Prabodhanm Weekly

Pages

Search

2015 ജനുവരി 23

'കാവിവത്കരണത്തില്‍ മോദി സര്‍ക്കാര്‍ <br> ഏതറ്റം വരെയും പോകും'

പ്രഫ. ഡി.എന്‍ ഝാ/ അഭയ്കുമാര്‍/ അഭിമുഖം

പ്രഫ. ഡി.എന്‍ ഝാ പൗരാണിക ഇന്ത്യയെക്കുറിച്ച് പഠിക്കുന്ന ചരിത്രകാരന്മാരില്‍ അഗ്രഗണ്യനാണെന്ന് മാത്രമല്ല, വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന പോരാളികൂടിയാണ്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ കാവിവത്കരിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു. Myth of Holy Cow എന്ന കൃതിയുടെ കര്‍ത്താവായ ഝാ, വാജ്‌പേയ് സര്‍ക്കാറിനെക്കാള്‍ അപകടകാരിയാണ് മോദിസര്‍ക്കാര്‍ എന്ന് പറയുന്നു. 'ചരിത്രത്തെയും വിദ്യാഭ്യാസത്തെയും കാവിവത്കരിക്കാന്‍ മോദി സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. കാരണം ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.' പ്രബോധനത്തിന് വേണ്ടി അഭയ് കുമാര്‍ നടത്തിയ അഭിമുഖത്തില്‍ മോദി ഭരണത്തെ 'ഇരുണ്ട യുഗം' എന്നാണ് ജെ.എന്‍.യു അധ്യാപകനായ പ്രഫ. ഝാ വിശേഷിപ്പിച്ചത്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

സ്‌കൂള്‍ ചരിത്ര പാഠപുസ്തകങ്ങള്‍ വര്‍ഗീയവത്കരിക്കുന്നതിനെതിരെ ശക്തമായി നിലകൊണ്ട ചരിത്രകാരനാണ് താങ്കള്‍. ചരിത്ര രചനാ രീതി എങ്ങനെയാണ് സമൂഹത്തെ സ്വാധീനിക്കുക?

സെക്യുലര്‍ ചരിത്ര രചനക്ക് സമൂഹത്തെ അധികമൊന്നും സ്വാധീനിക്കാനാവില്ലെന്ന ചില ചരിത്രകാരന്മാരുടെ വാദത്തോട് എനിക്ക് യോജിപ്പില്ല. വലിയ സ്വാധീനമുണ്ട് എന്നാണ് എന്റെ വാദം. ജെയിംസ് മില്‍ എഴുതിയ The History of British India നോക്കുക. അത് ഇന്ത്യാ ചരിത്രത്തെ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് എന്നിങ്ങനെ മൂന്നായി വിഭജിക്കുകയാണ് ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ കാലനിര്‍ണയം പില്‍ക്കാല ചരിത്രകാരന്മാരെ മാത്രമല്ല ജനങ്ങളുടെ മനോഭാവത്തെയും ആഴത്തില്‍ സ്വാധീനിച്ചു. ജെയിംസ് മില്ലിന്റെ ഈ ഇനം തിരിവിനെ ഏറ്റെടുത്ത പൗരാണിക ഇന്ത്യയുടെ ചരിത്രകാരന്മാരാണ് കെ.എം മുന്‍ഷി, കെ.പി ജയസ്വാല്‍, ആര്‍.സി മജുംദാര്‍ തുടങ്ങിയവര്‍. മജുംദാര്‍ ബഹു വാള്യങ്ങളുള്ള ഒരു ഇന്ത്യാ ചരിത്രം എഴുതിയപ്പോള്‍ (പ്രസിദ്ധീകരിച്ചത് ഭാരതീയ വിദ്യാഭവന്‍) 'ഹിന്ദുകാലഘട്ട'ത്തിന് ധാരാളം പേജുകള്‍ അനുവദിക്കുകയുണ്ടായി. ഇത് ഹൈന്ദവ പുനരുത്ഥാനത്തെയും വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. കൊളോണിയല്‍ ചരിത്രകാരന്മാര്‍ എഴുതിയ വര്‍ഗീയ ചരിത്രമാണ്, മുസ്‌ലിംകളെ 'വിദേശികളും' ഹിന്ദുക്കളെ 'തദ്ദേശീയരും' ആയി കാണാന്‍ വഴിയൊരുക്കിയത്. 1200 വര്‍ഷത്തെ അടിമത്തം എന്ന് മോദി പറയുമ്പോഴും ഇതേ ലൈനില്‍ തന്നെ അദ്ദേഹവും ചിന്തിക്കുകയാണ്.

സെക്യുലര്‍ ചരിത്രകാരന്മാരെ താങ്കള്‍ 'കൊളോണിയല്‍ വര്‍ഗീയ ചരിത്രകാരന്മാരുടെ സന്തതികള്‍' എന്നും, അവരെ ഹൈന്ദവ വലതുപക്ഷം 'മെക്കാളയുടെ സന്തതികള്‍' എന്നുമാണല്ലോ വിളിക്കുന്നത്?

കൊളോണിയല്‍ ചരിത്രമെഴുത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മജുംദാറും മറ്റും ഒരു 'മഹത്തായ ഇന്ത്യന്‍ ഭൂതകാല'ത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതേ മിത്ത് തന്നെയാണ് ആര്‍.എസ്.എസ്സും അതിന്റെ ബുദ്ധികേന്ദ്രമായ ദീനനാഥ് ബാത്രയും ഉയര്‍ത്തിപ്പിടിക്കുന്ന 'പ്രവിശാല ഇന്ത്യ'യും. ഇന്ത്യന്‍ അതിര്‍ത്തി മാറ്റിവരക്കുകയെന്ന കൊളോണിയല്‍ താല്‍പര്യത്തെയാണ് അവര്‍ താലോലിക്കുന്നത്. 'അഖണ്ഡഭാരത'ത്തെക്കുറിച്ച് വാചാലമാവുന്നതിന്റെ പിന്നിലെ അജണ്ടയും മറ്റൊന്നുമല്ല. ഗുജറാത്തിലെ പാഠപുസ്തകങ്ങളിലൂടെ ഇതൊക്കെ വിദ്യാര്‍ഥി മനസ്സുകളിലേക്ക് കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. ആര്‍.എസ്.എസ്സിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ രൂപപ്പെടുത്തിയത് എച്ച്.എം എലിയറ്റ്, ജോണ്‍ ഡൗസന്‍ പോലുള്ള കൊളോണിയല്‍ ചരിത്രകാരന്മാരാണ്. History of India as Told by its Own Historians എഴുതിയത് ഇവര്‍ രണ്ടുപേരുമാണ്. ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട് മുസ്‌ലിംകള്‍ എന്ന് ആരോപിച്ച് മുസ്‌ലിംകളെ ഇകഴ്ത്തുന്നുണ്ട് ഈ ചരിത്രകാരന്മാര്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ജനസമൂഹങ്ങളില്‍ വലിയ തോതില്‍ വര്‍ഗീയ വിദ്വേഷം കുത്തിവെക്കുക എന്നതായിരുന്നു എലിയറ്റിന്റെ ചരിത്രരചനയുടെ യഥാര്‍ഥ ലക്ഷ്യം എന്ന് കാണാവുന്നതാണ്. ചരിത്രത്തിന്റെ 'ഇന്ത്യന്‍വത്കരണ'ത്തെ പിന്തുണക്കുന്നവരെ മില്ലിനെയും എലിയറ്റിനെയും പോലുള്ളവര്‍ വളരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു.

ഗണേശയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുകയുണ്ടായി. ഒരു ചരിത്രകാരനെന്ന നിലക്ക് ഈ പരാമര്‍ശത്തെ താങ്കള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു?

മോദിയുടെ ഈ പരാമര്‍ശം ഗുജറാത്തിലെ സ്‌കൂളുകള്‍ക്ക് വേണ്ടി ബാത്ര തയാറാക്കിയ പുസ്തകത്തിലും ഇടം പിടിച്ചിട്ടുണ്ട്. പൗരാണിക ഇന്ത്യയില്‍ കാറും എയറോപ്ലേനും (വിമാനം) ഉണ്ടായിരുന്നെന്നും ബാത്ര എഴുതിവെച്ചിട്ടുണ്ട്. ആ 'വിമാന്‍' ആണ് രാമനെ അയോധ്യയിേലക്ക് കൊണ്ടുവന്നതെന്നും പറയുന്നു. വൈദിക ഗണിതശാസ്ത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. വൈദിക ഗണിത ശാസ്ത്രമായി പരിചയപ്പെടുത്തുന്നത് യഥാര്‍ഥത്തില്‍ പുരി ശങ്കരാചാര്യരുടെ ഒരു കൃതിയാണ്. അദ്ദേഹം മരണപ്പെട്ട ശേഷമാണ് അത് പ്രസിദ്ധീകരിച്ചത്. 'ചരിത്രത്തിന്റെ ഇന്ത്യാവത്കരണം' എന്ന പേരില്‍ നടക്കുന്ന ഇത്തരം നീക്കങ്ങളൊക്കെ യഥാര്‍ഥത്തില്‍ 'ഹിന്ദു ഇന്ത്യ'യെ അമിതമായി മഹത്വവത്കരിക്കാന്‍ മാത്രമാണ്. 'ഹിന്ദു' കാലഘട്ടത്തെ ആര്‍.എസ്.എസ് 'സുവര്‍ണ യുഗ'മായും തുടര്‍ന്നുള്ള മുസ്‌ലിം ഭരണകാലത്തെ 'അധഃപതന ഘട്ട'മായും കാണുന്നു. 'ഹിന്ദു കാലഘട്ട'ത്തെ മഹത്വവത്കരിക്കലും മുസ്‌ലിംകളെ താഴ്ത്തിക്കെട്ടലും ഒപ്പത്തിനൊപ്പം നടക്കുന്നുണ്ടെന്നര്‍ഥം. ഞങ്ങള്‍ ചരിത്രകാരന്മാര്‍ ഇപ്പോള്‍ ഒരു ചരിത്ര ഘട്ടത്തെയും 'ഇരുണ്ട യുഗം' എന്ന് വിളിക്കാറില്ല. പക്ഷേ, മോദി അത്തരമൊരു യുഗത്തിലേക്കാണോ നമ്മെ തള്ളിവിടുന്നത്? ഈ നീക്കത്തിനെതിരെ നമുക്ക് പോരാടേണ്ടതുണ്ട്.

ഇന്ത്യന്‍ ഭൂതകാലത്തെക്കുറിച്ച് ദീനനാഥ് ബാത്രയുടെ അഭിപ്രായങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഇന്ത്യാ ചരിത്രത്തെക്കുറിച്ച് അദ്ദേഹവുമായി താങ്കള്‍ക്ക് ഒരു സംവാദമായിക്കൂടേ?

പെന്‍ഷന്‍ പറ്റിയ ഒരു സ്‌കൂള്‍ അധ്യാപകനാണ് ബാത്ര; ആര്‍.എസ്.എസ് 'പ്രചാരകു'മാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെക്കുറിച്ച് എനിക്ക് യാതൊരു മതിപ്പുമില്ല. അദ്ദേഹവുമായി കൂടിയിരിക്കാന്‍ എനിക്ക് താല്‍പര്യവുമില്ല.

മനുഷ്യ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതകളും മറ്റും വിവാദമായിരുന്നല്ലോ. ചരിത്രം മാറ്റിയെഴുതുന്ന പ്രക്രിയ അവര്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് താങ്കള്‍ കരുതുന്നത്?

സ്മൃതി ഇറാനിയെപ്പോലുള്ളവരെ മനുഷ്യ വിഭവശേഷി വകുപ്പ് മന്ത്രിയാക്കുന്നത് നമുക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നതാണ് വിരോധാഭാസം. കാരണം ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഏതൊരു പൗരനും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവി വരെ കൈയേല്‍ക്കാന്‍ അവകാശമുണ്ട്. വിദ്യാഭ്യാസ യോഗ്യതകളൊന്നും അവിടെ പരിഗണനാ വിഷയമല്ല. മുന്‍ എന്‍.ഡി.എ ഭരണകാലത്ത് മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന മുരളി മനോഹര്‍ ജോഷി തന്റേതായ ആശയങ്ങളാല്‍ പ്രചോദിതനായാണ് കാവിവത്കരണത്തിന് മുതിര്‍ന്നതെങ്കില്‍, സ്മൃതി ഇറാനിയെ മറ്റു പലരുമാണ് നയിക്കുന്നതെന്നാണ് കേള്‍വി.

വായ്‌പേയി ഭരണകാലത്തെ കാവിവത്കരണത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുകയുണ്ടായി. ഇപ്പോള്‍ പത്ത് വര്‍ഷത്തിനു ശേഷം, മോദി അതേ പ്രക്രിയ പുനരാരംഭിച്ചിരിക്കുന്നു. രണ്ട് പ്രധാനമന്ത്രിമാരുടെയും സമീപനങ്ങള്‍ തമ്മില്‍ കാര്യമായ എന്തെങ്കിലും വ്യത്യാസമുണ്ടോ?

വിദ്യാഭ്യാസത്തെയും ചരിത്ര രചനയെയും കാവിവത്കരിക്കാന്‍ വാജ്‌പേയി ഗവണ്‍മെന്റ് ശ്രമിച്ചെങ്കിലും പൂര്‍ണമായി വിജയിക്കുകയുണ്ടായില്ല. അത്തരം പാഠപുസ്തകങ്ങള്‍ പിന്നീട് വന്ന പുതിയ ഗവണ്‍മെന്റ് പിന്‍വലിക്കുകയും ചെയ്തു. വാജ്‌പേയിയുടെ വലിയൊരു പരിമിതി തന്റെ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല എന്നതായിരുന്നു. പക്ഷേ, ഇപ്പോള്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമുണ്ട്. ഇക്കാര്യത്തില്‍ മോദി അങ്ങേയറ്റം വരെ പോകുമെന്നാണ് ഞാന്‍ കരുതുന്നത്. വെല്ലുവിളികള്‍ മുമ്പത്തെക്കാളേറെ ഗുരുതരമാണെന്ന് പറയാന്‍ അതാണ് കാരണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍