Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

കുട്ടികളോടൊപ്പം കൂടുമ്പോള്‍ വല്യുപ്പ കുട്ടിയാവും

നബീല്‍ കല്ലായില്‍ /സ്മരണ

         ഓര്‍മവെച്ചകാലം മുതല്‍ വല്യുപ്പയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രമേ കണ്ടിട്ടുള്ളൂ. മുതിര്‍ന്നവരോടും കുട്ടികളോടും സൗമ്യമായിട്ടേ പെരുമാറിയിട്ടുള്ളൂ. തന്നോടാണ് വല്യുപ്പാക്ക് ഏറ്റവും ഇഷ്ടം എന്ന് തോന്നിപ്പിക്കുമാറ് എല്ലാവരെയും വേര്‍തിരിവില്ലാതെ ഒരുപോലെ അദ്ദേഹം സ്‌നേഹിച്ചു. കുട്ടികളോടൊപ്പം കൂടുമ്പോള്‍ അദ്ദേഹവും കുട്ടിയാവും. തമാശകള്‍ പറഞ്ഞും അതിനിടയിലൂടെ കാര്യങ്ങള്‍ പറഞ്ഞും അവരെ കൈയിലെടുക്കും. മറ്റുള്ളവരെ വിഷമിപ്പിക്കുന്ന ഒരു കാര്യവും തന്നില്‍ നിന്ന് ഉണ്ടാവാതിരിക്കാന്‍ തികഞ്ഞ ശ്രദ്ധ ചെലുത്തിയിരുന്നു. മനസ്സിനെ ഒട്ടും തന്നെ നോവിക്കാതെ, കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. ഒരു പുഞ്ചിരിയില്‍ എല്ലാം തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ചിട്ടയുള്ള ജീവിതമായിരുന്നു വല്യുപ്പയുടേത്. അതുകൊണ്ട് തന്നെയാവണം എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹത്തിന് സമയം കിട്ടിയിരുന്നത്. സംഘടനയില്‍ അദ്ദേഹം നടപ്പാക്കിയ ഓഫീസ് സിസ്റ്റം വീട്ടിലെ ആഭ്യന്തരകാര്യങ്ങളിലും നടപ്പാക്കിയിരുന്നു. മരിക്കുന്നതു വരെ അദ്ദേഹം സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ ശ്രമിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ വളരെയധികം ശ്രദ്ധിച്ചു.

ചെറുപ്പം മുതല്‍ വല്യുപ്പയുമായി ഒപ്പം അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു. എന്തു കാര്യവും തുറന്ന് സംസാരിക്കുമായിരുന്നു. ആവശ്യങ്ങള്‍ മനസ്സിലാക്കി ഇങ്ങോട്ട് ചെയ്ത് തരുമായിരുന്നു. 2007-ല്‍ സര്‍ഗാലയ എന്ന ഇസ്‌ലാമിക് വീഡിയോ പോര്‍ട്ടല്‍ ആശയം പറഞ്ഞപ്പോള്‍ വല്യുപ്പയില്‍ നിന്ന് കിട്ടിയ സഹായങ്ങളില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത് അദ്ദേഹം പകര്‍ന്നു നല്‍കാറുള്ള ആ പോസിറ്റീവ് എനര്‍ജി തന്നെയാണ്.

ഒമ്പതാം ക്ലാസില്‍ പഠിക്കുന്നകാലത്ത് ചേന്ദമംഗല്ലൂരിലെ ഹോസ്റ്റലില്‍ നിന്ന് 'ചാടി'പോന്നപ്പോള്‍ മനസ്സില്‍ എന്നെ അലട്ടിയിരുന്നത് വല്യുപ്പയോട് എന്ത് പറയും എന്നായിരുന്നു. കാരണം തന്റെ എണ്‍പതാം വയസ്സിലും തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും എന്നെ മഴയത്തും വെള്ളപ്പൊക്കത്തിലും ഹോസ്റ്റലില്‍ എത്തിച്ചിരുന്നത് വല്യുപ്പയായിരുന്നു. അങ്ങനെ വീട്ടില്‍ എത്തി. ഹോസ്റ്റലിലേക്ക് തിരിച്ചയക്കാനുള്ള വീട്ടുകാരുടെയും എളാപ്പ-മൂത്താപ്പമാരുടെയും ശ്രമങ്ങള്‍ എല്ലാം ഞാന്‍ ഒരു വിധം വിഫലമാക്കി. ഇനി എന്നോട് സംസാരിക്കന്‍ വല്യുപ്പ മാത്രമേയുള്ളൂ. വല്യുപ്പ പറഞ്ഞാല്‍ എനിക്ക് കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. അങ്ങനെ വല്യുപ്പ വന്ന് എന്നോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചത് ഇതായിരുന്നു: 'ഇനി എവിടെയാ ചേരുന്നത്?' ഹോസ്റ്റലില്‍ നിന്ന് പോരുന്നതിന്റെ കാരണം ചോദിച്ചതു പോലുമില്ല. പിന്നീട് ഒരിക്കല്‍ ഹിറാ സെന്ററില്‍ വല്യുപ്പാന്റെ ഒപ്പം പോയപ്പോള്‍ അമീര്‍ ആരിഫലി സാഹിബിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത് 'ഇത് നബീല്‍, ഇവനാണ് ഹോസ്റ്റലില്‍ നിന്ന് ചാടിപ്പോന്നത്. ഓന്റെ കമ്പ്യൂട്ടറിന്റെ പരിപാടികളൊന്നും അവിടെ പോയപ്പൊ നടക്കുന്നില്ല.'

എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത്  ആളുകളെ മനസ്സിലാക്കാനും അവരുടെ കഴിവുകളും ദൗര്‍ബല്യങ്ങളും കണ്ടറിഞ്ഞ് അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവായിരുന്നു.   അതുകൊണ്ടുതന്നെ അദ്ദേഹം എനിക്ക് സ്‌നേഹനിധിയായ വല്യുപ്പയും കൂട്ടുകാരനുമായിരുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍