Prabodhanm Weekly

Pages

Search

2015 ജനുവരി 23

ചിലരങ്ങനെയാണ്...

റഫീക്ക് ആറളം

ചിലരങ്ങനെയാണ്...

ചിലരങ്ങനെയാണ്,
മുറുക്കാന്‍,
ചെല്ലവുംതിരഞ്ഞു,
വീടിന്റെ കിടപ്പറവരെ,
കയറിച്ചെല്ലും...
മുറുക്കിച്ചുവപ്പിച്ച്,
ഉമ്മറത്തിരുന്നു,
മുറ്റത്തേക്കു നീട്ടിത്തുപ്പും,
ചുണ്ടുതുടച്ചു,
വെറ്റിലക്കറ ചുവരില്‍തേച്ച്,
പടിയിറങ്ങി പോകും..
ചിലരങ്ങനെയാണ്....
കടലിന്റെ,
ആഴമളക്കും പോല്‍,
ചൂണ്ടുവിരല്‍,
മണലില്‍ താഴ്ത്തി.
പുഴയുടെ ഉത്ഭവം തിരയും,
കുഴിച്ചുകുഴിച്ചൊടുക്കം,
കണ്ണീരില്‍ ഉപ്പുതിരയും...
ചിലരങ്ങനെയാണ്,
തമസ്സിന്‍ മറവില്‍,
കിളിക്കൊഞ്ചലിന്നുറവിടം തേടി,
പക്ഷിസങ്കേതം തിരയും,
ഒടുക്കം വടവൃക്ഷവേരുകള്‍,
പച്ചയ്ക്കു പിഴുതെടുക്കും...
ചിലരങ്ങനെയാണ്,
കുതിച്ചോടി,
കിതച്ചു കുളിര്‍ക്കാറ്റിന്‍,
ഒയ്യാരം കാതോര്‍ക്കും,
ഒടുക്കം വിപ്ലവച്ചൂടിനെ,
ശീതീകരചരടില്‍ബന്ധിക്കും,
വിധി നടപ്പിലാക്കും....
ചിലരങ്ങനെയാണ്,
പുഴയോര,
കാഴ്ചകളില്‍ മതിമറന്ന്,
ഒഴുക്കിനൊപ്പം മത്സരിക്കും,
ഒടുക്കം താളംപിഴച്ചൊരു,
തിരയോടൊപ്പം കരപറ്റാന്‍വെമ്പും...
ചിലരങ്ങനെയാണ്,
ചക്രവാളസീമയില്‍,
അസ്തമന സൂര്യന്റെ ശോണിമ,
പകരും സായാഹ്നവേളയില്‍,
ഊതിവീര്‍പ്പിച്ച,
ബലൂണ്‍സ്വപ്നങ്ങളായ്,
മോഹവിഹംഗമായലയും....

റഫീക്ക് ആറളം

ബി.പി.എല്‍ 
കവിതകളുടെ അച്ഛന്‍!

ഞാനൊരു അച്ഛനാണ്:
വീര്‍ത്ത തലയും ചെറിയ ഉടലുമായി
ജനിച്ച് മരിച്ച് പോകാറുള്ള,
അഞ്ചു വയസ്സുകാരന്റെ ബുദ്ധിയില്‍
അന്‍പതുകാരന്റെ ശരീരം പേറുന്ന വാക്കുകള്‍.
ദാഹജലത്തിന് കിലോമീറ്ററുകളോളം
നടക്കേണ്ടി വരുന്ന ആശയങ്ങള്‍.
'ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദി'കളുടെ ശവങ്ങള്‍
നിരത്തി വെച്ചത് പോലുള്ള വരികള്‍.
തുളവീണ ടാര്‍പ്പോളിന്‍ കെട്ടിയ
സമരപന്തലിന്‍ ദുര്‍ഗന്ധവും
അണുമുക്തമാം ലോകത്തിനായ് നിലവിളിക്കുന്നവരുടെ
അരോചക ശബ്ദവും പേറി,
കിരാതനിയമങ്ങള്‍ക്കറുതി വരുത്താന്‍
അന്നപാനീയങ്ങള്‍ ത്യജിച്ചവളുടെ
പതിറ്റാണ്ടിന്‍ സഹനമലയും താണ്ടി,
ജീവിക്കാന്‍ നെട്ടോട്ടമോടുന്നതിനിടയില്‍
വഴി നടക്കാന്‍ ടോള് കൊടുക്കേണ്ടി വരുന്നവര്‍
മനസ്സില്‍ വിളിക്കുന്ന പച്ചതെറികളും ചേര്‍ത്തെഴുതിയ
ചില ബി.പി.എല്‍ കവിതകളുടെ അച്ഛന്‍!
ഒടുവില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍
അടുക്കളയില്‍ ചിതയൊരുക്കപ്പെടാറുള്ള
പത്രാധിപമുറിയിലെ വെയ്സ്റ്റ് ബാസ്‌ക്കറ്റില്‍
അന്ത്യവിശ്രമം പൂകാറുള്ള
നിങ്ങള്‍ക്ക് വേണ്ടി കേസിന് പോയും
നഷ്ടപരിഹാരത്തുക ചോദിച്ചുമെനിക്ക് മടുത്തു.
നിങ്ങളോടാര് പറഞ്ഞു ജനിക്കാന്‍?
കവിതയാണ് പോലും കവിത!
കോട്ടും സ്യൂട്ടുമിട്ട് അല്ലെങ്കില്‍
കുളിച്ച് കുറിതൊട്ട് ഏമ്പക്കം വിട്ട് വരുന്ന
'നീലാരണ്യ നിചോള 
നിവേഷ്ഠിത'മായ
എ.പി.എല്‍ കവിതകള്‍ക്കേ ഇവിടെ ജീവിക്കാന്‍
അര്‍ഹതയുള്ളൂ എന്ന് നിങ്ങള്‍ക്കറിയില്ലേ?
ക്ഷമിക്കുക,
നിങ്ങളെ ജനിപ്പിച്ചതിന്.
എന്തൊക്കെ പറഞ്ഞാലും
ഞാന്‍ നിങ്ങളുടെ അച്ഛനായി പോയില്ലേ?
മരിച്ച് ചീഞ്ഞളിഞ്ഞാലും
തിരിഞ്ഞ് നോക്കാനാളില്ലാതെ
മൂക്ക് പൊത്തി ശപിക്കപ്പെടുന്ന
പുറമ്പോക്ക് കവിതകളുടെ
ഹതഭാഗ്യനായ അച്ഛന്‍ 

ഫായിസ് മണ്ണാര്‍ക്കാട്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍