സ്ത്രീധനം, സംഘടിത സകാത്ത് <br>സമുദായം നിലപാടുകള്‍ പുനഃപരിശോധിക്കണം

കേരളീയ മുസ്‌ലിം സമുദായത്തില്‍ ആഴത്തില്‍ വേരോടിയ സ്ത്രീധന സമ്പ്രദായത്തെ പ്രമാണങ്ങളും പണ്ഡിതവചനങ്ങളും നിരത്തി അതിന് ഇസ്‌ലാമിക ന്യായങ്ങളില്ലെന്ന് സമര്‍ഥിച്ച് 'സ്ത്രീധനം തെറ്റും ശരിയും' എന്ന ഗ്രന്ഥമെഴുതിയ സുന്നി പണ്ഡിതനാണ് എ.പി അബ്ദുര്‍റഹ്മാന്‍ ഫൈസി. തന്റെ മഹല്ലായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത പാണമ്പ്രയില്‍ സമസ്ത നേതൃത്വത്തിന്റെ അംഗീകാരത്തോടെ സംഘടിത സകാത്ത്, പലിശരഹിത നിധി, കൗണ്‍സലിംഗ് ക്ലാസ്സുകള്‍ തുടങ്ങി ഒട്ടേറെ സാമൂഹിക പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. മുംബൈയിലെ ഖുവ്വത്തുല്‍ ഇസ്‌ലാം അറബിയ്യ, സമസ്തയുടെ കീഴിലെ സുന്നി പബ്ലിക്കേഷന്‍ സെന്റര്‍, മഹല്ല് ട്രെയ്‌നിംഗ് സെന്റര്‍, മഹല്ല് ഫെഡറേഷന്‍ എന്നിവയുടെ സാരഥ്യവും ഏറ്റെടുത്തിരുന്ന അദ്ദേഹം, മുസ്‌ലിം ജനസാമാന്യത്തിലും മഹല്ലടക്കമുള്ള അതിന്റെ സംവിധാനങ്ങളിലുമുണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ച് പ്രബോധനത്തോട് സംസാരിക്കുന്നു.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടിയ ശേഷമാണല്ലോ താങ്കള്‍ മതപ്രബോധന രംഗത്തേക്ക് വരുന്നത്. എവിടെയെല്ലാമായിരുന്നു താങ്കളുടെ സേവനങ്ങള്‍?
ജാമിഅ നൂരിയ്യയിലെ പഠനശേഷം എന്റെ ആദ്യ പ്രവര്‍ത്തന മേഖല നാദാപുരത്തായിരുന്നു. പള്ളിയും മദ്‌റസയും മറ്റു ദീനീ സേവനങ്ങളുമായി അഞ്ചു വര്‍ഷം അവിടെയുണ്ടായിരുന്നു. പിന്നീട് കുറച്ചുകാലം സുഊദിയിലായിരുന്നു. ജോലിയായിരുന്നില്ല ലക്ഷ്യം. ഹജ്ജ് ചെയ്യാനുള്ള ഉദ്ദേശ്യത്തിനുവേണ്ടി ജോലിയില്‍ ഏര്‍പ്പെട്ടതാണ്. ഹജ്ജ് നിര്‍വഹിച്ച ശേഷം തിരിച്ചുപോന്നു. 1982 മുതല്‍ 1994 വരെ മുംബൈയിലായിരുന്നു. മുംബൈ കേരള മുസ്‌ലിം സുന്നി ജമാഅത്തിന്റെ കീഴിലെ ഖുവ്വത്തുല്‍ ഇസ്‌ലാം അറബിയ്യ എന്ന ദീനീ കേന്ദ്രത്തിന്റെ ചുമതലയായിരുന്നു. മുംബൈയില്‍ പലയിടങ്ങളിലായി കച്ചവടാവശ്യാര്‍ഥവും മറ്റും താമസിക്കുന്ന മലയാളികളുടെ ദീനീ സംസ്‌കരണവും സാമൂഹികാവശ്യങ്ങളും നിര്‍വഹിക്കലായിരുന്നു ഖുവ്വത്തുല്‍ ഇസ്‌ലാമിന്റെ ലക്ഷ്യം. ചിലപ്പോഴെല്ലാം മത വ്യത്യാസമില്ലാതെ മലയാളികളുടെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഖുവ്വത്തുല്‍ ഇസ്‌ലാം പ്രവര്‍ത്തിച്ചിരുന്നു. അന്നവിടെ മലയാളികള്‍ക്ക് പറയത്തക്ക മറ്റു വേദികളൊന്നുമുണ്ടായിരുന്നില്ല. കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരെല്ലാം അന്ന് മുംബൈ വഴിയായിരുന്നു മക്കയിലേക്ക് പോയിരുന്നത്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് അന്നുണ്ടായിരുന്നില്ല. അതിനാല്‍ ഹാജിമാര്‍ കുറച്ച് ദിവസം മുംബൈയില്‍ താമസിക്കുമായിരുന്നു. അങ്ങനെ എല്ലാ വര്‍ഷവും ഹജ്ജിന് പോകുന്ന മലയാളികള്‍ക്ക് ക്ലാസ്സെടുക്കുക എന്നതും എന്റെ ചുമതലയായിരുന്നു. വര്‍ഷങ്ങളോളം ക്ലാസ്സെടുത്തപ്പോള്‍ ആ നോട്ട്‌സുകളെല്ലാം ചേര്‍ത്തുവെച്ച് 1984-ല്‍ ഞാനൊരു ഹജ്ജ് ഗൈഡ് എഴുതിയിരുന്നു. മുംബൈ മുസ്‌ലിം ജമാഅത്ത് അത് പ്രസിദ്ധീകരിക്കുകയും ഹാജിമാര്‍ക്ക് വിതരണം നടത്തുകയും ചെയ്തു. അന്ന് ഹജ്ജ് ലളിതമായി വിശദീകരിക്കുന്ന മലയാള പുസ്തകങ്ങളില്ലായിരുന്നു. കിതാബുകളില്‍ വിശദീകരിക്കുന്ന പല ചരിത്ര സ്ഥലങ്ങളും മക്കയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തിരുന്നു. ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പോക്കറ്റ് ഗൈഡായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഞാന്‍ ആ പുസ്തകം തയാറാക്കിയത്. ഇങ്ങനെ പത്തുവര്‍ഷം മുംബൈയിലെ ഖുവ്വത്തുല്‍ ഇസ്‌ലാമിന്റെ വ്യത്യസ്ത ദീനീ സേവനങ്ങളില്‍ പങ്കാളിയായി. ശേഷം കേരളത്തിലേക്ക് തിരിച്ചുപോന്നു. സമസ്തക്ക് കീഴിലെ സുന്നി പബ്ലിഷിംഗ് സെന്ററില്‍ കുറച്ചുകാലം നിന്നു. മദ്‌റസാധ്യാപകര്‍ക്ക് സമസ്ത ട്രെയ്‌നിംഗ് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ പങ്കാളിയായി. തുടക്കത്തില്‍ ആറു മാസവും പിന്നീട് ഒരു വര്‍ഷവുമായിരുന്നു ട്രെയ്‌നിംഗ് കോഴ്‌സിന്റെ കാലാവധി. ഇങ്ങനെ പത്ത് ബാച്ചുകള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം ആ ഉത്തരവാദിത്തത്തില്‍ നിന്ന് പിരിഞ്ഞു. ശേഷം ഒരു സംവിധാനത്തിലും സ്ഥിരമായി നിന്നിട്ടില്ല. ഇപ്പോള്‍ ഫറോക്ക് ടൗണ്‍ പള്ളിയില്‍ ഖത്വീബും പാണമ്പ്ര മഹല്ലിന്റെ വൈസ് പ്രസിഡന്റുമാണ്. സ്ത്രീധനമടക്കമുള്ള സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ ലഭിക്കുന്ന അവസരങ്ങള്‍ ആരുടെ വേദിയായാലും ഉപയോഗപ്പെടുത്തുന്നു. വ്യത്യസ്ത കൂട്ടായ്മകളും സംഘടനകളും നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.
വധുവിന്റെ ഉപ്പയോടും കുടുംബത്തോടും വിലപേശി വാങ്ങുന്ന സ്ത്രീധന സമ്പ്രദായത്തിന്റെ അധാര്‍മികത വിശദമാക്കുന്നതാണ് 'സ്ത്രീധനം തെറ്റും ശരിയും' എന്ന താങ്കളുടെ ഗ്രന്ഥം. 'അല്‍ ബാഇന' എന്ന പേരില്‍ അറബിയിലാണത് ആദ്യം പ്രസിദ്ധീകരിച്ചത്. എന്തായിരുന്നു സ്ത്രീധനത്തിനെതിരെ പുസ്തകമെഴുതാനുള്ള പ്രേരണ? എന്തുകൊണ്ടത് അറബി ഭാഷയിലായി?
സ്ത്രീധന സമ്പ്രദായത്തോളം മുസ്‌ലിം കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ദുരാചാരം കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പെണ്‍കുട്ടികളുടെ ജനനത്തെ പേടിയോടെ നോക്കിക്കാണുന്ന അവസ്ഥ പോലുമുണ്ടായത് സ്ത്രീധന സമ്പ്രദായം കൊണ്ടാണ്. വര്‍ഷങ്ങളോളം നാടുവിട്ട് പലര്‍ക്കും പ്രവാസ ജീവിതം നയിക്കേണ്ടിവരുന്നത് പെണ്‍മക്കളെ കെട്ടിച്ചയക്കുമ്പോള്‍ കൊടുക്കേണ്ട സ്ത്രീധന തുക കണ്ടെത്താനാണ്. ചിലര്‍ വീടുകളും പുരയിടവും വില്‍ക്കുന്നു. പലിശക്ക് പോലും കടം വാങ്ങുന്നു. ഇങ്ങനെ സ്ത്രീധനമെന്ന സമ്പ്രദായം മുസ്‌ലിം കുടുംബങ്ങളെ കണ്ണീരു കുടിപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് അങ്ങനെയൊന്നിന് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയുണ്ടാവുമോ എന്ന് ഞാന്‍ അന്വേഷിക്കുന്നത്. സ്ത്രീധന സമ്പ്രദായത്തിന് ന്യായം ചമയ്ക്കാനുപയോഗിക്കുന്ന ഹദീസുകളും ചരിത്ര സംഭവങ്ങളും ഞാന്‍ പരിശോധിച്ചു. വിവാഹ സന്ദര്‍ഭത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പൂര്‍വിക പണ്ഡിതരുടെ അഭിപ്രായങ്ങളും വായിച്ചു. ഇവയിലൊന്നിലും കേരളത്തില്‍ നിലനില്‍ക്കുന്ന സ്ത്രീധന സമ്പ്രദായത്തെ ന്യായീകരിക്കാനുതകുന്ന തെളിവുകളില്ലെന്ന് കണ്ടെത്തി. അങ്ങനെയാണ് ആ വിഷയത്തിലെ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ പ്രമാണങ്ങളും പണ്ഡിതാഭിപ്രായങ്ങളും ഉദ്ധരിച്ച് അല്‍ ബാഇന എന്ന പേരില്‍ അറബിഭാഷയില്‍ പ്രസിദ്ധീകരിച്ചത്.
പുസ്തകം അറബി ഭാഷയില്‍ ആവാന്‍ പല കാരണങ്ങളുണ്ട്. വിവാഹവേളയില്‍ വധുവിന് പിതാവ് നല്‍കുന്ന എല്ലാവിധ പാരിതോഷികങ്ങളും ഹറാമും അനിസ്‌ലാമികവുമായി മുദ്രകുത്തുന്ന തീവ്ര ആശയമുള്ളവര്‍ കേരളീയ മുസ്‌ലിം സമൂഹത്തില്‍ അന്നേ സജീവമായിരുന്നു. വധുവിന്റെ രക്ഷിതാവ് നിര്‍ബന്ധിതമായ സാഹചര്യത്തില്‍ സംതൃപ്തിയില്ലാതെ നല്‍കുന്നതും വരന്റെ കുടുംബം വിലപേശി വാങ്ങുന്നതുമാണ് എതിര്‍ക്കപ്പെടേണ്ട സ്ത്രീധന സമ്പ്രദായം. വിഷയത്തെ അങ്ങനെ വിശദീകരിക്കാന്‍, എതിര്‍ക്കുന്നവര്‍ക്ക് സാധിച്ചില്ല. അപ്പോള്‍ സ്വാഭാവികമായും മറുപക്ഷം വിവാഹ സമയത്ത് നല്‍കുന്ന പാരിതോഷികം എന്ന പേരില്‍ അതിന് ഇസ്‌ലാമിക ന്യായങ്ങള്‍ കണ്ടെത്തി. മറ്റു ചില സത്യങ്ങള്‍ക്ക് നേരെ അവര്‍ കണ്ണടക്കുകയും ചെയ്തു.
ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഈ വിവാദ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്ന രീതിയില്‍ മലയാളത്തില്‍ ഒരു പുസ്തകമെഴുതിയാല്‍ ഗുണത്തേക്കാള്‍ ദോഷമാണുണ്ടാവുക. വിഷയത്തെ വിവാദമാക്കലല്ല, പണ്ഡിതന്മാരെ ബോധ്യപ്പെടുത്തലായിരുന്നു എന്റെ ഉദ്ദേശ്യം. അതിനാലാണ് മഹാന്മാരായ പൂര്‍വിക പണ്ഡിതന്മാരുടെ ഉദ്ധരണികള്‍ അറബി മൂലത്തില്‍ തന്നെ എഴുതി പുസ്തകമാക്കിയത്. ആ ഗ്രന്ഥം സമസ്തയിലെ പണ്ഡിതന്മാര്‍ക്കെല്ലാം ഞാന്‍ വിതരണം ചെയ്തു. പട്ടിക്കാട് ജാമിഅ നൂരിയ്യയിലും ദാറുല്‍ ഹുദയിലും കോപ്പികള്‍ നല്‍കി. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അവരുടെയെല്ലാം അഭിപ്രായങ്ങളാരാഞ്ഞു. ഇങ്ങനെ വിയോജിപ്പിനും ചര്‍ച്ചക്കും ധാരാളം സമയം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് അത് മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്.
പുസ്തകത്തിന്റെ ഉള്ളടക്കത്തോട് എന്തു പ്രതികരണമാണ് പണ്ഡിതന്മാരുടെ ഭാഗത്തുനിന്നുണ്ടായത്?
ആരും കാര്യമായി പ്രതികരിച്ചില്ലെന്നതാണ് സങ്കടം. പുസ്തകം വാങ്ങിവെച്ച പലരും അത് വായിക്കുക പോലും ചെയ്തില്ല. ഞാനങ്ങനെ ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്ന് ധാരണയുള്ള ചിലര്‍ ആ വിഷയത്തില്‍ എന്നോട് തര്‍ക്കിക്കാന്‍ വന്നു. അവരുയര്‍ത്തിയ എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടികള്‍ പ്രമാണവും പണ്ഡിത വചനങ്ങളും ഉദ്ധരിച്ച് പുസ്തകത്തില്‍ വിശദീകരിക്കപ്പെട്ടതാണ്. പക്ഷേ, അതൊന്ന് വായിച്ചുനോക്കാതെ പരമ്പരാഗതമായ ചോദ്യങ്ങള്‍ ഉന്നയിച്ച് തര്‍ക്കിക്കാനായിരുന്നു അവര്‍ക്കിഷ്ടം. വ്യക്തിപരമായി പലരോടും ഞാന്‍ ഈ വിഷയം സംസാരിക്കുമ്പോള്‍ അവര്‍ക്കത് മനസ്സിലാവാറുണ്ട്. 'നമ്മളൊറ്റക്ക് എന്തുചെയ്യാനാണ്' എന്നാണവര്‍ ചോദിക്കാറ്. ചില ചെറുപ്പക്കാര്‍ക്ക് സ്ത്രീധനം വാങ്ങുന്നതില്‍ താല്‍പര്യമൊന്നുമില്ല; പക്ഷേ, മാതാപിതാക്കള്‍ അതിന് നിര്‍ബന്ധിക്കുന്നു എന്നാണവരുടെ പക്ഷം. അതിനെ മറികടക്കാനുള്ള തന്റേടം അവര്‍ക്കില്ല. സാവകാശമാണെങ്കിലും ഗുണകരമായ മാറ്റങ്ങള്‍ ഈ രംഗത്ത് വരുന്നുണ്ട്. മതവിദ്യാഭ്യാസം നേടി ദീനീരംഗത്ത് സജീവരായ ചെറുപ്പക്കാര്‍ തന്നെ സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ ഇപ്പോള്‍ തയാറാവുന്നുണ്ട്. വിവാഹസമയത്ത് വാങ്ങി, പിന്നീട് തെറ്റ് മനസ്സിലായപ്പോള്‍ അത് തിരിച്ചു നല്‍കുകയോ അതിന് തുല്യമായ സ്ഥലം ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കുകയോ ചെയ്ത വ്യക്തികളെ എനിക്കറിയാം. ഇങ്ങനെയൊക്കെയാണെങ്കിലും സമുദായ ഭൂരിപക്ഷത്തില്‍ ഈ ജീര്‍ണത ശക്തിയായി തന്നെ നിലനില്‍ക്കുന്നുണ്ട്. മാറ്റങ്ങള്‍ക്കും ബോധവത്കരണത്തിനും മഹല്ല് നേതൃത്വം മുന്‍കൈയെടുത്താലേ ആശാവഹമായ മാറ്റം ഈ രംഗത്ത് പ്രതീക്ഷിക്കേണ്ടതുള്ളൂ.
മഹല്ല് നേതൃത്വം സ്ത്രീധന സമ്പ്രദായത്തിനെതിരെ ബോധവത്കരണം നടത്തണമെന്ന് താങ്കള്‍ പറഞ്ഞു. പക്ഷേ, പലപ്പോഴും അനുഭവം തിരിച്ചാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്ന വിധം സ്ത്രീധന തുകയുടെ കമീഷന്‍ കൈപ്പറ്റുന്ന മഹല്ലുകള്‍ പോലുമുണ്ട്?
സ്ത്രീധനത്തുക കണക്കാക്കി കമീഷന്‍ വാങ്ങുന്ന രീതി മലബാറിലെ മഹല്ലുകളില്‍ ഇല്ല എന്നാണ് എന്റെ അറിവ്. മറിച്ച് വരന്റെ പക്കല്‍ നിന്ന് ഒരു തുക സംഭാവന വാങ്ങുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ വിവാഹവേളയില്‍ ഇങ്ങനെയൊരു സംഭാവന കൈപറ്റേണ്ട ആവശ്യം പോലുമില്ല. തെക്കന്‍ കേരളത്തില്‍, താങ്കള്‍ സൂചിപ്പിച്ച പോലെ തുക കണക്കാക്കി കമീഷന്‍ വാങ്ങുന്ന ചില മഹല്ലുകളുണ്ട്. എം.എസ്.എസ് പത്തനംതിട്ടയില്‍ ഖത്വീബുമാര്‍ക്കു വേണ്ടി നടത്തിയ ഒരു ക്യാമ്പില്‍ ഞാന്‍ പങ്കെടുത്തിരുന്നു. സ്ത്രീധന സമ്പ്രദായത്തിന്റെ അനിസ്‌ലാമികത വ്യക്തമാക്കിയപ്പോള്‍ അവിടെ മഹല്ലുകളില്‍ നിലനില്‍ക്കുന്ന കമീഷന്‍ വ്യവസ്ഥ അവര്‍ വിശദീകരിച്ചിരുന്നു. അവരെ അതിന്റെ ഗൗരവം ബോധ്യപ്പെടുത്തി. അതവര്‍ ഉള്‍ക്കൊണ്ടുവെന്നാണ് മനസ്സിലാകുന്നത്. പക്ഷേ, ഖത്വീബുമാര്‍ക്ക് എത്രത്തോളം മഹല്ലുകളില്‍ അത് നടപ്പാക്കാന്‍ സാധിച്ചുവെന്നറിയില്ല.
യഥാര്‍ഥത്തില്‍ സംതൃപ്തിയില്ലാതെ ഒരാള്‍ നല്‍കുന്ന ധനം അത് സ്വീകരിക്കുന്നവരുടെ ആത്മീയ വിശുദ്ധിയെ തകര്‍ക്കും. സമ്പത്തില്‍ വൈകല്യം സംഭവിച്ചാല്‍ അതവന്റെ ധാര്‍മികതക്ക് കോട്ടം വരുത്തും. പലരുമിത് മനസ്സിലാക്കുന്നില്ല. വിവാഹദിവസം ധരിക്കുന്ന വസ്ത്രം, മഹ്ര്‍, കല്യാണ ചെലവ് ഇതിനെല്ലാം വേണ്ട തുക മിക്കവരും കണ്ടെത്തുന്നത് പെണ്ണിന്റെ വീട്ടുകാരില്‍നിന്നാണ്. ഇതെങ്ങനെ ഹലാലാകും? അഭിമാനമുള്ള പുരുഷന്‍ സ്വന്തം സമ്പത്തില്‍ നിന്നല്ലേ പെണ്ണിന് മഹറും വസ്ത്രങ്ങളും വാങ്ങേണ്ടത്? കുടുംബത്തിനും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കുന്ന ഭക്ഷണത്തിന്റെയും ചെലവ് കണ്ടെത്തേണ്ടത് സ്വന്തം ധനത്തില്‍ നിന്നാണ്. ഇതിനെല്ലാം സാമ്പത്തികശേഷിയുള്ളവര്‍ പോലും സ്ത്രീധന തുകയാണ് അതിനു വേണ്ടി ചെലവാക്കുന്നത്. എത്ര ലജ്ജാകരമാണിത്! അതിനാല്‍ സ്ത്രീധനം വാങ്ങുന്ന കല്യാണത്തില്‍ ഞാന്‍ പങ്കെടുക്കാറില്ല.
സ്ത്രീധന സമ്പ്രദായം പോലെ തന്നെ സങ്കീര്‍ണമാണ് അതുവഴി ലഭിക്കുന്ന അമ്പതും നൂറും അതിലധികവും വരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് സകാത്ത് നല്‍കേണ്ടതില്ല എന്ന കാഴ്ചപ്പാടും. ആഭരണത്തിന് സകാത്തില്ല എന്നാണല്ലോ ഇതിനുള്ള ന്യായം?
സാമ്പത്തിക സൂക്ഷ്മതയും വിശുദ്ധിയും പാലിക്കാനാഗ്രഹിക്കാത്തവര്‍ ചില ന്യായങ്ങള്‍ കാണുമ്പോള്‍ അതിന്റെ പിന്നാലെ പോവുക സ്വാഭാവികം. സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നല്‍കേണ്ടതില്ലെന്ന ശാഫിഈ മദ്ഹബിലെ അഭിപ്രായം ഉയര്‍ത്തിപ്പിടിച്ചാണ് അമ്പതും അതിലധികവും വരുന്ന ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്ന് ചിലര്‍ വാദിക്കുന്നത്. യഥാര്‍ഥത്തില്‍ ഒരു സ്ത്രീ സാധാരണഗതിയില്‍ ധരിക്കുന്ന ആഭരണത്തിനാണ് സകാത്തില്ലെന്ന് ശാഫിഈ മദ്ഹബ് വ്യക്തമാക്കുന്നത്. ആ ഫിഖ്ഹ് തന്നെ രൂപപ്പെടുമ്പോള്‍ സ്വര്‍ണത്തിന് ഇത്ര മൂല്യമോ വിലയോ ഇല്ലെന്നും ഓര്‍ക്കണം. ഇപ്പോള്‍ എത്ര ലക്ഷത്തിന്റെ ആഭരണമാണ് ഡെഡ്മണിയായി ഓരോ വീട്ടിലും കെട്ടിക്കിടക്കുന്നത്! ഇത് ശരിയല്ല. ശാഫിഈ മദ്ഹബ് ഒഴികെ മറ്റു മിക്ക മദ്ഹബുകളും ആഭരണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. നമ്മുടെ പരലോക ജീവിത വിജയത്തെക്കൂടി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ മറ്റു മദ്ഹബുകളുടെ അഭിപ്രായങ്ങളും മുഖവിലക്കെടുക്കണം. സാധാരണഗതിയിലുള്ള ആഭരണമായി പത്തര പവന്‍ വരെയാണ് പണ്ഡിതന്മാര്‍ നിജപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളില്‍ ആഭരണമുള്ളവരെല്ലാം സകാത്ത് കൊടുക്കുക തന്നെ വേണം. ഈ അഭിപ്രായമാണ് സൂക്ഷ്മമായിട്ടുള്ളത്.
താങ്കള്‍ കൂടി നേതൃത്വം നല്‍കുന്ന പാണമ്പ്ര മഹല്ലില്‍ സകാത്ത്, ഫിത്വ്ര്‍ സകാത്ത്, ഉദുഹിയ്യത്ത് എന്നിവ സംഘടിതമായാണ് നിര്‍വഹിക്കുന്നത്. എന്നാല്‍, കേരളത്തിലെ ഭൂരിപക്ഷം മഹല്ലുകളിലും ഇപ്പോഴും ഇവയെല്ലാം വ്യക്തികള്‍ ഒറ്റക്കാണ് നല്‍കുന്നത്. വ്യക്തിപരമായി നല്‍കുന്നതിനേക്കാള്‍ സംഘടിതമായി നിര്‍വഹിക്കുന്നതല്ലേ സകാത്ത് വ്യവസ്ഥയോട് ചെയ്യുന്ന നീതി? അങ്ങനെ ചെയ്യുന്ന സംഘടനകളുടെയും കമ്മിറ്റികളുടെയും മാതൃകയോട് എന്ത് വിയോജിപ്പാണുള്ളത്?
സകാത്ത് വ്യക്തികള്‍ ഒറ്റക്ക് നല്‍കുമ്പോള്‍ അതിന്റെ ലക്ഷ്യം പൂര്‍ണമായും നേടാനാവില്ല. എന്റെയടുത്ത് അമ്പതിനായിരം രൂപയുണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനമായ 1250 രൂപയാണ് ഞാന്‍ സകാത്ത് നല്‍കേണ്ടത്. കേരളത്തിലെ ഭൂരിപക്ഷം അംഗീകരിക്കുന്ന പ്രബലമായ ഫിഖ്ഹ് നിയമനമനുസരിച്ച് ഈ 1250 രൂപ ചുരുങ്ങിയത് മൂന്ന് വിഭാഗത്തിനെങ്കിലും വീതിച്ചുനല്‍കണം. ഓരോ വിഭാഗത്തിലും മൂന്ന് പേര്‍ക്ക് നല്‍കണം. അതായത് 1250 രൂപ ഒമ്പത് പേര്‍ക്ക് നല്‍കണമെന്നര്‍ഥം. അപ്പോള്‍ ഏറിയാല്‍ ഒരാള്‍ക്ക് 130 രൂപ ലഭിക്കും. അത് ലഭിച്ച വ്യക്തി ചിലപ്പോള്‍ അതുകൊണ്ട് മൊബൈല്‍ റീചാര്‍ജ് ചെയ്‌തെന്നിരിക്കും. അതല്ലാതെ അതുകൊണ്ട് അവര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ല. എന്നാല്‍, മഹല്ലിലെ സമ്പന്നരെല്ലാം ഒരു വ്യക്തിയെ വക്കാലത്ത് ഏല്‍പിച്ച് തങ്ങളുടെ സകാത്തെല്ലാം അദ്ദേഹത്തിന്റെയടുത്ത് നല്‍കിയാല്‍ അതൊരു വലിയ സംഖ്യയാവും. മിക്ക മഹല്ലിലും ലക്ഷങ്ങള്‍ ഇങ്ങനെ ശേഖരിക്കാം.
ഇങ്ങനെ ലഭിച്ച സകാത്ത് മഹല്ലിലെ അര്‍ഹരായ വ്യക്തികള്‍ക്ക് അവരുടെ സ്ഥിര പ്രശ്‌നം പരിഹരിക്കാന്‍ ഉപയോഗിക്കാം. വീടില്ലാത്തവന് അത് നിര്‍മിച്ചുകൊടുക്കാം. ഉപജീവനാവശ്യാര്‍ഥം ജോലിക്കുള്ള സംവിധാനമൊരുക്കാം. ഇങ്ങനെയാവുമ്പോള്‍ ചിലപ്പോള്‍ ഒരു വ്യക്തിക്ക് തന്നെ അമ്പതിനായിരമോ ലക്ഷമോ നല്‍കേണ്ടിവരും. പക്ഷേ, അതോടുകൂടി പിറ്റേ വര്‍ഷം മുതല്‍ സകാത്തിനര്‍ഹരായവരുടെ ലിസ്റ്റില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാം. ഇങ്ങനെ ഓരോ വര്‍ഷവും ചുരുങ്ങിയത് അഞ്ചു പേരുടെയെങ്കിലും സ്ഥിരം പ്രശ്‌നത്തെ സകാത്ത് തുക കൊണ്ട് പരിഹരിക്കാനാകും. പത്തോ ഇരുപതോ വര്‍ഷം കൊണ്ട് ഒരു മഹല്ലില്‍ സകാത്ത് വാങ്ങാന്‍ ആളില്ലാത്ത വിധമുള്ള മാറ്റം സംഘടിത സകാത്ത് വ്യവസ്ഥ ആസൂത്രിതമായി നടപ്പിലാക്കിയാല്‍ ഉണ്ടാക്കാന്‍ സാധിക്കും. ചരിത്രത്തിലത് സംഭവിച്ചിട്ടുണ്ട്. മൂന്നോ നാലോ വര്‍ഷം കൃത്യമായി സകാത്ത് ശേഖരിച്ച് വിതരണം ചെയ്തപ്പോള്‍ പിറ്റേ വര്‍ഷം സകാത്ത് സ്വീകരിക്കാന്‍ ആളില്ലാത്ത അവസ്ഥ ഉമര്‍ ഫാറൂഖിന്റെ കാലത്ത് യമനില്‍ സംഭവിച്ചിട്ടുണ്ട്. അത് പുതിയ കാലത്തും ആവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്.
എന്നാല്‍ ഇങ്ങനെ സംഘടിതമായി സകാത്ത് നല്‍കുമ്പോള്‍ മറ്റു ചില വശങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സകാത്തായി ശേഖരിച്ച മുഴുവന്‍ സംഖ്യയും ഇങ്ങനെ നല്‍കരുത്. സകാത്ത് തുക നല്‍കിയവരുടെ കുടുംബങ്ങളിലെ അര്‍ഹരായവര്‍ക്ക് അതിന്റെ ഒരു പങ്ക് നീക്കിവെക്കണം. വേണമെങ്കില്‍ സകാത്ത് നല്‍കുന്നവര്‍ക്ക് ബന്ധുക്കള്‍ക്കുള്ള വിഹിതം മാറ്റിവെച്ച് വക്കാലത്ത് ഏല്‍പിച്ച വ്യക്തിക്ക് നല്‍കിയാലും മതിയാവും. അവരെ അവഗണിക്കാന്‍ പാടില്ല. സ്ഥിരമായി ചെറിയ സംഖ്യകള്‍ സകാത്ത് ലഭിക്കുന്നവരുണ്ടാകും. അവരെയും തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ സമൂഹത്തില്‍ അവര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ കൊടുക്കുന്നവനും വാങ്ങുന്നവനും ആക്ഷേപമില്ലാത്തവിധം സംഘടിത സകാത്ത് വ്യവസ്ഥ നടപ്പാക്കുന്നിടത്താണ് അതിന്റെ വിജയം.
അതേസമയം സംഘടിത സകാത്ത് കമ്മിറ്റികള്‍ വഴി ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വിയോജിപ്പുണ്ട്. കമ്മിറ്റികള്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ് തീരുമാനമെടുക്കുക. ഒരു വ്യക്തിക്ക് പ്രത്യേകിച്ച് അവിടെ ഉത്തരവാദിത്തമുണ്ടാവില്ല. സകാത്ത് നല്‍കിയവനോ ലഭിക്കാത്തവനോ അതന്വേഷിച്ചാല്‍ 'കമ്മിറ്റിയുടെ തീരുമാനം അങ്ങനെയാണ്്' എന്നേ പറയൂ. ആ രീതി ശരിയല്ല. ഒരു വ്യക്തി കൃത്യമായി വക്കാലത്ത് ഏറ്റെടുക്കാനും അത് തുറന്ന് പ്രഖ്യാപിക്കാനും സാധിക്കണം. ആ വ്യക്തി മഹല്ലിലെ ഖാദിയാവണമെന്നില്ല. സാമ്പത്തിക വിശുദ്ധിയും അത് കൈകാര്യം ചെയ്യാന്‍ ശേഷിയുമുള്ള ഒരാളായാല്‍ മതി. വിതരണം ചെയ്യുന്നതിലും അര്‍ഹരെ കണ്ടെത്തുന്നതിലും വക്കാലത്ത് ഏല്‍പിക്കപ്പെട്ട വ്യക്തിക്ക് മറ്റുള്ളവരുമായി കൂടിയാലോചിക്കാം. സകാത്തിന്റെ കൈമാറ്റ പ്രക്രിയയുടെ സുതാര്യതക്ക് വേണ്ടി ഈയാവശ്യാര്‍ഥം ഫോം പൂരിപ്പിക്കുകയും സര്‍വേ നടത്തുകയുമെല്ലാം ചെയ്യാം. പാണമ്പ്ര മഹല്ലില്‍ ഇങ്ങനെയാണ് സംഘടിത സകാത്ത് വ്യവസ്ഥ നിലനിന്നുവരുന്നത്. ഈ വ്യവസ്ഥക്ക് തുടക്കമിട്ട വര്‍ഷത്തില്‍ ഈ വിഷയമെല്ലാം സവിസ്തരം പ്രതിപാദിച്ച് ഞാനൊരു ലഘുലേഖ എഴുതിയിരുന്നു. മഹല്ല് നേതൃത്വം അത് മുഴുവന്‍ വീടുകളിലും വിതരണം ചെയ്തു. അതിനോടുള്ള വിയോജിപ്പ് തോന്നിയ ചില വ്യക്തികള്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ സമീപിച്ചു. അദ്ദേഹം ലഘുലേഖയെല്ലാം വായിക്കുകയും നടപ്പാക്കുന്ന രീതിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്ത ശേഷം 'ഇങ്ങനെയാണെങ്കില്‍ കുഴപ്പമില്ല' എന്ന് പറഞ്ഞു. അങ്ങനെ എല്ലാവരുടെയും പിന്തുണയോടുകൂടിയാണ് സംഘടിത സകാത്ത് വ്യവസ്ഥ തുടങ്ങിയത്. അതിന്റെ ഗുണം തിരിച്ചറിഞ്ഞപ്പോള്‍ പിന്നീട് ഫിത്വ്ര്‍ സകാത്തും ഉദുഹിയ്യത്തുമെല്ലാം സംഘടിതമാക്കുകയായിരുന്നു.
താങ്കളുടെ മഹല്ലില്‍ മാതൃകാപരമായി നടപ്പിലാക്കിയ ഈ പദ്ധതികളെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരള മുസ്‌ലിം സമൂഹത്തിലെ തന്നെ ചില കൂട്ടായ്മകള്‍ വിജയിപ്പിച്ച് കാണിച്ചതല്ലേ? എന്തുകൊണ്ടാണ് അവര്‍ ഇത് നടപ്പാക്കിയപ്പോള്‍ സമൂഹഭൂരിപക്ഷം അംഗീകരിക്കാതിരുന്നത്?
അത്തരം കൂട്ടായ്മകള്‍ മുന്നോട്ടുവെച്ച സംഘടിത സകാത്ത് അടക്കമുള്ള സംവിധാനങ്ങള്‍ അവയുടെ രീതിയിലും നടത്തിപ്പിലും ചില വിയോജിപ്പോടെ എല്ലാവര്‍ക്കും ഏറ്റെടുത്ത് നടപ്പാക്കാവുന്നതായിരുന്നു. ഉള്‍ക്കൊള്ളാനുള്ള സാവകാശവും സഹിഷ്ണുതാപരമായ സംവാദവും അതിനാവശ്യമായിരുന്നു. പക്ഷേ, അതിന് മുന്നിട്ടിറങ്ങിയവര്‍ തീവ്രമായ വിമര്‍ശന ശൈലിയാണ് സ്വീകരിച്ചത്. കേരളത്തിലെ ഭൂരിപക്ഷവും പിന്തുടരുന്ന ശാഫിഈ മദ്ഹബിനെയും മഹല്ല് വ്യവസ്ഥയെയും അതിലെ ഖത്വീബുമാരെയുമെല്ലാം വിശ്വാസത്തിലെടുത്ത് വേണമായിരുന്നു അത് നടപ്പാക്കേണ്ടിയിരുന്നത്. അതുണ്ടായില്ലെന്ന് മാത്രമല്ല, സമുദായ ഭൂരിപക്ഷത്തിന് പരിചിതമായ ഫിഖ്ഹ് കാഴ്ചപ്പാടുകളെ അവര്‍ തള്ളിപ്പറഞ്ഞു. മഹല്ലിന് നേതൃത്വം നല്‍കുന്നവരെയും ഖത്വീബുമാരെയുമെല്ലാം വിവരമില്ലാത്ത യാഥാസ്ഥിതികരാക്കി. സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടാവണമെന്ന് ഇസ്‌ലാം അനുശാസിക്കുന്ന ക്ഷമയും സൗഹൃദ ശൈലിയും യുക്തിയും അവര്‍ പുലര്‍ത്തിയില്ല. സ്വാഭാവികമായും അവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയവര്‍ അവര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ സംഘടിക്കുന്നതിലേക്കാണ് ആ ശൈലി എത്തിച്ചത്. അതോടു കൂടി ഉള്‍ക്കൊള്ളലിന്റെ സൗഹൃദാന്തരീക്ഷം നഷ്ടപ്പെട്ടു. മിക്ക വിഷയങ്ങളിലും കേരളത്തില്‍ അതാണ് സംഭവിച്ചത്.
സകാത്ത് കമ്മിറ്റി രൂപീകരിക്കുന്നതിന് പകരം ഫിഖ്ഹിലെ തന്നെ പ്രമാണങ്ങള്‍ ഉദ്ധരിച്ച് വ്യക്തിയെ വക്കാലത്ത് ഏല്‍പിച്ച് സംഘടിതമായി കൊടുക്കുന്ന രീതി പരിചയപ്പെടുത്താമായിരുന്നു. ഇങ്ങനെ കേരള മുസ്‌ലിം സമൂഹത്തില്‍ വേരുറച്ച ഫിഖ്ഹ് മദ്ഹബുകളെയും അവരുടെ മതജീവിതത്തിന് നേതൃത്വം നല്‍കുന്ന മഹല്ല് സംവിധാനത്തെയും അതിന് നേതൃത്വം നല്‍കുന്ന ഉലമാക്കളെയും അംഗീകരിച്ചും ആദരിച്ചും നടപ്പാക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാവകാശമെങ്കിലും എല്ലാവരും തയാറാവും. അതിനുള്ള ക്ഷമയും പ്രവര്‍ത്തന ശൈലിയും സ്വീകരിക്കാന്‍ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കൂട്ടായ്മകളും തയാറാവേണ്ടതുണ്ട്.
Comments