പ്രാദേശിക വസ്ത്ര വൈവിധ്യങ്ങളോട് <br> അടുപ്പം കൂടുന്നതില്‍ എന്താണ് തെറ്റ്?
പ്രാദേശിക വസ്ത്ര വൈവിധ്യങ്ങളോട്
അടുപ്പം കൂടുന്നതില്‍ എന്താണ് തെറ്റ്?
മുസ്‌ലിം സ്ത്രീയുടെ വസ്ത്ര സന്ദേഹങ്ങളെ ദൂരീകരിക്കാന്‍ ഏറെ ഉപകാരപ്രദമായിരുന്നു 2883-ാം ലക്കം പ്രബോധനം. പര്‍ദയോടും ഹിജാബിനോടുമുള്ള പുറംലോകത്തിന്റെ അസഹിഷ്ണുതക്ക് ഇസ്‌ലാമിനോളം പഴക്കമുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമീണ ഹിന്ദു സ്ത്രീകളും സിഖ്, സിന്ധി സ്ത്രീകളും കന്യാ സ്ത്രീകളും എല്ലാം അണിയുന്ന ശിരോവസ്ത്രത്തെ കാണാത്ത കണ്ണുകള്‍ക്ക് എങ്ങനെയാണ് മുസ്‌ലിം സ്ത്രീയുടെ ഹിജാബ് മാത്രം ദൃഷ്ടിഗോചരമാവുന്നത്? ഉപയോഗിക്കാന്‍ സൗകര്യപ്രദം, പ്രാദേശിക വസ്ത്രമായ സാരിയേക്കാളും ചുരിദാറിനേക്കാളും കംഫര്‍ട്ടബ്ള്‍ എന്നതുകൊണ്ടെല്ലാമാണ് മലബാര്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ പര്‍ദ സര്‍വ സ്വീകാര്യമായത്. പര്‍ദയെ കറുപ്പുവത്കരിക്കാതെ പല വര്‍ണങ്ങളില്‍ ഉപയോഗിച്ചാല്‍ ഒരുപക്ഷേ അത് ജനകീയമാവുന്നതിലെ അസ്വസ്ഥത കുറക്കാനായേക്കും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം സ്ത്രീകളെപ്പോലെ ഒരാചാരമായി കാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന വസ്ത്രശീലമല്ല മലബാര്‍ മുസ്‌ലിം സ്ത്രീകളിലെ പര്‍ദ ഭ്രമം. അതിനവളെ ആരും നിര്‍ബന്ധിച്ചതല്ല. അതവരുടെ സ്വകാര്യ തെരഞ്ഞെടുപ്പ് മാത്രമാണ്. പക്ഷേ പര്‍ദവത്കരിക്കപ്പെടുന്നതിലൂടെ അത് ഇസ്‌ലാമിക യൂനിഫോം ആണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടാനിടയാക്കുന്നു. ഇതര മതസ്ഥരുമായി ഇടകലരുമ്പോള്‍ അരോചകമായ ഒരു വൈദേശികത മുഴച്ചുകാണുകയും ചെയ്യുന്നു. അതിനാല്‍ പര്‍ദ ഭ്രമം പ്രോത്സാഹിപ്പിക്കാതെ പ്രാദേശിക വസ്ത്രങ്ങള്‍ അനിവാര്യമായ മാറ്റത്തിരുത്തലുകളോടെ ഉപയോഗിക്കുന്നതല്ലേ കൂടുതല്‍ നല്ലത്?
സുല്‍ഫത്ത് റാഫി കൂട്ടിലങ്ങാടി
മാന്യതയുള്ള വസ്ത്രം ശീലിക്കണമെന്നു മാത്രമല്ലേ ഇസ്‌ലാമിന്റെ ശാഠ്യം
ഒരിക്കല്‍ മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോള്‍ സഹയാത്രികനായ അമുസ്‌ലിം സഹോദരന്‍ ചോദിച്ചു: ''സ്ത്രീകള്‍ മുഖവും വിരലുകളുമെല്ലാം മൂടുന്ന വസ്ത്രം ധരിക്കാന്‍ ഇസ്‌ലാം പറഞ്ഞിട്ടുണ്ടോ?'' ''ഞാന്‍ മനസ്സിലാക്കിയ ഇസ്‌ലാമില്‍ അങ്ങനെ പറഞ്ഞിട്ടില്ല. മാന്യമായ വസ്ത്രധാരണമാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്'' - ഞാന്‍ പറഞ്ഞു. അദ്ദേഹമൊരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്നു. അതിനാലാകണം 'ഈ രൂപത്തില്‍ വോട്ട് ചെയ്യാന്‍ വന്നാല്‍ മുഖം കാണാതെ വോട്ട് ചെയ്യിക്കാന്‍ പറ്റുമോ' എന്ന് ചോദിച്ചത്. കോഴിക്കോട് എത്തും വരെ ചര്‍ച്ച തുടര്‍ന്നു.
ഇപ്പോള്‍ നാട്ടിലാകെ ഇത് ചര്‍ച്ചയായിരിക്കുന്നു. കാരണം ചെറിയ കുട്ടികളെ പോലും മുഖം മൂടിക്കെട്ടിയാണ് ചിലര്‍ നടത്തിക്കുന്നത്. 'ജിന്ന് കൂടിയതാ'ണെന്ന് ആളുകള്‍ തമാശ പറയുന്നു! വളരെ അടുത്താണിത് വ്യാപകമായത്. പ്രവാസികള്‍ ഇറക്കുമതി ചെയ്തതാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, നൂറ്റാണ്ട് പിന്നിട്ട നവോത്ഥാന പ്രസ്ഥാനത്തില്‍ നിന്ന് പിരിഞ്ഞുപോയ ഒരു വിഭാഗമാണ് മുഖംമൂടിക്ക് പിന്നിലെന്നാണ് കേള്‍വി. മുളപൊട്ടിയത് എവിടെ നിന്നാണെന്ന് തെരയുന്നതിനേക്കാള്‍ നല്ലത് മുളയിലേ മാന്യമായ വസ്ത്രധാരണ രീതി പഠിപ്പിക്കലാണ്. ആ ധര്‍മമാണ് പ്രബോധനം നിര്‍വഹിച്ചത്. സമകാലീന സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ കൈകാര്യം ചെയ്യുന്ന പ്രബോധനം എന്തേ ഇത്ര നാളും ഈ മുഖംമൂടി പ്രവണതക്കെതിരെ പ്രതികരിക്കാതിരുന്നതെന്ന് തോന്നിയിരുന്നു.
മാതാപിതാക്കളോടൊപ്പം ജീവിക്കുമ്പോള്‍ മാന്യമായ വസ്ത്രധാരണം ചെയ്ത കുട്ടികളെ പോലും വിവാഹാനന്തരം നിര്‍ബന്ധിപ്പിച്ച് കറുപ്പണിയിക്കുന്നുണ്ട് ചിലര്‍. ബന്ധം വഷളാവാതിരിക്കാന്‍ ചിലരെങ്കിലും നിര്‍ബന്ധിതരായി മുഖംമൂടിക്ക് വഴങ്ങിക്കൊടുക്കുന്നുവെന്നതാണ് അനുഭവം. കൂട്ടത്തോടെ പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ സങ്കടം തോന്നും. ഇതിന്റെ ഒരാണ്‍പതിപ്പുമുണ്ട്. മുടിയും മീശയും വടിച്ച്, കോലമില്ലാതെ താടി നീട്ടി, മുക്കാലിക്ക് പേന്റിട്ട യുവാക്കള്‍! ഇതൊക്കെയാണു പോല്‍ ഇസ്‌ലാം വേഷം! അക്കാര്യം കൂടി പ്രബോധനം വിഷയമാക്കേണ്ടതുണ്ട്.
ഇഷ്ടമുള്ള വസ്ത്രധാരണ രീതി സ്വീകരിക്കാന്‍ ഇന്ത്യയില്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷേ മാന്യവും അന്തസ്സുള്ളതുമായിരിക്കണമത്. ഒരു വലിയ തെറ്റിദ്ധാരണ നീക്കിയ പ്രബോധനത്തിന് നന്ദി.
കെ.വി ഖയ്യൂം പുളിക്കല്‍
അവരുടെ മതംമാറ്റം മനുഷ്യനായി ജീവിക്കാനുള്ള ആശ കൊണ്ടായിരുന്നു
''അഞ്ച് സഹസ്രാബ്ദങ്ങളുടെ നീണ്ട തുരങ്കം വഴി സുമതിയുടെ കാതുകളില്‍ ആ ആജ്ഞ ദുഃസ്സഹമായി. ജാതിയുടെ ആജ്ഞ. അതിനെ ചെറുക്കാനാവാതെ, സുമതി അടി അളന്ന് പിന്മാറാന്‍ തുടങ്ങി. ഒരു ഈഴുവപ്പാട്, പതിനാല് ചവിട്ടടി. അവളുടെ കണ്ണുകള്‍ കാലടിയ്ക്ക് മീതെ. വലിയ നായരുടെ കണ്ണുകള്‍ സുമതിയുടെ പോര്‍മുലകളില്‍. സുമതി പിന്നോട്ടു തിരിയാതെയാണ് നടന്നത്. പതിനാലാമത്തെ അടി അളന്നതും സുമതി പാടത്തെ ചേറില്‍ മലര്‍ന്നു വീണു''(തലമുറകള്‍ - ഒ.വി വിജയന്‍).
ഇങ്ങനെ പതിനാലും പതിനെട്ടും അടികള്‍ അളന്ന് മലര്‍ന്നടിച്ച് വീണവര്‍, ഇപ്പോഴും അളന്ന അടികളുടെ പാപഭാണ്ഡം പേറി നരകിക്കുന്നവര്‍, അളന്നിട്ടും എവിടെയും എത്താത്തവര്‍, തീവെക്കപ്പെട്ടവര്‍, ചാട്ടവാറടിയേറ്റവര്‍, സ്വയം ഛേദിക്കപ്പെട്ടവര്‍... ഒരു മുഖ്യമന്ത്രിയെ പോലും ശുദ്ധികലശം നടത്തിയവര്‍. ഇപ്പോഴും ഉത്തരേന്ത്യന്‍ ചായക്കടകളില്‍ ജാതീയമായി വേര്‍തിരിക്കപ്പെട്ട ഗ്ലാസുകളാണ്. ഈഴവനെ നായരാക്കുമോ, ദളിതനെയും പറയനെയും ബ്രാഹ്മണനാക്കുമോ? മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തെ തലമുറകളോളം, പിന്നോട്ട് നയിക്കാനേ 'ഘര്‍വാപസി' ഉതകൂ.
''പ്രസവവോദ്യുക്തങ്ങളായി. ആര്‍ഷമുദ്രകളുടെ സമുദ്രിമ, ഗംഗയുടെ അകന്നൊടുങ്ങുന്ന അലകള്‍ ജലത്തിന്റെയും സ്ഥലത്തിന്റെയും മഹാവേദനയായി. എന്താണ് താന്‍ എറിഞ്ഞുകളഞ്ഞത്? അധഃകൃതന്റെ മുക്കണ്ണ് തുറന്ന് കൃഷ്ണനമ്മാവന്‍ ഭവത്രാനയോട് പറഞ്ഞു: ''മനുസ്മൃതി!''(തലമുറകള്‍ - ഒ.വി വിജയന്‍).
എ. റശീദുദ്ദീന്‍ എഴുതിയ 'കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് മതം മാറുന്ന ഇന്ത്യ' (ലക്കം:2881) വായിച്ചപ്പോള്‍ ഇത്രയും കുറിക്കണമെന്ന് തോന്നി.
റസാഖ് പള്ളിക്കര പയ്യോളി
സുരക്ഷിതത്വം നല്‍കുന്ന വസ്ത്ര സംസ്‌കാരം
മുസ്‌ലിം മങ്കമാരുടെ വസ്ത്രധാരണ രീതി വീണ്ടും ചര്‍ച്ചക്ക് വിധേയമാക്കിയാണ് പ്രബോധനം ജനുവരി ഒമ്പതിലെ ലക്കം പുറത്തുവന്നിരിക്കുന്നത്.
ഈയിടെ പ്രത്യക്ഷപ്പെട്ട, മുഖവും മുന്‍കൈയും വിരലുകളും മറച്ചുകൊണ്ടുള്ള വസ്ത്രധാരണ രീതിയെ അപലപിക്കുമ്പോഴും നാം വസ്ത്രധര്‍മത്തെ വിസ്മരിക്കാതിരിക്കണം. കെ.എം അശ്‌റഫ് നീര്‍ക്കുന്നം ചൂണ്ടിക്കാട്ടിയ പോലെ 'നഗ്നത മറയ്ക്കുക, പ്രതികൂല കാലാവസ്ഥകളില്‍ ശരീരത്തെ സംരക്ഷിക്കുക, അലങ്കാരമായി വര്‍ത്തിക്കുക' എന്നതാണ് പ്രധാനം. പ്രതികൂല കാലാവസ്ഥ മാത്രമല്ല 'പ്രതികൂല സാഹചര്യത്തിലെ സംരക്ഷണം' എന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.
ഏതു പ്രാദേശിക വസ്ത്രം ധരിച്ചാലും ശീര്‍ഷ വസ്ത്രം മാറിലേക്ക് താഴ്ത്തി ഇടണമെന്ന വിശുദ്ധ ഖുര്‍ആന്റെ ശാസന പാലിക്കപ്പെടേണ്ടതുതന്നെയാണ്.
മുസ്‌ലിം പെണ്ണിന്റെ വസ്ത്രധാരണത്തെക്കുറിച്ച് 1970-കളില്‍ ഒരു ലേഖന പരമ്പര അല്‍മനാര്‍ മാസികയില്‍ ഞാന്‍ എഴുതിയിരുന്നു. അതില്‍ ഒരധ്യായം 'വാനിറ്റി ബാഗിലെ നിസ്‌കാര കുപ്പായം' എന്നായിരുന്നു. ഈ ശീര്‍ഷകത്തെക്കുറിച്ച് ചിലര്‍ എന്നോട് ചോദിക്കുകയുണ്ടായി. എന്റെ അനുഭവത്തിന്റെ പിന്‍ബലത്തിലാണ് അതെഴുതിയത്. കേരള ഇസ്‌ലാമിക് സെമിനാറിലും എം.ഇ.എസ് വനിതാ സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുമ്പോഴും ഭര്‍ത്താവിന്റെ നാട്ടിലേക്കുള്ള തെക്കന്‍ ജില്ലാ യാത്രകളിലും വെള്ളിയാഴ്ചകളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ചില പള്ളികളില്‍ എനിക്ക് കൂടേണ്ടിവന്നിട്ടുണ്ട്. അവിടെ നിസ്‌കാരത്തിനെത്തുന്ന ഭക്തരായ സഹോദരിമാര്‍ പോലും അര്‍ധ നഗ്‌നകളായാണ് വസ്ത്രം ധരിച്ചുവന്നിരുന്നത്. നിസ്‌കാര സമയത്ത് വാനിറ്റി ബാഗില്‍ നിന്ന് 'നിസ്‌കാര കുപ്പായം' എടുത്ത് ധരിക്കുന്നു. ബ്ലൗസും സാരിയുമായി, വയറും കണങ്കാലും പുറത്തു കാണിച്ചുകൊണ്ടുള്ള വേഷത്തെ അപലപിച്ച് എനിക്ക് പ്രസംഗിക്കേണ്ടിവരിക പതിവായിരുന്നു. അതുകൊണ്ടാണ് ലേഖന ശീര്‍ഷകം അങ്ങനെയാക്കിയത്. ഈ പ്രവണത ഇനിയും വിദ്യാഭ്യാസവും സംസ്‌കാരവും ഉണ്ടെന്നു കരുതുന്ന സഹോദരിമാര്‍ ഉപേക്ഷിക്കുന്നില്ല എന്നത് ഖേദകരമാണ്. മുഖവും കൈവിരലുകള്‍ പോലും മറയ്ക്കുന്ന പുത്തന്‍ പ്രവണതക്കെതിരെ പൊരുതുന്നതോടൊപ്പം, മുസ്‌ലിം സ്ത്രീയുടെ ഇസ്‌ലാമിക വസ്ത്രധാരണ രീതി എങ്ങനെ എന്നുകൂടി പഠിപ്പിക്കേണ്ടിയിരിക്കുന്നു.
പി.എന്‍ ഫാത്വിമക്കുട്ടി മദനിയ്യ, റിട്ട. എച്ച്.എസ്.എ പുളിക്കല്‍
ശേഷിക്കുന്ന മതേതരത്വം പുഷ്ടിപ്പെടുത്താനുള്ള ശ്രമങ്ങളെങ്കിലും
ഇനിയുണ്ടാകട്ടെ
ബാബരിയാനന്തര കാലത്ത് ഇന്ത്യന്‍ മുസ്‌ലിംകളുടെയും അവര്‍ക്ക് നേതൃത്വം നല്‍കുന്ന മത-സമുദായ സംഘടനകളുടെയും കര്‍മപരിപാടിയെ സംബന്ധിച്ച സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ ആത്മപരിശോധനാപരമായ അവലോകനം (ഇങ്ങനെ കരഞ്ഞ് തീര്‍ക്കാനുള്ളതാണോ ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതം-ലക്കം:2881, 2882) മികവുറ്റതായി. വര്‍ഗീയ രാഷ്ട്രീയത്തിന് മറുപടി നല്‍കുന്നതിനപ്പുറം ഇരകളാക്കപ്പെട്ട മുസ്‌ലിം സമുദായം എങ്ങനെ അതിനെ ഉള്‍ക്കൊണ്ടു, 1992-ന് ശേഷം അവര്‍ തങ്ങളുടെ കര്‍മപരിപാടികളില്‍ എന്ത് മാറ്റമാണ് വരുത്തിയത് എന്ന ആത്മവിമര്‍ശനം ഇന്ത്യന്‍ മുസ്‌ലിംകളുടെ മുഖ്യ പരിഗണനയില്‍ വരേണ്ടതാണ്. അതോടൊപ്പം, ശേഷിക്കുന്ന മതേതരത്വം നിലനിര്‍ത്താന്‍, സഹവര്‍ത്തിത്വത്തിന്റെ വാതായനങ്ങള്‍ തുറക്കാനുള്ള ബോധപൂര്‍വകമായ എന്ത് നടപടികളാണ് 22 വര്‍ഷ കാലയളവിനുള്ളില്‍ തങ്ങള്‍ സ്വീകരിച്ചതെന്ന് സംഘടനാ നേതൃത്വങ്ങളും ആലോചിക്കട്ടെ. നഷ്ടപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിനൊപ്പം തലമറന്ന് എണ്ണ തേക്കാതിരിക്കാനുള്ള വിവേകം മുസ്‌ലിം സമുദായം കാണിക്കേണ്ടതുണ്ട്.
അബ്ദുല്‍ റസാഖ് പുലാപ്പറ്റ
പെണ്ണിന്റെ വ്യക്തിത്വത്തെ മറച്ചുവെക്കുന്ന മുഖംമൂടി
'മുസ്‌ലിം പെണ്ണിന്റെ വസ്ത്ര വര്‍ത്തമാനങ്ങളുമായി' വന്ന പ്രബോധനം (ലക്കം 2883) കാലിക പ്രസക്തമായ വിഷയം ചര്‍ച്ചക്ക് വെച്ചതില്‍ അഭിനന്ദനമര്‍ഹിക്കുന്നു.
ഇസ്‌ലാമിലെ വസ്ത്രധാരണം- പ്രത്യേകിച്ച് സ്ത്രീകളുടേത്- പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. അതിന് അതത് കാലങ്ങളില്‍ കാരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ ചര്‍ച്ച പക്ഷേ, അതുപോലൊന്നായി കരുതിക്കൂടാ. മുമ്പൊന്നും സ്ത്രീയുടെ വ്യക്തിത്വം ഹനിക്കുംവിധം വസ്ത്രധാരണം മാറണമെന്ന അഭിപ്രായം ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതുണ്ടായിരിക്കുന്നു; സ്ത്രീയെ പൂര്‍ണമായും മറയ്ക്കുള്ളില്‍ മൂടും വിധമുള്ള വസ്ത്രധാരണ രീതി ഒരു രോഗം പോലെ പടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ അതിന് തടയിടാന്‍ ഖുര്‍ആനും സുന്നത്തും മുമ്പില്‍ വെച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇതു സംബന്ധിച്ച പ്രബോധനത്തില്‍ വന്ന പണ്ഡിത ശ്രേഷ്ഠരുടെ അഭിപ്രായങ്ങള്‍ പ്രസക്തമായിരിക്കുന്നു.
ഹിജാബ് നിര്‍ദേശം വന്നതിനു ശേഷം സ്ത്രീയുടെ വ്യക്തിത്വം കൂടുതല്‍ അംഗീകരിക്കപ്പെടുകയും അവള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയുമാണ് ചെയ്തിട്ടുള്ളത്; അവളുടെ വ്യക്തിത്വത്തെ ഹനിക്കുകയല്ല. ഇപ്പോഴത്തെ മുഖം മറയ്ക്കുന്ന പര്‍ദ അഥവാ ബുര്‍ഖ, തിരിച്ചറിയപ്പെടാത്തവിധം സ്ത്രീയുടെ വ്യക്തിത്വത്തെ മറയ്ക്കുകയാണ്. മുഖവും മുന്‍കൈകള്‍ വിരല്‍ ഉള്‍പ്പെടെയും മൂടപ്പെടണമെന്നത് ഒരു കാലത്തും അംഗീകരിക്കാനാവില്ല.
ആകെ മൂടി ഒരു 'സത്വം' നമ്മുടെ മുന്നില്‍ എത്തിയാല്‍ എങ്ങനെ തിരിച്ചറിയാന്‍ കഴിയും! വ്യക്തിയെ തിരിച്ചറിയുന്നതിന് അല്ലാഹു തന്ന അനുഗ്രഹമാണ് മുഖം. മുഖലക്ഷണങ്ങള്‍ ആ വ്യക്തിത്വത്തെ ശരിക്കും വ്യാഖ്യാനിക്കുന്നുണ്ട്. ഇത് നിഷേധിക്കപ്പെടരുത്. അനുഭവങ്ങള്‍ ഏറെയാണ്. ഒന്നു മാത്രം കുറിക്കാം: അടുത്തിടെ പൂര്‍ണമായും മൂടപ്പെട്ട്, മുഖത്ത് രണ്ട് ദ്വാരങ്ങള്‍ മാത്രമായി ഒരു രൂപം എന്റെ മുന്നിലെത്തി. 'സലാം' പറഞ്ഞപ്പോള്‍ സ്ത്രീ ശബ്ദം. അതോടെ ആ രൂപം സ്ത്രീ ആണെന്ന് മനസ്സിലായി. പരിചയമുള്ള ശബ്ദമെന്ന് തുടര്‍ സംസാരത്തില്‍ തോന്നി. എന്നെ പരിചയമുള്ളവളാണ്, അതിനാല്‍ സ്വയം പരിചയപ്പെടുത്താതെ സംസാരം തുടങ്ങി. മുഖം കാണാത്തതു കാരണം 'എനിക്ക് മനസ്സിലായില്ല' എന്ന സത്യം ഞാന്‍ തുറന്നു പറഞ്ഞു. അപ്പോള്‍ അവള്‍ മുഖം മൂടി നീക്കി. എനിക്ക് ഏറ്റവും അടുത്തു പരിചയമുള്ള, എന്റെ മകളെപ്പോലെ വാത്സല്യത്തോടെ വളര്‍ത്തിയവള്‍. അവള്‍ക്ക് എന്തൊരു മാറ്റം? ഭര്‍ത്താവില്‍ നിന്ന് ലഭിച്ച പുതിയ നിര്‍ദേശമാണ് മാറ്റത്തിനു കാരണം. ഭര്‍ത്താവ് വിദേശത്താണ്. അവിടത്തെ സംസ്‌കാരം കടമെടുത്ത് മുഖം മൂടുന്ന വസ്ത്രം എത്തിച്ചതാണ്. ഇത് ഇസ്‌ലാമികമെന്ന് അവള്‍ തെററിദ്ധരിച്ചിരിക്കുന്നു. ഇങ്ങനെ മുഖം മറച്ച്, കണ്‍ ദ്വാരങ്ങള്‍ വെച്ച്, കൈകളില്‍ ഉറയിട്ട് കരിവസ്ത്രം ധരിച്ചവര്‍ ഏറിവരുന്നു. ഇത് മുളയിലേ നുള്ളിക്കളയുക. പ്രബോധനത്തിന് അഭിനന്ദനം.
സീതി കെ. വയലാര്‍
വസന്തം വിരിയുന്ന വീടകം
ഒന്നാന്തരം വിഭവവുമായാണ് പ്രബോധനം വീടകം ലക്കം(2880) വായനക്കാരുടെ കൈകളിലെത്തിയത്. പി.എം.എ ഗഫൂറിന്റെ ലേഖനം കണ്ണുനീരോടെയല്ലാതെ വായിച്ചുപോകാനാവില്ല. മനസ്സിനെ ഇളക്കിമറിക്കുന്ന ഇത്തരം വിഭവങ്ങളുമായി ആഴ്ചതോറും നമ്മുടെ കൈകളിലെത്തിച്ചേരുന്ന പ്രബോധനം പ്രവര്‍ത്തകര്‍ പോലും നേരാംവണ്ണം കാണുകയോ വായിക്കുകയോ നെഞ്ചേറ്റുകയോ ചെയ്യുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഒന്നിനും സമയമില്ലാത്ത തിരക്കാണല്ലോ എല്ലാവര്‍ക്കും.
കെ.എ മമ്മുട്ടി, കവിയൂര്‍, പെരിങ്ങാടി
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെക്കുറിച്ച് ടി.കെ ഹുസൈന്‍ എഴുതിയ ലേഖനം (ലക്കം:2880) വായിച്ചു. ലോക കാര്യങ്ങളില്‍ കൃഷ്ണയ്യര്‍ പുലര്‍ത്തിയ കരുതല്‍ അപാരമാണ്. ദൈനംദിന സംഭവ വികാസങ്ങളുടെ കേള്‍വിക്കാരനായി ചടഞ്ഞിരിക്കുകയല്ല, ജനപക്ഷത്തുനിന്ന് ഇടപെടുകയാണ് അവസാന ശ്വാസം വരെ അദ്ദേഹം ചെയ്തത്. സദാ ജനങ്ങള്‍ക്കുവേണ്ടി തുറന്നുവെച്ച ആ കണ്ണുകള്‍ അടഞ്ഞതോടെ വിട്ടുവീഴ്ചയില്ലാത്ത നീതിയുടെ ദീപമാണ് അണഞ്ഞുപോയത്.
റഹീം കെ. പറവന്നൂര്‍
Comments