സോഷ്യല്‍ മീഡിയ <br>ഗൗരവമായ സമീപനം വേണം
ആശയവിനിമയ രംഗത്ത് വളരെ പെട്ടെന്നാണ് മാറ്റങ്ങളുണ്ടായത്. സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ് പിസി മേഖലകള്‍ കൈവരിച്ച നേട്ടം അഞ്ചു വര്‍ഷം മുമ്പ് സങ്കല്‍പിക്കാന്‍ പോലും സാധ്യമായിരുന്നില്ല. ഇന്റര്‍നെറ്റ് അക്ഷരാര്‍ഥത്തില്‍ കൈപിടിയിലൊതുങ്ങി. നെറ്റുപയോഗത്തിനായി ഇന്ന് കമ്പ്യൂട്ടര്‍ തുറക്കുന്നവര്‍ വിരളം. ഇ-മെയില്‍, എസ്.എം.എസ് തുടങ്ങിയവ പോലും പഴഞ്ചന്‍ ആശയവിനിമയ സംവിധാനമായി മാറി.
മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന്റെ കടന്നുവരവാണ് പ്രധാനമായും ഇതിനൊക്കെ കാരണമായത്. വ്യത്യസ്ത പതിപ്പുകളിലൂടെ വളര്‍ന്ന് അത് 'കിറ്റ്കാറ്റി'ലെത്തിയിരിക്കുന്നു. പുതിയ പലതും ഗൂഗിളിന്റെ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. നമ്മുടെയൊക്കെ ജീവിതത്തിന്റെ തന്നെ ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡായി മാറിയോ എന്നാണ് സംശയം. എല്ലാ ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് 'ആപ്പ'ല്ലേ ഉപയോഗിക്കുന്നത്.
ഇക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട 'ഒരാപ്പാ'ണല്ലോ 'വാട്ട്‌സ്അപ്'. ഇതിന്റെ സാധ്യതകള്‍ വലുതാണ്. അറബ് ലോകത്തെ മുല്ലപ്പൂ വിപ്ലവം മുതല്‍ നമ്മുടെ നാട്ടിലെ മുല്ലപ്പെരിയാര്‍ സംഭവത്തില്‍ വരെ ട്വിറ്ററും ഫേസ്ബുക്കും ബ്ലോഗുകളുമൊക്കെ വഹിച്ച പങ്ക് നമുക്കറിയാം. കാലം മാറി. ആശയവിനിമയ രീതി പിന്നെയും വളര്‍ന്നു. അതു വാട്ട്‌സ്അപ് വരെയെത്തി. വരും നാളുകളില്‍ ഇനി എന്തൊക്കെ മാറ്റങ്ങളാണുണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല.
അതത് കാലഘട്ടത്തില്‍ ലഭ്യമായ ടെക്‌നോളജി നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അത് മാനവകുലത്തിനാകമാനം അനുഗ്രഹമായി മാറുന്നു. അതേസമയം ടെക്‌നോളജി ദുരുപയോഗപ്പെടുത്തുന്നതാകട്ടെ വന്‍ നാശങ്ങള്‍ക്ക് ഹേതുവായിത്തീരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സ്വതന്ത്രമായ ആശയവിനിമയത്തിന് വഴിയൊരുക്കുന്നു. ഇത് ഒരു മേന്മ എന്നതോടൊപ്പം ഒരു കെണിയുമാണ്. സുക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അതുതന്നെ ദുരന്തമായി മാറും.
സോഷ്യല്‍ മീഡിയയിലൂടെയുള്ള ആശയ വിനിമയത്തില്‍ ഒരുതരത്തിലുള്ള പെരുമാറ്റച്ചട്ടമോ നിയന്ത്രണമോ പാലിക്കേണ്ടതില്ലെന്ന് ചിലരെങ്കിലും ധരിച്ചുവശായിരിക്കുന്നു. അപവാദപ്രചാരണം, വ്യക്തിഹത്യ, പരിഹാസം, കള്ളക്കഥകള്‍, വ്യാജ സന്ദേശങ്ങള്‍ തുടങ്ങിയവ ഈ മീഡിയയിലൂടെ നിരന്തരം പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അറിഞ്ഞോ അറിയാതെയോ പലപ്പോഴും എല്ലാവരും പങ്കാളികളായിത്തീരുകയാണ്. നിത്യ ജീവിതത്തില്‍ പാലിക്കുന്ന വിശുദ്ധിയും സൂക്ഷ്മതയും സാംസ്‌കാരിക ബോധവും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളില്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം.
വാട്ട്‌സ്അപ് പോലുള്ള ആശയവിനിമയ സൗകര്യം പുതിയ തലമുറക്ക് ലഭിച്ച വലിയൊരനുഗ്രഹമായി കണക്കാക്കാം. എന്നാല്‍, ആ അര്‍ഥത്തില്‍ ഇതിനെ ഗൗരവമായി സമീപിക്കുന്നവര്‍ വിരളമാണ്. പോസ്റ്റുകള്‍ പലര്‍ക്കും ഒരു തമാശ മാത്രം. അതല്ലെങ്കില്‍ ഒരു 'നേരംകൊല്ലലോ' ഹോബിയോ ആയി കണക്കാക്കുന്നു. തരംതാണ കമന്റുകളും അഭിപ്രായ പ്രകടനങ്ങളുമാണ് മിക്കപ്പോഴും കാണാന്‍ സാധിക്കുന്നത്. അവിടന്നും ഇവിടന്നുമായി കിട്ടുന്ന കുറെ വീഡിയോകളും ഓഡിയോകളും സ്‌ളൈഡുകളും ടെക്സ്റ്റുകളും ഫോര്‍വേര്‍ഡ് ചെയ്യുന്നതിലൊതുങ്ങിയിരിക്കുകയാണ് സന്ദേശ കൈമാറ്റം. അതുതന്നെ ഒട്ടും സൂക്ഷ്മതയില്ലാതെയും നിജസ്ഥിതി ഉറപ്പുവരുത്താതെയുമാണ് നടക്കുന്നത്.
മൗലികമായ പോസ്റ്റുകള്‍ വിരളം. ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വാട്ട്‌സ്അപ് പോസ്റ്റുകളിലോ അതിന്റെ ഗ്രൂപ്പുകളിലോ സ്ഥാനമില്ല. സ്വന്തമായ ആശയ പ്രകാശനത്തിന് അധികമാളുകളും സന്നദ്ധരാകുന്നുമില്ല. കുറേ തമാശകള്‍, കൊച്ചുവര്‍ത്തമാനങ്ങള്‍. വൈകാരികത മുറ്റി നില്‍ക്കുന്ന കുറെ ഫോര്‍വേഡുകള്‍. പ്രതികരണമാകട്ടെ പലപ്പോഴും വെറുമൊരു കൈപൊക്കല്‍, അല്ലെങ്കില്‍ കൈയടി. പിന്നെ എളുപ്പത്തില്‍ പെറുക്കിയെടുക്കാവുന്ന വേറെ ഏതൊക്കെയോ ചിഹ്നങ്ങള്‍. ഇതിനപ്പുറം ഈ ടെക്‌നോളജിയുടെ ഉപയോഗം മിക്കപ്പോഴും മുന്നോട്ട് പോകുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ. ഈ അവസ്ഥ മാറേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയെ ഗൗരവമായി സമീപിക്കാനും അതുവഴി സമൂഹത്തില്‍ ചലനമുണ്ടാക്കാനും സാധിക്കേണ്ടതുണ്ട്.
Comments