നമുക്ക് വേണ്ടി മാത്രമാണോ നാം ജീവിക്കേണ്ടത്!

ഒരു മൂല്യ സംഹിതയാണ് മനുഷ്യത്വം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. അഹിംസ, സ്‌നേഹം, അനുകമ്പ ആദിയായവയാണ് മുഖ്യമായ മൂല്യങ്ങള്‍. ഈ മൂല്യങ്ങളെല്ലാം മറ്റുള്ളവരെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുക. അവനവനെത്തന്നെ സ്‌നേഹിക്കുകയെന്നല്ല പരനെ സ്‌നേഹിക്കുക എന്നതാണ് സ്‌നേഹം കൊണ്ട് വ്യവഹരിക്കപ്പെടുന്നത്. അനുകമ്പയും പരാഭിമുഖമായി പ്രവര്‍ത്തിക്കുന്ന മൂല്യമാകുന്നു. അതായത് മനുഷ്യത്വം എന്നു പറഞ്ഞാല്‍ പരനെ പീഡിപ്പിക്കാതിരിക്കുക, പരനെ സ്‌നേഹിക്കുക, പരനോട് കാരുണ്യം കാണിക്കുക, പരനെ സേവിക്കുക എന്നെല്ലാമാണ്.
''ആരാര്‍ഥം ജീവലോക്യേസ്മിന്കോ നജീവതി മാനവഃ
പരം ലോകോപരാര്‍ഥം
യോ ജീവതി സ ജീവതി''
ഈ ലോകത്തില്‍ ഏതൊരു മനുഷ്യന്‍ തനിക്കു വേണ്ടി മാത്രം ജീവിക്കുന്നുവോ, അവന്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്നില്ല. എന്നാല്‍ ആര് ലോകോപകാരത്തിനായി ജീവിക്കുന്നുവോ, അവന്‍ ശരിയായി ജീവിക്കുന്നു. 'പരോപകാരാര്‍ഥമിദം ശരീരം' എന്നാണല്ലോ ആപ്ത വാക്യം. വാസ്തവത്തില്‍ ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം നേടാവുന്ന സംതൃപ്തിയില്‍ ഏറ്റവും മഹത്തായ സംതൃപ്തി അന്യന് ഉപകാരം ചെയ്തതില്‍ നിന്ന് കിട്ടുന്ന സംതൃപ്തി തന്നെയാണ്. അത് തികച്ചും അര്‍ഹനായ ഒരാള്‍ക്ക് അര്‍ഹമായ വിധത്തില്‍ നമ്മില്‍ നിന്ന് കിട്ടുന്ന ഉപകാരം കൊണ്ടുള്ള നിര്‍വൃതി ലഭ്യതയില്‍ നിന്ന് നേടാവുന്ന സംതൃപ്തിയാണ്. ഇത്തരത്തില്‍ സംതൃപ്തി നേടുന്ന ഒരാളെ നമുക്ക് അയാള്‍ സംതൃപ്തനാണ്-മനുഷ്യത്വമുള്ളവനാണ് എന്നു വിളിക്കാം. മറ്റുള്ളവരുടെ ദുഃഖത്തില്‍ നമ്മുടെ മനസ്സ് വേവുമ്പോള്‍, അയാളോട് അനുകമ്പ തോന്നുമ്പോള്‍, സ്‌നേഹമസൃണമായി നാം അവരോട് ഇടപെടുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ആനന്ദനിര്‍വൃതി നമുക്ക് സന്തോഷം തരുന്നു. ഒരു യാത്രക്കാരന്‍ തനിക്ക് ഭക്ഷിക്കാനുള്ള പാഥേയം അഥവാ പൊതിച്ചോറ് കൊണ്ടുപോവുന്ന ശ്രദ്ധയോടെ, സൂക്ഷ്മതയോടെ നാം സര്‍വദാ അന്യന് ഉപകാരം ചെയ്യാന്‍ തല്‍പരത കാണിക്കണം. നമുക്ക് ആവശ്യമായി വരുന്ന സമയത്ത് പ്രത്യുപകാരം ചെയ്യാന്‍ അവരും സന്നദ്ധരാവണം. 'പ്രത്യുപകാരം മറക്കുന്ന പുരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന് രാമായണം ഉദ്‌ഘോഷിക്കുന്നു. എന്നാല്‍ നാം ഒരാള്‍ക്ക് ഉപകാരം ചെയ്യുമ്പോള്‍ തിരിച്ചും ഉപകാരം ചെയ്യണം എന്ന് ആഗ്രഹിക്കരുത്. ദൈവം നമുക്കാവശ്യമുള്ള സന്ദര്‍ഭത്തില്‍ മറ്റാരെക്കൊണ്ടെങ്കിലും ഉപകാരം ചെയ്യിച്ചോളും. ഒരു നൂലില്‍ കോര്‍ത്ത മുത്തുകള്‍ പോലെ പരസ്പരം ലോകമാകുന്ന നാരില്‍ ദൈവം കോര്‍ത്തുവെച്ചിട്ടുള്ള മുത്തുകളാണല്ലോ സര്‍വ ജീവജാലങ്ങളും. ആ സ്ഥിതിക്ക് വിവേചനശക്തിയും ചിന്താശക്തിയും ബുദ്ധിശക്തിയും പ്രവര്‍ത്തനശേഷിയും തന്ന് ദൈവം മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളതും പരോപകാരാര്‍ഥമായിട്ടു കൂടിയാണെന്ന് നാം അനുസ്മരിക്കേണ്ടതുണ്ട്.
''വലുതിന്നിര ചെറുതെന്നതു മൃഗജീവിത നിയമംചെറുതിന് തുണ വലുതെന്നതു തന്നേ നരധര്‍മം''
എന്നാണ് യുക്തിവാദിയായിരുന്ന സഹോദരന്‍ അയ്യപ്പന്‍ പാടിയിരിക്കുന്നത്. ചെറുതിനെ പിടിച്ചു തിന്നുക അഥവാ ദുര്‍ബലനെ ചൂഷണം ചെയ്യുക എന്നത് മൃഗങ്ങള്‍ക്കിടയില്‍ പുലരുന്ന പ്രകൃതി നിയമമാകുന്നു. അതില്‍ നിന്നുയര്‍ന്ന ഒരു ധര്‍മം സ്വീകരിച്ചപ്പോഴാണ് മനുഷ്യന്‍ മൃഗത്തില്‍ നിന്ന് വ്യത്യസ്തനായിത്തീര്‍ന്നത്- അഥവാ മൃഗാവസ്ഥയില്‍ നിന്ന് ഉയര്‍ന്നത്. ആ ധര്‍മമാകട്ടെ വലുത് ചെറുതിനെ തുണക്കുക അല്ലെങ്കില്‍ ശക്തന്‍ അശക്തനെ സഹായിക്കുക എന്നാകുന്നു. മഹാഭാരതം ആദ്യം മുതല്‍ അവസാനം വരെ ചര്‍ച്ച ചെയ്യുന്നതും 'എന്താണ് ധര്‍മം' എന്ന പ്രശ്‌നമാണല്ലോ. അനേകായിരം ശ്ലോകങ്ങളില്‍ അക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതിനു ശേഷം വ്യാസമഹര്‍ഷി അതിന്റെ അര്‍ഥം മുഴുവന്‍ വളരെയധികം സരളവും ലളിതവുമായ രീതിയില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: ''പരോപകാര പുണ്യായ, പാപായ പരപീഡനം''-അന്യര്‍ക്ക് ഉപകാരം ചെയ്യുക, ഒരിക്കലും അന്യരെ പീഡിപ്പിക്കാതിരിക്കുക. ഇതത്രെ മനുഷ്യ ധര്‍മം. ഈ ധര്‍മമനുഷ്ഠിച്ചാല്‍ ഹൃദയത്തിന് ആഹ്ലാദവും മനസ്സിന് സംതൃപ്തിയുമുണ്ടാകും. ഉദാഹരണത്തിന് നമുക്ക് റോക് ഫെല്ലറുടെ ചരിത്രം ഉദ്ധരിക്കാം. സ്റ്റാന്റേര്‍ഡ് ഓയില്‍ കമ്പനിയുടെ സ്ഥാപകനായിരുന്ന ജോണ്‍ റോക് ഫെല്ലര്‍ തന്റെ ബുദ്ധി മുഴുവനും വിനിയോഗിച്ചത് പണം ഉണ്ടാക്കുന്നതിനായിരുന്നു. മുപ്പത്തിമൂന്ന് വയസ്സിനുള്ളില്‍ അമേരിക്ക കണ്ട ഏറ്റവും വലിയ കോടീശ്വരനായിത്തീര്‍ന്നു അദ്ദേഹം. ഇത്രയേറെ പണം പെരുകി കുന്നുകൂടിയിട്ടും സുഖവും സന്തോഷവും എന്താണെന്നദ്ദേഹം അറിഞ്ഞില്ല. ആരും തന്നെ സ്‌നേഹിക്കുന്നില്ലെന്ന വസ്തുത അദ്ദേഹം മനസ്സിലാക്കി. സ്വന്തം കൂടപ്പിറപ്പുകള്‍ കൂടി അദ്ദേഹത്തെ വെറുക്കുകയാണെന്നും അയാളറിഞ്ഞു. ഇരുപത് വര്‍ഷം കൂടി പിന്നിട്ടപ്പോഴേക്കും അയാള്‍ ഒരു രോഗിയായിത്തീര്‍ന്നു. ഭക്ഷണം വേണ്ടാതായി. ഉറക്കം അയാളില്‍നിന്ന് വിട്ടകന്നു. ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന മരണത്തെക്കുറിച്ച് അയാള്‍ വിഹ്വലനായിത്തീര്‍ന്നു. പല ഡോക്ടര്‍മാരും അദ്ദേഹത്തെ ചികിത്സിച്ചു. ഒടുവില്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ ഇപ്രകാരം ചികിത്സ വിധിച്ചു: ''പണത്തെപ്പറ്റി ചിന്തിക്കാതിരിക്കുക. മറ്റുള്ളവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കുക. അവരുടെ കഷ്ടപ്പാടുകളുടെ കാഠിന്യം കുറക്കാന്‍ താങ്കള്‍ക്ക് എന്തു ചെയ്യാന്‍ പറ്റും എന്നതിനെക്കുറിച്ച് ചിന്തിക്കുക.'' റോക് ഫെല്ലര്‍ ആ ചികിത്സാവിധി സ്വമനസ്സാലെ സ്വീകരിച്ചു. ആ ഉപദേശം അദ്ദേഹത്തിന്റെ ചിന്താസരണിയെ ആകെയൊന്നുലച്ചു. തന്റെ ജീവിത വീക്ഷണത്തെ മാറ്റിമറിച്ച് പുനഃപരിശോധനയിലൂടെ സംവിധാനം ചെയ്തു. ഇത്രയും കാലം കഷ്ടപ്പെട്ടുണ്ടാക്കിയ അളവറ്റ ധനം മനുഷ്യ സേവനത്തിനായി വിനിയോഗിക്കാന്‍ അയാള്‍ ഒരുക്കമായി. അദ്ദേഹം ഏറ്റവും ശ്രദ്ധിച്ചത് മനുഷ്യരുടെ ആരോഗ്യപരിപാലനത്തിനു വേണ്ടിയായിരുന്നു. ക്ഷയം, മലമ്പനി, കോളറ മുതലായ മഹാരോഗങ്ങള്‍ നാട്ടില്‍ നിന്ന് ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി റോക് ഫെല്ലര്‍ ചെയ്ത സാമ്പത്തിക സഹായം ലോകം മുഴുവന്‍ നന്ദിയോടെ സ്മരിക്കുന്നു. ഇതുപോലെ സ്വന്തം വൈകല്യങ്ങള്‍ മറന്ന് തന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ ലോക നന്മക്കുവേണ്ടി അക്ഷീണം പ്രയത്‌നിച്ച മാഡംക്യൂറി, ഇവരൊക്കെയാണ് മനുഷ്യത്വത്തിന്റെ മഹനീയ മാതൃകകള്‍. ഇതുപോലെ എത്രയെത്ര മഹാരഥര്‍ നമ്മുടെ നാട്ടിലുണ്ടായി, ഈ ലോകത്തുണ്ടായി എന്നൊക്കെ ഓര്‍ത്തുവേണം നാം മുന്നേറാന്‍.
നിറവും വര്‍ഗവും മതവും നോക്കാതെ അറിവ് വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്തി പരിപാലിക്കാനും സഹായിക്കുന്ന ഒരു മഹാ പ്രസ്ഥാനമായി പരിലസിക്കുന്നു റോക് ഫെല്ലര്‍ ഫൗണ്ടേഷന്‍. പുതിയ ദര്‍ശനം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അസുഖം പൂര്‍ണമായും സുഖപ്പെട്ട് അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. തന്നെ ആരും സ്‌നേഹിക്കാനില്ലെന്നു വിലപിച്ച അദ്ദേഹത്തിലേക്ക് അനന്ത കോടി ജനങ്ങളുടെ, വിവിധ രാജ്യങ്ങളുടെ സ്‌നേഹം ഒഴുകിയെത്തി. അരോഗദൃഢഗാത്രം മരണം വരെ നിലനിര്‍ത്തി ഏവരും പുല്‍കേണ്ട മരണത്തെ സ്വാഗതം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. 'കാല്‍ പാത്രം കഞ്ഞി കിട്ടാതന്യര്‍ കഷ്ടപ്പെടുന്നേരം പാല്‍പ്പായസം കുടിപ്പതുമുചിതമാണോ' എന്നും 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍' എന്നുമൊക്കെയുള്ള കവിവചനങ്ങള്‍ എത്രയോ അര്‍ഥവത്താക്കുന്നു ഇത്തരം കര്‍മികള്‍.
Comments