Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

നാവും പേനയും ജിഹാദും

അബ്ദുര്‍റഹ്മാന്‍ തുറക്കല്‍ /ലേഖനം

         ബദ്‌റില്‍ ബന്ദികളായവരുടെ മോചനദ്രവ്യമായി പ്രവാചകന്‍ ആവശ്യപ്പെട്ടത് ഒരാള്‍ പത്തുപേരെ എഴുത്തും വായനയും പഠിപ്പിക്കലായിരുന്നു. പ്രവാചകന്റെ എഴുത്തുകാരിലൊരാളായ സൈദ് ബ്‌നു സാബിത് ഖുറൈശി ബന്ദികളുടെ പഠിതാക്കളിലൊരാളായിരുന്നു. സമ്പത്തിനേക്കാള്‍ വില അറിവിന് പ്രവാചകന്‍ കല്‍പിച്ചിരുന്നതായി ഇതില്‍നിന്ന് മനസ്സിലാക്കാം. അറിവും സമ്പത്തും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സമ്പത്തിനേക്കാള്‍ ശ്രേഷ്ഠമാണ് അറിവെന്നും ഇതു വ്യക്തമാക്കുന്നു. ചില പ്രവാചക വചനങ്ങളില്‍ ഇബാദത്തിനേക്കാളും ജിഹാദിനേക്കാളും ശേഷ്ഠമാണ് അറിവെന്നും സൂചിപ്പിച്ചിട്ടുണ്ട്. അബു ദ്ദര്‍ദാഅ് ഉദ്ധരിക്കുന്നു: ''ചന്ദ്രന് ഇതര നക്ഷത്രങ്ങള്‍ക്കിടയിലെ ശ്രേഷ്ഠതപോലെ അറിവുള്ളവന് ആരാധനയിലേര്‍പ്പെട്ടവനേക്കാള്‍ ശ്രേഷ്ഠതയുണ്ട്'' (അഹ്മദ്).                      

ഇസ്‌ലാമിക ദൃഷ്ടിയില്‍ ജിഹാദ് വാളുകൊണ്ട് മാത്രമല്ല, നാവുകൊണ്ടും മനസ്സുകൊണ്ടുമെല്ലാം ജിഹാദുണ്ട്. വാളിനെപ്പോലെയോ അതിനേക്കാളേറെയോ അതിന് മൂര്‍ച്ചയുമുണ്ട്. നാവുകൊണ്ടുള്ള ജിഹാദ് കൊണ്ട് ഉദ്ദേശ്യം പഠനത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. അല്ലാഹു പറഞ്ഞു: 

''സത്യനിഷേധികളെ നിങ്ങള്‍ അനുസരിക്കരുത്. അവരോട്  ഖുര്‍ആന്‍ കൊണ്ട് വലിയ ധര്‍മ സമരത്തിലേര്‍പ്പെടുക'' (ഫുര്‍ഖാന്‍:52). ഇവിടെ വെറും ജിഹാദ് എന്നല്ല ഏറ്റവും വലിയ ജിഹാദെന്നാണ് പറഞ്ഞിരിക്കുന്നത്. യുദ്ധം നിര്‍ബന്ധമാക്കുന്നതിന് മുമ്പ് മക്കയില്‍ വെച്ചാണിത് അവതരിച്ചത്. ദീനിനെ നിലനിര്‍ത്തുന്നതിന് അറിവ് ആവശ്യമാണെന്നാണ് ഇത് പഠിപ്പിക്കുന്നത്, അറിവ് തേടല്‍ ജിഹാദാണെന്നും. പ്രവാചകന്‍ പറഞ്ഞു:

''ആരെങ്കിലും ജ്ഞാനം തേടി പുറപ്പെട്ടാല്‍ അവന്‍ മടങ്ങിവരുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്.'' മറ്റൊരു ഹദീസിലിങ്ങനെ കാണാം: ''സത്യനിഷേധികളോട് നിങ്ങളുടെ ധനവും ശരീരവും നാവുമുപയോഗിച്ച് ധര്‍മസമരത്തിലേര്‍പ്പെടുക'' (അഹ്മദ്, അബൂദാവൂദ്, നസാഇ). ഇസ്‌ലാമിനും പ്രവാചകനും ഖുര്‍ആനുമെതിരെ ശത്രുക്കളും ഓറിയന്റലിസ്റ്റുകളുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും  ആരോപണങ്ങള്‍ ഉന്നയിക്കുന്നതും നിന്ദ വെച്ച് പുലര്‍ത്തുന്നതും വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാവും പേനയുമുപയോഗിച്ചുള്ള ജിഹാദിന് വലിയ പ്രസക്തിയുണ്ട്. 

 ഇഹ-പര ജീവിതത്തില്‍ വിജയം നേടിത്തരുന്നതും സ്വന്തത്തിനും മറ്റുള്ളവര്‍ക്കും ഉപകാരം ലഭിക്കുന്നതുമായ ഏത് തരം ജ്ഞാനവും നേടാന്‍ ഇസ്‌ലാം വിശ്വാസികളെ പ്രേരിപ്പിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനം ശരീഅത്തിനെക്കുറിച്ചുള്ള ജ്ഞാനമാണ്. ''തങ്ങളില്‍നിന്നു തന്നെ അവര്‍ക്ക് ഒരു പ്രവാചകനെ നിയോഗിച്ചയക്കുക വഴി അല്ലാഹു വിശ്വാസികള്‍ക്ക് മഹത്തായ ഔദാര്യം ചെയ്തിരിക്കുന്നു. അദ്ദേഹം അവര്‍ക്ക് അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതം സംസ്‌കരിക്കുന്നു. അവരെ വേദവും തത്വജ്ഞാനവും പഠിപ്പിക്കുന്നു. ഇതിനു മുമ്പാകട്ടെ ഇതേ ജനം സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലായിരുന്നു''. (ആലു ഇംറാന്‍ 164). നബി(സ) പറഞ്ഞു: 

''നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാകുന്നു.'' (ബുഖാരി). 

ശിര്‍ക്കില്‍നിന്നും കുഫ്‌റില്‍നിന്നും സത്യമാര്‍ഗം  തിരിച്ചറിയുന്നതിന് വിശ്വാസിക്ക് അറിവ് അനിവാര്യമാണ്. അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിനും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും മതത്തെയും അതിന്റെ വിധിവിലക്കുകളെയും കുറിച്ചുള്ള അറിവ് മുസ്‌ലിമിന് ഉണ്ടായേ പറ്റൂ. ശരീഅത്തിനെക്കുറിച്ച അറിവ് നേടാതെ ഒരാള്‍ക്ക് യഥാര്‍ഥ മുസ്‌ലിമായി തീരുക സാധ്യമല്ല. അറിവില്ലാതെ ചെയ്യുന്ന കര്‍മങ്ങള്‍ ജീവനില്ലാത്ത ശരീരം പോലെയായിരിക്കും. അതിന് യഥാര്‍ഥ ചൈതന്യം ആവാഹിക്കാനോ ലക്ഷ്യം പ്രാപിക്കാനോ കഴിയില്ല. നേടുന്ന അറിവ് ഇസ്‌ലാമിക ശരീഅത്തിനും അതിന്റെ വ്യവസ്ഥക്കും വിരുദ്ധമല്ലെന്ന തിരിച്ചറിവ് വിശ്വാസിക്കുണ്ടായിരിക്കണം. മനുഷ്യന്‍ മുസ്‌ലിമാകുന്നത് ജനനം കൊണ്ടല്ല; ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച വ്യക്തമായ അറിവ് ആര്‍ജിക്കുന്നതിലൂടെയാണ്. അതാണ് അവനെ  സമ്പൂര്‍ണ മുസ്‌ലിമാക്കുന്നത്. ഇസ്‌ലാമിനെക്കുറിച്ചും അതിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും വിവരമില്ലെങ്കില്‍  യഥാര്‍ഥ വിശ്വാസിയാകാനും ഇസ്‌ലാമനുസരിച്ച് പ്രവര്‍ത്തിക്കാനും എങ്ങനെ കഴിയും? അങ്ങനെയുള്ളവര്‍ അജ്ഞതയുടെ ലോകത്താണ്. വിജ്ഞാനമുള്ളവര്‍ക്കേ യഥാര്‍ഥ ദൈവഭക്തരാകാന്‍ കഴിയൂ. സ്രഷ്ടാവിന്റെ മഹത്വവും സ്യഷ്ടി വൈഭവങ്ങളുമെല്ലാം മനസ്സിലാക്കാന്‍ അപ്പോഴേ സാധിക്കൂ. അങ്ങനെയുള്ളവരെയാണ് അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നത്. ''അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ?. പക്ഷേ, ബുദ്ധിമാന്മാരേ ഉല്‍ബോധനം സ്വീകരിക്കുകയുള്ളൂ'' (അസ്സുമര്‍:9). ''അല്ലാഹു പദവികളുയര്‍ത്തുന്നതാകട്ടെ, നിങ്ങളില്‍ വിശ്വാസികളായവര്‍ക്കും ജ്ഞാനം ലഭിച്ചവര്‍ക്കുമാകുന്നു'' (മുജാദല:11).

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ അറിവുള്ളവരും അറിവില്ലാത്തവരും ഒരിക്കലും തുല്യരല്ല. ശരീഅത്തിനെക്കുറിച്ച അറിവ് നേടാത്തവര്‍ വഴിയറിയാതെ കൂരിരുട്ടില്‍ തപ്പുന്നവരെ പോലെയാണ്. അതവര്‍ക്ക് വലിയ അപകടം വരുത്തും. പാതവക്കിലെ വലിയ കുണ്ടും കുഴികളുമാണ് അവരെ കാത്തിരിക്കുന്നത്. പിശാചിന്റെ കെണിയിലകപ്പെടുക ഏറെ എളുപ്പവുമാകും. ഇസ്‌ലാമിനെക്കുറിച്ച് അജ്ഞതയില്‍ കഴിഞ്ഞു കൂടുകയെന്നതാണ് ഏറ്റവും വലിയ അപകടം. വിവിധ ശാസ്ത്രമേഖലകളിലുള്ള അറിവ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത് ശരീഅത്തിന്റെ തേട്ടമാണ്. അതവരിലെ ഈമാനിന്റെ തിളക്കം കൂട്ടും. പ്രപഞ്ചത്തെക്കുറിച്ച് ശരിയാംവിധം ചിന്തിക്കുന്നവര്‍ക്ക് അതിനെക്കുറിച്ച കൂടുതല്‍  ജ്ഞാനങ്ങള്‍ അല്ലാഹു നല്‍കും. ''മനുഷ്യനെ അവന്‍ അറിഞ്ഞിട്ടില്ലാത്തതു പഠിപ്പിച്ചവന്‍'' (അല്‍അലഖ്:5). പ്രപഞ്ചത്തെയും അവക്കിടയിലെ മുഴുവന്‍ വസ്തുക്കളെയും കുറിച്ച് ചിന്തിക്കാനും പഠിക്കാനും ഇസ്‌ലാം പ്രേരിപ്പിക്കുന്നുണ്ട്. 

''അവര്‍ ഒട്ടകങ്ങളെ നോക്കുന്നില്ലേ, അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്? ആകാശത്തെ നോക്കുന്നിേല്ല, അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്?  പര്‍വതങ്ങളെ നോക്കുന്നില്ലേ, അതിന്റെ പ്രതലം എങ്ങനെ വിസ്തൃതമാക്കപ്പെട്ടിരിക്കുന്നുവെന്ന്?'' (അല്‍ഗാശിയ: 17-20).

''നിങ്ങളില്‍ തന്നെയും (ദൃഷ്ടാന്തങ്ങളുണ്ട്) നിങ്ങള്‍ കാണുന്നില്ലേ'' (അദ്ദാരിയാത്ത്:20).  മുസ്‌ലിം സമൂഹം ഏതെങ്കിലും ഒരു വിജ്ഞാന ശാഖയില്‍ മാത്രം താല്‍പര്യം കാണിക്കുകയും മറ്റൊന്നിലും താല്‍പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്നതിനെ ഇമാം ഗസാലിയെ പോലുള്ള പണ്ഡിതന്മാര്‍ അനുകൂലിച്ചിരുന്നില്ല. മനുഷ്യന്റെ ഇഹപര നന്മക്ക് ഉതകുന്നതും നിലനില്‍പിന്ന് സഹായകമായതും കാലഘട്ടത്തിന്റെ തേട്ടവുമായ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയിരിക്കണമെന്നത് മുസ്‌ലിം സമൂഹത്തിന്റെ പൊതു ബാധ്യത കൂടിയാണ്.

ഇസ്‌ലാമില്‍ അറിവ് നേടുന്നതിന് പരിധിയോ പരിമിതിയോ ഇല്ല. ''അറിവില്‍നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല'' (അല്‍ ഇസ്‌റാഅ്:85). ഹൃദയമിടിപ്പും ശരീരത്തില്‍ രക്ത ചംക്രമണവും നിലനില്‍ക്കുന്ന കാലത്തോളം ജ്ഞാനാന്വേഷണത്തില്‍ വ്യാപൃതനാകേണ്ടതുണ്ട്. ഇഹപര ജീവിതത്തില്‍ നന്മ പ്രദാനം ചെയ്യുന്ന ഏതുതരം ജ്ഞാനവും മരണം വരെ ആരില്‍നിന്നും എവിടെനിന്നും തേടാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നു. പ്രവാചകന്മാരുടെയും സ്വഹാബികളുടെയും താബിഈങ്ങളുടെയും പില്‍ക്കാലത്ത് വന്ന ഇമാമുകളുടെയുമെല്ലാം ചരിത്രം പരിശോധിക്കുമ്പോള്‍ ഇതു വ്യക്തമാകും. അറിവ് നേടിത്തരുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ അവര്‍ ശുഷ്‌കാന്തി കാണിച്ചിരുന്നതായി കാണാം. പ്രമുഖ പണ്ഡിതനായിരുന്ന ബെറൂനി അനന്തരാവകാശ നിയമങ്ങള്‍ പഠിച്ചിരുന്നത് മരണാസന്നനായ സമയത്തായിരുന്നു. മഹാപണ്ഡിതന്‍ ഇമാം ഫഖ്‌റുദ്ദീന്‍ റാസി വംശശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള ഒരു വിദ്യാര്‍ഥിയില്‍ നിന്നാണ് അത് സംബന്ധിച്ച അറിവ് നേടിയത്. 

അബൂ സഈദുല്‍ ഖുദ്‌രി(റ)യില്‍നിന്നു നിവേദനം: നബി(സ) പറഞ്ഞു: ''വിശ്വാസിക്ക് നല്ലതു കേട്ട് വയറു നിറയുകയില്ല. അവന്റെ പര്യവസാനം സ്വര്‍ഗമാകുന്നതുവരെ'' (തിര്‍മിദി). നല്ലതു കേള്‍ക്കുന്നതിനും പഠിക്കുന്നതിനും സമയപരിധിയില്ലെന്നാണ് ഈ നബിവചനം വ്യക്തമാക്കുന്നത്. വിശന്നു വലഞ്ഞവന് വയറ് നിറഞ്ഞാല്‍ പിന്നെ ഭക്ഷണം വേണ്ടിവരില്ല. എന്നാല്‍ ജ്ഞാനം അങ്ങനെയല്ല. അത് എത്ര നേടിയാലും വിശ്വാസിക്ക് മതിയായെന്ന് തോന്നുകയില്ല. അലി(റ) പറഞ്ഞു: ''എല്ലാ പാത്രവും നിറയുന്തോറും കുടുസ്സാകും. എന്നാല്‍ ജ്ഞാനമാകുന്ന പാത്രം (ബുദ്ധി) നിറയുന്തോറും വികസിച്ചുകൊണ്ടിരിക്കും.'' വിശ്വാസി ഒരോ ദിവസവും പുതിയ അറിവുകള്‍ തേടിക്കൊണ്ടിരിക്കും. ഇഹപര ജീവിതത്തിന് സഹായിക്കുന്ന ധര്‍മവും മൂല്യങ്ങളുമടങ്ങിയ അറിവാണ് വിശ്വാസി ആര്‍ജിക്കേണ്ടത്. അല്ലാത്തവ മനുഷ്യനെ വഴിതെറ്റിക്കും. വൈജ്ഞാനികമായി ഉയര്‍ന്ന കഴിവും ബുദ്ധിശക്തിയുമുള്ളവനാണെങ്കില്‍ പോലും അതവനെ തെറ്റായ ചിന്തകളിലേക്കും സ്വഭാവങ്ങളിലേക്കും നയിക്കും. ഉദാത്ത സ്വഭാവങ്ങളും ഉന്നത സംസ്‌കാരവും മനഃസമാധാനവും നേടിത്തരുന്ന അറിവുകളെയാണ് വിശ്വാസി എപ്പോഴും പിന്തുടരേണ്ടത്.

അറിവ് ദൈവപ്രീതി നേടുന്നതിനായിരിക്കണം. ''അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ആരെങ്കിലും അറിവ് തേടിയാല്‍ അതവന് ലഭിക്കുന്നതാണ്. ഇനി ആരെങ്കിലും ഐഹികമായ നേട്ടത്തിനാണ് അറിവ് ആര്‍ജിക്കുന്നതെങ്കിലോ അന്ത്യനാളില്‍ അവന് സ്വര്‍ഗത്തിന്റെ മണം എത്തുകയില്ല'' (അബൂദാവൂദ്). ആര്‍ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കലും വിശ്വാസിയുടെ കടമയാണ്. കേട്ട കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ പ്രവാചകന്‍ അനുയായികളെ പ്രേരിപ്പിച്ചതായി കാണാം. അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: 

''ഒരാള്‍ അറിവ് നേടുകയും അത് തന്റെ മുസ്‌ലിമായ സഹോദരന് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുകയെന്നത് ഏറ്റവും ശ്രേഷ്ഠമായ ദാനമാണ്'' (ഇബ്‌നുമാജ).  ഇസ്‌ലാമിക ദ്യഷ്ട്യാ അറിവ് മറച്ചു വെക്കല്‍ ശിക്ഷാര്‍ഹമാണ്. അതിലവന് നന്മയുണ്ടാകില്ല. ''നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് വിശദമാക്കിക്കൊടുത്തതിനു ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്.'' (അല്‍ബഖറ: 159). 

''അറിവുള്ള കാര്യത്തെപ്പറ്റി ചോദിക്കപ്പെടുകയും എന്നിട്ടതിനെ മറച്ചുവെക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ അല്ലാഹു അവന് അഗ്‌നിയാലുള്ള കടിഞ്ഞാണ്‍ ധരിപ്പിക്കുന്നതാണ്.'' (അബൂദാവൂദ്-തിര്‍മിദി).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍