പ്രളയഭീതി ഒഴിയാതെ ജമ്മു-കശ്മീര്‍
ജമ്മു കശ്മീര്‍ പ്രളയക്കെടുതികളുടെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വന്നുതുടങ്ങുമ്പോള്‍ തന്നെ കേരളത്തിലെ ഐഡിയല്‍ റിലീഫ് വിംഗിന്റെ (ഐ.ആര്‍.ഡബ്ല്യു) നേതൃത്വത്തില്‍ കശ്മീരിലേക്ക് പോകാനുള്ള ഒരുക്കം ഞങ്ങള്‍ തുടങ്ങിയിരുന്നു. വൈകാതെ, അടയാറിലെ ഷംസുദ്ദീനും എടവനക്കാട്ടെ അബ്ദുല്‍ കരീമും ത്വാഹയും (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) താനൂരിലെ ഡോക്ടര്‍ ജസീലും ഉള്‍പ്പെട്ട ഐഡിയല്‍ റിലീഫ് വിംഗിന്റെ പൈലറ്റ് ടീം ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറങ്ങി.
അവിടെ നിന്ന് ശ്രീനഗറിലെ സഖാവത്ത് സെന്റര്‍ സെക്രട്ടറി ഷബീര്‍ സാഹിബിനെ വിളിച്ചു. ഒരാഴ്ചയെങ്കിലും കഴിയാതെ നിങ്ങള്‍ വരരുത് . ഇവിടെ വെള്ളമില്ല. വെളിച്ചമില്ല. ഗതാഗത സൗകര്യമില്ല, വാര്‍ത്താവിനിമയമൊന്നുമില്ല, ഹോട്ടലും റസ്റ്റ്ഹൗസുകളും സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ ഞങ്ങളുടെ വീടുകളടക്കം വെള്ളത്തിലാണ്. എയര്‍പോര്‍ട്ടില്‍ നിങ്ങളെ സ്വീകരിക്കാന്‍ പോലും ഞങ്ങള്‍ക്കെത്താന്‍ കഴിയില്ല-അദ്ദേഹത്തിന്റെ പ്രതികരണം. കശ്മീരിലേക്ക് ടൂറിന് പോകുന്നവരല്ല ഞങ്ങള്‍ എന്നതുകൊണ്ട്, ശ്രീനഗറിലേക്കുള്ള ഒന്നാമത്തെ വിമാനത്തില്‍തന്നെ പോകാന്‍ തീരുമാനിച്ചു. തെളിഞ്ഞ പകല്‍വെട്ടത്തില്‍ ശ്രീനഗര്‍ എയര്‍പോര്‍ട്ടിനു മുകളിലെത്തിയ വിമാനം ഇറങ്ങാന്‍ അല്‍പം താമസിച്ചു. ആകാശത്ത് വട്ടം കറങ്ങിയപ്പോള്‍ വിഹഗവീക്ഷണം സാധ്യമായി. കഴിഞ്ഞവര്‍ഷം കോഴിക്കോട് പുല്ലൂരാംപാറയിലെ ഉരുള്‍പൊട്ടലില്‍ കണ്ട നീര്‍ച്ചാലുകളുടെ നൂറിരട്ടി വലിയ നീര്‍ച്ചാലുകള്‍, ഭൂമിയുടെ ആണിയായി സൃഷ്ടിക്കപ്പെട്ട മലകളെ കുത്തിത്തുരന്നു സന്തുലനം നശിപ്പിക്കുന്ന അതിവിശാലമായ പാറമടകള്‍, പാതിയും കൂടുതലും വെളളത്തില്‍ മുങ്ങി നില്‍ക്കുന്ന വീടുകള്‍....
ഒരു വിമാനത്തില്‍ വന്ന ലഗേജില്‍ 90 ശതമാനവും കുടിവെള്ള കുപ്പികള്‍. വിമാനകമ്പനിക്കാര്‍ ഒരു യാത്രികന് 200 കിലോ വരെ റിലീഫ് വസ്തുക്കള്‍ സൗജന്യമായി കൊണ്ടുപോവാനും അനുവദിച്ചിരുന്നു. കഴിയുന്നത്ര മരുന്നും മെഡിക്കല്‍ ഉപകരണങ്ങളുമാണ് ഞങ്ങള്‍ കൂടെ കരുതിയത്.
1992 മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ഐ.ആര്‍.ഡബ്ല്യൂ ദുരന്തമുഖത്ത് ഇത്ര നേരത്തെ എത്തുന്നത് ആദ്യമാണ്. നഗരം പൂര്‍ണമായും വിജനമായിരുന്നു. എയര്‍പോര്‍ട്ടു മുതല്‍ റോഡില്‍ ആളുകളില്ല, വാഹനമില്ല, പോലീസില്ല, പട്ടാളമില്ല. ഞങ്ങള്‍ എത്തി അഞ്ചാംദിവസം ഒരിക്കല്‍ മാത്രമാണ് ഒരു ഉദ്യോഗസ്ഥന്‍ വന്നു ഞങ്ങളുടെ വിശദമായ വിവരം ശേഖരിച്ചു പോയത്.
സന്ധ്യയോടെ ശബീര്‍ അഹമ്മദും ഹാജി അബ്ദുര്‍റശീദ്‌വാനിയും (സഖാവത്ത് സെന്റര്‍ പ്രവര്‍ത്തകര്‍) എത്തി. അവരൊന്നിച്ചു ഒരു ക്യാമ്പ് സന്ദര്‍ശിച്ചു. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലും ജാമിഅ മില്ലിയയിലും പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികളും അവരെ സഹായിക്കാനെത്തിയ കൂട്ടുകാരും വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്ന ദുരിതാശ്വാസ ക്യാമ്പ്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും അവര്‍ മരുന്നുകള്‍ എത്തിച്ചുകൊടുക്കും. കുടുങ്ങിക്കിടക്കുന്ന ആരുടെയെങ്കിലും വിവരം കിട്ടിയാല്‍ ഉടനെ ട്രക്കില്‍ രക്ഷാബോട്ട് കയറ്റി, നീന്തലിലും മുങ്ങലിലും ബോട്ടിംഗിലും പരിശീലനം കിട്ടിയ വളണ്ടിയര്‍മാര്‍ അവരെ കയറ്റിക്കൊണ്ടുവരും. പിന്നെ പോയത് 3500 അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റൊരു ക്യാമ്പിലാണ്. പ്രദേശത്തെ എല്ലാ വിഭാഗവും ഒത്തൊരുമിച്ചാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് കണ്‍വീനര്‍ നിസാര്‍ സാഹിബിനോട് അത്യാവശ്യമുള്ള മരുന്നുകളുടെയും മറ്റു അവശ്യ വസ്തുക്കളുടെയും ലിസ്റ്റ് വാങ്ങി ദല്‍ഹി ഓഫീസില്‍ വിവരം അറിയിച്ചു. വിമാനം വഴി അത് എത്തിക്കാന്‍ ആവശ്യപ്പെട്ടു. രാവിലെ 9 മണിക്ക് തുടങ്ങിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് രാത്രി 9 മണിയായിട്ടും ഡോ. അബ്ദുര്‍റശീദുവാനിക്ക് (കശ്മീര്‍) വിട്ടുപോകാന്‍ മനസ്സ് വരുന്നില്ല. അദ്ദേഹത്തിന്റെയും വീടും ആശുപത്രിയും വെള്ളത്തിലാണ്. കുടുംബം ടെന്റിലും.
ഐ.ആര്‍.ഡബ്ല്യൂ ഏറ്റെടുക്കേണ്ട അടിയന്തര ജോലി എന്താണ് എന്ന ചോദ്യത്തിന് ശബീറിന്റേയും അബ്ദുറഷീദുവാനിയുടേയും മറുപടി ഒന്നിച്ചായിരുന്നു. 'ഉല ംമലേൃശിഴ.' ആദ്യമായാണ് ഈ പദം കേള്‍ക്കുന്നത്. അധികമുള്ള വെള്ളം പമ്പ് ചെയ്ത് പുറത്തു കളയുക. ഇത് കശ്മീരിലെ സ്ഥിരം പ്രതിഭാസമാണ്. എല്ലാ ഏരിയയിലും ഡിവാട്ടറിംഗ് സംവിധാനം നിലവിലുണ്ട്. വര്‍ഷകാലത്തെപ്പോലെ വേനലിലും കശ്മീരില്‍ വെള്ളം പൊങ്ങും. ഇങ്ങനെ അക്കാലത്ത് വരുന്ന വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ നദികളുടെ ഇരുകരകളിലും ഉയരത്തില്‍ ബണ്ടുകള്‍ കെട്ടിയിരിക്കും. മഞ്ഞുമഴ പെയ്തു. മറ്റും ജനവാസ കേന്ദ്രങ്ങളില്‍ ഉണ്ടാവുന്ന വെള്ളം ഒരുക്കൂട്ടി പുഴയിലേക്ക് പമ്പ് ചെയ്തു ഒഴിവാക്കാന്‍ ആഴമുള്ള കുഴിയും അതില്‍ നിന്ന് പുഴയോരം വരെ പൈപ്പും, കുഴിയില്‍ സബ്ബ് മെര്‍ജ്ജിബിള്‍ പമ്പും എല്ലാ ഏരിയയിലും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യുതി നിലച്ചു പമ്പുകളെല്ലാം നിശ്ചലമായതാണ് വെള്ളം ഒഴിഞ്ഞുപോവാതിരിക്കാന്‍ കാരണം എന്നാണ് അവര്‍ ധരിച്ചിരുന്നത്. ശക്തികൂടിയ ഡീസല്‍ പമ്പുകള്‍ എത്തിച്ചു വെള്ളം അടിച്ചു മാറ്റുക എന്ന പരിഹാരത്തിലും അവരെത്തി. ഭക്ഷണവും മരുന്നും കിട്ടിയില്ലെങ്കിലും ഞങ്ങള്‍ അതിജീവിക്കും. മൃഗങ്ങള്‍ ചത്തുപൊന്തി കഴുകനും കാക്കയും വലിച്ചുകീറി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്ന് പകര്‍ച്ചവ്യാധി തുടങ്ങിയാല്‍ പിന്നെ ആരാലും നിയന്ത്രിക്കാന്‍ കഴിയില്ലെന്നതിനാല്‍ ആ മേഖലയാണ് കഴിയുമെങ്കില്‍ നിങ്ങള്‍ ഏറ്റെടുക്കേണ്ടത്. ആവുന്നത്ര ഡീസല്‍ പമ്പുകള്‍ എത്തിക്കണം. ഉടന്‍ ദല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടു പമ്പുകളുടെ ലഭ്യതയും (ആയിരക്കണക്കിന് വേണം) വിലയും, പവറും, ഡിസ്ചാര്‍ജ്ജ് അളവും പഠിച്ചറിയിക്കാന്‍ ആവശ്യപ്പെട്ടു.
രാവിലെ ഇതിന്റെ സാധ്യതാ പഠനത്തിനായി പുറപ്പെട്ടു. ട്രാക്ടറിലും ട്രക്കിലുമായി വെള്ളം കെട്ടിനില്‍ക്കുന്ന നിരവധി സ്ഥലങ്ങള്‍ കണ്ടു തിരിച്ചെത്തി. രാവിലെ പുറപ്പെട്ട രാജ്ബാഗില്‍ ശക്തികൂടിയ നാല് പമ്പുകള്‍ അപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം തിരിച്ചെത്തി വീണ്ടും കണ്ടപ്പോള്‍ പത്ത് മണിക്കൂര്‍ കൊണ്ട് ഒരിഞ്ച് വെള്ളം കുറഞ്ഞിട്ടുണ്ടാവും. രാജ്ബാഗില്‍ 10 മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. രണ്ടാം നിലവരെ വെള്ളത്തില്‍. ഇത്തരം ആയിരക്കണക്കിന് ഏരിയകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കണം. പത്ത് മണിക്കൂറില്‍ ഒരിഞ്ച് വീതം ഒഴിവാക്കിയാല്‍ ആറുമാസം കൊണ്ട് തീരില്ലെന്നും ഉറപ്പ്. മെക്കാനിക്കല്‍ ഡി വാട്ടറിംഗ് പ്രായോഗികമല്ലെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി.
പിറ്റേന്ന് രാവിലെ, ശ്രീനഗറിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമുള്ള ജില്ലാ പോലീസ് സൂപ്രണ്ടിനെ കാര്യം ധരിപ്പിക്കാന്‍ തീരുമാനിച്ചു. സഖാവത് സെന്റര്‍ പ്രവര്‍ത്തകരോടൊപ്പം അതിരാവിലെ അദ്ദേഹത്തെ വീട്ടില്‍ ചെന്നു കണ്ടു, കണക്കുകളും അനുഭവവും വെച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാര്യം പെട്ടെന്ന് ബോധ്യമായി. നിങ്ങള്‍ക്ക് വല്ല ബദല്‍ നിര്‍ദേശവുമുണ്ടോ എന്നായി അദ്ദേഹം. വെള്ളം ഒഴിഞ്ഞു പോകുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി കൊടുക്കുക, പുഴയോരത്തെ ഉയര്‍ന്ന ബണ്ടുകളും ഭിത്തികളും മണ്ണുമാന്തി യന്ത്രമുപയോഗിച്ചു സാദ്ധ്യമാവുന്ന സ്ഥലങ്ങളില്‍ പൊളിച്ചു വെള്ളത്തിനുപോകാന്‍ വഴിയൊരുക്കുക. വെള്ളം ഒഴിഞ്ഞ ശേഷം ആവശ്യമെങ്കില്‍ വീണ്ടും ബണ്ടും തിണ്ടും കെട്ടുക. കാര്യം ബോധ്യമായ അദ്ദേഹം ഉടനെ ഏതോ മേലധികാരിയുമായി ബന്ധപ്പെട്ടു.
ഒരു ഡോക്ടറും ഒരു നഴ്‌സും ഉള്‍പ്പെടുന്ന ഞങ്ങളുടെ പൈലറ്റ് ടീം, തുടര്‍ ദിവസങ്ങളില്‍ 3 സ്ഥലങ്ങളിലായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 450-ല്‍ പരം രോഗികളെ പരിശോധിച്ചു മരുന്നു നല്‍കി. മെഡിക്കല്‍ ക്യാമ്പുകള്‍ ഇനിയും ആവശ്യമുള്ള സ്ഥലങ്ങളില്‍ നടത്തുന്നതിന് ശേഷിച്ച മരുന്നുകള്‍ തദ്ദേശീയരായ ഡോക്ടര്‍മാരെ ഏല്‍പ്പിച്ചു. ഓരോ വീട്ടിലും ഒരു ഡോക്ടറും എഞ്ചിനീയറുമുള്ള ശ്രീനഗറില്‍ മരുന്നിന്റെ ലഭ്യതയാണ് പ്രധാന പ്രശ്‌നം.
വെള്ളപ്പൊക്കത്തിന്റെ പ്രഭവ സ്ഥാനം എന്നറിയപ്പെടുന്ന പാംപൂര്‍ ഏരിയയും ഞങ്ങള്‍ സന്ദര്‍ശിച്ചു. ഐ.ആര്‍.ഡബ്ല്യൂ നിര്‍ദേശിച്ച പ്രകാരമുള്ള ബണ്ടു പൊളിച്ച് വെള്ളം നീക്കല്‍ ആദ്യം പരീക്ഷിച്ചതും ഇവിടെ തന്നെ. ഞങ്ങള്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ പട്ടാളക്യാമ്പും ഈ വഴിക്കാണ്. പൂര്‍ണമായും തകര്‍ന്നടിഞ്ഞ പട്ടാള ക്യാമ്പ്, ഇന്നലെ വരെ ആരും അവിടെ താമസിച്ചിട്ടില്ലെന്ന മട്ടില്‍ നാമാവശേഷമായിരിക്കുന്നു. പട്ടാളക്കാര്‍ക്ക് പാല്‍ കൊടുക്കാന്‍ പോറ്റിയിരുന്ന 500 പശുക്കള്‍ ഒന്നിച്ചു ചത്തത് പ്രദേശമാകെ ദുര്‍ഗന്ധം പരത്തി. ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചവയില്‍ ഒന്നാണ് ഈ പട്ടാള ക്യാമ്പ്.
ജനങ്ങള്‍ക്ക് ഒട്ടുവളരെ പരാതികളുണ്ട്. അതില്‍ മുഖ്യമായതാണ് വിവേചനം. സര്‍ക്കാര്‍വക (പട്ടാളം) റസ്‌ക്യു പ്രവര്‍ത്തനം ചില വിഭാഗങ്ങളില്‍ മാത്രം പരിമിതവും വിവേചനപരവുമായിരുന്നുവെന്ന് ജനം അനുഭവം വിവരിക്കുന്നു. സ്വന്തക്കാരെയും ബന്ധുക്കളെയും രക്ഷപ്പെടുത്തിയശേഷം, വി.ഐ.പികളും ടൂറിസ്റ്റുകളും അന്യസംസ്ഥാന തൊഴിലാളികളുമായിരുന്നു പട്ടാളത്തിന്റെ ശ്രദ്ധാകേന്ദ്രം. തദ്ദേശീയര്‍ നോക്കിനില്‍ക്കെ ഇത്തരക്കാരെ തെരഞ്ഞുപിടിച്ചു രക്ഷപ്പെടുത്തുകയായിരുന്നുപോല്‍. ഇവര്‍ക്ക് വേണ്ടി എയര്‍പോര്‍ട്ടിനടുത്തു പ്രതേ്യക ക്യാമ്പ് ഒരുക്കിയെന്നും, അവര്‍ക്ക് വീട്ടിലെത്താനുള്ള സൗജന്യ വിമാന ടിക്കറ്റ് നല്‍കിയെന്നും, പരാതിയുണ്ട്.
പട്ടണങ്ങളില്‍ കട്ട (ഇഷ്ടിക) കൊണ്ടു പടുത്തുയര്‍ത്തിയതാണ് അധിക വീടുകളും. അവ സിമന്റു തേച്ചു പ്ലാസ്ടര്‍ ചെയ്യാതെ കിടക്കും. രണ്ടുമൂന്നു നിലകളുള്ള വീടുകള്‍വരെ ഇതേരീതിയില്‍. മേലെ വാര്‍ക്കുന്നതിന് പകരം ടിന്‍ ഷീറ്റുകള്‍ കൊണ്ടു മൂടും. ഉള്‍ഭാഗം ചുമരുകള്‍ വിലപിടിപ്പുള്ള മരംകൊണ്ടു കൊത്തുപണിചെയ്തു അലങ്കരിച്ചുമൂടിയിരിക്കും. രണ്ടാഴ്ച തുടര്‍ച്ചയായി വെള്ളത്തില്‍ ആണ്ടുകിടന്ന ഈ വീടുകളില്‍ എത്രശതമാനം അതിജീവിക്കും എന്ന് കണ്ടറിയണം. പത്ത് ശതമാനത്തില്‍ കൂടാന്‍ സാദ്ധ്യത കുറവാണെന്നാണ് തോന്നിയത്. പൊളിക്കേണ്ടിവരുന്ന പതിനായിരക്കണക്കിന് വീടുകളുടെ വേസ്റ്റ് മാനേജ്‌മെന്റും പുനര്‍നിര്‍മാണവും വലിയ പ്രശ്‌നമാണ്. പൊളിച്ച് പണിയുകയോ ഫിറ്റ്‌നസ് കിട്ടുകയോ ചെയ്യുന്നത് വരെ കശ്മീരികള്‍ താമസിക്കേണ്ടത് ടെന്റുകളിലാണ്. സര്‍ക്കാറും സ്വകാര്യ ഏജന്‍സികളും ടെന്റുകള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ ടെന്റുകള്‍ പലതും മടക്കുനീര്‍ന്നിട്ടില്ല. നീര്‍ന്ന പലതും കാലിയും. ഇക്കൊല്ലം തണുപ്പ് വന്നതുതന്നെ ആരവങ്ങളോടെയാണ്. അതിശൈത്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടെന്റ ് കെട്ടേണ്ടതും നനഞ്ഞുകുതിര്‍ന്ന ഭൂമിയില്‍. മൈനസ് പത്തിലും പതിനഞ്ചിലും എത്തുന്ന തണുപ്പ് വരാന്‍ പോകുന്നു. ആ തണുപ്പ് വരുന്ന രണ്ടു മൂന്ന് മാസങ്ങള്‍ എങ്ങനെയാണ് ഈ ജനത തരണം ചെയ്യുക!
ശ്രീ മഹാരാജ് ഹരിസിംഗ്, ലാല്‍ദെദ്, ജി.ബി പാന്റ് ചില്‍ഡ്രന്‍, ബോണ്‍ ഏന്റ് ജോയിന്റ് ഹോസ്പിറ്റലുകളെല്ലാം പ്രവര്‍ത്തനരഹിതമായി കിടക്കുകയായിരുന്നു. ഭാഗികമായെങ്കിലും പ്രവര്‍ത്തിച്ചിരുന്നത് ഒരു ആശുപത്രി മാത്രം. ഷേറെ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. വെള്ളത്തില്‍ മുങ്ങിക്കിടന്ന മെഷിനുകളും, ഉപകരണങ്ങളും, യുദ്ധകാലാടിസ്ഥാനത്തില്‍ ശരിപ്പെടുത്തുന്നതിന്, കേന്ദ്ര ഗവണ്‍മെന്റിന്റെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നൂറുകോടിയുടെ നഷ്ടമാണ് ഈ ആശുപത്രികളില്‍ മാത്രം കണക്കാക്കപ്പെട്ടത്.
ശ്രീനഗറിലെ നാട്ടിപ്പോറ, പദുഷാഹിബാഗ്, ഖാന്‍യാര്‍, സൈദകടല്‍ ഏരിയകളില്‍ നിന്ന് കശ്മീര്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ എത്തിപ്പെട്ട 350 കുടുംബങ്ങള്‍ക്ക് അഭയമായത് അവിടുത്തെ 30 വിദ്യാര്‍ഥികളാണ്. രോഗം ബാധിച്ച് ഇപ്പോള്‍ ആസ്പത്രിയില്‍ കഴിയുന്ന പി.എച്ച്.ഡി. വിദ്യാര്‍ഥി മെഹറാജാണ് ഇതിന് നേതൃത്വം നല്‍കിയത്. ശ്രീനഗറിലെ രാജ് ഭാഗ് സ്വദേശിയായ മെഹറാജിന്റെ വീട് പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. സ്വന്തക്കാര്‍ എവിടെയാണെന്ന് പോലും അറിയില്ല. വിവരം കിട്ടാന്‍ മാര്‍ഗവുമില്ല. ഫോണില്ല, മൊബൈലില്ല, പത്രമില്ല, ടി.വിയില്ല, റേഡിയോയില്ല (നാലാം ദിവസം റേഡിയോ മാത്രം പുനര്‍ജനിച്ചു). കറണ്ടില്ല, വെളിച്ചമില്ല, വെള്ളമില്ല. ഇത് മെഹറാജിന്റെ മാത്രം അനുഭവമല്ല. കൂടെയുള്ള 29 പേരുടേയും അവസ്ഥ ഇതുതന്നെയാണ്. തങ്ങളുടെ കുടുംബവും ഇതുപോലെ അഭയം തേടി എവിടെയെങ്കിലും എത്തിയിട്ടുണ്ടാവും, അവര്‍ക്കാരെങ്കിലും അഭയവും നല്‍കിയിട്ടുണ്ടാവും എന്ന് സമാധാനിച്ചു. 10 ദിവസം കഴിഞ്ഞപ്പോള്‍ അതു ശരിയാണെന്ന് അവര്‍ക്ക് മനസ്സിലായി തങ്ങളുടെ ക്യാമ്പില്‍ എത്തിപ്പെട്ടവര്‍ക്ക് അഭയമൊരുക്കി അവര്‍.
വ്യവസ്ഥയേതുമില്ലാതെ പ്രളയ ബാധിതര്‍ക്ക് എത്രയും വേഗം ദുരിതാശ്വാസമെത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കെ തന്നെ പൂഞ്ചിലെ മെന്‍ദാര്‍തഹ്‌സീലിലെ ഉദ്യോഗസ്ഥര്‍, വീടു നഷ്ടപ്പെട്ടവര്‍ക്ക് ടെന്റ ് കിട്ടണമെങ്കില്‍ വിചിത്രമായ വ്യവസ്ഥയാണ് വെച്ചത് 'അഭയത്തിന് ടെന്റ ് വേണമെങ്കില്‍ ആദ്യം അഫിഡവിറ്റ് ഒപ്പിടുക' മൂന്നു മാസത്തിനിടക്ക് (തണുപ്പ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തുമ്പോള്‍) ടെന്റുകള്‍ തിരിച്ചു നല്‍കാമെന്നാണ് സത്യവാങ്മൂലം. കൊടും തണുപ്പ് പ്രതീക്ഷിക്കപ്പെടുന്ന മൂന്നു മാസത്തിനിടക്ക് വീട് പണി തീര്‍ത്തു ടെന്റ് തിരിച്ചേല്‍പ്പിക്കുമെന്നാണ് അഫിഡവിറ്റ് നല്‍കേണ്ടത്. സര്‍ക്കാര്‍ റിലീഫിന്റെ ഒരു മാതൃകയാണിത്.
സിയല്ല് ദേവി ക്ഷേത്രത്തിന് പറയാനുള്ള കഥ മറ്റൊന്നാണ്. പുതുതായി ജനിച്ച ഇരുപത് കുട്ടികള്‍ക്കും അവരുടെ മാതാക്കള്‍ക്കുമാണ് ക്ഷേത്രം അഭയമായത്. ജീ.ബി പാന്ത് ആശുപത്രിയില്‍ സിസേറിയന്‍ വഴിയും അല്ലാതെയും പ്രസവിച്ച ഉമ്മമാരും കുഞ്ഞുങ്ങളും. ദാല്‍ തടാകത്തിലേക്കു തലയും നീട്ടിനില്‍ക്കുന്ന ഉയര്‍ന്ന കുന്നിലെ ക്ഷേത്രത്തിലേക്കാണ് പട്ടാളം ഹെലികോപ്റ്ററില്‍ കയറ്റി ഇവരെ എത്തിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ വന്നെത്തിയ അതിഥികളെ കണ്ട് ആദ്യം അമ്പരന്ന ക്ഷേത്രഭരണാധികാരികള്‍, ഇവരില്‍ ഭൂരിപക്ഷം മുസ്‌ലിംകളായിട്ടും-സിക്കുകാരുമുണ്ടായിരുന്നു-ഇരുകൈയും നീട്ടി ഇവരെ സ്വീകരിക്കുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി വയറ്റാട്ടികളായത് കശ്മീരി പണ്ഡിറ്റ് സ്ത്രീകളും. പട്ടാളം കൊണ്ടിറക്കിയ രണ്ടായിരത്തില്‍പരം-ഒരു ഘട്ടത്തില്‍ ഏഴായിരം വരെയെത്തി-അഭയാര്‍ഥികള്‍ക്ക് നിത്യവും ക്ഷേത്രം വക ലങ്കാര്‍ (ഭക്ഷണത്തിന്റെ ക്ഷേത്ര ഭാഷ) വെച്ചുവിളമ്പാന്‍ കഴിഞ്ഞതില്‍ അതിയായ സംതൃപ്തി രേഖപ്പെടത്തിയ ക്ഷേത്രകമ്മറ്റി പ്രസിഡന്റ് ബി.ബി ഭട്ട്, രാപ്പകല്‍ സേവനനിരതനായി അഭയാര്‍ഥികളോടൊപ്പം തന്നെ കഴിയുന്നു. ഒരു ഘട്ടത്തില്‍ ക്ഷേത്രത്തിലെ സൂക്ഷിപ്പ് ഭക്ഷണം തീര്‍ന്നേക്കുമോ എന്ന് ഭയന്ന വളണ്ടിയര്‍മാര്‍ ദുരന്തമെത്താത്ത ഹസാരി ബാഗിലെ ഷോപ്പുകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ''ദുരന്തങ്ങള്‍ മതങ്ങളുടെ എല്ലാ അതിര്‍ വരമ്പുകളെയും ഉല്ലംഘിക്കുന്നു. കശ്മീര്‍ ദുരന്തം ഹിന്ദു-മുസ്‌ലിം-സിക്ക് വിഭാഗങ്ങളെയെല്ലാം ഒന്നിപ്പിച്ചിരിക്കുന്നു. അതിജീവനം എന്ന ഒറ്റ ലക്ഷ്യത്തില്‍,'' ബി.ബി ഭട്ട് പറഞ്ഞു.
Comments