Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

പ്രസ്ഥാന ചരിത്രത്തിന്റെ മഹാശേഖരം

ശൈഖ് മുഹമ്മദ് കാരകുന്ന് /സ്മരണ

         1982 ല്‍ കോഴിക്കോട് യൂത്ത് സെന്റര്‍ ഭാരവാഹികള്‍ ഹാജി സാഹിബിനെ സംബന്ധിച്ച് ഒരു പുസ്തകമെഴുതാന്‍ എന്നെ  നിര്‍ബന്ധിച്ചു. ഞാന്‍ ഹാജി സാഹിബിനെ നേരില്‍ കണ്ടിട്ടില്ല. ആ കര്‍മയോഗി നിറയൗവ്വനത്തില്‍ ഈ ലോകത്തോടു വിടപറയുമ്പോള്‍ എന്റെ പ്രായം ഒമ്പത് വയസ്സ്. മുജാഹിദ്-ലീഗ് പശ്ചാത്തലമുള്ള കുടുംബത്തില്‍ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ കഴിയുന്ന എനിക്ക് ആ പ്രായത്തില്‍ ജമാഅത്ത് സ്ഥാപക നേതാവുമായി ബന്ധപ്പെടാനുള്ള വിദൂര സാധ്യത പോലുമുണ്ടായിരുന്നില്ല. പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച യൂത്ത് സെന്റര്‍ പ്രവര്‍ത്തകരിലും ഹാജി സാഹിബുമായി പരിചയപ്പെടുകയോ അടുത്തിടപഴകുകയോ ചെയ്ത ആരുമുണ്ടായിരുന്നില്ല. അതോടൊപ്പം അന്നോളം ഹാജി സാഹിബിനെ സംബന്ധിച്ച് ഒരു വരി പോലും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ ജീവചരിത്രം രേഖപ്പെടുത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയ ആ കര്‍മയോഗിയുടെ ജീവിതാനുഭവങ്ങളും ത്യാഗപരിശ്രമങ്ങളും പ്രസ്ഥാനത്തെ ഇവിടെ കരുപ്പിടിപ്പിച്ച ചരിത്രവും കൂടെ ജീവിച്ചവരോടൊപ്പം അപ്രത്യക്ഷമാകരുതെന്ന നിര്‍ബന്ധബുദ്ധി.

കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹാജി സാഹിബിനെ സംബന്ധിച്ച് എഴുതാന്‍ തീരുമാനിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഹാജി സാഹിബിന്റേതുള്‍പ്പെടെ സഹപ്രവര്‍ത്തകരുടെയെല്ലാം ജീവിതം ശിലാഫലകത്തിലെന്ന പോലെ മനസ്സില്‍ കൊത്തിവെച്ച അറിവിന്റെ മഹാശേഖരം ശരീര രൂപം പൂണ്ട അബ്ദുല്‍ അഹദ് തങ്ങള്‍ ജമാഅത്ത് ഓഫീസിലുണ്ടെന്നത് വലിയ ആശ്വാസമായി. യഥാര്‍ഥത്തില്‍ അതു തന്നെയാണ് ശൂന്യതയില്‍നിന്ന് ആ ചരിത്രകൃതി രചിക്കാന്‍ ധൈര്യം നല്‍കിയത്.

അബ്ദുല്‍ അഹദ് തങ്ങളോട് പുസ്തക രചനയെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷമായി. മണിക്കൂറുകളാണ് അതിനുവേണ്ടി നീക്കിവെച്ചത്. പുസ്തകത്താളുകളില്‍നിന്ന് വായിച്ചുതരുന്നതുപോലെ ഓര്‍മയുടെ അറകളില്‍നിന്ന് ഹാജി സാഹിബിനെ സംബന്ധിച്ചതെല്ലാം പുറത്തെടുത്ത് മുന്നില്‍ നിരത്തി. ജമാഅത്ത് ഓഫീസിലുള്ള പഴയ രേഖകളെല്ലാം തെരഞ്ഞ് കണ്ടുപിടിച്ചു തന്നു. ഹാജി സാഹിബിനെ സംബന്ധിക്കുന്ന വിവരം ലഭിക്കുന്ന, അദ്ദേഹവുമായി അടുത്തിടപഴകിയ ഇരുപത്തേഴ് പേരുടെ ലിസ്റ്റും തന്നു. അങ്ങനെ തങ്ങളുള്‍പ്പെടെ ഇരുപത്തെട്ടു പേരുമായി അഭിമുഖം നടത്തി കിട്ടിയ വിവരങ്ങള്‍ വെച്ചാണ് ഹാജി സാഹിബിനെ സംബന്ധിച്ച കൃതി തയാറാക്കിയത്. അതിലെ മുഖ്യമായ വിവരങ്ങളുടെയൊക്കെ സ്രോതസ്സ് അബ്ദുല്‍ അഹദ് തങ്ങള്‍ തന്നെ. തങ്ങളുടെ നിര്‍ദേശ പ്രകാരം അന്ന് അഭിമുഖം നടത്തി വിവരങ്ങള്‍ ശേഖരിച്ച ഇരുപത്തെട്ട് പ്രമുഖരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് രണ്ടേ രണ്ടു പേര്‍ മാത്രം. തങ്ങളുടെ സഹായത്തോടെ അന്നത് ചെയ്തതിന്റെ പ്രസക്തിയും പ്രാധാന്യവും ബോധ്യമാകാന്‍ ഇതുതന്നെ ധാരാളം.

പിന്നീട് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നില്‍ നടന്നവരെ പരിചയപ്പെടുത്തുന്ന പുസ്തകം തയാറാക്കിയപ്പോള്‍ കെ.സി അബ്ദുല്ല മൗലവി, വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി, ടി. മുഹമ്മദ് സാഹിബ്, കെ. മൊയ്തു മൗലവി, അബുല്‍ ജലാല്‍ മൗലവി, ടി. ഇസ്ഹാഖലി മൗലവി, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി പോലുള്ളവരെപ്പറ്റി പല പ്രധാന വിവരങ്ങളും നല്‍കിയത് അബ്ദുല്‍ അഹദ് തങ്ങളാണ്.

ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ആറു പതിറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ മഹാശേഖരമാണ് തങ്ങളുടെ മരണത്തോടെ നമുക്കു നഷ്ടമായത്. പ്രസ്ഥാന പ്രവര്‍ത്തകരെ എല്ലാ അര്‍ഥത്തിലും നന്നായി പഠിച്ചറിഞ്ഞ നേതാവാണ് അബ്ദുല്‍ അഹദ് തങ്ങള്‍. അഞ്ചു വര്‍ഷം മുമ്പ് വരെയുള്ള ജമാഅത്ത് അംഗങ്ങളിലാരെപ്പറ്റി ചോദിച്ചാലും ആധികാരികമായ വിവരം അദ്ദേഹത്തില്‍നിന്ന് ലഭിക്കുമായിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ സാന്നിധ്യം ജമാഅത്ത് ആസ്ഥാനത്തുള്ളവര്‍ക്ക് വലിയ ആശ്വാസവും അവലംബവുമായിരുന്നു.

സമുദായങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നിലനില്‍പ്പിന്റെ അടിവേരാണ് ചരിത്രം. ഭൂതകാലവുമായുള്ള ബന്ധം വിഛേദിക്കപ്പെടുന്ന ജനതകളുടെയും സമുദായങ്ങളുടെയും താളം പിഴക്കുകയും പാളം തെറ്റുകയും ചെയ്യും. അതുകൊണ്ടാണ് ചരിത്ര ധ്വംസനം സമൂഹ ഹത്യയായി മാറുന്നത്. വര്‍ത്തമാനം രൂപപ്പെടുന്നത് ഭൂതത്തിന്റെ തുടര്‍ച്ചയായാണ്. പിന്നിട്ട വഴിയാണ് പോകാനുള്ള പാത നിര്‍ണയിക്കുന്നത്. മുന്നില്‍ പോയവരുടെ പാദമുദ്രകള്‍ പിന്നാലെ വരുന്നവര്‍ക്കുള്ള വഴിവിളക്കാണ്. അനിഷേധ്യമായ ഈ വസ്തുത ഓര്‍ക്കുമ്പോഴാണ് തങ്ങളുടെ വിയോഗം വരുത്തിയ വന്‍നഷ്ടം ബോധ്യമാവുക. ആ മഹാനുഭാവന്റെ ഓര്‍മകളില്‍ അടുക്കിവെച്ച ചരിത്ര ശേഖരങ്ങളിലേറെയും രേഖപ്പെടുത്തപ്പെടാതെ ആറടി മണ്ണിലടക്കം ചെയ്യപ്പെട്ടുവെന്നത് വരുംതലമുറകളോടുള്ള ബാധ്യത ബോധ്യമുള്ളവരെയൊക്കെ അത്യധികം അലോസരപ്പെടുത്താതിരിക്കില്ല.

അബ്ദുല്‍ അഹദ് തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഒന്നാം തലമുറയില്‍ പെട്ടയാളാണ്. ആദ്യകാല നേതാക്കളിലൊരാള്‍. ഇപ്പോഴത്തെ അമീര്‍ ആരിഫലി സാഹിബ് നാലാം തലമുറയിലെയും ജനറല്‍ സെക്രട്ടറി മുജീബുര്‍റഹ്മാന്‍ അഞ്ചാം തലമുറയിലെയും അംഗങ്ങളാണ്. പ്രസ്ഥാന നേതാക്കളായ ഇരുവരെയും അദ്ദേഹം അങ്ങേയറ്റം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ഒരു നല്ല അനുയായിക്കേ നല്ല നേതാവാകാന്‍ കഴിയൂ എന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കുന്നതാണ് ആ ജീവിതം. അവിശ്വസനീയമാംവിധം വിനീതനായിരുന്നു തങ്ങള്‍.

കക്ഷി ഭേദമില്ലാതെ അടുത്തറിയുന്നവരെല്ലാം അദ്ദേഹത്തെ അതിയായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ എടയൂര്‍ നിവാസികള്‍ക്ക് അദ്ദേഹം 'ആപ്പീസിലെ പ്രിയപ്പെട്ട തങ്ങളാ'ണ്. ഈ ലേഖകനും വി.കെ അലി സാഹിബും മരണ വീടിന്റെ മുന്നിലിരിക്കെ മയ്യിത്ത് കണ്ട് തിരിച്ചുവന്ന കാന്തപുരം എ.പി വിഭാഗത്തിലെ പ്രാദേശിക പ്രവര്‍ത്തകന്‍ അലി സാഹിബിനോടു പറഞ്ഞു: ''എന്തിനു പ്രയാസപ്പെടണം. തങ്ങള്‍ ചിരിച്ചല്ലേ കിടക്കുന്നത്.'' അനുശോചന യോഗത്തില്‍ സംസാരിച്ച മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാവ് പറഞ്ഞ ഓരോ വാചകവും വികാരനിര്‍ഭരമായിരുന്നു; സംഘടനാ വ്യത്യാസങ്ങള്‍ക്കതീതമായി നാട്ടുകാര്‍ അദ്ദേഹത്തോടു പുലര്‍ത്തിയ സ്‌നേഹബഹുമാനം വെളിപ്പെടുത്തുന്നതും.

എത്ര ശ്രമിച്ചിട്ടും തങ്ങളുടെ ജീവിതത്തില്‍നിന്ന് അനിഷ്ടകരമോ അരോചകമോ ആയ ഒരു വാക്കുപോലും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. കോപത്തിന്റെ അടയാളം മുഖത്ത് പ്രകടമായ ഒരു നിമിഷം പോലും കടന്നുപോയതായി ഓര്‍ക്കുന്നില്ല. അതാണ് അബ്ദുല്‍ അഹദ് തങ്ങള്‍. വാക്കുകളെക്കാള്‍ അനേകമിരട്ടി അര്‍ഥപൂര്‍ണമായ മൗനം കൊണ്ട് ധന്യമായ മഹദ് ജീവിതത്തിനുടമ. ആറു പതിറ്റാണ്ടുകാലത്തെ ഇസ്‌ലാമിക പ്രസ്ഥാന ചരിത്രത്തിന്റെ വന്‍ശേഖരം. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍