അമിതാവേശം കൊണ്ട് ആരുടെയെല്ലാം <br> കെണികളിലേക്കാണിവര്‍ പാഞ്ഞുകയറുന്നത്
ഇരുപതിലേറെ ക്രൈസ്തവ പണ്ഡിതര്‍ എത്യോപ്യയില്‍ നിന്ന് മക്കയിലെത്തിയത് നജ്ജാശി രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു. മുഹമ്മദ് നബിയെ കാണുക, ഇസ്‌ലാമിനെക്കുറിച്ച് അറിയുക, ഖുര്‍ആന്‍ ശ്രവിക്കുക, തിരിച്ചെത്തി രാജാവിനെ വിവരം ധരിപ്പിക്കുക- ഇതായിരുന്നു നിയോഗം. മക്കയിലെ മര്‍ദനങ്ങള്‍ സഹിക്കവയ്യാതെ മുസ്‌ലിംകളില്‍ ചിലര്‍ എത്യോപ്യയിലേക്ക് നടത്തിയ പലായനമായിരുന്നു ദൗത്യസംഘത്തിന് പശ്ചാത്തലമൊരുക്കിയത്. അവര്‍ നബിയോട് സംസാരിച്ചു, ചോദ്യങ്ങള്‍ ഉന്നയിച്ചു, ഖുര്‍ആന്‍ ശ്രവിച്ചു. അങ്ങനെ ദൈവിക സത്യത്തിന് അവര്‍ സ്വയം സമര്‍പ്പിച്ചു.
ക്രൈസ്തവ പണ്ഡിതരുടെ ആഗമനം ഖുറൈശികളില്‍ ആശയും ആകാംക്ഷയും സൃഷ്ടിച്ചിരുന്നു. വേദജ്ഞാനികളായ പണ്ഡിതര്‍ മുഹമ്മദിനെ സംവാദത്തില്‍ തോല്‍പിച്ച്, തങ്ങള്‍ക്ക് സാധിക്കാത്ത വിജയം നേടുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അതിനായി പരിസരത്തുതന്നെ അവര്‍ കാത്തിരുന്നു. പണ്ഡിതരുടെ ഇസ്‌ലാം സ്വീകരണം പക്ഷേ, ഖുറൈശികളെ നിരാശരും കോപാകുലരുമാക്കി. അബൂജഹ്ല്‍ അവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അധിക്ഷേപിച്ചു, പരിഹസിച്ചു. തങ്ങള്‍ നിഷേധിക്കുകയും കഠിനമായി എതിര്‍ക്കുകയും ചെയ്യുന്ന ഇസ്‌ലാം വിദേശത്ത് സ്വീകാര്യത നേടുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. അപമാനിച്ചും നിന്ദിച്ചും എത്യോപ്യന്‍ പണ്ഡിതരെ പ്രകോപിതരാക്കാമെന്നും അവര്‍ പ്രതികരിക്കുമ്പോള്‍ സംഘര്‍ഷം രൂപപ്പെടുമെന്നും എത്യോപ്യക്കാര്‍ മക്കയില്‍ വന്ന് കലാപമുണ്ടാക്കിയെന്നു അതുവഴി പ്രചരിപ്പിക്കാമെന്നും അബൂജഹ്ല്‍ കണക്കുകൂട്ടി (മുഹമ്മദ് ജനങ്ങള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കുകയാണെന്ന ആരോപണം നേരത്തെ ഖുറൈശികള്‍ ഉന്നയിച്ചിരുന്നതാണല്ലോ). അബൂജഹ്‌ലിന്റെയും കൂട്ടാളികളുടെയും കുതന്ത്രം പക്ഷേ, വിവേകശാലികളായ ആ പണ്ഡിതര്‍ തിരിച്ചറിഞ്ഞു. ഖുറൈശികളൊരുക്കിയ വാരിക്കുഴിയില്‍ നിന്ന് അവര്‍ വഴിമാറി നടന്നു. 'ഞങ്ങള്‍ക്കൊരു കര്‍മപദ്ധതിയും നയസമീപനവുമുണ്ട്, ആ അജണ്ടകള്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ല, നിങ്ങളുടെ അജണ്ടകളുമായി നിങ്ങള്‍ക്ക് മുന്നോട്ടുപോകാം' എന്നു പറഞ്ഞ്, നിന്ദാവചനങ്ങളോട് പ്രതികരിക്കാതെ അവര്‍ തിരിച്ചുപോയി. ചേതോഹരമായ ആ ചരിത്ര സംഭവം ഖുര്‍ആന്‍ കോറിയിട്ടതിങ്ങനെ: ''ഇതിന് മുമ്പ് നാം വേദം നല്‍കിയിട്ടുള്ളവര്‍ ഇതില്‍(ഖുര്‍ആനില്‍) വിശ്വസിക്കുന്നു. ഇത് ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവര്‍ പറയുന്നു: 'ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. ഇത് ഞങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സത്യം തന്നെ. ഞങ്ങള്‍ മുമ്പേ മുസ്‌ലിംകളല്ലോ.' അവരത്രെ രണ്ടുവട്ടം പ്രതിഫലം ലഭിക്കുന്ന ജനം; തങ്ങള്‍ പ്രകടിപ്പിച്ച സ്ഥൈര്യത്തിന്റെ പേരില്‍. അവര്‍ തിന്മയെ നന്മ കൊണ്ട് തടുക്കുന്നവരും, നാം അവര്‍ക്ക് ഏകിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുന്നവരുമാകുന്നു. കെടുവചനങ്ങള്‍ കേള്‍ക്കാനിടയായാല്‍ അതില്‍ നിന്ന് അകന്നുമാറുന്നവരും. അവര്‍ പറയുന്നു: 'ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് സലാം, ഞങ്ങള്‍ അവിവേകികളെ പിന്തുടരാനാഗ്രഹിക്കുന്നില്ല'' (അല്‍ഖസ്വസ്വ് 52-55).
ഇസ്‌ലാമിക ആദര്‍ശത്തിന്റെ പ്രയോക്താക്കളും പ്രചാരകരും എക്കാലത്തും ഖല്‍ബില്‍ നിറച്ചുവെക്കേണ്ടതും കര്‍മപഥത്തില്‍ അവരുടെ വെളിച്ചമാകേണ്ടതുമായ ആശയങ്ങളാണ് ഈ വചനങ്ങള്‍ പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെതിരായ വിമര്‍ശനങ്ങളെയും അധിക്ഷേപങ്ങളെയും ക്രിയാത്മകമായി കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നും, പ്രകോപനം സൃഷ്ടിക്കാനായി പ്രതിയോഗികള്‍ ഒരുക്കുന്ന കെണികള്‍ എങ്ങനെ വിവേകത്തോടെ മറികടക്കണമെന്നും എത്യോപ്യന്‍ പണ്ഡിതരുടെ ചരിത്രം പറഞ്ഞ് വര്‍ത്തമാനകാല മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കുകയാണ് ഖുര്‍ആന്‍.
പ്രകോപനത്തിന്റെ രാഷ്ട്രീയം
പ്രകോപനത്തിന് ഒരു രാഷ്ട്രീയമുണ്ട്. അതൊരു യുദ്ധതന്ത്രമാണ്.സ്‌കൂള്‍ കുട്ടികളും കായിക താരങ്ങളും വംശവെറിയന്മാരും മുതല്‍ ദേശ രാഷ്ട്രങ്ങള്‍ വരെ സമര്‍ഥമായി പയറ്റുന്ന മൂര്‍ച്ചയുള്ള ആയുധം. അതിന്റെ ഉന്നവും മൂര്‍ച്ചയും തിരിച്ചറിയുന്ന ഉള്‍ക്കാഴ്ചയുള്ളവര്‍ ആ വായ്ത്തലയില്‍ നിന്ന് രക്ഷപ്പെടും.അത് തിരിച്ചറിയാത്തവര്‍ അതിന് തലവെച്ചു കൊടുത്ത് പിടഞ്ഞു വീഴും. പ്രകോപനം എന്ന പദത്തിന് 'കോപം ഉണ്ടാക്കല്‍' എന്നാണര്‍ഥം. ആത്മനിയന്ത്രണം തകര്‍ക്കുകയെന്നതാണ് പ്രകോപനത്തിന്റെ രീതിയും ലക്ഷ്യവും. അപ്പോള്‍ ആരും പതറിപ്പോകും. ചെറിയ പ്രകോപനം പോലും അക്രമ വാസന ഉദ്ദീപിപ്പിക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്്ധര്‍ പറയുന്നത്. ചില പ്രത്യേക ശബ്ദങ്ങള്‍ പ്രത്യേക അനുപാതത്തില്‍ കേള്‍പ്പിച്ചാല്‍ ചില മൃഗങ്ങള്‍ പ്രകോപിതരാകുമത്രെ! വൈകാരിക ഉത്തേജനങ്ങളെ സ്പര്‍ശിക്കും വിധത്തില്‍ ഓരോ വ്യക്തിയിലും ജനവിഭാഗത്തിലുമുള്ള ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയാണ് പ്രകോപന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. പ്രകോപനങ്ങള്‍ വഴി വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്ന ആന്തരിക മനോഘടന മനുഷ്യര്‍ക്കുണ്ട് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദുഃഖം, നിരാശ, വേദന, അപമാനം തുടങ്ങിയ മാനസികാവസ്ഥകളിലാണ് മനുഷ്യര്‍ കൂടുതല്‍ പ്രകോപിതരാകുന്നത്. പ്രകോപനങ്ങളില്‍ ആക്രമണോത്സുകരാകുന്നത് വ്യക്തിത്വ വികാസം നേടിയിട്ടില്ലാത്ത ആളുകളുടെയോ സമൂഹങ്ങളുടെയോ സ്വഭാവമാണ്.
കളിക്കളത്തില്‍ കാണികള്‍ കൂവുന്നതും, ഒരു ടീമിലെ കളിക്കാരോ കാണികളോ പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിക്കുന്നതും പരാമര്‍ശങ്ങള്‍ നടത്തുന്നതും എതിര്‍ കളിക്കാരന്റെ മനോവീര്യം കെടുത്താനുള്ള തന്ത്രമാണ്. ഇത്തരം പ്രകോപനങ്ങള്‍, മികച്ച പ്രകടനം നടത്താനും കൂവി വിളിച്ചവര്‍ക്ക് കളി ജയിച്ച് മറുപടി നല്‍കാനുമുള്ള പ്രചോദനമാകണം. ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ് ഒരിക്കല്‍ പ്രതികരിച്ചതിങ്ങനെ: ''പ്രകോപനങ്ങള്‍ എനിക്ക് മികച്ച പ്രകടനം നടത്താനുള്ള പ്രചോദനം നല്‍കുന്നു. അവരുടെ കൂവലുകള്‍ ഉയരുന്നതിനനുസരിച്ച് മൈതാനത്തെ എന്റെ പ്രകടനം മെച്ചപ്പെടും.'' എന്നാല്‍, പ്രകോപനങ്ങളോട് തത്തുല്യമായോ അതിലേറെ രൂക്ഷമായി പ്രതികരിച്ചാലോ? കളിക്കാരന്‍ പുറത്താകും, എതിരാളികള്‍ വിജയം നേടുകയും ചെയ്യും. ഫുട്‌ബോള്‍ ഇതിഹാസം സൈനുദ്ദീന്‍ സിദാന് സംഭവിച്ചത് അതാണ്. എതിര്‍ കളിക്കാരെ പ്രകോപിപ്പിച്ച്, അരുതാത്തത് ചെയ്യിക്കുകയെന്നത് ഇറ്റാലിയന്‍ ടീമിന്റെ തന്ത്രമാണ്. 2006-ലെ ലോക കപ്പ് ഫൈനലില്‍ സിദാനെ പ്രകോപിപ്പിക്കാനുള്ള ഉത്തരവാദിത്തം മറ്റരാസിക്കായിരുന്നു. മര്‍മങ്ങളില്‍ കൊളുത്തി മറ്റരാസി അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു. അതവഗണിച്ച് സിദാന്‍ കളിച്ച് ജയിച്ചിരുന്നെങ്കില്‍, മറ്റരാസിയുടെ മാത്രമല്ല ഇറ്റലിയുടെ തന്നെ നെഞ്ച് തകര്‍ക്കുന്ന മറുപടിയാകുമായിരുന്നു അത്. പക്ഷേ, സിദാന്‍ പ്രകോപിതനായി, മറ്റരാസിയുടെ നെഞ്ചിലിടിച്ചു. ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇറ്റലിയുടെ തന്ത്രം വിജയിച്ചു. മറ്റരാസി അധിക്ഷേപിച്ചതു കൊണ്ടല്ലേ സിദാന്‍ പ്രകോപിതനായതെന്ന ചോദ്യം ന്യായമാണ്. പക്ഷേ, ആത്യന്തികമായി ലക്ഷ്യം നേടിയത് ആര് എന്നതാണ് ചിന്തിക്കേണ്ടത്.
ഖുര്‍ആനിക പാഠങ്ങള്‍
നേരത്തെ ഉദ്ധരിച്ച ചരിത്ര സംഭവവും ദിവ്യ വചനങ്ങളും മനസ്സിരുത്തി ഒന്നുകൂടി വായിക്കുക. ഇസ്‌ലാമിനെതിരായ അധിക്ഷേപങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും അതിനെതിരെ ചിലര്‍ അക്രമണോത്സുകരായി പ്രതികരിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് വെള്ളിരേഖ പോലൊരു വഴി ഖുര്‍ആന്‍ തുറന്നുതരുന്നു. പ്രകോപനങ്ങളെ അവഗണിച്ചു തള്ളാനും അവിവേകികളോട് കലഹിക്കാന്‍ നില്‍ക്കാതെ സ്വന്തം കര്‍മപദ്ധതികളുമായി മുന്നേറാനുമാണ് അല്ലാഹു വിശ്വാസികളെ പഠിപ്പിക്കുന്നത്. പ്രകോപനങ്ങളില്‍ പതറാതെ സഹനത്തോടെ മുന്നോട്ടുനീങ്ങിയാല്‍ ഇരട്ടി പ്രതിഫലമുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. അവരുടെ ഗുണവിശേഷങ്ങള്‍ ഇങ്ങനെ എണ്ണി പറയാം.
1. സഹനശീലം. 2. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക. 3. ദൈവ മാര്‍ഗത്തിലെ ധനവ്യയം. 4. അധിക്ഷേപങ്ങളില്‍ നിന്ന് പിന്തിരിയുക. 5. സ്വന്തം അജണ്ടകള്‍ തിരിച്ചറിഞ്ഞ് അതില്‍ ഉറച്ചുനില്‍ക്കുക. 6. അവിവേകികളോട് വിട പറയുക.
സഹനശീലം: ഭീരുത്വത്തിന്റെ അടയാളമോ പരാജയപ്പെട്ടവരുടെ വീണ്‍വാക്കോ ആയാണ് സഹനവും ക്ഷമയും ചിലര്‍ വിലയിരുത്താറുള്ളത്. പ്രതിസന്ധികളെ ആദര്‍ശധീരതകൊണ്ട് അതിജയിക്കുന്നവന്റെ ചങ്കുറപ്പാണ് സഹനം. ക്ഷിപ്രകോപത്തെ അടക്കിനിര്‍ത്തി നാളെയിലേക്ക് വിജയക്കുതിപ്പ് നടത്താന്‍ സഹനം കരുത്ത് നല്‍കും. അതുകൊണ്ടാണ് 'സ്വബ്്ര്‍' ഇരട്ട പ്രതിഫലത്തിന് കാരണമാകുന്നത്. നിരന്തര പ്രകോപനങ്ങളിലൂടെ നബിയുടെ നെഞ്ചിന്‍കൂട്ടില്‍ ഖുറൈശികള്‍ ഇടിച്ചുകയറിയിട്ടുണ്ട്. അനുചരന്മാരുടെ നെറ്റിയും നാഭിയും പിളര്‍ത്തിയിട്ടുമുണ്ട്. ഇതെല്ലാം കണ്ടപ്പോള്‍ ചില സ്വഹാബികളുടെ ചോര തിളച്ചു, കൈകള്‍ തരിച്ചു. പലതവണ അവര്‍ വാള് പരതി. പീഡനപര്‍വങ്ങള്‍ സഹിക്കുന്നത് അപമാനമാണെന്ന് അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനെ പോലുള്ളവര്‍ വേവലാതി കൊണ്ടു. പക്ഷേ, അല്ലാഹു നിലപാട് മാറ്റിയില്ല. ''നിങ്ങള്‍ കൈകള്‍ അടക്കിവെച്ച് സ്വലാത്ത് നിര്‍വഹിക്കുക, സകാത്ത് നല്‍കുക''-ഇതായിരുന്നു ഖുര്‍ആന്‍ (അന്നിസാഅ് 77) കാണിച്ച വെളിച്ചം. എന്തിനാണ് 'ഭീരുക്കളെ' പോലെ കഴിയാന്‍ പറഞ്ഞത്? കയ്ക്കരുത്തും ആയുധ പാടവവുമുള്ള വീരശൂരര്‍ സ്വഹാബികളിലുണ്ടായിരുന്നല്ലോ. പതിയിരുന്നും പാത്തുവന്നും കുറെ പേരുടെ ജീവനെടുത്ത് ഭീതി വിതക്കാനും അങ്ങനെ ഖുര്‍ആന്‍ വിമര്‍ശകരെയും നബിനിന്ദകരെയും അടക്കിനിര്‍ത്താനും ശ്രമിക്കാമായിരുന്നല്ലോ! എന്നിട്ടുമെന്തേ ഖുര്‍ആന്‍ മറ്റൊരു വഴി പഠിപ്പിച്ചു? ഖുര്‍ആന്റെ തണലില്‍ സയ്യിദ് ഖുത്വ്ബിന്റെ തൂലിക അതിന് മറുപടി പറഞ്ഞിട്ടുണ്ട്: ''സമാധാനപരമായ പ്രബോധനത്തിന് ശക്തമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും. അവരോട് യുദ്ധം ചെയ്യുന്നതാകട്ടെ ശത്രുതയുടെ ആക്കം കൂട്ടാനും അതുവഴി പുതിയ ചോരക്കലാപങ്ങള്‍ക്ക് വഴിമരുന്നിടാനും ഇടയാക്കും. അറബികളുടെ ദാഹിസ്-ഗബ്‌റാഅ്, അല്‍ബസൂസ് യുദ്ധങ്ങള്‍ പോലെ കുപ്രസിദ്ധമായ ചോരക്കലാപങ്ങള്‍ക്ക്.... അങ്ങനെ ഇസ്‌ലാം ഒരു പ്രബോധനം എന്ന അതിന്റെ പദവിയില്‍ നിന്ന് കലാപത്തിലേക്കും പ്രതികാര പരമ്പരയിലേക്കും മാറുകയും അതിന്റെ മൗലിക ദര്‍ശനം വിസ്മരിക്കപ്പെടുകയും ചെയ്യുമായിരുന്നു.... ഇസ്‌ലാമിക ആദര്‍ശത്തെ സംബന്ധിച്ചേടത്തോളം ഏറ്റവും അടിസ്ഥാനപരമായ കാര്യം പ്രബോധകന്റെ അസ്തിത്വമാണ്. പ്രബോധകന്റെ -പ്രവാചകന്‍ തന്നെ- സ്വത്വത്തിലൂടെയുള്ള പ്രബോധനത്തിന്റെ അസ്തിത്വം....'' (ഫീ ദിലാലില്‍ ഖുര്‍ആന്‍-അന്നിസാഅ് 77-ാം അധ്യായത്തിന്റെ വ്യാഖ്യാനക്കുറിപ്പ്, സംഗ്രഹം).
നിരന്തര നിന്ദകളും ആവര്‍ത്തിക്കപ്പെടുന്ന പ്രകോപനങ്ങളും വികാരങ്ങളെ ഇളക്കി മറിക്കും. അപ്പോള്‍ മുസ്‌ലിംകളില്‍ ചിലരെങ്കിലും ആയുധങ്ങളുമേന്തി തെരുവിലിറങ്ങും, അക്രമത്തിന്റെ വഴി തേടും. അപ്പോള്‍, ഇസ്‌ലാം ചോരക്കലാപത്തിന്റെ മതമാണെന്ന് സ്ഥാപിക്കുക എളുപ്പമാകും. പ്രസംഗങ്ങളും നോവലുകളും സിനിമകളും കാര്‍ട്ടൂണുകളും തുറന്നുവിടുന്ന ഓരോ നിന്ദയുടെയും മനശ്ശാസ്ത്രമിതാണ്. ഹിംസാത്മക പ്രതികരണങ്ങള്‍ സൃഷ്ടിച്ചെടുക്കുക. 'കൈകള്‍ അടക്കിവെച്ച്, വികാരം നിയന്ത്രിച്ച് ആദര്‍ശപ്രബോധകരാകാനുള്ള' ഖുര്‍ആന്‍ ശാസനയെ ധിക്കരിച്ച്, ആയുധമേന്തി ഇറങ്ങുന്നവര്‍ ഈ അജണ്ട തിരിച്ചറിയാത്തവരാണ്. ആശയമല്ല, അമിതാവേശമാണവരെ നയിക്കുന്നത്. സയ്യിദ് ഖുത്വ്ബിന്റെ വാക്കുകള്‍ തന്നെ പകര്‍ത്തട്ടെ: ''ഏറ്റവും വലിയ ആവേശവും അത്യുത്സാഹവും പ്രകടിപ്പിക്കുന്ന മനുഷ്യര്‍ യാഥാര്‍ഥ്യം മുന്നില്‍ കാണുകയും പ്രയാസം നേരിട്ടനുഭവിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ അസ്വസ്ഥരും സംഭീതരും പരാജിതരുമായിത്തീര്‍ന്നേക്കാനിടയുണ്ട്. അല്ല, ഇത് ഒരു പൊതു തത്ത്വം തന്നെയാണ്. സ്ഥൈര്യം, ധൈര്യം, സഹനം എന്നിവയില്‍ നിന്നല്ല മിക്കവാറും അമിതാവേശവും അത്യുത്സാഹവും ഉണ്ടാകാറുള്ളത്. ഉത്തരവാദിത്തത്തിന്റെ യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് ധാരണയില്ലായ്മയില്‍ നിന്നാണ് ഏറിയ കൂറും അതുണ്ടാവുക. അതല്ലെങ്കില്‍ പ്രയാസം, പ്രതിസന്ധി, പരാജയം എന്നിവയുടെ കാര്യത്തില്‍ സഹനാനുഭവത്തിന്റെ കുറവു കൊണ്ട്. സഹനശീലത്തിന്റെ ആ കുറവ്, എടുത്തുചാടാനും എങ്ങനെയും വിജയം നേടാനുമായി അവരെ മുന്നോട്ടു തള്ളും; എടുത്തു ചാട്ടത്തിന്റെ പ്രയാസങ്ങളൊന്നും കണക്കിലെടുക്കാതെ.... (അതേ പുസ്തകം). 'അമിതാവേശക്കാര്‍, സഹനശീലരെ ദുര്‍ബലരായാണ് കരുതുക'യെന്നും സയ്യിദ് ഖുത്വ്ബ് നിരീക്ഷിക്കുന്നുണ്ട്. പുതിയകാലത്തെ കണ്ടെഴുതിയ പോലെയുണ്ട് ഈ വരികള്‍!
നന്മ കൊണ്ട് പ്രതിരോധം: ഇസ്‌ലാമിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യണം എന്ന വീക്ഷണം ഖുര്‍ആനിക വിരുദ്ധമാണ്. തിന്മയുടെ പ്രചാരകരെ ഇല്ലായ്മ ചെയ്തുകൊണ്ട് നന്മ സ്ഥാപിക്കല്‍ ഇസ്‌ലാമിന്റെ രീതിയായിരുന്നെങ്കില്‍ ആദ്യം വെടിയുതിര്‍ക്കേണ്ടത് ഇബ്‌ലീസിന്റെ നെഞ്ചിലേക്കായിരുന്നു. വംശവെറിയലധിഷ്ഠിതമായ നിന്ദാപ്രയോഗം, സൃഷ്ടിപ്പിലെ വ്യത്യാസത്തെക്കുറിച്ച ഇബ്‌ലീസിന്റെ വാദത്തിലുണ്ട്. ശേഷം സ്വയം വഴിതെറ്റി ജീവിക്കാനല്ല മറ്റുള്ളവരെ വഴിതെറ്റിക്കാനുള്ള അവകാശമാണ് ഇബ്‌ലീസ് അല്ലാഹുവിനോട് ചോദിച്ചുവാങ്ങിയത്; അതും വെല്ലുവിളിയോടു കൂടി. എന്നിട്ടും അല്ലാഹു ആ സ്വാതന്ത്ര്യം വകവെച്ചുകൊടുത്തു. ഇബ്‌ലീസിന്റെ പക്ഷത്തെ വംശഹത്യ നടത്തുകയല്ല, 'വിശ്വാസത്തിന്റെ കരുത്തുകൊണ്ട് എന്റെ അടിമകള്‍ നിന്റെ കുതന്ത്രങ്ങള്‍ അതിജയിക്കും' എന്ന് ഇബ്‌ലീസിന് മറുപടി നല്‍കുകയാണ് അല്ലാഹു ചെയ്തത്.
ആദര്‍ശത്തിന്റെ അജയ്യതയില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരു പ്രബോധക സമൂഹത്തിന് എതിരാളികളെ അതിജയിക്കാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍, ആദര്‍ശത്തെക്കുറിച്ച് അജ്ഞരാവുകയോ ചിഹ്നങ്ങളുടെ വൈകാരികതയില്‍ അഭിരമിക്കുകയോ ചെയ്താല്‍ ആയുധങ്ങളില്‍ തന്നെ വിശ്വാസമര്‍പ്പിക്കേണ്ടിവരും. അപ്പോള്‍ ഒരു തിന്മയെ അതിനെക്കാള്‍ വലിയ തിന്മ കൊണ്ട് ഇല്ലായ്മ ചെയ്യുകയെന്ന ഇസ്‌ലാമിക വിരുദ്ധ നടപടികള്‍ക്കു വരെ അവര്‍ ധൃഷ്ടരായേക്കും. ഖുര്‍ആന്‍ പഠിപ്പിക്കുന്നത് തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക എന്നാണ്. അക്ഷരങ്ങള്‍ കൊണ്ട് തരം താണ ശൈലിയില്‍ ഇസ്‌ലാമിനെ അപഹസിക്കുന്നവന് ഉന്നതമായ ഭാഷയില്‍ അക്ഷരങ്ങള്‍ കൊണ്ടുതന്നെ മറുപടി പറയണം. അബൂബക്‌റിന്റെയും അബൂലഹബിന്റെയും ഭാഷകള്‍ തമ്മില്‍ വ്യത്യാസമില്ലെങ്കില്‍ പിന്നെ ഇസ്‌ലാമിക സംസ്‌കാരത്തിന് എന്താണര്‍ഥം! വംശവെറി മൂത്തവരുടെ അധിക്ഷേപങ്ങള്‍ തുറന്നുകാണിച്ച്, 'ഞങ്ങളുടെ ആദര്‍ശം അതല്ല ഞങ്ങളെ പഠിപ്പിച്ചത്, ഞങ്ങള്‍ ഉന്നതമായൊരു സംസ്‌കാരത്തിന്റെ ഉടമകളാണ്' എന്ന് തെളിയിക്കലാണ് പ്രബോധക സമൂഹത്തിന്റെ നന്മ. അപ്പോഴാണ് ശത്രുത പ്രഖ്യാപിച്ച് ചീറിയടുത്തവന്‍ ഹൃദയം പകുത്തെടുക്കുന്ന ഉറ്റമിത്രമാകുന്നത് (ഖുര്‍ആന്‍ 41:34). സ്വിറ്റ്‌സര്‍ലന്റിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ഡാനിയല്‍ സ്ട്രീഷ്(Daniel Streich) പള്ളി മിനാരങ്ങള്‍ക്കെതിരെ ശക്തമായ കാമ്പയിന്‍ നടത്തിയിരുന്നു. ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാനുള്ള തെളിവുകള്‍ക്കായി ഖുര്‍ആന്‍ പരതാനാരംഭിച്ച അദ്ദേഹം പക്ഷേ, വൈകാതെ ദിവ്യവെളിച്ചം കണ്ടെത്തി ഇസ്‌ലാം സ്വീകരിച്ചു. പ്രബോധനരംഗത്ത് സജീവമായ അദ്ദേഹം സ്വിറ്റ്‌സര്‍ലന്റില്‍ ഏറ്റവും വലിയ പള്ളി നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. മിനാരങ്ങള്‍ക്കെതിരായ കാമ്പയിന്റെ പേരില്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞിരുന്നെങ്കിലോ?
ഡെന്‍മാര്‍ക്കിലെ ജില്ലന്റ് പോസ്റ്റന്‍ നബി നിന്ദാ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ചിലര്‍ അക്രമോത്സുകരായി തെരുവിലിറങ്ങി. എന്നാല്‍ വിവേകശാലികളായ ഒരു കൂട്ടം മുസ്‌ലിംകള്‍ നബിയെ കുറിച്ച ബുക് ലെറ്റുകളും സിഡികളുമടങ്ങിയ കിറ്റുകളുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ മൈതാനങ്ങളിലേക്കാണ് പോയത്. പ്രവാചകന്റെ സന്ദേശം കൂടുതല്‍ പേര്‍ക്ക് എത്തിക്കാനുള്ള അവസരമായി അവരതിനെ കണ്ടു. ടെറി ജോണ്‍സണ്‍ ഖുര്‍ആന്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍, 'കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍' ചെയ്തത് ഖുര്‍ആന്റെ ഒരു മില്യന്‍ പരിഭാഷ പുറത്തിറക്കുകയായിരുന്നു. ടെറി ജോണ്‍സനെ വെട്ടിവീഴ്ത്തലല്ല, ഇതാണ് ക്രിയാത്മക പ്രതികരണ രീതി എന്നവര്‍ മനസ്സിലാക്കി.
'ലഗ്‌വി'ല്‍ നിന്ന് മുഖം തിരിക്കുക: മുഖം കൊടുക്കാതെ അവഗണിക്കണമെന്നും സംഘര്‍ഷത്തിന് ഇടവരുത്താതെ പിന്തിരിയണമെന്നും കല്‍പിക്കുന്ന 'ലഗ്‌വി'ല്‍ ഖുര്‍ആനെയോ നബിയെയോ ഇസ്‌ലാമിക തത്ത്വങ്ങളെയോ അപമാനിക്കുന്നതും പഴിപറയുന്നതും ഉള്‍പ്പെടുമെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് (വിശുദ്ധ ഖുര്‍ആന്‍ വിവരണം-അമാനി മൗലവി 3/2449). വ്യാജം, നിരര്‍ഥക സംസാരം, പരദൂഷണം, ചീത്ത വാക്ക് തുടങ്ങിയ 'ലഗ്‌വി'ന്റെ അര്‍ഥങ്ങള്‍ തന്നെ ഇന്ന് ഇസ്‌ലാമോഫോബിയയുടെ ഭാഗമായുള്ള ദുഷ്പ്രചാരണങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. അത്തരം 'ലഗ്‌വു'കളുടെ പിന്നാലെ കൂടാനല്ല, അവഗണിച്ചുതള്ളി പിന്തിരിഞ്ഞുപോകാനാണ് ഖുര്‍ആന്‍ കല്‍പിച്ചത്; 'ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മപാതയുണ്ടെന്ന് പറഞ്ഞ് സ്വന്തം ദൗത്യം നിര്‍വഹിക്കാനും.' 'ചില വാക്കുകള്‍ അവഗണിക്കുകയാണ് അതിനെ ശവമടക്കാനും അതിന്റെ വക്താവിന്റെ സ്മരണ തന്നെ ഇല്ലാതാക്കാനും അതിനെക്കുറിച്ച് അജ്ഞരായവരെ അത് കൊട്ടിയറിയിക്കാതിരിക്കാനും ഏറ്റവും ഉചിതമായ വഴി' എന്ന് പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹ് മുസ്‌ലിമിന്റെ മുഖവുരയിലെ വാചകം എത്രമേല്‍ അര്‍ഥവത്താണ്. ഇന്ന് ഇസ്‌ലാമോഫോബിയയുടെ ഭാഗമായുള്ള പ്രവാചക നിന്ദകളുടെയും അധിക്ഷേപങ്ങളുടെയും രീതിയില്‍ തന്നെയാണ് എക്കാലത്തെയും ജനതകള്‍ പ്രവാചകന്മാരെ എതിരിട്ടിരുന്നത്. ഇതു സംബന്ധിച്ച് ഇരുന്നൂറിലേറെ ആയത്തുകളുണ്ട് ഖുര്‍ആനില്‍. നിന്ദയും ശകാരവും (36:30), മാരണക്കാരനും നുണയനുമെന്ന ആരോപണം (38:4), മടയന്‍ (7:66), ജിന്ന് ബാധിച്ചവന്‍ (15:6), കെട്ടിച്ചമക്കുന്നവന്‍ (16:101) തുടങ്ങിയ നിന്ദകള്‍ക്ക് കൊലയോ ശാരീരിക പീഡനങ്ങളോ ഖുര്‍ആന്‍ ശിക്ഷ വിധിച്ചതായി ഒരിടത്തും പറയുന്നില്ല. ഗുണദോഷിക്കുക, അവഗണിച്ചുകളയുക- ഇതാണ് ഖുര്‍ആന്റെ ഉദ്‌ബോധനം. എന്നാല്‍, 'ലഗ്‌വി'നോട് ഖുര്‍ആന്‍ നിര്‍ദേശിച്ച സമീപനമാണോ, വ്യക്തികളുടെ വികാരങ്ങളെ തൃപ്തിപ്പെടുത്തുന്ന നടപടികളാണോ ഇന്ന് ഉണ്ടാകുന്നത്? അല്ലാഹുവിന്റെ ദീന്‍ സംരക്ഷിക്കാന്‍ അല്ലാഹുവിനെക്കാള്‍ ഫലപ്രദമായ തന്ത്രങ്ങള്‍ നമുക്കറിയുമോ? പ്രവാചകന്‍ പഠിപ്പിക്കാത്ത പ്രവാചക സ്‌നേഹമാണോ അനുയായികള്‍ സ്വീകരിക്കേണ്ടത്? 'ഞങ്ങള്‍ അവിവേകികളുടെ മാര്‍ഗം കൈക്കൊള്ളാനാഗ്രഹിക്കുന്നില്ല-സലാം'- എത്യോപ്യന്‍ പണ്ഡിതന്മാര്‍ മക്കക്കാരോട് പറഞ്ഞ ഈ വാചകങ്ങള്‍ വിമര്‍ശകരോട് പറയാന്‍ കഴിയുമ്പോഴാണ് പൂര്‍വിക മഹത്തുക്കളുടെ മാതൃക പിന്തുടരുന്നവരായി നാം മാറുന്നത്.
Comments