Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

ഹൃദയദേശത്ത് പാര്‍ത്തൊരാള്‍

എം.പി അബ്ദുസ്സമദ് സമദാനി എം.എല്‍.എ /സ്മരണ

         വലിയവരായാലും ചെറിയവരായാലും അവര്‍ ദേഹവിയോഗം ചെയ്തുപോകുമ്പോള്‍ നമ്മുടെ മനസ്സില്‍ അവര്‍ വിട്ടേച്ചുപോകുന്നത് എന്താണ്? അവര്‍ പാണ്ഡിത്യം, പ്രതിഭ, അധികാരം, പ്രശസ്തി എന്നിവയിലെല്ലാം വിരാജിച്ചവരാകാം. അതെല്ലാം അതിന്റേതായ സ്ഥാനത്ത് പ്രധാനം തന്നെ. സമൂഹത്തിനായി അവര്‍ വെടിഞ്ഞുപോകുന്ന നന്മകളില്‍ അതിന്റെയെല്ലാം സദ്ഫലങ്ങള്‍ തീര്‍ച്ചയായും ഉണ്ടായെന്നും വരാം. പക്ഷേ, വ്യഷ്ടിമാനസങ്ങളെ അവര്‍ സ്പര്‍ശിക്കുന്നത് അതിലൂടെയൊന്നുമല്ല എന്നതാണ് ചരിത്രം നല്‍കുന്ന പാഠം.

ആദര്‍ശങ്ങളുടെയും സിദ്ധാന്തങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പേരില്‍ ആത്മാര്‍ഥമായിത്തന്നെ പ്രവര്‍ത്തിക്കുകയോ പോരാടുകയോ അതിന്റെ പേരില്‍ മേനി നടിക്കുകയോ ചെയ്യുന്നവരില്‍ പലരും മനുഷ്യ പാരമ്പര്യത്തിലെ ഈ  പൊരുള്‍ അന്വേഷിക്കാനോ സ്വായത്തമാക്കാനോ മെനക്കെടാറില്ല. അവസാനം അവരുടെയെല്ലാം ആദര്‍ശവാശിയുടെ പടയോട്ടങ്ങള്‍ക്കു ശേഷം അവര്‍ കണ്ടെത്തുന്നത് തങ്ങളുടെ ബന്ധങ്ങളില്‍ ശൂന്യത മാത്രമായിരിക്കും. മസ്തിഷ്‌കത്തിന്റെ ഊഷര ഭൂമിയിലൂടെയായിരുന്നു തങ്ങളുടെ ജീവിതസഞ്ചാരമെന്ന് അവസാനം അവരില്‍ ചിലരെങ്കിലും തിരിച്ചറിയുന്നു.

എന്നാല്‍, ഹൃദയമാര്‍ഗേണ കടന്നുപോകുന്നവര്‍ പിന്‍ഗാമികളുടെ ഉള്ളില്‍ വളരെ പെട്ടെന്നു സ്വാധീനം നേടിയെടുക്കുന്നു. അവരുടെ വാക്കും പെരുമാറ്റവും നടപ്പും ഇരിപ്പുമെല്ലാം മറ്റുള്ളവരുടെ മനസ്സില്‍ മായാത്ത മുദ്രകള്‍ ചാര്‍ത്തുന്നു. ഒരു നോട്ടം കൊണ്ടും ഒരു മാത്ര കൊണ്ടും അവര്‍ ഹൃദയങ്ങളെ കീഴടക്കുന്നു. അവര്‍ വിടചൊല്ലി പിരിയുമ്പോഴാകട്ടെ അവരോട് ഇടപഴകുകയോ പരിചയിക്കുകയോ ചെയ്തവര്‍ കദനത്തിന്റെ വേദന അനുഭവിക്കുന്നു.

മനുഷ്യ ജീവിതത്തിന്റെ വൈചാരികതലത്തിനും അപ്പുറത്തുള്ളതും അതിനേക്കാള്‍ അഗാധവുമാണ് അതിന്റെ വൈകാരിക തലമെന്നു തിരിച്ചറിഞ്ഞ മഹത്തുക്കള്‍ക്കു മാത്രമേ അങ്ങനെയൊരു വിഷാദാത്മകമായ വിരഹം സൃഷ്ടിക്കാനാവുകയുള്ളൂ. ഹൃദയത്തെ തൊട്ടറിഞ്ഞവര്‍ കാലയവനിക്കപ്പുറത്തേക്ക് മായുമ്പോള്‍ ഹൃദയം തപിക്കുന്നു. എന്തോ വിലപ്പെട്ട ഒന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്ന സത്യം നാം മനസ്സിലാക്കുമ്പോള്‍ ഹൃദയം നാമറിയാതെ അവര്‍ക്കായി തേങ്ങുന്നു.

അവരുടെ പ്രസംഗവും പ്രവര്‍ത്തനവും ഹൃദയപരമായിരിക്കും. കരള്‍ച്ചോര കലര്‍ന്ന വാക്ക് മറ്റുള്ളവരുടെ കരളലിയിപ്പിക്കുക തന്നെ ചെയ്യും. അല്ലാമാ ഇഖ്ബാലിന്റെ മൊഴി പോലെ: ''ഹൃദയത്തില്‍ നിന്ന് നിര്‍ഗളിക്കുന്ന വാക്കിന് സ്വാധീനശക്തിയുണ്ട്. അതിനു ചിറകില്ലെങ്കിലും പറക്കാനുള്ള കരുത്തുണ്ട്.''

ഒരു ആംഗലേയ ആപ്തവാക്യമുണ്ട്: ''നിങ്ങളുടെ എല്ലാ വാക്കുകളും ആളുകള്‍ ഓര്‍ത്തിരിക്കണമെന്നില്ല; അതുപോലെ നിങ്ങളുടെ സകല പ്രവൃത്തികളും അവര്‍ ഓര്‍മിച്ചുകൊള്ളണമെന്നില്ല. എന്നാല്‍, ആളുകളെ വികാരഭരിതരാക്കിയ നിങ്ങളുടെ രീതി വിശേഷങ്ങള്‍ അവര്‍ ഒരിക്കലും മറക്കുകയില്ല.''

ചിലര്‍ വൈകാരിക ഭാവങ്ങളെ പഴിക്കുകയും അതിനെ അധമമായി ചിത്രീകരിക്കുകയും ചെയ്യാറുണ്ട്. അത്തരക്കാര്‍ പലപ്പോഴും 'വിചാരത്തടവുകാര്‍' ആയിരിക്കും, ചിന്തയുടെ ശുഷ്‌കമായ ലോകത്ത് നിന്ന് ഒരിക്കലും പുറത്തുകടക്കാത്തവര്‍. ജീവിതത്തില്‍ നിന്ന് അതിന്റെ വൈകാരികാംശം ചോര്‍ത്തിക്കളഞ്ഞാല്‍ പിന്നെ എന്താണ് അവശേഷിക്കുക? വികാരങ്ങളുടെ ആര്‍ദ്രഭാവങ്ങളാല്‍ തരളിതനാകാത്ത വ്യക്തിയും സമൂഹവും ഈ ഭൂലോകത്തിന് എന്താണ് നല്‍കുക? സമൂഹത്തിനും കുടുംബത്തിനും പോകട്ടെ, സ്വന്തത്തിനു തന്നെ പ്രയോജനപ്പെടാത്തവനായിത്തീരും ഏതു വികാരശൂന്യനും.

ചിന്തയും വിചാരവും വേണ്ടെന്നല്ല ഇതിന്റെ അര്‍ഥം. അതിനെ അതിജയിച്ചു നില്‍ക്കുന്ന വികാരമണ്ഡലം വ്യക്തിയുടെ ഉള്ളില്‍ അനിവാര്യമാണെന്ന സത്യമാണ് ഗ്രഹിക്കപ്പെടേണ്ടത്. അതായത് മസ്തിഷ്‌കമല്ല ഹൃദയമാണ് വ്യക്തിയെയും സമൂഹത്തെയും നയിക്കേണ്ടത്. മസ്തിഷ്‌കത്തെത്തന്നെ നേരെ നടത്താന്‍ ഹൃദയത്തിന്റെ മാര്‍ഗദര്‍ശകത്വം അനിവാര്യമാണ്. അല്ലാമാ ഇഖ്ബാലിന്റെ ഭാഷയില്‍ ''നംറൂദിന്റെ അഗ്നികുണ്ഠത്തിലേക്ക് ഹൃദയസ്‌നേഹം എടുത്തുചാടി. അത് കണ്ട് ബുദ്ധി മൂക്കത്ത് വിരല്‍ വെച്ചുപോയി!''

അബ്ദുല്‍ അഹദ് തങ്ങള്‍ എന്ന സാത്വികനെ ഓര്‍ക്കുമ്പോള്‍ ഈ ഹൃദയസ്പര്‍ശിത്വമാണ് മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വം മുഴുവന്‍ ഹൃദയ സംസ്‌കാരത്തില്‍ അധിഷ്ഠിതമായിരുന്നു. അതുകൊണ്ടുതന്നെ ആ ജീവിതം ഹൃദ്യവും ഹൃദയാവര്‍ജകവുമായി. മനസ്സില്‍ നിന്ന് ആ മന്ദഹാസം മായുന്നേയില്ല. അത് പൂര്‍ണമായും ഉള്ളില്‍ നിന്നു വരുന്നതായിരുന്നു. ഹൃദയം ചിരിക്കുകയായിരുന്നു. അസാമാന്യമായ ഈ ഹൃദയപരത തന്നെയായിരുന്നു തങ്ങളുടെ ഏറ്റവും വലിയ മൂലധനം. ആരോടും ഹൃദയപൂര്‍വം മാത്രം സംവദിച്ച അദ്ദേഹത്തിന് ആരും അന്യരായിരുന്നില്ല. ആ ജീവിതം വിശുദ്ധമായിരുന്നു, ഹൃദയമോ നിര്‍മലവും.

വിനയം, ലാളിത്യം, സൗമ്യത തുടങ്ങിയ സദ്ഗുണങ്ങളെല്ലാം അബ്ദുല്‍ അഹദ് തങ്ങളുടെ സല്‍സ്വഭാവത്തിന്റെ ആത്മാംശങ്ങളായിരുന്നു. എന്നാല്‍, ഈ മേന്മകളെല്ലാം മൗലികമായ ഹൃദയ സംസ്‌കാരത്തിന്റെ പ്രതിഫലനങ്ങള്‍ മാത്രമായിരുന്നു. ഈ മഹനീയ ഗുണങ്ങളൊന്നും തങ്ങള്‍ ഏതെങ്കിലും രീതിയിലുള്ള ശിക്ഷണ ക്രമത്തിലൂടെ ആര്‍ജിച്ചതായിരുന്നില്ല. മറിച്ച് അതെല്ലാം നൈസര്‍ഗികമായി അദ്ദേഹത്തിന്റെ വ്യക്തിസത്തയില്‍ ഊട്ടപ്പെട്ടിരുന്നുവെന്നതാണ് വാസ്തവം. തങ്ങളോട് ഇടപഴകുന്നവര്‍ക്കെല്ലാം വളരെ പെട്ടെന്നു മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അത് ആ പെരുമാറ്റത്തിലെ സ്വാഭാവികതയായിരുന്നു.

ജീവിതത്തിലെ ദീര്‍ഘമായൊരു കാലം ഒരു മുറിയുടെ മൂലയിലെ കസേരയില്‍ ഇരുന്നു കൊണ്ടാണ് അബ്ദുല്‍ അഹദ് തങ്ങള്‍ മഹത്തായ സേവനങ്ങള്‍ പലതും നിര്‍വഹിക്കുകയുണ്ടായത്. തീര്‍ത്തും നിശ്ശബ്ദവും നിസ്വാര്‍ഥവും നിര്‍മലവുമായ കര്‍മസപര്യ. പ്രശാന്തനായിരുന്ന് വലിയ വലിയ കാര്യങ്ങള്‍ അദ്ദേഹം ചെയ്തു തീര്‍ത്തു. പ്രസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍.. എല്ലാം ആ ഇരുന്ന ഇരിപ്പിലിരുന്ന് അദ്ദേഹം നയിച്ചു. എല്ലാം നിരീക്ഷിച്ചു, ഗ്രഹിച്ചുള്‍ക്കൊണ്ടു. പക്ഷേ, തുളുമ്പിയില്ല, എപ്പോഴും നിറഞ്ഞുതന്നെ നിലകൊണ്ടു.

ആ ഇരിപ്പില്‍, ആ മുഖത്ത് എപ്പോഴും രണ്ടു വൈശിഷ്ട്യങ്ങള്‍ തിളങ്ങിനിന്നു; പ്രശാന്തിയും പ്രസാദാത്മകതയും. പരിസരത്തെ പ്രോജ്വലമാക്കാന്‍ പര്യാപ്തമായ ഈ ഇരട്ട സൗഭാഗ്യങ്ങള്‍ ആ വ്യക്തിത്വത്തില്‍ ജന്മനാ തന്നെ പ്രതിഫലിച്ചു. മ്ലാനത അദ്ദേഹത്തിന്റെ പരിസരത്തേക്കു പോലും എത്തിനോക്കിയില്ല. ചിലപ്പോള്‍ മുഖത്ത് ഒരു ഗാംഭീര്യം ദൃശ്യമാകുമായിരുന്നു. അത് ഭക്തിയുടേതു മാത്രമായിരുന്നു. ദൈവസ്മരണയുടെയും പ്രാര്‍ഥനയുടെയും വേളകളില്‍ ആ വദനത്തില്‍ അര്‍ഥവത്തായൊരു ഗൗരവം സ്ഫുരിച്ചുനിന്നു. വുദൂവിന്റെയും നമസ്‌കാരത്തിന്റെയും നൈരന്തര്യമാണ് ആ മുഖത്തെ ചൈതന്യത്തിന് ഹേതുകമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

'പ്രകാശധവളിമ' എന്നൊക്കെ നാം പറയാറുണ്ട്. ആ വാക്ക് പൂര്‍ണമായും ഇണങ്ങുന്ന ഒരു വ്യക്തിത്വത്തെ കണ്ടെത്താന്‍ അബ്ദുല്‍ അഹദ് തങ്ങളെ കണ്ടുമുട്ടിയാല്‍ മതിയായിരുന്നു. ഇനി ആ രൂപം കാണാന്‍ കഴിയില്ല. പക്ഷേ 'യശോധവളിമ' അവശേഷിക്കുന്നു. തങ്ങള്‍ യശസ്സില്‍ ഇനിയും ജീവിക്കും.

'ദീന്‍ ഗുണകാംക്ഷയാണ്' എന്ന  പ്രവാചക വചനത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന വീക്ഷണമാണ് അബ്ദുല്‍ അഹദ് തങ്ങള്‍ സദാ വെച്ചുപുലര്‍ത്തിയത്. വേദി ഏതാകട്ടെ, ദീനീ സേവനമേഖലയുടെ സാഹചര്യവും സ്വഭാവവും എന്താകട്ടെ, പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ മനോഭാവത്തിന് മാത്രം അദ്ദേഹം പ്രാധാന്യം നല്‍കി. കക്ഷി വ്യത്യാസങ്ങളുടെയോ നിലപാടുകളിലെ വ്യതിയാനങ്ങളുടെയോ ഭാവപ്പകര്‍ച്ചകള്‍ ആ വലിയ വ്യക്തിത്വം പ്രധാനമായിക്കണ്ടില്ല. വ്യക്തികളുടെ സദുദ്ദേശ്യത്തെയും ലക്ഷ്യബോധത്തെയും മാനിക്കാനുള്ള വിശാല മനസ്സ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു.

ആശയങ്ങളുടെ മാത്രമല്ല, വ്യക്തികളുടെയും ആദര്‍ശപരതയില്‍ തങ്ങള്‍ ഉറച്ചുവിശ്വസിച്ചു. തര്‍ക്കവും കലഹവുമെല്ലാം ആ പരിപക്വമനസ്സിന് ഒട്ടും താല്‍പര്യജനകമായിരുന്നില്ല. ആ ഹൃദയനേത്രം എപ്പോഴും അപരന്റെ ഹൃദയത്തിലേക്ക് മാത്രം നോക്കി. വ്യക്തിപരമായ അനുഭവത്തില്‍ ഈ ലേഖകനും തങ്ങളുടെ ഈ മഹത്വത്തിന് സാക്ഷിയായിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ ആ ഉയര്‍ന്ന വ്യക്തിത്വത്തോടുള്ള ആദരം വര്‍ധിപ്പിക്കുകയും അതിന്റെ തീക്ഷ്ണതയില്‍ വികാരഭരിതനായിപ്പോവുകയും ചെയ്തിട്ടുണ്ട്. ഈ മനുഷ്യ രത്‌നത്തോട് സമ്പര്‍ക്കം പുലര്‍ത്താന്‍ എനിക്കും ഭാഗ്യമുണ്ടായി. അല്ലാഹുവിന്റെ അനുഗ്രഹം തന്നെ.

എന്റെ വന്ദ്യപിതാവ് എം.പി അബ്ദുല്‍ ഹമീദ് മൗലവിയും അബ്ദുല്‍ അഹദ് തങ്ങളും തമ്മില്‍ സുഹൃദ് ബന്ധം ഉണ്ടായിരുന്നു. അതും കൂടി പരിഗണിച്ചായിരിക്കണം തങ്ങള്‍ എന്നോട് സ്‌നേഹത്തില്‍ കവിഞ്ഞൊരു വാത്സല്യം കാണിച്ചത്. അതിനു അന്ത്യം വരെ ഒരിക്കലും ഒരു കുറവും അനുഭവപ്പെടുകയുണ്ടായില്ല. കാണുമ്പോഴൊക്കെ ആ തൂമന്ദഹാസവും വലിയ പരിഗണനയും സമ്മാനമായി ലഭിച്ചു. ഓരോ കൂടിക്കാഴ്ചയിലും ഉള്ളു തുറന്നു ചിരിക്കുക മാത്രമല്ല, ഉള്ളു തുറന്നു സംസാരിക്കുകയും ചെയ്തു. അപ്പോഴെല്ലാം ആ ഹൃദയസാന്നിധ്യം അനുഭവിച്ചു.

ഹൃദയപരതയെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ദീനിന്റെ ഉള്‍സാരം മുഴുവന്‍ യഥാര്‍ഥത്തില്‍ അതിനോട് ബന്ധപ്പെട്ടതല്ലേ? ഹൃദയമെന്ന 'മാംസപിണ്ഡ'ത്തിന്റെ നന്മ-തിന്മകളാണ് മുഴു ശരീരത്തിന്റെയും നന്മ-തിന്മകളെ നിശ്ചയിക്കുന്നതെന്ന് നബി(സ) മൊഴിഞ്ഞു. 'തഖ്‌വ' എന്ന ദൈവഭക്തി ഹൃദയത്തിലാണെന്ന് സൂചന നല്‍കിക്കൊണ്ട് അവിടുന്ന് നെഞ്ചിനു നേരെ വിരല്‍ചൂണ്ടിക്കാട്ടി. മനുഷ്യരുടെ രൂപമോ ശരീരമോ അല്ല, അവരുടെ ഹൃദയമാണ് അല്ലാഹു നിരീക്ഷിക്കുന്നതെന്നും പുണ്യ റസൂല്‍(സ) ഉണര്‍ത്തി. ദൈവസ്മരണയിലൂടെ പ്രോജ്വലമാകുന്നതും പിശാചിന്റെ വാസസ്ഥാനമായി ഇരുളടഞ്ഞുപോകുന്നതും ഹൃദയം തന്നെ. ഒരു ഉര്‍ദു കവിയുടെ വാക്കുകള്‍: ''ഹൃദയത്തിലെ വാസസ്ഥാനം അത്ഭുതകരം, ഹൃദയത്തിന്റെ താഴ്‌വാരവും അത്ഭുതകരം; ഇവിടെയാണ് നാം കിനാക്കളുടെ ചെടികള്‍ നട്ടത്, പക്ഷേ മഴ പെയ്യുമെന്നതിന് എന്തുറപ്പാണുള്ളത്?''

ഒരു ധന്യപുരുഷന്റെ ഹൃദയപ്രവാഹം കൂടി ചരിത്രത്തില്‍ ലയിച്ചു. നിര്യാണാനന്തരം രണ്ടു ദിവസം കഴിഞ്ഞ് അബ്ദുല്‍ അഹദ് തങ്ങളുടെ വീട്ടില്‍ ചെന്നപ്പോള്‍ മക്കളും മരുമക്കളും മറ്റു ബന്ധുക്കളുമായി അവിടെ ഉണ്ടായിരുന്നവരെല്ലാം ഒരു സദസ്സിലെന്ന പോലെ എന്നെ കൂടെയിരുത്തി. ഞങ്ങള്‍ ഏറെ സമയം ആ ജീവിത കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഹൃദയസംവേദനത്തിന്റെ മഹാ ഗാഥകള്‍. 'നിങ്ങള്‍ നിങ്ങളുടെ പരേതരുടെ നന്മകള്‍ അനുസ്മരിക്കുക' എന്ന പ്രവാചക വചനത്തിന്റെ പ്രകാശം പരന്ന സന്ദര്‍ഭം. ഓര്‍മകള്‍ പ്രാര്‍ഥനകളായി. ഹൃദയങ്ങള്‍ മഗ്ഫിറത്തിനായി തേടി. കഠിനമായ ഹൃദയവേദനയോടെയാണെങ്കിലും ഉറച്ച വാക്കുകളിലൂടെയാണ് അവര്‍ കുടുംബനാഥനെക്കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തില്‍ നിന്ന് അവര്‍ക്ക് ലഭിച്ച ശിക്ഷണത്തിന്റെ സ്വഭാവം ആ സന്ദര്‍ഭത്തില്‍ വീണ്ടും ബോധ്യമായി.

വികാരസാന്ദ്രമായ അന്തരീക്ഷത്തില്‍ വിട ചോദിച്ചുപോരുമ്പോള്‍ അവര്‍ പറഞ്ഞു, തങ്ങളെക്കുറിച്ച് എഴുതണമെന്ന്. എനിക്കും തോന്നി എന്റെ ഉള്ളില്‍ തട്ടിയ ആ വ്യക്തിത്വ മാഹാത്മ്യത്തെപ്പറ്റി എന്റെയും രണ്ടു വരി രേഖപ്പെടുത്തണമെന്ന്. തങ്ങളുടെ വീട്ടില്‍ ഇരുന്നപ്പോള്‍ അനുഭവപ്പെട്ട ഒരു അഭിമാനമുണ്ട്: ഞാനും ആ കുടുംബത്തിനു പുറത്തല്ലല്ലോ എന്ന്. തങ്ങളുടെ വ്യക്തിത്വത്തിനുള്ളില്‍ ഞാനെന്ന പോലെ, എന്റെ ഹൃദയത്തില്‍ തങ്ങള്‍ എന്ന പോലെ പരസ്പരം അകപ്പെട്ടിരിക്കുന്നു. ആ ഹൃദയ സ്‌നേഹത്തിന്റെ മൃദുസ്‌മേരം എന്നെയും അധീനനാക്കിയിരുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍