Prabodhanm Weekly

Pages

Search

2015 ജനുവരി 23

പാകിസ്താന്‍ പെഷാവര്‍ ആക്രമണത്തിനു ശേഷം

എ. റശീദുദ്ദീന്‍ /കവര്‍‌സ്റ്റോറി

         പോറ്റി വളര്‍ത്തിയ രാഷ്ട്രീയ നേതൃത്വവും സൈന്യവും ചേര്‍ന്ന് 'താലിബാന്‍' എന്ന ജിന്നിനെ കുപ്പിക്കകത്തേക്ക് തിരികെ കയറ്റുന്ന സാഹസമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പാകിസ്താനില്‍ കാണാനുണ്ടായിരുന്നത്. അതിനിടെയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 16-ന് 132 കുട്ടികള്‍ ഉള്‍പ്പെടെ 145 പേര്‍ കൊല്ലപ്പെട്ട പെഷാവര്‍ സൈനിക സ്‌കൂള്‍ ആക്രമണം നടന്നത്. ഭീകരതയുടെ ഈറ്റില്ലമല്ല ഇര മാത്രമാണ് പാകിസ്താനെന്ന അവകാശവാദത്തെ തള്ളിക്കളയാനാവാത്ത സാഹചര്യമാണ് ഇപ്പോഴവിടെ സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യയടക്കം വേറെയും രാജ്യങ്ങളില്‍ കുട്ടികള്‍ രാഷ്ട്രീയ വൈരത്തിന്റെ ഇടിക്കൂടുകളായി മാറിയിട്ടുണ്ടെങ്കിലും ഭീകരത എന്ന വാക്കിന്റെ അസ്സല്‍ നിദര്‍ശനമായിരുന്നു പെഷാവറില്‍ കണ്ടത്. അതിലടങ്ങിയ ക്രൂരതയും പകയും അതിന്റെ രാഷ്ട്രീയ മാനങ്ങളെ കുറിച്ച ചര്‍ച്ചകളെ അപ്രസക്തമാക്കി. സര്‍ക്കാറിന്റെ രാജിക്കു വേണ്ടി രാജ്യത്തുടനീളം നടത്തിവന്ന നഗര സ്തംഭനങ്ങള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നവാസ് ശരീഫിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് നിര്‍ബന്ധിതമായി. ഭീകരര്‍ക്കെതിരെ സൈനിക നീക്കം സൂക്ഷിച്ചു വേണമെന്ന നിലപാട് ആവര്‍ത്തിക്കാന്‍ പാക് ജമാഅത്തെ ഇസ്‌ലാമിക്ക് കഴിയാതായി. മരവിപ്പിച്ച വധശിക്ഷകള്‍ പുനരാരംഭിക്കുന്നതില്‍ രാജ്യത്തെ പ്രധാന സംഘടനകളെ നവാസ് ശരീഫിന് ഒപ്പം നിര്‍ത്താനായി. സുന്നികളും ശീഈകളുമടങ്ങിയ പ്രധാനപ്പെട്ട നൂറ് മതാധ്യക്ഷന്മാരുടെ പിന്തുണ നേടിയാണ് തഹ്‌രീകെ താലിബാന്‍ എന്ന വികട സംഘത്തിനെതിരെ പാക് പ്രധാനമന്ത്രി സൈനിക നീക്കം ആരംഭിച്ചത്. ലാല്‍ മസ്ജിദിലെ വിവാദ ഇമാം അബ്ദുല്‍ അസീസ് ഗാസി പോലും പെഷാവര്‍ സംഭവത്തിനു ശേഷം ശരീഫിനൊപ്പം വന്നു. പ്രവാചകന്റെ വാളിന്റെ പേരിട്ട് 2014 ജൂണ്‍ 16 മുതല്‍ ആരംഭിച്ച 'സര്‍ബെ അസബ്' സൈനിക നടപടികള്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ വന്‍തോതില്‍ ആള്‍നാശത്തിനും സ്വത്തു വകകളുടെ കനത്ത  നഷ്ടത്തിനും വഴിയൊരുക്കിയപ്പോഴും സര്‍ക്കാറിനെ പൊതുജനം പിന്തുണച്ചു. വധശിക്ഷ വിധിക്കപ്പെട്ടതിനു ശേഷവും ഇത്രയും കാലം ജയിലില്‍ സൂക്ഷിച്ച താലിബാന്‍ നേതാക്കളെ ഒന്നിനു പുറകെ ഒന്നായി പാക് സര്‍ക്കാര്‍ തൂക്കിലേറ്റാനും ആരംഭിച്ചു. ഇവരത്രയും ഐ.എസ്.ഐയുടെ ഫ്രാങ്കന്‍സ്‌റ്റൈന്‍മാരായിരുന്നുവെങ്കില്‍ പോലും പെഷാവര്‍ സംഭവത്തിനു ശേഷം ഒരു വിട്ടുവീഴ്ചയും പാകിസ്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായില്ല. ഇസ്‌ലാമാബാദിന്റെ ചരിത്രത്തിലെ അസാധാരണമായ നിലപാടു മാറ്റത്തിന് പെഷാവര്‍ സംഭവം നാന്ദി കുറിക്കുകയായിരുന്നു.  

ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ കൊല്ലപ്പെടുന്നതിന്റെ എത്രയോ ഇരട്ടിയാണ് തഹ്‌രീകെ താലിബാന്റെ ഭീകരാക്രമണങ്ങളില്‍ പാകിസ്താനില്‍ കൊല്ലപ്പെടാറുള്ളത്. ഭരണകൂടമാണ് ഈ ക്രിമിനലുകളെ പോറ്റിവളര്‍ത്തിയതെങ്കില്‍ പോലീസും പട്ടാളവും രാഷ്ട്രീയ നേതാക്കളുമൊക്കെ അവരുടെ ആക്രമണങ്ങളില്‍ നിന്ന് മുക്തരാവേണ്ടിയിരുന്നില്ലേ? അതായിരുന്നില്ല പക്ഷേ ചിത്രം. ഇന്ത്യയിലെ ഭീകരാക്രമണങ്ങളും പാകിസ്താനിലെ ഭീകരാക്രമണങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണിത്. പെഷാവര്‍ വെടിവെപ്പ് ഇതിന് അടിവരയിടുകയാണ് ചെയ്യുന്നത്. എന്നാല്‍, ഈ ആക്രമണത്തോട് ലോകരാഷ്ട്രങ്ങളുടെ പ്രതികരണവും പാകിസ്താന്‍സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളും ചേര്‍ത്തുവെക്കുമ്പോള്‍ കണ്ടുനില്‍ക്കുന്നവരാണ് ആശയക്കുഴപ്പത്തിലാകുന്നത്. ഭീകരതയെ ഇല്ലാതാക്കണം എന്ന് ശക്തമായി ഒരു ഭാഗത്ത് ആവശ്യപ്പെടുമ്പോള്‍ തന്നെ മറുഭാഗത്ത് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍കീ മൂണ്‍ പറയുന്നത് ഭീകരാക്രമണ കേസുകളില്‍ പാകിസ്താനില്‍ നടപ്പാക്കാനാരംഭിച്ച വധശിക്ഷകള്‍ നിര്‍ത്തിവെക്കണം എന്നാണ്. ഐക്യരാഷ്ട്ര സഭാ അധ്യക്ഷന്റെ ഈ നിലപാട് പാകിസ്താനില്‍ പരക്കെ വിമര്‍ശിക്കപ്പെട്ടു. ഭീകരരെന്ന പേരില്‍ പാകിസ്താനിലെ തന്നെ സാധാരണക്കാരായ ഗ്രാമീണരെ അമേരിക്കന്‍ ഡ്രോണ്‍ വിമാനങ്ങള്‍ മിസൈലുകള്‍ തൊടുത്ത് കൊല്ലുന്നത് മൂണിന്റെ കണ്ണില്‍ പെട്ടിരുന്നില്ലേ? മനുഷ്യാവകാശം മാത്രമാണ് വിഷയമെങ്കില്‍ ഗ്വാണ്ടനാമോയിലെ ഭീകരരുടെ കാര്യത്തില്‍ എന്തേ ഈ മൂണ്‍ ഇത്രയും കാലം മൗനം പാലിച്ചത്? വധശിക്ഷയാണ് വിഷയമെങ്കില്‍ അവിടെയുമുണ്ട് ഇരട്ടത്താപ്പ്. 2013-ലെ കണക്കനുസരിച്ച് 33 കുറ്റവാളികളെയാണ് സാക്ഷാല്‍ അമേരിക്കന്‍ കോടതികള്‍ വധശിക്ഷക്കു വിധേയമാക്കിയത്. ബംഗ്ലാദേശിലെയും ഈജിപ്തിലെയും കങ്കാരു കോടതികള്‍ ആയിരക്കണക്കിനാളുകള്‍ക്ക് കൂട്ടത്തോടെ കഴുമരത്തിലേക്ക് ചീട്ട് കൊടുത്തപ്പോഴും മിണ്ടാതിരിക്കുകയാണ് മൂണ്‍ ചെയ്തത്. ഭീകരതയുടെ കാര്യത്തില്‍ ഇപ്പോഴത്തെ ഈ തലതിരിഞ്ഞ ഇടപെടല്‍ എന്തു സന്ദേശമാണ് ലോകത്തിന് നല്‍കിയതെന്ന് തിരിച്ചറിയാനുള്ള വിവേകം പോലും ഐക്യരാഷ്ട്ര സഭക്ക് നഷ്ടപ്പെട്ടു എന്നല്ലേ ഇതിന്നര്‍ഥം? താലിബാന്‍ നേതാക്കളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന യു.എന്‍ താല്‍പര്യം, അതാരുടേതായാലും മേഖലയുടെ ദുരന്തപൂര്‍ണമായ ചിത്രവുമായി ഒട്ടും ചേരുന്നതായില്ല.    

'സര്‍ബെ അസബി'ന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ മുതല്‍ ഇതുവരെ 2000-ത്തിനു മേല്‍ തീവ്രവാദികളെ പാക് സൈന്യം കൊന്നൊടുക്കിയതായാണ് കണക്കുകള്‍. വടക്കന്‍ വസീറിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തഹ്‌രീകെ താലിബാന്‍, ലശ്കറെ ജാംഗ്‌വി, അല്‍ഖാഇദ, ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്‌ബെകിസ്താന്‍, ഈസ്റ്റ് തുര്‍ക്കുമെനിസ്താന്‍ ഇസ്‌ലാമിക് ഫോഴ്‌സസ് എന്നീ സംഘടനകളെയാണ് പ്രധാനമായും പാക് സൈന്യം ലക്ഷ്യമിട്ടത്. ഇവരുടെ കൂട്ടായ്മയായിരുന്നു തഹ്‌രീകെ താലിബാന്‍. ഇവര്‍ താവളമടിച്ച മാലക്കണ്ടിലെയും സ്വാത്തിലെയും ബാജോറിലെയും കേന്ദ്രങ്ങളില്‍ മിക്കവയും ഒഴിപ്പിച്ചെടുത്തു. എം.എം.എ ഭരണകാലത്തിനു ശേഷം ഇസ്‌ലാമാബാദിന് നിയന്ത്രണം നഷ്ടമായ സര്‍ക്കാര്‍ ഓഫീസുകളും പോലീസ് സ്റ്റേഷനുകളുമൊക്കെ ഇതില്‍ പെടും. മേഖലയിലെ ജനങ്ങള്‍ ഇതാദ്യമായി താലിബാന് സഹായം നല്‍കുന്നതില്‍ നിന്ന് അകന്നുനില്‍ക്കാനാരംഭിച്ചു. ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ച് ഏകദേശം 80 ശതമാനം താലിബാനുകളെയും പാക് സൈന്യം തുരത്തിക്കഴിഞ്ഞു. തഹ്‌രീകെ താലിബാന്‍ തലവനായിരുന്ന മുല്ല ഫസ്‌ലുല്ല പിടിച്ചുനില്‍ക്കാനാവാതെ ഒളിച്ചോടി അഫ്ഗാനിലെ കുനാറിലേക്കു കടന്നു. ഇദ്ദേഹത്തിന്റെ മുഖ്യ കമാണ്ടറായ അദ്‌നാന്‍ റശീദിനെ പാക് സൈന്യം പിടികൂടി.  മേഖലയിലെ മലമ്പാതകളില്‍ ഒന്നോ രണ്ടോ ഒഴികെയുള്ളവ പാക് സര്‍ക്കാറിന്റെ നിയന്ത്രണത്തിലേക്ക് തിരികെയെത്തി. ഈ സൈനിക നീക്കങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുള്ള കാലത്ത് പ്രതിദിനം ശരാശരി 32 പേരായിരുന്നു തീവ്രവാദികളുടെ ആക്രമണങ്ങളില്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടിരുന്നത്. ഇത് 12,000 വരുമെന്നാണ് 2009-ലെ കണക്കുകള്‍. ഓരോ മാസവും ഏഴ് ചാവേര്‍ ആക്രമണങ്ങളാണ് പാകിസ്താനില്‍ നടന്നു വന്നത്. 2009-ല്‍ മാത്രം 79 ചാവേര്‍ ആക്രമണങ്ങള്‍ രാജ്യത്തുണ്ടായി. അതേസമയം 'സര്‍ബെ അസബ്' ആരംഭിച്ച 2014 ജൂണിനു ശേഷം വിരലിലെണ്ണാവുന്ന ആക്രമണങ്ങള്‍ മാത്രമാണ് തഹ്‌രീകെ താലിബാന് പാകിസ്താനകത്ത് സംഘടിപ്പിക്കാനായത്. 

സര്‍ബെ അസബ് സത്യമോ? 

കാണുന്നതൊക്കെയും സത്യമാണെങ്കില്‍ ഫാറ്റ (FATA)എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ഫെഡറലി അഡ്മിനിസ്‌റ്റേര്‍ഡ് ട്രൈബല്‍ ഏരിയകളും, NWFP  എന്ന നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രോവിന്‍സുകളും ഇന്ന് താലിബാന്‍ സംഘങ്ങളുടെ സുരക്ഷിത താവളം അല്ലാതാവുകയാണ്; പ്രത്യേകിച്ചും ഫാറ്റ. 1992-ല്‍ താലിബാനിലേക്ക് കൂറുമാറിയ അഫ്ഗാന്‍ മുജാഹിദുകളുടെ ഉന്മൂലനമാണ് ഒരുപക്ഷേ ഇപ്പോള്‍ അരങ്ങേറുന്നത്. പാകിസ്താന്റെ വെബ്‌സൈറ്റ് ദിനേന കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ പുറത്തു വിടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇങ്ങനെ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ധാരാളമായി പ്രചരിക്കുന്നുണ്ട്. 'സര്‍ബെ അസബി'നു ശേഷം മേഖല സുരക്ഷിതമായി മാറുമോ? അതോ ഇവര്‍ പുതിയ താവളങ്ങളിലേക്ക് വഴിയൊഴിഞ്ഞു പോവുമോ? പോറ്റിയ ചാപ്പന്മാര്‍ തന്നെ കൊല്ലിച്ച ഒരേയൊരു തീവ്രവാദി സംഘടനയേ സമീപകാലത്തെ ലോക ചരിത്രത്തിലുള്ളൂ. മധ്യപൗരസ്ത്യ ദേശങ്ങളില്‍ തീവ്രവാദി സംഘങ്ങള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് തുരത്തിയോടിക്കപ്പെടുക മാത്രമാണ് ഉണ്ടാവാറുള്ളത്. ശ്രീലങ്ക മാത്രമായിരുന്നു അപവാദം. എല്‍.ടി.ടി.ഇയെ ദീര്‍ഘകാലം പണം കൊടുത്തു പോറ്റിയവരുടെ മൗനസമ്മതത്തോടെയായിരുന്നു മഹന്ദ്രേ രാജപക്‌സെയുടെ സൈന്യം ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സൈനിക നീക്കങ്ങളിലൊന്നായ 'സുനിശ്ചിത വിജയം' പൂര്‍ത്തിയാക്കിയത്. റങ്കൂണിലെ പട്ടാള ഭരണാധികാരി അമേരിക്കന്‍ പക്ഷത്തേക്കു കൂറുമാറിയതോടെയും പാക്കധീന കശ്മീരും അഫ്ഗാനും പൂര്‍ണമായും കുത്തഴിഞ്ഞതോടെയും മേഖലയുടെ രാഷ്ട്രീയ ചിത്രം മാറുന്നുണ്ടായിരുന്നു. ചൈനയുടെ ചരക്കുകപ്പല്‍ പാതകളില്‍ ഉള്‍പ്പെട്ട ശ്രീലങ്കയില്‍ ഒരു തീവ്രവാദി സംഘത്തെ പണം കൊടുത്തു നിലനിര്‍ത്തേണ്ട ആവശ്യം പാശ്ചാത്യ മൂലധന ശക്തികള്‍ക്ക് ഉണ്ടായിരുന്നില്ല. അറേബ്യന്‍ സമുദ്രത്തിലെ കടല്‍ക്കൊള്ളക്കാര്‍ ഇപ്പോള്‍ ആ ദൗത്യം നിര്‍വഹിക്കുന്നുമുണ്ട്. അങ്ങനെയെങ്കില്‍ അഫ്ഗാനില്‍ നിന്ന് നാറ്റോ സൈന്യം പിന്‍വാങ്ങുന്നത് അമേരിക്ക ഉദ്ദേശിച്ച ലക്ഷ്യം കണ്ടതിനു ശേഷമാവണം. ഹഖാനി ഗ്രൂപ്പിനെ അഫ്ഗാനില്‍ ഒറ്റപ്പെടുത്തുകയും പാക് താലിബാനുകളെ ആട്ടിയോടിക്കുകയുമാണോ ഇപ്പോഴുണ്ടായത്? തഹ്‌രീകെ താലിബാന്‍ വക്താവ് ശാഹിദുല്ലാ ശാഹിദ് അടക്കമുള്ള അഞ്ച് കമാണ്ടര്‍മാര്‍ ഐസിസില്‍ ചേര്‍ന്ന സാഹചര്യത്തില്‍ പുതിയ 'ഭൗമരാഷ്ട്രീയ കേന്ദ്ര'ത്തിലേക്ക് ഭീകര വിരുദ്ധ യുദ്ധം വ്യാപിക്കുന്നതിന്റെ വാചാലമായ സൂചനകള്‍ കാണാനുണ്ടായിരുന്നു.  

വളരെ സങ്കീര്‍ണമായ ഈ രാഷ്ട്രീയ സാഹചര്യത്തെ വായിച്ചെടുക്കാന്‍ പക്ഷെ ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാര്‍ സവര്‍ക്കറുടെ ഏടുകളാണ് പരതുന്നത്. പാകിസ്താനിലെ ഭീകരത അവസാനിച്ചാല്‍ ഇന്ത്യയിലെ ഇരപിടുത്തം ഇല്ലാതാകുമോ എന്ന ഭയമാണ് അവരെ അലട്ടുന്നതെന്ന് തോന്നുന്നു. ഭീകരത അവസാനിപ്പിച്ചിട്ടു മതി പാകിസ്താനുമായുള്ള ഏതു ചര്‍ച്ചയുമെന്ന് ആവര്‍ത്തിക്കുന്ന മോദിയും കൂട്ടരും പാക് സര്‍ക്കാറിന്റെ ആറു മാസമായി തുടരുന്ന സൈനിക നടപടിയെക്കുറിച്ച് ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ല. മറുഭാഗത്ത് ചില ദുരൂഹമായ നടപടികള്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമുണ്ട്. മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഇതിനകം രണ്ടു തവണയാണ് കശ്മീരില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും സൈന്യങ്ങള്‍ ഏറ്റുമുട്ടിയത്; ആഗസ്റ്റിലും ഏറ്റവുമൊടുവില്‍ ഡിസംബറിലും. ആഗസ്റ്റിലെ ഏറ്റുമുട്ടല്‍ കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. ഇത് നരേന്ദ്ര മോദിയുടെ കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ദോവലിന് നല്‍കിയ നിര്‍ദേശമാണെന്നു പോലും പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. അതിലെ തെറ്റും ശരിയും എന്തായാലും ഡ്യൂറണ്ട് ലൈനില്‍ 35,000-ത്തിലധികം പാക് സൈനികര്‍ മേഖലയുടെ ചരിത്രത്തിലെ സുപ്രധാനമായ 'ഭീകരവേട്ട' നടത്തുന്നതിനിടെ ശ്രദ്ധ ഇപ്പുറത്തേക്കു മാറ്റുന്ന സാഹചര്യം ഇനി സാക്ഷാല്‍ താലിബാന്‍ തന്നെയാണ് സൃഷ്ടിച്ചതെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ആ കെണിയില്‍ വീഴാതിരിക്കലായിരുന്നില്ലേ ബുദ്ധി? ഇന്ത്യയുടെ പാകിസ്താന്‍ അതിര്‍ത്തിയായ വാഗയിലെ ചെക്ക് പോസ്റ്റില്‍ നടന്ന ഭീകരാക്രമണവും 'സര്‍ബെ അസബി'ന്റെ അടിസ്ഥാനത്തെ അട്ടിമറിക്കുന്ന ഒന്നായിരുന്നു. അധികാരമേറ്റതിനു ശേഷം പലതവണ ഹിന്ദു-മുസ്‌ലിം, ഇന്തോ-പാക് തര്‍ക്കങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിട്ട മോദി സര്‍ക്കാര്‍ ഒരിക്കല്‍ മാത്രമാണ് യഥാര്‍ഥ ഭീകരതയുടെ മറുപക്ഷത്തു നില്‍ക്കുന്നതായി തോന്നിപ്പിച്ചത്. പെഷാവറിലെ സ്‌കൂള്‍ ആക്രമണത്തെ പ്രധാനമന്ത്രി അപലപിക്കുകയും ഇന്ത്യയിലുടനീളം സ്‌കൂളുകളില്‍ ഇതൊരു വൈകാരിക വിഷയമാക്കി മാറ്റിയെടുക്കാന്‍ വഴിയൊരുക്കുകയും ചെയ്തിരുന്നു. പക്ഷേ സഖിയുര്‍റഹ്മാന്‍ ലഖ്‌വിയുടെ വിഷയത്തില്‍ വീണ്ടും പഴയ മട്ടിലേക്കു തന്നെയാണ് കാര്യങ്ങള്‍ എത്തിപ്പെട്ടത്. ലഖ്‌വിയുടെ കേസില്‍ കോടതികളില്‍ നിലനില്‍ക്കുന്ന തെളിവു നല്‍കാന്‍ അമേരിക്കയോടും ഇന്ത്യയോടും പാകിസ്താന്‍ ആവശ്യപ്പെടുക കൂടി ചെയ്തതോടെ കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വീണ്ടും സംഘര്‍ഷ ഭരിതമാകുന്ന ചിത്രമായിരുന്നു ഡിസംബറില്‍ കാണാനുണ്ടായിരുന്നത്. ഭീകരതയുടെ പോറ്റില്ലങ്ങളെയും ഈറ്റില്ലങ്ങളെയും തച്ചു തകര്‍ക്കുന്ന പാകിസ്താനോട് ഐക്യരാഷ്ട്ര സഭ മുതല്‍ ഭീകരതയുടെ ഇരകളായ ഇന്ത്യ വരെ സ്വീകരിച്ചുകൊണ്ടിരുന്ന നിലപാടുകള്‍ യുക്തിഭദ്രമായിരുന്നില്ല എന്നതല്ലേ വസ്തുത? 

അഫ്ഗാനിസ്താനില്‍ 18 നയതന്ത്ര കാര്യാലയങ്ങളുള്ള ഇന്ത്യക്ക് താലിബാനികളെ പിടിച്ചുകെട്ടാന്‍ സൈനികമായും അല്ലാതെയുമൊക്കെ പാകിസ്താനെ സഹായിക്കാന്‍ കഴിയേണ്ടതായിരുന്നു. അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയുമിടയിലെ ഏഴ് ഗോത്രവര്‍ഗ ഏജന്‍സികള്‍ ചേര്‍ന്ന് രൂപീകരിച്ച ഫാറ്റ, 27,220 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പരന്നു കിടക്കുന്നത്. ഈ അതിര്‍ത്തിയുടെ മറുപുറത്ത് ഏറ്റവുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍, റോഡ് നിര്‍മാണവുമൊക്കെ നടത്തുന്ന അന്താരാഷ്ട്ര സൈനിക വിഭാഗങ്ങളിലൊന്നാണ് നമ്മുടെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍. ഇവിടെ നിന്നായിരുന്നുവല്ലോ തീവ്രവാദികള്‍ മണിയപ്പന്‍ എന്ന സൈനികനെ തട്ടിയെടുത്ത് കഴുത്തറുത്തു കൊന്നത്. സ്വാത്തില്‍ നിന്നും മാലക്കണ്ടില്‍ നിന്നും പാക് സൈനികര്‍ തുരത്തിയോടിക്കുന്ന താലിബാനുകളെ അഫ്ഗാന്‍ സൈന്യവും ഒരുതരം  നിസ്സംഗതയോടെയാണ് നോക്കിക്കാണുന്നത്. അഫ്ഗാനകത്തേക്ക് നീങ്ങുന്ന താലിബാന്‍ ഗ്രൂപ്പുകളെ യോജിച്ചു നേരിടണമെന്ന് പാക് സൈന്യാധിപന്‍ റാഹീല്‍ ശരീഫും ഐ.എസ്.ഐ മേധാവി ജനറല്‍ റിസ്‌വാന്‍ അഖ്തറും അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയെ നേരില്‍ കണ്ട് അഭ്യര്‍ഥിക്കുക പോലുമുണ്ടായി. ഇല്ലെങ്കില്‍ കുനാറിലും നാംഗാഹാറിലും പാകിസ്താന് ഇടപെടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കി. പക്ഷേ വ്യക്തമായ ഒരു തീരുമാനം ഇപ്പോഴും അഫ്ഗാന്‍ ഭരണകൂടം സ്വീകരിച്ചിട്ടില്ല. ഭീകരതയുടെ ഏറ്റവും വലിയ ഇരകളായ മൂന്ന് രാജ്യങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കാനാവുന്ന ഒരു വിഷയമായിരുന്നു ഇത്. പോരാട്ടം പാകിസ്താന്റേതു മാത്രമാവുകയും ബാക്കിയുള്ളവര്‍ പുറത്തു പറയാനാവാത്ത ഒരുതരം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്ന വിചിത്രമായ സാഹചര്യമാണ് ഇപ്പോഴത്തേത്. 

അതേസമയം പാകിസ്താനില്‍, പ്രത്യേകിച്ച് ഫാറ്റ മേഖലയില്‍ അസാധാരണമായ ജനപിന്തുണയാണ് നവാസ് ശരീഫിന് ലഭിക്കുന്നത്. കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്റ് എന്ന് അറിയപ്പെട്ട സ്വാത്തില്‍ നിന്ന് ദശലക്ഷത്തിലധികം പേരാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പലായനം ചെയ്തത്. പാകിസ്താന്‍ സര്‍ക്കാറിന് പ്രത്യേകിച്ച് ഒരു നിയന്ത്രണവും ഈ മേഖലയില്‍ ഉണ്ടായിരുന്നില്ല.  പാക് താലിബാന്റെ വിളയാട്ടകേന്ദ്രമായി ആ പ്രദേശം മാറിയിട്ടും ആര്‍ക്കും എതിര്‍ക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. പേരിനൊരു ജനപ്രതിനിധി ഇവിടെ നിന്ന് ഉണ്ടാവാറുണ്ടെങ്കിലും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ആലങ്കാരിക പദവി മാത്രമായിരുന്നു അത്. 2008 ആഗസ്റ്റില്‍ വടക്കന്‍ പ്രവിശ്യയിലെ അസംബ്ലിയില്‍ രണ്ടു മന്ത്രിമാര്‍ പൊട്ടിക്കരഞ്ഞത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടിരുന്നു. അയൂബ് അസ്ഹരിയും വാജിദ് അലിഖാനുമാണ് അസംബ്ലി അംഗങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ പോകാന്‍ ധൈര്യമില്ലാത്ത അവസ്ഥ സഭയില്‍ വിവരിച്ചത്. വാജിദ് അലി ഖാന്റെ ജ്യേഷ്ഠനെയും രണ്ട് ആണ്‍മക്കളെയും ഏഴ് സുരക്ഷാ ഗാര്‍ഡുകളെയും 200-ഓളം വരുന്ന താലിബാന്‍ സേന സ്വാത്തിലെ ഷാ ദേരിയില്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നിരുന്നു. തുടര്‍ന്ന് സ്‌ഫോടകവസ്തുക്കളുപയോഗിച്ച് ഇവരുടെ വീട് തകര്‍ക്കുകയും ചെയ്തു. ഇവരുടെ ജനാസ നമസ്‌കരിക്കാന്‍ പോലും വാജിദ് അലിഖാന് വീട്ടിലേക്കു പോകാന്‍ കഴിഞ്ഞില്ല. 'ഒരു ജനപ്രതിനിധിക്ക് സ്വന്തം മണ്ഡലം സന്ദര്‍ശിക്കാനുള്ള ധൈര്യമില്ല. മസ്ജിദില്‍ പോലും രക്ഷയില്ല. സ്ത്രീകളും കുഞ്ഞുങ്ങളും വരെ താലിബാന്റെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെടുന്നില്ല'- ഖാന്‍ അസംബ്ലിയില്‍ ചൂണ്ടിക്കാട്ടി. 

ബജോര്‍, ബൈബര്‍, മഹ്മന്ദ്, ഔറക്‌സായി, ഖുര്‍റം, വടക്കു കിഴക്കന്‍ വസീറിസ്താന്‍ എന്നീ ഏജന്‍സികളിലെല്ലാം തഹ്‌രീകെ താലിബാന്റെ വ്യത്യസ്ത സംഘങ്ങള്‍  ശക്തിയാര്‍ജിച്ചു. ഗോത്രവര്‍ഗ മേഖലയില്‍ ശരീഅത്ത് നടപ്പാക്കുക എന്ന ആവശ്യമാണ് പ്രത്യക്ഷത്തില്‍ തഹ്‌രീകെ താലിബാന്‍ ഉന്നയിക്കുന്നത്. അതേസമയം മദ്‌റസാ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച മുല്ല ഫസ്‌ലുല്ലയെ പോലുള്ള നേതാക്കളാണ് താലിബാന്‍ സംഘങ്ങളില്‍ ഉണ്ടായിരുന്നത്. താന്‍ പഠിച്ച മദ്‌റസയുടെ നടത്തിപ്പുകാരനും 'തഹ്‌രീകെ നിഫാദെ ശരീഅത്തെ മുഹമ്മദി' എന്ന സംഘടനയുടെ സ്ഥാപകനുമായ, പാകിസ്താനിലെ അറിയപ്പെടുന്ന മതപണ്ഡിതന്‍ സൂഫി മുഹമ്മദിന്റെ മകളെ ഇയാള്‍ തട്ടിയെടുത്ത് വിവാഹം കഴിച്ചതാണെന്നും ആരോപണമുണ്ട്. ഫസ്‌ലുല്ല മനസ്സിലാക്കിയ 'ബ്രാന്‍ഡ്' ശരീഅത്ത് മാത്രമാണ് ഈ മേഖലയില്‍ നടപ്പാക്കാന്‍ അനുമതിയുള്ളത്. പാകിസ്താന്‍ സര്‍ക്കാര്‍ രണ്ടു തവണ ഇവരുമായി ചര്‍ച്ച നടത്തിയപ്പോഴും 'ഫസ്‌ലുല്ല ബ്രാന്‍ഡ് ശരീഅത്ത്' നടപ്പാക്കുക എന്ന ആവശ്യത്തിലുടക്കിയാണ് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നത്. ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഈ മുല്ലക്ക് പക്ഷേ മതവിധികള്‍ പ്രഖ്യാപിക്കാനായി ഒരു റേഡിയോ നിലയവും തന്റെ ശിക്ഷാവിധികള്‍ നടപ്പാക്കാനായി ഒരു സൈന്യവും സ്വന്തമായുണ്ട്. ക്യാമറകള്‍ക്ക് പുറം തിരിഞ്ഞിരുന്ന് ഇടക്കിടെ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാറുള്ള ഫസ്‌ലുല്ലയാണ് നിലവില്‍ തഹ്‌രീകെ താലിബാന്റെ അമീര്‍ പദവിയിലുള്ളത്. ബൈത്തുല്ല ഗോത്രത്തില്‍ പെട്ട മഹ്‌സൂദ് എന്ന കമാണ്ടര്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് നേതൃത്വപദവി ഫസ്‌ലുല്ലയെ തേടിയെത്തിയത്. പക്ഷേ ഫസ്‌ലുല്ല നേരത്തെ തന്നെ മേഖലയില്‍ വിളയാട്ടം ആരംഭിച്ചിരുന്നു. സ്വാത്തിലെ 40 ഗേള്‍സ് സ്‌കൂളുകളാണ് 2008-ല്‍ മാത്രം ഫസ്‌ലുല്ല അടച്ചു പൂട്ടിച്ചത്. 2009-ല്‍ ഇവയുടെ എണ്ണം 182 ആയി ഉയര്‍ന്നു.  സ്വാത്ത്, മാലക്കണ്ട് താഴ്‌വരകളിലെ 400-ഓളം ഹോട്ടലുകള്‍ ഫസ്‌ലുല്ലയും കൂട്ടരും ബോംബു വെച്ച് നശിപ്പിച്ചതായാണ് കണക്കുകള്‍. ശീഈകളോടുള്ള ഫസ്‌ലുല്ലയുടെ നിലപാട് ഗോത്രമേഖലയിലെ ഔറക്‌സായി ഏജന്‍സിയില്‍ വംശീയ പോരാട്ടങ്ങള്‍ക്ക് വഴിമരുന്നിട്ടു. 2007 സെപ്റ്റംബറില്‍ 15 ദിവസം നീണ്ടുനിന്ന കലാപത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത്. ഇയാള്‍ അമീര്‍ പദവി ഏറ്റെടുത്തതോടെ മേഖലയിലെ ജനങ്ങള്‍ക്ക് മാത്രമല്ല താലിബാന്‍ ഗ്രൂപ്പുകള്‍ക്കും ദുരന്തപൂര്‍ണമായ കാലമായി. ഗ്രൂപ്പുകള്‍ക്കിടയിലും വൈരം മൂര്‍ഛിച്ചു. 

പാകിസ്താന്റെ അഫ്ഗാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയായ ഡ്യൂറണ്ട് രേഖയുടെ മറുപുറത്തുമുണ്ടായിരുന്നു ഇങ്ങനെ കുത്തഴിഞ്ഞു കിടന്ന ചില മേഖലകള്‍. 2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്ക നടത്തിയ കടന്നാക്രമണത്തിനൊടുവില്‍ കാബൂളില്‍ മുല്ലാ ഉമറിന്റെ സര്‍ക്കാര്‍ നിലംപതിച്ചതാണ് ഡ്യൂറണ്ട് ലൈനിനു ചുറ്റുമുള്ള ഗോത്രവര്‍ഗ ഏജന്‍സികളെ ലോകത്തെ ഏറ്റവും അപകടകാരികളാക്കി മാറ്റിയത്. പിന്‍വാങ്ങിയ താലിബാന്‍ സംഘങ്ങള്‍ ഈ മേഖലയിലായിരുന്നു ഒത്തുകൂടിയത്. അഫ്ഗാനികളും പാകിസ്താന്‍കാരും മാത്രമായിരുന്നില്ല ഈ താലിബാനുകള്‍. ഉസ്‌ബെകിസ്താന്‍, താജികിസ്താന്‍, ഇറാന്‍, എന്നീ അഫ്ഗാന്റെ അയല്‍രാജ്യങ്ങളിലെയും തുര്‍ക്കി, ചെച്‌നിയ, സിറിയ, യമന്‍, സുഊദി അറേബ്യ തുടങ്ങിയ അറബ്-യൂറോ-എഷ്യന്‍ രാജ്യങ്ങളിലെയും പൗരന്മാര്‍ അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് രക്ഷപ്പെട്ട് എത്തിയിരുന്നു. നൂറിസ്താന്‍, കുനാര്‍, നംഗാഹാര്‍ മുതലായ അഫ്ഗാന്‍ പ്രവിശ്യകളിലായിരുന്നു ഈ ഗ്രൂപ്പുകള്‍ തമ്പടിച്ചത്. വ്യത്യസ്ത സംഘങ്ങളായിരുന്ന ഇവര്‍ ഒരേ ബാനറില്‍ അണിനിരന്നു. 

ഈ കൂട്ടായ്മയും അല്‍ഖാഇദ എന്ന പേരില്‍ പില്‍ക്കാലത്ത് വിദേശ മാധ്യമങ്ങളിലൂടെ കുപ്രസിദ്ധി നേടിയ സംഘവും ഒന്നായിരുന്നില്ല. ഒന്നുകില്‍ ഇതേ താലിബാന്‍ കൂട്ടായ്മ തന്നെയാവണം അല്‍ഖാഇദ. അല്ലെങ്കില്‍ അത്തരമൊരു സംഘം ഇന്ത്യന്‍ മുജാഹിദീനെ പോലെ ആരും കാണാതെയും അറിയാതെയും മീഡിയയിലൂടെ മാത്രം ജീവിക്കുന്നുണ്ടാവണം. അമേരിക്കയും നാറ്റോയും എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും കാബൂളിനു പുറത്ത് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഭരണം അഫ്ഗാനില്‍ ഉണ്ടായിരുന്നില്ല. കുനാറും നൂറിസ്താനുമൊക്കെ ഗോത്രവര്‍ഗ നേതാക്കളാണ് ഭരിച്ചത്. അവിടത്തെ ഗവര്‍ണറോ പോലീസോ പട്ടാളമോ ഹമീദ് കര്‍സായിയുടെ ചൊല്‍പ്പടിയിലായിരുന്നില്ല. ഈ സാഹചര്യമാണ് അന്താരാഷ്ട്ര ഗവണ്‍മെന്റുകള്‍ക്ക് അഫ്ഗാനില്‍ ഇടപെടാനുള്ള പഴുതുണ്ടാക്കിയത്. സഹായിക്കുകയാണോ ശിക്ഷിക്കുകയാണോ ചെയ്യുന്നതെന്ന് വ്യക്തമല്ലാത്ത ഈ അന്താരാഷ്ട്ര സൈനിക സഖ്യത്തിന്റെ ഉപോല്‍പ്പന്നം മാത്രമായിരുന്നു പാക് അതിര്‍ത്തിയിലെ തെമ്മാടി സംഘങ്ങള്‍.  അവര്‍ക്കെതിരെ സര്‍ബെ അസബ് പോലൊരു ജീവന്‍മരണ പോരാട്ടം പാകിസ്താന് അനിവാര്യമായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍