Prabodhanm Weekly

Pages

Search

2015 ജനുവരി 23

ഭീകരതയുടെ സാഹചര്യം

         ഈ ജനുവരി ഏഴിന് പാരീസിലെ ഹാസ്യ പ്രസിദ്ധീകരണമായ ഷാര്‍ലി എബ്‌ദോയുടെ ഓഫീസില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലും അനുബന്ധ അക്രമങ്ങളിലുമായി 17 പേരാണ് കൊല്ലപ്പെട്ടത്. ഷാര്‍ലി എബ്‌ദോ ഏതാണ്ട് ഒരു പതിറ്റാണ്ടുകാലമായി വിശുദ്ധ പ്രവാചകനായ മുഹമ്മദ് നബിയെ സഭ്യേതരവും നിന്ദ്യവുമായ രീതിയില്‍ അവഹേളിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്ന് ഫ്രാന്‍സിനെ പഠിപ്പിക്കാന്‍ തങ്ങളാണ് ഈ ആക്രമണം നടത്തിയതെന്ന് യമനിലെ അല്‍ഖാഇദ നേതൃത്വം അവകാശപ്പെട്ടിരിക്കുന്നു. ലോകത്തിനാകമാനം കാരുണ്യമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുകയും സ്വജീവിതംകൊണ്ട് അത് സാക്ഷാത്കരിക്കുകയും ചെയ്ത പുണ്യപ്രവാചകന്റെ ജന്മസ്മരണ ലോകമെങ്ങും കൊണ്ടാടപ്പെടുന്ന റബീഉല്‍ അവ്വല്‍ നാളുകളില്‍ തന്നെ ഇത്തരമൊരു ഭീകരാക്രമണം അരങ്ങേറിയത് ഏറെ ഖേദകരമായി. ഇസ്‌ലാം ഹിംസയുടെയും അസഹിഷ്ണുതയുടെയും സ്വാതന്ത്ര്യ നിഷേധത്തിന്റെയും മതമാണ് എന്ന അബദ്ധ ജടിലവും ആപത്കരവുമായ പാഠമാണത് ഫ്രാന്‍സിനു നല്‍കിയത്. ഫ്രാന്‍സിനു മാത്രമല്ല, ശിഷ്ട ലോകത്തിനും. യൂറോപ്പിനെ ബാധിച്ച ഇസ്‌ലാമോഫോബിയ മൂര്‍ഛിക്കാനും അതു കാരണമായി. അമ്പത് ലക്ഷത്തോളം മുസ്‌ലിംകളുള്ള രാജ്യമാണ് ഫ്രാന്‍സ്. മുസ്‌ലിംവിരോധത്തിനും അവിടെ നല്ല വേരോട്ടമുണ്ട്. ചില രാഷ്ട്രീയ കക്ഷികള്‍ മുസ്‌ലിം സാന്നിധ്യം രാജ്യത്തിനാപത്താണെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.  എബ്‌ദോവിനെതിരെയുണ്ടായ ആക്രമണം ഈ വികാരത്തിനു ശക്തി പകരുമെന്നതില്‍ സന്ദേഹമില്ല. അടുത്തു നടക്കാനിരിക്കുന്ന ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ അത് നന്നായി പ്രതിഫലിക്കുകയും ചെയ്യും. കുറച്ചുകാലമായി ജര്‍മനിയിലും മുസ്‌ലിംകള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ 'പെഗിഡ' എന്ന സംഘടന ഡ്രെസ്‌ഡെന്‍ നഗരത്തില്‍ സംഘടിപ്പിച്ച മുസ്‌ലിംവിരുദ്ധ റാലിയില്‍ അഞ്ഞൂറില്‍ താഴെ ആളുകളേ പങ്കെടുത്തിരുന്നുള്ളൂ. പാരീസ് സംഭവത്തിനു ശേഷം നടന്ന റാലിയില്‍ പങ്കെടുത്തത് 25000 പേരാണ്. ഭൂരിപക്ഷം ജര്‍മന്‍ ജനതയും ആംഗലാ മെര്‍കലിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റും മുസ്‌ലിംവിരോധത്തെ എതിര്‍ക്കുന്നുവെന്നതാണ് ആശ്വാസം. അവര്‍ മുസ്‌ലിം ഐക്യദാര്‍ഢ്യറാലിയും സംഘടിപ്പിക്കുകയുണ്ടായി. യൂറോപ്പില്‍ ഫലസ്ത്വീനികള്‍ക്കനുകൂലമായ വിചാരഗതി രൂപപ്പെട്ടുവരുന്ന കാലമാണിത്. പല രാജ്യങ്ങളും ഫലസ്ത്വീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാന്‍ തയാറായിരിക്കുന്നു. ഈ അനുകൂല തരംഗത്തെയും ക്ഷയിപ്പിക്കുന്നതാണ് പാരീസ് ദുരന്തം. ഫ്രഞ്ച് അധികൃതര്‍ക്ക് ഒട്ടും താല്‍പര്യമില്ലാതിരുന്നിട്ടും പാരീസില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറന്നെത്തിയത് വെറുതെയാവില്ല.

വന്‍ശക്തികളുടെ ക്രൂരമായ അനീതിയും നെറികേടും മുസ്‌ലിം സമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വിവേകം കൊണ്ട് അതിനെ അതിജയിക്കാനാണ് മുസ്‌ലിം പൊതുസമൂഹം ആഗ്രഹിക്കുന്നത്. പക്ഷേ, സമുദായത്തെയും അതിന്റെ അഭിപ്രായങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഏകീകരിക്കുന്നതിനു മുന്നിലും സാമ്രാജ്യത്വം പല വിലങ്ങുകള്‍ തീര്‍ത്തിരിക്കുന്നു. സങ്കീര്‍ണമായ ഈ സാഹചര്യം ഒറ്റപ്പെട്ട ചിലരെ അക്ഷമരും ക്ഷുഭിതരുമാക്കുന്നു. സാമ്രാജ്യത്വ ശക്തികള്‍ അത്തരക്കാരെ കണ്ടെത്തി സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി വളര്‍ത്തുന്നു. ഒരു ഘട്ടം പിന്നിട്ടാല്‍ ഈ ഗ്രൂപ്പുകള്‍ പാലൂട്ടിയ കൈകളില്‍ തന്നെ കടിച്ചെന്നിരിക്കും. അതാണ് 9/11 മുതല്‍ പാരീസ് ആക്രമണം വരെയുള്ള സംഭവങ്ങളില്‍ കണ്ടത്. അല്‍ഖാഇദ മുതല്‍ ഐസിസ് വരെയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ചരിത്രം പഠിച്ചാല്‍ ഇക്കാര്യം അനായാസം മനസ്സിലാക്കാം. പ്രമുഖരായ ഇസ്‌ലാമിക പണ്ഡിതന്മാരുടെ ശിഷ്യന്മാരോ ആധികാരിക ദീനീ കലാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരോ ഇക്കൂട്ടത്തില്‍ വിരളമാണ്. പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ മയക്കുമരുന്നുപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. മിക്ക മുസ്‌ലിം രാജ്യങ്ങളിലും പൗരന്മാര്‍ക്ക് ജനാധിപത്യ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അന്യമാണ്. അവിടെ സ്വേഛാധിപത്യ നേതൃത്വങ്ങളെ സംരക്ഷിക്കുന്നത് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അപ്പോസ്തലന്മാരായി ചമയുന്ന വന്‍ശക്തികളാണ്. സമാധാനപരമായ ജനാധിപത്യ വിപ്ലവങ്ങള്‍ അട്ടിമറിച്ച് തല്‍സ്ഥാനത്ത് സ്വന്തം പാവകളുടെ ഏകാധിപത്യം അടിച്ചേല്‍പിക്കുന്നതും അവര്‍ തന്നെ. ഗസ്സയിലെ സ്‌കൂളുകളിലും അഭയാര്‍ഥി ക്യാമ്പുകളിലും ബോംബെറിഞ്ഞ് കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ നടപടിയെ ഭീകരതയായി കാണാതിരിക്കുകയും അതിനെതിരെ ഫലസ്ത്വീനികള്‍ നടത്തുന്ന ചെറുത്തുനില്‍പിനെ മഹാ ഭീകരതയായി കാണുകയും ചെയ്യുന്നതിന്റെ രസതന്ത്രം ആര്‍ക്കാണറിഞ്ഞുകൂടാത്തത്! ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരകോടിയില്‍ വിലസുന്ന ഷാര്‍ലി എബ്‌ദോ ക്രിസ്തുമതത്തെയും അതിന്റെ ചിഹ്നങ്ങളെയും വല്ലപ്പോഴും അപഹസ്യമാക്കാറുണ്ടോ? ജൂതായിസത്തെ അപഹസിക്കാറുണ്ടോ? യഹൂദരെ വിമര്‍ശിക്കുന്നവരെ ജയിലിലടക്കണമെന്നാണ് ഫ്രഞ്ച് നിയമം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവഹേളിക്കാനുള്ളതു മാത്രമാണോ ആവിഷ്‌കാര സ്വാതന്ത്ര്യം? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുഖംമൂടിയണിഞ്ഞ കൊടിയ മതസ്പര്‍ധക്കും വംശീയ ഭ്രാന്തിനുമെതിരെ ചില അവിവേകികള്‍ പൊട്ടിത്തെറിക്കുന്നു. ഏതു ഭീകരതയും ഇല്ലാതാക്കാന്‍ അതിനെ പ്രചോദിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.  മുസ്‌ലിം സമുദായത്തിനോ അതിന്റെ നേതൃത്വങ്ങള്‍ക്കോ മാത്രം സാധിക്കുന്ന കാര്യമല്ല അത്. ഈ സാഹചര്യം സൃഷ്ടിച്ചവര്‍ തന്നെയാണത് മാറ്റേണ്ടത്. നിര്‍ഭാഗ്യവശാല്‍ ആ വഴിക്ക് അധികമാരും ചിന്തിക്കുന്നില്ല. എന്നാല്‍,  സാഹചര്യം പ്രേരിപ്പിക്കുന്നതുകൊണ്ട് അക്രമം അക്രമമല്ലാതാകുന്നില്ല. ഏതു സാഹചര്യത്തിലും നിരപരാധികള്‍ വധിക്കപ്പെടുന്നത് മഹാ പാതകമാണ്. ഇസ്‌ലാം അനുശാസിക്കുന്ന മനുഷ്യ സ്‌നേഹ-ജീവകാരുണ്യ മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്. അത്തരം നടപടികളിലൂടെ മതത്തിന്റെയും സമുദായത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുകളയാമെന്ന് വിവേകമുള്ളവരാരും വിചാരിക്കുന്നില്ല. അതുകൊണ്ടാണ്  മുഖ്യധാരാ മുസ്‌ലിം സംഘടനകളും നേതാക്കളും ഭീകര-വിധ്വംസക പ്രസ്ഥാനങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍