Prabodhanm Weekly

Pages

Search

2015 ജനുവരി 23

ഏത് ഹിസാബിന്റെ കഥ പറഞ്ഞാണിവര്‍ <br> കണ്ണീരൊഴുക്കുന്നത്?

റിയാസ് ടി. അലി /ലേഖനം

         കേരളീയ മുസ്‌ലിം സമൂഹത്തിലെ അജ്ഞതയകറ്റാനും അവരെ ധാര്‍മികതയിലുറപ്പിച്ചുനിര്‍ത്താനും വേണ്ടി കാലാകാലങ്ങളായി നടന്നുവരുന്നതാണ് മതപ്രസംഗങ്ങള്‍. പക്ഷേ അവയുടെ സംഘാടകര്‍ക്കും വേദി കൈകാര്യം ചെയ്തിരുന്ന പ്രഭാഷകര്‍ക്കും ഇന്നലെകളിലുണ്ടായിരുന്ന ആത്മാര്‍ഥത പ്രഭാഷണപ്പെരുമഴകളില്‍ ഇന്ന് ചോര്‍ന്നുപോയിരിക്കുന്നു. ഇതിനപവാദമായി നടക്കുന്ന പരിപാടികളും ആത്മാര്‍ഥതയുള്ള സംഘാടകരുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.

പാലക്കാട് ജില്ലയിലെ ഒരു മുസ്‌ലിം ഭൂരിപക്ഷപ്രദേശത്ത് പള്ളി-മദ്‌റസാ സംയുക്ത കമ്മിറ്റി സംഘടിപ്പിച്ച മതപ്രഭാഷണവേദിയില്‍ 'പ്രൗഢോജ്വല വാഗ്മിയും വിശ്വാസികളുടെ ഹൃദയങ്ങളെ കോള്‍മയിര്‍ കൊള്ളിക്കുന്ന അനുഗൃഹീത പണ്ഡിതനു'മെന്ന് അനൗണ്‍സ്‌മെന്റിലൂടെ കേട്ട മാന്യദേഹമായിരുന്നു പ്രഭാഷകന്‍. വിശ്വാസി വൃന്ദത്തിന്റെ ആത്മാര്‍ഥതകൊണ്ടും പരിശുദ്ധ റമദാനിലെങ്കിലും സര്‍വശക്തനിലേക്ക് അടുക്കാനുള്ള അദമ്യമായ മോഹംകൊണ്ടും കൈക്കുഞ്ഞുങ്ങളെ വരെയെടുത്ത് ഓടിയണഞ്ഞ സഹോദരിമാരടക്കമുള്ള വന്‍ജനാവലി! പ്രാര്‍ഥനക്കു ശേഷം പ്രഭാഷകന്റെ 'വാഗ്‌ധോരണി' ആരംഭിച്ചു. മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ നിഷ്‌കളങ്ക മാനസങ്ങളിലേക്ക് ഉദാരമനസ്‌കരായ പ്രവാചകപത്‌നി ഖദീജാ ബീവി(റ)യുടെയും മൂന്നാം ഖലീഫ ഉസ്മാ(റ)ന്റെയും കഥകള്‍ പറഞ്ഞ് പിരിവിന്റെ പുതുപുത്തന്‍ പരീക്ഷണങ്ങള്‍ നടത്താനാരംഭിക്കുന്നതാണ് പിന്നീട് കണ്ടത്. 'കൈയിലുള്ളവര്‍ കൊടുത്തോട്ടെ, അതിനവര്‍ക്ക് പടച്ചോന്റട്ത്ത്ന്ന് പ്രതിഫലവുമുണ്ടല്ലോ' എന്നൊക്കെ നമുക്കു തോന്നുമെങ്കിലും ഇവിടെ അരങ്ങേറുന്ന ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ നാടകത്തിന്റെ കഥകേള്‍ക്കുമ്പോള്‍ നാം അറിഞ്ഞൊന്നന്തം വിടും.

ഉമ്മമാരേ... സഹോദരികളേ... സഹോദരങ്ങളേ... എന്നിങ്ങനെ നീട്ടിവിളിച്ച് സ്വര്‍ഗീയാരാമത്തിന്റെ ശ്രേഷ്ഠതകളും മഹത്ത്വങ്ങളും പുതുശൈലിയിലവതരിപ്പിച്ച്, ഈ പരിപാടിയിലേക്ക് സംഭാവന ചെയ്യാന്‍ തയാറുള്ള ഏത് ഖദീജയുണ്ടിവിടെ, ഏത് അബൂബക്‌റുണ്ടിവിടെ, ഏത് ഉസ്മാനുണ്ടിവിടെ.... എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു ശേഷം സദസ്സിലേക്കു കണ്ണുപായിക്കുമ്പോള്‍ അതാ സദസ്സില്‍ നിന്നുയരുന്നു, കുറേ അബൂബക്ര്‍മാരും ഉസ്മാന്‍മാരും..! അവര്‍ ചെറിയ സംഖ്യയൊന്നുമല്ല വാഗ്ദാനം ചെയ്യുന്നത്. ഒരു ലക്ഷവും അര ലക്ഷവും പതിനായിരങ്ങളുമൊക്കെയായി അവര്‍ പ്രഖ്യാപിക്കുമ്പോള്‍ സദസ്സ് സ്വലാത്തുകളും തക്ബീറുകളുംകൊണ്ട് മുഖരിതമാവുന്നു. സദസ്സിന്റെ പല ഭാഗങ്ങളിലുള്ള നാലഞ്ചുപേരുടെ വലിയ സംഖ്യാവാഗ്ദാനത്തോടെ പട്ടിണിപ്പാവങ്ങളുടെ പോലും മനസ്സുലഞ്ഞും അലിഞ്ഞും സംഭാവനകള്‍ കൂമ്പാരമാവുമ്പോള്‍ പരിപാടി ഗംഭീരമാവുകയായി...! പ്രാര്‍ഥനയും കരച്ചിലും പിഴിച്ചിലുമൊക്കെയായി രംഗം ശാന്തമാവുമ്പോള്‍ വലിയൊരു സംഖ്യ വാഗ്ദാനമായി ലഭിക്കുന്നു. സ്ത്രീകള്‍ക്കു പ്രത്യേകം സജ്ജമാക്കിയ’ ഭാഗത്ത് നിന്ന് വരുന്ന ബക്കറ്റുകളില്‍ സ്വര്‍ണാഭരണങ്ങളാണ്. കൈയിലെ മോതിരവും കഴുത്തിലെ മാലയും മാലകൊടുക്കാന്‍ വല്യ താല്‍പര്യമില്ലാത്തവരുടെ മാലലോക്കറ്റുകളും കുഞ്ഞുങ്ങളുടെ കാലില്‍ നിന്നൂരിയെടുക്കുന്ന പാദസരങ്ങളുമങ്ങനെയങ്ങനെ.....! കല്യാണത്തിനു പോകാന്‍ വായ്പ വാങ്ങിയ അയല്‍പക്കക്കാരിയുടെ മാല വരെ ഊരിക്കൊടുത്ത സംഭവങ്ങളുണ്ട്. എന്നിട്ട് ആ മാലക്കു പകരം കൊടുക്കാന്‍ ഭര്‍ത്താവിനെക്കൊണ്ട് മാല വാങ്ങിപ്പിക്കുന്നു സഹധര്‍മിണി. ഈ നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ പ്രതിഫലമുണ്ടെന്നതില്‍ ഒരു ശങ്കയുമില്ല. പക്ഷേ, ഇതിന്റെ പിന്നിലുള്ള നാടകത്തിന്റെ ചുരുളഴിയുന്നത് പ്രസംഗ ശേഷം കമ്മിറ്റിക്കാരോടുള്ള പ്രഭാഷകന്റെ ഒരൊറ്റ വര്‍ത്തമാന ത്തോടെയാണ്. അദ്ദേഹം പറയും: ''ആദ്യം പണം വാഗ്ദാനം ചെയ്ത അഞ്ചാളുടെ പേര് ലിസ്റ്റില്‍നിന്ന് വെട്ടിക്കളഞ്ഞേക്കൂ..!'' വലിയൊരു സംഖ്യ സംഭാവന ലഭിച്ച സംഘാടകരെ സംബന്ധിച്ച് അതൊന്നും ഒരു പ്രശ്‌നമല്ല. അവര്‍ ചിരിച്ചു മണ്ണുകപ്പും, ഉസ്താദിന്റെ ഈ ഒടുക്കത്തെ ബുദ്ധിയിലും ഐഡിയയിലും സായൂജ്യമടഞ്ഞ്..! സംഭവം മനസ്സിലായില്ലേ..? ആദ്യത്തെ ആ അഞ്ചുപേര്‍ പ്രഭാഷകന്റെ ശിങ്കിടികള്‍ തന്നെയായിരുന്നു. ഇപ്പോഴാണ്, നേരത്തെ ഫേസ്ബുക്കില്‍ വൈറലായിരുന്ന, ആ ഇബ്‌ലീസിനെ പിടിച്ചുകെട്ടുന്നതിന്റെയും മെരട്ടി വിടുന്നതിന്റെയുമൊക്കെ ഫോണ്‍ സംഭാഷണ നര്‍മത്തിന്റെ മര്‍മം മനസ്സിലാവുന്നത്. 

തീര്‍ന്നില്ല, പരിപാടിക്കുശേഷം പ്രഭാഷകന്റെ രണ്ടര മണിക്കൂര്‍ നേരത്തെ അധ്വാനത്തിനുള്ള തുക അമ്പതിനായിരത്തിന്റെ നോട്ടുകെട്ടുകളും, വണ്ടിവാടകയായി പതിനായിരത്തിന്റെ വേറൊരു കെട്ടും കൊടുത്ത് യാത്രയാക്കുകയാണ് സംഘാടകര്‍. ഉസ്താദും മുരീദുകളും യാത്രയായപ്പോള്‍ പെരുമഴ തോര്‍ന്നൊഴിഞ്ഞ പ്രതീതി. തമിഴ്‌നാട്ടിലേക്കാണെന്ന് പറഞ്ഞ് പ്രഭാഷകന്‍ യാത്രയായി.

അവിടം കൊണ്ട് തീര്‍ന്നില്ല കാര്യങ്ങള്‍. പരിപാടി കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം പ്രഭാഷകനെ ഏല്‍പിച്ചുകൊടുത്ത നാട്ടിലെ ഒരു ചെറുപ്പക്കാരന് ഒരു ഫോണ്‍കാള്‍! പുലാമന്തോള്‍ എമറാള്‍ഡ് ഹോട്ടലില്‍ നിന്നാണ്. റൂം റെന്റ് വകയില്‍ എഴായിരത്തഞ്ഞൂറ് രൂപ അടയ്ക്കണമത്രേ. അയാള്‍ക്ക് ആദ്യം ഒന്നും പിടികിട്ടിയില്ല. സംഭവമെന്തെന്നോ? 'ഉസ്താദവര്‍കള്‍' പ്രഭാഷണം കഴിഞ്ഞ് നേരെ പോയത് തമിഴ് നാട്ടിലേക്കല്ല. വിശ്രമത്തിനായി ആധുനിക സുഖസൗകര്യങ്ങളുള്ള മുന്തിയ ഹോട്ടലിലേക്കാണ്. അതിന്റെ ചെലവും സംഘാടകരുടെ തലയില്‍!

പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്: ഇന്ന മിനല്‍ ബയാനി ല സിഹ്‌റാ..!’(പ്രഭാഷണ കലയില്‍ ആഭിചാരമുണ്ട്). ഈ വചനം ആളുകളെ ഒരു കാര്യം പറഞ്ഞുപറഞ്ഞ് മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നതിനെ സംബന്ധിച്ചാണ്. ഇങ്ങനെ ചെയ്യുന്നതില്‍ ആഭിചാരമുണ്ടെന്നാണ് നബി(സ) പഠിപ്പിച്ചത്. മാത്രവുമല്ല, അല്‍പം ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമല്ലോ, ഇതൊരുതരം കബളിപ്പിക്കലാണെന്ന്. കളവുപറഞ്ഞും പറ്റിച്ചും ദീനീസ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പണമുണ്ടാക്കാമെന്ന് ഇവരെയൊക്കെ പഠിപ്പിച്ചത് ഏത് ഇസ്‌ലാമാണ്? ഏത് ഖബ്‌റിനെക്കുറിച്ചാണ് ഇവര്‍ പറഞ്ഞുപേടിപ്പിക്കുന്നത്? ഏത് ഹിസാബിന്റെ കഥ പറഞ്ഞാണ് ഇവര്‍ കണ്ണീരൊഴുക്കുന്നത്? ഏതു മീസാനാണ് ഇവരെ ചകിതരാക്കുന്നത്? ഏതു മഹ്ശറയിലെ കത്തിജ്വലിക്കുന്ന സൂര്യനാണിവരെ ഇപ്പോള്‍തന്നെ വിയര്‍പ്പിക്കുന്നത്? അറിവുള്ളവര്‍ തന്നെ ഇങ്ങനെയുള്ള കോപ്രായങ്ങളാടിത്തിമര്‍ക്കുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ?

ഇവര്‍ക്കറിയുമോ ആവോ മര്‍ഹൂം സി.എച്ച് ഹൈദ്രൂസ് മുസ്‌ലിയാരെന്ന മതപ്രഭാഷകനെ? അറിയില്ലെങ്കില്‍ ആ മഹാമനുഷ്യനില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനും പകര്‍ത്താനുമുണ്ടെന്ന് അറിയുക. കിലോമീറ്ററുകളോളം കാല്‍നടയായി കേരളത്തിലെ വിവിധ മഹല്ലുകളിലേക്കിറങ്ങിച്ചെന്ന് ഇസ്‌ലാമിന്റെ ശബ്ദം ജനഹൃദയങ്ങളിലേക്കെത്തിച്ചിരുന്ന ഹൈദ്രൂസ് മുസ്‌ലിയാര്‍ ഒരു ദിവസം പ്രഭാഷണം കഴിഞ്ഞ് അര്‍ദ്ധരാത്രി വിശ്രമിക്കാനെത്തിയത് ഒരു പഴയ പള്ളിയുടെ ചെരുവി (വരാന്ത)ലായിരുന്നു. തന്റെ ഹാന്‍ഡ് ബാഗ് തലയിണയാക്കി വിശ്രമിക്കുമ്പോള്‍ പള്ളിയിലെ മുക്രി, ഇദ്ദേഹം ആരെന്നു മനസ്സിലാകാത്തതിനാല്‍ എല്ലാ അപരിചിതരോടും പറയുന്നതുപോലെ പള്ളി വരാന്തയില്‍ നിന്നു മാറണമെന്ന് കുറച്ച് കര്‍ശനമായിത്തന്നെ ആവശ്യപ്പെട്ടു. മറുത്തൊന്നും പ്രതികരിക്കാതെ പാണ്ഡിത്യത്തിന്റെ കൊടുമുടിയില്‍ വിരാജിക്കുന്ന, എന്നാല്‍ ഗര്‍വ് ഒട്ടുമില്ലാത്ത ആ മഹാമനുഷ്യന്‍ ഹൗളി(അംഗസ്‌നാനത്തിനുള്ള വെള്ളക്കെട്ട്)ന്റെ ഓരത്ത് നനഞ്ഞുതണുത്ത പ്രതലത്തില്‍ ഒരു കീറത്തുണിയും വിരിച്ചുറങ്ങി. പിറ്റേന്ന് രാവിലെ മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ് ഇത് ഹൈദ്രോസ് മുസ്‌ലിയാരാണെന്ന് മനസ്സിലാക്കിയ മുക്രി, അദ്ദേഹത്തോട് ക്ഷമാപണം നടത്താന്‍ മുതിര്‍ന്നു. 'താങ്കള്‍ ഒരിക്കലും ക്ഷമ പറയേണ്ട ആവശ്യമില്ല, താങ്കള്‍ സ്വന്തം ജോലി ഭംഗിയായി നിര്‍വഹിച്ചു. ഇങ്ങനെ കര്‍ത്തവ്യബോധം നമുക്കുണ്ടാവണം' എന്ന് പുഞ്ചിരിയോടെ പറഞ്ഞ ഉസ്താദിനെപ്പോലെ നിഷ്‌കളങ്കരും നിഷ്‌കാമകര്‍മികളുമായി ജീവിച്ചുപോന്ന പാരമ്പര്യത്തിന്റെ കണ്ണികളെന്നവകാശപ്പെടാന്‍ പുതുപ്രഭാഷകര്‍ക്ക് കഴിയുമോ..? അന്ന് ഇന്നത്തെയത്ര ഇലക്‌ട്രോണിക് സംവിധാനങ്ങളില്ലെങ്കിലും അത്യാവശ്യം വേണ്ട സൗകര്യങ്ങളും രാജകീയ സ്വീകരണങ്ങളും വേണമെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്നു. അതിനെല്ലാം തയ്യാറായിരുന്ന വലിയ തറവാടുകളിലെ ധനികസമൂഹം അക്കാലത്തുമുണ്ടായിരുന്നു. പക്ഷേ, ഇസ്‌ലാമിക പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അവര്‍ ആര്‍ഭാടങ്ങളുപേക്ഷിച്ചതായിരുന്നു.  നിയ്യത്ത് നന്നാവാതെ ചില ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രത്യക്ഷപ്പെട്ട പ്രഭാഷകര്‍ വന്നതിലും വേഗത്തില്‍ ചിത്രത്തില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടതാണ് ചരിത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍