Prabodhanm Weekly

Pages

Search

2015 ജനുവരി 23

തീവ്രവാദികള്‍ക്ക് വിജയം താലത്തില്‍ വെച്ചുകൊടുക്കരുത്

താരിഖ് റമദാന്‍ /കവര്‍സ്‌റ്റോറി

         ഷാര്‍ലി എബ്‌ദോ പത്രസ്ഥാപനത്തിനെതിരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ വ്യക്തവും സുസ്ഥിരവുമായ നിലപാട് നാം കൈക്കൊള്ളേണ്ടതുണ്ട്. ശക്തമായിത്തന്നെ നാം ആ സംഭവത്തെ അപലപിക്കുകയും വേണം. ന്യൂയോര്‍ക്കിലെയും (9/11) മധ്യ ലണ്ടനിലെയും(7/7) ജോര്‍ദാനിലെയും ബാലിയിലെയും മാലിയിലെയും തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷവും ഞാനിക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിലപാട് വളരെ കൃത്യവും വ്യക്തവുമായിരിക്കണമെന്ന് ഊന്നിപ്പറയാന്‍ കാരണമുണ്ട്. ആക്രമണങ്ങള്‍ നടത്തുമ്പോള്‍ തീവ്രവാദികള്‍ ചില കാര്യങ്ങള്‍ വിളിച്ചുപറയാറുണ്ടല്ലോ. അത് ചോദ്യം ചെയ്യപ്പെടാതെ പോകരുത്. ഇത്തവണ അവര്‍ വിളിച്ചുപറഞ്ഞത്, തങ്ങള്‍ പ്രവാചകന് വേണ്ടി പ്രതികാരം ചെയ്യുകയാണെന്നാണ്. തീര്‍ത്തും അബദ്ധമാണിത്. ഇവിടെ യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ സന്ദേശവും തത്ത്വങ്ങളും വികൃതമാക്കപ്പെടുകയും ചതിയില്‍ പെടുത്തപ്പെടുകയുമാണുണ്ടായിട്ടുള്ളത്. തങ്ങള്‍ ചെയ്യുന്നതിനൊക്കെ അവര്‍ ഇസ്‌ലാമിനെ കൂട്ടുപിടിക്കുകയാണ്. ഈ പ്രവൃത്തികള്‍ക്കൊന്നും ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലെന്ന് ഉറക്കെ പറയേണ്ടത് എന്റെ ബാധ്യതയായി ഞാന്‍ മനസ്സിലാക്കുന്നു. ഏതൊരു മുസ്‌ലിമും തന്റെ നാട്ടില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളോട് കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഇങ്ങനെ പറയുമ്പോഴും, പ്രശ്‌നത്തിന്റെ വിശാലമായ രാഷ്ട്രീയ തലങ്ങള്‍ കാണാതെ പോകരുത്. ഫ്രാന്‍സില്‍ നടന്നത് പോലെ, പാശ്ചാത്യരെ ഉന്നം വെച്ചുള്ള ഹിംസാത്മക തീവ്രവാദത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം, പാശ്ചാത്യരിലേക്ക് ചുരുക്കി ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിയുകയുമില്ല. ഫ്രാന്‍സില്‍ പതിനഞ്ചിലധികം പേര്‍ കൊല്ലപ്പെട്ടു. വൈകാരികമായി നാം പ്രതികരിക്കുകയും ചെയ്യുന്നു. സിറിയയിലും ഇറാഖിലും ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും നാം അവിടങ്ങളിലേക്ക് കൂടുതല്‍ ബോംബുകള്‍ അയച്ചുകൊണ്ടിരിക്കുന്നു. ഈ വിശാല പരിപ്രേക്ഷ്യത്തില്‍ പ്രശ്‌നത്തെ കാണണം. മനുഷ്യ ജീവനാണ് പ്രധാനം. പാശ്ചാത്യ ദേശങ്ങളില്‍ പൊലിയുന്ന മനുഷ്യ ജീവനുകള്‍ക്ക് മാത്രമല്ലല്ലോ വിലയുള്ളത്; അതേ വില മുസ്‌ലിം നാടുകളില്‍ പൊലിയുന്ന ജീവനുകള്‍ക്കുമില്ലേ?

എന്റെ പരിചയക്കാരും അകപ്പെട്ടു എന്നതാണ് പാരീസ് ദുരന്തത്തിന്റെ തീക്ഷ്ണത വര്‍ധിപ്പിക്കുന്നത്. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷാര്‍ലി എബ്‌ദോയുടെ എഡിറ്റര്‍ സ്റ്റീഫന്‍ ഷര്‍ബോനിയെ എന്ന കാര്‍ട്ടൂണിസ്റ്റിനെ ('ഷാര്‍ബ്' എന്ന പേരിലാണ് അദ്ദേഹം വരയ്ക്കുന്നത്) ഞാന്‍ കാണുകയും അദ്ദേഹവുമായി സംവാദം നടത്തുകയും ചെയ്തിട്ടുണ്ട്. 'അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ താങ്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. അക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള വിലക്ക് ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല' -ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, ആ അവകാശം ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് നല്ല വ്യക്തത വരുത്തണമെന്നും ഞാന്‍ പറഞ്ഞിരുന്നു. 2008-ല്‍, ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയുടെ മകന് ജൂതന്മാരുമായുള്ള ബന്ധത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതിന് ഇതേ പത്രം ഒരു കാര്‍ട്ടൂണിസ്റ്റിനെ പുറത്താക്കിയിരുന്നു. ഇവിടെ, അഭിപ്രായ സ്വാതന്ത്ര്യം എവിടെപ്പോയി? ഫ്രഞ്ച് ഹാസ്യ മാഗസിന്റെ ചുമതലക്കാരനോട് ഞാന്‍ ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്നും എല്ലാം അങ്ങനെ പറയാന്‍ പറ്റില്ലെന്നുമാണ് എനിക്ക് കിട്ടിയ മറുപടി. ഈ ഇരട്ടത്താപ്പ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയാതിരിക്കാന്‍ വയ്യ.

ഷാര്‍ബിനും സുഹൃത്തുക്കള്‍ക്കുമെതിരിലുണ്ടായ ഈ ഭീകര കടന്നാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ഞാന്‍ മുക്തനായിട്ടില്ല. പക്ഷേ, ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നു എന്നു തന്നെ പറയണം. ഏറ്റവും ചുരുങ്ങിയത് ആറാറ് മാസം കൂടുമ്പോള്‍ ഒരു വിവാദമെങ്കിലും ഷാര്‍ലി എബ്‌ദോ ഉണ്ടാക്കിയിരിക്കും. അതിനാല്‍ ഭീഷണികള്‍ ധാരാളമുണ്ടായിരുന്നു. ഞാനവരോട് പറഞ്ഞു: ''ഫലിതബോധവും ഹാസ്യവുമൊക്കെ നല്ലതുതന്നെ. പക്ഷേ, ഫ്രാന്‍സില്‍ പല നിലയില്‍ മുദ്രകുത്തപ്പെട്ട് അപമാനിക്കപ്പെടുന്ന ഒരുസമൂഹത്തെ തന്നെ ടാര്‍ഗറ്റ് ചെയ്യുന്നത് അത്ര ധീര പ്രവൃത്തിയൊന്നുമല്ല.''

ഈ വെടിവെപ്പിനെ 'യുദ്ധം' എന്നാണ് വിശേഷിപ്പിച്ച് കാണുന്നത്. ചിലര്‍ എന്തുകൊണ്ട് അങ്ങനെയൊരു വിശേഷണം കൊടുക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവരുടെ രീതി ശരിയല്ല. കാരണം, ഈയൊരു നിലയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കണം എന്ന് തന്നെയല്ലേ ഇറാഖിലെ 'ഇസ്‌ലാമിക് സ്റ്റേറ്റും' ആഗ്രഹിക്കുന്നത്? 'ഇസ്‌ലാമിക് സ്റ്റേറ്റു'കാര്‍ പറയുന്നത്, പാശ്ചാത്യര്‍ ഇസ്‌ലാമിനെതിരെ യുദ്ധത്തിലാണ് എന്നാണ്. ചില ഒറ്റപ്പെട്ട ഗ്രൂപ്പുകളുടെ പ്രവൃത്തികള്‍ ചൂണ്ടിക്കാണിച്ച് ഇസ്‌ലാമും പടിഞ്ഞാറും തമ്മില്‍ യുദ്ധം തുടങ്ങിയിരിക്കുന്നു എന്ന നിഗമനത്തില്‍ എത്തിയാല്‍ ഒരു ചതിക്കുഴിയിലേക്ക് നാം സ്വയം വീഴുകയല്ലേ ചെയ്യുന്നത്? 9/11 സംഭവം നടന്ന ഉടന്‍ ആ ചതിക്കുഴിയില്‍ വീണ ആളായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്. 'ഭീകരവിരുദ്ധ യുദ്ധം' എന്നാണ് അദ്ദേഹം തന്റെ നീക്കങ്ങളെ വിശേഷിപ്പിച്ചത്. പിന്നീട് വാചകമടിയിലൂടെ അതിന് വേണ്ടത്ര പ്രചാരം നല്‍കുകയും ചെയ്തു. കൂടിയാല്‍ നമുക്ക് പറയാവുന്നത് ഇത്രയുമാണ്: ആക്രമണോത്സുകരായ സകല തീവ്രവാദികളുമായും നാം യുദ്ധത്തിലാണ്, അവര്‍ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ളവരായാലും ശരി. അല്ലെങ്കിലും ഇങ്ങനെയൊരു കളി കളിക്കേണ്ട കാര്യമെന്ത്? എല്ലാം വ്യക്തമല്ലേ? ഈ ക്രിമിനലുകള്‍ ഇസ്‌ലാമിനെ ദുരുപയോഗം ചെയ്യുകയാണ്. അവരുടെ ഇരകളില്‍ ബഹുഭൂരിഭാഗവും മുസ്‌ലിംകളുമാണ്.

പല നാടുകളും പ്രശ്‌നകലുഷിതമാണ്. ഫ്രാന്‍സിലും അടുത്ത കാലത്തായി കാര്യങ്ങള്‍ വളരെ പ്രയാസത്തിലേക്കാണ് നീങ്ങുന്നത്. അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്‍ ഈ അന്തരീക്ഷത്തെ നന്നായി അടയാളപ്പെടുത്തുന്നുണ്ട്; നിഷേധാത്മകവും ആത്മവീര്യം കെടുത്തുന്നതുമായ രണ്ട് പുസ്തകങ്ങള്‍. ഒന്ന്, എറിക് ഡെമോറിന്റെ The French Suicide. മുസ്‌ലിംകള്‍ മില്യനുകളായി പെരുകി ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തുകയും കോളനിയാക്കുകയും ചെയ്യുമെന്ന ഭീതി സൃഷ്ടിക്കുകയാണ് ഈ പുസ്തകം. മറ്റൊന്ന് മിഷേല്‍ ഹുലെബെഗിന്റെ Submission എന്ന നോവല്‍. 2022-ല്‍ ഒരു മുസ്‌ലിം പാര്‍ട്ടി ഫ്രാന്‍സില്‍ അധികാരത്തിലേറുമെന്നാണ് ഈ പുസ്തകത്തിലെ പ്രവചനം. മൂന്ന് വര്‍ഷം മുമ്പ് ഹുലെബെഗ് പറഞ്ഞത്, ലോകത്തിലെ ഏറ്റവും ബുദ്ധിശൂന്യമായ മതമാണ് ഇസ്‌ലാം എന്നായിരുന്നു.

ബ്രിട്ടനില്‍ ദൈനംദിന ജീവിതത്തില്‍ കാര്യങ്ങള്‍ കുറെ കൂടി മെച്ചമാണ്. ഫ്രാന്‍സിലേത് പോലെ ഒരു വിഭാഗത്തെ നിരന്തരം ടാര്‍ഗറ്റ് ചെയ്യുന്നത് അവിടെ കാണുന്നില്ല. പക്ഷേ, സ്ഥിതിഗതികള്‍ അവിടെയും മോശമായി വരികയാണ്. UKiP(UK Independence Party) അവിടെ ശക്തിപ്പെട്ട് വരുന്നുണ്ട്. പൊതു സംവാദത്തിന്റെ രീതികള്‍ മാറിക്കൊണ്ടിരിക്കുന്നു. മുസ്‌ലിംകളെയും കുടിയേറ്റക്കാരെയും ഉന്നം വെക്കുന്നതില്‍ സായൂജ്യമടയുന്ന പാര്‍ട്ടികളുണ്ട്. ഈ വ്യതിചലനത്തെ തടയേണ്ടതുണ്ട്. അക്കാര്യത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമാണ്. രാഷ്ട്രീയക്കാരും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും മുസ്‌ലിംകളും മറ്റു മതക്കാരുമെല്ലാം ഈ പൊതുലക്ഷ്യത്തിന് വേണ്ടി ഒന്നിക്കണം. തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം ചിന്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയും നമുക്ക് ആവശ്യമുണ്ട്.

ഫ്രാന്‍സിലെ സംഭവങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്, പ്രയാസം നിറഞ്ഞ നാളുകളാണ് വരാനിരിക്കുന്നത് എന്നാണ്. ഷാര്‍ലി എബ്‌ദോ ഇതുവരെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളില്‍ ഏറ്റവും പ്രകോപനപരമായവ പുനഃപ്രസിദ്ധീകരിക്കാന്‍ ചില മാധ്യമങ്ങള്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ പിന്തുണക്കുന്നു. പക്ഷേ, ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നാണ് എനിക്ക് അവരോട് അഭ്യര്‍ഥിക്കാനുള്ളത്. അവരുടെ ഈ നീക്കം ധീരതയുടെ സാക്ഷ്യമായി കാണാന്‍ കഴിയില്ല. ജനങ്ങളുടെ അന്തസ്സ് ഒട്ടും ഉയര്‍ത്തുന്നതുമല്ല അത്. മറിച്ച് സകല മുസ്‌ലിംകളെയും ടാര്‍ഗറ്റ് ചെയ്യുന്നതിന് തുല്യമായിരിക്കും. അതുണ്ടാക്കുന്ന പ്രതീതി ഇങ്ങനെയായിരിക്കും-എല്ലാ മുസ്‌ലിംകളും ഈ സമവാക്യത്തിന്റെ ഭാഗമല്ലെങ്കിലും ഞങ്ങള്‍ തീവ്രവാദികളെ മാത്രമായിരിക്കില്ല ഉന്നം വെക്കുക, ഇസ്‌ലാമിനെ തന്നെയായിരിക്കും. തീവ്രവാദികള്‍ ഇന്നുവരെയും നേടിയിട്ടില്ലാത്ത വിജയം അവരുടെ താലത്തില്‍ വെച്ചുകൊടുക്കുന്നതിന് തുല്യമായിരിക്കും ഇത്. 

(സ്വിസ് പൗരത്വമുള്ള പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും അക്കാദമീഷ്യനുമാണ് ലേഖകന്‍)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍