Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

പിതൃനിര്‍വിശേഷമായ വാത്സല്യം

അബ്ദു ശിവപുരം /സ്മരണ

ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരു ദിവസം വെള്ളിമാട്കുന്ന് പ്രബോധനം ഓഫീസില്‍ പോകേണ്ടിവന്നു. അമ്മാവന്‍ ടി.കെ ഇബ്‌റാഹീം ടൊറണ്ടോ പ്രബോധനത്തില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ളുഹ്ര്‍ നമസ്‌കാരത്തിനിറങ്ങവെ പ്രബോധനത്തിന്റെ ഇടനാഴിയില്‍ വെച്ച് അമ്മാവന്‍ എന്നെ തങ്ങള്‍ക്ക് പരിചയപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയില്‍ അന്നും എന്നും സൗമ്യസാന്നിധ്യമായിരുന്നു അബ്ദുല്‍ അഹദ് തങ്ങള്‍.

വര്‍ഷങ്ങള്‍ക്കു ശേഷം യു.എ.ഇയിലെ അല്‍ഐന്‍ ഇസ്‌ലാമിക് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉപരിപഠനത്തിന് സൗകര്യം ലഭിച്ചപ്പോള്‍ സഹപാഠിയായി തങ്ങളുടെ മകന്‍ അബ്ദുല്‍ ജലീലുമെത്തി. അന്നു മുതല്‍ ഒരു പിതാവില്‍ നിന്നുള്ള പുത്രവാത്സല്യമായിരുന്നു തങ്ങളില്‍ നിന്ന് എനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. പ്രബോധനത്തിലും പിന്നീട് ഹിറാ സെന്ററിലുമായി പ്രസ്ഥാനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ആ മഹാനുഭാവനോടുള്ള ഇഷ്ടമായിരുന്നു പലപ്പോഴും ഹിറാ സെന്ററിലെന്നെ എത്തിച്ചത്. പ്രാസ്ഥാനിക സങ്കീര്‍ണതകളൊന്നുമില്ലാതെ കുടുംബകാര്യങ്ങള്‍ വരെ ചോദിച്ചറിയുകയും നമ്മെക്കൊണ്ട് പറയിപ്പിക്കുകയുമായിരുന്നു അദ്ദേഹം ചെയ്തത്. സുഖാന്വേഷണങ്ങള്‍ക്കു ശേഷം പിരിയുമ്പോഴുള്ള സ്‌നേഹാലിംഗനം മാത്രം മതി പ്രവാസത്തിന്റെ കയ്പിന് മധുരമായി.

സത്യവിശ്വാസത്തിന്റെ പ്രത്യക്ഷ ചിഹ്നമായ മുഖപ്രസന്നത വഴിഞ്ഞൊഴുകുന്ന തങ്ങള്‍ക്ക് പകരം വെക്കാന്‍ ആളില്ലെന്നതില്‍ തര്‍ക്കമുണ്ടാവില്ല. നഷ്ടപ്രതാപത്തിന്റെ ദുഃഖസ്മരണ മനസ്സിനെ മഥിച്ചുകൊണ്ടല്ലാതെ ഇനി ഹിറാ സെന്ററിന്റെ ചവിട്ടുപടികള്‍ കയറിയിറങ്ങാന്‍ കഴിയില്ലെന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു വ്യഥ.

കര്‍മങ്ങളും പ്രാര്‍ഥനകളും മാത്രം ഉപകരിക്കുന്നൊരു ലോകത്തേക്കദ്ദേഹം യാത്രയായി. അദ്ദേഹത്തിന്റെ സല്‍ക്കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍