Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

നീല രക്തം അവഗണിച്ച തങ്ങള്‍

വി.എ കബീര്‍ /സ്മരണ

         അറുപതുകളുടെ ആദ്യത്തില്‍ ചേന്ദമംഗല്ലൂരില്‍ വിദ്യാര്‍ഥിയായിരിക്കെ ഒഴിവ് കാലത്ത് അപൂര്‍വമായി ചിലപ്പോള്‍ ഉപ്പ കൂട്ടാന്‍വരും. അത്തരം സന്ദര്‍ഭങ്ങളില്‍ മേരിക്കുന്നില്‍ പ്രബോധനം ഓഫീസില്‍ രാപ്പാര്‍ത്തശേഷം പിറ്റേന്ന് മാത്രമേ നാട്ടിലേക്കുള്ള യാത്ര തുടരുകയുള്ളൂ. അന്നേ മനസ്സില്‍ തങ്ങിയ ഒരു ചിത്രമുണ്ട്. പ്രബോധനം കെട്ടിടത്തിന്റെ മുന്‍വശത്തെ ഓഫീസില്‍ ഏറെ വൈകിയും കണക്ക് പുസ്തകങ്ങള്‍ക്ക് മുന്നില്‍ കട്ടിച്ചില്ല് കണ്ണടയും മുറിക്കൈയ്യന്‍ കുപ്പായവും ധരിച്ച് തപസ്സിരിക്കുന്ന, വെളുത്ത ഒരു ചുരുളന്‍ മുടിക്കാരന്‍. എല്ലാവരും അയാളെ തങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ശരിയായ പേര് സയ്യിദ് അബ്ദുല്‍ അഹദ് എന്നാണെന്ന് വളരെ കാലത്തിന് ശേഷമാണ് മനസ്സിലാകുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ ഒരു ജീവനക്കാരനാകാന്‍ കാലം കാത്തിരിക്കുന്നുണ്ടെന്നും അന്ന് സ്വപ്‌നേപി വിചാരിച്ചിരുന്നില്ല.

എഴുപതുകളുടെ തുടക്കത്തില്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി വീട്ടിലിരിക്കെ മേരിക്കുന്നില്‍ പോസ്റ്റ് ചെയ്ത ഒരു കാര്‍ഡ് കിട്ടുന്നു. പ്രബോധനത്തില്‍ ജോലി ചെയ്യാനുള്ള ആ നിയമനത്തിന്റെ ചുവട്ടില്‍ ഒപ്പ് വച്ചിരുന്നത് അദ്ദേഹമായിരുന്നു. പ്രബോധനത്തില്‍ നിയമിതനാകാന്‍ മാത്രം യോഗ്യതയൊന്നും അന്നുണ്ടായിരുന്നില്ല. ഏതാനും ലേഖനങ്ങള്‍ അന്ന് പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നുവെന്ന് മാത്രം. അന്ന് അധികവും എഴുതിയിരുന്നത് ചന്ദ്രിക ആഴ്ചപ്പതിപ്പിലായിരുന്നു. എഴുത്തിന്റെ ബാലാരിഷ്ടതകള്‍ അപ്പോഴും മാറിക്കഴിഞ്ഞിരുന്നില്ല. ആ നിയമനത്തിന്റെ പിന്നില്‍ ഒ. അബ്ദുല്ലാ സാഹിബിന്റെ കൈകള്‍ പ്രവര്‍ത്തിച്ചു കാണുമെന്ന് ഞാന്‍ ഊഹിച്ചു. പ്രബോധനത്തില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം ആയിടെ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അബ്ദുല്ലാ സാഹിബിനോട് എന്തും പറയാന്‍ സ്വാതന്ത്ര്യമെടുക്കുന്നതിന് പ്രായത്തിന്റെ ഇളമ അന്ന് തടസ്സമായിരുന്നില്ല.

അങ്ങനെ ജോലിയില്‍ ചേര്‍ന്ന് ഒരു മാസം തികഞ്ഞപ്പോള്‍ ആദ്യത്തെ ശമ്പളം വാങ്ങിയത് തങ്ങളുടെ കൈകളില്‍ നിന്നായിരുന്നു. കുട്ടിക്കാലത്ത് ഉമ്മവീട്ടിലെ പെണ്ണുങ്ങള്‍ക്ക് ബര്‍കത്ത് വാങ്ങാന്‍ 'ഹദ്‌യ'കളുമായി വളപട്ടണത്തെ തങ്ങന്മാരുടെ കുടുംബങ്ങളില്‍ പോയിരുന്നതും അവിടത്തെ ബീവിമാര്‍ വാത്സല്യപൂര്‍വം തലോടിയതും അപ്പോള്‍ ഉപബോധ മനസ്സില്‍ ഉണര്‍ന്നോ? അതെന്തായാലും ആ 115 കയുടെ 'ബര്‍കത്ത്' ജീവിതത്തില്‍ എന്നും കൂടെയുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതിനര്‍ഥം വലിയ സമ്പന്നനായിത്തീര്‍ന്നുവെന്നല്ല. നബി തങ്ങള്‍ പറഞ്ഞ 'ഖനാഅത്ത് നഫ്‌സ്' (ആത്മസംതൃപ്തി) എന്ന വലിയ സമ്പത്തിന്റെ അനുഗ്രഹമുണ്ടായി എന്നേ അതിനര്‍ഥമുള്ളൂ.

വ്യത്യസ്തനായ തങ്ങള്‍

ഈ തങ്ങള്‍, മറ്റ് സാധാരണ തങ്ങന്മാരെപ്പോലെ ആളുകള്‍ക്ക് 'ബര്‍കത്ത്' വിതരണം ചെയ്ത് ജീവിക്കുന്ന തങ്ങളായിരുന്നില്ല. കര്‍ബലയിലെ ഹുസൈന്‍ തങ്ങളെ പോലെ ഒരു റെബലായിരുന്നു അദ്ദേഹത്തിന്റെ ഉള്ളില്‍ ചെറുപ്പത്തിലേ പ്രവര്‍ത്തിച്ചിരുന്നത്. അതൊരു ജനിതക ഗുണമായിരുന്നുവെന്ന് വേണം പറയാന്‍. കാരണം അദ്ദേഹത്തിന്റെ പിതാവ് തളിപ്പറമ്പിലെ അയിനിക്കാട്ട് അബ്ദുല്ലക്കോയ തങ്ങളും സയ്യിദന്മാരുടെ മുഖ്യധാരയില്‍നിന്ന് വേറിട്ട് നടന്ന ഒരു തങ്ങളായിരുന്നു. തളിപ്പറമ്പിലെയും കൊയിലാണ്ടിയിലെയും തങ്ങന്മാരൊക്കെ പൊതുവെ മുസ്‌ലിം ലീഗിന്റെ ഓരം ചേര്‍ന്ന് നടക്കുന്നവരാണ്. എന്നാല്‍ അബ്ദുല്ലക്കോയ തങ്ങള്‍ക്ക് കോണ്‍ഗ്രസിനോടായിരുന്നു അനുഭാവം. മതപരമായ വിഷയങ്ങളില്‍ കടുകിട തെറ്റാത്ത മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു അതിന്റെ പ്രചോദനം. സാഹിബിനെ 'ഇമാമാ'ക്കുന്നതില്‍ അദ്ദേഹത്തില്‍ 'സയ്യിദത്തി'ന്റെ ഈഗോ ഒട്ടുമേ സക്രിയമായില്ല. അബ്ദുല്ലക്കോയ തങ്ങള്‍ സദാ ഖദര്‍ വസ്ത്രങ്ങള്‍ മാത്രം ധരിച്ചു. അപ്പോള്‍ താന്‍ ഗാന്ധിജിയെയല്ല ഉപ്പൂപ്പയായ നബിയുടെ പൈതൃകത്തിലെ ലാളിത്യത്തെയാണ് പിന്തുടരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം. സ്വന്തം വസ്ത്രം മാത്രമല്ല ഭാര്യയുടെ നിസ്‌കാരക്കുപ്പായം പോലും അദ്ദേഹം ഖദറാക്കി മാറ്റി.

അബ്ദുല്ലക്കോയ തങ്ങളുടെ മകന്‍ സയ്യിദ് അബ്ദുല്‍ അഹദ് തങ്ങളും സയ്യിദത്തിന്റെ വംശീയ സ്വത്വം കുടഞ്ഞു തെറിപ്പിച്ചതില്‍ അത്ഭുതമില്ല. സ്വന്തം നീല രക്തത്തില്‍ അന്യരക്തം കലരാതെ അതിന്റെ 'സംശുദ്ധി' കാത്ത് സംരക്ഷിക്കുന്നതില്‍ വളരെ കണിശക്കാരാണ് തങ്ങന്മാര്‍. 'മലബാരികള്‍' എന്ന് അവര്‍ വിളിക്കുന്ന തങ്ങന്മാരല്ലാത്ത പെണ്ണുങ്ങളെ അവര്‍ക്ക് വേള്‍ക്കാം. എന്നാല്‍ സ്വന്തം പെണ്‍മക്കളുടെ നീല രക്തത്തില്‍ ഒരിക്കലും തങ്ങന്മാരല്ലാത്ത അന്യന്റെ 'അശുദ്ധ രക്തം' കലര്‍ത്താന്‍ അവര്‍ അനുവദിക്കില്ല. അതോടെ സ്വന്തം വംശശുദ്ധി കെട്ടുപോകുമെന്നാണ് അന്ധവിശ്വാസം. അബ്ദുല്‍ അഹദ് തങ്ങള്‍ ഈ 'ജാഹിലിയ്യ'ത്തിനെ വലിച്ചെറിഞ്ഞു. സ്വന്തം വിവാഹത്തിന് 'ശരീഫ' യെ തേടി അദ്ദേഹം അലഞ്ഞില്ല. സ്വന്തം പെണ്‍കുട്ടികള്‍ക്കും സയ്യിദന്മാരെ തേടി നടന്നില്ല. അങ്ങനെ വംശീയതയുടെ ജാഹിലിയ്യത്തിനെ സ്വന്തം പിരടിയില്‍നിന്ന് വലിച്ചെറിഞ്ഞു മാനവതയുടെ മാനദണ്ഡമായി, തങ്ങന്മാര്‍ തങ്ങളുടെ ഉപ്പൂപ്പയായി അഭിമാനിക്കുന്ന നബി തങ്ങള്‍ നിശ്ചയിച്ച 'തഖ്‌വ'യെ സ്വാംശീകരിക്കാന്‍ ശ്രമിച്ചു അദ്ദേഹം.

ഐ.സി.ജെ പ്രവര്‍ത്തകന്‍

ചെറുപ്പത്തിലേ ഉള്ളില്‍ ജ്വലിച്ച്‌നിന്ന റെബലാണ് ജമാഅത്തെ ഇസ്‌ലാമിയിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹത്തെ ഐ.സി.ജെ എന്ന പ്രത്യക്ഷത്തില്‍ എവിടെയും മേല്‍വിലാസം പ്രകടമാകാത്ത സംഘടനയുടെ പ്രവര്‍ത്തകനാക്കിയത്. ഐ.സി.ജെയുടെ പൂര്‍ണരൂപത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇസ്‌ലാമിക് കള്‍ച്ചറല്‍ ജമാഅത്ത് എന്നാണെന്ന് തോന്നുന്നു. കെ.കെ അബു, ഉമ്മര്‍ ഖാന്‍, ഒ.കെ മൊയ്തു സാഹിബ് എന്നിവരൊക്കെയായിരുന്നു ഐ.സി.ജെയുടെ തലപ്പത്തുണ്ടായിരുന്നത്. നല്ല തീപ്പൊരികളായിരുന്നു ഇപ്പറഞ്ഞവരൊക്കെ. ഇക്കൂട്ടത്തില്‍ ശാന്തപ്രകൃതനായ തങ്ങള്‍ എങ്ങനെ വന്നുവെന്നത് ഒരത്ഭുതമായിരുന്നു. തിന്മകളോട് നിതാന്ത വൈരമുള്ള ഒരാള്‍ അത്തരം കൂട്ടായ്മയുടെ തണലിലേക്ക് തന്നെയാണ് സ്വാഭാവികമായും എത്തിപ്പെടുക. തലശ്ശേരി, മാഹി, ചൊക്ലി എന്നീ പരിസരങ്ങളെ കേന്ദ്രീകരിച്ച ചെറിയൊരു പ്രാദേശിക കൂട്ടായ്മയായിരുന്നു ഐ.സി.ജെ. യുവാക്കളില്‍ മതബോധവും സദാചാര-മതനിഷ്ഠയും വളര്‍ത്തുന്നതോടൊപ്പം സാമൂഹികവിരുദ്ധ ശക്തികള്‍ക്കെതിരെ രഹസ്യമായി കരുനീക്കങ്ങള്‍ നടത്തുക എന്നത് കൂടി ലക്ഷ്യമായിരുന്നതിനാല്‍ പ്രചാരണങ്ങളൊക്കെ ഒഴിവാക്കിയുള്ള ആസൂത്രിത പ്രവര്‍ത്തനമായിരുന്നു ഐ.സി.ജെയുടെ രീതി.

സാമൂഹിക വിരുദ്ധ ശക്തികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ.സി.ജെക്ക് ചിലപ്പോള്‍ നാട്ടുപ്രമാണിമാര്‍ക്കും മുതലാളിമാര്‍ക്കുമെതിരെ നീങ്ങേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ സമുദായത്തിനകത്ത് ഒതുങ്ങുന്നതായിരുന്നു. അതിന്റെ പേരില്‍ ധനികവര്‍ഗത്തിന്റെ രോഷവും ചിലപ്പോള്‍ അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 'ആക്ഷനുകള്‍' പരസ്പരം ആലോചിച്ചാണെങ്കിലും പ്രവര്‍ത്തനങ്ങള്‍ മിക്കപ്പോഴും സംഘത്തിന്റെ മേല്‍വിലാസമില്ലാതെ വ്യക്തികള്‍ തന്നെയായിരിക്കും നടപ്പിലാക്കുക. അങ്ങനെ ആലോചിക്കാതെ ഉമ്മര്‍ ഖാന്‍ നടപ്പാക്കിയ ഒരു നടപടിയെക്കുറിച്ച് ഒരിക്കല്‍ ചൊക്ലിയിലെ ഒ.കെ മൊയ്തു സാഹിബ് പറഞ്ഞത് ഓര്‍ക്കുന്നു. ഉമ്മര്‍ ഖാനെ ഒരിക്കല്‍ ഒരു നാട്ടു പ്രമാണി ജനമധ്യത്തില്‍ ശകാരിച്ചു. അയാളോട് അദ്ദേഹം ചെയ്ത പ്രതികാരം അല്‍പം സാഹസികവും കടുപ്പപ്പെട്ടതുമായിരുന്നു.

നാട്ടില്‍ ഒരു കല്യാണം നടക്കുകയാണ്. അക്കാലത്ത് രാത്രി നടക്കുന്ന കല്യാണം അവസാനിച്ചു ആളുകള്‍ പിരിഞ്ഞുപോകാന്‍ അര്‍ധരാത്രി പിന്നിടും. ഈ കല്യാണത്തില്‍ പങ്കെടുക്കുന്ന നാട്ടുപ്രമാണിയും വീട്ടിലേക്ക് തിരിച്ചുപോവുക പാതിരാവിന് ശേഷമാണെന്ന് ഉമ്മര്‍ഖാന്നറിയാം. അയാള്‍ തിരിച്ചുപോവുന്ന വിജനമായൊരു സ്ഥലത്ത് ഒരു മരമുണ്ട്. അതിന് മുകളില്‍ ജിന്നു താമസമുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം. ഉമ്മര്‍ ഖാന്‍ ഏതാണ്ട് പാതിരാവിനടുപ്പിച്ചു ആ മരത്തില്‍ കയറി ഇരിപ്പുറപ്പിച്ചു. കൈയില്‍ ഒരു ചെറിയ കുടത്തില്‍ കനലുകളും കരുതിയിരുന്നു. പാതിര പിന്നിട്ടപ്പോള്‍ മുതലാളി ആ വഴിക്ക് തനിയെ നടന്ന് വരുന്നത് കണ്ടു. മരത്തിന്റെ ചുവട്ടിലെത്തിയതും ഉമ്മര്‍ഖാന്‍ തീക്കുടുക്ക അയാളുടെ മുമ്പിലിട്ടു. അത് പൊട്ടിച്ചിതറി തീയാളി. തുടര്‍ന്ന് മരത്തിന്റെ ചില്ലകള്‍ ശക്തമായി പിടിച്ചുകുലുക്കി. പിറ്റേന്ന് ജ്വരം മൂര്‍ഛിച്ച് അയാള്‍ ആശുപത്രിയിലായെന്നാണ് കേട്ടത്. മരത്തെക്കുറിച്ച് നിലനിന്നിരുന്ന വിശ്വാസവും നടന്ന സംഭവവുമെല്ലാം കൂടി അയാളെ ഭയപരവശനാക്കി. കഠിനമായ ഭയം മനസ്സിനെ ബാധിച്ചാല്‍ ശരീരത്തിലെ ശ്വേതരക്താണുക്കള്‍ ക്ഷീണിക്കും. മാരകമായ ജ്വരമായിരിക്കും പിന്നെ ഫലം. പ്രതികാരത്തിന് വേണ്ടി ഈ കടുംകൈ ചെയ്തതിന്റെ പേരില്‍ ഉമ്മര്‍ഖാനെ കൂട്ടുകാരനായ ഒ.കെ മൊയ്തു സാഹിബ് ശാസിക്കുകയുണ്ടായി.

ഐ.സി.ജെ പ്രവര്‍ത്തകര്‍ പിന്നീട് പലവഴിക്ക് പിരിഞ്ഞു. തങ്ങള്‍ ബ്രണ്ണന്‍ കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി തുടര്‍ന്ന് പുളിക്കലിലെ മുജാഹിദുകളുടെ മദീനത്തുല്‍ ഉലൂമില്‍ പഠനം തുടര്‍ന്നശേഷം ജമാഅത്തെ ഇസ്‌ലാമിയിലാണ് എത്തിയത്. അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ ചൊക്ലിയിലെ ഒ.കെ മൊയ്തു സാഹിബും സജീവമായത് ജമാഅത്തില്‍ തന്നെ. മുസ്‌ലിം ലീഗില്‍ എത്തിച്ചേര്‍ന്ന ഉമ്മര്‍ഖാന്‍ അവരുടെ തൊഴിലാളി സംഘടനയായ എസ്.ടി.യു നേതാവും വളണ്ടിയര്‍ ക്യാപ്റ്റനുമായിത്തീര്‍ന്നു. തലശ്ശേരി കലാപ കാലത്ത് അദ്ദേഹത്തിന് കോഴിക്കൂട്ടില്‍ ഒളിക്കേണ്ടിവന്ന ഒരു വാര്‍ത്ത ചന്ദ്രികയില്‍ വന്നിരുന്നു. തലശ്ശേരി കലാപത്തിലെ നിലപാടുകളെച്ചൊല്ലി അക്കാലത്ത് പ്രബോധനവും ചന്ദ്രികയും ഏറ്റുമുട്ടിയപ്പോള്‍ ലീഗിനെ പ്രഹരിക്കാനായി ചന്ദ്രികയില്‍ വന്ന ആ വാര്‍ത്ത പ്രബോധനം ഉദ്ധരിച്ചിരുന്നു. അത് വേണ്ടായിരുന്നുവെന്ന് പില്‍ക്കാലത്ത് ഒ.കെ മൊയ്തു സാഹിബ് ഈ ലേഖകനോട് അപ്രിയം പ്രകടിപ്പിച്ചിരുന്നു. വാര്‍ത്ത ചന്ദ്രികയില്‍ വന്നത് ശരിയാണെങ്കിലും കലാപത്തിന്റെ രൂക്ഷത കാണിക്കാന്‍ റിപ്പോര്‍ട്ടര്‍ ചെയ്ത ഒരു പോഴത്തമായിരിക്കാം അത് എന്നായിരുന്നു ഒ.കെയുടെ പക്ഷം. അത് ഉദ്ധരിക്കുന്നത് വ്യക്തിഹത്യയായാണ് അദ്ദേഹം കണ്ടത്. കാരണം ഉമ്മര്‍ഖാന്‍ അത്തരം ഒരു ഭീരുവായിരുന്നില്ല, അസാമാന്യ ധൈര്യമുള്ള വ്യക്തിയായിരുന്നുവെന്നതാണ് ഒ.കെയുടെ അനുഭവം.

കെ.കെ അബു സാഹിബ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കാണ് ചേക്കേറിയത്. അടിയന്തരാവസ്ഥക്ക് ശേഷം അവസാന കാലത്ത് അദ്ദേഹം ലീഗിലായിരുന്നു. അന്ന് എന്തിനെന്നറിയില്ല മുമ്പൊന്നും പതിവില്ലാത്തവിധം ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചുകൊണ്ടിരുന്നു അദ്ദേഹം. കെ.കെ അബുവും ഒ.കെയും വളരെ മുമ്പേ ഈ ലോകത്തോട് യാത്ര പറഞ്ഞു. ഉമ്മര്‍ഖാന്‍ അന്തരിച്ചത് അടുത്ത കാലത്താണ്; ഇപ്പോള്‍ ഇതാ തങ്ങളും.

പ്രബോധനം മാനേജര്‍

ഈ ലേഖകന്‍ പ്രബോധനം സ്റ്റാഫായി ജോലി ചെയ്യുമ്പോള്‍ തങ്ങളായിരുന്നു അതിന്റെ മാനേജര്‍. ടാബ്ലോയിഡ് രൂപത്തിലുള്ള വാരികയും മാസികയും നഷ്ടമൊന്നും ഇല്ലാതെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി. വലിയ തോതിലുള്ള പരസ്യമൊന്നും അന്ന് കിട്ടിയിരുന്നില്ല. തങ്ങളുടെ വ്യക്തി സൗഹൃദത്തിലൂടെ ചിലതൊക്കെ കിട്ടിയിരുന്നുവെന്ന് മാത്രം. പത്രത്തിന് ആവശ്യമായ കടലാസ് സംഘടിപ്പിക്കുക, അച്ചുകള്‍ തേയുമ്പോള്‍ ഷൊര്‍ണ്ണൂരില്‍ ചെന്ന് ടൈപ്പ് സെറ്റുകള്‍ക്ക് ഓര്‍ഡര്‍ ചെയ്യുക തുടങ്ങിയ ജോലികളൊക്കെ അദ്ദേഹം തന്നെയാണ് ചെയ്തിരുന്നത്. പത്രക്കടലാസിന് അന്ന് ക്വാട്ട സമ്പ്രദായമായിരുന്നു. ക്വാട്ട മറിച്ചുവില്‍ക്കാന്‍ വേണ്ടി മാത്രം അക്കാലത്ത് പേരിന് ആനുകാലികങ്ങള്‍ ഇറക്കുന്നവരുണ്ടായിരുന്നു. അധികൃതര്‍ക്ക് അയക്കാനുള്ള കോപ്പികളേ അവര്‍ അച്ചടിച്ചിരുന്നുള്ളൂ. സ്വന്തം ക്വാട്ട മറ്റുള്ളവര്‍ക്ക് മറിച്ചുവിറ്റ് അവര്‍ ലാഭമുണ്ടാക്കി. സത്യസന്ധമായി പത്രം നടത്തുന്നവര്‍ക്കായിരുന്നു അതിന്റെ ദുരിതം. കടലാസ് വാങ്ങാനായി ഒരിക്കല്‍ തങ്ങള്‍ മദ്രാസില്‍ പോയി. മുണ്ടും കുപ്പായവുമാണ് അദ്ദേഹത്തിന്റെ പതിവ് വേഷം. അണ്ടര്‍വെയ്‌റിലെ കീശയിലായിരുന്നു അദ്ദേഹം കാശ് സൂക്ഷിച്ചിരുന്നത്. നല്ല തിരക്കുള്ള ബസ്സില്‍ കയറുന്ന വേളയില്‍ തുണിക്ക് മുകളില്‍ ആരോ ബ്ലേഡ് വച്ചോ എന്ന് ഒരു സംശയം. ബസ്സില്‍നിന്ന് ഇറങ്ങുംവരെ അണ്ടര്‍ വെയ്‌റിലെ കീശ അദ്ദേഹം മുറുകെപിടിച്ചു. ഇറങ്ങിയശേഷം പരിശോധിച്ചപ്പോള്‍ നോട്ടുകെട്ടു അപ്പാടെ ബ്ലേഡ് കൊണ്ട് നെടുകെ കീറിയിരിക്കുന്നു. എങ്കിലും ഒരു നോട്ടുപോലും നഷ്ടപ്പെട്ടിട്ടില്ല. ബാങ്കില്‍ ചെന്ന് കാശ് മാറ്റിയെടുത്താണ് കടലാസ് എടുത്തത്. അന്നത് നഷ്ടപ്പെട്ടിരുന്നെങ്കില്‍ പ്രബോധനത്തിന്റെ അച്ചടി മുടങ്ങുമായിരുന്നു. സത്യമുള്ള കാശായിരുന്നതിനാലാണ് പോക്കറ്റടിക്കാരനില്‍നിന്ന് അത് രക്ഷപ്പെട്ടതെന്നായിരുന്നു തങ്ങളുടെ പ്രതികരണം.

എല്ലാറ്റിന്റെയും റെക്കോര്‍ഡുകള്‍ ഭദ്രമായി സൂക്ഷിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു സവിശേഷത. ഏതെങ്കിലും ആവശ്യത്തിന് ആരെങ്കിലുമായി ഒരിക്കല്‍ ബന്ധപ്പെട്ടാല്‍ അയാളുടെ വിലാസവും ഫോണ്‍ നമ്പറുമൊക്കെ കൃത്യമായി അദ്ദേഹം രേഖപ്പെടുത്തി വെച്ചിട്ടുണ്ടാവും. ഭാവിയില്‍ ഇനിയും ബന്ധപ്പെടേണ്ടി വരാമെന്ന സാധ്യത അദ്ദേഹം മുന്‍കൂട്ടി ഗ്രഹിച്ചുവെച്ചിട്ടുണ്ടാവും. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത പഴയൊരു പ്രസ്സിലായിരുന്നു പ്രബോധനം അച്ചടിച്ചിരുന്നത്. ഫോര്‍മാനായിരുന്ന പരേതനായ കോയ സാഹിബിന്റെ ചിര സമ്പര്‍ക്ക ഫലമായുള്ള മിടുക്കിലായിരുന്നു അതിന്റെ നിലനില്‍പ്പ്. ഏതെങ്കിലും പാര്‍ട്‌സ് പോയാല്‍ കോയ സാഹിബ് അവിടെ വിരല്‍ വെച്ചും അത് ഓടിക്കും എന്നാണ് ഞങ്ങള്‍ തമാശ പറഞ്ഞിരുന്നത്. ഒരിക്കല്‍ പ്രസ്സ് കേടായി. ചില ടെക്‌നീഷ്യന്മാരൊക്കെ വന്ന് നോക്കിയെങ്കിലും വഴങ്ങുന്നില്ല. അച്ചടിയുടെ സമയം തെറ്റുകയാണ്. അടുത്ത ആഴ്ച എങ്ങനെ വാരിക പുറത്തിറങ്ങും? സ്ഥലത്തില്ലാതിരുന്ന തങ്ങള്‍ തിരിച്ചുവന്നപ്പോള്‍ പ്രശ്‌നം അവതരിപ്പിച്ചു. ''റിപ്പയറിംഗ് നടത്താന്‍ കഴിയുന്ന ഒരു പാര്‍ട്ടി നഗരത്തിലുണ്ട്. പക്ഷേ, അവരെ വിളിക്കാന്‍ എനിക്ക് പറ്റില്ല.'' അദ്ദേഹം പറഞ്ഞു. പ്രസ് ഇന്‍സ്റ്റാള്‍ ചെയ്തവരായിരുന്നു അവര്‍. അന്ന് ടെക്‌നീഷ്യന്‍ തൊഴിലാളികളായിരുന്ന അവര്‍ ഇപ്പോള്‍ പ്രസ്സുടമകളായ മുതലാളിമാരാണ്. അതാണ് അവരെ വിളിക്കാന്‍ തങ്ങള്‍ക്ക് മടി. ഫോണ്‍ നമ്പര്‍ തന്ന് എന്നോട് വിളിച്ചു നോക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരുമായി ബന്ധപ്പെട്ടു. മേരിക്കുന്നില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അവിടെയാണെങ്കില്‍ വരില്ല എന്ന് ഒറ്റവാക്കില്‍ വിസമ്മതിക്കുകയാണ് ഫോണ്‍ എടുത്ത ആള്‍ ചെയ്തത്. പ്രബോധനത്തില്‍ നിന്നാണെന്നും നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രസ്സാണെന്നുമൊക്കെ പിന്നെ കുറച്ച് വിശദീകരിച്ചു വ്യക്തമാക്കി. പ്രബോധനത്തില്‍ നിന്നാണോ, എന്നാല്‍ വരാമെന്നായി പ്രതികരണം. ഉടനെ തന്നെ വന്ന് പണിതീര്‍ത്തു ചാര്‍ജൊക്കെ ഈടാക്കി കഴിഞ്ഞപ്പോള്‍ ആദ്യം എന്തുകൊണ്ടാണ് വരാന്‍ വിസമ്മതിച്ചതെന്ന് ചോദിച്ചു. 'മേരിക്കുന്നിലെ മറ്റൊരു സ്ഥാപനത്തിലെ പ്രസ്സ് അവര്‍ റിപ്പയര്‍ ചെയ്തിരുന്നു. പറഞ്ഞ കൂലി നല്‍കിയെങ്കിലും വൗച്ചറില്‍ സംഖ്യ കൂട്ടിക്കാണിച്ചിരുന്നു. അതിനാല്‍ അതില്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ല. എടുത്ത പണിയുടെ കൂലി വാങ്ങാതെയാണ് സ്ഥലം വിട്ടത്. ചിലപ്പോള്‍ എന്തെങ്കിലും കണക്കുകള്‍ അഡ്ജസ്റ്റ് ചെയ്യാനായിരിക്കാം. എന്നാലും ഒരു പൊതുസ്ഥാപനമായതിനാല്‍ അതൊന്നും അത്ര ശരിയല്ലെന്ന് തോന്നി. ആ സ്ഥാപനത്തില്‍നിന്നാണ് വിളിക്കുന്നതെന്ന ധാരണയിലാണ് ആദ്യം വരാന്‍ വിസമ്മതിച്ചത്. പ്രബോധനത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍, ഇവിടത്തെ ആള്‍ക്കാര്‍ അത്തരക്കാരല്ലെന്ന് മുമ്പേ അനുഭവമുള്ളതിനാല്‍ വേഗം പോരികയും ചെയ്തു.' ഈഴവ സമുദായക്കാരനായ അയാളുടെ വാക്ക് കേട്ടപ്പോള്‍ ഉള്ളില്‍ തെല്ലൊരു അഭിമാനം തോന്നി. അയാളുടെ മനസ്സില്‍ അങ്ങനെയൊരു പ്രതിഛായ സൃഷ്ടിച്ചത് തങ്ങളെപ്പോലുള്ള വ്യക്തിത്വങ്ങളാണ്.

'ബോധനം ഡൈജസ്റ്റി'ന്റെ ജനനം

അടിയന്തരാവസ്ഥയില്‍ മഞ്ചേരി സബ്ജയിലിലായിരുന്ന തങ്ങള്‍ ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് മറ്റുള്ളവരൊക്കെ പുറത്തിറങ്ങി കുറേ കഴിഞ്ഞിട്ടായിരുന്നു. അതിന് ചില കാരണങ്ങളുണ്ടായിരുന്നു. അത് മറ്റൊരു വിഷയം. അടിയന്തരാവസ്ഥയില്‍ മിക്ക പാര്‍ട്ടിക്കാരും 'മിസ' പ്രകാരമായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. കേരളത്തിന് പുറത്തുള്ള ജമാഅത്ത് പ്രവര്‍ത്തകരും അങ്ങനെ തന്നെ. മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം കിട്ടുമായിരുന്നില്ല. എന്നാല്‍ കേരളത്തില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ജാമ്യം ലഭിക്കാവുന്ന വകുപ്പു പ്രകാരമായിരുന്നു.

ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉടനെ എന്റെ മേല്‍വിലാസത്തില്‍ അദ്ദേഹത്തിന്റെ ഒരു കാര്‍ഡു കിട്ടി. പ്രബോധനത്തിലെ നിയമനക്കാര്‍ഡിന് ശേഷം കിട്ടുന്ന രണ്ടാമത്തേതും ഒടുവിലത്തേതുമായ കത്തായിരുന്നു അത്. ഒരു നിശ്ചിത തീയതിക്ക് കോഴിക്കോട് അഖ്‌സാ ലോഡ്ജില്‍ എത്താന്‍ ആവശ്യപ്പെടുന്നതായിരുന്നു അതിലെ ഉള്ളടക്കം. പറഞ്ഞ തീയതിക്ക് തന്നെ അവിടെ എത്തി അദ്ദേഹത്തെ കണ്ടു. പുതിയൊരു മാസിക ഇറക്കണമെന്നും അതില്‍ സഹകരിക്കുമോ എന്നും എന്നോടു ചോദിച്ചു. ഒരു മടിയുമില്ലാതെ 'നൂറുവട്ടം' എന്നായിരുന്നു എന്റെ പ്രതികരണം. കാരണം, അടിയന്തരാവസ്ഥയില്‍ ഒരു പണിയുമില്ലാതെ അത്രക്ക് മടുത്ത് കഴിയുന്ന അവസ്ഥയിലായിരുന്നു അപ്പോള്‍. കുറ്റിയാടി കോളേജില്‍ ടി.കെയോടൊപ്പമുള്ള തഫ്ഹീമിന്റെ വിവര്‍ത്തന ജോലി പ്രബോധനത്തിലെ ആത്മസംതൃപ്തി നല്‍കിയിരുന്നില്ല. പുതിയൊരു ആനുകാലികത്തിന് ഡിക്ലറേഷന്‍ അനുവദിച്ചുകിട്ടുമോ എന്നായിരുന്നു സംശയം. അതിലൊന്നും ഒരു തടസ്സവുമില്ലെന്ന് തങ്ങള്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചില പരിചിത വൃത്തങ്ങളെ കണ്ട് കടലാസ് പണികളൊക്കെ പൂര്‍ത്തിയാക്കിയ ശേഷമാണ് എന്നെ വിളിപ്പിച്ചിരുന്നത്. ബോധനം ഡൈജസ്റ്റ് എന്നായിരുന്നു മാസികയുടെ പേര്. ഓഫീസ് വിലാസം എടയൂര്‍. അച്ചടിക്ക് കുറ്റിപ്പുറത്തെ ഒരു ചെറുകിട പ്രസ്സിലും ഏര്‍പ്പാട് ചെയ്തിരുന്നു. ആദ്യ ലക്കത്തിലെ മാറ്ററുകള്‍ തയാറാക്കി കഴിയുന്നതും വേഗം എടയൂരിലെത്താമെന്ന ധാരണയോടെയാണ് കോഴിക്കോട്ടുനിന്ന് ഞങ്ങള്‍ പിരിഞ്ഞത്.

പ്രബോധനത്തിന് വിദേശത്ത് നിന്ന് വന്നിരുന്ന ഇംഗ്ലീഷിലും അറബിയിലുമുള്ള ഏതാണ്ടെല്ലാ പ്രസിദ്ധീകരണങ്ങളും എന്റെ വ്യക്തിപരമായ മേല്‍വിലാസത്തിലാണ് വന്നിരുന്നത്. അധികൃതര്‍ ഓഫീസ് അടച്ചുപൂട്ടി മുദ്രവച്ചപ്പോള്‍, തപാല്‍ ഓഫീസിലേക്ക് എന്റെ പേരിലുള്ള ഉരുപ്പടികളെല്ലാം നാട്ടിലെ മേല്‍വിലാസത്തിലേക്ക് തിരിച്ചയക്കാന്‍ അപേക്ഷിച്ച് ഒരു കത്തെഴുതുകയുണ്ടായി. അത് ഫലിച്ചു. ടൈം മാഗസിന്‍, ന്യൂസ് വീക്, ഇംപാക്ട് തുടങ്ങിയ പ്രധാന ആനുകാലികങ്ങളൊക്കെ കൃത്യമായി കിട്ടിയിരുന്നതിനാല്‍ പുതിയ മാസികക്ക് ആവശ്യമായ കാലിക വിഷയങ്ങളുടെ മാറ്ററുകള്‍ക്ക് പഞ്ഞമുണ്ടായില്ല. ആയിടെ കയ്‌റോവില്‍ നിന്ന് പുറത്തിറങ്ങിത്തുടങ്ങിയ ഇഖ്‌വാന്റെ 'അദ്ദഅ്‌വ'യും കിട്ടിത്തുടങ്ങിയിരുന്നു.

ആഴമുള്ള അക്കാദമിക ലേഖനങ്ങള്‍ ചുരുക്കി സാമാന്യ വായനക്കാരെ ഉദ്ദേശിച്ചുകൊണ്ടുള്ള ഹ്രസ്വമായ വൈജ്ഞാനിക ലേഖനങ്ങളും ഇന്ത്യയിലെ പുതിയ രാഷ്ട്രീയ കാലാവസ്ഥ പരിഗണിച്ച് ആനുകാലിക സംഭവ വികാസങ്ങളുടെ വിശകലനങ്ങളുമൊക്കെയായി മാസികയുടെ സ്വഭാവ ഘടന നിര്‍ണയിച്ചു. പ്രബോധനത്തില്‍ നിന്ന് പ്രത്യക്ഷത്തില്‍ ഭിന്നമായി, എന്നാല്‍ പ്രബോധനത്തിന്റെ സാന്നിധ്യം വായനക്കാരെ അനുഭവിപ്പിക്കാനായിരുന്നു ശ്രമം. മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന് അദ്ദേഹത്തിന്റെ ശിഷ്യനും പണ്ഡിതനുമായ അബ്ദുല്‍ ഹമീദ് സിദ്ദീഖിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പരിഭാഷ പകരം വെച്ചു. സയ്യിദ് സാബിഖിന്റെ ഫിഖ്ഹുസ്സുന്നക്ക് പകരമായി ഖറദാവിയുടെ വിഖ്യാതമായ അല്‍ ഹലാല്‍ വല്‍ ഹറാം പരിഭാഷ തുടര്‍ലേഖനമായി നല്‍കി. ചെച്‌നിയന്‍ പണ്ഡിതനായ ഹൈദര്‍ ബാമാത്തിന്റെ 'നാഗരികതക്ക് മുസ്‌ലിം സംഭാവനകള്‍' എന്ന പരമ്പരയും മാസികയില്‍ ഉള്‍പ്പെടുത്തി. ഇത്രയും സ്ഥിരം പംക്തികള്‍ കഴിഞ്ഞാല്‍ സ്വതന്ത്ര ലേഖനങ്ങള്‍ക്കും മുസ്‌ലിം ലോക ചലനങ്ങള്‍ക്കും സ്ഥലം അനുവദിച്ചുകൊണ്ടു വൈവിധ്യം നിലനിറുത്താന്‍ ശ്രമിച്ചുപോന്നു. ഇതോടൊപ്പം അടിയന്തരാവസ്ഥയെ പരോക്ഷമായി ഉന്നം വെച്ചുകൊണ്ട് 'വികൃതി'കളും ഒപ്പിക്കാന്‍ ശ്രമിക്കായ്കയല്ല. ഏകാധിപത്യത്തിന്നെതിരെ ഇസ്‌ലാമിക ചരിത്രത്തില്‍ നടന്ന പോരാട്ട കഥകളായിരുന്നു അവ.

ബോധനം പുറത്തിറക്കുന്നത് രസിക്കാത്ത ചിലരെങ്കിലും ജമാഅത്ത് വൃത്തത്തിലുമുണ്ടായിരുന്നു. അടിയന്തരാവസ്ഥയില്‍ എന്തിന് വൃഥാ അപകടം ക്ഷണിച്ചുവരുത്തണം എന്നായിരുന്നു അവരുടെ ചിന്ത. തങ്ങളോട് പ്രകടിപ്പിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ലെങ്കിലും ചിലരെങ്കിലും ആ നീരസം എന്നോടു പ്രകടിപ്പിക്കുകയുണ്ടായി. ''നിങ്ങള്‍ക്കൊന്നും ഇനിയും നേരം വെളുത്തിട്ടില്ലേ'' എന്നായിരുന്നു അവരുടെ പ്രതികരണം. അടിയന്തരാവസ്ഥ സ്ഥിരം അവസ്ഥയാണെന്ന് തെറ്റിദ്ധരിച്ച ആ ശുദ്ധാത്മാക്കളോട് അപ്പോള്‍ മറുപടിയൊന്നും പറയാതെ വെറുതെ ചിരിച്ചുനിന്നു.

മാസത്തില്‍ രണ്ടുതവണ എടയൂരിലെ 'ബോധനം' ഓഫീസിലെത്തും. മാറ്ററുകള്‍ ഏല്‍പ്പിക്കാനും പിന്നെ പ്രൂഫ് വായിച്ചു തിരുത്തിക്കൊടുക്കാനും. ഓഫീസ് എന്നാല്‍ അവിടത്തെ ചെറിയ പള്ളി എന്നര്‍ഥം. പള്ളിയിലെ മച്ചിന്‍മുകളിലാണ് അന്തിയുറക്കം. ഭക്ഷണം പള്ളിക്ക് സമീപം തന്നെ സ്ഥിതി ചെയ്യുന്ന തങ്ങളുടെ വീട്ടില്‍. തങ്ങളുടെ ഭാര്യ നഫീസ താത്ത വച്ച്‌വിളമ്പുന്ന ഭക്ഷണം തങ്ങളുടെ 'വടക്കന്‍ രുചി'യുമായി പൊരുത്തപ്പെടുന്നതിനാല്‍ കുറ്റിയാടി കോളേജ് കിച്ചനിലെ ഏകതാനമായ രുചിയില്‍ നിന്ന് ആശ്വാസം നല്‍കി. ബാല്യം മുഴുവന്‍ മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയുടെ തേക്കുംപാലിയിലെ അടുക്കള അടുത്തറിഞ്ഞതില്‍ പിന്നെ മറ്റൊരു ജമാഅത്ത് നേതാവിന്റെ കൂടി അടുക്കള രുചി അടുത്തറിയാന്‍ അങ്ങനെ ബോധനം നിമിത്തമായിത്തീര്‍ന്നു.

'ജിന്നി'നെ പിടികൂടിയ കഥ

മാസത്തില്‍ നിശ്ചിത ദിവസങ്ങളില്‍ പതിവായി എടയൂരിലെത്തി. തങ്ങളും അവിടെയുണ്ടാകും. ബോധനത്തിന്റെ പണിയൊക്കെ തീര്‍ത്ത് ഫൈനല്‍ പ്രൂഫും നോക്കിക്കൊടുത്ത ശേഷമാണ് നാട്ടിലേക്ക് തിരിക്കുക. പതിവ് ഷെഡ്യൂള്‍ പ്രകാരം ഒരിക്കല്‍ എടയൂരിലെത്തിയപ്പോള്‍ തങ്ങള്‍ അവിടെയില്ല. രണ്ടു ദിവസം കഴിഞ്ഞാണ് വന്നത്. പെങ്ങളുടെ വീട്ടില്‍ പോയതായിരുന്നു. രസകരമായൊരു കഥയുണ്ടായിരുന്നു അതിന്റെ പിന്നില്‍. ഒരു 'ജിന്ന് നീക്കല്‍' കഥ. പെങ്ങളുടെ വീട്ടില്‍ ഇടക്ക് വസ്ത്രങ്ങള്‍ക്ക് തീപ്പിടിക്കുക, അടുപ്പത്ത് ഭക്ഷണം വേവുന്ന പാത്രങ്ങളില്‍ കല്ലും മണ്ണും പ്രത്യക്ഷപ്പെടുക തുടങ്ങി ചില ശല്യങ്ങള്‍. പ്രായമുള്ള പെങ്ങളെ സഹായിക്കുന്നതിന് ഒരു സ്ത്രീ കൂട്ടിനുണ്ടായിരുന്നു. ആ സ്ത്രീയെയായിരുന്നു തങ്ങള്‍ക്ക് ബലമായ സംശയം. അവരെ പിരിച്ചയക്കാന്‍ പറഞ്ഞെങ്കിലും പെങ്ങള്‍ സമ്മതിച്ചില്ല. വളരെക്കാലമായി കൂടെയുള്ളതിനാല്‍ പെങ്ങള്‍ക്ക് അവരെ അത്ര വിശ്വാസമായിരുന്നു. അങ്ങനെ ആ ശല്യത്തിന്റെ പിന്നിലെ 'ശക്തി' പിടികൂടാന്‍ അവരുടെ വീട്ടില്‍ പോയി തമാസിക്കാന്‍ തങ്ങള്‍ തീരുമാനിച്ചു. സ്ത്രീയുടെ ചലനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിച്ച തങ്ങള്‍ അവരെ കൈയോടെ പിടികൂടി പെങ്ങളെ ബോധ്യപ്പെടുത്തി. അവര്‍ ബോധപൂര്‍വം ചെയ്യുന്നതായിരുന്നില്ല അത്. അറിയാതെ ചെയ്യുന്ന ഒരു മനോരോഗമായിരുന്നു. സ്ത്രീയെ വീട്ടില്‍ നിന്ന് പറഞ്ഞുവിട്ടതോടെ ആ ശല്യവും അവസാനിച്ചു.

ബോധനത്തില്‍ നിന്ന് കൃത്യമായി ശമ്പളം കിട്ടിക്കൊണ്ടിരുന്നു. മോശമല്ലാത്ത സര്‍ക്കുലേഷനുമുണ്ട്. എങ്കിലും എന്താണ് സാമ്പത്തിക സ്ഥിതി എന്ന് ഒരിക്കല്‍ തങ്ങളോട് ചോദിച്ചു. കുടിശ്ശികയുള്ള ചില ഏജന്റുമാരുണ്ട്. അതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തങ്ങള്‍ പറഞ്ഞു. കുടിശ്ശിക വരുത്തുന്ന ഏജന്റുമാരെ ഒഴിവാക്കിക്കൂടേ എന്ന് ചോദിച്ചപ്പോള്‍ അത് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ''നമ്മുടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധം നിലനിറുത്തുന്ന ഏക കണ്ണി ഇപ്പോള്‍ ബോധനമാണ്. ഏതെങ്കിലും ഏജന്‍സി നിറുത്തല്‍ ചെയ്താല്‍ ആ കണ്ണി അറ്റുപോവും. സാമ്പത്തിക നഷ്ടത്തേക്കാള്‍ വലിയ നഷ്ടമായിരിക്കും അത്.'' തങ്ങളുടെ പ്രതികരണം അങ്ങനെയായിരുന്നു.

ജയിലിലെ നോമ്പ്

അതിനിടെ റമദാന്‍ ആഗതമായി. നോമ്പു തുറയും അത്താഴവുമൊക്കെ തങ്ങളുടെ വീട്ടില്‍ തന്നെ. ഒരിക്കല്‍ നോമ്പു തുറന്ന വേളയില്‍ 'ജയിലില്‍ എങ്ങനെയാണ് നോമ്പു കാലം കഴിച്ചുകൂട്ടിയതെ'ന്ന് ചോദിച്ചു. നോമ്പുകാര്‍ക്ക് വേണ്ടിയിട്ട് ജയിലില്‍ ഭക്ഷണത്തിന് പ്രത്യേകം സമയക്രമമൊന്നുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചക്ക് കിട്ടുന്ന ചപ്പാത്തി മെഴുകുതിരി കത്തിച്ച് അല്‍പം ചൂടാക്കിയായിരുന്നു ആഹരിച്ചിരുന്നത്. എങ്കിലും ഒരു നോമ്പും ഉപേക്ഷിക്കാതെ റമദാന്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു.

മാസങ്ങള്‍ക്ക് ശേഷം മേരിക്കുന്നിലെ പ്രസ്സ് അധികൃതര്‍ തുറന്ന് നല്‍കി. പഴയ തൊഴിലാളികളില്‍ ചിലര്‍ തിരിച്ചു ജോലിയില്‍ കയറി. അബ്ദുല്ലാ ഹസന്‍ തല്‍ക്കാലം അതിന്റെ ചുമതലയേറ്റു. അതോടെ ബോധനത്തിന്റെ അച്ചടിയും അങ്ങോട്ടുമാറി. പൊതുതെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി വിജയിച്ചു അധികാരത്തിലേറി. അടിയന്തരാവസ്ഥ പിന്‍വലിക്കുംവരെ ബോധനം ഒരു ലക്കവും മുടങ്ങാതെ ഇറങ്ങിക്കൊണ്ടിരുന്നു. പ്രബോധനം പുനഃപ്രസിദ്ധീകരണം ആരംഭിച്ചതോടെയാണ് ബോധനം ഡൈജസ്റ്റ് ചരിത്രത്തിന്റെ ഭാഗമായി മാറിയത്. പിന്നീട് സമാനമായ ഒരു സാഹചര്യത്തില്‍ കുറേ കാലത്തിന് ശേഷമാണ് ബോധനം എന്ന പേരില്‍ വീണ്ടും അത് പ്രസിദ്ധീകരണം തുടങ്ങിയത്. ബോധനത്തിന്റെ ശില്‍പിയായ തങ്ങളും ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി.

സന്ദര്‍ഭത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കാനുള്ള തന്റേടമായിരുന്നു തങ്ങളുടെ ശക്തി; പിന്നെ ജോലിയോടുള്ള പ്രതിബദ്ധതയും സാമ്പത്തിക കാര്യങ്ങളിലും കണക്കിലുമുള്ള കൃത്യതയും. പുതിയ തലമുറക്ക് അദ്ദേഹത്തില്‍നിന്ന് പഠിക്കാനുള്ള പാഠവും അത് തന്നെ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍