കൈവിട്ടുപോകരുത് നമ്മുടെ പ്രിയമക്കള്‍

സംഭവം ഒരു ബാപ്പയും മകനും തമ്മിലുള്ള കത്തു സംഭാഷണമാണ്. 'പൊട്ടിത്തെറിപ്പ്' കൂടിയ മകനെക്കൊണ്ട് നാട്ടില്‍ പൊറുതികെട്ട പിതാവ് അവനെ അല്‍പം ദൂരെയുള്ള ഒരു സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ കൊണ്ടാക്കി. ഹോസ്റ്റലിലെ ചിട്ടവട്ടങ്ങളും ധാര്‍മിക ശിക്ഷണവും വഴി മകന്‍ എങ്ങനെയെങ്കിലും നന്നായിക്കിട്ടുമെന്നായിരുന്നു പിതാവിന്റെ പ്രതീക്ഷ. സന്താനങ്ങള്‍ നന്നായിക്കിട്ടാന്‍ സമ്പന്നര്‍ പോലും അത്രയൊന്നും സുഖസൗകര്യങ്ങളില്ലാത്ത ഹോസ്റ്റലുകളില്‍ മക്കളെ കൊണ്ടാക്കുന്ന കാലത്തായിരുന്നു അത്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മകനെ നേരെയാക്കാന്‍ കഴിയാത്ത ഒരു പിതാവിന്റെ അവസാനത്തെ പരീക്ഷണം. എന്നാല്‍ കൊണ്ടാക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍ മകന്റെ കത്ത്. കത്തിന്റെ ചുരുക്കം ''ഞാന്‍ ചാ... പോ!'' അതായത് ഹോസ്റ്റലില്‍നിന്ന് ചാടിപ്പോകുമെന്ന്. സഹികെട്ട പിതാവ് മറുപടിക്കത്തയച്ചു: ''നീ എ... പൊ!'' 'നീ എങ്ങോട്ടെങ്കിലും പൊയ്‌ക്കോ' എന്ന് സാരം.
പിതാവിനോട് ഞാന്‍ ചാടിപ്പോകുമെന്ന് മുന്നറിയിപ്പ് നല്‍കി 'മാന്യത' കാട്ടുന്ന മക്കളുടെ കാലം കഴിഞ്ഞു. എന്നാല്‍ 'നീ എവിടെയെങ്കിലും പോയ് തുലഞ്ഞോ' എന്ന് കരള് നീറിപ്പറയുന്ന ബാപ്പമാരുടെയും ഉമ്മമാരുടെയും എണ്ണം നമുക്കിടയില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. നൊന്ത് പെറ്റ്, കഷ്ടപ്പെട്ട് പോറ്റി വളര്‍ത്തിയ മക്കള്‍ കൊടുംവേദനയായി മാറുന്ന ഒരു ആസുര കാലത്താണ് നാം. ചിറക് മുളക്കുന്നത് കണ്ണുംനട്ട് കാത്തിരുന്നവരെ നിരാശരാക്കി അറ്റമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ, നാശത്തിന്റെ ചുടലക്കളങ്ങളിലേക്ക് ചേക്കേറുകയാണ് പുതിയ തലമുറ.
ലക്ഷങ്ങള്‍ മുടക്കി മകനെ മെഡിസിനു പഠിക്കാനയച്ച ഒരു ദീനീ കുടുംബത്തിലെ മാതാപിതാക്കള്‍, വളരെ ദൂരെയുള്ള അവന്റെ ഹോസ്റ്റലില്‍ സന്ദര്‍ശിക്കാന്‍ ചെന്നു. അവിടെ കണ്ട കാഴ്ചകള്‍ അവരെ ഞെട്ടിച്ചുകളഞ്ഞു. വളരെ പരസ്യമായി തന്നെ 'കുട്ടി ഡോക്ടര്‍മാര്‍' മദ്യപിക്കുന്നു! അവര്‍ 'ന്യൂകമര്‍' ഡോക്ടറുടെ മാതാപിതാക്കളോട് കാണിച്ച സംസ്‌കാരവും സംസാരവും, ഒരിക്കലും ഇത്തരം കാഴ്ചകള്‍ കണ്ടിട്ടില്ലാത്ത മാതാപിതാക്കളെ വല്ലാതെ അസ്വസ്ഥരാക്കി. മുടക്കിയ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടാലും പൊന്നു മകനെ നഷ്ടപ്പെടാതിരിക്കാന്‍ ആ രക്ഷിതാക്കള്‍ അന്ന് തന്നെ അവനെ അവിടെ നിന്ന് തിരികെ കൊണ്ടുവന്നു.
ദീനി ചിട്ടയില്‍ വളര്‍ത്തിയ മകളെ ഡോക്ടറാക്കാനുള്ള മറ്റൊരു കുടുംബത്തിന്റെ സ്വപ്നം പൊലിഞ്ഞത് ഇങ്ങനെ: മകളെ തേടി ഹോസ്റ്റലില്‍ ചെന്നപ്പോള്‍ കിട്ടിയ മറുപടി, അവള്‍ ടൗണില്‍ പോയി എന്നായിരുന്നു. ഗള്‍ഫില്‍ വളര്‍ന്ന മകള്‍ നാട്ടിലെ ഒരു ബസ്സിലും ഇതുവരെ ഒറ്റക്കു യാത്ര ചെയ്ത അനുഭവമില്ലാതിരുന്ന കാര്യം അറിയുന്ന മാതാപിതാക്കളുടെ അന്വേഷണത്തില്‍ തെളിഞ്ഞത്, ബോയ്ഫ്രണ്ടാണ് കൂട്ടിനുള്ളത് എന്നായിരുന്നു. ഒടുവില്‍ മകളെ കൂട്ടിയാണ് അവര്‍ ആ സ്ഥാപനം വിട്ടത്.
സൗഹൃദവും സ്വാതന്ത്ര്യവും ചൂഷണത്തിനും വഴിതെറ്റലിനുമുള്ള അവസരങ്ങളായി മാറുന്നത് വേദനയോടെ നാം തിരിച്ചറിയുന്നു. പരസ്പര വിശ്വാസവും ആത്മബന്ധങ്ങളും മാഞ്ഞുമറയുന്ന കാലമാണിതെന്ന് ഓരോ സംഭവങ്ങളും അടിവരയിടുന്നു. നാം നല്ലതെന്ന് കരുതുന്ന ബന്ധങ്ങള്‍ ഒടുവില്‍ ഖേദം മാത്രം നേടിത്തരുന്നു.
അരക്ഷിത സമൂഹത്തില്‍ വളര്‍ന്നവരും ധാര്‍മികബോധമില്ലാത്തവര്‍ക്ക് പിറന്നവരുമായ മക്കളാണ് സമൂഹത്തിന് ഭാരമായി വഴിതെറ്റുന്നതെന്ന പാരമ്പര്യ ധാരണക്ക് തിരുത്ത് കുറിക്കേണ്ട കാലം വൈകി. എന്റെ മകനെ/മകളെ എനിക്ക് വിശ്വാസമാണ് എന്ന് പറയാന്‍ നമുക്കിന്ന് അത്ര ധൈര്യമില്ല. വിവാഹം നിഷിദ്ധമാക്കപ്പെട്ടവരുടെ കൂടെ മാത്രമേ ഒരു സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യാവൂ എന്ന ദീനീതത്ത്വം പോലും ശങ്കിച്ചുമാത്രം സ്വീകരിക്കേണ്ട ഗതികേട്!
'വികാരങ്ങള്‍ ഭരിക്കുന്ന കാലത്ത് വിചാരങ്ങള്‍ ഭരിക്കപ്പെടും' എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അധമ വികാരങ്ങളും മ്ലേഛ ചിന്തകളും നാടു ഭരിക്കുന്ന ഇക്കാലത്ത് മനുഷ്യന്റെ സദ്‌വിചാരങ്ങളും സാംസ്‌കാരിക ബോധങ്ങളും നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിക്കുക തന്നെയാണ്. ഈ പൊള്ളുന്ന തിരിച്ചറിവാണ് നമ്മെ അല്‍പമെങ്കിലും രക്ഷിക്കുക. ഭൗതികാസക്തിയും ആര്‍ത്തിയും വെടിഞ്ഞ്, മക്കളുടെ ധാര്‍മിക വളര്‍ച്ചക്കും നല്ല ഭാവിക്കും മുന്‍തൂക്കം കൊടുക്കുക. ഏത് രംഗത്തും കനത്ത ജാഗ്രത പുലര്‍ത്തുക. ഒരു മൂന്നാംകണ്ണ് എപ്പോഴും നമ്മുടെ കുട്ടികള്‍ക്ക് മേലുണ്ടാകണം. കാലം വല്ലാതെ മാറിയെന്നും, പലതും നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്താണെന്നും തിരിച്ചറിയുക. അതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട മക്കളെ കൈവിട്ടുപോകാതെ കാക്കാന്‍ കഴിയേണ്ടതുണ്ട്.
Comments