ഇസ്‌ലാം ഒറ്റ നിറത്തിലേക്ക് വസ്ത്രം തുന്നുന്നില്ല
പുതുരീതികളും ശീലങ്ങളും പെട്ടെന്ന് സ്വീകരിക്കുന്നവരാണ് മുസ്‌ലിം സമുദായം. ആപേക്ഷികമായി ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം എന്നീ ജീവിതാവശ്യങ്ങളില്‍ മുസ്‌ലിംകള്‍ പൊതുവെ വൈവിധ്യത പുലര്‍ത്തുന്നു. വസ്ത്ര സംസ്‌കാരത്തിലും ഇത് പ്രകടമാണ്. പ്രത്യേകിച്ചും മലബാറില്‍, സ്ത്രീകള്‍ സാരി, ചുരിദാര്‍, കുര്‍ത്തി, സ്‌കെര്‍ട്ട്, ജീന്‍സ്, പര്‍ദ... ഉപയോഗിച്ചു വരുന്നു. ഈ വസ്ത്രങ്ങളുടെ ഇറക്കം, വണ്ണം, ഞൊറിവ്, അലങ്കാരത്തുന്നലുകള്‍ പോലും 'ഔറത്തി'ന് (മറയ്‌ക്കേണ്ട ശരീര സൗന്ദര്യം) അനുസരിച്ച് രൂപാന്തരപ്പെടുത്തുന്നതില്‍ സ്ത്രീകളുടെ മിടുക്ക് പ്രശംസനീയം തന്നെ. മറിച്ചുള്ള വസ്ത്രം ധരിക്കുന്നവരും കുറവല്ല. ജില്‍ബാബിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത് തന്നെ തിരിച്ചറിയുക, ശല്യം ചെയ്യപ്പെടാതിരിക്കുക എന്നീ പരികല്‍പ്പനകളിലൂന്നിയ വസ്ത്ര സംസ്‌കാരമായാണ്. വസ്ത്ര രൂപത്തില്‍ നിര്‍ബന്ധ ബുദ്ധി ഇസ്‌ലാം അനുശാസിക്കുന്നില്ല.
മുന്‍കാല ഇസ്‌ലാമിക പണ്ഡിതര്‍ ഒരേക വസ്ത്രധാരണ രൂപത്തിലേക്ക് മുസ്‌ലിംകളെ കൊണ്ടുവരാത്തതിന് കാരണം ഇതു തന്നെയാണ്. മുസ്‌ലിം പുരുഷന്‍, ഷര്‍ട്ട്, മുണ്ട്, പാന്റ്‌സ് ശീലമാക്കിയപ്പോള്‍ സ്ത്രീകള്‍ കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു. മറ്റു ദേശങ്ങളിലെന്നപോലെ കേരളത്തിലെ മുസ്‌ലിംകള്‍ക്കും ഒരു പൊതുവേഷമില്ല.
കേരളത്തിലെ മുസ്‌ലിം സ്ത്രീ ഭൂരിപക്ഷത്തിന്റെ വേഷം പര്‍ദ അല്ലാതിരുന്നിട്ടുപോലും, ചര്‍ച്ചകളില്‍ പര്‍ദ ഉയര്‍ന്നുനില്‍ക്കാനുള്ള കാരണമെന്താകാം? പര്‍ദ എന്ന കറുത്ത വസ്ത്രമുയര്‍ത്തുന്ന മത-മതേതര ചിന്തകളും സങ്കീര്‍ണതകളുമാണ് ഈ പ്രതികരണത്തിനാധാരം.
കഴിഞ്ഞ 10-20 കൊല്ലം കൊണ്ടാണ് പര്‍ദ കേരള മുസ്‌ലിം സ്ത്രീകളില്‍ ഇത്രയേറെ പ്രചാരം നേടുന്നത്. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക-മനഃശാസ്ത്രപരമായ കാരണങ്ങള്‍ പര്‍ദാ വ്യാപനത്തിന് പിന്നിലുണ്ട്. ബാബരിയനന്തര കാലത്ത് ഉയര്‍ന്നുവന്ന 'ന്യൂനപക്ഷങ്ങളുടെ പ്രകടനാത്മക മതബോധത്തെ' ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഗള്‍ഫ് കുടിയേറ്റം, അനുബന്ധമായുണ്ടായ വ്യാപാര മേഖലയുടെ വളര്‍ച്ച, പര്‍ദയുടെ സ്ഥാപനവത്കരണം (Uniform) തുടങ്ങിയവ കൂടുതല്‍ ആളുകളിലേക്ക് അതെത്താന്‍ കാരണമായി. കടുത്ത പുരുഷ കേന്ദ്രീകൃത മനോഭാവവും ഇതിന് പിന്നിലുണ്ട്.
സ്ത്രീസംബന്ധിയായ 'ഇഷ്ടങ്ങള്‍' മറ്റനവധിയാണ്. ധരിക്കുന്നതിലെ എളുപ്പം, സുരക്ഷിതത്വം, ഈട് നില്‍ക്കല്‍ എന്നിവക്ക് പുറമേ കല്യാണ വീട്ടിലേക്കോ മരണ വീട്ടിലേക്കോ ഒരേ പര്‍ദ ഒന്നിലധികം തവണ ഉപയോഗിക്കാം. തെന്നിപ്പോകുമെന്ന് ഭയക്കേണ്ടതില്ല എന്നതിനുപുറമെ, പര്‍ദ ആത്മീയ പരിവേഷവും സംഘടിത ബോധവും വളര്‍ത്താനും സഹായിക്കുന്നു.
പര്‍ദയുടെ 'സൗന്ദര്യ തലങ്ങളും' വിശകലന വിധേയമാക്കേണ്ടതാണ്. കറുത്ത പര്‍ദ ഏതു നിറക്കാര്‍ക്കും യോജിച്ചതായും, ഭംഗികേടും വൈരൂപ്യവും മറയ്ക്കാന്‍ സഹായിക്കുന്നതായും കരുതപ്പെടുന്നു. മറ്റു വസ്ത്രങ്ങളുടെ പരസ്യങ്ങളില്‍ കറുപ്പോ ഇരുനിറമോ ഉള്ള മോഡലുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പര്‍ദയുടെ ദൃശ്യം അതിസുന്ദരികളുടേതാണ്. വംശീയതയുടെ ചില ഒളിയമ്പുകളോട് കൂടിയാണ് വെളുത്ത തൊലിയുള്ള പെണ്ണുങ്ങളെ പര്‍ദ മുന്നോട്ടുവെക്കുന്നതെന്ന് എന്‍.പി ഹാഫിസ് മുഹമ്മദ് കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വര്‍ത്തമാന കാലം എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്.
നടത്തം, കാല്‍വെയ്പ്, കൈ വീശല്‍, തലയെടുപ്പ് സംസാരം എന്നിവയെ ഒതുക്കുന്നതില്‍ പര്‍ദ സഹായിക്കുന്നതിനാലാകാം മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അറബിക് കോളേജുകളിലും അത് യൂനിഫോമാക്കിയത്. ഖുര്‍ആന്‍ പഠന കോഴ്‌സുകളിലെ പഠിതാവാകാനും മതസംഘടനാ സമ്മേളനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി സദസ്സുണ്ടാകാനും തുടങ്ങിയത് ഇതേ കാലയളവിലാണ്. വനിതാ സംഘടനാ സാരഥികള്‍ക്ക് സംഘടിതബോധം കെട്ടിപ്പടുക്കാനും സഹജാവബോധം വര്‍ത്താനും ഇത് കാരണമായി. അപ്രാപ്യമായ പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധാരണ സ്ത്രീകള്‍ക്ക് സാധിച്ചത് നിസ്സംശയം പര്‍ദയിലൂടെയാണ്.
മലപ്പുറത്തെയും കാസര്‍കോട്ടെയും പര്‍ദാശീലങ്ങള്‍ വ്യത്യസ്തമാണ്. മോഡലുകളുടെ ആകാര വടിവ് പ്രകടമാക്കുന്ന ഷെയ്പ്പ് പര്‍ദകള്‍, ചിത്രതുന്നലുകളുള്ള ഗ്വില്‍റ്റ് പര്‍ദകള്‍, പക്ഷിയെപ്പോലുള്ള ഫറാഷ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍, രൂപഭാവങ്ങളില്‍ പര്‍ദ വിപണിയിലിറങ്ങുന്നു. സ്ത്രീകളില്‍ സ്വാധീനം ചെലുത്താന്‍ മുസ്‌ലിം വനിതാ സംഘടനകളുടെ പ്രസിദ്ധീകരണങ്ങളെയെല്ലാം ഉപയോഗപ്പെടുത്തുന്നു. ലിപ്സ്റ്റിക്കും റൂഷും ഉപയോഗിച്ച് മുഖത്തെ പരമാവധി ചുകപ്പിച്ച് നിര്‍ത്തുന്ന പര്‍ദാധാരണ രീതി സ്വീകരിക്കുന്ന പെണ്‍കുട്ടികളെയും നിരത്തുകളില്‍ കാണാം. കൂടുതല്‍ എക്‌സ്‌പോസ് ചെയ്യുന്നതിലേക്കെത്തിയിരിക്കുന്നു പര്‍ദയുടെ രൂപമാറ്റങ്ങള്‍. വിശ്വാസ്യതയുടെ മുഖമുദ്രയായും പര്‍ദ ലേബല്‍ ചെയ്യപ്പെട്ടു. പരിപൂര്‍ണം/കുലീനം/പരിശുദ്ധം/സ്വര്‍ഗത്തിലെ ഹൂറി എന്നിങ്ങനെയുള്ള പരസ്യവാചകങ്ങള്‍ പരിപൂര്‍ണ വിശ്വാസിയാകാന്‍ പര്‍ദ അണിഞ്ഞേ തീരൂ എന്ന ഉത്തമ ഇസ്‌ലാമിക വസ്ത്ര സമവാക്യം സൃഷ്ടിച്ചു.
പര്‍ദ നല്‍കുന്ന ആത്മവിശ്വാസം തന്നെയാണ് പ്രൊഫൈല്‍ ചിത്രങ്ങളില്‍ പര്‍ദാധാരിണികള്‍ നിറഞ്ഞുനില്‍ക്കാന്‍ കാരണം. ശരീഅത്തു പരിധികള്‍ ലംഘിക്കാത്ത ലൂസായ പാറ്റേണ്‍ ഉണ്ടാക്കാന്‍ പര്‍ദാ നിര്‍മാണ കമ്പനികള്‍ വരെ ഡിസൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കറുത്ത പര്‍ദയില്‍ നിന്ന് മാറി, കളര്‍ഫുള്‍ ആയ ഇസ്‌ലാമിക വസ്ത്രം രൂപകല്‍പന ചെയ്യാന്‍ കേരളത്തിലെ ഒരു മുസ്‌ലിം വിദ്യാര്‍ഥിനി പ്രസ്ഥാനം ഡ്രസ്സ് മേക്കിംഗ് കോംപിറ്റീഷന്‍ നടത്തുകയുണ്ടായി. താരതമ്യേന ഇരുണ്ട, കട്ടിയുള്ള പര്‍ദയുടെ വകഭേദങ്ങള്‍ തന്നെയാണ് മത്സരത്തിനെത്തിയത്. സ്ത്രീകള്‍ക്കു പര്‍ദയോടുള്ള ഇഷ്ടം അത്ര പെട്ടെന്നൊന്നും മായ്ച്ചു കളയാവുന്നതല്ല എന്നര്‍ഥം.
നിഖാബ് (മുഖാവരണം) ധാരിണികളുടെ വര്‍ധന, അടുത്ത കാലത്തായി ശക്തിപ്പെട്ട പ്രകടനാത്മക മതസ്വത്വ വാദവുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. സ്വഫാ സമ്മേളനം നല്‍കിയ കറുത്ത വസ്ത്രങ്ങളുടെ കാഴ്ചയും നമുക്ക് മറക്കാവുന്നതല്ല.
വ്യത്യസ്ത ജാതിക്കനുസരിച്ചാണോ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണം എന്ന് ഒരിക്കല്‍ സുഹൃത്ത് എന്നോട് ചോദിക്കുകയുണ്ടായി. സാരി ഉന്നത കുലത്തില്‍ പെട്ടവരുടെയും പര്‍ദ താഴ്ന്ന ജാതിക്കാരുടെയും വസ്ത്രധാരണ രീതിയാണെന്നവര്‍ കരുതിയിരിക്കുന്നത്.
മറ്റേതു വസ്ത്രത്തേക്കാളും അപകടകരമായ വിശകലനങ്ങള്‍ക്ക് പര്‍ദ സാധുത കല്‍പ്പിക്കുന്നു. ആള്‍മാറാട്ടം, കവര്‍ച്ച, തട്ടിപ്പു കേസുകള്‍ ഇതിലൊക്കെ പര്‍ദ ഒരു മറയാണ്. വൃത്തിഹീനമായ സ്ത്രീകളുടെ വസ്ത്രധാരണ രീതിയായും പര്‍ദ മാറ്റപ്പെട്ടു. തൃശൂര്‍ നഗരത്തിലെ ഒരു ലേഡി ഡോക്ടര്‍ പര്‍ദ അഴിച്ചുവെച്ചേ സ്ത്രീകളെ പരിശോധനക്ക് വിധേയമാക്കൂ. വര്‍ഷം മുഴുവന്‍ പര്‍ദയണിഞ്ഞ് ഫെയര്‍വെല്ലിന് വേണ്ടി മാത്രം ഊരിക്കളഞ്ഞ ഒരു സഹപാഠിയുണ്ടെനിക്ക്.
പര്‍ദധാരിണികളെ പെട്ടെന്നാരും സംശയിക്കില്ല എന്നതിനാല്‍ പര്‍ദ മാറ്റി രക്ഷപ്പെടാനും മോഷണ വസ്തുക്കള്‍ ഒളിപ്പിച്ചുവെക്കാനും അവസരമൊരുക്കുന്നു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ പര്‍ധധാരിണികളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്.
ഒരേ ഏകകമുപയോഗിച്ചുള്ള വേഷാധിഷ്ഠിത ഇസ്‌ലാമിനെ സൃഷ്ടിക്കുക എന്നത് നമ്മുടെ അജണ്ട അല്ലാതിരുന്നിട്ടുപോലും പര്‍ദ നമ്മുടെ ചര്‍ച്ചാ മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. തീര്‍ച്ചയായും നമ്മളേക്കാള്‍ വേവലാതി പൂണ്ടവര്‍ തന്നെയാണ് പര്‍ദ മുസ്‌ലിം സ്ത്രീയുടെ പൊതുവേഷമായി ആഖ്യാനിക്കാന്‍ താല്‍പര്യപ്പെടുന്നത്.
വീര്‍പ്പ്മുട്ട് ഉളവാക്കുന്ന മതേതര പരിസരം നമുക്കുണ്ട്. പത്രങ്ങളിലൂടെ, ചാനലുകളിലൂടെ നവമാധ്യമങ്ങളിലൂടെ പര്‍ദക്കകത്തെ 'വികാരത്തെ' ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായി ഉപയോഗിക്കാനുള്ള യുക്തി തന്നെയാണ് അവര്‍ തുടര്‍ന്നുപോരുന്നത്. കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സ്ത്രീകളുടെയും വിമോചനാവകാശം ഇവര്‍ക്കാണ്!
പര്‍ദയെ സാമൂഹിക സമ്മര്‍ദമായി അവതരിപ്പിക്കുന്നതിലൂടെ സ്ത്രീ കര്‍തൃത്വമില്ലാത്തവളും ഇരയാക്കപ്പെട്ടവളുമായിത്തീരുന്നു. സതി എന്ന ദുരാചാരത്തോട് നിഖാബിനെ ഉപമിക്കുക വഴി നിഖാബ് മുസ്‌ലിം സ്ത്രീയോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാക്കപ്പെടുന്നു.
ആധുനികം/മതേതരം/കേരളീയം/ദേശീയം എന്നീ വ്യവഹാരങ്ങളോട് നിരന്തരം കലഹിച്ചുകൊണ്ടാണ് കലാ-സാംസ്‌കാരിക മേഖലകളില്‍ പര്‍ദ സംവദിക്കുന്നത്. പര്‍ദ മതമൗലിക വാദികളുടെ ഒരു സാമുദായിക ഉല്‍പന്നം മാത്രമായി തിരക്കഥയെഴുതുന്നതും മുഖ്യധാരാ മേല്‍ക്കോയ്മയാണ്.
സാരിയും ചുരിദാറുമുള്‍പ്പെടെ സ്ത്രീകള്‍ക്കിണങ്ങുന്ന പലതരം വസ്ത്രധാരണ രീതികളും സ്വീകരിച്ച മുസ്‌ലിം സ്ത്രീകള്‍ രാഷ്ട്രീയമായും, സാമൂഹികമായും വിദ്യാഭ്യാസപരമായും, സാംസ്‌കാരികമായും കേരളത്തിലെ പൊതുഇടങ്ങളില്‍ ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കേ, ലിബറല്‍ വ്യവസ്ഥകളോട് താദാത്മ്യം പ്രാപിക്കാത്ത മുസ്‌ലിം സ്ത്രീയോട്, നിന്റെ വസ്ത്രം പര്‍ദയാണ്, നീ പ്രാകൃതയാണ്, നീ നിരക്ഷരയും അറിവില്ലാത്തവളുമാണെന്ന് ആവര്‍ത്തിക്കുന്ന മതേതര വ്യഗ്രതയെ നാം കണ്ടില്ലെന്ന് നടിക്കരുത്.
Comments