അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെയുള്ള പോരാട്ടം

ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ജീവിതം -11
നീതി പുലരണമെങ്കിലും മികച്ച മാനുഷിക ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കണമെങ്കിലും അടിച്ചമര്‍ത്തലും സര്‍വാധിപത്യവും സകലവിധ ചൂഷണങ്ങളും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അതിനാല്‍ ദൈവപ്രോക്ത മതങ്ങളുടെ, പ്രത്യേകിച്ച് ഇസ്‌ലാമിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ അനീതിയുടെയും സര്‍വാധിപത്യത്തിന്റെയും ഉന്മൂലനവും ഉള്‍പ്പെടുന്നു. അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കേണ്ടത് മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി നിര്‍ണയിച്ചിരിക്കുന്നു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും മറ്റുമായ സകല ചൂഷണങ്ങളും ഇല്ലാതാകണം. പക്ഷേ, ഇസ്‌ലാം ഒരു കാര്യം ഊന്നിപ്പറയുന്നുണ്ട്. അനീതി തുടച്ച് നീക്കണമെങ്കില്‍ മനുഷ്യന്‍ അവന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിത തുറകളില്‍ സര്‍വലോക രക്ഷിതാവായ ദൈവത്തിന്റെ കല്‍പ്പനകള്‍ക്കൊത്ത് ജീവിക്കാന്‍ തയാറാകണം. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ഏറ്റവും വലിയ അനീതി എന്നുപറയുന്നത്, മനുഷ്യന്‍ തന്റെ സ്രഷ്ടാവായ ദൈവത്തോട് നന്ദി പ്രകാശിപ്പിച്ച് അവന്റെ കല്‍പ്പനകള്‍ക്ക് വിധേയരായി ജീവിതം മാറ്റിപ്പണിയാന്‍ തയാറാകാതിരിക്കലാണ്. മനുഷ്യന്‍ ദൈവകല്‍പ്പനകള്‍ക്ക് വിധേയപ്പെടുന്ന ഒരു സംവിധാനത്തില്‍ മാത്രമേ നീതിയുടെ പൂര്‍ണത പ്രതീക്ഷിക്കേണ്ടതുള്ളൂ.
അനീതിയെ വ്യവഹരിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിക്കുന്ന പദം 'ളുല്‍മ്' എന്നാണ്. അതായത് മനുഷ്യ ബന്ധങ്ങളില്‍ വരുന്ന അടിച്ചമര്‍ത്തലുകളും ക്രമം തെറ്റലുകളും. ഒരു സാമൂഹിക ഘടനക്ക് സംഭവിക്കാവുന്ന ഏറ്റവും മാരകമായ വിപത്തുകളിലൊന്നായി ഇസ്‌ലാം ഇതിനെ എണ്ണുന്നു. അതിനാല്‍ സകലവിധ ചൂഷണങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തേണ്ടത് മുസ്‌ലിമിന്റെ ലക്ഷ്യമായിത്തീരുന്നു. അനീതിയെ ദൈവനിഷേധത്തിന് തുല്യമായാണ് ഇസ്‌ലാം കണക്കാക്കിയിരിക്കുന്നത്. അനീതിക്കെതിരെ പൊരുതാതിരിക്കുന്നത് ദൈവകോപം ക്ഷണിച്ച് വരുത്തുമെന്ന് മാത്രമല്ല, മനുഷ്യന്‍ ചെയ്ത മറ്റു സല്‍ക്കര്‍മങ്ങള്‍ പാഴായിപ്പോകാനും അത് ഇടവരുത്തിയേക്കും. നീതിക്ക് വേണ്ടി പൊരുതുക, അടിച്ചമര്‍ത്തലിനെ ചെറുക്കുക ഇത് രണ്ടും മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ മികവുറ്റ രീതിയില്‍ സംയോജിക്കുന്നു.
രണ്ട് വിശാല അര്‍ഥങ്ങളില്‍ ളുല്‍മ് എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. ഒന്നാമത്തേത് ആ വാക്കിന്റെ പ്രാഥമികമായ അര്‍ഥമാണ്. അതായത് മനുഷ്യന്‍ തന്റെ സ്രഷ്ടാവായ ദൈവത്തെ ധിക്കരിക്കുകയും അവന് പങ്കാളികളെ കല്‍പ്പിക്കുകയും ചെയ്യുക. ഇത് ദൈവത്തിന്റെ അതൃപ്തി ക്ഷണിച്ച് വരുത്തും. മനുഷ്യന്‍ തന്റെ സഹജീവിയോട് അനീതി കാണിക്കുന്നതും അവനെ ചൂഷണം ചെയ്യുന്നതുമാണ് ളുല്‍മിന്റെ രണ്ടാമത്തെ വിവക്ഷ. ഇതും വളരെ പ്രാധാന്യമര്‍ഹിക്കുന്നതും ദൈവകോപത്തിന് ഇടവരുത്തുന്നതുമാണ്. സാമൂഹിക ജീവിതത്തില്‍ മനുഷ്യര്‍ നടത്തുന്ന ളുല്‍മിനെക്കുറിച്ചാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്. അത് സംബന്ധമായ ചില ഖുര്‍ആന്‍ വചനങ്ങള്‍ കാണുക:
''അല്ലാഹു അതിക്രമികളെ, അനീതി കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല'' (3:57).
''നാട്ടുകാര്‍ അതിക്രമികളായി തീരുമ്പോഴല്ലാതെ ഒരു നാടിനെയും നാം നശിപ്പിക്കുകയില്ല'' (28:59).
''അല്ലാഹു അനീതി ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നില്ല. ആരെങ്കിലും അനീതിക്ക് വിധേയരാക്കപ്പെട്ടതിന് ശേഷം പ്രതികാര നടപടികള്‍ സ്വീകരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കുറ്റപ്പെടുത്തേണ്ടത്, ജനങ്ങളോട് അതിക്രമം കാണിക്കുകയും ന്യായമേതുമില്ലാതെ നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്നവരെയാണ്. അവര്‍ക്കത്രേ വേദനാജനകമായ ശിക്ഷ'' (42:40-42).
ഫറോവ നടത്തിയ അതിക്രമങ്ങളെയും അടിച്ചമര്‍ത്തലുകളെയും ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു:
''ഫറോവ നാട്ടില്‍ അഹങ്കരിച്ച് നടന്നു; നാട്ടുകാരെ പല വിഭാഗങ്ങളാക്കി തിരിച്ചു. അതിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലരാക്കി. അവര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെ അറുകൊല ചെയ്തു; പെണ്‍കുട്ടികളെ അപമാനിതരായി ജീവിക്കാന്‍ വിട്ടു. അവന്‍ മഹാനാശകാരിയായിരുന്നു. എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ഉദ്ദേശിക്കുന്നു; അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും'' (28: 4, 5).
''അങ്ങനെ ഫറോവയെയും അവന്റെ പടയാളികളെയും നാം പിടികൂടി; അവരെ കടലിലെറിഞ്ഞു. നോക്കൂ, അതിക്രമികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന്'' (28:40).
അന്ത്യനാളില്‍ പ്രപഞ്ചനാഥന്റെ മുമ്പില്‍ സകല മനുഷ്യരും വിചാരണക്കായി ഹാജരാക്കപ്പെടുമ്പോള്‍ അനീതിയും അതിക്രമവും ഏറ്റവും വെറുക്കപ്പെട്ട പാപങ്ങളുടെ ഗണത്തിലാവും ഉണ്ടാവുകയെന്ന് നബി വചനങ്ങളും പഠിപ്പിക്കുന്നു.
''അതിക്രമം അന്ത്യനാളിലെ ഏറ്റവും കനത്ത അന്ധകാരമായിരിക്കും'' (ബുഖാരി, മുസ്‌ലിം).
അല്ലാഹു പറയുന്നതായി പ്രവാചകന്‍ ഉദ്ധരിക്കുന്നു:
''എന്റെ ദാസന്മാരേ! അക്രമം പാടില്ലെന്ന് ഞാനെനിക്ക് സ്വയം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങളും നിങ്ങള്‍ക്കത് വിലക്കുക'' (മുസ്‌ലിം).
''ഒരാള്‍ അറിഞ്ഞുകൊണ്ട് അതിക്രമിക്ക് സഹായിയായി നിന്നാല്‍ ഇസ്‌ലാമിന്റെ ചട്ടക്കൂട്ടില്‍ നിന്ന് അവന്‍ പുറത്ത് പോയി'' (മിശ്കാത്ത്).
''മര്‍ദിതന്റെ പ്രാര്‍ഥന കരുതിയിരിക്കുക. കാരണം മര്‍ദിതനും അല്ലാഹുവിനുമിടയില്‍ യാതൊരു മറയുമില്ല'' (ബുഖാരി, മുസ്‌ലിം).
അതിക്രമത്തെയും അനീതിയെയും അപലപിച്ച് മതിയാക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, അനീതിയുടെയും അക്രമത്തിന്റെയും എല്ലാ ഇനങ്ങളില്‍ നിന്നും മുക്തമായ ഒരു സാമൂഹിക ഘടനക്ക് വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കാന്‍ മുസ്‌ലിംകളെ ചുമതലപ്പെടുത്തുകയാണ്. തന്റെ വ്യക്തി ജീവിതത്തില്‍നിന്ന് അനീതിയുടെയും അതിക്രമത്തിന്റെയും സകല അടയാളങ്ങളെയും തൂത്ത് മാറ്റുക എന്നതാണ് ഓരോ മുസ്‌ലിമിന്റെയും പ്രഥമ ബാധ്യത. പക്ഷേ, ഖുര്‍ആന്‍ അതുകൊണ്ട് അവസാനിപ്പിക്കുന്നില്ല. തന്റെ ചുറ്റും നടമാടുന്ന അതിക്രമങ്ങളും അസമത്വങ്ങളും അനീതികളും ഉന്മൂലനം ചെയ്യാന്‍ നീതിയുടെ വക്താക്കളായി നിലകൊള്ളേണ്ടതും മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. ഈയൊരു സമരവും പോരാട്ടവും ദൈവത്തിന്റെ ദൃഷ്ടിയില്‍ ഏറ്റവും മഹത്തരമാണ്. പാവങ്ങളെയും അവശരെയും ദുരിതങ്ങള്‍ക്ക് വിട്ടുകൊടുത്ത് അവരെ കൈയൊഴിയരുതെന്ന് മുസ്‌ലിംകളെ ഖുര്‍ആന്‍ പ്രത്യേകം ഓര്‍മപ്പെടുത്തുന്നുണ്ട്. അവര്‍ക്ക് വേണ്ടി പൊരുതണം; വേണമെങ്കില്‍ ജീവന്‍ പോലും ത്യജിക്കാന്‍ തയാറാവണം.
''നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: ഞങ്ങളുടെ നാഥാ, മര്‍ദകരായ ജനം വിലസുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിശ്ചയിച്ച് തരേണമേ. നിന്റെ ഭാഗത്ത് നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ'' (4:75).
ഈ വിവരണത്തില്‍ നിന്ന് വ്യക്തമാവുന്ന അടിസ്ഥാന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന് - ഒരാളുടെ ദൈവത്തോടുള്ള കടപ്പാടും സഹജീവികളോടുള്ള കടപ്പാടും സമഞ്ജസമായി മേളിപ്പിച്ചിരിക്കുന്നു. ഇത് രണ്ടും വേണ്ട രീതിയിലും അളവിലും ചേര്‍ന്നതാണ് വിശ്വാസിയുടെ ധാര്‍മിക, ആധ്യാത്മിക ജീവിതം എന്നുപറയുന്നത്. രണ്ടിനെയും വേര്‍പെടുത്താനാവുകയില്ല. ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍. ഇസ്‌ലാമിന്റെ മാനുഷികത അതിന്റെ ആധ്യാത്മികതയില്‍ നിന്ന് ഉരുവം കൊള്ളുന്നതാണ്. മനുഷ്യര്‍ക്ക് നീതി ചെയ്യുകയെന്നതും അവരോട് കാരുണ്യപൂര്‍വം വര്‍ത്തിക്കുകയെന്നതും ദൈവവിശ്വാസവുമായി ബന്ധപ്പെട്ട മൂല്യങ്ങളാണ്. ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുക എന്നതിനര്‍ഥം, മൗലികാവകാശങ്ങളും ജീവിതാവശ്യങ്ങളും നിഷേധിക്കപ്പെട്ട അധഃസ്ഥിതരും ദുര്‍ബലരുമായ മനുഷ്യരെ രക്ഷിക്കാനും സഹായിക്കാനും ജീവിതം സമര്‍പ്പിക്കുക എന്നത് കൂടിയാണ്. ഈ രണ്ട് തലങ്ങളില്‍ ഏതില്‍ പരാജയപ്പെട്ടാലും അത് ദൈവകോപം ക്ഷണിച്ച് വരുത്തും. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ മാനുഷിക മുഖം എന്നുപറയുന്നത് സുഹൃത്തുക്കളെ നേടാനും ജനങ്ങളെ സ്വാധീനിക്കാനുമുള്ള ഒരു തന്ത്രമോ സ്ട്രാറ്റജിയോ ഒന്നുമല്ല. അത് ഇസ്‌ലാമിക ജീവിതത്തിന്റെ അടിസ്ഥാന ദര്‍ശനം തന്നെയാണ്.
രണ്ട് - ഇസ്‌ലാമിക മൂല്യങ്ങള്‍ മുഴുവന്‍ മനുഷ്യ സഹോദരന്മാരെയും ഉള്‍ക്കൊള്ളുന്നതാണ്. അവക്ക് ആഗോള സ്വഭാവമാണുള്ളത്. സമൂഹത്തിലെ ഒന്നോ രണ്ടോ വിഭാഗങ്ങള്‍ക്ക് മാത്രമേ സമൃദ്ധിയും സുസ്ഥിതിയും ഉണ്ടാകാവൂ എന്ന സങ്കുചിത കാഴ്ചപ്പാടിനെ ഒരിക്കലും അതിന് അംഗീകരിക്കാനാവില്ല. നീതി എന്നത് എല്ലാ സാമൂഹിക സംവിധാനത്തിന്റെയും മുഖമുദ്രയാണ്. അത് ലഭ്യമാവേണ്ടത് സകല മനുഷ്യര്‍ക്കുമാണ്. അവരുടെ സാമൂഹികമോ സാംസ്‌കാരികമോ സാമ്പത്തികമോ ആയ വ്യത്യാസങ്ങള്‍ നീതിയുടെ കാര്യത്തില്‍ പരിഗണനീയമേ അല്ല. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരുമെല്ലാം അടിസ്ഥാന മാനുഷിക മൂല്യങ്ങളില്‍ ഒരേ പരിചരണം അര്‍ഹിക്കുന്നവരാണ്. അക്രമിക്കപ്പെടുന്നത് മറ്റേ വിഭാഗമാണല്ലോ എന്ന് സമാധാനിച്ച് മുഖംതിരിക്കുന്നത് ഇസ്‌ലാമികമായി മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.
(തുടരും)
Comments