Prabodhanm Weekly

Pages

Search

2015 ജനുവരി 23

ഫാഷിസത്തിന്റെ പ്രതിരോധം

മുജീബ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ എന്ന് നാം അഭിമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അഹിന്ദു ദേവാലയങ്ങള്‍ പാടില്ല എന്നും രാമന്റെ സന്തതികളേ ഭാരതത്തില്‍ പാടുള്ളൂ എന്നും അല്ലാത്തവര്‍ ജാര സന്തതികളാണെന്നും പ്രസ്താവിച്ചിരിക്കുകയാണ്....... മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളെ മതം മാറ്റാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു. താജ്മഹല്‍ പോലും തര്‍ക്ക മന്ദിരമായിക്കഴിഞ്ഞു. ഭഗവത് ഗീതയെ ഇന്ത്യയുടെ ദേശീയ ഗ്രന്ഥമാക്കണമെന്നാണ് സുഷമ സ്വരാജിന്റെ ആവശ്യം.... 

ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഇനി പ്രതീക്ഷ പുലര്‍ത്തുന്നതില്‍ അര്‍ഥമുണ്ടോ? രാജ്യസ്‌നേഹം പോലും നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് മുസ്‌ലിംകള്‍ അസ്തിത്വം നിലനിര്‍ത്തേണ്ടത് എങ്ങനെ ആയിരിക്കണം?

സമദ് കല്ലടിക്കോട്

ആര്‍.എസ്.എസ്സിന്റെ അപ്രതീക്ഷിതമായ ഭരണലബ്ധിയും നരേന്ദ്രമോദിയുടെ ഊതിവീര്‍പ്പിച്ച വന്‍ പ്രതിഛായയും രണ്ടിലുപരി മതേതര പാര്‍ട്ടികളുടെ തകര്‍ച്ചയും പലരെയും സംബന്ധിച്ചേടത്തോളം തികഞ്ഞ ആശയക്കുഴപ്പവും അനിശ്ചിതത്വവും ഭാവിയെക്കുറിച്ച ആശങ്കകളും സൃഷ്ടിച്ചിട്ടുണ്ടെന്നത് ശരിയാണ്. വിശിഷ്യ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ സാമാന്യമായി, ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടുമെന്നോ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ ഇത്രയും കനത്ത പരാജയം ഏറ്റുവാങ്ങുമെന്നോ കണക്കുകൂട്ടിയിരുന്നില്ല. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അവരെ ദേശക്കൂറില്ലാത്തവരും തീവ്രവാദികളും രാജ്യരക്ഷക്ക് ഭീഷണിയുമായി ചിത്രീകരിക്കുന്ന തീവ്രവലതുപക്ഷ ശക്തികള്‍ക്ക് മുമ്പൊരിക്കലും ഇല്ലാത്ത ആവേശവും ആത്മവിശ്വാസവും കൈവന്നിരിക്കുന്നു എന്നതാണ്. ചോദ്യത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ അതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം വാദഗതികളെയും ചെയ്തികളെയും ചോദ്യം ചെയ്യാനുള്ള കരുത്ത് സമുദായത്തില്‍ നിന്ന് ചോര്‍ന്നുപോയ പോലെ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ലോക്‌സഭയില്‍ 22 മാത്രമാണല്ലോ അവരുടെ അംഗസംഖ്യ. സമുദായ സ്‌നേഹി എന്നാരോപിക്കുകയെങ്കിലും ചെയ്യാവുന്ന ഒരാളും മന്ത്രിസഭയില്‍ ഇല്ലതാനും. പകരം ഒറ്റുകാരെയാണ് നാമമാത്രമായെങ്കിലും സര്‍ക്കാറില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. മീഡിയയാകട്ടെ മോദി പ്രശംസയിലും ഹിന്ദുത്വ പ്രീണനത്തിലും പരസ്പരം മത്സരിക്കുന്ന പോലെ തോന്നും. തീര്‍ച്ചയായും സമുദായത്തെ ചകിതരും നിരാശരുമാക്കാന്‍ പോന്നതാണീ സ്ഥിതിവിശേഷം.

പക്ഷേ, വൈകാരിക പ്രതികരണങ്ങള്‍ക്കും ഉപരിപ്ലവ വിശകലനങ്ങള്‍ക്കുമപ്പുറത്ത് അവധാനപൂര്‍വം സ്ഥിതിഗതികളെ വിലയിരുത്തുമ്പോള്‍ ഇന്ത്യയിലെ മാറ്റം അസ്വാഭാവികമോ അതിന്റെ പ്രത്യാഘാതങ്ങള്‍ അപ്രതിരോധ്യമോ അല്ലെന്ന് കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ പ്രഭാതവേളയില്‍ രാജ്യത്ത് ആസൂത്രിതമായി നട്ടുവളര്‍ത്തപ്പെട്ട ഹിന്ദുത്വ രാഷ്ട്ര ചിന്ത നിരന്തരവും തന്ത്രപരവുമായ ശ്രമങ്ങളിലൂടെയാണ് ഇന്നത്തെ നിലയിലെത്തിച്ചേര്‍ന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭൂമികയായി വര്‍ത്തിച്ച ദേശീയത തന്നെ ഹിന്ദുത്വത്തിന്റെ അനിഷേധ്യ ചേരുവകള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു. ലാലാലജപത് റായ്, ഗോപാല കൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ ദേശീയ പ്രസ്ഥാന നായകര്‍ ഒരു ഹിന്ദു രാഷ്ട്ര നിര്‍മിതിയെക്കുറിച്ച് തന്നെയാണ് ചിന്തിച്ചിരുന്നതെന്ന് ധരിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. വി.ഡി സവര്‍ക്കര്‍ ഹിന്ദു മഹാസഭയെയും എം.എസ് ഗോള്‍വാള്‍ക്കര്‍ ആര്‍.എസ്.എസ്സിനെയും വളര്‍ത്താനും ശക്തിപ്പെടുത്താനും നടത്തിയ ശ്രമങ്ങള്‍ സഫലമാവാന്‍ കാരണം ഇന്ത്യന്‍ മണ്ണ് അതിനു പാകപ്പെട്ടതാണ്. ദ്വിരാഷ്ട്ര സിദ്ധാന്തത്തിലധിഷ്ഠിതമായ രാഷ്ട്ര വിഭജനം സാമുദായിക ധ്രുവീകരണത്തിനും തദ്വാര ഹിന്ദു രാഷ്ട്രവാദത്തിനും അസാമാന്യ ശക്തി പകരുകയും ചെയ്തു. മതനിരപേക്ഷ ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭരണഘടനയും ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. അംബേദ്കര്‍, മൗലാനാ ആസാദ് മുതല്‍ പേരുടെ അചഞ്ചലമായ പ്രതിബദ്ധതയുമാണ് രാജ്യം ഹിന്ദു രാഷ്ട്രമാവുന്നതിന് തടയിട്ടത്. എന്നാല്‍, ഇത് താല്‍ക്കാലിക തടസ്സങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കിയ ഹിന്ദുത്വ പ്രസ്ഥാനം ഒരുവശത്ത് ബ്യൂറോക്രസിയെയും സുരക്ഷാ സേനയെയും ഒരളവോളം ജുഡീഷ്യറിയെ പോലും സ്വാധീനിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞതോടൊപ്പം ആര്‍.എസ്.എസ് ആദ്യം ഭാരതീയ ജനസംഘത്തിന്റെ രൂപത്തിലും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ബാനറിലും രാഷ്ട്രീയ വേദികളൊരുക്കി, കോര്‍പ്പറേറ്റുകളുടെ ഉള്ളഴിഞ്ഞ സഹകരണത്തോടെ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ സുസജ്ജമായി. ഇന്ത്യയുടെ ഭാഷ, വംശീയ, ജാതീയ വൈവിധ്യങ്ങളെ ലക്ഷ്യപ്രാപ്തിക്ക് തടസ്സങ്ങളായി കാണാതെ സമര്‍ഥമായി പ്രയോജനപ്പെടുത്തിയും തന്ത്രങ്ങളാവിഷ്‌കരിച്ചും പ്രാദേശിക, ജാതീയ രാഷ്ട്രീയ പാര്‍ട്ടികളെ അധികാര പ്രലോഭനത്തില്‍ കൂടെ കൂട്ടുകയായിരുന്നു അതിലൊരു തന്ത്രം. മറുവശത്ത് കോണ്‍ഗ്രസ്സിന്റെ മതേതര പ്രതിബദ്ധത പരമാവധി ദുര്‍ബലമാക്കി മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കാന്‍ അതിനെ നിര്‍ബന്ധിതമാക്കുന്നതിലും ഹിന്ദുത്വവാദികള്‍ വിജയിച്ചു. ആഗോളതലത്തില്‍ അമേരിക്ക ആരംഭിച്ച 'ഇസ്‌ലാമിക ഭീകരത'ക്കെതിരായ യുദ്ധം അവര്‍ക്ക് ഓര്‍ക്കാപ്പുറത്ത് ലഭിച്ച അനുഗ്രഹവുമായി. ഒടുവില്‍ പതിറ്റാണ്ടുകാലത്തെ യു.പി.എയുടെ അഴിമതി ഭരണത്തിനെതിരെ മൂര്‍ഛിച്ച ജനവികാരത്തില്‍ നിന്ന് മുതലെടുക്കാന്‍ അവസരം ലഭിക്കുക കൂടി ചെയ്തതോടെ പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ശക്തികള്‍ക്ക് ചിരകാല സ്വപ്ന സാക്ഷാത്കാരത്തിന് വഴിതെളിയുകയായിരുന്നു. അതേയവസരത്തില്‍ നവ മുതലാളിത്ത, മൂലധനശക്തികളുടെ അതിരറ്റ ധനസഹായവും അവരാല്‍ വിലക്കെടുക്കപ്പെട്ട മീഡിയയുടെ ഏകപക്ഷീയമായ പിന്തുണയും ഉണ്ടായിരുന്നില്ലെങ്കില്‍ ഹിന്ദുത്വവാദികള്‍ക്ക് ലക്ഷ്യം നേടുക എളുപ്പമായിരുന്നില്ല.

എന്തായാലും ആര്‍.എസ്.എസ്സാണ് ഇന്ത്യ അടക്കിഭരിക്കുന്നതെന്നത് അനിഷേധ്യ സത്യമാണ്. അത് കണ്ടില്ലെന്ന് നടിച്ചതുകൊണ്ടോ നിസ്സാരവത്കരിച്ചതുകൊണ്ടോ പ്രശ്‌നം ലഘൂകരിക്കപ്പെടുകയില്ല. രാഷ്ട്രീയ പ്രവാചകരുടെ നിരീക്ഷണങ്ങള്‍ അയഥാര്‍ഥമാക്കിക്കൊണ്ട്, മോദിസര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട വിളംബംവിനാ നടപ്പാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും. പ്രഖ്യാപിത വികസന പദ്ധതികളും സാമ്പത്തിക പരിഷ്‌കരണങ്ങളും നടപ്പാക്കുക എളുപ്പമല്ലെന്ന ബോധ്യത്തില്‍ ജനശ്രദ്ധ തിരിക്കാനും അണികളെ വൈകാരികാവേശം കൊള്ളിക്കാനും ഘര്‍ വാപസിയും ചരിത്രം തിരുത്തലും ശാസ്ത്രത്തെ അന്ധവിശ്വാസ ബന്ധിതമാക്കാനുള്ള പരിഹാസ്യ നീക്കവുമൊക്കെ പുറത്തെടുക്കുന്നു എന്നു വേണം കരുതാന്‍. എന്നാല്‍, മുഖ്യ പിന്‍ബലമായ മൂലധനശക്തികള്‍ക്ക് ശങ്കയും മുറുമുറുപ്പും തുടങ്ങിയിരിക്കുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ. അവരെ തൃപ്തിപ്പെടുത്താനുള്ള ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കുന്നതില്‍ പ്രതിപക്ഷം തടസ്സം സൃഷ്ടിച്ചത് ഉപര്യുക്ത വിഷയങ്ങളില്‍ കയറിപ്പിടിച്ചാണ്. പാര്‍ലമെന്റിനെ മറികടന്ന് നിരന്തരം പുറത്തിറങ്ങുന്ന ഓര്‍ഡിനന്‍സുകള്‍ തികഞ്ഞ ജനാധിപത്യ ധ്വംസനമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ജനതാ പരിവാറിന്റെ പുനരേകീകരണവും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ യോജിച്ച നീക്കങ്ങളും സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുന്നതും അവഗണിക്കാന്‍ വയ്യ. എന്നാലും ശക്തവും ഏകീകൃതവുമായ മതേതര പ്രതിപക്ഷത്തിന്റെ അഭാവം മോദി സര്‍ക്കാറിന് നല്‍കുന്ന ആശ്വാസം ചെറുതല്ല.

അക്ഷരത്തിലും അര്‍ഥത്തിലും ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു സമഗ്രാധിപത്യ സര്‍ക്കാര്‍ മതന്യൂപക്ഷങ്ങള്‍ക്ക് മാത്രമല്ല ഭീഷണിയാവുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയും മനുഷ്യാവകാശങ്ങളും രാജ്യത്ത് നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഭൂരിപക്ഷം പൗരന്മാര്‍ക്കും ഈയവസ്ഥയോട് സമരസപ്പെടുക എളുപ്പമല്ല. ക്രിസ്തുമതത്തില്‍ നിന്നും മുസ്‌ലിംകളില്‍ നിന്നും കുറെ പേരെ പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും ഹിന്ദുത്വത്തില്‍ ചേര്‍ക്കാനുള്ള യത്‌നം കേവലം ന്യൂനപക്ഷ-മത പ്രശ്‌നമല്ല. ഭരണഘടനാ ദത്തമായ മൗലികാവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നതാണ് പ്രശ്‌നം. ഇതിനെത്തന്നെ മറയാക്കി മതപരിവര്‍ത്തനം നിരോധിക്കാനുള്ള നീക്കവും വിശ്വാസ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. അതുപോലെ താജ്മഹല്‍ എന്ന ദേശീയ സ്മാരകം ഇസ്‌ലാമിന്റെ പൈതൃകമല്ല. അത് പിടിച്ചെടുത്തു രൂപാന്തരപ്പെടുത്തുന്നതും അതിന്റെ പിന്നിലെ ചരിത്ര സത്യങ്ങള്‍ കുഴിച്ചുമൂടുന്നതും കേവലം മുസ്‌ലിംവിരോധത്തിന്റെ ചെലവില്‍ എഴുതേണ്ടതുമല്ല. ഭഗവദ്ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കാനുള്ള സമ്മര്‍ദത്തിന്റെ സ്വഭാവവും അതുപോലെത്തന്നെ.  മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമായതിനെ കാണേണ്ടതില്ല. ശാസ്ത്രത്തിന്റെ മിഥ്യാവത്കരണമാകട്ടെ, പരിഷ്‌കൃത മനുഷ്യര്‍ക്കാകെ അപമാനകരമാണ്. എന്നാല്‍ ഇതെല്ലാം കൂടിച്ചേര്‍ന്ന ഹൈന്ദവ ദേശീയതാ ഭ്രാന്ത് ലോകയുദ്ധം സമ്മാനിച്ച നാസിസത്തേക്കാളും ഒട്ടും അപകടം കുറഞ്ഞതല്ല. അതിലേക്ക് ജനാധിപത്യ ഇന്ത്യയെ തള്ളിവിടേണമോ എന്നാലോചിക്കേണ്ടത് സമാധാനപ്രിയരും ദേശസ്‌നേഹികളുമായ എല്ലാ മനുഷ്യരും ആണ്. അവരെ അതിന് പ്രേരിപ്പിക്കുകയാണ് മതന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടത്. അവര്‍ സ്വയം അത്തരം ജനാധിപത്യ കൂട്ടായ്മകളില്‍ സജീവ പങ്കാളിത്തം വഹിക്കുകയും വേണം. സാമുദായികമോ സംഘടനാപരമോ ആയ താല്‍പര്യങ്ങളുടെ പേരില്‍ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ബലഹീനമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് തലമറന്ന് എണ്ണ തേക്കലാവും. അസ്തിത്വവും വ്യക്തിത്വവും രക്ഷിക്കാനുള്ള പോരാട്ടത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.

രൂക്ഷമായ അഭിപ്രായ ഭിന്നതകളും പടല പിണക്കങ്ങളും സംഘടനാപരമായ മഹിമ പ്രകടിപ്പിക്കാനുള്ള ആര്‍ഭാട പരിപാടികളും ധൂര്‍ത്തും മാറ്റിവെച്ച് ഐക്യവും രമ്യതയും മതമൈത്രിയും മനുഷ്യ സ്‌നേഹവും വളര്‍ത്താനുതകുന്ന അജണ്ടകള്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കി ഒരു പുതിയ പ്രവര്‍ത്തനശൈലി മുസ്‌ലിം സംഘടനകള്‍ സ്വീകരിക്കേണ്ട സമയം വൈകി. ഫാഷിസത്തെയും തജ്ജന്യ പ്രകോപനങ്ങളെയും തുല്യ നാണയത്തില്‍ നേരിടുന്നതിന് പകരം വിവേകപൂര്‍വവും ജനാധിപത്യപരവുമായ പ്രതിരോധ യത്‌നങ്ങളാണ് ആവിഷ്‌കരിക്കേണ്ടത്. സര്‍വോപരി പുരാതന ഈജിപ്തില്‍ കോപ്റ്റിക് ദേശീയതയുടെ പൂജാബിംബങ്ങളായിരുന്ന ഫറോവമാരുടെ വംശീയ ഉന്മൂലന പരിപാടിയെ നേരിടാന്‍ പ്രവാചകരായ മൂസയും ഹാറൂനും മുഖേന ഇസ്രാഈല്യര്‍ക്ക് അല്ലാഹു നല്‍കിയ ഉദ്‌ബോധനമാണ് വിശ്വാസികള്‍ക്ക് എക്കാലത്തും എവിടെയും രക്ഷാ മാര്‍ഗം. ''നിങ്ങള്‍ ക്ഷമയും നമസ്‌കാരവും വഴി ദൈവസഹായം തേടുക''. സഹന സമരവും പ്രാര്‍ഥനാ മനസ്സുമാണ് വിശ്വാസിയുടെ രക്ഷാകവചം എന്നര്‍ഥം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍