Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

വ്യക്തി പ്രസ്ഥാനമായി മാറുമ്പോള്‍

സാജിദ അനീസ്, മാറഞ്ചേരി /സ്മരണ

         ഉപ്പയെക്കുറിച്ച് എഴുതുമ്പോള്‍ മുകളില്‍ നല്‍കിയ തലക്കെട്ട് ആണ് അനുയോജ്യം. യുവത്വത്തിലേക്ക് കാലെടുത്ത് വെക്കുന്ന പ്രായത്തില്‍ എല്ലാ ജാഹിലിയ്യത്തിനെയും വെടിഞ്ഞ് താനാകൃഷ്ടനായ, പ്രകാശപൂരിതമായ പ്രസ്ഥാനത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച്, നാടും വീടുമുപേക്ഷിച്ച് പ്രസ്ഥാനം പിറന്ന നാട്ടില്‍ എത്തുകയായിരുന്നു അദ്ദേഹം. കുടുംബത്തെയായിരുന്നില്ല ഉപ്പ ഉപേക്ഷിച്ചത്- അതുമായി ബന്ധപ്പെട്ട എല്ലാ ജാഹിലിയ്യത്തിനെയുമായിരുന്നു. കൗമാരം യുവത്വത്തിലേക്ക് വഴിമാറുന്ന പ്രായത്തില്‍ ഇത്രവലിയ തിരസ്‌കാരത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് തന്റെ വര്‍ത്തമാനവും ഭാവിയും പ്രതീക്ഷകളും ആഗ്രഹങ്ങളും ഇനിമേല്‍ ഈ പ്രസ്ഥാനമാണെന്ന അറിവായിരുന്നു.

സ്‌നേഹനിധിയായ പിതാവ്-ശാസനകള്‍ക്ക് പോലും സ്‌നേഹത്തിന്റെ സ്പര്‍ശം. തിരുത്തലുകള്‍ക്ക് മുന്നില്‍ അല്‍പ്പം പോലും വെറുപ്പ് തോന്നിയിട്ടില്ല. ശിക്ഷണങ്ങള്‍ ശാരീരിക പ്രഹരങ്ങളായിരുന്നില്ല, മാനസികമായ പരിവര്‍ത്തനങ്ങള്‍ക്കുതകുന്നവയായിരുന്നു. ഏറെ വൈകി കോഴിക്കോട് നിന്ന് വരുന്ന ഉപ്പയുടെ കൈയിലുളള 'പാല്‍ക്കട്ടി' ഇന്നും ഏറെ മധുരമാണ്. പിന്നീട് പലപ്പോഴും എന്റെ ഭര്‍ത്താവ് എന്നോട് ചോദിച്ചിട്ടുണ്ട്, 'നിനക്ക് പാല്‍ക്കട്ടിയോട് ഇത്ര ഇഷ്ടം എന്താണെ'ന്ന്. യഥാര്‍ഥത്തില്‍ ഉപ്പയുടെ സ്‌നേഹത്തിന്റെ മധുരമാണ് ആ പാല്‍ക്കട്ടിക്ക്.

ഏറെ അംഗങ്ങളുള്ള കുടുംബത്തിന്റെ ആദ്യകാലങ്ങള്‍ ദാരിദ്ര്യത്തിന്റേതായിരുന്നു എന്ന് ഞങ്ങള്‍ പിന്നീട് മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞത്. ഉപ്പയുടെ മഹനീയ വ്യക്തിത്വത്തിന്റെ മുന്നില്‍ ദാരിദ്ര്യം മറയ്ക്കാന്‍ എന്റെ വല്യുമ്മ (ഹാജി സാഹിബിന്റെ സഹോദരി) കാണിച്ചിരുന്ന ധീരമായ തയാറെടുപ്പുകള്‍ ഇപ്പോള്‍ ഓര്‍ക്കാതെ വയ്യ. അബ്ദുല്‍ അഹദ് തങ്ങളെ ഇങ്ങനെ പ്രസ്ഥാനത്തിന്റെ 'തങ്ങളാ'ക്കി മാറ്റിയതില്‍ വല്യുമ്മയുടെ പങ്ക് നിസ്സീമമാണ്. പ്രായമുള്ള കാലത്തും അതിരാവിലെ വലിയപറമ്പിലെ തൊടുവില്‍ അധ്വാനിച്ച് പച്ചക്കറികള്‍ ഉണ്ടാക്കി, ഇല്ലായ്മകള്‍ ആരെയും അറിയിക്കാതെ, ഉപ്പയുടെ കൂടെ വരുന്ന എല്ലാവര്‍ക്കും വെച്ചും വിളമ്പിയും ആ ധീരമാതാവ് ഉപ്പ പോലും അറിയാതെ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ മഹത്തായ പങ്ക് വഹിക്കുകയായിരുന്നു. അല്ലാഹു അവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.

എന്റെ സ്‌കൂള്‍ പഠനകാലം ഏറെ ഹൃദ്യമായ ഓര്‍മകളാണ് നല്‍കുന്നത്. കുട്ടികളില്‍ ഇളയവളായ എനിക്ക് ഒരു അല്ലലും അലട്ടലും ഉണ്ടായിട്ടില്ല. ചെറുപ്രായത്തിലെ എന്റെ വാശികള്‍ക്ക് മുന്നില്‍ സ്‌നേഹസമ്പന്നനായ ഉപ്പ വിനയാന്വിതനായിരുന്നു. ഒരിക്കല്‍ ഉമ്മയോട് വഴക്കടിച്ച് ഭക്ഷണപാത്രം എടുക്കാതെ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു നീങ്ങിയ എനിക്ക് പിന്നാലെ ഉപ്പ ഭക്ഷണപാത്രം കൊണ്ടുവന്നപ്പോള്‍, അതെടുക്കാതെ ഓടിപ്പോന്ന എന്റെ മനസ്സിനായിരുന്നു സ്‌നേഹനിധിയായ ഉപ്പയുടെ പ്രഹരമേറ്റത്. ആ സംഭവം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.

ഉമ്മയെ, ഉപ്പ 'നിങ്ങള്‍' എന്ന് വിളിക്കുന്നത് കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. എന്നാല്‍, ജീവിതത്തിലുടനീളം ഈ പ്രയോഗം തന്റെ മുതിര്‍ന്ന പേരക്കുട്ടികളോടും, മരുമക്കളോടു പോലും ഉപയോഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം ഉയരുകയായിരുന്നു. വിനയത്തിന്റെ ഈ സംസ്‌കാരമാണ് ജമാഅത്തിന്റെ നാലാം തലമുറ നേതാക്കന്മാര്‍ക്ക് കീഴിലും വിനയാന്വിതനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് തുണയായത്.

പ്രദേശവാസികള്‍ക്ക് അദ്ദേഹം 'ആപ്പീസിലെ തങ്ങളാ'യിരുന്നു. അവര്‍ക്ക് എപ്പോഴും പ്രാപ്യനായ വ്യക്തി. ആര്‍ക്കും ഉപ്പയോട് എന്തും ചോദിക്കാം, തന്റെ മുന്നില്‍ സഹായാഭ്യര്‍ഥനയുമായി വരുന്ന ആരെയും അദ്ദേഹം പിണക്കാറില്ല. പലരും ഇത് ചൂഷണം ചെയ്തപ്പോള്‍ പോലും അത് ഒരു പുഞ്ചിരിയില്‍ ഒതുക്കാന്‍ കാണിച്ചിരുന്ന മനസ്സ് മാതൃകാപരമാണ്. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതില്‍ സഹതപിക്കുന്നതിനു പകരം അത് ഏറ്റെടുക്കാനുമുള്ള അനുകമ്പാപൂര്‍ണമായ മനസ്സായിരുന്നു ഉപ്പയുടേത്. മിക്കവാറും ഉച്ചഭക്ഷണത്തിന് ഒരു അതിഥിയേയെങ്കിലും കൂട്ടിവരും. ഒരിക്കല്‍ ഇങ്ങനെ കൂടെ വന്നത് കുഷ്ഠരോഗം ബാധിച്ച ഒരാളായിരുന്നു. അയാളെ അടുത്തിരുത്തി ഭക്ഷണം കഴിപ്പിച്ച് സന്തോഷത്തോടെ ഉപ്പ പറഞ്ഞയച്ച സംഭവം അവിസ്മരണീയമാണ്.

ഒമ്പത് മക്കളെയും ഒരുപോലെ സ്‌നേഹിച്ചു, എല്ലാവര്‍ക്കും തോന്നാറുണ്ടായിരുന്നത് 'ഉപ്പാക്ക് എന്നോടാണ് കൂടുതല്‍ സ്‌നേഹം' എന്നാണ്.  മക്കള്‍ മുതിര്‍ന്നപ്പോള്‍ അവരുടെ ഇടപാടുകള്‍ കൈകാര്യം ചെയ്ത രീതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. വിദേശത്ത് നിന്ന് ഇക്കാക്കമാര്‍ അയക്കുന്ന പണം ചെലവഴിച്ചതിന്റെ കണക്കുകള്‍ അവരെ നേരില്‍ ബോധ്യപ്പെടുത്തുന്നത് പലപ്പോഴും നിറകണ്ണുകളോടെ നോക്കിനിന്നിട്ടുണ്ട്. 'ഒരു രൂപ ബാക്കിയുണ്ട്', 'മൂന്ന് രൂപ അങ്ങോട്ട് തരണം' എന്ന് പറഞ്ഞ് കണക്ക് അവസാനിപ്പിക്കുമ്പോള്‍ സ്വയം ലജ്ജിതരാകുന്ന ഇക്കാക്കമാരെ കണ്ടിട്ടുണ്ട്. ആ മാതൃക പ്രസ്ഥാന സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. 

സ്‌നേഹമായിരുന്നു ഉപ്പയുടെ ജീവിതത്തിന്റെ മുഖമുദ്ര. എന്നാല്‍ പ്രശ്‌നങ്ങളില്‍ ആര്‍ജവമുള്ള നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. വെല്ലുവിളികളെ സധൈര്യം നേരിടാനുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പ്രസ്ഥാനം നിരോധിക്കപ്പെട്ടപ്പോള്‍ കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞത് അദ്ദേഹമായിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം പ്രസ്ഥാന പ്രവര്‍ത്തകരെ കൂട്ടിയിണക്കുന്ന കണ്ണിയായി ബോധനം എന്ന ജിഹ്വ ആരംഭിക്കുകയാണ് അദ്ദേഹം ചെയ്തത്.

അദ്ദേഹത്തിന്റെ കൂടെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രദേശത്തെ കാരണവന്മാരായി വി.പി അലവിക്കുട്ടി സാഹിബ്, വി.പി കുഞ്ഞഹമ്മദാക്ക, കീഴിശ്ശേരി ബാപ്പുക്ക, അബ്ദുല്‍ ഹയ്യ് എന്നിവര്‍ ഉണ്ടായിരുന്നു. അവരുടെ കൂട്ടായ പ്രവര്‍ത്തനത്തെ ഈ സന്ദര്‍ഭത്തില്‍ ഈ മകള്‍ ഓര്‍ക്കുന്നു. അവര്‍ നേരത്തെ അല്ലാഹുവിങ്കലേക്ക് യാത്രയായി. അവരോടൊപ്പം ഉപ്പയേയും അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കട്ടെ.

അവസാനകാലത്ത് ആശുപത്രിയില്‍ കിടക്കവെ മക്കളെ വിളിച്ച് പലപ്പോഴായി നല്‍കിയ ഉപദേശങ്ങളില്‍ ഏറ്റവും വലുത് 'നിങ്ങള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യണ'മെന്നാണ്. മക്കളും മരുമക്കളും പേരമക്കളും എല്ലാം അടങ്ങുന്ന വിശാല കുടുംബം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ദീനിയായ മാര്‍ഗത്തിലാണ് എന്ന ബോധ്യം അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. പരസ്പരം വിട്ടുവീഴ്ച ചെയ്യണമെന്ന ഈ ഉപദേശം ഞങ്ങള്‍ക്ക് മാത്രമല്ല, നമ്മുടെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും സമുദായത്തിന് തന്നെയുമുള്ള ഉപദേശമായി വേണം മനസ്സിലാക്കാന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍