Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 06

മുസ്‌ലിംകള്‍ക്കെതിരിലുള്ള പ്രത്യയശാസ്ത്ര യുദ്ധം

സ്റ്റീഫന്‍ ശീഹി /പുസ്തകത്തില്‍നിന്ന്

         'യാളുകള്‍ (ഇറാനികള്‍) കഴുതക്കാഷ്ഠമാണ്,'* പുതുതായി നിയോഗിതനായ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് ചീഫ് അഡ്മിറല്‍ വില്യം ഫാലന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് വിശദീകരിച്ചുകൊടുക്കുകയാണ്. ''ഈയാളുകളുമായി കാര്യങ്ങള്‍ സംസാരിച്ച് ശരിയാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്'' എന്ന് ഫാലന്‍ പറയാന്‍ ധൈര്യപ്പെട്ടതാണ് ബുഷിനെ ഇങ്ങനെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. ഈ സംഭവത്തിന് വലിയ മീഡിയാ കവറേജ് ലഭിക്കുകയുണ്ടായി. നേരത്തെ പലരും സംശയിച്ചിരുന്നത് സത്യമായിരുന്നുവെന്ന് അത് വെളിപ്പെടുത്തുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന് ഇറാനികളോട് ആഴത്തില്‍ വേരോടിയ വെറുപ്പ് ഉണ്ടായിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ ഇറാന്‍-ഇറാഖ് സ്ട്രാറ്റജി തെളിവാണ്. ഇറാനുമായോ ആ മേഖലയുമായോ ബന്ധപ്പെട്ട പ്രശ്‌നത്തില്‍ 'യാഥാര്‍ഥ്യനിഷ്ഠമായ ഒരു നിലപാട്' ആ സ്ട്രാറ്റജിയില്‍ ഉണ്ടായിരുന്നില്ല. അതേസമയം, എണ്ണ താല്‍പര്യങ്ങള്‍ മുന്നോട്ട് നയിച്ച ബുഷിന്റെ ഇറാഖ് യുദ്ധസന്നാഹങ്ങളില്‍ ഒപ്പംനിന്ന വില്യം ഫാലന്‍ പക്ഷേ, തെഹ്‌റാനെതിരെയുള്ള സൈനിക നീക്കത്തിന് അനുകൂലമായിരുന്നില്ല. തുടര്‍ന്ന് അല്‍ജസീറയുമായി നടത്തിയ അഭിമുഖത്തില്‍ വാഷിംഗ്ടണ്‍ 'തുടര്‍ച്ചയായി യുദ്ധ പെരുമ്പറകള്‍' മുഴക്കുന്നതിനെ ഫാലന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 'അതൊന്നിനും സഹായകമല്ല' എന്ന് തുറന്നടിച്ചു. എസ്‌ക്വയര്‍ മാഗസിനുമായുള്ള അഭിമുഖത്തോടെ ബുഷ് ഭരണകൂടവും താനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പുറത്താവുകയും ഫാലന് സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. ബുഷിന്റെ യുദ്ധ പദ്ധതികള്‍ക്കെതിരെ നീങ്ങാന്‍ ധീരത കാണിച്ചതിന് ഈ അഡ്മിറല്‍ പുകഴ്ത്തപ്പെട്ടപ്പോള്‍, ഇറാനികള്‍ക്ക് അദ്ദേഹം നല്‍കിയ ഒരു വിശേഷണം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. നേരത്തെപ്പറഞ്ഞ അതേ എസ്‌ക്വയര്‍ അഭിമുഖത്തില്‍ ഫാലന്‍ ഇറാനികളെ വിളിച്ചത് 'ഉറുമ്പുകള്‍' എന്നായിരുന്നു. 'സമയം വരുമ്പോള്‍ നാം അവരെ ചവിട്ടിയരക്കും.'

2001 സെപ്റ്റംബര്‍ 11-ന് ശേഷം, മുസ്‌ലിംകള്‍ക്കെതിരെ, പ്രത്യേകിച്ച് അറബികള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗത്തിന് ഒരു അതിര്‍വരമ്പും ഇല്ലെന്ന് വന്നു. മുന്‍കാലങ്ങളില്‍ സാമാന്യബോധമുള്ള ഏതൊരു എഡിറ്ററും വെട്ടിക്കളയുന്ന പരാമര്‍ശങ്ങള്‍ ആന്‍ കോള്‍ട്ടര്‍ പോലുള്ള വിദ്വേഷ പ്രചാരകരുടെ തൂലികത്തുമ്പിലൂടെ പുറത്ത് വന്നു. ''നമ്മള്‍ അവരുടെ നാടുകള്‍ കൈയേറണം, അവരുടെ നേതാക്കളെ കൊല്ലണം, ജനങ്ങളെ ക്രൈസ്തവതയിലേക്ക് മതം മാറ്റണം.'' 9/11 സംഭവത്തിന് രണ്ട് ദിവസം കഴിഞ്ഞ് ആന്‍ കോള്‍ട്ടര്‍ എഴുതി. ''ജര്‍മന്‍ നഗരങ്ങള്‍ കാര്‍പറ്റ് ബോംബിംഗ് നടത്തിയവരാണ് നമ്മള്‍. നാം സിവിലിയന്മാരെ കൊന്നു. കാരണമത് യുദ്ധമാണ്. ഇതും യുദ്ധം തന്നെ.'' ഭാഷയിലെ ഈ ഹിംസാത്മകത പിന്നീട് കുറയുകയല്ല ചെയ്തത്. അമേരിക്കന്‍ വിദേശനയം കൂടുതല്‍ അക്രമോത്സുകമാവുന്നതിനനുസരിച്ച് ഈ ഹിംസാത്മകതയും വര്‍ധിച്ചുവന്നു. ബുഷ് ഇറാനികളെ കഴുതക്കാഷ്ഠമെന്നും, അമേരിക്കന്‍ വിദേശ സേനാവ്യൂഹത്തിന്റെ തലവന്‍ അവരെ ഉറുമ്പുകളെന്നും ആക്ഷേപിച്ചപ്പോള്‍, മറ്റൊരു സൈനിക തലവന്‍ ലഫ്. ജനറല്‍ ജയിംസ് മാറ്റിസ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇങ്ങനെയാണ് മൊഴിഞ്ഞത്: ''നിങ്ങള്‍ അഫ്ഗാനിസ്താനിലേക്ക് പോകുന്നു. മുഖാവരണം ധരിക്കാത്തതിന് സ്ത്രീകളെ അടിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് നിങ്ങള്‍ അവിടെ കാണുക. അവരില്‍ ഇനി മനുഷ്യത്വത്തിന്റെ തരിമ്പും ബാക്കിയില്ല. അതിനാല്‍ അവരെ വെടിവെച്ച് വീഴ്ത്തുന്നത് ഭയങ്കര തമാശ തന്നെയായിരിക്കും.'' പുറം നാടുകളില്‍ പോയി മുസ്‌ലിംകളെ കൊന്നൊടുക്കുന്നതില്‍ വിനോദവും ന്യായീകരണവും കണ്ടെത്തുന്നതിന് മുമ്പ്, വെള്ള അമേരിക്കന്‍ മുഖ്യധാര ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിസ്ഥാനത്ത് നിര്‍ത്തി അതിലേക്കുള്ള വഴിയൊരുക്കുന്നുണ്ടായിരുന്നു. 9/11 ന് ശേഷം മുസ്‌ലിംകളും അറബികളും ഇറാനികളും എന്നല്ല ഇസ്‌ലാം തന്നെയും അമേരിക്കയില്‍ പരസ്യ അവഹേളനത്തിന് പാത്രമായിക്കൊണ്ടിരുന്നു. ടിവിയിലും പ്രിന്റ് മീഡിയയിലും റേഡിയോയിലുമെല്ലാം അവര്‍ അവഹേളിക്കപ്പെട്ടു. രാപ്പകലുകള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്, 'ആ പഴയ മതത്തിന്റെ' വിശേഷണങ്ങളാണ്. 'അഭിമാനക്കൊല, പെണ്‍ചേലാകര്‍മം, സ്ത്രീകളെ ഡ്രൈവിംഗിന് അനുവദിക്കുന്നില്ല, ജൂതന്മാരെക്കുറിച്ച് കുരങ്ങന്മാര്‍, പന്നികള്‍ എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു,' ഇത്യാദി.

കേബ്ള്‍-റേഡിയോ ടോക് ഷോകളില്‍ വെറുപ്പുല്‍പ്പാദകരായ തീവ്ര വലത്പക്ഷക്കാരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പലരും ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും, ലിബറല്‍ വൃത്തങ്ങളും ഇസ്‌ലാമോഫോബിയ വാര്‍പ്പ് മാതൃകകളെയും തെറ്റായ പ്രതിനിധാനങ്ങളെയും തന്നെയാണ് തങ്ങളുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താന്‍ കഴിയും. ഡമോക്രാറ്റും പുരോഗമന പക്ഷക്കാരനുമായ ഹവാര്‍ഡ് ഡീന്‍ 'ഗ്രൗണ്ട് സീറോ മസ്ജിദി'നെപ്പറ്റി നടത്തിയ പരാമര്‍ശം ഇതിന് മികച്ച ഉദാഹരണമാണ്. WABC റേഡിയോയുമായി സംസാരിക്കവെ, ലോകവ്യാപാര കേന്ദ്രം തകര്‍ക്കപ്പെട്ട 'ഗ്രൗണ്ട് സീറോ'യില്‍ നിന്ന് രണ്ട് ബ്ലോക്ക് മാത്രം അകലെ ഒരു ഇസ്‌ലാമിക് സെന്റര്‍ പണിയുന്നത് 2001 സെപ്തംബര്‍ 11-ന് 'ജീവന്‍ പൊലിഞ്ഞവരോടുള്ള കടുത്ത അവഹേളനം' ആണെന്ന് അദ്ദേഹം പറഞ്ഞു. ആ സംസാരം ഇങ്ങനെ തുടര്‍ന്നു: ''അമേരിക്കന്‍ നഗരങ്ങളില്‍ മസ്ജിദുകള്‍ ഉണ്ടാകുന്നത് നല്ലത് തന്നെ എന്നാണ് എന്റെ അഭിപ്രായം. അമേരിക്കയില്‍ മുസ്‌ലിംകള്‍ വര്‍ധിക്കുകയുമാണ്. ഇവരില്‍ അധികവും മിതവാദി മുസ്‌ലിംകളാണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്ക് ലോകം മുഴുക്കെ ഇസ്‌ലാമിന്റെ മേല്‍ സ്വാധീനമുണ്ടാകുമെന്നും ഞാന്‍ വിചാരിക്കുന്നു. കാരണം ഇസ്‌ലാം ഇറാന്‍, അഫ്ഗാനിസ്താന്‍ പോലുള്ള നാടുകളില്‍ തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. അവര്‍ ജനങ്ങളെ കല്ലെറിഞ്ഞു കൊന്നുകൊണ്ടിരിക്കുന്നു. പക്ഷേ, മുസ്‌ലിംകളെ തള്ളിമാറ്റിക്കൊണ്ടല്ല നാം അത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടത്. പകരം അവരെ പുണര്‍ന്നുകൊണ്ടും മറ്റേതൊരു അമേരിക്കക്കാരനെയും പോലെ മുസ്‌ലിമായ അമേരിക്കക്കാരനെയും സ്വീകരിച്ചുകൊണ്ടുമാണ്.'' ഇസ്‌ലാമോഫോബിയക്ക് ആഖ്യാനമാണ് ഈ പ്രസ്താവനയില്‍ നാം കാണുന്നത്. മുസ്‌ലിംകളെ അമേരിക്കന്‍ സംസ്‌കാരത്തിലേക്ക് സ്വീകരിക്കേണ്ടത് തന്നെ, പക്ഷേ അവര്‍ അമേരിക്കന്‍ അധീശത്വത്തിനോ വെള്ള വംശീയ ആധിപത്യത്തിനോ വെല്ലുവിളി ഉയര്‍ത്തരുത്. പിന്നെയോ, അവര്‍ മറ്റു മുസ്‌ലിം സമൂഹങ്ങളില്‍ പ്രവര്‍ത്തിച്ച് അവരെക്കൂടി അമേരിക്കന്‍ ആലയത്തിലേക്ക് കൊണ്ടുവരണം. ഹവാര്‍ഡ് ഡീന്റെ സംസാരത്തിലെ ധ്വനി ഇതാണ്.

ലിബറലുകളും പുരോഗമനക്കാരുമൊക്കെ ക്രിസ്ത്യന്‍ മൗലികവാദത്തെ വിമര്‍ശിക്കാറുണ്ടെങ്കിലും, മുസ്‌ലിംകള്‍ ഉയര്‍ത്തുന്നത് പ്രത്യേകതരം ഭീഷണിയും വെല്ലുവിളിയുമാണെന്നാണ് അവരുടെയും സംസാരത്തില്‍ നിന്ന് വായിച്ചെടുക്കാനാവുക. ഹവാര്‍ഡ് ഡീന്റെ സംസാരത്തില്‍ നാമത് കണ്ടു. നിരീശ്വരവാദിയായ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോകിന്‍സിന്റെയും, നിരീശ്വരവാദിയും യുദ്ധത്തിന്റെ ആര്‍പ്പ്‌വിളിക്കാരനുമായ ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്റെയും രചനകള്‍ നോക്കുക. എല്ലാ മതങ്ങളും അയുക്തികവും അന്ധവിശ്വാസ ജടിലവുമാണെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും, ആത്മപരിശോധനകളെ നിരാകരിച്ച് ഹിംസയിലൂടെ ഭിന്നാഭിപ്രായങ്ങളെ അടിച്ചൊതുക്കാനുള്ള അസാധാരണ താല്‍പര്യം ഇസ്‌ലാമിനുണ്ടെന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. പുരോഗമന ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും സൈനികാധിനിവേശത്തെയും അമേരിക്കന്‍ സാമ്രാജ്യത്വ പ്രവണതയെയും വിമര്‍ശിക്കുന്നത് നാം കാണാറുണ്ട്. മുസ്‌ലിംകളുമായി സൈനിക സാഹസത്തിന് മുതിരുന്നത് ഫലം കാണില്ലെന്നും അവര്‍ പറയും. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും വിട്ടുവീഴ്ചയില്ലായ്മയും പിന്നാക്കാവസ്ഥയുമാണ് അതിന് കാരണം എന്നും കൂട്ടിച്ചേര്‍ക്കും. പീസ് സ്റ്റഡീസിന്റെ സ്ഥാപകനും ദീര്‍ഘകാല യുദ്ധവിരുദ്ധ ആക്ടിവിസ്റ്റുമായ ജൊഹാന്‍ ഗുള്‍ടങ്ങിന്റെ പരാമര്‍ശം ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ലോകവുമായുള്ള ഇടപഴക്കത്തില്‍ അമേരിക്കന്‍ നിലപാട് മൗലികമായി മാറേണ്ടതുണ്ടെന്നാണ് അദ്ദേഹം വാദിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വം അവസാനിക്കണമെന്നും ആഗോള സമാധാനം പുലരണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ട്. പക്ഷേ തന്റെ വിശകലനങ്ങളില്‍ വലത് പക്ഷക്കാരുടെയും നിയോലിബറലുകളുടെയും വാര്‍പ്പ് മാതൃകകള്‍ അദ്ദേഹവും കൊണ്ടുവരുന്നു. വിശകലനരീതി ഇങ്ങനെ പോകുന്നു: മുസ്‌ലിംകള്‍ക്ക് സമയം, സമൂഹം, ചരിത്രം, രാഷ്ട്രീയം എന്നിവയെക്കുറിച്ചൊക്കെ തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളത്. 'അവിശ്വാസികള്‍ക്കെതിരെ' അവര്‍ ഇസ്‌ലാമിനെ ശക്തമായി പ്രതിരോധിക്കുന്നു. അവരുടെ ജന്മനാട്ടില്‍ ക്രിസ്ത്യന്‍-ജൂത വിഭാഗങ്ങളുടെ ഭരണം അവര്‍ അനുവദിക്കുകയില്ല. അതിനാല്‍ അവര്‍ക്കെതിരെ യുദ്ധത്തിനൊരുങ്ങുന്നത് വ്യര്‍ഥമാണ്. കാരണം കാലത്തെക്കുറിച്ചുള്ള തങ്ങളുടെ സവിശേഷ വീക്ഷണം കാരണമായി അവര്‍ 'അവിശ്വാസികള്‍'ക്കെതിരെ അറ്റമില്ലാതെ യുദ്ധം ചെയ്തുകൊണ്ടിരിക്കും. മറ്റൊരു വാക്കില്‍, അമുസ്‌ലിം ആധിപത്യത്തിനെതിരെ തളര്‍ച്ചയില്ലാതെ പോരാടുന്ന ഒരു മതമൗലികവാദി ഓരോ മുസ്‌ലിമിന്റെ അകത്തും ഉള്ളതിനാല്‍ അമേരിക്ക എത്രയും വേഗം മുസ്‌ലിംകളുമായുള്ള യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടത്!

വലതെന്നോ ഇടതെന്നോ, മതവാദിയെന്നോ നിരീശ്വരവാദിയെന്നോ വ്യത്യാസമില്ലാതെ അമേരിക്കന്‍ ജീവിതത്തിന്റെ സകല തുറകളെയും ഇസ്‌ലാമോഫോബിയ അടക്കി ഭരിക്കുന്നു. ബുഷിനെയും കൂട്ടാളികളെയും എളുപ്പത്തില്‍ ഇസ്‌ലാമോഫോബുകളായി എണ്ണാന്‍ പറ്റും. കാരണം ഓരോ മുസ്‌ലിമിനെയും അവര്‍ കഴുതക്കാഷ്ഠമോ ഭീകരവാദിയോ ഒക്കെയായി കാണുന്നവരാണ്. മറുവശത്ത് ഡമോക്രാറ്റുകളും ലിബറലുകളും അറബ് മുസ്‌ലിം സമൂഹങ്ങളുടെ അയുക്തികത, ആധുനികതയോടുള്ള അവരുടെ ശത്രുത എന്നീ വാര്‍പ്പ് മാതൃകകള്‍ ഉയര്‍ത്തിക്കാട്ടി അമേരിക്കയുടെ രാഷ്ട്രീയ-സാമ്പത്തിക അധീശത്വത്തിന് ന്യായീകരണം ചമയ്ക്കുന്നു. അമേരിക്കന്‍ ജീവിതത്തിന്റെ ബഹുതലങ്ങളില്‍ ഇസ്‌ലാമോഫോബിയ തിങ്ങിനിറഞ്ഞു നില്‍ക്കുകയാണ്-മീഡിയ, രാഷ്ട്രീയ വിശകലന കേന്ദ്രങ്ങള്‍, വ്യാജ 'വിശകലന' വിശാരദര്‍, 'തദ്ദേശീയ ചാരന്മാര്‍,' റൗഡികളായ അക്കാദമിക്കുകള്‍, ലോബികള്‍, ആക്ടിവിസ്റ്റ് സംഘടനകള്‍ തുടങ്ങി എല്ലായിടവും. ടെലിവിഷനുകളിലും പ്രിന്റ് മീഡിയയിലും എന്തിന് രാജപാതകളിലെ പരസ്യബോര്‍ഡുകളില്‍ പോലും നിറയുന്ന, വിദ്വേഷം ഉല്‍പാദിപ്പിക്കുന്ന ഇമേജുകളുടെയും വിശകലനങ്ങളുടെയും പ്രളയത്തിലൂടെയാണ് ഓരോ അമേരിക്കന്‍ മുസ്‌ലിമിന്റെയും ദൈനംദിന ജീവിതം കടന്നുപോകുന്നത്. അവര്‍ എപ്പോഴും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണ്. അങ്ങാടികളിലും പള്ളികളിലും യൂനിവേഴ്‌സിറ്റികളിലും അവരുടെ പ്രൊഫൈലുകള്‍ തയാറാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ ചലനങ്ങള്‍ പിന്തുടരപ്പെടുന്നുണ്ട്. അവരുടെ കൂട്ടായ്മകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ചാരിറ്റി എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു. യുദ്ധം, ഇറാഖ്, അഫ്ഗാനിസ്താന്‍ പോലുള്ള ഏത് വിഷയം അമേരിക്കന്‍ പൊതുസമൂഹം ചര്‍ച്ചക്കെടുക്കുമ്പോഴും അതില്‍ ഇസ്‌ലാമോഫോബിയ തലപൊക്കുന്നു. 'ഭീകരവിരുദ്ധ യുദ്ധ'ത്തെക്കുറിച്ച ഏത് ചര്‍ച്ചയും ഇസ്‌ലാമോഫോബിയയാല്‍ സംവിധാനിക്കപ്പെട്ടതാണ്. 'മുസ്‌ലിം ലോകവുമായുള്ള ബന്ധം നന്നാക്കല്‍' ചര്‍ച്ചകള്‍ പോലും ഇസ്‌ലാമോഫോബിയ ചിന്താഗതികളാല്‍ പൂര്‍വനിശ്ചയം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഫലസ്ത്വീനെക്കുറിച്ച ഏത് ചര്‍ച്ചക്കുമുണ്ട് ഇസ്‌ലാമോഫോബിക് ആശയങ്ങളുടെ അകമ്പടി. ഇറാനെക്കുറിച്ച, അതിന്റെ ന്യൂക്ലിയര്‍ പദ്ധതികളെക്കുറിച്ച, മേഖലയില്‍ അതിന്റെ സാന്നിധ്യത്തെക്കുറിച്ച ഓരോ ചര്‍ച്ചയും ഇസ്‌ലാമോഫോബിയയുടെ പ്രകാശനമാവുകയാണ്. എണ്ണയെക്കുറിച്ചും ഊര്‍ജ പരമാധികാരത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് മുസ്‌ലിംകളോടുള്ള വിദ്വേഷവും അവരെക്കുറിച്ച ഭയവും അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്.

ഒബാമ കയ്‌റോയില്‍ വെച്ച് ഒരു പ്രസംഗം നടത്തിയിരുന്നുവല്ലോ. മുസ്‌ലിം ലോകവുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന്റെ സൂചനയായി അത് പ്രശംസിക്കപ്പെട്ടു. ഒരു അമേരിക്കന്‍ പ്രസിഡന്റ് മുസ്‌ലിം രാജ്യത്ത് വന്ന് പ്രസംഗിക്കുക വിനയത്തിന്റെ ലക്ഷണവുമാണല്ലോ. പക്ഷേ, അമേരിക്കന്‍ നയങ്ങള്‍ക്ക് വിധേയരും ഇരകളുമായിട്ടുള്ളവര്‍ക്ക് അത് അധികാരത്തിന്റെ സ്വരത്തിലുള്ള ഒരു ഉപദേശ പ്രസംഗമായിട്ടാണ് തോന്നിയിട്ടുണ്ടാവുക. മുസ്‌ലിം സമൂഹത്തിന്റെ യഥാര്‍ഥ വേദനകള്‍ മൂടിവെച്ച് കൊണ്ടാണ് ആ പ്രസംഗം മുന്നേറുന്നത്. യഥാര്‍ഥത്തില്‍ തന്റെ മുന്‍ഗാമിയുടെ അതേ സന്ദേശം തന്നെയാണ് അദ്ദേഹവും സദസ്സിന് കൈമാറിയത്. അതായത്, അമേരിക്ക സൈനികമായി ഇടപെടുന്നതും അമേരിക്കന്‍ ജനത ഇസ്‌ലാമോഫോബുകളാകുന്നതും, അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ പലരെയും ഭേദ്യം ചെയ്യുന്നതും വിചാരണ ചെയ്യുന്നതുമൊക്കെ അമേരിക്കക്കെതിരെയുള്ള അതിരൂക്ഷമായ ഹിംസാത്മക പ്രവര്‍ത്തനങ്ങളുടെ ഫലം മാത്രമാണ്. അധികാരവും സ്വാധീനവുമുറപ്പിക്കാനുള്ള യത്‌നമായി അമേരിക്കന്‍ സൈനിക ബൂട്ടുകളുടെ കാല്‍പാടുകളെ കാണരുത്. ഒരു കനത്ത ഉത്തരവാദിത്തവും ബാധ്യതയും വന്നുവീണത്തിന്റെ ഉപോത്പന്നം മാത്രമാണത്! 

അറബ്-അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീഫന്‍ ശീഹി എഴുതിയ Islamophobia: The Idiological Campaign Against Muslims (Clarity Press, 2011) എന്ന കൃതിയില്‍ നിന്ന്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 89-91
എ.വൈ.ആര്‍