ഇസ്‌ലാമോഫോബിയക്ക് എരിവ് പകര്‍ന്ന് 'അമേരിക്കന്‍ സ്‌നൈപര്‍'

ഇസ്‌ലാമോഫോബിയക്ക് എരിവ് പകര്‍ന്ന് 'അമേരിക്കന്‍ സ്‌നൈപര്‍'
കൊട്ടിഘോഷങ്ങളോടെ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയായിരുന്നില്ല 'അമേരിക്കന്‍ സ്‌നൈപര്‍'. ഒരു സ്മാള്‍ ബജറ്റ് ചിത്രം. പ്രമേയത്തിലും പുതുമയൊന്നുമില്ല. ഇറാഖില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ചതാണ്. അത്തരം ശ്രദ്ധേയമായ രണ്ടു മൂന്ന് സിനിമകളെങ്കിലും കഴിഞ്ഞ വര്‍ഷം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നിട്ടും ഈ സിനിമ ദിവസങ്ങള്‍ക്കകം അമേരിക്കയില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ചു. 'സ്‌നൈപര്‍' പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലേക്ക് അമേരിക്കക്കാര്‍ ഇടിച്ചുകയറി. പ്രദര്‍ശനത്തിന്റെ ആദ്യ ആഴ്ച തന്നെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കപ്പെട്ടു എന്നാണ് കേള്‍ക്കുന്നത്.
എന്തുചെയ്യാനും കൈയറപ്പില്ലാത്ത ഒരു കൗബോയ് ടൈപ്പ് കഥാപാത്രമാണ് ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത ഈ സിനിമയിലെ നായകന്‍. 9/11-ലെ ഭീകരാക്രമണത്തിന് 'ദൈവത്തിനും ജന്മനാടിനും വേണ്ടി പ്രതികാരം' ചെയ്യാനാണ് ഷാര്‍പ്പ് ഷൂട്ടറായ ക്രിസ് കയ്ല്‍ എന്ന നായകന്‍ ഇറാഖിലേക്ക് പുറപ്പെടുന്നത്. 255 'പിശാചുക്കളായ കാട്ടാളന്മാരെ' താന്‍ ഒറ്റക്ക് വെടിവെച്ച് വീഴ്ത്തിയതായി അയാള്‍ സമ്മതിക്കുന്നുണ്ട്. എല്ലാവരും 'ചാക്ക് തലയന്മാരായ' (Ragheads) ഇറാഖികള്‍. അവരില്‍ പത്ത് വയസ്സ് തികയാത്ത കുട്ടികളും പര്‍ദ ധരിച്ച സ്ത്രീകളുമൊക്കെയുണ്ടെന്ന് ചിത്രം പറഞ്ഞുതരുന്നു. എല്ലാവരും ഒട്ടും മാപ്പര്‍ഹിക്കാത്ത ഭീകരര്‍!
ഈ ചിത്രത്തില്‍ മുസ്‌ലിംകള്‍, അറബികള്‍, ഇറാഖികള്‍, ജിഹാദികള്‍, അല്‍ഖാഇദ... ഈ വാക്കുകള്‍ക്കൊക്കെ ഒറ്റ അര്‍ഥമേയുള്ളൂ- ഭീകരര്‍. ഇത് നായക കഥാപാത്രത്തിന്റെ മാത്രം അഭിപ്രായമല്ല. ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ വരെ ഈ വീക്ഷണം പങ്കുവെക്കുന്നുണ്ട്. ഇറാഖികളെക്കുറിച്ച് പറയുമ്പോള്‍ അവരുടെ ശബ്ദത്തിലെ പാരുഷ്യവും പുഛവും ഒന്ന് വേറെത്തന്നെ! അത്തരം 'കാട്ടാളന്മാരെ' ഏറ്റവും കൂടുതല്‍ വെടിവെച്ചിട്ടതിന് 'ഹീറോ' എന്ന പേരിലാണ് നായകന്‍ ചിത്രത്തിന്റെ രണ്ടാം പകുതിയിലുടനീളം അഭിസംബോധന ചെയ്യപ്പെടുന്നത്. അമേരിക്കക്കാര്‍ മാതൃകയാക്കേണ്ടതും ഇദ്ദേഹത്തെ തന്നെയെന്ന്, ഇറാഖ് യുദ്ധത്തില്‍ പരിക്കേറ്റ് തിരിച്ചെത്തിയ പട്ടാളക്കാരെ കൊണ്ടുവന്ന് പറയിക്കുന്നുമുണ്ട് സംവിധായകന്‍.
പശ്ചിമേഷ്യന്‍ വിഷയങ്ങള്‍ പ്രമേയമാകുന്ന ഹോളിവുഡ് സിനിമകളില്‍ ഇസ്‌ലാമോഫോബിയ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പക്ഷേ, അതിത്ര പച്ചയായി വിളിച്ചുപറയുന്ന സിനിമകള്‍ 'അമേരിക്കന്‍ സ്‌നൈപറെ' പോലെ അധികമുണ്ടാവില്ല. ഷാര്‍ലി എബ്‌ദോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം സിനിമകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുക സ്വാഭാവികം. ഇറാഖിലെ സകല പ്രശ്‌നങ്ങള്‍ക്കും കാരണം അമേരിക്കന്‍ സൈന്യത്തിന്റെ അധിനിവേശമാണെന്ന വസ്തുതയെ കുഴിച്ചുമൂടിയാണ് 'അമേരിക്കന്‍ സ്‌നൈപറും' മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വംശീയ വിദ്വേഷം ഇളക്കിവിടുന്നത്.
ചിത്രം ജനപ്രീതി നേടിയതിനു ശേഷം അറബികള്‍ക്കും അമേരിക്കന്‍ മുസ്‌ലിംകള്‍ക്കുമെതിരില്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം വമിക്കുന്ന പോസ്റ്റുകള്‍ വര്‍ധിച്ചതായി കോളമിസ്റ്റ് ഖാലിദ് എ ബൈദൂന്‍ എഴുതുന്നു. ഗ്രൗണ്ട് സീറോ പള്ളി വിവാദത്തിന്റെയും ഷാര്‍ലി എബ്‌ദോ ഭീകരാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ അറബികള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ അമേരിക്കയില്‍ നടക്കുന്ന അതിക്രമങ്ങള്‍ അമ്പത് ശതമാനം വര്‍ധിച്ചതായി അമേരിക്കന്‍-അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി(എ.ഡി.സി)യും വ്യക്തമാക്കുന്നു. എരിതീയില്‍ എണ്ണയൊഴിച്ചത് പോലെയായി 'അമേരിക്കന്‍ സ്‌നൈപറു'ടെ റിലീസിംഗ്.
അറബ്‌ലോകം നാല് സാധ്യതകള്‍
അറബ് വസന്തത്തിന് തുടക്കം കുറിച്ചിട്ട് നാലു വര്‍ഷം പിന്നിട്ടു. ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും യമനിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ കടപുഴകി. സിറിയയില്‍ ഏകാധിപത്യ വിരുദ്ധ പോരാട്ടം രക്തപ്പുഴകള്‍ സൃഷ്ടിച്ച് ഇപ്പോഴും തുടരുന്നു. എന്താണ് ബാക്കിപത്രം? കടുത്ത അരാജകത്വം, അരക്ഷിതാവസ്ഥ. പരസ്പരം പോരടിക്കുന്ന ഒരു വിഭാഗത്തിനും മേധാവിത്തം നിലനിര്‍ത്താനാവുന്നില്ല. വൈദേശിക ശക്തികള്‍ തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പല വിഭാഗങ്ങളെയും മാറി മാറി സഹായിച്ചുകൊണ്ടിരിക്കുന്നു. ഈയൊരു പരിതസ്ഥിതിയില്‍ മേഖലയുടെ ഭാവി രൂപപ്പെടുക എങ്ങനെയായിരിക്കും?
നാല് സാധ്യതകളാണ് കാണുന്നത് ( 2 മുതല്‍ 7 വര്‍ഷം വരെ കാലയളവില്‍).
ഒന്ന്, പ്രതിവിപ്ലവവും ഡീപ് സ്റ്റേറ്റും എല്ലാ അര്‍ഥത്തിലും പിടിമുറുക്കും. 'മിതവാദ അച്ചുതണ്ട്' പോലുള്ള സുന്ദര നാമങ്ങളിലായിരിക്കും അത്തരം പുതിയ ഏകാധിപത്യ കൂട്ടായ്മകള്‍ അറിയപ്പെടുക. അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ഈ കൂട്ടായ്മക്ക് ഉണ്ടാകും. ഇസ്‌ലാമിസ്റ്റുകള്‍ എല്ലായിടങ്ങളിലും മാറ്റിനിര്‍ത്തപ്പെടുകയും പ്രാന്തവത്കരിക്കപ്പെടുകയും ചെയ്യും. ഹമാസിനെ മാറ്റിനിര്‍ത്തിക്കൊണ്ടായിരിക്കും ഫലസ്ത്വീന്‍ ചര്‍ച്ചകള്‍ നടക്കുക. പക്ഷേ ഇറാനെ മാറ്റിനിര്‍ത്തി ഈ മുന്നണിക്ക് മുന്നോട്ട് പോകാനാവില്ല. ആ രാഷ്ട്രത്തിന് എന്ത് റോള്‍ നല്‍കും എന്നത് പ്രശ്‌നമായി തുടരും.
രണ്ട്, കടുത്ത അരാജകത്വവും ശൈഥില്യവും. ഇത് മേഖലയുടെ രാഷ്ട്രീയൈക്യവും സാമ്പത്തിക ഘടനയും ശിഥിലമാക്കാന്‍ അമേരിക്കക്കും ഇസ്രയേലിനും എളുപ്പവഴികള്‍ തുറന്നുകൊടുക്കും. മേഖലയുടെ മാപ്പ് വംശീയമായി മാറ്റിവരക്കുന്നതിലായിരിക്കും അവര്‍ക്ക് താല്‍പര്യം; അലവി, ദുറൂസി, ശീഈ, സുന്നി, കുര്‍ദി എന്നിങ്ങനെ. ഇത്, ബര്‍ണാഡ് ലൂയിസ് എന്ന നവ ഓറിയന്റലിസ്റ്റിന്റെ വീക്ഷണത്തില്‍, ഇസ്രയേലിന്റെ അടുത്ത അമ്പത് വര്‍ഷത്തെ നിലനില്‍പിന് കൂടി ഗ്യാരണ്ടിയാകും. ഏതൊരു വംശീയ/മത ന്യൂനപക്ഷത്തിനും തങ്ങളുടേതായ ഭരണക്രമത്തിലേ സുരക്ഷയുള്ളൂ എന്ന് വന്നാല്‍ ഇന്ന് ശാന്തമെന്ന് തോന്നുന്ന അറബ് നാടുകളിലും വംശീയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.
മൂന്ന്, പുതിയ ഒരു ജനകീയ വിപ്ലവശക്തി ഉയര്‍ന്നുവരും. അത് പ്രതിവിപ്ലവങ്ങളെയും ഡീപ് സ്റ്റേറ്റിനെയും തടഞ്ഞുനിര്‍ത്തും. മാറ്റം ആഗ്രഹിക്കുന്നവരുടെ വിശാല ഐക്യമായിരിക്കും ഇത്. ഓരോ പ്രതിവിപ്ലവത്തിലും അതിനെ കടപുഴക്കാന്‍ പോന്ന എതിര്‍ നീക്കത്തിന്റെ വിത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്ന അടിസ്ഥാനത്തില്‍ ഇതും ഒരു സാധ്യതയാണ്. മിതവാദ ലൈനിലുള്ള ഇസ്‌ലാമിസ്റ്റുകള്‍ തങ്ങളുടെ പിന്നിട്ട വഴികളെക്കുറിച്ച് വിശകലനം നടത്തി നയനിലപാടുകളില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി, പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാക്കേണ്ടിവരും. അപ്പോഴും തീവ്ര സലഫി വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ എങ്ങനെ നേരിടും എന്ന പ്രശ്‌നം അവശേഷിക്കും.
നാല്, വിരുദ്ധ ശക്തികള്‍ തമ്മിലുള്ള ഏകോപനത്തിലൂടെ സമൂഹ-രാഷ്ട്ര ഘടനകളെ ഉറപ്പിച്ചു നിര്‍ത്തുക. പൊതു വിഷയങ്ങളില്‍ തുനീഷ്യയില്‍ കണ്ടുവരുന്ന സെക്യുലരിസ്റ്റ്-ഇസ്‌ലാമിസ്റ്റ് ഏകോപനം മാതൃകയായി എടുക്കാം. ഓരോ വിഭാഗവും തങ്ങളുടെ സ്വപ്നങ്ങളില്‍ ചിലതെങ്കിലും മാറ്റിവെച്ചാലേ ഇത് യാഥാര്‍ഥ്യമാവൂ.
പ്രശസ്ത ഫലസ്ത്വീനി കോളമിസ്റ്റ് മുഹ്‌സിന്‍ സ്വാലിഹ് അല്‍ജസീറ(21-1-2015)യില്‍ എഴുതിയ ലേഖനത്തിലാണ് ഈ നാല് സാധ്യതകളെ വിശകലനം ചെയ്തിരിക്കുന്നത്.
Comments