Prabodhanm Weekly

Pages

Search

2015 ജനുവരി 23

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലവും തുനീഷ്യയുടെ ഭാവിയും

ഫഹ്മീ ഹുവൈദി

         അറബ് വസന്തത്തിന്റെ അവസാനത്തെ കോട്ടയും തകര്‍ന്നുവോ എന്നതായിരിക്കാം തുനീഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തുന്ന സുപ്രധാന ചോദ്യം. 

തുനീഷ്യയില്‍ ഭികരപ്രവര്‍ത്തനം നടത്താന്‍ പദ്ധതിയിട്ടിരുന്ന 18 ഐ.എസ് തീവ്രവാദികളടങ്ങിയ സംഘത്തെ പിടികൂടിയത് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പുറത്തിറങ്ങിയ പ്രമുഖ തുനീഷ്യന്‍ പത്രത്തിന്റെ ഒന്നാം പേജ് വാര്‍ത്തയാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭീകരപ്രവര്‍ത്തന പദ്ധതി പരാജയപ്പെടുത്തിയ വാര്‍ത്തകള്‍ വന്നിരുന്നു. മുന്‍ പ്രസിഡന്റ് ബിന്‍ അലി നാടുവിട്ടതിന്റെ പിറ്റേ ദിവസം (2011 ജനുവരി14) ഒരു പട്ടാള ക്യാമ്പില്‍ വെച്ച് തുനീഷ്യന്‍ സൈന്യവും പ്രസിഡന്റിന്റെ സുരക്ഷാ വിഭാഗവും തമ്മില്‍ സായുധ സംഘട്ടനം നടന്നതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറബ്, ആഗോള ന്യൂസ് ഏജന്‍സികള്‍ വാര്‍ത്ത ഏറ്റുപിടിച്ചു. സംഭവസമയത്ത് ഏറ്റുമുട്ടല്‍ നടന്നെന്ന് പറയുന്ന സ്ഥലത്തു നിന്ന് കാറില്‍ രണ്ട് മിനിറ്റ് മാത്രം സഞ്ചരിക്കാവുന്ന അകലത്തില്‍ ഉണ്ടായിരുന്ന ആദില്‍ അസ്സം അലി എന്ന ഗവേഷകന്‍ വാര്‍ത്ത കേട്ട് ഞെട്ടി. കാരണം, ആ സമയത്ത് അവിടെ ഏറ്റുമുട്ടലിന്റെ ശബ്ദമൊന്നും കേട്ടിരുന്നില്ല. മാത്രമല്ല, പിറ്റേ ദിവസം പുലര്‍ച്ചെ സംഭവസ്ഥലം സന്ദര്‍ശിച്ച അദ്ദേഹത്തിന് സംഘട്ടനത്തിന്റെ ഒരടയാളവും കണ്ടെത്താനുമായില്ല. 'തുനീഷ്യയിലെ പ്രതിവിപ്ലവത്തിന്റെ അടയാളങ്ങള്‍' എന്ന പേരില്‍ അദ്ദേഹമെഴുതിയ പുസ്തകത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വിപ്ലവാനന്തര തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക കക്ഷിയായ അന്നഹ്ദ വിജയിച്ചതോടെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ആസൂത്രിതമായി നടത്തപ്പെടുന്ന സമാനമായ മറ്റു പല സംഭവങ്ങളും പുസ്തകം വിവരിക്കുന്നുണ്ട്. രാത്രി ഒരു മണിക്കൂര്‍ വൈദ്യുതി വിഛേദിക്കപ്പെട്ടപ്പോഴേക്കും പട്ടാള അട്ടിമറി നടന്നതായ വാര്‍ത്തകള്‍ പരന്നതാണ് അതിലാദ്യത്തേത്. 120 വിദേശ കമ്പനികള്‍ നാടുവിട്ടതായ പത്രവാര്‍ത്തകളും അതിലുണ്ട്. ഒരു മില്യന്‍ യൂറോപ്യന്‍ ടൂറിസ്റ്റുകളെ തുനീഷ്യയില്‍ നിന്ന് ഗ്രീസിലേക്ക് തിരിച്ചുവിടാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തീരുമാനിച്ചതായി വന്ന വാര്‍ത്തയാണ് മറ്റൊന്ന്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെല്ലാം. ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞുപരത്തി അവസാനം പട്ടാളം ഇടപെട്ട് രാജ്യത്തെ രക്ഷിച്ചതായ വാര്‍ത്തകള്‍ വെറെയുമുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന നീണ്ട ഏറ്റുമുട്ടലുകളുടെ കൂട്ടത്തിലെ ഒരേട് മാത്രമാണ് മേല്‍ പറഞ്ഞത്. മീഡിയയാണ് അതിന്റെ രാഷ്ട്രീയ ആയുധങ്ങളിലൊന്ന്, ഭീതി സൃഷ്ടിക്കല്‍ അതിന്റെ അച്ചുതണ്ടും. മൂന്ന് വര്‍ഷത്തിനിടക്ക് തുനീഷ്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. നിദാഅ് തൂനിസ് (Call of Tunisia) പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ രംഗപ്രവേശമാണ് അതിലൊന്ന്. ഭരണരംഗത്തുണ്ടായ മാറ്റങ്ങളുമുണ്ടതില്‍. അന്നഹ്ദ അധികാരമൊഴിഞ്ഞത് ഉദാഹരണം. പൊതുജനത്തിന്റെ മനോഗതിയിലും മാറ്റമുണ്ടായി. ഈജിപ്തിലെ ഇഖ്‌വാന്‍ ഭരണം അട്ടിമറിക്കപ്പെട്ടതടക്കമുള്ള, മേഖലയിലെ രാഷ്ട്രീയ ഭൂമികയിലെ ദിശാ മാറ്റങ്ങളും അതിലുണ്ട്. ഇതിന്റെയൊക്കെ പ്രതിഫലനങ്ങളും മാറ്റൊലിയും തുനീഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അതിന്റെ ഫലങ്ങളിലും പ്രകടമാണ്. 

വിജയം പ്രതീക്ഷിച്ചിരുന്ന അന്നഹ്ദയെ പോലും ഞെട്ടിച്ചു കൊണ്ടാണ് നിദാഅ് തൂനിസ് ഒന്നാമതെത്തുന്നത്. രണ്ടര വര്‍ഷം മാത്രം പ്രായമായ നിദാഇന് വലിയ രാഷ്ട്രീയ ധൈര്യവും ആത്മവിശ്വാസവും പകരുന്നതാണ് ഫലം. ബൂറഖീബയുടെയും ബിന്‍ അലിയുടെയും ഭരണകൂടങ്ങളില്‍ പങ്കാളിയായിരുന്ന, അമ്പതുകളില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അല്‍ബാജി ഖാഇദ് അസ്സബ്‌സിയുടെ വ്യക്തിപ്രഭാവവും വിജയത്തിന് കാരണമാണ്. 2011-ലെ  വിപ്ലവാനന്തര കാലഘട്ടത്തിലെ ആദ്യ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഇടതുപക്ഷക്കാരും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകരും ബിസിനസ്സുകാരുമടങ്ങുന്ന കുറെ മുഖങ്ങളെ പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിര്‍ത്തിയും പഴയ വ്യവസ്ഥയുടെ ഒരാളെയും മുന്നില്‍ വെക്കാതെയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ അസ്സബ്‌സിക്ക് സാധിച്ചു. സമൂഹത്തില്‍ നല്ല വേരോട്ടവും സ്വാധീനവുമുണ്ടായിരുന്ന പഴയ ദസ്തൂര്‍ (Democratic Constitutional Rally) പാര്‍ട്ടിയെ വലിയ അളവില്‍ ആശ്രയിച്ചാണ് പാര്‍ട്ടിയുടെ ആഭ്യന്തര ഘടന കെട്ടിപ്പടുത്തത്. ചുരുക്കത്തില്‍ രാഷ്ട്രീയമായും സാമൂഹികമായും സ്വീകാര്യമായ പ്രതിഛായ പാര്‍ട്ടിക്ക് നല്‍കുന്നതില്‍ അസ്സബ്‌സി വിജയിച്ചു. അതോടൊപ്പം, അന്നഹ്ദയെ കുറിച്ച വ്യാപകമായ ഭീതിപ്പെടുത്തല്‍ പ്രചാരണങ്ങളില്‍ നിന്നും അവരുടെ പിഴവുകളില്‍ നിന്നും മുതലെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

അസ്സബ്‌സിയുടെ വിജയത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം അവസാനിച്ചെങ്കിലും തുനീഷ്യയുടെ പരിവര്‍ത്തന കാലഘട്ടം അവസാനിക്കുന്നില്ല. കാരണം, പൊതു പരിപാടികളില്‍ പോലും യോജിക്കാന്‍ കഴിയാത്ത വിവിധ വിഭാഗങ്ങള്‍ അണിനിരക്കുന്ന നിദാഅ് തൂനിസ് പലതരം വെല്ലുവിളികളെ നേരിടുന്നുണ്ട്. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി എന്ന അര്‍ഥത്തില്‍ അന്നഹ്ദയെ പരിഗണിക്കണമെന്നും അവരുമായി സഹകരിക്കണമെന്നും അസ്സബ്‌സി അഭിപ്രായപ്പെടുമ്പോള്‍ അന്നഹ്ദയെ അകറ്റിനിര്‍ത്തണമെന്നാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയുടെ പക്ഷം. വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഇസ്‌ലാമിസ്റ്റുകളായ 1000 അധ്യാപകരെ പിരിച്ചുവിട്ട് പകരം ഇടത് ആഭിമുഖ്യമുള്ളവരെ നിയമിച്ച വ്യക്തി കൂടിയാണ് ഈ ജനറല്‍ സെക്രട്ടറി. 89 പിന്നിട്ട അസ്സബ്‌സിയുടെ പ്രായമാണ് നിദാഅ് തൂനിസിനെ കുഴക്കുന്ന മറ്റൊരു പ്രശ്‌നം. 

വിവ: നാജി ബി. ദോഹ
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍