ജൂത രാഷ്ട്ര ബില്‍: <br> വംശീയ രാഷ്ട്രീയത്തിന്റെ വിഷ വിത്ത്
ലോക പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചി 'അവസാനത്തെ അത്താഴം' (Last Supper) എന്ന വിഖ്യാത ചിത്രം വരക്കുവാന്‍ ക്രിസ്തുവിന്റെ രൂപ സാദൃശ്യമുള്ള സൗമ്യനും സുമുഖനും ദൈവഭക്തി സ്ഫുരിക്കുന്ന മുഖമുള്ളവനുമായ വ്യക്തിയെ അന്വേഷിച്ച് നാളുകളോളം അലയുകയുണ്ടായി. ഇറ്റലിയിലെ മിലാന്‍ പട്ടണത്തിലെ ദേവാലയത്തില്‍ പ്രാര്‍ഥനക്കെത്തിയ ഒരു യുവാവില്‍ മേല്‍പറഞ്ഞ രൂപസാദൃശ്യങ്ങള്‍ കണ്ടെത്തിയ ഡാവിഞ്ചി അദ്ദേഹത്തെ മോഡലാക്കി യേശുവിന്റെ ചിത്രം വരച്ചു. ചിത്രം പൂര്‍ത്തിയാക്കാന്‍, 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ സാന്നിധ്യം കൂടി ചിത്രീകരിക്കേണ്ടതിനാല്‍ യൂദാസിന്റെ രൂപസാദൃശ്യമുള്ളയാളെ തേടി വീണ്ടും ചിത്രകാരന്‍ തെരുവിലിറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം റോമിലെ ഒരു തടവറയില്‍ നിന്ന് യൂദാസിന്റെ സാദൃശ്യമുള്ളയാളെ ഡാവിഞ്ചി കണ്ടെത്തി. ആവശ്യം അറിയിച്ച ചിത്രകാരനോട് തെല്ല് അമ്പരപ്പോടെയും വിഷമത്തോടെയും അയാള്‍ ചോദിച്ചത്രെ 'ഏഴ് വര്‍ഷം മുമ്പ് എന്നെ വെച്ച് നിങ്ങള്‍ യേശുവിനെ വരച്ചെങ്കില്‍ ഇന്ന് എന്നെ വെച്ച് തന്നെ യൂദാസിനെയും വരയ്ക്കുകയാണോ' എന്ന്. ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ, ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കുന്ന ബില്ലിന് ഇസ്രയേല്‍ മന്ത്രിസഭ ഈയിടെ അംഗീകാരം നല്‍കിയ വാര്‍ത്ത, ഡാവിഞ്ചിയോട് തടവറയിലെ യുവാവ് ചോദിച്ച ചോദ്യത്തെ ഓര്‍മിപ്പിക്കുന്നു. ജനാധിപത്യ മര്യാദകളെയും ചട്ടങ്ങളെയും നിര്‍ദാക്ഷിണ്യം അറുകൊല ചെയ്യുകയും അതേസമയം ജനാധിപത്യത്തിന്റെ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ഇസ്രയേല്‍ ഒരേസമയം സമാധാന ദൂതനും ആരാച്ചാരുമാകുന്ന കാഴ്ചയാണ് ലോകത്തിന് നല്‍കുന്നത്.
വിഭാഗീയതയുടെയും വംശവെറിയുടെയും കനലുകളെരിയിക്കുന്ന ജൂത രാഷ്ട്ര ബില്ല് മേഖലയില്‍ പുതിയ രാഷ്ട്രീയ-മാനുഷിക പ്രതിസന്ധികള്‍ക്ക് വിത്തുകള്‍ പാകും എന്നതില്‍ സംശയമില്ല. നിലവില്‍ ഭരണകക്ഷിയായ ലിക്വിഡ് പാര്‍ട്ടിയിലെ തന്നെ ചിലരുടെയും മറ്റു പ്രമുഖ നേതാക്കന്മാരുടെയും ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് 6 നെതിരെ 14 വോട്ടിന് ബില്ല് മന്ത്രിസഭ അംഗീകരിച്ചത്. ബില്ലിന്റെ കാര്യത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിടല്‍ വരെ എത്തിനില്‍ക്കുന്നു. ബില്ല് പാര്‍ലമെന്റിന്റെ പരിഗണനക്ക് വിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഭാവിയില്‍ കൂടുതല്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്. വിവാദ ബില്ലിനെതിരെ യൂറോപ്യന്‍ യൂനിയന്റെ ശക്തമായ എതിര്‍പ്പുകളും പതിവിന് വിപരീതമായി അമേരിക്കയുടെ ഭാഗത്തുനിന്ന് അത്ര ശക്തമല്ലാത്ത വിമര്‍ശനങ്ങളും ഇതിനകം ഇസ്രയേല്‍ നേരിട്ടുകഴിഞ്ഞു. തിരക്ക് പിടിച്ച് ഇങ്ങനെയൊരു ബില്ല് കൊണ്ടുവന്നത് എന്തിനെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഇത് ഇസ്രയേല്‍ സ്ഥാപിതമായ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് തീര്‍ത്തും എതിരാണെന്നും പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്‍ തുറന്നടിക്കുകയുണ്ടായി. മുന്‍ പ്രതിരോധ മന്ത്രി മോഷി ആരന്‍സും മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസും ബില്ലിനെതിരെ വിമര്‍ശനങ്ങളുമായി പരസ്യമായി രംഗത്ത് വന്നു. ബില്ലിനെതിരെ ഭരണപക്ഷത്ത് പ്രത്യക്ഷമായ ഭിന്നത രൂക്ഷമായിട്ടും തീരുമാനവുമായി മുന്നോട്ട് പോകുന്ന നെതന്യാഹുവിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ട്.
ഇസ്രയേലിനെതിരെ മുസ്‌ലിം ലോകത്തുനിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും ശക്തമായ എതിര്‍പ്പുകള്‍ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ യഹൂദരുടെ യഥാര്‍ഥ സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്തേണ്ട ആവശ്യകത ബോധ്യപ്പെട്ടതിനാലാണ് പുതിയ തീരുമാനമെന്ന് നെതന്യാഹു വ്യക്തമാക്കുകയുണ്ടായി. ജൂതവികാരം ആളിക്കത്തിച്ച് കൂടുതല്‍ ആക്രമണോത്സുകമാവുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്ന് വ്യക്തം. ഈ തന്ത്രം എളുപ്പത്തില്‍ വിജയിപ്പിക്കാനാവില്ല എന്നാണ് വിദഗ്ധമതം. അറബ്-മുസ്‌ലിം ലോകത്തെ ഏകീകരിക്കുന്ന അറബിഭാഷയുടെ ഔദ്യോഗിക അംഗീകാരം എടുത്ത് കളഞ്ഞ് ഹീബ്രു രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കുന്നത് വ്യാപകമായ പ്രതിഷേധം ക്ഷണിച്ച് വരുത്തും. ഇത് സ്വന്തം നിലനില്‍പിനെ ചോദ്യം ചെയ്യുമെന്ന് ന്യൂനപക്ഷങ്ങള്‍ ഭയപ്പെടുന്നു. പൗരത്വ ചട്ടങ്ങള്‍ ലളിതമാക്കി ഇസ്രയേലിന് പുറത്ത് താമസിക്കുന്ന ജൂതര്‍ക്ക് സ്വന്തം രാഷ്ട്രത്തേക്ക് തിരിച്ചുവരാന്‍ സൗകര്യമൊരുക്കുന്നതിലൂടെ വരുംകാലങ്ങളില്‍ ജൂതര്‍ക്ക് മാത്രമേ പ്രാമുഖ്യം ലഭിക്കുകയുള്ളൂ എന്ന ധ്വനിയാണ് നല്‍കുന്നത്. ഹീബ്രു കലണ്ടര്‍ അനുസരിച്ചായിരിക്കും ജൂതരാഷ്ട്രത്തിന്റെ സര്‍ക്കാര്‍ കാര്യങ്ങള്‍ ക്രമീകരിക്കുക. ബില്ലിലെ 'ജൂതന്മാര്‍ക്ക് മാത്രമുള്ള നിയമങ്ങള്‍' (Law only for Jewish People) പോലുള്ള പരാമര്‍ശങ്ങള്‍ ജനാധിപത്യമൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണ് എന്നാണ് വിലയിരുത്തല്‍. രാജ്യത്തിനകത്ത് ജീവിക്കുന്ന 1.7 മില്യന്‍ അറബ്-ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ രണ്ടാം കിട പൗരന്മാരായി (Second Class Citizens) ചിത്രീകരിക്കുകയും ജൂതര്‍ക്ക് മാത്രം പ്രാമുഖ്യം കല്‍പിക്കുകയും ചെയ്യുന്നതോടെ വംശീയ-വിഭാഗീയതകള്‍ അവയുടെ പാരമ്യത്തിലെത്തും. ഇസ്രയേലില്‍ താമസിക്കുന്ന ഏകദേശം ഒന്നര ലക്ഷത്തിലധികം വരുന്ന കറുത്ത വര്‍ഗക്കാരായ എത്യോപ്യന്‍ ജൂതസമൂഹവും ഈ നീക്കത്തെ ഭയപ്പാടോടെയാണ് കാണുന്നത്. ഇപ്പോള്‍ തന്നെ കുടിയേറ്റം, വിദ്യാഭ്യാസം, സാമൂഹിക ജീവിതം തുടങ്ങിയ മേഖലയില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നതിനാല്‍ പുതിയ ബില്ലിന്റെ വരവ് എത്യോപ്യന്‍ ജൂതന്മാര്‍ക്ക് സ്ഥിതിഗതികള്‍ ഏറെ ദുഷ്‌കരമാക്കും.
'ഇസ്രയേല്‍ പ്രദേശങ്ങള്‍ ചരിത്രപരമായി ജൂതന്റെ പിറന്ന മണ്ണാണ്' (Historic Homeland of the Jewish People) എന്ന ബില്ലിലെ പരാമര്‍ശത്തില്‍, അധിനിവേശത്തിലൂടെ ഇസ്രയേലിന്റെ ഭാഗമാക്കിയ ഫലസ്ത്വീന്‍ പ്രദേശങ്ങള്‍ നിയമപരമായി തങ്ങളുടേതാക്കുകയും, തീവ്രദേശീയത ഇളക്കിവിട്ട് ഇസ്രയേലിനെ ഈ ലക്ഷ്യങ്ങള്‍ക്ക് പാകമാക്കുകയും ചെയ്യുക എന്ന ഗൂഢതന്ത്രമുണ്ട്. ക്രമേണ ജൂതരല്ലാത്തവര്‍ക്ക് ഇസ്രയേല്‍ മണ്ണില്‍ ജീവിക്കുവാന്‍ അര്‍ഹതയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുക.
Comments