സ്വൂഫിത്വം സ്ഫുരിക്കുന്ന മുഖമെങ്ങനെ മറക്കും?
കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ ഭാഗഭാക്കാവാന്‍ സാധിച്ചുവെന്ന കൃതാര്‍ഥതയോടെയാകും സൗമ്യതയുടെയും ലാളിത്യത്തിന്റെയും മുഖമുദ്രയായ അബ്ദുല്‍ അഹദ് തങ്ങള്‍ കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായിട്ടുണ്ടാവുക. ഒട്ടനവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വളാഞ്ചേരിക്കടുത്ത എടയൂര്‍ പൂക്കാട്ടിരി എന്ന ഗ്രാമം തന്റെ പ്രവര്‍ത്തന മേഖലയായി തങ്ങള്‍ തെരഞ്ഞെടുത്തത് യാദൃഛികമായിട്ടാവില്ല. വ്യക്തമായ ചില ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അതിന്റെ പിന്നില്‍ ഉണ്ടായിക്കാണണം. കേരളത്തിലെ ഇസ്‌ലാമിക ചിന്താധാരയില്‍ ഒരു പുതിയ ആശയ കിരണം ഉദിച്ചുയര്‍ന്നത് ആരാലും അറിയപ്പെടാതെ കിടന്ന ഈ ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നായിരുന്നു. ഹാജി സാഹിബിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ആ ചിന്താ പ്രസ്ഥാനം മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക ധൈഷണിക വളര്‍ച്ചയില്‍ ഒരു വിളക്ക് മാടമായി പ്രശോഭിച്ചത് ചരിത്രമാണ്.
അബ്ദുല്‍ അഹദ് തങ്ങള്‍ ആ വിളക്ക്മാടത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തവരില്‍ മുന്‍പന്തിയിലായിരുന്നു. വ്യക്തിപരമായി എനിക്ക് തങ്ങളുമായുള്ള ബന്ധത്തിന് ഒരുപാട് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കുട്ടിയായിരിക്കെ തന്നെ അദ്ദേഹത്തിന്റെ സൗമ്യമാര്‍ന്ന മുഖം എന്റെ മനസ്സില്‍ പതിഞ്ഞിരുന്നുവെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാവില്ല. തങ്ങളുമായി ഒരിക്കല്‍ സംസാരിക്കാനോ ബന്ധപ്പെടാനോ ഇടവന്നാല്‍ ആര്‍ക്കും അദ്ദേഹത്തിന്റെ വശ്യമാര്‍ന്ന പെരുമാറ്റവും സൂഫിത്വം സ്ഫുരിക്കുന്ന മുഖവും മറക്കാന്‍ കഴിയില്ല. അവശതകള്‍ വകവെക്കാതെ അവസാനം വരെയും കര്‍മനിരതനായിരുന്നു അദ്ദേഹം. ഓരോ മനുഷ്യജന്മത്തിനും ഓരോ ലക്ഷ്യമുണ്ടാവുക പ്രകൃതി നിയമമാണ്. ആ പ്രകൃതി നിയമത്തെത്തന്നെയാണ് ദൈവഹിതം എന്ന് വിളിക്കുന്നത്. തത്ത്വചിന്തകനായ ബര്‍ണാഡ് ഷാ മരണാസന്നനായി കിടക്കവെ അദ്ദേഹത്തെ വന്നു കണ്ട ശിഷ്യരില്‍ ഒരാള്‍ ഷായോട് ചോദിച്ചുവത്രെ: ''അങ്ങേക്ക് ഒരു പുനര്‍ജന്മം ഉണ്ടാവുമെങ്കില്‍ ആരായി ജനിക്കാനാണ് അങ്ങ് ആഗ്രഹിക്കുന്നത്?'' അതിന് ബര്‍ണാഡ് ഷായുടെ മറുപടി ചിന്തോദ്ദീപകമായിരുന്നു: ''എനിക്കൊരു പുനര്‍ജന്മം ഉണ്ടാകുമെങ്കില്‍ മറ്റൊരു മനുഷ്യനായി ജനിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.''
ചോദ്യകര്‍ത്താവ് ആ ഉത്തരമല്ല അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്നത്, 'ബര്‍ണാഡ് ഷാ തന്നെയായി ജനിക്കാനാണ് എനിക്കിഷ്ടം' എന്ന മറുപടിയായിരുന്നു. എന്തേ അങ്ങനെയെന്ന് ശിഷ്യന്‍ വീണ്ടും ഷായോട് ആരാഞ്ഞപ്പോള്‍ ഷാ ഇങ്ങനെയാണ് പ്രതികരിച്ചത്: ''ബര്‍ണാഡ് ഷായെന്ന നിലയില്‍ ഈ ഭൂമുഖത്ത് ഞാന്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളെല്ലാം എന്റെ ഈ ജന്മത്തില്‍ തന്നെ ഞാന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി അങ്ങനെ ഒരാളുടെ ആവശ്യം ഇവിടെയില്ല. ഇനിയെനിക്കൊരു ജന്മം ഉണ്ടാകുമെങ്കില്‍ മറ്റൊരു മനുഷ്യനായി ജനിച്ച് അയാളുടെ ജീവിത ധര്‍മങ്ങള്‍ പൂര്‍ത്തിയാക്കി കടന്നു പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' മഹാഭൂരിപക്ഷം മനുഷ്യ ജന്മങ്ങള്‍ക്കും ഇങ്ങനെയൊരു ഉത്തരത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. അങ്ങനെ പറയാനല്ലെങ്കിലും ചിന്തിക്കാനെങ്കിലും അര്‍ഹതപ്പെട്ടവരില്‍ ഒരാളായിരുന്നു നമ്മോട് വിട ചൊല്ലിയ അഹദ് തങ്ങളെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവര്‍ത്തന തലങ്ങളെക്കുറിച്ച് ഏറെയൊന്നും എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം എനിക്കുറപ്പാണ്. ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ അതിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഞാന്‍ തങ്ങളെ കാണാന്‍ ആഗ്രഹിച്ചിട്ടുള്ളത് എന്റെ നാടിന് തൊട്ടടുത്തുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സാത്വികനായ ഒരു മനുഷ്യനായിട്ടാണ്. ആക്രാന്തവും ആര്‍ത്തിയുമില്ലാതെ, നടന്നുപോകുമ്പോള്‍ പോലും സൂക്ഷ്മത പാലിച്ച്, കണ്ടുമുട്ടുന്നവര്‍ക്കെല്ലാം നിഷ്‌കളങ്കമായ പുഞ്ചിരിയുടെ സൗരഭ്യം പകര്‍ന്നുനല്‍കി കടന്നുപോയ ഒരു നല്ല മനുഷ്യന്റെ ചിത്രമാണ് അദ്ദേഹത്തെ കുറിച്ച് എന്നും എന്റെ മനസ്സിലുണ്ടാവുക.
സംഘടനാപരമായ വ്യത്യാസങ്ങളും ആശയപരമായ അഭിപ്രായാന്തരങ്ങളും വെച്ചുപുലര്‍ത്തുന്നവരില്‍ പോലും, ഇങ്ങനെയൊരു വിചാരം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ നേതാക്കളുടെ എണ്ണം അംഗുലീപരിമിതമായിരിക്കും. അത്തരം അത്യപൂര്‍വരില്‍ ഒരാളായി ജീവിക്കാനും മരിക്കാനും അബ്ദുല്‍ അഹദ് തങ്ങള്‍ക്ക് സാധിച്ചുവെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത വിജയം. എടയൂരില്‍ അദ്ദേഹത്തിന്റെ മുന്‍കൈയില്‍ സ്ഥാപിതമായ ഇസ്‌ലാമിക് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഒരുപാട് തലമുറകള്‍ക്ക് അറിവിന്റെ ജാലകം തുറന്നുവെച്ച് കൊടുത്തിട്ടുണ്ട്. ഞാനല്ലാത്ത എന്റെ വീട്ടിലെ ആറു പേരും അവിടെ നിന്നാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. സ്ഥാപനത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ ആകര്‍ഷണീയമായ വേതനങ്ങളില്ലാഞ്ഞിട്ടുപോലും പലരും അവിടെ ജോലി ചെയ്തത് തങ്ങളോട് വിടപറഞ്ഞെങ്ങനെ പോകും എന്ന ചിന്തയാലാണെന്ന് അവരില്‍ പലരുമായി വ്യക്തിബന്ധമുണ്ടായിരുന്ന എനിക്കറിയാം. 'മറ്റു പല സ്ഥാപനങ്ങളെയും പോലെ നൊടിയിടയില്‍ ഏവരെയും വിസ്മയിപ്പിക്കുന്ന വളര്‍ച്ച എന്തേ ഐ.ആര്‍.എസിന് ഉണ്ടാകാതെ പോയി' എന്ന എന്റെ ചോദ്യത്തിന് പുഞ്ചിരി തൂകിയ അദ്ദേഹത്തിന്റെ ആ മറുപടി ഇന്നും എന്റെ മനസ്സില്‍ കൊത്തിവെച്ചതു പോലെയുണ്ട്: 'വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ക്രമാനുഗതമായ പുരോഗതിയേ ഉണ്ടാകാവൂ, അല്ലാത്ത വളര്‍ച്ചകള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവില്ല' എന്നായിരുന്നു ആ മറുപടി. പല സ്ഥാപനങ്ങളും കണ്ണുചിമ്മിത്തുറക്കുന്ന സമയത്തിനുള്ളില്‍ വളര്‍ന്നു പന്തലിച്ചതിന്റെ പിന്നിലെ രഹസ്യങ്ങള്‍ തേടി പോയാല്‍ അതൊരു പക്ഷേ, കേള്‍ക്കാന്‍ സുഖമുള്ള കഥകളുടെ തീരത്താവില്ല നമ്മെ എത്തിക്കുക. എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ യു.പി വിഭാഗത്തിന് അംഗീകാരമുണ്ടായിരുന്നില്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ചില അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നുണ്ടെന്ന വാര്‍ത്ത കേട്ട് തങ്ങളെന്നോട് നേരില്‍ കാണാന്‍ ഒരു സമയം ചോദിച്ചു: 'ഞാന്‍ അങ്ങയെ വന്നു കണ്ടുകൊള്ളാ'മെന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്. ഐ.ആര്‍.എസില്‍ പ്രവര്‍ത്തിക്കുന്ന യു.പി സെക്ഷന്റെ അംഗീകാരമായിരുന്നു അദ്ദേഹത്തിന് പങ്കുവെക്കാനുണ്ടായിരുന്ന വിഷയം. കേരളത്തിലെ ഏതെങ്കിലും ഒരു സ്‌കൂളിന് അംഗീകാരം നല്‍കുന്നുണ്ടെങ്കില്‍ ആ കൂട്ടത്തില്‍ ഐ.ആര്‍.എസ് ഉണ്ടാകുമെന്ന ഉറപ്പ് ഞാന്‍ അദ്ദേഹത്തിന് നല്‍കി. അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരവെ ചില എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളും ഐ.ആര്‍.എസിന്റെ അഭിവൃദ്ധി ആഗ്രഹിക്കാത്ത കുബുദ്ധികളും യു.പി സ്‌കൂളിന് അംഗീകാരം നല്‍കുന്നത് തടയാന്‍ ആവുന്നതെല്ലാം ചെയ്തു. ഒരു ഘട്ടമെത്തിയപ്പോള്‍ ഐ.ആര്‍.എസ് ലിസ്റ്റില്‍നിന്ന് പുറംതള്ളപ്പെട്ടേക്കുമോ എന്ന സാഹചര്യം വരെയുണ്ടായി. എന്നെ സംബന്ധിച്ചിടത്തോളം ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കും. അതിനെനിക്ക് കഴിഞ്ഞില്ലെങ്കില്‍ സ്വൂഫിയാണെന്ന് ഞാന്‍ കരുതുന്ന ആ മനുഷ്യന്റെ മുഖത്ത് എങ്ങനെ നോക്കും? ഞാനെന്റെ പ്രയാസം അന്നത്തെ വിദ്യഭ്യാസ മന്ത്രി എം.എ ബേബിയുമായി പങ്കുവെക്കുകയും ചെയ്തു. എന്റെ മുഖത്ത് നിന്ന് എന്റെ മനോവിഷമം വായിച്ചെടുത്ത അദ്ദേഹം, സര്‍ക്കാര്‍ പുറത്തിറക്കുന്ന ലിസ്റ്റില്‍ ഐ.ആര്‍.എസിന്റെ പേരുണ്ടാകും എന്ന് എന്റെ പുറത്ത് തട്ടി പറഞ്ഞപ്പോള്‍ എനിക്കുണ്ടായ ആഹ്ലാദം ചെറുതായിരുന്നില്ല. ചിലയാളുകളോട് നാം പറയുന്ന വാക്ക് പാലിക്കപ്പെടാതെ പോയാല്‍ ഒരു സ്വസ്ഥതയും മനസ്സിന് കിട്ടാത്ത അവസ്ഥയുണ്ടാകും. അത്തരമൊരു അവസ്ഥയെ എനിക്ക് അഭിമുഖീകരിക്കേണ്ടി വരുമോ എന്ന ഭയമാണ് അതോടെ ഇല്ലാതായത്. പിന്നീട് തങ്ങള്‍ ഐ.ആര്‍.എസിന് പ്ലസ്ടു ബാച്ച് കിട്ടുന്നതിനെ കുറിച്ചാണ് എന്നോട് പറഞ്ഞത്. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് തല്‍ക്കാലം പ്ലസ്ടു ബാച്ച് നല്‍കേണ്ടതില്ല എന്നായിരുന്നു തത്ത്വത്തില്‍ സര്‍ക്കാറിന്റെ തീരുമാനം. അങ്ങനെ വന്നാല്‍ ഐ.ആര്‍.എസിന്ന് പ്ലസ്ടു ലഭിക്കില്ല. ആ തീരുമാനത്തില്‍ കാര്‍ക്കശ്യം ഉപേക്ഷിക്കണമെന്ന് പലരും സര്‍ക്കാറിനോടാവശ്യപ്പെട്ടു. അക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. എന്റെ മനസ്സില്‍ ഒരുപാട് സ്ഥാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. അബ്ദുല്‍ അഹദ് തങ്ങള്‍ എന്നോട് പറഞ്ഞ ഐ.ആര്‍.എസ് മാത്രമായിരുന്നു. അങ്ങനെ ഐ.ആര്‍.എസിന് പ്ലസ്ടു ബാച്ചുകളും അനുവദിച്ച് കിട്ടിയപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിന് പരിധികളില്ലായിരുന്നു. നമ്മളേറെ ആദരിക്കുന്ന വ്യക്തികള്‍ നമ്മോട് പറയുന്ന എന്തെങ്കിലും കാര്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കാനവലാണ് ജീവിതത്തിന്റെ പുഷ്‌കലമായ ഓര്‍മകളായി അവശേഷിക്കുക. എന്റെ മനസ്സില്‍ ഒട്ടൊക്കെ സമ്പൂര്‍ണത ഞാന്‍ വകവെച്ച് നല്‍കുന്നവരുടെ കൂട്ടത്തില്‍ വിരലിലെണ്ണാവുന്ന ഏതാനും വ്യക്തികളേ ഉള്ളൂ. അവരില്‍ ഒരാളാണ് അബ്ദുല്‍ അഹദ് തങ്ങളെന്ന് പറയാനെനിക്ക് അതിയായ അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ വിയോഗംമൂലം ജമാഅത്തെ ഇസ്‌ലാമിക്ക് നഷ്ടപ്പെട്ടത് അതിന്റെ കറകളഞ്ഞ ഒരു നേതാവിനെയാകാം. ഐ.ആര്‍.എസിനാവട്ടെ അതിന്റെ പിതാവിനെ തന്നെയാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല മനുഷ്യന്റെ തണല്‍ നഷ്ടമാണ് അബ്ദുല്‍ അഹദ് തങ്ങളുടെ ദേഹവിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
Comments