Prabodhanm Weekly

Pages

Search

2015 ജനുവരി 23

മുസ്‌ലിം സമൂഹവും പ്രബോധന ദൗത്യവും

ഡോ. ഫസലുര്‍റഹ്മാന്‍ ഫരീദി /പഠനം

         പലതരം വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മുസ്‌ലിം സമുദായത്തെ ഖുര്‍ആനും നബിചര്യയും നിര്‍ദേശിക്കുന്ന പ്രബോധന ദൗത്യത്തിലേക്ക് കൊണ്ടുവരിക എന്നതും വളരെ പ്രധാനമാണ്. മാനവികവും ഇസ്‌ലാമികവുമായ ഉദാത്ത മൂല്യങ്ങള്‍ക്ക് സാക്ഷികളായി സമൂഹ മധ്യത്തില്‍ നിലകൊള്ളുക എന്നതാണത്. മനുഷ്യനിര്‍മിതങ്ങളായ സകല ദൈവങ്ങളുടെയും ആള്‍ദൈവങ്ങളുടെയും നീരാളിപ്പിടിത്തത്തില്‍നിന്ന് മനുഷ്യ സമൂഹത്തെ രക്ഷിക്കുക എന്നതും ആ ദൗത്യത്തിന്റെ ഭാഗമാണ്. ഈയൊരു ദൗത്യത്തെക്കുറിച്ച ഉള്‍ക്കാഴ്ച മനുഷ്യകുലത്തിന്റെ മോചനത്തിലും പുരോഗതിയിലും താല്‍പര്യവും ഉത്കണ്ഠയുമുള്ളവരാക്കി മുസ്‌ലിം സമൂഹത്തെ മാറ്റുന്നു. ഖുര്‍ആനിലേക്കും തിരുചര്യയിലേക്കുമുള്ള ഈ മടക്കയാത്ര, ചരിത്രത്തില്‍ യശോധാവാള്യം പരത്തിയ പ്രഗത്ഭ പണ്ഡിതന്മാരുടെ കണ്ടെത്തലുകളെയും അഭിപ്രായങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ടാവില്ല എന്നതും അടിവരയിടേണ്ടതുണ്ട്. ഇസ്‌ലാമിക ചിന്തക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയവരാണ് മുന്‍കാല പണ്ഡിതന്മാര്‍. അതിനര്‍ഥം അവരുടെ എല്ലാ അഭിപ്രായങ്ങളെയും നാം അപ്പടി സ്വീകരിക്കണം എന്നല്ല. അവയില്‍ തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാവും. എക്കാലത്തും പ്രസക്തമായ അഭിപ്രായങ്ങളെ സ്വീകരിക്കുകയും അല്ലാത്തവ നിരാകരിക്കുകയും വേണം.

ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും സവിശേഷമായ മൂല്യം, ഏകദൈവത്വ സിദ്ധാന്തം കഴിഞ്ഞാല്‍, മനുഷ്യകുലത്തിന്റെ ഏകതയാണ്. സകല ബഹുദൈവത്വ സാധ്യതകളെയും ഇസ്‌ലാം നിരാകരിക്കുന്നു. ഇക്കാര്യത്തില്‍ വലിയ ദൈവങ്ങളെന്നോ കുട്ടി ദൈവങ്ങളെന്നോ ഉള്ള വ്യത്യാസമില്ല. മരണത്തിന് ഒരു ദൈവം, ധനത്തിന് ഒരു ദൈവം, സുരക്ഷക്കും സൗന്ദര്യത്തിനും വൈകൃതത്തിനുമൊക്കെ വെവ്വേറെ ദൈവങ്ങള്‍ തുടങ്ങി സകല വിഭജനങ്ങളെയും തള്ളിക്കളയുന്നുമുണ്ട് ഇസ്‌ലാം. ഇസ്‌ലാമിന്റെ ബഹുദൈവത്വ നിരാകരണം, ദൈവത്തിന്റെ ഏകത്വം എന്ന അടിത്തറയില്‍നിന്ന് മാത്രം ഉത്ഭൂതമായിട്ടുള്ളതല്ല; മനുഷ്യസമൂഹത്തിന്റെ ഏകത്വം എന്ന സങ്കല്‍പ്പവും ബഹുദൈവത്വ നിരാകരണത്തിന് ഒരു പ്രധാന കാരണമായി വര്‍ത്തിക്കുന്നുണ്ട്.

എല്ലാവരെയും ഏകദൈവമാണ് സൃഷ്ടിച്ചത്; സകല വര്‍ഗത്തിലും വംശത്തിലുംപെട്ട സ്ത്രീപുരുഷന്മാരെയെല്ലാം. മനുഷ്യകുലത്തിന്റെ ഉത്ഭവ ബിന്ദു ഒന്നാണ്. അതിനാല്‍ മനുഷ്യര്‍ തമ്മില്‍ ജാതീയമോ വംശീയമോ മറ്റോ ആയ ഏറ്റവ്യത്യാസങ്ങള്‍ ഉണ്ടാവുക വയ്യ. ഇതാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിക്കുന്ന മനുഷ്യസമത്വത്തിന് ആധാരം.

''മനുഷ്യരേ! ഒരേ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുക. അതേ രക്ഷിതാവത്രേ അതില്‍നിന്ന് നിങ്ങള്‍ക്ക് ഇണയെയും സൃഷ്ടിച്ച് തന്നിരിക്കുന്നത്'' (ഖുര്‍ആന്‍ 4:1).

എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് ഒരേയൊരു ദൈവം എന്ന ഈ കാഴ്ചപ്പാടിന്റെ വിശദീകരണമാണ് മനുഷ്യന് അന്നവും സംരക്ഷണവും നല്‍കുന്നത് അതേ ദൈവം തന്നെ എന്നത്. ഈ ആശയം ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിലെ സാങ്കേതിക ശബ്ദമാണ് 'റബ്ബ്.' ഈ റബ്ബാണ് മുസ്‌ലിമിനും ക്രസ്ത്യാനിക്കും ഹിന്ദുവിനും ജൂതനും നിരീശ്വരവാദിക്കുമെല്ലാം ആഹാരവും മറ്റു ജീവിത സൗകര്യങ്ങളും നല്‍കുന്നത്. സ്രഷ്ടാവും സംരക്ഷകനും ഒരേ ദൈവം തന്നെ.

''അല്ലാഹു എന്റെ റബ്ബാണ്; നിങ്ങളുടെയും റബ്ബാണ്. അതിനാല്‍ അവന് മാത്രം വഴിപ്പെടുക. നേര്‍വഴി അത് മാത്രം'' (3:51).

മനുഷ്യന്‍ ജന്മനാ അല്ലെങ്കില്‍ വംശീയമായി ഉയര്‍ന്നവനോ താഴ്ന്നവനോ ആണ് എന്ന വാദഗതിയുടെ അടിവേരറുക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. മനുഷ്യ സമൂഹത്തിന്റെ ആഗോള സാഹോദര്യം എന്ന ഇസ്‌ലാമിന്റെ ഈ അടിസ്ഥാന മൂല്യം വെറുമൊരു ആശയമായി നിലനില്‍ക്കുകയല്ല; അത് മൊത്തം ഇസ്‌ലാമിക ദര്‍ശനത്തിന്റെ ദിശ നിര്‍ണയിക്കുന്ന ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമായി നിലയുറപ്പിക്കുകയും ചെയ്യുന്നു. ഒട്ടേറെ സൂക്തങ്ങളില്‍ ഖുര്‍ആന്‍ മനുഷ്യകുലത്തിന്റെ ഏകത ഊന്നിപ്പറഞ്ഞിട്ടുണ്ട്.

''മനുഷ്യരെല്ലാം ഒറ്റ സമുദായമായിരുന്നു. പിന്നെ അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായി (പലതരം വിശ്വാസാചാരങ്ങള്‍ ഉത്ഭവിച്ചു). നിന്റെ രക്ഷിതാവിന്റെ മുന്‍നിശ്ചയമില്ലായിരുന്നെങ്കില്‍, അവര്‍ ഭിന്നിച്ച കാര്യങ്ങളില്‍ നേരത്തേ തീര്‍പ്പു കല്‍പ്പിക്കപ്പെടുമായിരുന്നു'' (10:19).

മനുഷ്യകുലത്തെക്കുറിച്ച ഇസ്‌ലാമിന്റെ ഈ വിശാല കാഴ്ച്ചപ്പാട് ജാതിയുടെയും വര്‍ണത്തിന്റെയും വംശത്തിന്റെയും പ്രദേശത്തിന്റെയും സാമൂഹിക-സാമ്പത്തിക പദവികളുടെയും അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയ സകല വിവേചനങ്ങളെയും  തകര്‍ത്തെറിയുന്നു. ലിംഗ അസമത്വങ്ങള്‍ക്കും ഇതിന് മുമ്പില്‍ നില്‍ക്കക്കള്ളി ഉണ്ടാവുകയില്ല. തന്റെ ഹജ്ജ് വേളയിലെ പ്രഭാഷണത്തില്‍ മുഹമ്മദ് നബി(സ) ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

''ജനങ്ങളേ, ഓര്‍ക്കുക. നിങ്ങളുടെ രക്ഷിതാവ് ഒന്നാണ്. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ ശ്രേഷ്ഠതയില്ല. കറുത്തവര്‍ വെളുത്തവരേക്കാളോ, വെളുത്തവര്‍ കറുത്തവരേക്കാളോ മുന്തിയവരല്ല. ദൈവസന്നിധിയില്‍ ഏറ്റവും ഉത്തമര്‍ നിങ്ങളില്‍ ഏറ്റവുമധികം ദൈവഭക്തി പുലര്‍ത്തുന്നവരത്രേ'' (ബൈഹഖി).

സ്രഷ്ടാവായ ദൈവത്തെ ആഴത്തിലറിഞ്ഞ് അംഗീകരിക്കുക, തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനായി അവന്റെ വിധിവിലക്കുകള്‍ക്ക് സര്‍വാത്മനാ വഴിപ്പെടുക-ഈയൊരു പ്രവൃത്തി ചെയ്യുന്ന മനുഷ്യന്‍ ആരായിരുന്നാലും അയാള്‍ അത് ചെയ്യാത്ത ആളുകളേക്കാള്‍ ഉയര്‍ന്നവനായിരിക്കും. ഈയൊരൊറ്റ വ്യത്യാസമേ മനുഷ്യര്‍ തമ്മിലുള്ളൂ എന്നതാണ് ഇസ്‌ലാമിന്റെ വീക്ഷണം.

പരസ്പരം പൂരിപ്പിക്കുന്ന കടപ്പാടുകള്‍

മേല്‍ വിവരണത്തില്‍ നിന്ന് രണ്ട് തരം കടപ്പാടുകളുണ്ടെന്ന് വ്യക്തമായി. ഒന്ന്, സ്രഷ്ടാവായ ദൈവത്തോടുള്ളത്. രണ്ട്, സമസൃഷ്ടികളായ മനുഷ്യരോടുള്ളത്. ഈ രണ്ട് ബാധ്യതകളും വെള്ളം കേറാത്ത അറകളില്‍ വെവ്വേറെ നിലകൊള്ളുകയല്ല. അവ പരസ്പര പൂരകങ്ങളാണ്. ഒന്നിന്റെ അഭാവത്തില്‍ മറ്റേത് നിഷ്ഫലമായിത്തീരും. ഈ ആശയം വ്യക്തമാക്കുന്ന മനോഹരമായ ഒരു നബിവചനം കാണുക:

''എന്റെ സമൂഹത്തിലെ പാപ്പരായവന്‍ ആരാണെന്ന് പറയട്ടെ. ഒരു മനുഷ്യന്‍ അന്ത്യദിനത്തില്‍ താന്‍ നിര്‍വഹിച്ച നമസ്‌കാരങ്ങളും നോമ്പുകളും സകാത്തുകളുമായി ദൈവസന്നിധിയില്‍ വരും. പക്ഷേ ആ മനുഷ്യന്‍ ഇന്നയാളെ ആക്ഷേപിച്ചിട്ടുണ്ട്, ഇന്നയാളെ കടന്നാക്രമിച്ചിട്ടുണ്ട്. അപ്പോള്‍ അയാളുടെ നന്മകളെല്ലാമെടുത്ത് നഷ്ടപരിഹാരമായി അയാളുടെ അക്രമത്തിന് ഇരയായവര്‍ക്ക് കൊടുക്കും. അങ്ങനെ നന്മകളെല്ലാം തീര്‍ന്നുപോയാല്‍, ഇരകള്‍ ചെയ്ത തിന്മകളെടുത്ത് അയാള്‍ക്ക് കൊടുക്കും. അയാള്‍ നരകത്തില്‍ എറിയപ്പെടുകയും ചെയ്യും'' (മുസ്‌ലിം).

സൃഷ്ടികര്‍മത്തിന്റെ തന്നെ അനുബന്ധമാണ്, ഭൂപകൃതി സംരക്ഷിക്കപ്പെടണമെന്നതും. പ്രകൃതി വിഭവങ്ങളെ തോന്നിയ പോലെ ഉപയോഗിക്കാനോ പാഴാക്കിക്കളയാനോ അനുവാദമില്ല. മുസ്‌ലിം സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ ഈ പാരിസ്ഥിതികാവബോധത്തിനും പങ്കുണ്ട്. പ്രകൃതി വിഭവങ്ങളെ നശിപ്പിക്കുന്നതിനും പാഴാക്കുന്നതിനും ഫസാദ് എന്നാണ് ഖുര്‍ആനിലും നബിവചനങ്ങളിലും പ്രയോഗിച്ചിരിക്കുന്നത്. അതിന്റെ മാനുഷികവും സാമൂഹികവുമായ അര്‍ഥധ്വനികള്‍ വളരെ വ്യക്തമാണ്. പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്ന വിധത്തിലുള്ള വിഭവചൂഷണമാണ് ഫസാദ് കൊണ്ട് അര്‍ഥമാക്കുന്നത്. അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പ്രവാചക വചനം ഇങ്ങനെയാണ്: ''അല്ലാഹു നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു... ചോദ്യങ്ങളുടെ ആധിക്യവും ഭൗതിക വിഭവങ്ങള്‍ പാഴാക്കിക്കളയലും'' (മുസ്‌ലിം).

പറഞ്ഞ് വരുന്നത് ഇതാണ്: എല്ലാ മനുഷ്യരും ദൈവത്തിന്റെ ദൃഷ്ടിയില്‍ തുല്യരായത് കൊണ്ട്, നീതിയും സമത്വവും ലഭ്യമാക്കേണ്ടത് എല്ലാവര്‍ക്കുമാണ്; ഒരു പ്രത്യേക വിഭാഗത്തിനല്ല. ഇതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമൂഹിക കാഴ്ചപ്പാടിന്റെ മര്‍മം. പ്രകൃതിയുടെ ഘടന തന്നെ പരിശോധിച്ച് നോക്കുക. നീതിയും സമത്വവുമാണ് നമുക്കതില്‍ കാണാനാവുക. വംശമോ വര്‍ണമോ സംസ്‌കാരമോ നോക്കാതെ എല്ലാവര്‍ക്കും പ്രകൃതി വിഭവങ്ങള്‍ ലഭ്യമാക്കിയിരിക്കുകയാണ്. സൂര്യപ്രകാശം, മഴ, വിരിയുന്ന പൂക്കള്‍, കായ്കനികളുടെ മധുരം, മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍, സൂര്യചന്ദ്രന്മാരുടെ പ്രകാശം-പ്രകൃതി സൗന്ദര്യത്തിന്റെ എന്തെല്ലാം അത്ഭുത കാഴ്ചകള്‍! ഇതൊക്കെയും ഏതെങ്കിലും വിഭാഗത്തിന് സ്വന്തമല്ല, എല്ലാവര്‍ക്കുമുള്ളതാണ്. ഓരോരുത്തരുടെയും ശ്രമങ്ങള്‍ക്കനുസരിച്ച് പ്രകൃതി വിഭവങ്ങള്‍ അതില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കും. വര്‍ണവും വംശവും ജാതിയും ഭാഷയുമൊന്നും നോക്കാതെയാണ് പ്രകൃതി അതിന്റെ അനുഗ്രഹങ്ങള്‍ കോരിച്ചൊരിയുന്നത്. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് കാണുക:

''ഇവര്‍ക്കും അവര്‍ക്കുമെല്ലാം നിന്റെ നാഥന്റെ അനുഗ്രഹത്തില്‍നിന്ന് നാം നല്‍കിക്കൊണ്ടിരിക്കും. നിന്റെ നാഥന്റെ അനുഗ്രഹത്തില്‍നിന്ന് ഒരാളും തടയപ്പെടുകയില്ല'' (17:20).

മറ്റൊരു സന്ദര്‍ഭത്തില്‍-

''ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് വിധേയപ്പെടുത്തി തന്നിരിക്കുന്നു. ചിന്തിക്കുന്നവര്‍ക്കെല്ലാം ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്'' (45:13).

എന്നിട്ട് മനുഷ്യന് മുമ്പില്‍ രണ്ട് മാര്‍ഗങ്ങള്‍ തുറന്നിട്ടു. ഒന്നുകില്‍ അവന് ഭൗതിക സുഖാഡംബരങ്ങള്‍ക്ക് മാത്രമായി അധ്വാനിക്കാം; അല്ലെങ്കില്‍ പരലോകത്ത് ദൈവപ്രീതിക്ക് വേണ്ടി യത്‌നിക്കാം. ഏത് വഴി തെരഞ്ഞടുക്കണമെന്ന് ഓരോ വ്യക്തിയുമാണ് തീരുമാനിക്കേണ്ടത്.

സാമൂഹിക-സാമ്പത്തിക മേഖലകളിലെ അസമത്വങ്ങള്‍ മനുഷ്യ സൃഷ്ടിയാണ്. പ്രകൃതി ഘടനയുമായി ഒത്ത് പോകുന്നവിധം നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക സംവിധാനമാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. നീതിയുടെ സംസ്ഥാപനമാണ് പ്രവാചകന്മാരുടെ നിയോഗ ലക്ഷ്യമെന്ന് വരെ ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നുണ്ട്: ''വ്യക്തമായ ദൃഷ്ടാന്തങ്ങളോടെ നമ്മുടെ ദൂതന്മാരെ നാം നിയോഗിച്ചു. അവര്‍ക്കൊപ്പം ഗ്രന്ഥവും തുലാസും ഇറക്കുകയും ചെയ്തു. ജനം നീതിക്കൊപ്പം നിലകൊള്ളാന്‍ വേണ്ടി'' (57:25).

അപ്പോള്‍ നീതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യ ബന്ധങ്ങളുടെ സമ്പൂര്‍ണ അഴിച്ച് പണിയാണ് ഇസ്‌ലാം ലക്ഷ്യമിടുന്നത്. പക്ഷേ, ആ നീതിക്ക് കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാരതയുടെയും മുഖമുണ്ടായിരിക്കണം. നീതിനിര്‍വഹണത്തിനുള്ളത് ക്രൂരവും ഇരുണ്ടതുമായ മുഖമാണെങ്കില്‍ സാമൂഹിക സംവിധാനവുമായി അത് പൊരുത്തപ്പെട്ടുപോവുകയില്ല. ഖുര്‍ആനിലെയും സുന്നത്തിലെയും ശിക്ഷകളെയും പാരിതോഷികങ്ങളെയും കുറിച്ച പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. മനുഷ്യത്വമുള്ള നീതിയാണ് ഖുര്‍ആന്‍ എവിടെയും ഊന്നിപ്പറയുന്നത്. നീതി ചെയ്യാനും നന്മ പ്രവര്‍ത്തിക്കാനും, ബന്ധുക്കള്‍ക്ക് ദാനം ചെയ്യാനും അല്ലാഹു ആജ്ഞാപിക്കുന്നു. നീചകൃത്യങ്ങളും നിഷിദ്ധങ്ങളും കൈയേറ്റവും നിരോധിക്കുകയും ചെയ്യുന്നു'' (16:90).

നീതിയും മനുഷ്യത്വവും ഇരട്ടകളാണ് ഇസ്‌ലാമിക ദര്‍ശനത്തില്‍. എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്നതാണ് ആ നീതി സങ്കല്‍പ്പം. ഖുര്‍ആന്‍ തന്നെ പറയട്ടെ:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷികളുമാകുവിന്‍. ഒരു ജനതയോടുള്ള ശത്രുത അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ച് കൂടാ. നിങ്ങള്‍ നീതിപ്രവര്‍ത്തിക്കുക. അതാണ് ദൈവഭക്തിയോട് ഏറ്റവും അടുത്തത.്'' (5:8).

നീതി എന്നത് മുസ്‌ലിം സമുദായത്തിന് സവിശേഷമായി കിട്ടേണ്ട ഒന്നല്ല എന്നര്‍ഥം. എതിരാളികളുടെ ശത്രുത എത്ര കണ്ട് തീക്ഷ്ണമായാലും അതൊന്നും അവരോട് നീതി കാണിക്കാതിരിക്കാനോ മാനുഷികമായി അവരോട് ഇടപഴകാതിരിക്കാനോ കാരണമാകരുതെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍