ഇസ്‌ലാമിക മുന്നേറ്റത്തിന് കലാഷ്‌നിക്കോവ് കൊണ്ട് <br> തടസ്സം കെട്ടുന്നവര്‍
പ്രമുഖ ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞന്‍ ഗില്‍സ് കെപല്‍ (Gills Kepel) പടിഞ്ഞാറ്, പ്രത്യേകിച്ചും അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ നാടുകളിലെ ഇസ്‌ലാമിന്റെ സാന്നിധ്യം ശക്തിപ്പെടുന്നു എന്ന് സമര്‍ഥിക്കുന്ന തന്റെ ഗ്രന്ഥത്തിന് നല്‍കിയ പേര് 'അല്ലാഹ് പടിഞ്ഞാറന്‍ ദേശത്ത്' (Allah in the West) എന്നാണ്. താരതമ്യേന അക്കാദമിക സത്യസന്ധത പുലര്‍ത്തുന്ന ഗില്‍സിന്റെ പഠനം, ഇസ്‌ലാം എങ്ങനെ, എന്തുകൊണ്ട് വളരെ വേഗത്തില്‍ യൂറോപ്പിലും അമേരിക്കയിലും വേരുറപ്പിക്കുന്നു എന്ന അനേ്വഷണമാണ് നടത്തിയത്. 9/11-നു മുമ്പാണ് ഈ പഠനത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചതെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ഇന്നും ഏറെ പ്രസക്തിയുള്ളതുകൊണ്ടാണ് പുതിയ പതിപ്പുകളിലൂടെ 'അല്ലാഹ് പടിഞ്ഞാറില്‍' മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റത്തെയാണ് മുഖം മൂടിയണിഞ്ഞ 'ഇസ്‌ലാമിന്റെ യോദ്ധാക്കള്‍' കലാഷ്‌നിക്കോവ് കൊണ്ട് തടഞ്ഞുനിര്‍ത്തുന്നത്.
ഇസ്‌ലാമിനെയും പ്രവാചകനെയും നിരന്തരമായി അപഹസിച്ചുകൊണ്ടിരുന്ന ഷാര്‍ലി എബ്‌ദോ, ജില്ലന്റ് പോസ്റ്റന്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ പ്രചാരണങ്ങള്‍ കൊഴുപ്പിക്കുമ്പോഴും ഇസ്‌ലാം യൂറോപ്പില്‍ ശക്തമായ സാന്നിധ്യമായി മുന്നേറ്റം തുടരുകയാണ്. പക്ഷേ, ഇസ്‌ലാം വിരുദ്ധ ശക്തികള്‍ക്ക് സാധിക്കാത്തത് ഇന്ന് 'വിശുദ്ധ യോദ്ധാക്കളായ' ഖുവൈശി സഹോദരന്മാര്‍ക്ക് സാധിച്ചിരിക്കുന്നു. യൂറോപ്പിന്റെ ഹൃദയ ഭൂമിയായ പാരീസിന്റെ ആസ്ഥാനത്തുള്ള പത്രമോഫീസില്‍ കടന്നുകയറിയ സഈദ് ഖുവൈശി-ശരീഫ് ഖുവൈശി സഹോദരന്മാര്‍ ഷാര്‍ലിയുടെ പത്രാധിപര്‍ സ്റ്റെഫാന്‍ ഷെബോണിയെ അടക്കം 12 പേരെയും മറ്റൊരു സംഭവത്തില്‍ അഞ്ചു പേരെയും - അങ്ങനെ 17 പേരെ- കൂട്ടക്കൊല ചെയ്തത് അക്ഷരാര്‍ഥത്തില്‍ ലോകത്തെ ഞെട്ടിച്ചു. ഗസ്സയിലും ബഗ്ദാദിലും സിറിയയിലുമെല്ലാം ആയിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ ഞെട്ടാത്ത ലോകമാണ് ഇപ്പോള്‍ വിറങ്ങലിച്ചു നില്‍ക്കുന്നത് എന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയത്തിന്റെ മറ്റൊരു വശമാണ്.
ലോകം ഷാര്‍ലിക്കൊപ്പം/ ഫ്രാന്‍സിനൊപ്പം ഒറ്റക്കെട്ടായി ഏകതാ റാലിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിരിക്കുന്നു. നിരവധി ലോക നേതാക്കളടക്കം പതിനഞ്ച് ലക്ഷത്തോളം ജനങ്ങളാണ് ഈഫല്‍ ടവറിന്റെ മുന്നിലും ലിബര്‍ട്ടി ചത്വരത്തിലും ഫ്രാന്‍സിന്റെ വിവിധ നഗരങ്ങളിലുമായി 'ജിഹാദി ഇസ്‌ലാമില്‍' നിന്ന് ലോകത്തെ രക്ഷിക്കുക എന്ന സന്ദേശവുമായി ഒഴുകിയെത്തിയത്. ഖുവൈശി സഹോദരന്മാരോ അല്‍ഖാഇദ ഇന്‍ അറേബ്യന്‍ പെനിന്‍സുലയോ (AQAP) ഇസ്‌ലാമിക് സ്റ്റേറ്റോ(lS) മാത്രമല്ല പ്രതിക്കൂട്ടില്‍. ഇവിടെ ഒന്നാം പ്രതിയായി മുഖം കുനിച്ചു നില്‍ക്കേണ്ടിവരുന്നത് ഇസ്‌ലാം തന്നെയാണ്. പതിമൂന്ന് നൂറ്റാണ്ടായി, ജോണ്‍ ഓഫ് ദമസ്‌കസില്‍ ആരംഭിച്ച ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക് സാധിക്കാത്തത് പതിമൂന്ന് മിനിറ്റുകൊണ്ട് എങ്ങനെ സാധിക്കാം എന്നത് 'ജിഹാദി' പാഠശാലയിലെ പുത്തന്‍ തലമുറ തെളിയിച്ചിരിക്കുകയാണ്. അള്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ അറബ് വംശജരായ മാതാപിതാക്കളുടെ രണ്ടാം തലമുറയിലെ പ്രതിനിധികളാണ് ഈ ഖുവൈശി സഹോദരന്മാര്‍ എന്നത് യൂറോപ്പിനെ കൂടുതല്‍ ഞെട്ടിച്ചിരിക്കുന്നു. യൂറോപ്യന്‍ നാടുകളില്‍ ജനിച്ചുവളര്‍ന്ന തദ്ദേശീയരടക്കം മൂവായിരത്തിലധികം പേര്‍ ഇസ്‌ലാമിക് സ്റ്റേറ്റിനു വേണ്ടി യുദ്ധം ചെയ്യാന്‍ ഇറാഖിലും സിറിയയിലും എത്തിയിട്ടുണ്ട് എന്നാണ് യൂറോപ്യന്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. അല്‍ഖാഇദയുടെ യമനി പതിപ്പിന്റെ ഉപജ്ഞാതാവായിരുന്ന അന്‍വര്‍ ഔലാക്കിയും ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദിയും അവതരിപ്പിക്കുന്ന ഇസ്‌ലാമിന് യൂറോപ്പിലെ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ കഴിയുന്നുവെങ്കില്‍ അതിന്റെ കാര്യ കാരണങ്ങള്‍ പഠിക്കാന്‍ ലോകം തയാറാകണം. പതിമൂന്ന് നൂറ്റാണ്ട് പരിശ്രമിച്ചിട്ടും തകര്‍ക്കാന്‍ കഴിയാത്ത ഇസ്‌ലാമിനെ നിമിഷങ്ങള്‍ കൊണ്ട് അട്ടിമറിക്കാന്‍ ഇത്തരം 'ജിഹാദി' ഗ്രൂപ്പുകള്‍ക്ക് കഴിയുന്നുവെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം നേതൃത്വവും സമൂഹവും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
ഗില്‍സ് ചൂണ്ടിക്കാട്ടിയ പോലെ പടിഞ്ഞാറ് ഇസ്‌ലാം ഒരു സാന്നിധ്യം മാത്രമല്ല, ഒരു ശക്തിയായി രൂപപ്പെട്ടുവരികയാണ്. അതിന് കലാഷ്‌നിക്കോവിന്റെ ശബ്ദമോ രൂപമോ അല്ല എന്നത് ടോണി ബ്ലയറിന്റെ അനുജത്തി ലോറ ബൂത്തും സാക്ഷാല്‍ ജോര്‍ജ് ബുഷിന്റെ മകളുമടക്കമുള്ള ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ, പ്രത്യേകിച്ചും പടിഞ്ഞാറന്‍ വനിതകള്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് 'ഇസ്‌ലാമിക ഖിലാഫത്ത്' ഉയര്‍ത്തുന്ന വെല്ലുവിളി പ്രശ്‌നമാകുന്നത്. ഇസ്‌ലാമിക സംസ്‌കാരവും ദര്‍ശനവും പടിഞ്ഞാറിന് സ്വീകാര്യമാകുന്നു എന്ന വര്‍ത്തമാന യാഥാര്‍ഥ്യത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് നിയോകോണുകളും നിയോ നാസികളുമടക്കമുള്ള വലതുപക്ഷ സയണിസ്റ്റ് ശക്തികള്‍ തല പുകയുമ്പോഴാണ് പുതിയ 'ജിഹാദി ഇസ്‌ലാം' ആ 'പ്രതിസന്ധി' പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്!
ഈ സംഭവത്തിനു ശേഷം ലോകമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ച വിലയിരുത്തിയാല്‍ മനസ്സിലാകുന്നത് പടിഞ്ഞാറ് വസിക്കുന്ന മുപ്പത് ദശലക്ഷത്തിലധികം വരുന്ന മുസ്‌ലിംകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത് എന്നാണ്. ഇതുവരെ 'റാഡിക്കല്‍ ഇസ്‌ലാം' ആണ് പ്രശ്‌നക്കാരനെങ്കില്‍ ഇവിടെ പ്രശ്‌നം ഇസ്‌ലാം തന്നെയാണ് എന്ന നിലക്ക് ചര്‍ച്ച പുരോഗമിക്കുകയാണ്. 2005-ല്‍ ഫ്രാന്‍സിലെ ആഫ്രോ ഏഷ്യക്കാര്‍ നടത്തിയ പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമായപ്പോള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന, പിന്നീട് ഫ്രാന്‍സിന്റെ പ്രസിഡന്റായ, വലതുപക്ഷ നിലപാടുള്ള നിക്കൊളാസ് സര്‍കോസി ആഫ്രോ ഏഷ്യക്കാരെ, പ്രത്യേകിച്ചും മുസ്‌ലിം കുടിയേറ്റക്കാരെ നിയന്ത്രിച്ചില്ലെങ്കില്‍ ഫ്രാന്‍സ് മാത്രമല്ല യൂറോപ്പിന് ഒന്നടങ്കം അത് അപകടകരമായിരിക്കും എന്ന തരത്തിലുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ചിരുന്നു. അന്ന് നേര്‍ക്കുനേരെ ഫ്രഞ്ച് ടെലിവിഷനില്‍ സര്‍ക്കോസിയെ നേരിട്ടത് പ്രമുഖ ഇസ്‌ലാമിക ചിന്തകനായ താരിഖ് റമദാനായിരുന്നു. ആ ചര്‍ച്ചയില്‍ ഉന്നയിച്ച ആശങ്കകളും പ്രശ്‌നങ്ങളും ന്യായമായും പരിഹാരം ആവശ്യപ്പെടന്ന വിഷയങ്ങളായിരുന്നു എന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍.
താരതമ്യേന ശാന്ത പ്രകൃതിക്കാരായ നോര്‍വെ, സ്വീഡന്‍ തുടങ്ങിയ സ്‌കാന്‍ഡിനേവ്യന്‍ രാജ്യങ്ങളില്‍ പോലും ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക് സ്വീകാര്യത ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിച്ചത്, കേവലം സാമ്രാജ്യത്വ- സയണിസ്റ്റ് ഗുഢാലോചന എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുന്നതിനെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗന്‍സ്റ്റ് ദി ഇസ്‌ലാമൈസേഷന്‍ ഓഫ് ദ വെസ്റ്റ് (PEGIDA) എന്ന ഒരു ചെറു സംഘം എത്ര പെട്ടെന്നാണ് ജര്‍മനിയില്‍ പടര്‍ന്നുകയറിയതെന്ന് സമീപകാല സംഭവങ്ങള്‍ നമുക്ക് കാട്ടിത്തന്നു. കുടിയേറ്റത്തിനെതിരെ (മുസ്‌ലിം കുടിയേറ്റം എന്ന് വായിക്കുക) വലതുപക്ഷ തീവ്ര നിലപാടുള്ള ഒരു ചെറു സംഘം തുടങ്ങിവെച്ച പ്രകടനങ്ങള്‍ ജര്‍മനിയെ ഇളക്കി മറിക്കുന്ന തരത്തിലുള്ള ജനമുന്നേറ്റമായി മാറിയ സാഹചര്യത്തിലാണ് ഷാര്‍ലി സംഭവം ഉണ്ടായത്. ഇതില്‍ ഏറെ സന്തോഷിക്കുന്നത് നിയോ കോണുകളും ഇവാഞ്ചലിസ്റ്റുകളും മെറിന്‍ ലിപെന്‍ നേതൃത്വം നല്‍കുന്ന 'ഫ്രഞ്ച് നാഷ്‌നല്‍' എന്ന വലതുപക്ഷ സംഘടനകളുമായിരിക്കും. 2012-ല്‍ ഫ്രാന്‍സില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയ 'ഫ്രഞ്ച് നാഷ്‌നല്‍' വളരെ കരുതലോടെയാണ് അവസരം മുതലെടുത്തുകൊണ്ടിരിക്കുന്നത്. 2012 തെരഞ്ഞെടുപ്പില്‍ ഫ്രാങ്ക് ഓലന്ദിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി വല്ല വിധേനയും കടന്നുകൂടുകയായിരുന്നു. 'ഫ്രഞ്ച് നാഷ്‌ന'ലിന്റെ കുടിയേറ്റവിരുദ്ധ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഓലന്ദ് അടുത്തകാലത്ത് പാരീസില്‍ നടത്തിയ പ്രസംഗം ജനങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു. ഇതിനെയൊക്കെയാണ് ക്ഷണനേരം കൊണ്ട് കീഴ്‌മേല്‍ മറിച്ചത്. ഇങ്ങനെയാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കില്‍ ഫ്രാന്‍സില്‍ 2017-ല്‍ തീവ്ര വലതുപക്ഷക്കാര്‍ അനായാസം അധികാരം കൈക്കലാക്കും. അത്തരം ആശയങ്ങള്‍ക്ക് ലിബറല്‍ ചിന്താഗതിക്കാരായ ഫ്രഞ്ച് ജനതയെ സ്വാധീനിക്കാന്‍ കഴിയുന്നു എന്നതിന്റെ തെളിവാണല്ലോ മിഷേല്‍ ഹുലെബെഗി എന്ന വലതുപക്ഷക്കാരന്റെ നോവല്‍. 2022-ല്‍ ഫ്രാന്‍സ് ഒരു ഇസ്‌ലാമിക ആഭിമുഖ്യമുള്ള രാഷ്ട്രമായിത്തീരും എന്ന ആശയം അവതരിപ്പിക്കുന്ന നോവലിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കുടിയേറ്റത്തിന്റെ അപകടങ്ങളെ സംബന്ധിച്ച് ഭീതിപ്പെടുത്തുന്ന മുന്നറിയിപ്പുകള്‍ നല്‍കുന്ന 'ഫ്രഞ്ച് സൂയിസൈഡ്' എന്ന പുസ്തകവും ഫ്രാന്‍സില്‍ ബെസ്റ്റ് സെല്ലറാണ്. സ്വതന്ത്ര മതേതര ചിന്താഗതിയുള്ള ഫ്രഞ്ചുകാര്‍ക്കിടയില്‍ വലതുപക്ഷ ആശയങ്ങള്‍ക്ക് എത്ര ആഴത്തിലാണ് സ്വാധീനമുണ്ടാക്കാനായത് എന്നതിന്റെ സൂചനകളാണിത്. ഈ സന്ദര്‍ഭത്തിലാണ് 'പ്രവാചകന്‍ പ്രതികാരം ചെയ്യാന്‍' കലാഷ്‌നിക്കോവുമായി അവതരിച്ചത്.
66 ദശലക്ഷം ജനങ്ങളുള്ള ഫ്രാന്‍സില്‍ എട്ട് ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ ഒരു നിര്‍ണായക ശക്തിയാണ്. യൂറോപ്യന്‍ നാടുകളില്‍ ഏറ്റവുമധികം മുസ്‌ലിംകള്‍ താമസിക്കുന്ന രാജ്യവും ഫ്രാന്‍സാണ്. ഫ്രാന്‍സിനെ മാതൃരാജ്യമായി കാണുന്ന, ഇഴുകിച്ചേര്‍ന്ന് പൂര്‍ണമായും ഉല്‍ഗ്രഥനം ചെയ്യപ്പെട്ട സമൂഹമായിരുന്നു ഫ്രഞ്ച് മുസ്‌ലിംകള്‍. അവിടെയാണ് പുതിയ വിള്ളലുകള്‍ ഉണ്ടായിട്ടുള്ളത്.
'ജിഹാദി' തീവ്രവാദത്തിന്റെ അപകടവും ഭീഷണിയും ഒരു യാഥാര്‍ഥ്യമാണെന്നും അതിനെ അമര്‍ച്ച ചെയ്യേണ്ടത് മുസ്‌ലിം ലോകത്തിന്റെ അടിയന്തര ആവശ്യമാണെന്നും തുറന്ന് പറയുമ്പോള്‍ തന്നെ ഇവിടെ വിശദീകരിക്കപ്പെടേണ്ട ഒരു മറുവശം കൂടിയുണ്ട്. 1969-ല്‍ ആരംഭിച്ച ഷാര്‍ലി എബ്‌ദോ എന്ന ഹാസ്യ പ്രസിദ്ധീകരണം തുടക്കത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെയാണ് പിന്തുണച്ചിരുന്നത് എന്ന് പറയപ്പെടുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പറുദീസയെന്ന് ഊറ്റം കൊള്ളുന്ന ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രാലയം തന്നെ, പ്രസിദ്ധീകരണത്തിന്റെ രണ്ടാം വര്‍ഷം എന്തുകൊണ്ട് ഈ പത്രത്തിന് വിലക്ക് ഏര്‍പ്പെടത്തി എന്ന കാര്യം ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്തുകാണുന്നില്ല. രണ്ടായിരത്തില്‍ ഫിലിപ്പ് ഹല്‍ പുതിയ പത്രാധിപരായി ചുമതലയേറ്റത്തിന് ശേഷമാണ് പത്രം ഇസ്രയേലീ പ്രൊപഗണ്ടയെ പിന്തുണക്കുന്ന നിലപാടുകള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. ഇന്‍തിഫാദയെ പരിഹസിച്ചും ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ലബനോനില്‍ നടന്ന ചെറുത്ത് നില്‍പിനെ അധിക്ഷേപിച്ചുകൊണ്ടും രംഗത്ത് വന്നപ്പോള്‍ ഷാര്‍ലിയുടെ ഇടതുപക്ഷ ആഭിമുഖ്യത്തില്‍ പരക്കെ സംശയമുണ്ടായി. 2006-ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഡാനിഷ് പത്രമായ ജില്ലന്റ് പോസ്റ്റിലെ വിവാദ കാര്‍ട്ടൂണുകള്‍ ഒന്നൊന്നായി പുനപ്രസിദ്ധീകരിച്ചുകൊണ്ട് തനിനിറം വ്യക്തമാക്കി. അവിടന്നങ്ങോട്ട് പ്രവാചകനിന്ദയാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഉരകല്ല് എന്ന നിലപാടാണ് മാഗസിന്‍ സ്വീകരിച്ചത്. പ്രവാചകനെ ചീഫ് എഡിറ്ററാക്കി 'ശരീഅ എബ്‌ദോ' എന്ന പ്രകോപനപരമായ ഒരു പതിപ്പും കൂടി അവതരിപ്പിച്ചുകൊണ്ട് ഷാര്‍ലി എല്ലാ പരിധികളും അതിലംഘിച്ചതിന്റെ പിന്നിലെ ഗൂഢ അജണ്ട വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം പ്രവാചക നിന്ദയെ ന്യായീകരിച്ച പത്രാധിപസമിതി 2008-ല്‍ സര്‍ക്കോസിയുടെ മകന്റെ സയണിസ്റ്റ് ബാന്ധവത്തെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ച കലാകാരനെ പത്രത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
പ്രകോപനം സൃഷ്ടിച്ച് മുസ്‌ലിംകളെ തെരുവിലിറക്കുമ്പോള്‍ അതിന്റെ ഫലം ആസ്വദിക്കുന്നത് എപ്പോഴും വലതുപക്ഷ കക്ഷികളും സയണിസ്റ്റുകളുമായിരുന്നു എന്ന തിരിച്ചറിവ് മുസ്‌ലിം സമൂഹത്തിന് ഇല്ലാതെ പോവുന്നു എന്നത് ഒരു ദുഃഖ സത്യമാണ്. വിവാദ സിനിമയും കാര്‍ട്ടൂണുകളും സൃഷ്ടിച്ച അസ്വസ്തതകളില്‍ നൂറു കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടത്, അതില്‍ ഭൂരിപക്ഷവും മുസ്‌ലിംകളുമായിരുന്നു. ഇത്തരം കെണികളില്‍ പെട്ട് വികാര വിക്ഷുബ്ധരാവുന്ന പ്രവാചക പ്രേമികളെ പ്രതികരണത്തിന്റെ പക്വമായ പാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ മുസ്‌ലിം നേതൃത്വത്തിന് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? അടിക്കടിയുണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം? ഏത് തരത്തിലുള്ള പ്രതികരണങ്ങളാണ് മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ച വ്യക്തമായ ദിശാബോധമുള്ള ഒരു നേതൃത്വം ആഗോള തലത്തില്‍ ശക്തിപ്പെട്ട് വരേണ്ടതല്ലേ?
ഇത്തരം കാര്യങ്ങളില്‍ സംശയരഹിതവും വ്യക്തവും പക്വവുമായ സമീപനങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മുസ്‌ലിം രാഷ്ട്രങ്ങളുടെ പൊതുവേദികളും പണ്ഡിത നേതൃത്വവും സന്നദ്ധ സംഘടനകളും ഒരു രൂപരേഖ തയാറാക്കിത്തന്നെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. പ്രകോപിതരാവാന്‍ മതിയായ സംഭവങ്ങള്‍ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിലെ അപായങ്ങള്‍ തിരിച്ചറിയണമെങ്കില്‍ വൈകാരികത മാറ്റിവെച്ചുകൊണ്ട് വിഷയത്തെ സമീപിക്കണം. അതിന് സന്നദ്ധമായില്ലെങ്കില്‍ സ്വയം പൊട്ടിത്തെറിക്കലാണ് പ്രതിഷേധത്തിന്റെ ഫലപ്രദമായ ശൈലി എന്ന് ധരിച്ചുവശായ ഒരു സമൂഹം ഒരുവേള നമുക്കകിടയിലും ഉദയം ചെയ്‌തേക്കാം; പ്രത്യേകിച്ച് സാഹചര്യം അതിന് പ്രേരിപ്പിക്കുമ്പോള്‍.
Comments