Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 06

കത്തോലിക്കാ വിരുദ്ധതയില്‍ നിന്ന് <br> ഇസ്‌ലാമോഫോബിയയിലേക്ക്

എന്‍.പി മുഹമ്മദ് ബശീര്‍/ കവര്‍‌സ്റ്റോറി

         ബഹുമുഖ പ്രതിഭയായിരുന്ന ഫ്രഞ്ച് നോവലിസ്റ്റ് അലക്‌സാണ്ടര്‍ ഡ്യൂമ (1802  1870), പോപ്പ് അലക്‌സാണ്ടര്‍ ആറാമന്റെയും (1492-1503) കുടുംബത്തിന്റെയും കഥ പറയുന്ന സെലബ്രേറ്റഡ് ക്രൈംസ് (Celebrated Crimes) എന്ന ചരിത്രാഖ്യായികക്ക് (1844) അനുബന്ധമായി ചേര്‍ത്ത ഒരു കൊച്ചുകഥയുണ്ട്. ഒരു ക്രൈസ്തവ യുവാവ് ജൂതസുഹൃത്തിനെ മതം മാറാന്‍  പ്രേരിപ്പിക്കുന്നു. റോമില്‍ പോയി ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചുവന്നിട്ടാവാമെന്ന് പറഞ്ഞ് ജൂതന്‍ യാത്രയാവുന്നു. റോമില്‍ പോയവന്‍ ക്രൈസ്തവനായി തിരിച്ചുവരില്ലെന്ന് ക്രിസ്ത്യന്‍ സുഹൃത്തിന്റെ ആത്മഗതം. ചരിത്രാഖ്യായികയുടെ ഉള്ളടക്കവും സാഹിത്യത്തിലെ കത്തോലിക്കാ വിരുദ്ധതയും വ്യക്തമാക്കുന്ന നുറുങ്ങ് കഥ.

ക്രിസ്ത്യന്‍ സമൂഹത്തിലെ പിളര്‍പ്പിന്റെ (1517) തുടര്‍ച്ചയായിരുന്നു കത്തോലിക്കാ വിരോധമെങ്കിലും ഇംഗ്ലണ്ട് അമേരിക്കയെ കോളനിയാക്കിയതോടെ (1607) അത് രൂക്ഷമായി. 14,15,16 നൂറ്റാണ്ടുകളിലെ പോപ്പുമാരുടെ ചെയ്തികള്‍, പുരോഹിതരുടെ വഴിവിട്ട നടപടികള്‍, കാശ് വാങ്ങി സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കല്‍, വിശുദ്ധരായി പ്രഖ്യാപിക്കല്‍, കര്‍ദിനാള്‍ നിയമനം, പോപ്പ് തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങള്‍ ഉള്‍പ്പെടെയുള്ള വിശ്വാസ ചൂഷണങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അത്യാചാരങ്ങള്‍, മൂല്യച്യുതി എന്നിവക്കെതിരെ മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ കാല്‍വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ക്രിസ്തുമതത്തെ നെടുകെ പിളര്‍ത്തുകയും പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ വിഭാഗങ്ങളായി അവര്‍ വേര്‍പിരിയുകയും ചെയ്തു.

പ്രൊട്ടസ്റ്റന്റ് വിഭാഗം തുടക്കത്തില്‍ തന്നെ ജര്‍മനി മുഴുവന്‍ വ്യാപിക്കുകയും ഇംഗ്ലണ്ടില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് (1534) എന്ന പേരില്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തു. പിന്നീട് അവര്‍ അമേരിക്ക ഉള്‍പ്പെടെയുള്ള അവരുടെ കോളനികളിലേക്ക് സ്വാധീന മേഖല വ്യാപിപ്പിച്ചു. ചര്‍ച്ചിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഇംഗ്ലണ്ടിന്റെ ശത്രുക്കളായ ഫ്രാന്‍സിനെയും സ്‌പെയിനിനെയും പോപ്പ് കൂട്ടുപിടിച്ചത് വിഭാഗീയതക്ക് രാഷ്ട്രീയ മാനവും വിധ്വംസാത്മകതയും പകര്‍ന്നു.

അമേരിക്കന്‍ കോളനികളില്‍ വെര്‍ജീനിയയും മസാച്ചുസെറ്റ്‌സും കത്തോലിക്കര്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ബാക്കിയുള്ള 11 കോളനികള്‍ കത്തോലിക്കരുടെ മതപരമായ മുഴുവന്‍ ചടങ്ങുകളും നിരോധിച്ചു. 1649-ല്‍ വിവേചനത്തിനെതിരായ നിയമം കൊണ്ടുവന്നുവെങ്കിലും നിയമം പിന്‍വലിച്ചതോടെ (1654) പൂര്‍ണ കത്തോലിക്കാ നിരോധം നിലവില്‍ വന്നു. കത്തോലിക്കരുടെയും ചര്‍ച്ചിന്റെയും സ്വത്ത് വകകള്‍ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുക, അവരുടെ സ്‌കൂളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക, അവരുടെ മേല്‍ അധിക നികുതി ചുമത്തുക, സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തുക ഇതൊക്കെയും വ്യാപകമായി നടപ്പാക്കി.എല്ലാവിധ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട കത്തോലിക്കര്‍ക്ക് രാഷ്ട്രീയവും വിലക്കപ്പെട്ടു. ശാരീരിക പീഡനങ്ങളും ഉന്മൂലനങ്ങളും സാധാരണമായി. 1788-ല്‍ പുറത്തിറക്കിയ ഒരു ഉത്തരവില്‍, ഔദ്യോഗിക പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും പോപ്പിനെ തള്ളി പ്രതിജ്ഞ ചെയ്യണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

ഇംഗ്ലണ്ടിന്നെതിരെ അമേരിക്ക നടത്തിയ സ്വാതന്ത്ര്യ സമരത്തില്‍ കത്തോലിക്കര്‍ ഭൂരിപക്ഷമായ ഫ്രാന്‍സിന്റെ സഹായം സ്വീകരിച്ചത് മൂലവും, സ്വാതന്ത്ര്യം നേടി (04-07-1776) സ്വന്തം ഭരണഘടന നിലവില്‍ വന്നതിനാലും, ബില്‍ ഓഫ് റൈറ്റ്‌സ് എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതികള്‍ (1789-1791) വഴിയും കത്തോലിക്കാ വിരോധം ഔദ്യോഗിക തലത്തില്‍ അവസാനിച്ചുവെങ്കിലും പൊതുസമൂഹം അത് അംഗീകരിച്ചില്ല. എന്ന് മാത്രമല്ല അനൗദ്യോഗിക തലത്തില്‍ വിവേചനം തുടരുകയും ചെയ്തു

1928-ലാണ് ആദ്യമായി ഒരു കത്തോലിക്കന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥനത്തേക്ക് മത്സരിക്കുന്നത് (അല്‍സ്മിത്ത് എന്ന ഡമോക്രാറ്റുകാരന്‍). അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടാല്‍ പോപ്പിന്റെ ആസ്ഥാനം അമേരിക്കയിലേക്ക് മാറുമെന്നും ഭരിക്കുന്നത് പോപ്പായിരിക്കുമെന്നുള്ള മറുപക്ഷത്തിന്റെ പ്രചാരണം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് അനായാസ വിജയം നേടിക്കൊടുത്തു. കത്തോലിക്കനായ ഏക അമേരിക്കന്‍ പ്രസിഡന്റ്, പദവിയില്‍ മൂന്ന് വര്‍ഷം തികക്കുന്നതിന് മുമ്പെ വധിക്കപ്പെടുകയും ചെയ്തു.

സ്‌പെയിന്‍, ഇറ്റലി, പോര്‍ചുഗല്‍, ഓസ്ട്രിയ,  ഫ്രാന്‍സ് എന്നീ കത്തോലിക്കാ രാജ്യങ്ങളിലൊഴികെ യൂറോപ്പിലും മറ്റു ബ്രിട്ടീഷ് അധീനപ്രദേശങ്ങളിലും കത്തോലിക്കരുടെ അവസ്ഥ ഏറക്കുറെ ഇത് തന്നെയായിരുന്നു. കത്തോലിക്കാ രാജ്യങ്ങളില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗം ഇതിനേക്കാള്‍ വലിയ പീഡനങ്ങള്‍ക്കിരയാവുകയും, അവിടങ്ങളില്‍നിന്ന് കത്തോലിക്കര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമായും അമേരിക്കയിലേക്കും മറ്റു പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളിലേക്കും നുഴഞ്ഞ് കയറുകയും ചെയ്തു. ഒന്നാം ലോകയുദ്ധത്തിന് (1914-'18) ശേഷം ഇവര്‍ അമേരിക്കയില്‍ ഭീകരാക്രമണത്തിന്റെ കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു.

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും ഭൗതിക-ശാസ്ത്ര പുരോഗതിയും മതേതര ചിന്തകളും പാശ്ചാത്യ നാടുകളെ ബാധിച്ച മതവിരക്തിയും സര്‍വോപരി കമ്യൂണിസത്തില്‍ ഒരു പൊതു ശത്രുവിനെ കണ്ടെത്തലും കത്തോലിക്കരുടെ മേലുള്ള പ്രത്യക്ഷ പീഡനങ്ങള്‍ ഗണനീയമായി ശമിപ്പിച്ചു.

അത് അങ്ങനെ ശമിച്ചിരുന്നില്ലെങ്കില്‍, പ്രത്യേകിച്ച് കമ്യൂണിസം എന്ന പൊതുശത്രു ഉയര്‍ന്ന് വന്നിരുന്നില്ലെങ്കിലും,  ഇന്ന് ഇസ്‌ലാമോഫോബിയ ഉണ്ടാവുമായിരുന്നില്ല. മാത്രവുമല്ല, തീവ്ര കത്തോലിക്കാ വിരുദ്ധ കാലത്ത് ഇംഗ്ലീഷ് സാഹിത്യത്തില്‍ പോസിറ്റീവ് മനോഭാവമുള്ള കഥാപാത്രങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും ക്രിസ്ത്യന്‍ ഛായക്ക് പകരം മുസ്‌ലിം ഛായ നല്‍കിയത് പോലെ, ലോകത്ത് കത്തോലിക്കാ മതത്തിന് പകരം ഇസ്‌ലാം പ്രതിഷ്ഠിക്കപ്പെടുമായിരുന്നു. അങ്ങനെ നിരീക്ഷിക്കപ്പെടാവുന്നത്രയും കത്തോലിക്കാ വിരുദ്ധതയും ഇസ്‌ലാം ആഭിമുഖ്യവും ഇംഗ്ലീഷ്/ഫ്രഞ്ച് സാഹിത്യത്തില്‍ നിറഞ്ഞു നിന്നിരുന്നു.

ഐറിഷ്‌കാരനായിരുന്ന ഓസ്‌കാര്‍ വൈല്‍ഡിന്റെ (1854-1900) മുക്കുവനും അവന്റെ ആത്മാവും (The Fisherman and His Soul) എന്ന കഥയിലെ ക്രിസ്ത്യാനിയായ മുക്കുവന്‍ ഉപേക്ഷിച്ച ആത്മാവ് തന്റെ പ്രവാചകന്‍ മുഹമ്മദാണെന്നും താന്‍ പോകുന്നത് മാലാഖമാര്‍ വെള്ളികൊണ്ട് ദൈവിക വചനങ്ങളെഴുതിയ പച്ചവിരി കൊണ്ട്മൂടിയ കഅ്ബയുള്ള മക്കയിലേക്കുമാണെന്നാണ് പറയുന്നത്. മുസ്‌ലിം സമൂഹങ്ങളോടൊപ്പം യാത്ര ചെയ്ത് ആ ആത്മാവ് കച്ചവടത്തിലും വിജ്ഞാനങ്ങളിലും പ്രാവീണ്യം നേടുന്നുമുണ്ട്.

സ്‌കോട്ട്‌ലാന്റുകാരനായ സര്‍ ആര്‍തര്‍ കോനാന്‍ ഡോയല്‍ (1859-1930), ഷെര്‍ലോക്ക് ഹോംസ് എന്ന കഥാപാത്രത്തിന്റെ മൂന്ന് വര്‍ഷത്തെ അസാന്നിധ്യത്തെക്കുറിച്ച് കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്നത്, താന്‍ യാത്രയിലായിരുന്നുവെന്നും ഖാര്‍തൂമില്‍ പോയി ഖലീഫയെ കണ്ടുവെന്നും മക്ക ഉള്‍പ്പെടെ അനേകം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നുമാണ് (The Adventure of the Empty House 1903). സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ക്രിസ്തുമതവുമായി ബന്ധമുള്ള സ്ഥലങ്ങളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.

ഫ്രഞ്ച് നോവലിസ്റ്റ് അലക്‌സാണ്ടര്‍ ഡ്യൂമായുടെ (1802-1870) ക്ലാസിക്കുകളില്‍ ഒന്നാണ് കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റൊ. പ്രതികാരത്തിന്റെ വേറിട്ട കഥ പറയുന്ന നോവലില്‍ നായകനോടൊപ്പം, പ്രതിക്രിയയില്‍ പങ്കില്ലെങ്കിലും, രണ്ട് കഥാപാത്രങ്ങള്‍ മാത്രം. ജനൈന്‍ ഭരണാധികാരിയായിരുന്ന അലി പാഷയുടെ മകളും, രക്ഷപ്പെടുത്താന്‍ വേണ്ടി നായകന്‍ വില കൊടുത്ത് വാങ്ങിയ അടിമപ്പെണ്‍കൊടിയായ, കഥാവസാനം നായികയായി മാറുന്ന ഹൈദിയും, വില കൊടുത്ത് വാങ്ങിയ അടിമ യുവാവ് അലിയും. അനേകം വില്ലന്‍മാരുള്ളതില്‍ ആരും അക്രൈസ്തവരല്ല.

മൂന്ന് കൃതികളിലും മതം ചര്‍ച്ചാ വിഷയമേ അല്ല. കഥാപാത്രങ്ങളുടെ പേരോ, പരാമര്‍ശിക്കപ്പെടുന്ന മതചിഹ്നങ്ങളോ കഥയെ നിയന്ത്രിക്കുന്നില്ല; സ്വാധീനിക്കുന്നുമില്ല. എന്നിരുന്നാലും  വ്യത്യസ്ത പശ്ചാത്തലമുള്ള മൂന്ന് പ്രതിഭകള്‍ തങ്ങള്‍ക്ക് കൂടുതല്‍ പരിചിതമായ ക്രിസ്തുമതത്തിന് പകരം ഇസ്‌ലാമിനെ പ്രതിഷ്ഠിക്കുന്നതില്‍നിന്ന് അനുമാനിക്കാവുന്നത് അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചു നല്ല ബോധ്യം ഉണ്ടായിരുന്നുവെന്നും, ഒരുവേള തങ്ങള്‍ കഥകളില്‍ ചെയ്തത് പോലെ പൊതുസമൂഹം യഥാര്‍ഥ ജീവിതത്തിലും ക്രിസ്തുമതത്തിന് പകരം ഇസ്‌ലാമിനെ പ്രതിഷ്ഠിക്കട്ടെ എന്നുമാവാം. പരസ്പരം കൊന്നൊടുക്കുന്ന വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പകരം, അവര്‍ മനസ്സിലാക്കിയത് പോലെ, അക്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അതീതമായ ഇസ്‌ലാം എന്ന ആശയം സാമൂഹിക പ്രതിബദ്ധതയുള്ള സാഹിത്യകാരന്മാര്‍ എന്ന നിലക്കും ബുദ്ധിജീവികള്‍ എന്ന നിലക്കും അവര്‍ക്ക് തോന്നുമെന്നതും സ്വാഭാവികം. അവര്‍ ആ ആശയം തങ്ങളുടെ രചനകളിലൂടെ മുന്നോട്ട് വെക്കുകയും ചെയ്തു. ആ കാലഘട്ടങ്ങളില്‍ ഇസ്‌ലാമോഫോബിയ ഉണ്ടായിരുന്നില്ല എന്നും വ്യക്തം.

''അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും മതം ഇംഗ്ലണ്ട് അല്ലെങ്കില്‍ യൂറോപ്പ് ഭരിക്കുമെങ്കില്‍ അത് ഇസ്‌ലാമായിരിക്കും... മുഹമ്മദിനെ പോലുള്ള ഒരു മനുഷ്യന്‍ ഈ ലോകത്തിന്റെ ഭരണം ഏറ്റെടുക്കുകയാണെങ്കില്‍ ഇന്ന് ഈ ലോകത്തിന് അവശ്യം  വേണ്ട സമാധാനവും സന്തോഷവും പ്രദാനം ചെയ്യാന്‍ കഴിയുമാറ്, ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ അദ്ദേഹം വിജയിക്കും... നാളത്തെ യൂറോപ്പിന് ഇസ്‌ലാം സ്വീകാര്യമാവുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ യൂറോപ്പിന് തന്നെ അത് സ്വീകാര്യമായിത്തുടങ്ങിയിട്ടുണ്ട്.'' ബര്‍ണാഡ്ഷായുടെതാണ് ഈ വാക്കുകള്‍ (1856-1950 Genuine Islam  Vol 1, 1936). നടേ പറഞ്ഞത് പോലെ ഉല്‍പതിഷ്ണുക്കളുടെ ആശയം യൂറോപ്യന്‍ ജനത  നെഞ്ചിലേറ്റിയിരുന്നുവെന്ന വസ്തുതക്ക് ഇത് അടിവരയിടുന്നു.

''ഖുര്‍ആന്‍ മുന്‍ വേദങ്ങളുടെ സാക്ഷ്യമാണ്,... ഇസ്‌ലാം എന്താണെന്നും അതിന്റെ പൊരുളും സന്ദേശവും എന്താണെന്നും പരിഷ്‌കൃത ലോകത്തെ അറിയിക്കേണ്ടത് മുസ്‌ലിംകളുടെ കടമയാണ്.... ശരീഅത്തില്‍  സ്ത്രീകള്‍ക്ക്് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെന്നത് യൂറോപ്പ് മാതൃകയാക്കേണ്ടതാണ്... ഏക പത്‌നീ വ്രതം നിഷ്‌കര്‍ഷിക്കപ്പെട്ട മതങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ചു മുസ്‌ലീം സ്ത്രീകള്‍ കൂടുതല്‍ സംരക്ഷിതരാണ്.... സ്ത്രീകളെ സംബന്ധിച്ച ഖുര്‍ആനിലെ നിയമങ്ങള്‍ ഉദാരവും നീതിപൂര്‍വകവുമാണ്...'' ശ്രീമതി ആനിബസന്റ് (1847-1933) തന്റെ സ്ത്രീപക്ഷ വായനയിലൂടെ തെളിയിക്കുന്നതും മുന്‍ പറഞ്ഞ വസ്തുത തന്നെ.

മേല്‍പറഞ്ഞവരും അവരുടെ സമകാലികരുമായ ബുദ്ധിജീവികളും ഇസ്‌ലാമിനനുകൂലമായ പശ്ചാത്തലം ഒരുക്കുകയായിരുന്നുവെന്ന് അനുമാനിക്കാന്‍, കത്തോലിക്കരെ പ്രത്യേകിച്ചും അത്‌വഴി ക്രിസ്തുമതത്തെ പൊതുവിലും ഇകഴ്ത്തുന്ന കൃതികള്‍ പരിശോധിച്ചാല്‍ മതിയാവും. അലക്‌സാണ്ടര്‍ ഡ്യൂമായുടെ സെലിബ്രേറ്റഡ് ക്രൈംസ്, ആന്‍ റാഡ്ക്‌ളിഫിന്റെ ദി ഇറ്റാലിയന്‍, മാത്യൂ ലെവീസിന്റെ ദ മോങ്ക്, ചാള്‍സ് മാചുറിന്റെ മെല്‍മോത്ത് ദ വാണ്ടറര്‍, എഡ്ഗാര്‍ അലന്‍പോയുടെ ദ പിറ്റ് ആന്റ് പെന്റുലം തുടങ്ങിയവ ഉദാഹരണം. വോള്‍ട്ടയര്‍ (1694-1778) മുതല്‍ മാര്‍ക് ടൈ്വന്‍ (1835-1910) വരെയുള്ളവരും ഈ വിഭാഗത്തില്‍ പെടുന്നു.

സ്റ്റേറ്റിന് മുകളില്‍ പോപ്പിന്റെ ഏകാധിപത്യമെന്ന രാഷ്ട്രീയ മാനത്തെ എതിര്‍ക്കുന്നതും കത്തോലിക്ക വിരുദ്ധത മുറ്റിനില്‍ക്കുന്നതുമായ പുസ്തകങ്ങള്‍ക്ക്  വന്‍ സ്വീകാര്യതയും ഉന്നതങ്ങളില്‍ പിന്തുണയും ലഭിച്ചപ്പോള്‍ 2003-ല്‍ ക്രിസ്തു മതത്തെ മുച്ചൂടും ഇകഴ്ത്തുന്ന പുസ്തകത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകാര്യതയാണ്. 1949-ല്‍ പസ്രിദ്ധീകരിച്ച പോള്‍ ബ്‌ളാന്‍ഷാഡിന്റെ അമേരിക്കന്‍ ഫ്രീഡം ആന്റ് കാത്തലിക് പവര്‍ എന്ന കത്തോലിക്കാ വിരുദ്ധ പുസ്തകവും അതിന് ബര്‍ട്രാന്റ് റസ്സല്‍ നല്‍കിയ പിന്തുണ ആദ്യത്തേതിനും, 2003-ല്‍ പ്രസിദ്ധീകരിച്ച് ആറ് വര്‍ഷം കൊണ്ട് എട്ട് കോടി കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് രണ്ടാമത്തേതിന്റെയും ഉദാഹരണമാണ്.

ജോര്‍ജ് വാഷിംഗ്ടണ്‍ (1789-1797) മുതല്‍ ബാറക്ക് ഹുസൈന്‍ ഒബാമ (2009) വരെയുള്ള 44 അമേരിക്കന്‍ പ്രസിഡന്റുമാരില്‍, കത്തോലിക്കനായ ഏക പ്രസിഡന്റ് 35-ാമനായ ജോണ്‍ എഫ് കെന്നഡി (ഭരണകാലം: 20/01/1961-22/11/1963) പദവിയിലിരിക്കെ കൊല്ലപ്പെട്ടു.  1534 മുതല്‍ ഇന്ന് വരെയുള്ള  ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഒരു കത്തോലിക്കന്‍ പ്രധാനമന്ത്രി ആയിട്ടില്ല.

ഇതൊക്കെയും തെളിയിക്കുന്നത് കത്തോലിക്കാ വിരുദ്ധത ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും നിലനില്‍ക്കുന്നുവെന്നാണ്. വേട്ടക്കാര്‍ക്കും ഇരകള്‍ക്കും ഒരു പൊതുശത്രുവിനെ ലഭിച്ചപ്പോള്‍ കത്തോലിക്കര്‍ക്ക് നേരെയുള്ള പ്രത്യക്ഷ പീഡനങ്ങള്‍ക്ക് അന്ത്യം കുറിക്കപ്പെട്ടു എന്നു മാത്രം. ക്രിസ്ത്യന്‍ വിഭാഗീയതക്ക് അതീതമായി നാറ്റോ സഖ്യം (1949) നിലവില്‍ വന്നതും ഒരു നിമിത്തമായി. രണ്ടാം ലോക യുദ്ധത്തില്‍ (1939-1945) പരസ്പര ശത്രുക്കളായിരുന്ന വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പൊതുശത്രുവായ കമ്യൂണിസവുമായി കൈകോര്‍ത്ത് പുതിയ ശത്രുവായ നാസി ജര്‍മനിയും ഫാഷിസ്റ്റ് ഇറ്റലിയും സാമ്രാജ്യത്വ മോഹമുള്ള ജപ്പാനും-യഥാക്രമം പ്രൊട്ടസ്റ്റന്റും കത്തോലിക്കരും ബുദ്ധമതക്കാരും-അടങ്ങിയ അച്ചുതണ്ട് (Axis) സഖ്യത്തിനെതിരെ ഒരുമിച്ചെങ്കിലും യുദ്ധാനന്തരം കമ്യൂണിസം തന്നെയായി  മുഖ്യശത്രു.

20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കീഴിലായിരുന്ന റഷ്യയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും, മതത്തെ പാടേ നിരസിക്കുന്ന കമ്യൂണിസത്തിന്റെ പിടിയിലായതിന്ന് ശേഷമാണ് തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോയി എന്ന് അവര്‍ തിരിച്ചറിഞ്ഞത്. തമ്മില്‍ പോരടിച്ചു കൊണ്ടിരുന്നതിനാല്‍ ഒരു ശത്രു വളര്‍ന്ന് വരുന്നത് അവര്‍ക്ക് കാണാനായില്ല. ബോധോദയം വന്നപ്പോഴേക്കും പ്രതിരോധത്തിനുള്ള സമയവും കഴിഞ്ഞിരുന്നു (ഇന്നത്തെ മുസ്‌ലിംകളുടെ അവസ്ഥ ഇത് തന്നെയാണെന്ന് കാണാം). റഷ്യയുടെ ആയുധ ശക്തിക്കും ശാസ്ത്ര മുന്നേറ്റത്തിനും മുന്നില്‍ ആദ്യമൊക്കെ ശീതയുദ്ധം എന്ന  നാമമാത്ര പ്രതിരോധമായിരുന്നു പിടിവള്ളി. അല്‍പം തിണ്ണ ബലവും ധൈര്യവും സംഭരിച്ച് വിയറ്റ്‌നാമില്‍ ഏറ്റുമുട്ടിയെങ്കിലും (1955-1975) അമേരിക്കക്കും അവരെ പിന്തുണച്ചിരുന്ന സഖ്യകക്ഷികള്‍ക്കും തലതാഴ്ത്തി മടങ്ങേണ്ടി വന്നു.

ജന്മനായുള്ള വൈരുധ്യങ്ങളും പില്‍ക്കാലത്ത് വന്ന നേതാക്കളുടെ പിടിപ്പുകേടും ജനങ്ങളുടെ ഇഛാഭംഗവും ചേര്‍ന്നപ്പോള്‍ കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് തുടക്കം കുറിച്ചു.1985ല്‍ ഗോര്‍ബച്ചേവ് റഷ്യന്‍ പ്രസിഡന്റായതോടെ തകര്‍ച്ചയില്‍ നിന്ന് കരകയറാനായി ഗ്ലാസ്‌നോസ്ത് (സുതാര്യത) പെരിസ്‌ട്രോയിക്ക (പുനര്‍ഘടന) എന്നീ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നെങ്കിലും രക്ഷപ്പെട്ടില്ല. നേതാക്കളുടെ പിടിപ്പ്‌കേടും, ജനങ്ങളെ വിശ്വാസത്തിലെടുക്കാത്തതും  കാരണം വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. റഷ്യയുടെ അഫ്ഗാനിസ്താന്‍ സാഹസം പരാജയമാണെന്ന് തിരിച്ചറിഞ്ഞതും (1989), അതേസമയത്ത് തന്നെ റഷ്യയെ കേവലം പിക്കാസുമായി വെല്ലുവിളിച്ച ജര്‍മനിയിലെ സാധാരണക്കാരായ ജനങ്ങള്‍ ബര്‍ലിന്‍ മതില്‍ തകര്‍ത്തതും ജര്‍മനിയുടെ പുനരേകീകരണവും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഹംഗറിയും പോളണ്ടും റഷ്യയുടെ മുള മറയുടെയും വാഴ്‌സാ സഖ്യത്തിന്റെയും മറുപുറത്തേക്ക് ചാടിയതും തകര്‍ച്ച പൂര്‍ണമാക്കി.

കമ്യൂണിസത്തിന്റെ തിരോധാനത്തോടെ പാശ്ചാത്യര്‍ കത്തോലിക്കര്‍ക്ക് പകരം ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ചവരും നിര്‍വീര്യരായപ്പോള്‍ പുതിയ ശത്രുവിനെ കണ്ടെത്തി പ്രതിഷ്ഠിക്കല്‍ അനിവാര്യമായി. പാശ്ചാത്യര്‍ക്കും അവരുടെ പിണയാളുകളായ ആയുധ കുത്തകകള്‍ക്കും ശത്രുവിനോട് പൊരുതുന്നതിനേക്കാള്‍ ക്ലേശകരമാണ് നേരിടാന്‍ ശത്രുവില്ലാതിരിക്കുക എന്ന അവസ്ഥ.

1989 നവംബര്‍ 9-ന് ബര്‍ലിന്‍ മതില്‍ തകരുന്നു, 1991 ആഗസ്റ്റ് 2-ന് സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ കമ്യൂണിസ്റ്റ് പ്രതീകത്തിന്റെ തകര്‍ച്ചയും ഇസ്‌ലാമിന്റെ മേലുള്ള അധിനിവേശവും. കമ്യൂണിസത്തിന്റെ തകര്‍ച്ച വരുത്തിയ ശൂന്യതയിലേക്ക് (രാഷ്ട്രീയ) ഇസ്‌ലാം വളര്‍ന്നേക്കുമെന്നുള്ള ഉത്ക്കണ്ഠ മാത്രം മതിയായിരുന്നു ഇസ്‌ലാമിനെ ശത്രുവായിക്കാണാന്‍. കാരണം പിന്നെ വേണ്ടത് പ്രചാരണത്തിനുള്ള മാധ്യമങ്ങളും വിഭവങ്ങളും മാത്രമാണ്. അതും സുലഭം, അയത്‌ന ലളിതം. മാലോകരെ 'ബോധിപ്പിക്കാനുള്ള' കാരണങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കാന്‍ കഥയറിയാത്ത പശ്ചിമേഷ്യന്‍ ഭരണാധികാരികളുമുണ്ടല്ലോ. എല്ലാം '89 നവംബറിനും '91 ആഗസ്റ്റിനുമിടയില്‍ ഒപ്പിച്ചെടുത്തു.

ഇസ്‌ലാമോഫോബിയ

കത്തോലിക്കാ വിരോധം പോലെ ഭരണകൂട സൃഷ്ടിയും പ്രചാരണങ്ങള്‍ വഴി ജനങ്ങളിലേക്ക് അടിച്ചേല്‍പിച്ചതുമാണ് ഇസ്‌ലാം വിരോധം. ജനങ്ങള്‍ അത് തലയിലേറ്റിയപ്പോള്‍ പാശ്ചാത്യര്‍ക്ക് തന്നെ അതൊരു സാമൂഹിക വിപത്തായി അനുഭവപ്പെടാന്‍ തുടങ്ങി. ഈ സാഹചര്യത്തിലായിരുന്നു ഇംഗ്ലണ്ടിലെ റണ്ണിമെഡ് ട്രസ്റ്റ്, 'ബ്രിട്ടീഷ് മുസ്‌ലിംകളും ഇസ്‌ലാമോഫോബിയയും,' എന്ന വിഷയം പഠിക്കാന്‍ 1996-ല്‍ സസക്‌സ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോര്‍ഡന്‍ കോണ്‍വേ അധ്യക്ഷനായി ഒരു അന്വേഷണ കമീഷനെ നിയോഗിച്ചത്. 1997-ല്‍ അതിന്റെ റിപ്പോര്‍ട്ട് പുറത്തിറക്കിയത് അന്നത്തെ ബ്രിട്ടീഷ് ഹോം സെക്രട്ടറി ജാക്ക് സ്ട്രാ ആയിരുന്നു. റിപ്പോര്‍ട്ടില്‍ ഇസ്‌ലാമോഫോബിയയെ നിര്‍വചിക്കുന്നത്, 'മുസ്‌ലിംകള്‍ മാറ്റിനിര്‍ത്തപ്പെടുകയും വിവേചനത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നിടത്തോളം എത്തിനില്‍ക്കുന്ന അടിസ്ഥാനരഹിതമായ പേടിയും (unfounded dread) വെറുപ്പും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാട് അല്ലെങ്കില്‍ ലോകവീക്ഷണം' എന്നാണ്. ഇസ്‌ലാമിനെക്കുറിച്ചുള്ള കഠിനമായ ഭീതിയും വെറുപ്പും മൂലം മുസ്‌ലിംകളെ പേടിക്കുകയും ഇഷ്ടപ്പെടാതിരിക്കുകയൂം ചെയ്യുന്ന അവസ്ഥയെന്നും റിപ്പോര്‍ട്ട് അതിനെ നിര്‍വചിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മണ്ഡലങ്ങളില്‍ നിന്നും മുഖ്യധാരയില്‍ നിന്നും മുസ്‌ലിംകള്‍ ബഹിഷ്‌കരിക്കപ്പെടുന്ന അവസ്ഥയെന്നും വിശദീകരണമുണ്ട്.

യൂറോപ്യന്‍ കമീഷന്‍ എഗൈന്‍സ്റ്റ് റാഷിസം ആന്റ് ഇന്റോളറന്‍സ് (ECRI) ഇസ്‌ലാമോഫോബിയയെ നിര്‍വചിക്കുന്നത് 'ഇസ്‌ലാമിനെക്കുറിച്ചുള്ള പേടി അല്ലെങ്കില്‍ മുന്‍വിധിയോടെയുള്ള വീക്ഷണം' (Prejudiced viewpoint) എന്നാണ്. 'അത് മനുഷ്യാവകാശ ലംഘനവും സാമൂഹിക ഐക്യത്തിന് ഭീഷണിയുമാണ്' എന്നും ECRI പറയുന്നു.  പ്രഫസര്‍ പെക് ഗോട്‌സാക് നിര്‍വചിക്കുന്നത് 'ഇസ്‌ലാമിനെക്കുറിച്ചുള്ള സമൂഹത്തിന്റെ ഉത്ക്കണ്ഠ' (Social Anxiety) എന്നാണ്. റണ്ണിമെഡ് ട്രസ്റ്റ് ഡയറക്ടര്‍മാരില്‍ ഒരാളും റിപ്പോര്‍ട്ടിന്റെ എഡിറ്ററുമായ റോബിന്‍ റിച്ചാര്‍ഡ്‌സണ്‍ പറയുന്നത് 'ഇസ്‌ലാമോഫോബിയ ചെറിയൊരു ന്യൂനപക്ഷത്തെ ബാധിക്കുന്ന കടുത്ത മനോരോഗ'മെന്നാണ്  (severe mental illness).

ഇത് ബാധിക്കുന്നത് സമൂഹത്തെയാണെന്നും അതല്ല ചെറിയ ന്യൂനപക്ഷത്തെയാണെന്നുമുള്ള പാഠഭേദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അതിന്നുള്ള കാരണങ്ങള്‍, 'അടിസ്ഥാനരഹിതമാണ് (Unfounded), മുന്‍വിധിയോട് (Prejudiced) കൂടിയതാണ്, അല്ലെങ്കില്‍ ഉത്ക്കണ്ഠ (Anxiety) മാത്രമാണ്' എന്നതില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണ്. ഈ ലക്ഷണങ്ങളെല്ലാം പരിഗണിച്ചാണ് ഇസ്‌ലാമോഫോബിയ 'കടുത്ത മനോരോഗ'മെന്ന് (Severe mental illness)”റോബിന്‍ റിച്ചാര്‍ഡ്‌സണ്‍ പറയുന്നത്.  

ഏതെങ്കിലും സംഭവ പരമ്പരകളെയല്ലാതെ ഒറ്റപ്പെട്ട സംഭവത്തെ അടിസ്ഥാനമാക്കി ഏതൊന്നിനെക്കുറിച്ചും വിധിപ്രസ്താവം നടത്തുന്നത് മൗഢ്യമാണെന്നിരിക്കെയാണ്, യാദൃഛിക ചലനം പോലും ഇല്ലാതിരുന്നിട്ടും കപടയുക്തിയോടെയുള്ള കുരിശുയുദ്ധം (Pseudo-scientific crusade) തുടങ്ങിയത്. 2014  മധ്യത്തില്‍  ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ കൂട്ടക്കുരുതി ഇതിന് തെളിവാണ്. ''അത്തരം നിഷ്ഠൂരമായ ഒരു കുറ്റകൃത്യവുമായി ഹമാസിനുള്ള ബന്ധത്തിന് ഒരു െതളിവും ഹാജരാക്കാനില്ലാതെ തന്നെ നെതന്യാഹു ഭരണകൂടവും ഇസ്രയേലി മാധ്യമങ്ങളും ഉന്മാദപൂര്‍വമായ പ്രതികരണങ്ങളാണുയര്‍ത്തിയത്'' (റച്ചാര്‍ഡ് ഫാക്- മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ജൂലൈ 27).

റണ്ണിമെഡ് ട്രസ്റ്റ് കമീഷന്‍ കണ്ടെത്തിയ ഇസ്‌ലാമോഫോബിയക്കുള്ള എട്ട് കാരണങ്ങള്‍ (കപടോക്തികള്‍) റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

1. ഇസ്‌ലാമിന്റെ ഏകശിലാ ഘടന, സ്ഥായിയായ രൂപം, മാറ്റങ്ങള്‍ക്ക്  വിധേയമാവാത്ത പ്രകൃതം.

2. ഇസ്‌ലാം വേറിട്ട അസ്തിത്വമുള്ള അപരനാണ്, അതിന്റെ മൂല്യങ്ങള്‍ക്ക് മറ്റു സംസ്‌കാരങ്ങളിലുള്ള മൂല്യങ്ങളുമായി സാദൃശ്യമില്ല, അത്തരം മൂല്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നില്ല.

3. അത് പാശ്ചാത്യ സംസ്‌കാരത്തെ അപേക്ഷിച്ച്  മ്ലേഛമാണ്, പ്രാകൃതമാണ്, യുക്തിരഹിതമാണ്.

4. അക്രമ, അതിക്രമ സ്വഭാവമുള്ളതും  ഭീകരതയെ പോഷിപ്പിക്കുന്നതും മറ്റു സംസ്‌കാരങ്ങളുമായി ഏറ്റുമുട്ടുന്നതുമാണ്.

5. ഇസ്‌ലാം എന്നത് രാഷ്ട്രീയ സൈനിക ലക്ഷ്യങ്ങളോട് കൂടിയ രാഷ്ട്രീയ ആശയമാണ്.

6. ഇസ്‌ലാമിന്റെ വിമര്‍ശങ്ങള്‍ പാശ്ചാത്യര്‍ തള്ളിക്കളയുന്നു.

7. ഇസ്‌ലാമിനോടുള്ള ശത്രുത മുസ്‌ലിംകളെ അകറ്റി നിര്‍ത്തുന്നതിലും അവര്‍ക്കെതിരായ വിവേചനത്തിലും കലാശിക്കുന്നു.

8. മുസ്‌ലിം വിരുദ്ധത സ്വാഭാവികമാണ്, അസാധാരണമായതല്ല.

അന്ന് കത്തോലിക്കാ വിരുദ്ധര്‍ യഥാര്‍ഥ കാരണങ്ങള്‍ മറച്ചു വെച്ച് കത്തോലിക്കര്‍ക്കെതിരെ ഉയര്‍ത്തിയ കപട യുക്തികള്‍ തന്നെയാണ് ഇന്ന് ഇസ്‌ലാമോഫോബിയയുടെ കാരണങ്ങളായും പറയുന്നത്. കത്തോലിക്കര്‍ വിദ്യാഭ്യാസമില്ലാത്തവരാണ്, ക്രിമിനലുകളാണ്, ഭീകരരാണ് ('അന്ന് കത്തോലിക്കര്‍; ഇന്ന് മുസ്‌ലിംകള്‍' എന്ന ലേഖനത്തില്‍ ഡൗഗ് സോന്റേര്‍സ്, ന്യൂയോര്‍ക്ക് ടൈംസ് 17/09/12).

അന്ന് കത്തോലിക്കാ വിരുദ്ധത തടയാന്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടും നിഷ്ഫലമായത്  പോലെ, ഇന്ന് ഇസ്‌ലാമോഫോബിയക്കെതിരെ കമീഷനുകളും റിപ്പോര്‍ട്ടുകളുമുണ്ടായിട്ടും അതെല്ലാം നിഷ്ഫലമാണ്.

ഭരണകൂടങ്ങളുടെ അനന്തമായ വിഭവശേഷി ഉപയോഗിച്ചുള്ള ശക്തവും വ്യാപകവുമായ പ്രചാരണത്തിന്റെ ഫലമായി ജനമനസ്സുകളില്‍ കടന്ന്കൂടിയ പേടി ശത്രുതയായും, പിന്നെയത് ശത്രുവിനെ എന്നന്നേക്കുമായി ഉന്മൂലനം ചെയ്യാനുള്ള വ്യാജയുക്തിയോടെയുള്ള കുരിശ്‌യുദ്ധം (Pseudo-scientific crusade) ആയും മാറി. ഇതിനോടൊപ്പം അസൂയയും പേടിയും എന്ന മനുഷ്യസഹജമായ ഘടകങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ യുക്തിരഹിത കാരണങ്ങളില്‍ പടുത്തുയര്‍ത്തിയ, അമൂര്‍ത്തമായ ഇസ്‌ലാമോഫോബിയ മൂര്‍ത്തമായി തോന്നിക്കപ്പെട്ടു. അസൂയയുടെ അടിസ്ഥാന കാരണം അപരന്റെ ഔന്നത്യവും, പേടിക്ക് കാരണമായി പറയപ്പെടുന്നത് അപരനെക്കുറിച്ചുള്ള അജ്ഞതയും അവന്റെ ശക്തിയെക്കുറിച്ചുള്ള ബോധവുമാണ്. സാമൂഹിക മനശ്ശാസ്ത്രജ്ഞര്‍ പറയുന്നത് തുടര്‍ച്ചയായുള്ള പരസ്പര ഇടപഴകല്‍ മൂലം ഇത്തരം വികാരങ്ങള്‍ കുറഞ്ഞു വരുമെന്നാണ്. പാശ്ചാത്യ രാജ്യങ്ങളിലുള്ള മുസ്‌ലിം ജനസംഖ്യയിലെ വര്‍ധനയും തൊഴില്‍രഹിതരായ പാശ്ചാത്യര്‍ ഗള്‍ഫ് നാടുകളില്‍ ധാരാളമായി കുടിയേറിയതും ഇടപഴകല്‍ സാധ്യമാക്കിയെങ്കിലും അതുകൊണ്ടുണ്ടാവേണ്ടിയിരുന്ന സല്‍ഫലങ്ങള്‍ നടേപറഞ്ഞ പ്രചാരണത്തിന്റെ കുത്തൊഴുക്കില്‍ നിഷ്പ്രഭമായി. 

ഇസ്‌ലാം മറ്റു സംസ്‌കാരങ്ങളെ കീഴ്‌പ്പെടുത്തി ലോകം മുഴുവന്‍ വ്യാപിക്കുമെന്നുമുള്ള വിലയിരുത്തലും ഇസ്‌ലാമോഫോബിയക്ക് കാരണമായി പറയപ്പെടുന്നു. ദേശീയത (അറബ്), മതം (ഇസ്‌ലാം), രാഷ്ട്രീയം (പ്രത്യേകിച്ചും ഇസ്രയേലിനെതിരായ നിലപാട്) എന്നിവ വേര്‍തിരിച്ചറിയാതെ പോവുന്നതും അവ തമ്മില്‍ കൂട്ടിക്കുഴക്കുന്നത് കൊണ്ടുണ്ടാവുന്ന ആശയക്കുഴപ്പവും ഇസ്‌ലാമോഫോബിയക്ക് കാരണമാവുന്നുണ്ട്.

'അന്ന് കത്തോലിക്കര്‍, ഇന്ന് മുസ്‌ലിംകള്‍' എന്ന് പറയുമ്പോള്‍ പീഡനങ്ങള്‍ക്ക് മാത്രമല്ല, അതിന്  ന്യായീകരണമായി  അവതരിപ്പിക്കപ്പെട്ട ഭ്രമാത്മകമായ കാരണങ്ങള്‍ക്കും സാമ്യതകളുണ്ട്.

ഭരണകൂടങ്ങളുടെ ആഭിമുഖ്യത്തിലാണ്  അന്നും ഇന്നും പീഡനങ്ങള്‍ അരങ്ങേറിയത്. എണ്ണിപ്പറയുന്ന കാരണങ്ങളും ഒന്ന് തന്നെ: അവര്‍ വിദ്യാഭ്യാസമില്ലാത്തവരാണ്, ക്രിമിനലുകളാണ്, ഭീകരരാണ്. അന്ന് സ്റ്റേറ്റിനു മേല്‍ പോപ്പിന്റെ ഏകാധിപത്യമെന്ന ഭീഷണി ആയിരുന്നെങ്കില്‍, ഇന്ന് (രാഷ്ട്രീയ) ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ തങ്ങളുടെ അധികാരം നഷ്ടപ്പെട്ടു  പോകുമെന്ന പേടിയാണ് ഉല്‍പാദിപ്പിക്കുന്നത്.

രണ്ടാം ലോകയുദ്ധത്തില്‍ അച്ചുതണ്ട് സഖ്യത്തിനെതിരായി നിന്നവരും അച്ചുതണ്ട് സഖ്യം തന്നെയും ഇന്ന് ഇസ്‌ലാമിനെയാണ് പൊതു ശത്രുവായിക്കാണുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാം ഒരു വശത്തും ശേഷിക്കുന്നവരെല്ലാം മറുവശത്തും (ഇസ്‌ലാമിന്റെ ആവിര്‍ഭാവ ഘട്ടത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ). എന്നിരുന്നാലും ഗിന്നസ് ബുക്ക് (2003, പേജ് 142) പറയുന്നത്, ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്‌ലാമാണെന്നും ഇസ്‌ലാമോഫോബിയ കൊടികുത്തി വാണ 1990 മുതല്‍ 2000 വരെയുള്ള കാലയളവില്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനേക്കാളും 125 ലക്ഷം കൂടുതല്‍ പേര്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നുമാണ്.

ഈ വളര്‍ച്ച തന്നെയാണ് അഫ്ഗാന്‍ മുതല്‍ ഫലസ്ത്വീന്‍ വരെയുള്ള രാജ്യങ്ങളില്‍ മൊത്തമായുള്ള ഉന്മൂലന ശ്രമങ്ങളുടെ കാരണവും. ''ഒരു ജനതയെയും ദേശത്തെയും എന്നന്നേക്കുമായി തുടച്ചുനീക്കാനുള്ള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പദ്ധതിക്കാണ് ലോകം നിസ്സംഗമായി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്'' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ജൂലൈ 27).

നാസികളുടെയും കുരിശ്‌യുദ്ധത്തില്‍ ക്രൈസ്തവരുടെയും ഇരയായിരുന്ന ജൂതരും, പ്രൊട്ടസ്റ്റന്റ്കാരുടെ ഇരയായിരുന്ന കത്തോലിക്കരും,  കത്തോലിക്കരുടെ ഇരയായിരുന്ന പ്രൊട്ടസ്റ്റന്റുകാരും ഒരുമിച്ച് ഇസ്‌ലാമിനെ ആക്രമിക്കുന്നതാണ് ഇപ്പോഴത്തെ ചിത്രം. 

കാസര്‍കോട് ജില്ലയിലെ ബേക്കല്‍ സ്വദേശിയാണ് ലേഖകന്‍. ഫോണ്‍: 8281714386


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 89-91
എ.വൈ.ആര്‍