Prabodhanm Weekly

Pages

Search

2015 ജനുവരി 23

'അവര്‍ എന്റെ ദാസന്മാരെ വഴിയില്‍ നിന്ന് <br> കൊള്ളയടിക്കുന്നവരാണ്'

ഖാലിദ് മൂസാ നദ്‌വി /ലേഖനം

         ഈസാ(അ) പറഞ്ഞതായി ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ ഇമാം അബൂഹാമിദില്‍ ഗസ്സാലി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. 'ദുഷിച്ച പണ്ഡിതന്മാരുടെ ഉപമ കക്കൂസിലെ ജലം പോകുന്ന കാനപോലെയാകുന്നു. അതിന്റെ പുറമെ കുമ്മായവും ഉള്ളില്‍ ദുര്‍ഗന്ധവുമാണ്. ശവക്കുഴികളെപ്പോലെയും അവരെ ഉപമിക്കാം. പുറമെ അത് പരിപാലിക്കപ്പെടുന്നു. ഉള്ളിലാവട്ടെ ശവങ്ങളുടെ എല്ലുകളും.'

ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ചിത്രം പ്രിന്റ് ചെയ്ത്, വേഷങ്ങളില്‍ പാണ്ഡിത്യം പ്രദര്‍ശിപ്പിച്ച്, പതിനായിരങ്ങളെ ആകര്‍ഷിച്ച്, പാതിരാവ് പിന്നിടുന്ന മതപ്രഭാഷണം നിര്‍വഹിക്കുന്ന പണ്ഡിതനിരയെ കണ്ടപ്പോഴാണ് മേല്‍വരികള്‍ വീണ്ടും വായിച്ചത്. തെക്ക് നിന്ന് വണ്ടി കയറി വടക്ക് പടയോട്ടം നടത്തുന്ന മതപ്രഭാഷണവേദിയിലെ ഈ 'സൂപ്പര്‍ സ്റ്റാറു'കളുടെ യാഥാര്‍ഥ്യമെന്താണ്? ഇവരുടെ പ്രഭാഷണ പരിപാടികളുടെ നിയ്യത്ത് വിജ്ഞാന വിതരണമോ പണസമാഹരണമോ? പണം സമാഹരിക്കുക എന്ന നിയ്യത്തില്‍ ''മതപ്രഭാഷണ ചന്ത'' ഒരുക്കുന്നതിന്റെ ദീനീവിധിയെന്താണ്? എത്ര രൂപയാണ് ഈ ''പ്രഭാഷണക്കളരി വിദ്വാന്മാര്‍'' യത്തീംഖാനാ കമ്മിറ്റികളില്‍നിന്നും, മദ്‌റസാ കമ്മിറ്റികളില്‍നിന്നും, പള്ളിക്കമ്മിറ്റികളില്‍ നിന്നും പറഞ്ഞുറപ്പിച്ച് സ്വന്തമാക്കുന്നത്? ആദ്യം തീയതി കുറിക്കാന്‍ വാങ്ങുന്നത് എത്രയാണ്? പിന്നെ തീയതി മാറ്റിക്കിട്ടാന്‍ അധികമാവശ്യപ്പെടുന്നത് എത്രയാണ്? പ്രഭാഷണം നടത്താന്‍ എന്തൊക്കെ വ്യവസ്ഥകളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്? ഈ വിഷയത്തില്‍ ഒരു ധവളപത്രം പ്രസിദ്ധീകരിക്കാന്‍ പ്രഭാഷകര്‍ക്ക്/സംഘാടകര്‍ക്ക് ബാധ്യതയുണ്ട്.

പാരത്രിക വിജ്ഞാനികളുടെ അടയാളങ്ങളില്‍ ആദ്യത്തേത് തന്റെ വിദ്യകൊണ്ട് അവന്‍ ഇഹലോകം തേടാതിരിക്കലാണെന്ന് 'ഇഹ്‌യ'യില്‍ ഇമാം ഗസ്സാലി കുറിച്ചിട്ടുണ്ട്. തങ്ങളുടെ ഉശിരന്‍ പ്രഭാഷണങ്ങളില്‍ ഇഹ്‌യാ കഥകള്‍ ധാരാളം ഉദ്ധരിക്കാറുള്ള പ്രഭാഷക ശിരോമണികള്‍ 'ഉലമാ ഉല്‍ ആഖിറഃ'യെ കുറിച്ചുള്ള ഇമാം ഗസ്സാലിയുടെ നീരീക്ഷണങ്ങള്‍ വായിക്കാന്‍ മറന്നതാണോ?

ദാവൂദ്(അ)നോട് അല്ലാഹു അരുളിയതായി ഇമാം ഗസ്സാലി രേഖപ്പെടുത്തിയ ഭാഗം ഇങ്ങനെ വായിക്കാം: ''ദാവൂദേ, ഇഹലോകം ലഹരിയാക്കിയ 'ഉലമാഇ'നോട് എന്നെക്കുറിച്ച് നീ ചോദിക്കരുതേ! എന്റെ സ്‌നേഹത്തിന്റെ മാര്‍ഗത്തില്‍നിന്ന് അവര്‍ നിന്നെ തടയും. അവര്‍ എന്റെ ദാസന്മാരെ വഴിയില്‍ നിന്ന് കൊള്ളയടിക്കുന്നവരാണ്.''

യഥാര്‍ഥത്തില്‍ ശരിയായ കൊള്ളയടിയല്ലേ മതപ്രഭാഷണ മേല്‍വിലാസത്തില്‍ വടക്കന്‍ കേരളത്തില്‍ പാതിരാ നേരത്ത് ഇപ്പോള്‍ നടന്നുവരുന്നത്?.

കര്‍മം പാരത്രികമാണെന്ന് ധ്വനിപ്പിച്ച് ഇഹലോകമന്വേഷിക്കുന്നവന്റെ ഹൃദയം നിര്‍ജീവമായിപ്പോകുമെന്ന് ഇമാം ഹസന്‍(റ) പറഞ്ഞിട്ടുണ്ട്. വിദ്യയുടെയും വിജ്ഞാനത്തിന്റെയും ഭംഗി നഷ്ടപ്പെട്ടുപോകുന്നത് ജ്ഞാനി അതുമുഖേന ഇഹലോകം അന്വേഷിക്കുമ്പോഴാണെന്ന് ഇമാം സഈദുബ്‌നു മുസയ്യിബില്‍ നിന്ന് ഇമാം ഗസ്സാലി രേഖപ്പെടുത്തിയിട്ടുണ്ട്.

ആഖിറത്തിനെ കുറിച്ച് കള്ളക്കണ്ണീരൊഴുക്കി മതപ്രഭാഷണം നടത്തുകയും, സദസ്സിലേക്ക് പതിനായിരങ്ങളെ പ്രത്യേകിച്ച് സഹോദരിമാരെ ആകര്‍ഷിക്കുകയും കണക്കില്ലാത്ത പൊന്നും പണവും ചാക്കുകെട്ടുകളായി സമാഹരിക്കുകയും ചെയ്യുന്ന ന്യൂജനറേഷന്‍ ഉലമാക്കള്‍ ആടിനെ മേയ്ക്കുന്ന ചെന്നായ്ക്കളെപ്പോലെയാണ്; ആടിനെ ചെന്നായകളില്‍ നിന്ന് കാത്തുരക്ഷിക്കുന്ന ഇടയന്മാരല്ല, ഉപ്പുപെട്ടിയില്‍ പുഴുവരിക്കുന്നുവെന്നേ ഈ പണ്ഡിത ഗജകേസരികളെ കാണുമ്പോള്‍ പറയാന്‍ തോന്നുന്നുള്ളൂ.

സൂറഃ ഫാത്വിര്‍ 28-ാം സൂക്തത്തില്‍ 'പണ്ഡിതന്മാര്‍ (ഉലമാഅ്) മാത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ' എന്ന പ്രസ്താവമുണ്ട്. പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം മൗദൂദി പാണ്ഡിത്യത്തെ നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്. ''ഒരുവന്‍ അല്ലാഹുവിന്റെ ഗുണങ്ങളെക്കുറിച്ച് എത്രത്തോളം അജ്ഞനാണോ അത്രത്തോളം അയാള്‍ ദൈവഭയമില്ലാത്തവനാകുന്നു..... ഒരാള്‍ തന്റെ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതനാണെങ്കിലും ശരി, ദൈവഭയമില്ലാത്തവനാണെങ്കില്‍ ദൈവിക ഗുണങ്ങളുടെ കാര്യത്തില്‍ അയാള്‍ അജ്ഞനാണ്. ദൈവത്തിന്റെ ഗുണങ്ങളെ കുറിച്ച് ബോധവാനാവുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്യുന്ന ഒരാള്‍ നിരക്ഷരനാണെങ്കിലും ജ്ഞാനിയാകുന്നു.''

ഇമാം മൗദൂദി നിരീക്ഷിച്ച നിരക്ഷരരിലും നിക്ഷിപ്തമായി കിടക്കുന്ന യഥാര്‍ഥ അറിവിന്റെ അഭാവമാണ് മതപ്രഭാഷണ മാഫിയയില്‍ പ്രകടമാകുന്നത്. മതപ്രഭാഷണം മണല്‍ വാരലിനേക്കാളും ലാഭകരമായിത്തീരുന്നത് അവിടെയാണ്.

അറിവിനെക്കുറിച്ചുള്ള അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ന്റെ പ്രസ്താവന ഇങ്ങനെ വായിക്കാം: ''ഹദീസ് പെരുപ്പത്തിന്റെ (ധാരാളം ഹദീസുകള്‍ പഠിക്കലല്ല ജ്ഞാനമെന്ന് സാരം) അടിസ്ഥാനത്തിലല്ല ജ്ഞാന നിര്‍ണയം നടത്തേണ്ടത്. അല്ലാഹുവിനെക്കുറിച്ച ഭയഭക്തിയുടെ അടിസ്ഥാനത്തിലാകുന്നു.'' ഇമാം ഹസന്‍ ബസ്വരി പറയുന്നു: ''റഹ്മാനായ റബ്ബിനെ അദൃശ്യമായി ഭയപ്പെടുന്നവനാണ് 'ആലിം.' റഹ്മാനായ റബ്ബിന് വെറുപ്പുള്ള കാര്യം വെറുക്കുന്നവനാണ് 'ആലിം.''

ആളും അര്‍ഥവും ലക്ഷ്യമാക്കുന്ന നവകാല പണ്ഡിത വേഷധാരികളെയും, പണ്ഡിതന്മാരെ കുറിച്ച മേല്‍പ്രസ്താവനകളെയും താരതമ്യ പഠനത്തിന് വിധേയമാക്കാതെ സമുദായത്തിലെ സാധാരണ ജനം 'പണ്ഡിത മാഫിയ'യുടെ ചൂഷണത്തില്‍നിന്ന് രക്ഷ പ്രാപിക്കുകയില്ല.

മതപ്രഭാഷകര്‍ വ്യതിചലിക്കുന്നത് ചരിത്രത്തില്‍ ആദ്യമല്ല. തൗറാത്ത്-ഇഞ്ചീല്‍ പ്രഭാഷകന്മാര്‍ വ്യതിചലിച്ചതിന്റെ ചരിത്ര സാക്ഷ്യങ്ങള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ പ്രഭാഷകന്മാര്‍ വ്യതിചലിക്കാതിരിക്കാനാണ് ആ ഭാഗങ്ങള്‍ താക്കീതിന്റെ സ്വരത്തില്‍ അല്ലാഹു ഖുര്‍ആനില്‍ ചേര്‍ത്ത് വെച്ചിരിക്കുന്നത്.

സൂറഃ അല്‍ബഖറ 174-176 സൂക്തങ്ങളില്‍ വേദപ്രഭാഷകന്മാരുടെ ഭൗതിക മോഹങ്ങളെ ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട്. ''അല്ലാഹു അവതരിപ്പിച്ച 'കിതാബിലെ' വിധികള്‍ പൂഴ്ത്തി വെക്കുന്നവരാണവര്‍.'' അഥവാ അവര്‍ക്കും ജനങ്ങള്‍ക്കും ഹിതകരമായത് മാത്രം പറയുകയും ഭരണകൂടത്തിന്റെ അതൃപ്തിക്കോ പണക്കാരുടെ അനിഷ്ടത്തിനോ കാരണമായിത്തീരുന്ന ദീനീപാഠങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുമെന്ന് വ്യക്തം. അവരുടെ മറ്റൊരു വ്യതിചലനം ''തുഛമായ ദുന്‍യവി വിഭവത്തിനായി വിലയേറിയ 'ആയാത്തുകള്‍' ലേലത്തിന് വെക്കുമെന്നുള്ളതാണ്.'' ജനങ്ങളെ ഹരം കൊള്ളിച്ച് പണം തട്ടിയെടുക്കുന്നതിലുള്ള മിടുക്കാണ് അവരുടെ ഏറ്റവും വലിയ യോഗ്യത. സമാഹരിക്കപ്പെടുന്ന പണമാകട്ടെ യതീംഖാനക്കും മദ്‌റസക്കും, മസ്ജിദിനും മാത്രമുള്ളതല്ല, തനിക്കു കൂടിയുള്ളതാണ്. അങ്ങനെ ദീന്‍ പകരം വെച്ച് സമാഹരിക്കുന്ന ചോറ് തിന്നുന്നവരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ''വയറ്റില്‍ തീ നിറയ്ക്കുന്നവര്‍'' എന്നാണ്. മതവില്‍പ്പനയെ കുറിച്ച ഈ ഖുര്‍ആനിക വിമര്‍ശം മറച്ചുവെക്കാനുള്ളതാണോ? കടിഞ്ഞാണില്ലാതെ കുതിച്ചുപായുന്ന മതമാഫിയക്ക് മുമ്പാകെ നിശ്ശബ്ദരാകാന്‍ നമുക്ക് അനുവാദം ഉണ്ടോ?

ഭൗതിക ലാഭങ്ങളൊന്നും കാംക്ഷിക്കാതെ പൊതുജനങ്ങള്‍ക്ക് ദീനീ പാഠങ്ങള്‍ പകര്‍ന്നുകൊടുത്ത ഒട്ടനവധി പണ്ഡിത ശ്രേഷ്ഠര്‍ ജീവിച്ച നാടാണ് നമ്മുടേത്. അത്തരക്കാര്‍ ഇന്നും നമ്മോടൊപ്പമുണ്ട്. പക്ഷേ അവരെയെല്ലാം തള്ളിമാറ്റി ദുന്‍യാപൂജകരായ ഒരു പറ്റമാളുകള്‍ ജനകീയ മതവിദ്യാഭ്യാസ വേദികളെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഈ പ്രശ്‌നത്തെ നിസ്സാരമായി കാണരുത്.

''വിദ്വാന്മാരേ, നിങ്ങളുടെ മാളികകള്‍ കൈസറിന്റേത് പോലെയാണ്. നിങ്ങളുടെ വീടുകള്‍ കിസ്‌റയുടേതിന് സദൃശമാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ ളാഹിര്‍ രാജാവിന്റേതാണ്. നിങ്ങളുടെ പാദരക്ഷകള്‍ ജാലൂത്ത് ചക്രവര്‍ത്തിയുടേതാണ്. നിങ്ങളുടെ വാഹനങ്ങള്‍ ഖാറൂനിന്റേതാണ്. നിങ്ങളുടെ പാത്രങ്ങള്‍ ഫിര്‍ഔനിന്റേതാണ്. നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങള്‍ ജാഹിലിയ്യാ കാലത്തെ കുറ്റകൃത്യങ്ങളാണ്. നിങ്ങളുടെ നടപടികള്‍ പൈശാചികമാണ്. അപ്പോള്‍ മുഹമ്മദീയ നടപടിക്രമം എവിടെ?'' ഐഹിക പ്രേമികളായ വൈജ്ഞാനിക പ്രകടനക്കാരെ അഭിമുഖീകരിച്ച് ഇമാം ഗസ്സാലി പറഞ്ഞത് എത്ര ശരി! 

(ഈ കുറിപ്പിലെ ഉദ്ധരണികള്‍ക്ക് അവലംബിച്ചത് ഇഹ്‌യാ ഉലൂമിദ്ദീനിന്റെ മലയാളം പരിഭാഷ - എം.വി കുഞ്ഞി അഹ്മ്മദ് മൗലവി ഒന്നാം പുസ്തകവും തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാള മൊഴിമാറ്റം ഒന്നാം ഭാഗവുമാണ്).


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍