Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 06

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം

         മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ന്യൂദല്‍ഹിയില്‍ നിന്ന് തിരിച്ചു പോകുന്നത് വളരെ ആഹ്ലാദവാനായിട്ടാണെന്ന് അദ്ദേഹത്തിന്റെ ശരീര ഭാഷ തെളിയിക്കുന്നു.  താന്‍ വന്ന കാര്യങ്ങള്‍ ഒട്ടുമുക്കാലും സാധിച്ചതിലുള്ള ആഹ്ലാദമാണത്. ഉഭയകക്ഷി ചര്‍ച്ചകളില്‍ മുമ്പത്തെപ്പോലെ ചില വഴിമുടക്കങ്ങള്‍ അദ്ദേഹം ന്യായമായും പ്രതീക്ഷിച്ചിരുന്നു. അതുപോലുമുണ്ടായില്ല. അമേരിക്ക വര്‍ഷങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുകയും ജനകീയ സമ്മര്‍ദഫലമായി യു.പി.എ ഗവണ്‍മെന്റ് തീരുമാനമെടുക്കാതെ മാറ്റിവെക്കുകയും ചെയ്ത തീര്‍ത്തും അന്യായമായ ആവശ്യങ്ങള്‍ വരെ നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിച്ചു കൊടുത്തിരിക്കുകയാണെന്ന് ഇടതുപക്ഷവും നവ സാമൂഹിക സംഘടനകളും കുറ്റപ്പെടുത്തുന്നു.

റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായാണ് ഒബാമ എത്തിയതെങ്കിലും കേവലം സൗഹൃദ സന്ദര്‍ശനമായിരുന്നില്ല അത്. ഒട്ടനവധി സാധ്യതകളുള്ള ഇന്ത്യയിലെ വന്‍ മധ്യ വര്‍ഗ വിപണിയെ അമേരിക്കന്‍ സമ്പദ്ഘടനക്ക് പുതുജീവന്‍ നല്‍കുന്നതിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന വ്യാപാര താല്‍പര്യമായിരുന്നു മുഖ്യമായും അമേരിക്കന്‍ സംഘത്തെ നയിച്ചത്. ഒരു രാഷ്ട്രത്തലവന്റെ സന്ദര്‍ശനത്തിന് വ്യാപാര താല്‍പര്യമുണ്ടാവുക തീര്‍ത്തും സ്വാഭാവികമാണ്. ഇരു രാഷ്ട്രങ്ങള്‍ക്കും അത്തരം വ്യാപാരക്കരാറുകള്‍ കൊണ്ട് പ്രയോജനമുണ്ടാവുമെങ്കില്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. പക്ഷേ, ഇവിടെ കരാറുകളും ധാരണകളുമത്രയും ഏകപക്ഷീയമായിപ്പോയി എന്നാണ് വിമര്‍ശനമുയരുന്നത്. അതായത് ഇതുകൊണ്ടൊക്കെ അമേരിക്കക്ക് മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ. ഇന്ത്യക്കാര്‍ക്ക് കാര്യമായൊന്നും ലഭിക്കാന്‍ പോകുന്നില്ല. എന്നു മാത്രമല്ല, ജനജീവിതത്തിന് അത്യന്തം അപായകരമായ പല പ്രോജക്ടുകള്‍ക്കും മോദി സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനികേതര ആണവക്കരാറിലെ സകല വ്യവസ്ഥകളും പ്രതിബന്ധങ്ങളും പാര്‍ലമെന്റിനെ തൃണവല്‍ഗണിച്ചും സ്വന്തം പാര്‍ട്ടിയുടെ പോലും അഭിപ്രായം ആരായാതെയും മോദി നീക്കിക്കൊടുത്തതാണ് ഇതില്‍ ഏറ്റവും അപായകരമായത്. 2005-ലാണ് അമേരിക്കന്‍ പ്രസിഡന്റ് ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സിവില്‍ ആണവക്കരാറിനെക്കുറിച്ച പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയത്. അന്നുമുതല്‍ അതിലെ വ്യവസ്ഥകളെ ചൊല്ലി ബഹളം വെച്ച പാര്‍ട്ടിയാണ് ബി.ജെ.പി. ഇതേ പ്രശ്‌നത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2008-ല്‍ മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ ആണവക്കരാറിനെതിരെ ബി.ജെ.പിയിലെ 130 എം.പിമാരും വോട്ട് ചെയ്യുകയുണ്ടായി. ബി.ജെ.പിയുടെ കൂടി സമ്മര്‍ദഫലമായാണ് 2010-ല്‍ ആണവാപകട ബാധ്യതാ നിയമം യു.പി.എ ഗവണ്‍മെന്റ് പാസാക്കിയത്. ഇത് പ്രകാരം ആണവാപകടമുണ്ടായാല്‍ റിയാക്ടറുകളും അനുബന്ധ സാങ്കേതിക വിദ്യകളും നല്‍കുന്ന അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം പരമാവധി 1500 കോടി രൂപയെന്നും നിശ്ചയിച്ചു. ചെറിയൊരു റിയാക്ടര്‍ അപകടം ഉണ്ടായാല്‍ തന്നെ ഈ തുക എങ്ങുമെത്തില്ല എന്ന് എല്ലാവര്‍ക്കുമറിയാം. ഫുകുഷിമ ആണവ ദുരന്തത്തിനു ശേഷം ക്ലീനപ്പ് ചെയ്യാന്‍ വേണ്ടി മാത്രം ജപ്പാന്‍ സര്‍ക്കാര്‍ ഇതിന്റെ എത്രയോ ഇരട്ടി ഇപ്പോള്‍ തന്നെ ചെലവാക്കി കഴിഞ്ഞു. ഈ ചെറിയ തുക പോലും നഷ്ടപരിഹാരം നല്‍കാന്‍ തയാറല്ല എന്ന് വാശിപിടിച്ച് നില്‍ക്കുകയായിരുന്നു അമേരിക്കയിലെ റിയാക്ടര്‍ നിര്‍മാതാക്കള്‍. ആ ബാധ്യത അമേരിക്കന്‍ കമ്പനികള്‍ ഏല്‍ക്കേണ്ടതില്ലെന്നും ഇന്ത്യയിലെ പൊതുമേഖലയിലുള്ള നാല് ഇന്‍ഷുറന്‍സ് കമ്പനികളും ഗവണ്‍മെന്റും ചേര്‍ന്ന് ആ തുക വഹിച്ചുകൊള്ളാമെന്നുമാണ് മോദി വാക്ക് നല്‍കിയിരിക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ ആണവ റിയാക്ടറുകള്‍ പൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ശാസ്ത്രീയമായി സുരക്ഷാ ടെസ്റ്റുകള്‍ പോലും ശരിക്ക് നടത്തിയിട്ടില്ലാത്ത അമേരിക്കന്‍ റിയാക്ടറുകള്‍ ഇന്ത്യയിലേക്ക് വരാന്‍ പോകുന്നത്.

പത്തു വര്‍ഷത്തേക്ക് കൂടി പ്രതിരോധ കരാര്‍ നീട്ടിക്കൊടുത്തതാണ് മറ്റൊരു വിശേഷം. ആയുധക്കച്ചവടം പൊടിപൊടിക്കുമെന്നര്‍ഥം. അതിന്റെയും മൊത്തം നേട്ടം അമേരിക്കക്ക് തന്നെ. ചൈനയെ നേരിടാന്‍ ജപ്പാനെയും ആസ്‌ത്രേലിയയെയും കൂട്ടുപിടിച്ചുള്ള അച്ചുതണ്ട് സഖ്യത്തിലും ഒബാമ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വിടപറയുന്നതിന് തൊട്ട് മുമ്പ് ഒബാമ നടത്തിയ പ്രഭാഷണത്തില്‍, മതപരമായി ചേരി തിരിയുന്നില്ലെങ്കില്‍ ഇന്ത്യക്ക് നല്ല ഭാവിയുണ്ടെന്നും പറയുകയുണ്ടായി. ഘര്‍ വാപസിയെ സൂചിപ്പിച്ചുള്ള ആ പരാമര്‍ശത്തിന് നല്ല കൈയടിയും കിട്ടി. പശ്ചിമേഷ്യയെ മതകീയമായും വംശീയമായും ഗോത്രീയമായും ശിഥിലീകരിക്കാനും തുണ്ടം തുണ്ടമാക്കാനും രാപ്പകല്‍ മെനക്കെടുന്ന ഒരു ഭരണകൂടത്തെ നയിക്കുന്ന ആള്‍ക്ക് അത് പറയാന്‍ എന്ത് അര്‍ഹത എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 89-91
എ.വൈ.ആര്‍