'നിങ്ങള്‍, നിങ്ങളാദ്യം' ഈ വിചാരം ശരിയാണോ?
'നീ നിന്റെ കാര്യത്തില്‍ ശ്രദ്ധയൂന്നുക, നീ നിന്നെക്കുറിച്ച് ചിന്തിക്കുക, നീ നിന്റെ ജീവിതം ആസ്വദിക്കുക, നിന്റെ 'ഇന്ന്' ആവട്ടെ നിന്റെ മുഖ്യ ഉന്നം, നിന്റെ കഴിവുകള്‍ കണ്ടറിയുക. നീയാണ് ആദ്യം, നീയാണ് ഒന്നാമത്' വ്യക്തിത്വ വികസന-പരിശീലന പരിപാടികളില്‍ കേള്‍ക്കുന്നതും പുസ്തകങ്ങളില്‍ വായിക്കുന്നതും ഇന്നേറെയും ഈ ദൃശ നിര്‍ദേശങ്ങളാണ്. പലരും ഇതില്‍ ആവേശം പൂണ്ട് അക്ഷരാര്‍ഥത്തില്‍ ഇങ്ങനെ ജീവിച്ചുതുടങ്ങിയിട്ടുണ്ട്. കുടുംബപരവും സാമൂഹികവുമായ എല്ലാ ബാധ്യതകളില്‍ നിന്നും കടപ്പാടുകളില്‍ നിന്നും ഒഴിഞ്ഞുമാറി സ്വന്തത്തിലേക്ക് ചുരുണ്ടൂകൂടി ജീവിക്കുന്ന ഇവര്‍ക്ക്, തങ്ങളുടെ പുറത്ത് ഒരു ലോകമുള്ളതായി അറിവില്ല. മറ്റുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു സ്ഥാനവുമില്ല, വിലയുമില്ല.
ഒരു ദിവസം എന്റെ ഓഫീസില്‍ കയറിവന്ന ഒരു സ്ത്രീ കരഞ്ഞ് പറഞ്ഞു തുടങ്ങി: ''ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്ത് വന്നതോടെ എന്റെ ജീവിത രീതി ആസകലം മാറി. എന്റെ ജീവിതത്തിലെ 'നമ്പര്‍വണ്‍' ഞാന്‍ തന്നെയാവണം എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു ഞാന്‍. സ്‌നേഹിതകളെ കൈയൊഴിച്ചു. കുട്ടികളെ വളര്‍ത്തുന്നതിന് ഭൃത്യരെയും പരിചാരകരെയും ഏല്‍പ്പിച്ചു. ഭര്‍ത്താവിനെ ശ്രദ്ധിക്കാതെയായി. എന്നിട്ടൊന്നും ഞാന്‍ തേടിയലഞ്ഞ സൗഭാഗ്യവും സന്തോഷവും എനിക്ക് കിട്ടിയില്ല. സംഭവിച്ചത് കുട്ടികള്‍ക്ക് ഏറെയിഷ്ടം വീട്ടിലെ വേലക്കാരോടായി. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ അന്വേഷിച്ചു തുടങ്ങി. എന്നെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ച് ജീവിതയാത്ര തുടര്‍ന്നു നോക്കിയെങ്കിലും സന്തോഷവും സൗഭാഗ്യവും എന്റെ കൂടെ പോന്നില്ല. പിന്നീട് വേറൊരു ട്രെയ്‌നിംഗില്‍ പങ്കെടുത്തുനോക്കി. അവര്‍ നല്‍കിയ നിര്‍ദേശങ്ങളും ഒട്ടും ഫലം ചെയ്തില്ല.''
ഞാന്‍ പറഞ്ഞു: ''കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത്‌പോലുള്ള കേസുകള്‍ എന്റെ അടുത്ത് ധാരാളമായി വരുന്നുണ്ട്. 'നീയാണാദ്യം' എന്ന് മാത്രം ചൊല്ലിപ്പഠിപ്പിക്കുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടികള്‍ കഴിഞ്ഞ് പുറത്ത് വരുന്നവരാണ് ഇവരിലേറെ പേരും എന്നതാണ് കൗതുകകരം. നമ്മുടേതില്‍ നിന്ന് തീര്‍ത്തും ഭിന്നമായ പാശ്ചാത്യസമൂഹത്തില്‍ ഉപയോഗപ്പെടുത്തുന്ന പാഠ്യക്രമങ്ങളും അവരുടെ പുസ്തകങ്ങള്‍ മൊഴിമാറ്റി നമ്മുടേത് പോലുള്ള സമൂഹത്തില്‍ നടത്തുന്ന പരിശീലന പരിപാടികളുമാണ് ഈ ദുരവസ്ഥക്ക് കാരണം. 'ഇഹലോകം' മാത്രം മുന്നില്‍കണ്ട് ജീവിക്കുന്നവരാണ് പാശ്ചാത്യ സമൂഹം. പരലോകത്തില്‍ അവര്‍ക്ക് വിശ്വാസമില്ല. അത് അവരുടെ പരിഗണനാ വിഷയവുമല്ല. അതുകൊണ്ടാണ് അവര്‍ 'നീ നിന്റെ ഇന്ന് ജീവിക്കുക' എന്ന മന്ത്രം ഉരുവിടുന്നത്. 'നിന്റെ ജീവിതം നീ ആസ്വദിച്ചുതീര്‍ക്കുക' എന്ന ഗാനമുതിര്‍ക്കുന്നത്. 'നീയാണാദ്യം' എന്ന മുദ്രാവാക്യം പഠിപ്പിച്ച അവര്‍ നിന്നെ നിന്നിലേക്ക് ചുരുക്കുകയും പരിമിതപ്പെടുത്തുകയുമാണ്. അവര്‍ ഒരു ജീവിതമേ മുന്നില്‍കാണുന്നുള്ളൂ. അത് ഇഹലോകമാണ്. നാമാവട്ടെ ഇഹലോക ജീവിതം പരലോക ജീവിതത്തിന്റെ മുന്നോടിയായാണ് കാണുന്നത്. 'ജീവിക്കുന്ന ലോകം' എന്നാണ് ഖുര്‍ആന്‍ അതിന്ന് പേരിട്ടിരിക്കുന്നത്. ''തീര്‍ച്ചയായും പരലോക ഭവനം-അതാകുന്നു ജീവത്തായത്'' (വിശുദ്ധ ഖുര്‍ആന്‍). അനശ്വരമായ ജീവിതം അവിടെയാണെന്ന് സാരം.
''ഇഹലോകത്തിലും പരലോകത്തിലും വിശ്വസിക്കുന്നവര്‍ക്ക്, പരിശീലന ക്ലാസുകളില്‍ ചൊല്ലിത്തരുന്നത് അപ്പാടെ വിഴുങ്ങാന്‍ പറ്റില്ല. മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സഹോദരി-സഹോദരങ്ങളുടെയും കൂടപ്പിറപ്പുകളുടെയും സ്‌നേഹിതരുടെയും അവകാശങ്ങള്‍ അവഗണിച്ച് സ്വന്തത്തെക്കുറിച്ച് മാത്രം ചിന്തിച്ച് ജീവിക്കാനും അവര്‍ക്കാവില്ല. 'സ്വന്തത്തെക്കുറിച്ച് മാത്രം ആലോചിക്കുക' എന്ന് അവര്‍ മൊഴിയുമ്പോള്‍ അവരുടെ സാഹചര്യത്തിനും സംസ്‌കാരത്തിനും ഇണങ്ങുന്ന നിര്‍ദേശമാണത്. പാശ്ചാത്യ രാജ്യങ്ങളിലെ മക്കള്‍ പതിനഞ്ച് വയസ്സാവുന്നതോടെ മാതാപിതാക്കളെ വിട്ട് സ്വതന്ത്രമായാണ് ജീവിക്കുന്നത്. ആഘോഷാവസരങ്ങളിലോ പ്രത്യേക ചടങ്ങുകളിലോ വെച്ചാണ് പിന്നീട് മക്കളും മാതാപിതാക്കളും കണ്ടുമുട്ടുന്നത്. അത്തരം ഒരു സമൂഹത്തില്‍ ഒരാള്‍ തന്നെ 'നമ്പര്‍വണ്‍' ആയി കാണുന്നത് പുതുമയല്ല. തന്റെ സൗഭാഗ്യവും സന്തോഷവും മാത്രം ലക്ഷ്യമാക്കുന്നതും സ്വാഭാവികം. എന്നാല്‍ അല്ലാഹുവിലും ദൂതന്മാരിലും പരലോകത്തിലും വിശ്വസിക്കുന്ന നമുക്ക് മാതാപിതാക്കളോടും കുടുംബത്തോടും സുഹൃത്തുക്കളോടും അയല്‍വാസികളോടും ചില കടമകളും ബാധ്യതകളും കടപ്പാടുകളുമുണ്ട്. നമുക്കും അവര്‍ക്കും ഇടയിലെ തുലനം വ്യത്യസ്തമാണെന്ന് സാരം.''
അവര്‍ പറഞ്ഞു തുടങ്ങി: ''ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ചില വശങ്ങളാണ് താങ്കള്‍ ഇപ്പോള്‍ പറഞ്ഞുതന്നത്. സഹായം അര്‍ഹിക്കാത്ത ഒരുത്തനെയും സഹായിക്കേണ്ടതില്ലെന്നാണ് ട്രെയിനിംഗ് ക്ലാസുകളില്‍ ഞങ്ങളെ പഠിപ്പിച്ചത്. 'ഇങ്ങോട്ടു അതേ പരിഗണന തരാത്തവരെ അങ്ങോട്ടും പരിഗണിക്കേണ്ടതില്ല, എന്റെ സേവനങ്ങളെ വിലമതിക്കാത്തവര്‍ക്ക് ഞാന്‍ അങ്ങോട്ടുപായി സേവനം ചെയ്യേണ്ട, ചുരുങ്ങിയത് ഇങ്ങോട്ട് പ്രത്യുപകാരമായി എന്തെങ്കിലും കിട്ടണം'- തുടങ്ങിയ സിദ്ധാന്തങ്ങളാണ് ഞങ്ങളെ പഠിപ്പിച്ചു പോന്നത്.''
''അപ്പോള്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തിയുള്ള കര്‍മം, അല്ലാഹുവില്‍ നിന്ന് കര്‍മത്തിന് ലഭിക്കുന്ന പ്രതിഫലം തുടങ്ങിയതിന്നൊക്കെ എവിടെ ഇടം?'' ഞാന്‍ അവരോട് ചോദിച്ചു. നാം ശുംഭന്മാരോ പോഴത്തക്കാരോ പൊട്ടന്മാരോ അല്ല; എന്നല്ല ആര്‍ക്ക്, എപ്പോള്‍, എങ്ങനെ സേവനം ചെയ്യണം എന്നതിനെക്കുറിച്ച നല്ല ബോധ്യവുമുണ്ട് നമുക്ക്. നമ്മുടെ പ്രവൃത്തികള്‍ അല്ലാഹുവിന്ന് വേണ്ടിയാണ്; ജനങ്ങള്‍ക്ക് വേണ്ടിയല്ല. നാം നമ്മെ അവഗണിച്ചുകൊണ്ടല്ല ഇതൊന്നും ചെയ്യുന്നത്. അത് നമ്മുടെ മതശാസന തന്നെയാണ്. സ്വന്തത്തോടും അപരരോടുമുള്ള ബന്ധങ്ങളില്‍ സന്തുലിതമായ സമീപനം ആവശ്യമാണ്.
ഇസ്‌ലാം ബന്ധത്രയങ്ങളെക്കുറിച്ച് വാചാലമാകുന്നുണ്ട്. വിശദീകരിക്കാം: നബി(സ) പറഞ്ഞു: ''നിന്റെ രക്ഷിതാവിന് നിന്നില്‍ ഒരവകാശമുണ്ട്. നിന്റെ സ്വന്തത്തിന് നിന്നില്‍ ഒരു അവകാശമുണ്ട്. നിന്റെ കുടുംബത്തിനുമുണ്ട് നിന്നില്‍ ഒരു അവകാശം'' ഈ മൂന്ന് ബന്ധങ്ങളിലും സമീകരണം സാധിക്കുകയാണ് വേണ്ടത്; അതായത് സ്രഷ്ടാവുമായുള്ള ബന്ധത്തില്‍, സൃഷ്ടികളുമായുള്ള ബന്ധത്തില്‍, സ്വന്തത്തോടുള്ള ബന്ധത്തില്‍. സമയത്തിന്റെ മൂന്നിലൊന്ന് നാം നമുക്ക് തന്നെ നല്‍കണം; വിനോദം, വ്യായാമം, ആഹാരം, ഹോബി, വിശ്രമം, ഉറക്കം, മാനസികോല്ലാസം, നേരമ്പോക്ക്.... അങ്ങനെ. മറ്റേ രണ്ട് ഭാഗവും നാം അവഗണിക്കരുത്. ഒന്ന് സ്രഷ്ടാവുമായുള്ള ബന്ധമാണ്. ആരാധനകള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങി ഒരു നീണ്ട പട്ടികയുണ്ടതില്‍. ഒരു ഭാഗം ജനങ്ങളുമായുള്ള ബന്ധമാണ്. കുടുംബം, ബന്ധുക്കള്‍, ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍ തുടങ്ങിയവരോടുള്ള കടമകള്‍, കടപ്പാടുകള്‍ ഈ ഗണത്തില്‍ പെടുന്നു.
'ബന്ധത്രയ'ങ്ങളെ സംബന്ധിച്ച ഈ വിവരണം എനിക്കിഷ്ടപ്പെട്ടു. ഒരു സംശയം കൂടി. ''മറ്റുള്ളവര്‍ക്ക് വെളിച്ചം പകരാന്‍ സ്വയം എരിഞ്ഞ് തീരുന്ന മെഴുക് തിരിയാവരുത് നീ' എന്ന് സാധാരണ വ്യക്തിത്വ വികസന ക്ലാസുകളില്‍ കേള്‍ക്കുന്ന ഉപദേശത്തെക്കുറിച്ചെന്ത് പറയുന്നു താങ്കള്‍?''
''നിങ്ങളെ ഈ വാചകം പഠിപ്പിച്ചവന്‍ രണ്ട് കാര്യങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് കാണേണ്ടതുണ്ടായിരുന്നു. ഒന്ന്, ചിലപ്പോള്‍ നിങ്ങള്‍ക്ക് ആനന്ദവും സൗഭാഗ്യവും ലഭിക്കുക, സമയവും പണവും മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കുമ്പോഴായിരിക്കും. ഇത്തരം ഒരവസ്ഥയില്‍ അവര്‍ക്ക് വേണ്ടി എരിഞ്ഞ് തീരുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാണ് അനുഭവപ്പെടുക. രണ്ടാമത്തേത്, അപരര്‍ ആര്‍ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മറ്റുള്ളവര്‍ എന്നത് നിങ്ങളുടെ മാതാവോ പിതാവോ സഹോദരനോ സഹോദരിയോ ആണെന്നിരിക്കട്ടെ, അവര്‍ക്ക് വേണ്ടി ആരോഗ്യവും സമയവും സമ്പത്തും ത്യജിച്ച് സ്വയം എരിഞ്ഞടങ്ങാന്‍ നിങ്ങള്‍ക്ക് ബാധ്യതയില്ലേ?''
''ശരിയാണ് നിങ്ങള്‍ പറഞ്ഞത്. ഈ വശങ്ങളൊന്നും ഞാന്‍ ചിന്തിച്ചിരുന്നേയില്ല.''
''നമ്മുടെ വിശ്വാസ പ്രമാണമനുസരിച്ച് നാം അല്ലാഹുവിന് വേണ്ടി എരിഞ്ഞ് തീരേണ്ടവരാണ്. യഥാര്‍ഥ ജീവിതം പരലോകത്താണ്. അല്ലാതിരുന്നാല്‍ തന്റെ ശരീരവും ആത്മാവും അല്ലാഹുവിന്ന് ബലി നല്‍കുന്ന 'രക്തസാക്ഷി'യെ കുറിച്ച് നിങ്ങളെന്താണ് പറയുക?'' അവരുടെ ചിന്തകളില്‍ സാരമമായ മാറ്റം വന്നതായി ആ മുഖം വിളിച്ചോതി.
വിവ: പി.കെ ജമാല്‍
Comments