Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

വിശിഷ്ട മൂല്യങ്ങള്‍ സാക്ഷാത്കരിച്ച ഒരു ജീവിതം

         ''പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നു'' എന്ന ഖുര്‍ആന്‍ വാക്യത്തെ ഓര്‍മിപ്പിക്കുന്ന ചില വ്യക്തിത്വങ്ങള്‍ അപൂര്‍വമായെങ്കിലും നമുക്കിടയില്‍ ഉണ്ടാകാറുണ്ട്. അത്തരമൊരു സാത്വിക ജീവിതമായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് 22-ന് ഈ ലോകത്തോടു വിടപറഞ്ഞ മര്‍ഹൂം സയ്യിദ് അബ്ദുല്‍ അഹദ് തങ്ങളുടേത്. 'വിനീതരായി വാണവര്‍ക്ക് അല്ലാഹു ഔന്നത്യമരുളാതിരിക്കില്ല' എന്ന് ഒരു നബിവചനമുണ്ടല്ലോ. അതായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്തും പുറത്തും തങ്ങള്‍ക്ക് ലഭിച്ച സ്‌നേഹാദരവുകള്‍ക്കാധാരം. കേരള ജമാഅത്തിന്റെ ചരിത്രം നിര്‍മിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ച മര്‍ഹൂം തങ്ങള്‍ പ്രസിദ്ധിയില്‍ നിന്നും പൊതുവേദികളില്‍ നിന്നും അല്‍പം മാറിയാണ് സഞ്ചരിച്ചിരുന്നത്. പുതിയ പ്രസ്ഥാന പ്രവര്‍ത്തകര്‍ തങ്ങളെ അടുത്തറിയണമെന്നില്ല. പിന്‍ഗാമികള്‍ക്ക് പഠിക്കാനും പകര്‍ത്താനും ഏറെ ജീവിതപാഠങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം കടന്നുപോയത്. തങ്ങളുമായി അടുത്തിടപഴകിയവരുടെ അനുഭവകഥനങ്ങളിലൂടെ ആ പാഠങ്ങള്‍ സമാഹരിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് പ്രബോധനം ഈ ലക്കം.

1950-കളുടെ ആരംഭത്തില്‍ യൗവനത്തിലേക്ക് കാലെടുത്തുവെച്ച തങ്ങള്‍ പ്രബോധനത്തിന്റെ നടത്തിപ്പിലും ജമാഅത്തിന്റെ ഓഫീസ് പ്രവര്‍ത്തനത്തിലും മര്‍ഹൂം ഹാജി സാഹിബിനെ സഹായിക്കാന്‍ എടയൂരിലെത്തുകയായിരുന്നു. അന്നു മുതല്‍ അദ്ദേഹം സ്വജീവിതം ഇസ്‌ലാമിക പ്രസ്ഥാനത്തിന് സമര്‍പ്പിച്ചു. അതില്‍ തന്നെ ജീവിച്ചു, മരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രസ്ഥാന ചുമതലകളില്‍ നിന്നും സേവനത്തില്‍ നിന്നും താല്‍ക്കാലികമായെങ്കിലും വിട്ടുനിന്ന ഇടവേളകളില്ല. സയ്യിദ് കുടുംബം എന്ന നിലയിലും ഭൗതികവും മതപരവുമായ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുടമ എന്ന നിലയിലും കൂടുതല്‍ പ്രസിദ്ധിയും സ്ഥാനമാനങ്ങളും ജീവിത സൗകര്യങ്ങളും ആര്‍ജിക്കാവുന്ന പല മേഖലകളും അദ്ദേഹത്തിനു മുമ്പിലുണ്ടായിരുന്നു. മാറ്റം ആവശ്യപ്പെടുന്ന ജീവിത സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നപ്പോഴും പ്രലോഭനങ്ങളൊന്നും അദ്ദേഹത്തെ ഒട്ടും വ്യതിചലിപ്പിച്ചില്ല. എളിയ മോഹങ്ങളും ലളിതമായ ജീവിത ശൈലിയും അദ്ദേഹത്തെ സ്വന്തം പാതയില്‍ അചഞ്ചലനാക്കി. 1975-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചപ്പോള്‍ കേരളത്തില്‍ കൂടുതല്‍ കാലം ജയില്‍ വാസമനുഷ്ഠിക്കേണ്ടിവന്നത് തങ്ങള്‍ക്കായിരുന്നു. ജയില്‍മോചിതരായ പലരും സംഘടന നിരോധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഇനിയും പ്രസ്ഥാന പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത് ആപത്താകുമെന്ന് ഭയന്നു. വല്ലതും ചെയ്യണമെന്നാഗ്രഹിച്ചവര്‍ അതെങ്ങനെയെന്നറിയാതെ കുഴങ്ങുകയായിരുന്നു. മര്‍ഹൂം അബ്ദുല്‍ അഹദ് തങ്ങള്‍ക്ക് ഈ സംത്രാസമൊന്നുമുണ്ടായില്ല. അദ്ദേഹം പുറത്തിറങ്ങിയ ഉടന്‍ തന്നെ പ്രാസ്ഥാനികമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പ്രബോധനത്തിനു പകരമായി ബോധനം എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം തുടങ്ങി. ഈ നടപടി, ചിതറിപ്പോവുകയും ഒറ്റപ്പെടുകയും ചെയ്ത പ്രസ്ഥാന പ്രവര്‍ത്തകരെ പരസ്പരം ബന്ധിപ്പിക്കാന്‍ ഒട്ടേറെ സഹായകമാവുകയുണ്ടായി. ജമാഅത്തിന്റെ നിരോധം നീങ്ങുകയും പ്രബോധനം പുനരാരംഭിക്കുകയും ചെയ്യുന്നതുവരെ ഈ പ്രവര്‍ത്തനം തുടര്‍ന്നു. ഈയൊരു സംഭവം മതി തങ്ങളുടെ കര്‍ത്തവ്യബോധവും വിപദി ധൈര്യവും പ്രത്യുല്‍പന്നമതിത്വവും മനസ്സിലാക്കാന്‍.

പ്രബോധനത്തിന്റെ പ്രിന്റര്‍, പബ്ലിഷര്‍, മാനേജര്‍, കേരള ജമാഅത്തിന്റെ സെക്രട്ടറി, ശൂറാ മെമ്പര്‍, അസിസ്റ്റന്റ് അമീര്‍, എടയൂര്‍ ഐ.ആര്‍.എസ് സ്ഥാപനങ്ങളുടെ പിതാവ് എന്നിങ്ങനെ ഒട്ടേറെ ചുമതലകള്‍ തങ്ങള്‍ വഹിച്ചിട്ടുണ്ട്. എല്ലാം ആക്ഷേപങ്ങള്‍ക്കിടം നല്‍കാതെ ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കണക്കിലും വ്യവസ്ഥകളിലുമുള്ള അദ്ദേഹത്തിന്റെ കൃത്യതയും കണിശതയും നീക്കുപോക്കില്ലാത്തതായിരുന്നു. അതോടൊപ്പം ആരെയും മുഷിപ്പിക്കാതെ, ക്ഷോഭിക്കാതെ സ്വന്തം കടമകള്‍ നിര്‍വഹിക്കാന്‍ ഉള്ളും പുറവും വെണ്‍മയാര്‍ന്ന ആ വ്യക്തിത്വത്തിനു കഴിഞ്ഞിരുന്നു. സൗമ്യതയും സ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്റെ കരുത്തുറ്റ ആയുധങ്ങള്‍.

അമ്പതുകൊല്ലം മുമ്പ് ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ ഒരു ജൂനിയര്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന കാലത്താണ് ഇതെഴുതുന്നയാള്‍ ആദ്യമായി അബ്ദുല്‍ അഹദ് തങ്ങളെ കാണുന്നത്. തുടുത്തു വെളുത്ത സുസ്‌മേരവദനനായ ഒരു കൃശഗാത്രന്‍. അന്നദ്ദേഹം കോളേജിന്റെ മാനേജരായിരുന്നു. പ്രിന്‍സിപ്പലും വാര്‍ഡനും ഇല്ലാത്തപ്പോള്‍ അവരുടെ ചുമതലയും അദ്ദേഹം നിര്‍വഹിക്കും. തങ്ങള്‍ക്ക് നല്ലൊരു ചൂരല്‍ വടിയുണ്ടായിരുന്നു. അതുകൊണ്ട് ആരെയും തല്ലുന്നത് കണ്ടിട്ടില്ല. പ്രഭാത നമസ്‌കാരത്തിന് ഉണര്‍ത്താന്‍ വരുമ്പോള്‍ എഴുന്നേല്‍ക്കാത്ത കുട്ടികള്‍ക്കടുത്ത് തറയിലായിരുന്നു ആ ചൂരല്‍ പതിച്ചിരുന്നത്. ഒരിക്കല്‍ ഒരു വികൃതിയുടെ പേരില്‍ തങ്ങളുടെ മുമ്പില്‍ വിചാരണക്ക് ഹാജരാകേണ്ടിവന്നു. തങ്ങളുടെ കനത്ത ചൂരല്‍ ഇന്ന് സ്വന്തം മുതുകില്‍ പതിച്ചതുതന്നെ എന്ന ഭയത്തോടെയാണ് ചെന്നത്. പക്ഷേ, പ്രതീക്ഷിച്ച ക്ഷോഭമോ ശകാരമോ ഉണ്ടായില്ല. കൈയില്‍ ചൂരലുമില്ല. ചുണ്ടില്‍ വിടരാന്‍ വെമ്പുന്ന മന്ദസ്മിതം മാത്രം. ഒന്നുഴിഞ്ഞു നോക്കിയ ശേഷം അദ്ദേഹം ചോദിച്ചു: ''നിങ്ങളെപ്പറ്റി കേട്ട ആക്ഷേപം ശരിയാണോ?'' അധ്യാപകരുടെയും മേലധികാരിയായ ഒരാള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ 'നിങ്ങള്‍' എന്ന് സംബോധന ചെയ്യുന്നത് ആദ്യമായി കേള്‍ക്കുകയായിരുന്നു. ഞാന്‍ ഉത്തരം പറയാതെ തലതാഴ്ത്തി. ഒരു നിമിഷം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു: ''നിങ്ങളെപ്പോലുള്ള കുട്ടികളെ നല്ല ദീനീ പ്രവര്‍ത്തകരായി വളര്‍ത്താനാണ് ഈ സ്ഥാപനം നടത്തുന്നത്... മനസ്സിലായോ?'' ഞാന്‍ തലയാട്ടി. ''എങ്കില്‍ പൊയ്‌ക്കോളൂ.'' തങ്ങള്‍ മണ്‍മറഞ്ഞിട്ടും ആ വാക്കുകള്‍ മനസ്സില്‍ മായാതെ പച്ചപിടിച്ചുകിടക്കുന്നു. അത്രക്കുണ്ടായിരുന്നു അതില്‍ നിറഞ്ഞുനിന്ന സ്‌നേഹത്തിന്റെയും സൗമ്യതയുടെയും സൗരഭ്യം. ഒരുകാലത്ത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായി ചെല്ലേണ്ടവനാണിവനെന്ന് വിധിയുടെ പുസ്തകം അന്നേ കുറിച്ചുവെച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഞാന്‍ സന്മാര്‍ഗം ദൈ്വവാരികയുടെ ചുമതല ഏല്‍പിക്കപ്പെട്ടപ്പോള്‍ സാങ്കേതികമായ ഉപദേശങ്ങള്‍ തന്ന് സഹായിച്ചിരുന്നത് തങ്ങളാണ്. സന്മാര്‍ഗത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ എന്നെ പ്രബോധനത്തില്‍ നിയമിച്ചതും അദ്ദേഹം തന്നെ. എന്റെ ചില ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് ആദ്യം നിര്‍ദേശിച്ചതും മറ്റാരുമായിരുന്നില്ല.

കൃത്യനിഷ്ഠ, കര്‍മകുശലത, ആത്മാര്‍ഥത, ദൈവഭക്തി, സൗമ്യശീലം, ലളിത ജീവിതം തുടങ്ങിയ മൂല്യങ്ങളുടെ സാക്ഷാത്കാരമായിരുന്നു മര്‍ഹൂം അബ്ദുല്‍ അഹദ് തങ്ങളുടെ ജീവിതം. ഇതുതന്നെയാണ് അദ്ദേഹം നമുക്ക് നല്‍കുന്ന മഹത്തായ പാഠങ്ങള്‍. മര്‍ഹൂം തങ്ങളുടെ പരലോക ജീവിതം ശാന്തിയും സൗഭാഗ്യവും നിറഞ്ഞതാകേണമേ എന്ന് കരുണാനിധിയായ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താന്‍ പ്രാപ്തരായ പിന്‍ഗാമികള്‍ ഈ പ്രസ്ഥാനത്തില്‍ വളര്‍ന്നുവരട്ടെ എന്നും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍