങ്ങളുമൊക്കെ മറയ്ക്കുന്നത് സൂക്ഷ്മതയുടെ പേരിലുമാവാം. ഏതായാലും മുഖം മറച്ച് പുറത്ത് പെരുമാറുന്നവര്‍ക്ക് മറ്റു സ്ത്രീകളുമായി പരിചയപ്പെടാനും സംസാരിക്കാനുമൊക്കെ വേണ്ടപോലെ സാധിക്കാത്ത അവസ്ഥയുണ്ട്.

ആദര്‍ശ പ്രബോധക സംഘം എന്ന നിലയില്‍ മുസ്‌ലിം ഉമ്മത്തിന്റെ ഏതൊരു സാമൂഹിക പ്രതിനിധാനവും പ്രബോധിത സമൂഹത്തെ കൂടി പരിഗണിച്ചു കൊണ്ടാകേണ്ടത് ഇസ്‌ലാമിന്റെ വിശാല താല്‍പര്യത്തില്‍ പെടുന്നു എന്ന സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ പരാമര്‍ശം അതിപ്രധാനമായ ഒരു പോയന്റാണ് ഉയര്‍ത്തിക്കാണിക്കുന്നത്.

ടി. മൊയ്തു മാസ്റ്റര്‍, പെരിമ്പലം

അവര്‍ പര്‍ദയോടൊപ്പം അണിയുന്നത് 
ആത്മവിശ്വാസം കൂടിയാണ്

മുസ്‌ലിം പെണ്ണിന്റെ വസ്ത്ര വര്‍ത്തമാനങ്ങള്‍ (ലക്കം 2883) പലതു കൊണ്ടും പ്രസക്തമായി. ചിലയിടങ്ങളില്‍ പര്‍ദ ധാരണത്തെക്കുറിച്ച ആശങ്കകള്‍ പങ്കുവെക്കുന്നു. ഓരോ കാലത്തും പ്രാദേശികമായ വൈവിധ്യങ്ങളെ ചേര്‍ത്ത് നിര്‍ത്തി മാന്യമായ വസ്ത്രധാരണം ശീലിക്കാന്‍ മുന്‍പന്തിയില്‍ കേരളത്തിലുള്‍പ്പെടെ മുസ്‌ലിം സ്ത്രീകള്‍ രംഗത്തുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം പുതിയ കാലത്ത് അവര്‍ പര്‍ദ ധരിക്കുന്നു.

മുസ്‌ലിം സ്ത്രീകള്‍ മാത്രം ധരിക്കുന്നതിനാലും ഇസ്‌ലാമിന്റെ വസ്ത്രധാരണ മര്യാദകളെ നന്നായി പ്രതിനിധീകരിക്കുന്നു എന്നതിനാലും സ്വാഭാവികമായും ഇസ്‌ലാം വിരുദ്ധര്‍, അപരിഷ്‌കൃതരുടെ ഭീതി ജനിപ്പിക്കുന്ന ഒരടയാളമായി ഇതിനെ ഉയര്‍ത്തിക്കാണിക്കുന്നു. ഇവിടത്തെ മുസ്‌ലിം വിരുദ്ധ-മതേതര പൊതുബോധത്തെ ഇക്കിളിപ്പെടുത്താനായി ചില മുസ്‌ലിം സംഘടനാ നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇടക്കിടെ പര്‍ദക്കിട്ടൊരു 'കൊട്ട്' കൊടുത്ത് തൃപ്തരാവുന്നു.

ഈ സാഹചര്യത്തില്‍ തെരുവിലും കലാലയങ്ങളിലും തൊട്ട് ഒരുപാട് ഉന്നത സ്ഥലങ്ങളില്‍ മുന്നേറുന്ന മുസ്‌ലിം സ്ത്രീകളില്‍ ഒരു വിഭാഗം, തങ്ങളുടെ ചുവടുകള്‍ക്ക് വീര്യം പകരുന്നത് ഇസ്‌ലാം തന്നെയാണെന്ന തിരിച്ചറിവ് പകരാനായാണ് മനഃപൂര്‍വം പര്‍ദ ധരിക്കുന്നത്. അവര്‍ക്ക് പര്‍ദ ഒരു കരുത്തുറ്റ സമരായുധമാണ്.

പര്‍ദ മാത്രമാണ് ഇസ്‌ലാമിലെ പെണ്‍വസ്ത്രമെന്ന് ആക്കിത്തീര്‍ക്കരുത് എന്നതുപോലെ തന്നെ ചില സന്ദര്‍ഭങ്ങളില്‍ പര്‍ദ ധരിക്കല്‍, ആവശ്യമെങ്കില്‍ കറുത്തത് തന്നെയും കണിശമാക്കി പ്രതിരോധം തീര്‍ക്കേണ്ടതുമുണ്ട്.

അന്‍വര്‍ കോട്ടപ്പള്ളി

പോരാട്ടം കൊണ്ട് ജീവിതം പൂരിപ്പിച്ചവര്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ശിഹാബ് പൂക്കോട്ടൂര്‍ എഴുതിയ  ലേഖനം (ലക്കം 2884) ഉള്‍പ്പുളകത്തോടെയാണ് വായിച്ച് തീര്‍ത്തത്.

'1921'എന്ന സിനിമയിലൂടെയാണ് കുഞ്ഞഹമ്മദ് ഹാജിയെ ആദ്യമായി അറിയുന്നത്. അതിന് ശേഷം ആ കഥാപാത്രത്തെ അവതരിപ്പിച്ച ടി.ജി രവിയോട് പോലും ഒരു പ്രത്യേക ഇഷ്ടമായിരുന്നു. പിന്നീട് പ്രബോധനത്തിലൂടെയും മറ്റുമായി ഹാജിയെ ധാരാളം വായിച്ചിട്ടുണ്ട്.

ഇസ്‌ലാം എന്നാല്‍ വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ മാത്രം അനുഷ്ഠിക്കേണ്ടുന്ന ആചാര സമുച്ചയങ്ങളുടെ പേരല്ലെന്നാണ് ആ പോരാളികളുടെ ജീവിതം നല്‍കുന്ന പാഠം. മനുഷ്യ സ്വാതന്ത്ര്യത്തിനു മേലും മനുഷ്യാവകാശങ്ങള്‍ക്കു മേലും അധികാര മുഷ്‌ക് കൊണ്ട് ചുടലനൃത്തം ചവിട്ടിയ മുഴുവന്‍ മേലാള വര്‍ഗത്തോടും ഇസ്‌ലാം നെഞ്ചേറ്റിയ വിപ്ലവ പോരാളികള്‍ ശക്തമായി വിരല്‍ ചൂണ്ടുകയും അധികാരി വര്‍ഗത്തെ തെല്ലും ഭയപ്പെടാതെ അവര്‍ക്കെതിരില്‍ പട നയിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ഒരാള്‍ മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

നാസര്‍ കാരക്കാട് 

വസ്ത്ര വൈവിധ്യങ്ങള്‍

സ്ത്രധാരണത്തെയും വസ്ത്ര വൈവിധ്യങ്ങളെയും പറ്റിയുള്ള കവര്‍‌സ്റ്റോറി അനിവാര്യമായിരുന്നു. അടിക്കടി മാറിക്കൊണ്ടിരിക്കുന്ന വസ്ത്ര സംസ്‌കാരം സമൂഹത്തെ പ്രത്യേകിച്ചും യുവജനങ്ങളെ വഴിതിരിച്ചുവിട്ടു കൊണ്ടിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അമിതമായ കടന്നുകയറ്റവും അന്താരാഷ്ട്ര ബ്രാന്റുകളുടെ പരസ്യങ്ങളുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. മുസ്‌ലിം സ്ത്രീയുടെ വസ്ത്ര സങ്കല്‍പങ്ങളെ പറ്റിയുള്ള പഠനം അവസരോചിതമായി. പര്‍ദകളുടെ രൂപമാറ്റം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം സ്ത്രീകളുടെ മുഖം മറക്കുന്നതിന്റെ വിധി വ്യക്തമാക്കിയതും നന്നായി.

റമീസുദ്ദീന്‍ വി.എം, അസ്ഹറുല്‍ ഉലൂം, ആലുവ

ഹൃദ്യമായ ഖുത്വ്ബ

ഹുസൈന്‍ മടവൂരിന്റെ ജുമുഅ ഖുത്വുബ (ലക്കം:2879) ഹൃദ്യമായി. പ്രബോധനത്തിന് നന്ദി. 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഖുര്‍ആന്‍ നമ്മോട് ഉണര്‍ത്തിയ കാര്യങ്ങള്‍ ഇന്ന് കോടതി നിയമനിര്‍മാണം നടത്തി അംഗീകരിക്കുകയും ആ നിയമങ്ങള്‍ പിന്‍പറ്റാത്തതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. എന്നിട്ടും നമുക്ക് അതെത്ര മാത്രം ഉള്‍ക്കൊള്ളാനാകുന്നുണ്ട്!

സനീറ ഇതിഹാസ്, കൊച്ചി

ഇതു കാപട്യമാവില്ലേ

ന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സര്‍ക്കാറിന്റെ മദ്യ നയങ്ങള്‍ക്കുമെതിരെയുള്ള  മുസ്‌ലിം യുവതയുടെ  സമര പരിപാടികള്‍ക്ക് പിന്തുണ നല്‍കാന്‍ ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ കാണാനിടയായി. നല്ലത് തന്നെ. പക്ഷേ ഇവര്‍ വിശ്വസിക്കുന്ന, അല്ലെങ്കില്‍ വോട്ട് ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളെ എതിര്‍ക്കാന്‍ മിനക്കെടാതെ അവര്‍ക്കൊപ്പം നിന്നുള്ള ഈ ഇരട്ടത്താപ്പു അംഗീകരിക്കാന്‍ കഴിയില്ല. രണ്ടു തോണിയില്‍  കാല്‍ വെച്ചുള്ള ഈ കളി ഒരുതരം കാപട്യമല്ലേ? അവര്‍ ചെയ്യേണ്ടത് ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന നവരാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കുകയാണ്. കാരണം ഈ പോരാട്ടം ഫലം കാണണമെങ്കില്‍ രാഷ്ട്രീയ ഇടപെടല്‍ കൂടിയേ തീരൂ. നിലവിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊപ്പം നിന്ന് കൊണ്ട് അത് സാധ്യമല്ലല്ലോ.

പി.സി മുഹമ്മദ് കുട്ടി, തിരുത്തിയാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 89-91
എ.വൈ.ആര്‍