Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

വിനയത്തിലൂടെ നേടിയ ഔന്നത്യം

ശംസുദ്ദീന്‍ ഇരിമ്പിളിയം /സ്മരണ

പൂക്കാട്ടിരി വലിയ പറമ്പില്‍ പോക്കാമുട്ടി ഹാജിയുടെ മകള്‍ തിത്തീമ ഉമ്മയെ ഇരിമ്പിളിയം നീണ്ടത്തൊടി ഹൈദറു മുസ്‌ലിയാര്‍ പുനര്‍ വിവാഹം ചെയ്തു. ഈ പ്രദേശത്തുകാര്‍ക്കും  തന്നെ സമീപിക്കുന്ന ഏതൊരാള്‍ക്കും അദ്ദേഹം തന്നാലാകുന്ന സഹായങ്ങള്‍ ചെയ്തുപോന്നു. തിരുവോണം, പെരുന്നാള്‍ എന്നിത്യാദി വിശേഷ ദിനങ്ങളില്‍ പുതുവസ്ത്രങ്ങളും ഭക്ഷണ പദാര്‍ഥങ്ങളും നല്‍കി സഹായിക്കുന്ന ദയാശീലനായിരുന്നു. തന്റെ ഭാര്യാ സഹോദരന്‍ കുഞ്ഞാലന്‍കുട്ടി എന്ന വി.പി മുഹമ്മദലി സാഹിബിന് ഉമറാബാദില്‍ പോയി വിദ്യാഭ്യാസം നേടാനുള്ള എല്ലാ സാമ്പത്തിക സഹായവും നല്‍കിയത് അദ്ദേഹമായിരുന്നു. ഹൈദരിയ്യ വൈദ്യശാല, ഹൈദരിയ്യസ്‌കൂള്‍, ഹൈദരിയ്യ പ്രസ് എന്നിത്യാദി സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. ധാരാളം തൊഴിലാളികള്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനുണ്ടായിരുന്നു.

അദ്ദേഹത്തിന് ആ വിവാഹ ബന്ധത്തില്‍ മൂന്ന് പെണ്‍മക്കളാണുണ്ടായിരുന്നത്. നഫീസ, റുഖിയ്യ, സൈനബ. ഇതില്‍ ആദ്യത്തെ രണ്ടു പേരും ഈയുള്ളവനും ഹൈദരിയ്യ ലോവര്‍ പ്രൈമറി സ്‌കൂളില്‍ സഹപാഠികളായിരുന്നു. വിധി വൈപരീത്യമെന്നു പറയട്ടെ മൂന്നാമത്തെ മകളുടെ മുലകുടി പ്രായത്തിലാണ് പിതാവിന്റെ നിര്യാണം. അതോടെ ആ കുടുംബത്തിന്റെ ജീവിതം ആ വീട്ടില്‍ ദുസ്സഹമായി. അവിടെ അധികനാള്‍ താമസിക്കാന്‍ അവര്‍ക്ക് സാഹചര്യം അനുകൂലമായിരുന്നില്ല. അങ്ങനെ അവര്‍ പൂക്കാട്ടിരിയിലേക്ക് തിരിച്ചുപോരേണ്ടിവന്നു.

വി.പി മുഹമ്മദലി സാഹിബ് ഉമറാബാദിലെ പഠനം കഴിഞ്ഞ് ബോംബെയില്‍ നിന്ന് പത്തേമാരി വഴി സുഊദി അറേബ്യയില്‍ എത്തി. ദിവസങ്ങളോളമെടുത്ത സാഹസിക കാല്‍നടയാത്രക്കു ശേഷം ഹജ്ജ് കര്‍മം നിര്‍വഹിച്ചു; മദീനാ സന്ദര്‍ശനവും കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി. തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ അബുല്‍ അഅ്‌ലാ മൗദൂദിയെ അടുത്തറിഞ്ഞ് അദ്ദേഹത്തെ ചെന്നു കാണുകയും കുറച്ചുകാലം അദ്ദേഹത്തോടൊപ്പം താമസിക്കുകയും ചെയ്തു. അങ്ങനെ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവാഹകനായി നാട്ടില്‍ തിരിച്ചെത്തി. തന്റെ പ്രവര്‍ത്തന ഭൂമികയായി ഇരിമ്പിളിയം തെരഞ്ഞെടുത്ത പശ്ചാത്തലം മേല്‍ പറഞ്ഞ വിവാഹബന്ധമായിരുന്നു.

പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ പഠിക്കുകയായിരുന്ന അബ്ദുല്‍ അഹദ് തങ്ങള്‍ ഹാജി സാഹിബുമായി സമ്പര്‍ക്കപ്പെട്ട് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു. അന്നു മുതല്‍ മരണം വരെ തങ്ങള്‍ അതിന്റെ വക്താവും പ്രയോക്താവുമായി നിലകൊണ്ടു. ജീവിതത്തിന്റെ അകവും പുറവും കറയറ്റ ഇസ്‌ലാമിക സംസ്‌കാരത്താല്‍ ധന്യമാക്കുന്നതില്‍ അതീവ ശ്രദ്ധ പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരിക്കല്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ പിന്നീടൊരിക്കലും അദ്ദേഹത്തെ മറക്കാതിരിക്കുമാറ് വിനയാന്വിതമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. തന്റെ സഹോദരിയുടെ മൂത്ത മകള്‍ നഫീസുവിനെ ഹാജി സാഹിബ് അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തു. 1952-ലാണ് ഇത് നടന്നതെന്നാണ് ഓര്‍മ. രണ്ടാമത്തെ മകള്‍ റുഖിയ്യയെ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിക്കും മൂന്നാമത്തെ മകള്‍ സൈനബയെ മംഗലം സ്വദേശി കുഞ്ഞിമൂസാ സാഹിബിനും വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. വിവാഹ ബന്ധങ്ങള്‍ ആദര്‍ശാത്മകമായിരിക്കണമെന്ന ചിന്തയാണ് അക്കാലത്തെ നേതാക്കളെയും പ്രവര്‍ത്തകരെയും നയിച്ചിരുന്നത്.

ജമാഅത്തെ ഇസ്‌ലാമി ഓഫീസിന്റെ ചുമതലക്കു പുറമെ പ്രബോധനം, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് എന്നിത്യാദി സ്ഥാപനങ്ങളുടെയും മറ്റു പല ട്രസ്റ്റുകളുടെയും ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. ജമാഅത്ത് ഓഫീസ് എടയൂരിലോ വെള്ളിമാട്കുന്നിലോ ഹിറാ സെന്ററിലോ എവിടെ ആയിരുന്നാലും ഓഫീസില്‍ ചെല്ലുന്ന മുന്‍ പരിചയമുള്ള ഒരാള്‍ ആദ്യമായി അന്വേഷിക്കുക തങ്ങളെ ആയിരിക്കും. സൗമ്യ സ്വഭാവത്തിന്റെ ഉടമയായ അദ്ദേഹം സര്‍വാദരണീയനായിരുന്നു.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍