വസ്ത്രധാരണം അല്‍പം ആലോചനകള്‍

ആദമും ഹവ്വയും വിലക്കപ്പെട്ട കനി കഴിച്ചത് മുതല്‍ തന്നെ, മനുഷ്യ ശരീരത്തില്‍ എല്ലായിടവും ഒരുപോലെയല്ലെന്ന തോന്നല്‍ ഉണ്ടായിത്തുടങ്ങിയതായി മതങ്ങളും, പരിണാമത്തിന്റെ ആദ്യദശകങ്ങളില്‍ തന്നെ നാണം മറച്ചുതുടങ്ങിയതായി ശാസ്ത്രവും പറയുന്നു. ജീവശാസ്ത്രപരമായി വിലയിരുത്തുമ്പോള്‍ കാലാവസ്ഥാവ്യതിയാനത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നതിനുള്ള ഉപായമാണ് വസ്ത്രം. പ്രാദേശിക വിഭവലഭ്യതയുടെ അടിസ്ഥാനത്തില്‍ കാലാവസ്ഥക്ക് ഇണങ്ങുന്ന വേഷവിധാനമായിരുന്നു ആദ്യകാല അനുഭവങ്ങള്‍. ജനനം, മരണം, വിവാഹം, പ്രാര്‍ഥന തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ആചാരം, പാരമ്പര്യം, വിശ്വാസം, കീഴ്‌വഴക്കം എന്നീ ഘടകങ്ങളും ക്രമേണ വേഷവിധാനത്തെ സ്വാധീനിച്ചു തുടങ്ങി. അതോടെ ജീവശാസ്ത്രപരം എന്നതിലുപരി സാംസ്‌കാരികവും സൗന്ദര്യശാസ്ത്രപരവുമായ ഒരു തലത്തില്‍ വസ്ത്രധാരണം വിലയിരുത്തപ്പെടാന്‍ തുടങ്ങി. ഇന്നും അധികാരം, പദവി എന്നിവ കാണിക്കുന്നതിന് സ്ഥാനവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു.
എന്നാല്‍, വ്യവസായവിപ്ലവം വരെ കാത്തിരുന്നിട്ടാണ് മനുഷ്യരാശി ഇന്ന് കാണുന്ന വസ്ത്ര വിപ്ലവത്തില്‍ എത്തിച്ചേരുന്നത്. നൂല്‍, നൂല്‍ക്കാനും നെയ്യാനുമുള്ള ഉപകരണങ്ങള്‍ (സ്പിന്നിംഗ് ജെന്നി (1767), പവര്‍ലൂം(1785), പറക്കുന്ന ഓടം(1733), വാട്ടര്‍ഫ്രെയിം(1769), മ്യൂള്‍ (1779), ആവിയന്ത്രം(1785) എന്നിവ രംഗത്ത് വന്നതോടു കൂടിയാണ് സാധാരണക്കാര്‍ക്ക് മാന്യമായി നാണം മറയ്ക്കാന്‍ സാധ്യമായത്. പതിനാറാം നൂറ്റാണ്ട് വരെയെങ്കിലും പരുത്തികൊണ്ടുള്ള വസ്ത്രങ്ങള്‍ പണക്കാരന്റെ മാത്രം സാധ്യതയായിരുന്നു. ഖുര്‍ആന്റെ അവതരണകാലത്ത് പോലും മൃഗത്തിന്റെ തോലുകള്‍ നാണം മറയ്ക്കാന്‍ ഉപയോഗിച്ചിരുന്നതായി ഖുര്‍ആന്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ നിന്ന് നമുക്ക് അനുമാനിക്കാം. അക്കാലത്ത് ഈജിപ്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതല്ലാതെ അറേബ്യയില്‍ ഒരിടത്തും പരുത്തി കൃഷി ചെയ്തിരുന്നില്ല. നൂല്‍ക്കാനും നെയ്യാനും നിറം നല്‍കാനും മനുഷ്യാധ്വാനത്തെ മാത്രം ആശ്രയിച്ചിരുന്നതിനാല്‍ യാത്രാ ചെലവ് ഉള്‍പ്പെടെ വലിയ തുക ആവശ്യമുള്ള അവശ്യ വസ്തുവായിരുന്നു നൂലുകൊണ്ടുള്ള തുണിത്തരങ്ങള്‍.
പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള വിവിധ രാജ്യങ്ങളിലെ പെയ്ന്റിംഗുകള്‍ പരിശോധിച്ചാല്‍ സാധാരണക്കാര്‍ നാണം മറയ്ക്കാന്‍ മാത്രം വസ്ത്രം ഉപയോഗിച്ചപ്പോള്‍ സമൂഹത്തിലെ ഉപരിവര്‍ഗമായ രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, ജന്മിമാര്‍, പുരോഹിതന്മാര്‍ (ക്രൈസ്തവ പുരോഹിതര്‍ അക്കാലത്തെ എറ്റവും സമ്പന്നവര്‍ഗമായിരുന്നു. വിക്ടര്‍ ഹ്യൂഗോവിന്റെ 'പാവങ്ങള്‍' പോലുള്ള രചനകളിലെ ചിത്രീകരണങ്ങള്‍ സമ്പന്നതയുടെ അളവ് ബോധ്യപ്പെടുത്തിത്തരും) എന്നിവര്‍ക്ക് മാത്രമാണ് ശരീരം മറയ്ക്കാന്‍ മാത്രം വസ്ത്രങ്ങള്‍ ഉണ്ടായിരുന്നത്. രാജാക്കന്മാരും പ്രഭുക്കന്മാരും തങ്ങളുടെ പ്രതാപം കാണിക്കുന്നതിന് വേണ്ടി ആവശ്യത്തിലധികം നീളമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും, നിലത്ത് ഇഴയുന്ന ഇത്തരം വസ്ത്രങ്ങള്‍ പൊക്കിപ്പിടിക്കുന്നതിന് അടിമകളെ കൂടെ കൊണ്ട് നടക്കുന്നതും അക്കാലത്ത് പതിവായിരുന്നു. നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന പ്രവാചക അധ്യാപനത്തിന്റെ പശ്ചാത്തലം അതാണ് (കോടികള്‍ വിലമതിക്കുന്ന കാറില്‍ സഞ്ചരിക്കുന്നവര്‍ നെരിയാണിക്ക് മുകളില്‍ വസ്ത്രം ധരിക്കാന്‍ ശാഠ്യം പിടിക്കുമ്പോള്‍ ആരെയാണ് വിഡ്ഢിയാക്കുന്നത്?).
പ്രവാചകന്റെ അനുയായികളില്‍ വലിയപങ്കും മുട്ടോളമെത്തുന്ന വസ്ത്രംപോലും ധരിക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്തവരായിരുന്നു. നമസ്‌കാരസമയത്ത് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കണക്കിലെടുത്ത് പുരുഷന്മാര്‍ സുജൂദില്‍ നിന്ന് എഴുന്നേറ്റതിന് ശേഷം മാത്രമേ സ്ത്രീകള്‍ തലയുയര്‍ത്താവൂ എന്ന് പ്രത്യേകം നിര്‍ദേശിക്കപ്പെട്ടതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഖലീഫ ഉമറിന് സമ്മാനമായി ലഭിച്ച തുണി വിതരണം നടത്തിയതിനുശേഷം അദ്ദേഹത്തിന്റെ കൈവശം കണക്കില്‍പെടാത്തത് ഉണ്ടെന്ന് തെറ്റിദ്ധരിച്ച സ്വഹാബത്ത് ചോദ്യംചെയ്ത കാര്യം ചിലര്‍ക്ക് ഒരുപക്ഷേ കൗതുകകരമായിരിക്കും. തുണിത്തരങ്ങള്‍ക്ക് നിറം നല്‍കുന്നത് താരതമ്യേന ചെലവുള്ളതായതിനാല്‍ വെള്ളവസ്ത്രങ്ങളാണ് പൊതുവില്‍ ഉപയോഗിച്ചിരുന്നത്. നിറമുള്ള തുണിത്തരങ്ങള്‍ ഉപയോഗിക്കുന്നത് പാപമാണ് എന്ന തോന്നല്‍ ഒഴിവാക്കുന്നതിന് 'പള്ളികളില്‍ നിങ്ങള്‍ അലങ്കാരവസ്ത്രം ധരിച്ചുകൊള്ളുക' (24:30,31) എന്ന് പ്രത്യേകമായിത്തന്നെ പറഞ്ഞതു കാണാം. മരുഭൂ വാസികളെ സംബന്ധിച്ചാവുമ്പോള്‍ സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കട്ടികൂടിയ തലപ്പാവ് നിര്‍ബന്ധമായിരുന്നു (രാജസ്ഥാനിലെയും സഹാറ-ഥാര്‍ മരുഭൂമികളിലെയും അമുസ്‌ലിം ഗോത്രവര്‍ഗങ്ങളുടെ തലപ്പാവ് ഉദാഹരണം). മാറ് മറയ്ക്കല്‍ അന്ന് സ്ത്രീകള്‍ക്ക് പതിവുണ്ടായിരുന്നില്ല. അറബികളോട് തലപ്പാവിന്റെ കഷ്ണം കൊണ്ട് മാറ് മറയ്ക്കാനുള്ള ഖുര്‍ആന്റെ നിര്‍ദേശം ചേര്‍ത്ത് വായിക്കുക.
ആരാധനാസമയത്ത് നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ശരീരഭാഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അടിമസ്ത്രീകളോട് ഉദാരസമീപനം സ്വീകരിച്ചത് കാണാം. അക്കാലത്ത് അടിമസ്ത്രീകളില്‍ നീഗ്രോകളെ കൂടാതെ ഈജിപ്തുകാരും പേര്‍ഷ്യക്കാരും റോമക്കാരും ഉണ്ടായിരുന്നു എന്ന് ഓര്‍ക്കണം. ഈ വിഷയത്തില്‍ 'സ്വയം മറഞ്ഞിരിക്കുന്നത്' (24:30,31) എന്ന സമീപനമാണ് ഖുര്‍ആന്‍ വെച്ചുപലര്‍ത്തുന്നത്. ചുരുക്കത്തില്‍, മറച്ചുവെച്ച ശരീരം എന്നത് അടുത്തകാലം വരെ സമൂഹത്തിലെ വരേണ്യ ജനവിഭാഗത്തിന്റെ മാത്രം അവകാശമായാണ് ഗണിച്ചിരുന്നത്. വ്യവസായ വിപ്ലവാനന്തരം തുണിത്തരങ്ങള്‍ക്ക് വിലകുറഞ്ഞിട്ടുപോലും ഈ രീതി മാറ്റിയെടുക്കാന്‍ ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്ക് സമരം വരെ നടത്തേണ്ടിവന്നിട്ടുണ്ട് (തിരുവിതാംകൂറിലെ ചന്നാര്‍ കലാപം നല്ല ഉദാഹരണമാണ്). മുസ്‌ലിം സമൂഹത്തിലെ സ്ത്രീ കളില്‍ അടുത്തകാലത്തായി കണ്ടുവരുന്ന 'ഡ്രസ്സ് കോഡ്' സമൂഹത്തിന്റെ പൊതു അച്ചടക്കത്തിന് നല്ലതാണെങ്കിലും അതില്‍ പ്രവാചക മാതൃകയുണ്ട് എന്ന ധാരണ ആരോഗ്യകരമല്ല.
പ്രവാചകന്റെ കാലത്തെ സാമൂഹികഘടന വിലയിരുത്തുമ്പോള്‍ പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയിരുന്നു എന്ന വസ്തുത നിലനില്‍ക്കെ തന്നെ സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ (കൃഷി, കച്ചവടം, യുദ്ധം തുടങ്ങി എല്ലാ മേഖലയിലും) സ്വതന്ത്രമായി ഇടപെട്ടത് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്നും ചരിത്ര ഗ്രന്ഥങ്ങളില്‍നിന്നും മനസ്സിലാക്കാം. ഇന്ന് മുസ്‌ലിം ആരാധനാലയങ്ങളില്‍ കാണുന്നതു പോലെ പ്രവാചകന്റെ പള്ളിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ പ്രത്യേകം മറ ഉണ്ടായിരുന്നതായി പ്രമാണങ്ങളില്‍ കാണുന്നില്ല. ഒരു ഈത്തപ്പനയോല കൊണ്ടെങ്കിലും മറച്ചിരുന്നെങ്കില്‍ അത് ഉദ്ധരിക്കപ്പെടുമായിരുന്നു. പ്രവാചകപത്‌നിമാരുടെ അടുത്തു പോലും ലജ്ജ കൂടാതെ ലൈംഗികമായ സംശയങ്ങള്‍ ചോദിച്ചറിഞ്ഞിരുന്ന സാഹചര്യം വരെ എത്തിയപ്പോള്‍ ഖര്‍ആന്‍ ഇടപെടുന്നതും സംസാരത്തിന് മറ വേണം എന്ന് നിര്‍ദേശിക്കുന്നതും കാണാം (ഭാഷാപരമായ മറ ഏര്‍പ്പെടുത്തി എന്ന് വിശ്വസിക്കുന്നതാണ് സംസ്‌കാരത്തിന് ചേര്‍ന്നതെങ്കിലും പണ്ഡിതമതം മറിച്ചാണ്). സംസാരത്തിന് മറ എന്ന ഈ നിര്‍ദേശം പോലും പ്രവാചകപത്‌നിമാരില്‍ പരിമിതമായിരുന്നു എന്നാണ് പണ്ഡിത മതം. എന്നാല്‍ ഇന്ന് പള്ളികളില്‍ മാത്രമല്ല പുറത്തും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേറെ വേറെ ലോകങ്ങള്‍ തന്നെ സൃഷ്ടിക്കാനുള്ള തിരക്കിലാണ് ചിലര്‍.
ലോക മുസ്‌ലിംസമൂഹം പേര്‍ഷ്യക്കാരില്‍ നിന്ന് കടംകൊണ്ട നല്ല ലക്ഷണമായി വേണം പര്‍ദയെ കാണാന്‍. ഇന്ന് പള്ളികളുടെ അടയാളമായി പെതുവില്‍ കണ്ടുവരുന്ന മിനാരങ്ങള്‍ പേര്‍ഷ്യക്കാരുടെ സംഭാവനയാണ്. ആദ്യകാലത്ത് അഗ്നിയെ ആരാധിച്ചിരുന്ന മജൂസികളുടെ ദേവാലയങ്ങളില്‍ തീ കത്തിച്ചുവെക്കാനാണ് ഈ ഗോപുരങ്ങള്‍ ഉപയോഗിച്ചിരുന്നത്. അതിലെ വിഗ്രഹാരാധനാപരമായ അംശം ഒഴിവാക്കി ലോക മുസ്‌ലിംസമൂഹം അതിനെ പ്രതീകമായി സ്വീകരിച്ചു. കേരളീയ മാതൃകയില്‍ ഉണ്ടായിരുന്ന ആദ്യകാല പള്ളികള്‍ ഏറക്കുറെ പേര്‍ഷ്യന്‍ മാതൃകയില്‍ പുതുക്കിപ്പണിതു. പള്ളികള്‍ക്ക് കേരളീയ വാസ്തു മാതൃക പാടില്ലെന്ന് ആരോ തീരുമാനിച്ചത് പോലെ തോന്നുന്നു. സാന്ദര്‍ഭികമായി ഓര്‍മപ്പെടുത്തട്ടെ: മദീനയിലെ പള്ളിയില്‍ ക്രൈസ്തവ പുരോഹിതരെ പ്രവാചകന്‍ ആരാധന നടത്താന്‍ അനുവദിച്ചിരുന്നു. ലോകത്ത് ഏതെങ്കിലും മുസ്‌ലിംപള്ളിയില്‍ ഇന്ന് അത് സാധ്യമാണോ? നമ്മുടെ 'സ്വഭാവം' അറിയുന്നതുകൊണ്ട് ദുരിതകാലത്ത് ആശ്വാസം തേടി പോലും സഹോദര സമുദായങ്ങള്‍ അടുത്തുള്ള പള്ളികളില്‍ പോവാറില്ല എന്നത് ശരിയല്ലേ?
Comments