Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 06

വിടപറഞ്ഞ ജനസേവകന്‍

അനീസുദ്ദീന്‍ ചെറുകുളമ്പ് /കുറിപ്പ്

         സുഊദി അറേബ്യയുടെ  ഭരണാധികാരിയായിരുന്ന അബ്ദുല്‍ അസീസ് അബ്ദുല്ല രാജാവ് ജനുവരി 23-ന്  ഇഹലോകവാസം വെടിഞ്ഞു. മരിക്കുമ്പോള്‍ തൊണ്ണൂറ് വയസ്സുണ്ടായിരുന്നു. ആധുനിക സുഊദിയുടെ സ്ഥാപകനായ അബ്ദുല്‍ അസീസിന്റെ മകനായി 1924-ല്‍ ജനിച്ച അബ്ദുല്ല രാജാവ്, ഫഹദ് രാജാവിന്റെ  മരണത്തെത്തുടര്‍ന്ന് സുഊദിയുടെ ആറാമത്തെ  അമരക്കാരനായി  2005-ലായിരുന്നു  അധികാരമേറ്റത്. മക്കയിലും മദീനയിലുമുള്ള പവിത്രമായ ഇരു ഗേഹങ്ങളുടെയും സേവകന്‍ എന്ന പ്രത്യേക വിശേഷണനാമമുള്ള അദ്ദേഹം സുഊദി രാജപദവിയിലുള്ള ഏറ്റവും പ്രിയങ്കരനായ രാഷ്ട്ര നായകനായിരുന്നു. മക്കയിലും മദീനയിലും ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത ഏറ്റവും  വലിയ  വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍  കഴിഞ്ഞത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. ഇതര അറബ് രാഷ്ട്ര സാരഥികളുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന രാജാവ് ഇതര രാജ്യങ്ങളുമായുള്ള സൗഹൃദം സ്ഥാപിക്കുന്നതിലും സഹവര്‍ത്തിത്വം ഊട്ടിയുറപ്പിക്കുന്നതിലും  ഏറെ  ജാഗ്രത കാണിച്ചിരുന്നു. സുഊദിയുടെ വിദ്യാഭ്യാസം, വ്യവസായം, വികസനം, ആരോഗ്യം തുടങ്ങി  മുഴുവന്‍ രംഗങ്ങളിലും വേറിട്ട പരിഷ്‌കരണങ്ങള്‍ ആസൂത്രണത്തോടെ നടപ്പിലാക്കിയതില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സ്മര്യപുരുഷന്  കഴിഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍  സ്വന്തം രാജ്യത്തെ പിടിച്ചുനിര്‍ത്താന്‍ നിമിത്തമാക്കിയ   അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്ര പാടവം ലോക വ്യാപകമായി പ്രശംസിക്കപ്പെടുകയുണ്ടായി. ലോകത്തിലെ പതിനെട്ട്  ശതമാനം എണ്ണ  കൈകാര്യം ചെയ്യുന്ന സുഊദിയിലും രാജ്യാന്തര  തലത്തിലും സമാധാനം നിലനിര്‍ത്തുന്നതില്‍ അസൂയാവഹമായ പുരോഗതി കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

സുഊദിയുടെ ബഹുമുഖമായ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ അദ്ദേഹം വരുത്തിയ  വിപ്ലവകരമായ  പരിഷ്‌കാരങ്ങള്‍ വമ്പിച്ച സ്വാധീനമാണ് ചെലുത്തിയിരുന്നത്. സ്ത്രീകളുടെ ബഹുമുഖമായ പുരോഗതിക്കും ശാക്തീകരണത്തിനും നിസ്തുല സംഭാവനകള്‍ രാജ്യനിവാസികള്‍ക്ക്  ലഭ്യമാവുന്നത് അബ്ദുല്ല രാജാവിന്റെ ഭരണകാലത്താണ്. സുഊദിയുടെ പരമോന്നത വേദിയായ ശൂറാ കൗണ്‍സിലില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവത്തതാണ്. 2011-ല്‍ നടപ്പാക്കിയ 'നിതാഖാത്ത്' എന്ന തൊഴില്‍ പദ്ധതി നടപ്പിലാക്കി സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനും അനഭിലഷണീയ തൊഴില്‍ പ്രവണതകള്‍ വിപാടനം ചെയ്യാനും അദ്ദേഹം മുന്നിട്ടിറങ്ങി. തൊഴില്‍ മേഖല വ്യവസ്ഥാപിതമാക്കാനായിരുന്നു ഈ നടപടിയെന്നും വിദേശികളെ ഒന്നടങ്കം  തുരത്താനായിരുന്നില്ലെന്നും നിഷ്പക്ഷമായി വിലയിരുത്തിയാല്‍ ബോധ്യമാകും. 

മൂന്നര പതിറ്റാണ്ട് കാലമായി  ലക്ഷക്കണക്കിന് പ്രവാസികള്‍ സുഊദിയില്‍ ജോലി ചെയ്ത് ജീവിക്കുന്നു.  നിയമവിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ സുഊദിയില്‍ ഭയപ്പെടേണ്ടതുള്ളൂ എന്ന സന്ദേശവും സുഊദി അധികൃതരുടെ  സമീപനങ്ങളില്‍ നിന്ന് നമുക്ക് ബോധ്യമായതാണ്. തികച്ചും അവ്യവസ്ഥിതിതമായി കിടന്നിരുന്ന സുഊദിയിലെ തൊഴില്‍രംഗം പരിഷ്‌കരിക്കാന്‍ നേരത്തെ നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെടുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് അബ്ദുല്ല രാജാവ് തന്റെ മന്ത്രിസഭ അഴിച്ചുപണിതത്. മാനവശേഷി തൊഴില്‍ മന്ത്രാലയം ഏല്‍പ്പിച്ചുകൊടുത്തത് സമര്‍ഥനായ എഞ്ചിനീയര്‍ ആദില്‍ ഫഖീഹിനെ ആയിരുന്നു.  അദ്ദേഹമാണ് രാജാവിന്റെ ഈ തൊഴില്‍ മേഖലയിലെ പരിഷ്‌കരണമായ  'നിതാഖാത്ത്' (വര്‍ഗീകരണം) കാര്യക്ഷമമായി നടപ്പിലാക്കിയത്. സ്വദേശത്ത് തൊഴിലില്ലാതെ വളര്‍ന്നുവരുന്ന യുവ സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു ഈ പരിഷ്‌കരണം.   

സുഊദിയിലെ  സുപ്രധാന  നഗരങ്ങളില്‍ നടപ്പിലാക്കിയ  ഭീമന്‍ മെട്രോ പ്രോജക്ടുകള്‍, കിംഗ് അബ്ദുല്ല സാമ്പത്തിക നഗരി പദ്ധതികള്‍ തുടങ്ങിയവയാണ് എടുത്തോതേണ്ട മറ്റു നേട്ടങ്ങള്‍. രാഷ്ട്രത്തിനും രാഷ്ട്രനിവാസികള്‍ക്കും നാനാതുറകളില്‍ അദ്ദേഹം നല്‍കിയ മഹത്തരമായ സേവനങ്ങളുടെ സ്മൃതികള്‍ ഓരോ സ്വദേശിയുടെയും വിദേശിയുടെയും മനസ്സിലുണ്ട്. നല്ല കുറെ  മാതൃകകളും  അടയാളങ്ങളും  ബാക്കിയാക്കി യാത്ര പോയ  സുഊദിയുടെ മുന്‍ അമരക്കാരന്‍ ചരിത്രത്തില്‍ അപൂര്‍വ വ്യക്തിത്വമായി ഓര്‍മിക്കപ്പെടും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 89-91
എ.വൈ.ആര്‍