Prabodhanm Weekly

Pages

Search

2015 ജനുവരി 23

നിരപരാധിത്വമല്ല, തെളിയിക്കേണ്ടത് അപരാധമാണ്

ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍/അഭിമുഖം

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്?

വിഭജനം നടന്നപ്പോള്‍ പാകിസ്താന്‍ ഒരു മുസ്‌ലിം രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി ഡിക്ലയര്‍ ചെയ്യപ്പെടുമെന്നാണ് പലരും കരുതിയത്. അതിനു ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇന്ത്യ അതിനെ അതിജീവിച്ചു. ഒരു മതേതര രാഷ്ട്രമായി ഇന്ത്യ നിലവില്‍ വന്നു. അതിനു യോജിച്ച ഒരു ഭരണഘടനയും ഉണ്ടായി. വിഭജനത്തിനു ശേഷമുള്ള കടുത്ത വര്‍ഗീയ ഭീഷണികളും കൂട്ടക്കൊലകളും ബലാത്സംഗങ്ങളും ഭീകര സംഭവങ്ങളും ഉണ്ടാക്കിയ പ്രതിസന്ധികളെ അല്‍പ്പാല്‍പ്പമായി മറികടന്നാണ് ഇത്തരമൊരു നിലപാടിലേക്ക് നമ്മുടെ രാജ്യം വളര്‍ന്നത്. സെക്യുലര്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ തന്നെ നല്‍കപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍-30(1) അനുഛേദം മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും അവ നടത്താനുമുള്ള മൗലികാവകാശം വ്യവസ്ഥ ചെയ്തു. അവരുടെ സംസ്‌കാരം സംരക്ഷിക്കാനുമുള്ള വ്യവസ്ഥകളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. സ്വതന്ത്രമായ ഒരു ജുഡീഷ്യറിക്കും ഭരണഘടന രൂപം നല്‍കി. മൗലികാവകാശങ്ങള്‍ ധ്വംസിക്കുന്നതിനെതിരെ ഭരണഘടനയുടെ 32-ാം അനുഛേദപ്രകാരം സുപ്രീം കോടതിയെയും 226-ാം അനുഛേദപ്രകാരം ഹൈക്കോടതിയെയും സമീപിക്കാനും ഭരണഘടന അവകാശം നല്‍കി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും ന്യൂനപക്ഷ അവകാശങ്ങളും കാത്തുരക്ഷിക്കുന്നതില്‍ നീതിന്യായ വ്യവസ്ഥ വലിയ പങ്കുവഹിക്കുന്നുണ്ട്.

ജുഡീഷ്യല്‍ ആക്ടിവിസം എത്രത്തോളം ശരിയാണ്?

ജുഡീഷ്യറിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരമാണ് ഭരണഘടന നല്‍കിയിട്ടുള്ളത്. സ്റ്റേറ്റിന്  ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ പാടില്ല. സ്റ്റേറ്റും പൗരന്മാരും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ സ്വതന്ത്രമായി കോടതികള്‍ക്ക്  തീര്‍പ്പ് കല്‍പ്പിക്കാന്‍ അവകാശമുണ്ട്. അവകാശ ലംഘനങ്ങള്‍ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ നല്‍കുന്ന പരാതികള്‍ പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ച് നീതി നിഷേധിക്കപ്പെട്ട പൗരന്‍മാര്‍ക്ക് നീതി ലഭ്യമാക്കാന്‍ പലപ്പോഴും സുപ്രീം കോടതിയും ഹൈക്കോടതികളും ശ്രമിക്കാറുണ്ട്. ജുഡീഷ്യറിയുടെ ഈ സക്രിയത്വം അധികാരപരിധി വിട്ടുകടക്കുന്നു എന്ന വിമര്‍ശനം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. ഗവണ്‍മെന്റ്  ആര്‍ബിറ്റററി ആയി പ്രവര്‍ത്തിക്കന്ന സന്ദര്‍ഭങ്ങളിലാണ് ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകുന്നത്. പൗരന്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കുകയും രാഷ്ട്രീയ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം നടപടികള്‍ എടുക്കേണ്ടി വരും. പൊതുജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അത് അനിവാര്യവുമാണ്. 

ബ്രിട്ടീഷ് വ്യവസ്ഥയാണോ ജുഡീഷ്യല്‍ രംഗത്തും നാം പിന്തുടരുന്നത്?

അതെ, ബ്രിട്ടീഷ് ലീഗല്‍ സിസ്റ്റമാണ് നാം പിന്തുടരുന്നത്. അതില്‍ കുറേ അപാകതകളുണ്ട്. ചില പരിഷ്‌കാരങ്ങളൊക്കെ ഇടക്ക് നടന്നിട്ടുണ്ടെങ്കിലും പല മേഖലകളിലും സമൂലമായ പരിവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യമാണ് മറ്റൊരു പ്രശ്‌നം. കേസുകള്‍ തീര്‍പ്പാക്കാന്‍ 10/15 വര്‍ഷമോ, അതിലധികമോ ഒക്കെ എടുക്കുന്നു. ജീവിത കാലം മുഴുവന്‍ ഒരു കേസിന്റെ പിന്നാലെ നടക്കേണ്ട അവസ്ഥയുണ്ടാകുന്നു. 'വൈകിയെത്തുന്ന നീതി നീതിനിഷേധമാണ്'. ജഡ്ജിമാരുടെ എണ്ണക്കുറവ്, നിയമനങ്ങളില്‍ വരുന്ന കാലതാമസം തുടങ്ങിയവ കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതില്‍ കാലതാമസം വരുന്നതിന് കാരണമാകുന്നു.

ഉച്ച വരെ കീഴ്‌ക്കോടതികളുടെ സമയം കളയുന്ന 'റോള്‍ കോള്‍' സംവിധാനം എടുത്തുകളയേണ്ടതാണ്. റെഡിയായ കേസുകള്‍ മാത്രം പോസ്റ്റ് ചെയ്യേണ്ടതാണ്. കേസുകള്‍ വിളിച്ച്, മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്ന രീതി പാടെ ഒഴിവാക്കണം. ഫയല്‍ ചെയ്യുന്നതില്‍ വരുന്ന ന്യൂനതകള്‍ പരിശോധിച്ച് ശരിയാക്കാനുള്ള ഉത്തരവാദിത്തം ശിരസ്തദാര്‍ക്ക് നല്‍കാവുന്നതാണ്. അദാലത്തുകള്‍ കുറേക്കൂടി കാര്യക്ഷമമാക്കണം. മറ്റൊരു പ്രധാന കാര്യം, കോടതികളിലേക്ക് എത്തിക്കാതെ സിവില്‍ കേസുകള്‍, കക്ഷികളുടെ വക്കീലുമാര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കാന്‍ ശ്രമിക്കുകയെന്നതാണ്. വിദേശ രാജ്യങ്ങളിലെല്ലാം ഇത്തരമൊരു സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്. കക്ഷികള്‍ ലോ ഫേമുകളെ (അമേരിക്കയും യൂറോപ്പുമടക്കമുള്ള പല പരിഷ്‌കൃത രാജ്യങ്ങളിലുമുള്ള അഭിഭാഷകരുടെ കൂട്ടായ്മ) സമീപിച്ചാല്‍ ഉടന്‍ തന്നെ അവര്‍ കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്യില്ല. എതിര്‍ കക്ഷിക്ക് നോട്ടീസ് അയക്കുകയും എതിര്‍കക്ഷി അപ്പോള്‍ മറ്റു ലോഫേമുകളെ സമീപിക്കുകയും ചെയ്യുന്നു. ഈ രണ്ടു ഫേമുകള്‍ തമ്മില്‍ കോണ്‍ഫറന്‍സുകള്‍ നടത്തി കേസിന് തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ആ കോണ്‍ഫറന്‍സുകളില്‍ കോടതികളുടെ ഇടപെടല്‍ കൂടാതെ കേസുകള്‍ തീര്‍പ്പാക്കുന്നു. കക്ഷികള്‍ക്കും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും ഉചിതം. പക്ഷേ, നമ്മുടെ രാജ്യത്ത് നിര്‍ഭാഗ്യവശാല്‍ ഇത്തരം ഒരു സമ്പ്രദായം വികസിപ്പിച്ച് കൊണ്ട് വന്നിട്ടില്ല. ഇവിടെ പലപ്പോഴും കേസുകള്‍ നീണ്ടുപോകാന്‍ വക്കീലുമാരും കാരണക്കാരാവുന്നുണ്ട്. കീഴ്‌ക്കോടതികളില്‍  അവര്‍ക്ക്, സിറ്റിംഗിനാണല്ലോ ഫീസ്! മറ്റൊരു സംഗതി ജനങ്ങളുടെ അനുപാതമനുസരിച്ചുള്ള എണ്ണം ജഡ്ജിമാര്‍ നമ്മുടെ കോടതികളിലില്ല. 

ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന കരിനിയമങ്ങള്‍ പാസക്കപ്പെടുന്നുണ്ടല്ലോ?

ഭരണഘടനക്ക് വിരുദ്ധമായ ഏതു നിയമം പാര്‍ലമെന്റ് പാസാക്കിയാലും കോടതിയില്‍ ചോദ്യം ചെയ്യാം. പക്ഷേ, രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണഘടനയില്‍ തന്നെ ചില വ്യവസ്ഥകള്‍ ഉണ്ട്. അതുപയോഗിച്ചാണ് കരിനിയമങ്ങള്‍ പാസാക്കുന്നത്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാകുമ്പോള്‍ അതില്‍ ഇടപെടാന്‍ കോടതികള്‍ക്ക് ബുദ്ധിമുട്ടുണ്ട്. പൗരസ്വാതന്ത്ര്യം മൗലികാവകാശമാണ്. പക്ഷേ രാജ്യരക്ഷക്കും അഖണ്ഡതക്കും വേണ്ടി മൗലികാവകാശങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിയമ നിര്‍മാണ സഭകള്‍ക്ക് അധികാരമുണ്ട്. ടാഡ, പോട്ട, യു.എ.പി.എ പോലെയുള്ള കരിനിയമങ്ങള്‍ ഈ നിയന്ത്രണത്തിന്റെ മറ പിടച്ചാണ് പാസാക്കിയെടുക്കുന്നത്. സ്വാഭാവികനീതി നിഷേധിക്കുകയും മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന ഇത്തരം നിയമങ്ങള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും എന്നും ശബ്ദമുയര്‍ത്തിയിട്ടുണ്ട്.  വിചാരണ കൂടാതെ ജയിലിലടക്കാന്‍ ഇത്തരം കരിനിയമങ്ങള്‍ കാരണമാകുന്നു. യഥാര്‍ഥത്തില്‍, കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ് എന്നാണ് സങ്കല്‍പ്പം. താന്‍ കുറ്റവാളിയല്ല എന്ന് തെളിയിക്കേണ്ട യാതൊരു ബാധ്യതയും ആരോപിതന് ഇല്ല, നിയമപരമായിത്തന്നെ അയാള്‍ വെറുതെ നിന്നാല്‍ മതി. ആരോപകര്‍ക്കാണ് അത് തെളിയിക്കാനുള്ള മുഴുവന്‍ ബാധ്യതയും. പക്ഷേ, ഇത്തരം കരിനിയമങ്ങളില്‍ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത ആരോപിതര്‍ക്കാണ്. പലപ്പോഴും ഇത് കടുത്ത മനുഷ്യാവകാശ നിഷേധത്തിലേക്കാണ് വഴിവെക്കാറ്. ജാമ്യം കൊടുക്കാന്‍ പോലും മടിക്കുന്നു. പ്രോസിക്യൂഷന്‍ പറയുന്നത് മാത്രം അവലംബിക്കാതെ, പ്രഥമ ദൃഷ്ട്യാ തെളിവുണ്ടോ എന്ന കാര്യം പരിശോധിക്കണം. ഇതിന്റെ അഭാവത്തിലാണ് പൗരാവകാശം ലംഘിക്കപ്പടുന്നതും വര്‍ഷങ്ങളോളം വിചാരണ കൂടാതെ കുറ്റാരോപിതര്‍ ജയിലിലടക്കപ്പെടുന്നതും. കശ്മീരിലും മണിപ്പൂരിലും മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യത്തിന് നല്‍കിയ അമിതാധികാരം ഉദാഹരണം. കുറ്റവാളിയെന്ന് കോടതിയില്‍ തെളിയിക്കുകപോലും ചെയ്യാതെ വെടിവെച്ചുകൊല്ലാനുള്ള പഴുത് വേണ്ടുവോളം ഈ നിയമത്തിലുണ്ട്. ഈ അമിതാധികാര പ്രയോഗത്തിന്റെ ഫലമായി ഒട്ടേറെ ആളുകളെ കാണാതാവുകയും സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ട്. ഇറോം ശര്‍മിള 11 വര്‍ഷമായി  ഇത്തരം അനീതികള്‍ക്കെതിരെ സമരം ചെയ്തു കൊണ്ടിരിക്കുന്നു. സൈനികര്‍ക്ക് നല്‍കിയ അമിതാധികാരം ദുരുപയോഗം ചെയ്യുന്നുണ്ടെന്നതിന് തെളിവുകളുണ്ട്. ഇത്തരം നിയമങ്ങള്‍ റദ്ദാക്കേണ്ടതുണ്ട്. 

കോടതികള്‍ക്ക് സ്വയം ഇതിനെ ചോദ്യം ചെയ്തുകൂടേ?

ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. പക്ഷേ, അത്തരം നിയമങ്ങള്‍ രാജ്യ രക്ഷയും അഖണ്ഡതയും സംരക്ഷിക്കാനാണെന്നതിന്റെ മറവിലായത് കൊണ്ട് കോടതികള്‍ക്ക് ഇടപെടാനാവില്ല. മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി തയാറായത് എത്രയോ പ്രാവശ്യം കോടതിയെ സമീപിച്ചതിന് ശേഷമാണ്. ഏത് നിലക്കും വിചാരണ കൂടാതെ തടവില്‍ വെക്കാവുന്ന കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യണം. കുറ്റം തെളിയിക്കാന്‍ ശാസ്ത്രീയമായ രീതികള്‍ മാത്രം സ്വീകരിക്കണം. ഭേദ്യം ചെയ്യുന്ന തേഡ് ഡിഗ്രി മെത്തേഡുകളാണ് പലപ്പോഴും ഉപയോഗിക്കാറുള്ളത്. ഇത് നിയമവിരുദ്ധമാണ്; നീതി നിഷേധമാണ്.

വിചാരണ തടവ് എന്നതില്‍ തന്നെ ശരികേടില്ലേ?

ശരികേടുണ്ട്. ചില പ്രത്യേക സന്ദര്‍ഭത്തിലാണ് ജാമ്യമില്ലാത്ത വിചാരണ തടവ്. വിചാരണക്കാവശ്യമായ ശക്തമായ തെളിവുകള്‍ മുഴുവന്‍ കിട്ടിയിട്ടില്ല, അതേസമയം പുറത്തുവിട്ടാല്‍ ബോംബ് സ്‌ഫോടനമോ അക്രമങ്ങളോ പോലെ ജനദ്രോഹകരമായ പ്രവൃത്തിയില്‍ പ്രതി ഏര്‍പ്പെടുമെന്ന് ഭയമുണ്ട്. അപ്പോള്‍, വ്യക്തിയുടെ അവകാശത്തേക്കാള്‍ സമൂഹത്തിന്റെ സുരക്ഷാ താല്‍പര്യമാണ് പരിഗണിക്കപ്പെടുന്നത്. അത് ശരിയുമാണ്.

പരാതി ലഭിച്ചാല്‍ സാധാരണ ആരോപിതരെ അറസ്റ്റ് ചെയ്യുകയാണല്ലോ പോലീസ് ചെയ്യുക?

ജാമ്യം ലഭിക്കാവുന്ന കേസുകളാണെങ്കില്‍ ജാമ്യത്തില്‍ വിടാം. നോണ്‍ബെയിലബിള്‍ ഒഫന്‍സുകളാണെങ്കിലും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വധ ശിക്ഷ അര്‍ഹിക്കുന്ന കേസുകള്‍ക്കൊഴികെ കോടതികള്‍ ജാമ്യം നല്‍കാറുണ്ട്. 

അഞ്ചോ പത്തോ വര്‍ഷങ്ങള്‍ വരെ ജയിലില്‍ കിടന്നശേഷം നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെവിട്ടവര്‍ക്ക് അനേകം നഷ്ടങ്ങളുണ്ട്. അതേക്കുറിച്ച് എന്താണ് നിയമം പറയുന്നത്?

നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യണം. വിദേശ രാജ്യങ്ങളില്‍ പലപ്പോഴും അത്തരം സംഭവങ്ങളില്‍ നല്ല നഷ്ടപരിഹാരങ്ങള്‍ നല്‍കാറുണ്ട്. ആസ്‌ട്രേലിയയില്‍ കുറച്ചുമുമ്പ് തടവിലിട്ട  ഒരു ചെറുപ്പക്കാരനെ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചപ്പോള്‍ വലിയ നഷ്ടപരിഹാരം അയാള്‍ക്ക് നല്‍കുകയുണ്ടായി. നിയമത്തില്‍ വ്യവസ്ഥ ഇല്ലെങ്കിലും തക്കതായ നഷ്ടപരിഹാരം നല്‍കാന്‍ കോടതികള്‍ക്ക് നിര്‍ദേശം നല്‍കാവുന്നതാണ്. അത്തരം നടപടികള്‍ ഉണ്ടായാല്‍ അനാവശ്യമായ കസ്റ്റഡികളും തടവുമൊക്കെ കുറെ ഒഴിവാക്കാന്‍ കഴിയും. ന്യാധിപന്മാരും മനുഷ്യരാണ് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. തെറ്റുപറ്റാത്ത മാലാഖമാരല്ല അവര്‍. കവിഞ്ഞ സൂക്ഷ്മത പാലിച്ചാലും ചിലപ്പോഴൊക്കെ അബദ്ധങ്ങള്‍ സംഭവിച്ചേക്കാം. 

കരിനിയമങ്ങളോട് ന്യായാധിപന്മാര്‍ക്കുള്ള നിലപാട് എന്താണ്?

ഏതു ന്യായാധിപനും ഒരു ദര്‍ശനം, ആശയധാര ഉണ്ടാകും. അദ്ദേഹത്തിന്റെ വിധിന്യായത്തില്‍ ആ ദര്‍ശനം കുറെയെങ്കിലും പ്രതിഫലിക്കുകയും ചെയ്യും. ഹിന്ദുത്വം എന്ന പദം ഒരു സംസ്‌കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന്  സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വര്‍മ വിധിക്കുകയുണ്ടായി. ഈ വിധി പിന്നെ പല പ്രശ്‌നങ്ങള്‍ക്കും കാരണമായി. ഹിന്ദു ധര്‍മത്തിന്റെ വിശാലത കണക്കിലെടുത്തു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. യഥാര്‍ഥത്തില്‍, ഹിന്ദുയിസവും ഹിന്ദുത്വവും രണ്ടാണ്. ഈശ്വരനില്ല എന്ന് വിശ്വസിക്കുന്നവന്‍ വരെ ഹിന്ദൂയിസത്തിലുണ്ടാകാം. വിഗ്രഹാരാധനയെ തള്ളിപ്പറയുന്ന ഫിലോസഫി വരെ ഹിന്ദുയിസത്തിലുണ്ട്. അത് വളരെ വിശാലമാണ്. എന്നാല്‍ ഹിന്ദുത്വം എന്ന് സംഘ് പരിവാര്‍ പറയുന്നത് വളരെ സങ്കുചിതമായ അര്‍ത്ഥത്തിലാണ്. അതിന്റെ സ്വഭാവം എന്താണെന്ന് നമുക്കറിയാം. ഇപ്പോള്‍ ചര്‍ച്ചയാകുന്ന മതസ്വാതന്ത്ര്യത്തിന്റെ വിഷയമെടുക്കുക. നമ്മുടെ ഭരണഘടന പൂര്‍ണ മതസ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍, മതപരിവര്‍ത്തനം മൗലികാവകാശമല്ല എന്നൊരു വിധി മുമ്പ് സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. അത് വ്യാപകമായ വിമര്‍ശനത്തിന് വഴി വെക്കുകയും ചെയ്തിട്ടുണ്ട്. പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചുമുള്ള മതപരിവര്‍ത്തനമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. അത് നിരോധിക്കേണ്ടതു തന്നെയാണെന്നതില്‍ സംശയമേ ഇല്ല. ഖുര്‍ആന്‍ തന്നെ പറയുന്നത് മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല എന്നാണ്. പ്രബോധനം ചെയ്യാന്‍ മാത്രമാണ് ഖുര്‍ആനില്‍ അല്ലാഹു ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ മതപരിവര്‍ത്തനം പറ്റെ നിരോധിച്ച് കൊണ്ടുള്ള ഒരു നിയമനിര്‍മാണത്തിനാണ് പുതിയ കേന്ദ്ര ഗവണ്‍മെന്റ് മുതിരുന്നത്. കൂടാതെ വിദ്യാഭ്യാസ മേഖലകളില്‍ അമിതമായ കാവിവല്‍ക്കരണത്തിന് ഗവണ്‍മെന്റ് ശ്രമിക്കുന്നു. മുരളി മനോഹര്‍ ജോഷി മന്ത്രിയായിരിക്കെ പാഠപുസ്തകങ്ങളില്‍ വ്യാപകമായ കാവിവല്‍ക്കരണം നടക്കുകയുണ്ടായി. ചരിത്രവും വികലമാക്കാന്‍ ശ്രമിച്ചു. ഇതിനെതിരെ ബിപന്‍ ചന്ദ്ര, റൊമീല ഥാപ്പര്‍ മുതലായ പ്രശസ്ത ചരിത്രപടുക്കള്‍ ശബ്ദമുയര്‍ത്തുകയുണ്ടായി. ഇതിനെ സംബന്ധിച്ച് അസ്ഗറലി എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച ദല്‍ഹിയില്‍ സംഘിടിപ്പിച്ചിരുന്നു. എനിക്കും അതില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. അതില്‍ സമര്‍പ്പിച്ച പ്രബന്ധങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട കാവിവല്‍ക്കരണം നമ്മെ അത്ഭുതപ്പെടുത്തും. മഹാത്മാ ഗാന്ധി, നെഹ്‌റു, ഡോ.അംബേദ്കര്‍ എന്നിവരുയര്‍ത്തിപ്പിടിച്ച മതേതരത്വം എന്ന സങ്കല്‍പ്പത്തെ തന്നെ തകിടം മറിക്കുന്ന തരത്തിലാണത്.

ഏകസിവില്‍ കോഡ് വാദത്തെപ്പറ്റി എന്താണ് പറയാനുള്ളത്?

എല്ലാ മതങ്ങളിലെയും നല്ല നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പൊതുവെ സ്വീകാര്യമായ ഒരു ഏക സിവില്‍ നിയമം ഉണ്ടാക്കുകയെന്നതാണ് യൂണിഫോം സിവില്‍കോഡു കൊണ്ട് ഭരണഘടന വിഭാവന ചെയ്തത്. പക്ഷേ, ഭൂരിപക്ഷ സമുദായത്തിന്റെ വ്യക്തി നിയമം ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കും എന്ന ഭയമാണ് മറ്റു മതക്കാര്‍ക്കുള്ളത്.  ദൈവിക നിയമങ്ങള്‍ മാറ്റാന്‍ പാടില്ല എന്ന വിശ്വാസം കൊണ്ടുകൂടിയാണ് മുസ്‌ലിംകള്‍ ഏക സിവില്‍കോഡിനെ എതിര്‍ക്കുന്നത്. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിന് തന്നെ അത്തരം ഒരു നിയമം ഉണ്ടാക്കുന്നതില്‍ താല്‍പര്യമില്ല എന്നുള്ളത് വ്യക്തമാണ്. ഹിന്ദു സമുദായവുമായി ബന്ധപ്പെട്ട നിയമ പരിഷ്‌ക്കരണത്തെ അവര്‍ തന്നെ എതിര്‍ത്തിട്ടുണ്ട്. ഹിന്ദുകോഡ് നിയമമാക്കാന്‍ വേണ്ടിയുള്ള അംബേദ്കറുടെ ശ്രമത്തിനെതിരെ രംഗത്തുവന്നത് രാജേന്ദ്രപ്രസാദ് തന്നെയാണ്. അത് അംബേദ്കറുടെ രാജിയില്‍ കലാശിക്കുകയും ചെയ്തു.  സ്‌പെഷ്യല്‍ മാര്യേജ് ആക്ടാണ് ഇവിടെയുള്ള ഒരു പൊതുനിയമം. എല്ലാവര്‍ക്കും അതനുസരിച്ച് വിവാഹം ചെയ്യാം. അതിലുണ്ടാകുന്ന കുട്ടികള്‍ക്ക് വ്യക്തിനിയമങ്ങള്‍ ബാധകമല്ല. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശമാണ് ബാധകമാവുക. എന്നാല്‍ ഹിന്ദുക്കളെ ആ പൊതു നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹബന്ധത്തിലേര്‍പ്പെടുന്ന ഹിന്ദുക്കളുടെ സന്തതികള്‍ക്ക് ഹിന്ദു പിന്തുടര്‍ച്ചാവകാശം തന്നെയാണ് ബാധമാവുക എന്ന് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് പോലെ മറ്റു പൊതുവായ ചില നിയമങ്ങളില്‍ നിന്ന് ഹിന്ദുക്കളെ ഒഴിവാക്കി അവര്‍ക്ക് അവരുടെ വ്യക്തി നിയമം ബാധകമാക്കിയിട്ടുള്ളതായി നമുക്ക് കാണാന്‍ കഴിയും. 

ഇന്ത്യയിലെ മുസ്‌ലിം പേഴ്‌സണല്‍ ലോയും, യഥാര്‍ഥ ഇസ്‌ലാമിക ശരീഅത്തും തമ്മില്‍ പല തലങ്ങളില്‍ വൈരുധ്യമുണ്ടല്ലോ?

അതെ. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയതു പോലുള്ള സ്വാതന്ത്ര്യവും അധികാര അവകാശങ്ങളും മറ്റാരും അവര്‍ക്ക് കൊടുത്തിട്ടില്ല. പക്ഷേ, ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുസ്‌ലിം പേഴ്‌സണല്‍ ലോയില്‍, സ്ത്രീക്ക് ആ അധികാര-അവകാശങ്ങളില്‍ പലതും നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇതാണ് ഞാന്‍ കുറെ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ശാബാനു കേസിനെ സംബന്ധിച്ചേടത്തോളം എന്റെ  പ്രധാന വാദവും അതു തന്നെയായിരുന്നു. നിലവിലുള്ള ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമമല്ല നാം പരിരക്ഷിക്കേണ്ടത്, മറിച്ച് യഥാര്‍ഥ ഇസ്‌ലാമിക നിയമമാണ്. 'ആംഗ്ലോ മുഹമ്മദന്‍ ലോ' എന്ന മുസ്‌ലിം പേഴ്‌സണല്‍ ലോ ഇസ്‌ലാമിക ശരീഅത്തിന് കടകവിരുദ്ധവും എന്നേ മാറ്റേണ്ടതുമാണെന്ന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി വര്‍ഷങ്ങള്‍ക്കുമുമ്പേ തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹുഖൂഖുസ്സൗജൈന്‍ എന്ന ഗ്രന്ഥത്തില്‍ ശരീഅത്തിന് വിരുദ്ധമായ അത്തരം വ്യവസ്ഥകള്‍ മാറ്റാത്തതിനെ അദ്ദേഹം അപലപിക്കുന്നുമുണ്ട്.  ഉദാഹരണത്തിന്, പുരുഷന് മാത്രമേ ത്വലാഖിനുള്ള അവകാശം പേഴ്‌സണല്‍ ലോ നല്‍കുന്നുള്ളൂ. അതുതന്നെ 'ഞാന്‍ നിന്നെ മൂന്നു തവണ മൊഴി ചൊല്ലി' എന്നു ഒറ്റയടിക്കു പറഞ്ഞാല്‍ ത്വലാഖാകും. ഇത് ഇസ്‌ലാം പഠിപ്പിക്കുന്നതിന് എതിരല്ലേ? വിവാഹ മോചനത്തിന്റെ കാര്യത്തില്‍, സ്ത്രീക്കാണ് പുരുഷനെക്കാള്‍ ഇസ്‌ലാം അവകാശം നല്‍കിയിട്ടുള്ളത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആ അവകാശം സ്ത്രീകള്‍ക്ക് വകവെച്ചു കൊടുക്കുന്നില്ല. മൗദൂദി സാഹിബിന്റെ അഭിപ്രായത്തില്‍ ത്വലാഖിന് സമാനമായ അവകാശമാണ് ഖുല്‍ഇനും നല്‍കിയിട്ടുള്ളത്. അതിന് ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല. വ്യക്തി നിയമത്തില്‍ ഖുല്‍അ് പ്രകാരം ഭര്‍ത്താവിന്റെ സമ്മതം കൂടാതെ വിവാഹമോചനം നേടാന്‍ കഴിയുകയില്ല. ഇത് ശരീഅത്തിന് വിരുദ്ധമാണെന്ന് മൗദൂദി സാഹിബ് വ്യക്തമാക്കിയിട്ടുണ്ട്. അത് പോലെ തന്നെ ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലുന്നത് പാപമാണെന്നും അതിന് ഇസ്‌ലാമിക നിയമത്തില്‍ യാതൊരു സാധുതയുമില്ലെന്നും പ്രസ്തുത ഗ്രന്ഥത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പക്ഷെ വ്യക്തി നിയമത്തില്‍ മുത്ത്വലാഖിന് നിയമസാധുതയുണ്ട്. ഇത് തന്നെയാണ് വിവാഹമുക്തയായ സ്ത്രീക്ക് കൊടുേക്കണ്ട മതാഇന്റെ കാര്യത്തിലും സംഭവിച്ചത്. നിലവിലുള്ള വ്യക്തി നിയമത്തിന്റെ കാര്യത്തില്‍ അങ്ങനെ വ്യവസ്ഥയില്ല. വിവാഹമുക്തയായ സ്ത്രീക്കുളള പരിരക്ഷണ നിയമം ശാബാനു കേസിന് ശേഷം കൊണ്ടുവന്നാണ് ഇപ്പോള്‍ അത്തരത്തിലൊരു വ്യവസ്ഥ നടപ്പിലാക്കിയത്. ത്വലാഖ് ചൊല്ലുന്നതിന് മുമ്പ് നിര്‍ബന്ധമായി ഭാര്യാഭര്‍ത്താക്കന്മാരെ അവരുടെ ബന്ധുക്കള്‍ രഞ്ജിപ്പിലെത്തിക്കാന്‍ ശ്രമിക്കണം എന്ന നിര്‍ദേശമുണ്ട് ഖുര്‍ആനില്‍. അത് മോഡേണ്‍ കൗണ്‍സിലിംഗിന് സമാനമായ ഒന്നാണ്. പക്ഷേ വ്യക്തിനിയമത്തില്‍ അങ്ങനെയൊന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് തയാറാക്കിയ ആംഗ്ലോ മുഹമ്മദന്‍ ലോ എന്ന നിയമമാണ് ഇപ്പോള്‍ മുസ്‌ലിംകള്‍ക്ക് ബാധകമാക്കിയിട്ടുള്ളത്. സമൂഹം എപ്പോഴും മാറ്റത്തിന് വിധേയമാണ്. അപ്പോള്‍ നിയമങ്ങള്‍ക്കും ചില മാറ്റങ്ങള്‍ ആവശ്യമായി വരും. അതിനുതകുന്ന ശക്തമായ ഒരുപകരണമാണ് ഇസ്‌ലാമില്‍ ഇജ്തിഹാദ്. ഒരു സ്ത്രീക്ക് ഒറ്റക്ക് യാത്ര ചെയ്യുന്നതിനെ സംബന്ധിച്ച് ഒരു ഹദീസുണ്ട്. അത് ഭര്‍ത്താവിന്റെയോ വിവാഹം നിഷിദ്ധമാക്കിയ ഒരു പുരുഷന്റെയോ തുണയില്ലാതെ സഞ്ചരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹദീസാണ്. അതിനെ സംബന്ധിച്ച് പ്രശസ്ത പണ്ഡിതനായ യൂസുഫുല്‍ ഖറദാവി പറയുന്നത് ഇപ്പോള്‍ അതിന് യാതൊരു പ്രസക്തിയുമില്ല എന്നാണ്. കാരണം ഇപ്പോള്‍ ഒരു സ്ത്രീക്ക് വിമാന മാര്‍ഗ്ഗം യാതൊരു ഭയാശങ്കയുമില്ലാതെ ഒറ്റക്ക് സഞ്ചരിക്കാവുന്നതും ലക്ഷ്യസ്ഥാനത്ത് ഭര്‍ത്താവിന് വന്ന് അവളെ കൂട്ടിക്കൊണ്ട് പോകാവുന്നതുമാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ ചൈതന്യത്തിന് നിരക്കാത്ത വ്യവസ്ഥകള്‍ വ്യക്തി നിയമത്തില്‍ ഉള്ളത് കൊണ്ടാണ് സുപ്രീം കോടതി സ്ത്രീകള്‍ക്ക് വ്യക്തി നിയമത്തില്‍ നീതി നിഷേധിക്കുന്നു എന്ന അര്‍ത്ഥത്തില്‍ പലപ്പോഴും സിവില്‍ കോഡ് നടപ്പില്‍ വരുത്താനുള്ള മാര്‍ഗനിര്‍ദേശക തത്ത്വം പാലിക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടി വന്നത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ഖുര്‍ആനും സുന്നത്തിനും അനൂരൂപമായ വിധത്തില്‍ ഒരു മുസ്‌ലിം കോഡ് ഉണ്ടാക്കേണ്ടത് അനിവാര്യമാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍