ചാലില്‍ മമ്മുദു
ചാലില്‍ മമ്മുദു
മൂന്നര പതിറ്റാണ്ടുകാലം ഇസ്‌ലാമിക പ്രസ്ഥാന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ചാലില്‍ മമ്മുദു സാഹിബ്. സ്വാതന്ത്ര്യസമര ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്ന അബ്ദുറഹ്മാന്‍ നഗറിലെ പാരമ്പര്യ കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലെ യുവതുര്‍ക്കി കാലഘട്ടം. ഇങ്ക്വിലാബ് വിളിച്ചും, പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള പ്രമാണിമാരോടും ചൂഷകരോടും പൊരുതിയും ഒരു ചാവേറിനെപ്പോലെ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തു. നല്ല വായനാശീലമുണ്ടായിരുന്ന അദ്ദേഹത്തിനു തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പുസ്തകം ഒരു സുഹൃത്തില്‍നിന്ന് ലഭിച്ചു. അത് രണ്ടാവര്‍ത്തി വായിച്ച അദ്ദേഹം ഇസ്‌ലാമിക സാഹിത്യങ്ങളുടെ പരന്ന വായനക്കാരനായി മാറി.
1977-ല്‍ അടിയന്തരാവസ്ഥക്കു ശേഷം പ്രസ്ഥാനത്തിലേക്ക് കടന്നു വന്നു. തുടര്‍ന്നു ഖുര്‍ആന്‍, ഹദീസ് പഠനങ്ങളില്‍ അതീവ താല്‍പര്യമെടുത്തു. ഖുര്‍ആനിലെ കുറെ ഭാഗങ്ങള്‍ മനപ്പാഠമാക്കി. അങ്ങനെ തന്റെ നാട്ടിലെ പള്ളിയില്‍ തന്നെ മുഅദ്ദിനും ഇമാമുമായി ജോലി ചെയ്തു.
പ്രസ്ഥാനത്തില്‍ കടന്നുവന്നതോടെ കുടുംബത്തില്‍ നിന്നും മറ്റും ഒട്ടേറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ട്, അല്‍പകാലം മുമ്പ് യൂനിവേഴ്‌സിറ്റി ഏരിയയിലെ കാടപ്പടിയിലേക്ക് മാറിത്താമസിച്ചു. കുളപ്പുറം, കാടപ്പടി പ്രാദേശിക ഹല്‍ഖകളുടെ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു. കഴിവുറ്റ ഡ്രൈവറായിരുന്ന അദ്ദേഹം കുറേകാലം ജമാഅത്ത് കേന്ദ്രത്തില്‍ കെ.സി അബ്ദുല്ല മൗലവിയുടെ ഡ്രൈവറായും ജോലി നോക്കി. പ്രയാസങ്ങളെയും വിഷമങ്ങളെയും അദ്ദേഹം സമചിത്തതയോടെ നേരിട്ടു. അപ്രതീക്ഷിതമായി വന്ന ഞരമ്പുസംബന്ധമായ രോഗം മൂര്‍ഛിച്ചാണ് മരണപ്പെട്ടത്. 63 വയസ്സായിരുന്നു.
വി. മുഹമ്മദ് അലി മാസ്റ്റര്‍
ഈസുകുഞ്ഞ്
ചടയമംഗലം ആക്കല്‍ ഘടകത്തിലെ അംഗമായിരുന്നു ഈസുകുഞ്ഞ്. മൂന്നര വര്‍ഷത്തിലധികമായി ചികിത്സയിലായിരുന്നു. ഡിസംബര്‍ 14-നാണ് മരണപ്പെട്ടത്. 33 വര്‍ഷം അധ്യാപന സര്‍വീസുള്ള പി.ജി ബിരുദധാരിയായ ഈസുകുഞ്ഞ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും പത്തനംതിട്ട ജില്ലയിലെ ഏഴംകുളത്തും, ശേഷം 26 വര്‍ഷം കൊല്ലം ജില്ലയിലെ മൈലോട് എച്ച്.എസിലും അറബിക് അധ്യാപകനായിരുന്നു; ഒപ്പം, എന്‍.സി.സി ഓഫീസറും. എന്‍.സി.സിയിലൂടെ തനിക്കു ലഭിച്ച ഡിസിപ്ലിന്‍, കുടുംബത്തെ ഇസ്‌ലാമിക ചിട്ടയില്‍ വാര്‍ത്തെടുക്കുന്നതിന് പ്രയോജനപ്പെടുത്തി. ഭാര്യയും മക്കളും പ്രസ്ഥാന പ്രവര്‍ത്തകരും സഹയാത്രികരുമാണ്. അറബിക് ബിരുദധാരിണിയായ ഭാര്യ ബീന വനിതാ ഹല്‍ഖാ പ്രവര്‍ത്തകയും, മൂത്ത മകന്‍ അനസ് ബി.ടെക് ബിരുദധാരിയും, ഇളയ മകന്‍ അഫ്‌സല്‍ മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര-ബിരുദധാരിയുമാണ്. രണ്ടുപേരും എസ്.ഐ.ഒ പ്രവര്‍ത്തകരാണ്.
പ്രാദേശിക-സ്ഥാപന-സംരംഭങ്ങളുടെ സഹായിയും സഹകാരിയുമായിരുന്നു ഈസുകുഞ്ഞ്. ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തെന്ന പോലെ പൊതുരംഗത്തും സമ്പത്ത് ചെലവഴിക്കുന്നതില്‍ വര്‍ധിച്ച താല്‍പര്യം കാണിച്ചു. കുടുംബത്തിലെ വിവാഹങ്ങള്‍ ഇസ്‌ലാമിക രീതിയില്‍ തന്നെ നടത്തുന്നതില്‍ ശ്രദ്ധിച്ചു.
സ്വന്തം വീട്ടില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ നടത്തുന്നതിന് സൗകര്യമൊരുക്കിക്കൊടുത്തു അദ്ദേഹം. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെക്കുകയോ ക്രമീകരിക്കുകയോ ചെയ്തുകൊണ്ട്, ഖുര്‍ആന്‍ ക്ലാസ് മുടങ്ങാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഏരിയയില്‍ നടത്തി വരാറുള്ള ഈദ്ഗാഹില്‍ തന്റെ സഹോദരന്മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കാനും ശ്രദ്ധിച്ചിരുന്നു.
ഡോ. കെ.എ വാഹിദ്
Comments