ഭൂമിയില്‍ സൂക്ഷ്മതയുള്ളവര്‍ക്ക് സമാധാനം
തീര്‍ച്ചയായും ഞാന്‍ നിര്‍വഹിച്ചതും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതുമായ ഖുര്‍ആന്‍ പഠനത്തിനു പരിമിതികള്‍ ഏറെയുണ്ട്. അറബി ഭാഷ സവിശേഷം വശമില്ല എന്നതാണ് അതിലെ സുപ്രധാന പരിമിതി. എന്നിരുന്നാലും ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറങ്ങിയിട്ടുള്ള വിശുദ്ധ ഖുര്‍ആന്റെ അംഗീകൃത പരിഭാഷകള്‍ സ്വരൂപിച്ചുകൊണ്ട്, ഭഗവദ്ഗീത അധ്യാപനം ചെയ്യുന്ന ശ്രദ്ധയോടു കൂടി തന്നെ, ഒന്നു കൂടി ജനകീയ ഭാഷയില്‍ പറഞ്ഞാല്‍ ഭക്തിയോടു കൂടി തന്നെ, ഞാന്‍ വിശുദ്ധ ഖുര്‍ആന്‍ പല പ്രാവശ്യം പാരായണം ചെയ്തു. അതുവഴി ഖുര്‍ആന്‍ എന്നിലേക്ക് സന്നിവേശിപ്പിച്ച അനുഭൂതികളും തിരിച്ചറിവുകളുമാണ് ഇവിടെ രേഖപ്പെടുത്തുന്നത്!
വിശുദ്ധ ഖുര്‍ആനെയും ഇസ്‌ലാമിനെയും കുറിച്ച് സ്വദേശീയരും വിദേശീയരുമായ പ്രതിഭാശാലികള്‍ പറഞ്ഞുവെച്ചിട്ടുള്ളതിലൂടെയെല്ലാം ആകാവുന്നത്ര കടന്നുപോയിട്ടുണ്ട്. അയാന്‍ ഹിര്‍സി അലി, സിയാഉദ്ദീന്‍ സര്‍ദാര്‍, തസ്‌ലീമാ നസ്‌റിന്‍ തുടങ്ങിയവരുടെ വിമര്‍ശനാത്മക നിരീക്ഷണങ്ങളും ശ്രദ്ധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അനുകൂലികളോ പ്രതികൂലികളോ ആയ ഖുര്‍ആന്‍ പഠിതാക്കളുടെ ആരുടെയും അഭിപ്രായങ്ങളുടെ ഭരണം എന്റെ ഖുര്‍ആന്‍ പഠനാനുഭവത്തെ നിയന്ത്രിക്കുന്നതിന് ഇടവരാതിരിക്കാനാണ് ഞാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ മറ്റുള്ളവര്‍ ഖുര്‍ആനെപ്പറ്റി പറഞ്ഞതെന്തെല്ലാമാണെന്ന് എടുത്തെഴുതാനല്ല മറിച്ച്, ഖുര്‍ആന്‍ എന്നോട് പറഞ്ഞതെന്തെന്ന് തുറന്നു പറയുന്നതിനാണ് ഇവിടെ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഖുര്‍ആന്റെ ഹൃദയം എന്റെ ഹൃദയത്തോടു പറഞ്ഞതെന്തെന്നു വ്യക്തമാക്കാന്‍ ശ്രമിക്കുന്ന ഒരു രചന എന്ന നിലയിലാണ് ഇത് തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ആത്മകഥാപരമാകുന്നത്.
യുദ്ധം, പോരാട്ടം, ധര്‍മ സമരം, ത്യാഗപരിശ്രമങ്ങള്‍ എന്നൊക്കെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാവുന്ന 'ജിഹാദ്' എന്ന വാക്ക് വിശുദ്ധ ഖുര്‍ആനില്‍ പലതവണ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, ഖുര്‍ആനില്‍ ജിഹാദ് എന്നതിനേക്കാളെല്ലാം ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുള്ള വാക്ക് സൂക്ഷ്മത (തഖ്‌വ) എന്നാണ്. അതിനാല്‍ വിശുദ്ധ ഖുര്‍ആന്റെ നിരന്തര പാരായണത്തിലൂടെ പകര്‍ന്നുകിട്ടിയ ജീവിത സന്ദേശമെന്തെന്ന് ഒറ്റവാക്കില്‍ പറയാന്‍ എന്നോടാവശ്യപ്പെട്ടാല്‍ അതിനായി നിസ്സംശയം ഞാന്‍ തെരഞ്ഞെടുക്കുന്ന വാക്ക് 'സൂക്ഷ്മതയുള്ളവരാവുക' എന്നതായിരിക്കും. മനസ്സിനെ സൂക്ഷിക്കുക, വിചാരങ്ങളെ സൂക്ഷിക്കുക, വാക്കിനെ സൂക്ഷിക്കുക, കരചരണങ്ങളെ സൂക്ഷിക്കുക-ഇതാണ് വിശുദ്ധ ഖുര്‍ആന്‍ മാനവികതക്ക് മുമ്പാകെ അവതരിപ്പിക്കുന്ന ജീവിത സന്ദേശത്തിന്റെ കാതല്‍. അതിശയം എന്നു പറയട്ടെ, സര്‍വോപനിഷത്സാരമായ ശ്രീമദ് ഭഗവദ്ഗീതയുടെ സന്ദേശവും ഇതുതന്നെയാണ്! സൂക്ഷ്മത എന്ന വാക്കല്ല ഭഗവദ്ഗീത ഉപയോഗിക്കുന്നത്. മറിച്ച് ശ്രദ്ധ എന്ന വാക്കാണ്. 'ശ്രദ്ധവാന്‍ ലഭതേജ്ഞാനം' എന്നത്രേ ഗീതയുടെ പ്രഖ്യാപനം. കഠോപനിഷത്തില്‍ 'ശ്രദ്ധ ആവേവിശ' എന്നു കാണാം. നചികേതസ്സില്‍ ശ്രദ്ധ ആവേശിതമായി എന്നര്‍ഥം. ശ്രദ്ധാവേശിതനായ നചികേതസ്സ് ജ്ഞാനമാര്‍ഗത്തില്‍ കടന്നു ജ്ഞാനിയായി. ഇപ്പറഞ്ഞ ഭാവപരമായ സാദൃശ്യങ്ങളെക്കൊണ്ടുതന്നെ ഒരു അന്യമത ഗ്രന്ഥം വായിക്കുന്ന അകല്‍ച്ചയല്ല, മറിച്ച് ഉപനിഷത്തും ഭഗവദ്ഗീതയും ഒക്കെ വായിക്കുമ്പോള്‍ അനുഭവപ്പെട്ട അതേ ആത്മബന്ധുതയാണ് എനിക്ക് ഖുര്‍ആന്‍ പാരായണ വേളകളിലെല്ലാം ഉണ്ടായിട്ടുള്ളത്. 'ഗീതയും ഖുര്‍ആനും ബൈബിളും എല്ലാം സാരാംശത്തില്‍ ഒന്നുതന്നെ' (Geetha, Qur'an and Bible are essencially same) എന്നു ശ്രീ രമണ മഹര്‍ഷി പറഞ്ഞത് തീര്‍ത്തും ശരിയെന്നു ബോധ്യമാകുന്ന അവസ്ഥയാണ് എനിക്കുണ്ടായത്.
'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്നാണ് വിശുദ്ധ ബൈബിളിലെ പ്രഖ്യാപനം. എല്ലാ ആദരവും കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ പറയട്ടെ, പ്രസ്തുത ബൈബിള്‍ വാക്യം എന്നിലിന്നോളം പറയത്തക്ക പ്രതികരണമൊന്നും ഉളവാക്കിയിട്ടില്ല. അതിനു കാരണം അതില്‍ ഭക്തിയേ ഉള്ളൂ; യുക്തിയില്ല എന്നതാണ്. തീക്ഷ്ണമായ യുക്തിബോധമുള്ളവര്‍ക്ക് 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്നതില്‍ സംതൃപ്തരാകാന്‍ കഴിയില്ല. എന്താണ് സന്മനസ്സ്, എന്താണ് ദുര്‍മനസ്സ് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ അത്തരക്കാരില്‍ നിന്ന് ഉയരും. അതിനൊന്നും ഇന്ന് പ്രചാരത്തിലിരിക്കുന്ന ബൈബിളില്‍ തൃപ്തികരമായ സമാധാനവും ഇല്ല. എന്നാല്‍, മുഴുവന്‍ പൂര്‍വവേദങ്ങളെയും തത്ത്വത്തില്‍ സമാദരിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്നല്ല. മറിച്ച് 'സൂക്ഷ്മതയുള്ളവര്‍ക്ക് സമാധാനം' എന്നാണ്. ഇവിടെ കാര്യം അത്യന്തം യുക്തവും വളരെ സ്പഷ്ടവുമാണ്. കളയും ചാഴിയും ഒന്നും ബാധിക്കാതെ വയല്‍ പരിപാലിക്കാന്‍ നിരന്തരം ശ്രദ്ധിക്കുന്ന, സൂക്ഷ്മത പുലര്‍ത്തുന്ന, കര്‍ഷകനു മാത്രമേ നല്ല വിളവ് അനുഭവിക്കാനാവൂ. ഇതുപോലെ ജീവിതത്തില്‍ മനോ വാക് കര്‍മങ്ങളിലുടനീളം അത്യന്തം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാത്രമേ സമാധാനവും സംപ്രാപ്തമാകൂ. ഇതാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന അടിസ്ഥാനപരമായ ജീവിത പാഠം. സൂക്ഷ്മത അഥവാ ശ്രദ്ധ കൂടാതെ സൂചിക്കുഴയിലൂടെ നൂലു കോര്‍ക്കാന്‍ പോലും മനുഷ്യനു കഴിയില്ല എന്നിരിക്കെ, മനഃസമാധാനവും ലോക സമാധാനവും ഒക്കെ കൈവരിക്കാന്‍ സൂക്ഷ്മത കൂടാതെ മനുഷ്യനെങ്ങനെ സാധ്യമാകും? അതിനാല്‍ സൂക്ഷ്മതയുള്ളവരായിരിക്കുക. എന്തെന്നാല്‍ സമാധാനത്തിലേക്ക് അതൊന്നേ വഴിയുള്ളൂ; വേറെ വഴിയില്ല. 'നാന്യപന്ഥാഃ! ലോക ചരിത്രത്തിലിന്നോളം ഒരു സത്യാന്വേഷിയും സൂക്ഷ്മത കൂടാതെ സത്യസാക്ഷാത്കാരം നേടിയിട്ടില്ല. സത്യത്തെ അറിയലാണ് ജ്ഞാനം. അത് ശ്രദ്ധയുള്ളവനേ ലഭ്യമാകൂ' എന്നാണ് ഗീതാ പ്രഖ്യാപനവും. അതിനാല്‍ സത്യമാര്‍ഗത്തിലായിരിക്കുക എന്നാലര്‍ഥം സൂക്ഷ്മത പരിപാലിക്കുന്നവരാവുക എന്നല്ലാതെ മറ്റൊന്നുമല്ല.
സൂക്ഷ്മതയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ ഉള്ളേടത്തോളം ജനകീയമായ അധ്യാപനം മറ്റൊരു വേദഗ്രന്ഥത്തിലും കാണുകയില്ല. ഹൈന്ദവ പ്രമാണ ഗ്രന്ഥങ്ങളിലും സൂക്ഷ്മതയെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ, ബ്രാഹ്മണങ്ങളിലും സ്മൃതികളിലുമൊക്കെ പറയപ്പെട്ടു കാണുന്ന 'സൂക്ഷ്മത'യിലൂടെ ഭാരതത്തില്‍ ശക്തിപ്രാപിച്ചത് അയിത്തവാദവും അയിത്താചരണവുമാണ്. ആരെയൊക്കെ തൊടാം ആരെയെല്ലാം തൊട്ടുകൂടാ, എന്തൊക്കെ തിന്നാം എന്തെല്ലാം തിന്നരുത്, ആരോടെല്ലാം കൂടിയിരുന്ന് ആഹരിക്കാം, ആരോടെല്ലാം കൂടിയിരുന്ന് ആഹരിച്ചുകൂടാ എന്നിങ്ങനെയുള്ള ബാഹ്യാചാര കാര്‍ക്കശ്യങ്ങളിലേക്ക് ഭാരതീയ മത സമ്പ്രദായങ്ങളിലെ സൂക്ഷ്മതയെ സംബന്ധിച്ച വിചാരങ്ങളും വിവാദങ്ങളും പ്രയോഗങ്ങളും വഴിപിഴച്ചുപോയി. ജാതിവ്യവസ്ഥയാണിതിന് ഒന്നാമത്തെ തെളിവ്. അതുകൊണ്ടുതന്നെ അദൈ്വത നിഷ്ഠമായ സമതക്കു പകരം അയിത്താചാര ഭ്രാന്തമായ അസമത്വം ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ മുഖമുദ്രയും ആയിത്തീര്‍ന്നു.
എന്നാല്‍, സൂക്ഷ്മതയെക്കുറിച്ചുള്ള വിശുദ്ധ ഖുര്‍ആനിലെ അധ്യാപനങ്ങള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അസമത്വം എല്ലാ അര്‍ഥത്തിലും വലിയ അളവോളം നിര്‍വീര്യമാക്കുന്നതിനാണ് ഇടവരുത്തിയത്. 'സര്‍വശക്തനും സര്‍വജ്ഞനും പരമകാരുണികനും പരമദയാലുവുമായ അല്ലാഹു അല്ലാതെ സ്രഷ്ടാവോ പരിപാലകനോ വിധികര്‍ത്താവോ ആയിട്ടൊരു ദൈവവും ഇല്ല. അതിനാല്‍ അവിടത്തെ മാത്രം ആരാധിച്ചും ആശ്രയിച്ചും അനുസരിച്ചും ജീവിക്കാന്‍ സൂക്ഷ്മതയുള്ളവരായിരിക്കുക. ആ സൂക്ഷ്മത കാണിക്കുന്നവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. ഇഹ-പരങ്ങളിലെ സമാധാനം അവര്‍ക്ക് ലഭ്യമാകുക തന്നെ ചെയ്യും' എന്നിങ്ങനെയുള്ള അനുശാസനത്തിലൂടെ വിവിധ ദൈവങ്ങളെ ആരാധിക്കുകയും അതുവഴി പരസ്പരം ചേരിതിരിഞ്ഞ് പോരടിക്കുകയും ചെയ്തുവന്നിരുന്ന വിവിധ ഗോത്രവംശജരായ മനുഷ്യര്‍ക്കിടയില്‍ സംഭവിച്ചത് ആരാധനാപരമായ ആഗോള ഒത്തൊരുമയാണ്. വണങ്ങുന്ന ദൈവവും വണങ്ങുന്ന രീതിയും ദേശ ഭാഷാ വര്‍ണ വര്‍ഗ ലിംഗ ഭേദമന്യേ ഒന്നുതന്നെയായതു വഴി സംഭവിച്ച ഒരുമയാണത്. ഇസ്‌ലാം ആശ്ലേഷിച്ച ഏതൊരു മനുഷ്യനും ലോകത്തെവിടെയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരുമയുമാണത്.
ഇത് അല്ലാഹുവിന്റെ സൃഷ്ടികള്‍ എന്ന നിലക്കുള്ള ഒരുമയല്ല. എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികള്‍ ആണെന്നുള്ള ഒറ്റക്കാരണത്താല്‍ മാത്രം എല്ലാവരും തമ്മില്‍ ഒരുമയുണ്ടാകുമെന്നും കരുതിക്കൂടാ. ഇസ്‌ലാം ആശ്ലേഷിച്ച മാനവരുടെ ഒരുമ എന്നത് ഒട്ടൊന്നു സവിശേഷമായതാണ്. അല്ലാഹു കാണിച്ച നേര്‍മാര്‍ഗത്തെ പിന്‍പറ്റാന്‍ സൂക്ഷ്മതയുള്ളവര്‍ എന്ന നിലയിലേക്ക് എത്തിയ മനുഷ്യര്‍ക്കിടയില്‍ സംഭവിച്ച ഒരുമയാണത്. പ്രത്യയശാസ്ത്രപരവും ആശയപരവുമായ ഒരുമയാണത്. ഈ ഒരുമക്ക് എവിടെയെവിടെയെല്ലാം തകരാറു കാണുന്നുവോ അവിടെയവിടെയെല്ലാം 'സൂക്ഷ്മതാ പരിപാലന'ത്തില്‍ കുറവു സംഭവിച്ചെന്നു കരുതേണ്ടിവരുന്നു. സൂക്ഷ്മതാ പരിപാലനത്തില്‍ കുറവ് സംഭവിക്കുക എന്നാല്‍ അല്ലാഹുവിന്റെ നേര്‍മാര്‍ഗത്തില്‍ നിന്ന് പിന്തിക്കുക എന്നാണ് അര്‍ഥം. അത് എവിടെയൊക്കെ ഏതേതളവില്‍ സംഭവിച്ചിട്ടുണ്ടെന്ന് ഓരോ മുസ്‌ലിമും സ്വയം ആത്മപരിശോധന ചെയ്ത് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ടെന്നേ പറയാനുള്ളൂ.
(തുടരും)
Comments