Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

ഉപ്പ ബാക്കിവെച്ച മഹിത മാതൃകകള്‍

ഹമീദുദ്ദീന്‍ ഖലീല്‍ /സ്മരണ

         ഒരുപാട് നന്മകളുടെ മാത്രം നേര്‍ചിത്രങ്ങള്‍ ബാക്കിവെച്ച് ഉപ്പ വിട പറഞ്ഞു. ആദര്‍ശങ്ങളില്‍ അടിയുറച്ച് ഏതു പ്രതിസന്ധികളിലും തളരാതെ താങ്ങായി മന്ദസ്മിതം തൂകിനിന്ന ഉപ്പയുടെ വിയോഗം തീര്‍ത്ത ശൂന്യത നികത്താന്‍ സാധ്യമല്ലല്ലോ എന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു.

ഓര്‍മ വെച്ച നാളുകള്‍ തൊട്ടേ കാണുന്ന ഉപ്പയുടെ ലോകം ഇസ്‌ലാമിക പ്രസ്ഥാനമായിരുന്നു. പ്രാസ്ഥാനികമായ ഉത്തരവാദിത്തങ്ങള്‍ കാരണം ഉപ്പ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടാകാറുണ്ടായിരുന്നത്. എന്തെങ്കിലും പലഹാരപ്പൊതിയുമായി കോഴിക്കോട്ടുനിന്ന് വീട്ടിലേക്കുള്ള ഉപ്പയുടെ വരവ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉത്സവപ്രതീതിയുളവാക്കുന്നതായിരുന്നു.

പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും ഞങ്ങളുടെ തര്‍ബിയത്തില്‍ ഉപ്പയുടെ പൂര്‍ണ ശ്രദ്ധയുണ്ടായിരുന്നു. ഇന്നത്തെ പോലെ വിനിമയ മാര്‍ഗങ്ങളില്ലാതിരുന്ന അക്കാലത്ത്, ഉപ്പയുടെ അസാന്നിധ്യത്തില്‍ ഞങ്ങളെ ശ്രദ്ധിക്കാനും ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനുമായി നാട്ടിലെ പ്രസ്ഥാന പ്രവര്‍ത്തകരെ പ്രത്യേകം ഏല്‍പിക്കാറുണ്ടായിരുന്നു.

ഏതു പ്രതിസന്ധി ഘട്ടങ്ങളെയും ശാന്തതയോടെ അഭിമുഖീകരിക്കുന്നതായിരുന്നു ഉപ്പയുടെ പ്രകൃതം. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരിക്കല്‍ പോലും ഉപ്പ സമചിത്തത കൈവെടിഞ്ഞതായി ഓര്‍മയിലില്ല. അടിയന്തരാവസ്ഥക്കാലത്ത് പ്രസ്ഥാനം  നിരോധിക്കപ്പെട്ട വാര്‍ത്ത വരുമ്പോള്‍ ഞാന്‍ ഉപ്പയുടെ ബന്ധുക്കള്‍ക്കൊപ്പം തളിപ്പറമ്പിലായിരുന്നു. ഉപ്പ വേണ്ടാത്ത പണികള്‍ക്ക് പോയതുകൊണ്ടാണിതെന്നും ഇനി താമസം ജയിലിലായിരിക്കുമെന്നുമൊക്കെയായിരുന്നു പല ബന്ധുക്കളുടെയും പ്രതികരണം. അസ്വസ്ഥമായ മനസ്സുമായി എടയൂരില്‍ എത്തിയപ്പോള്‍ കിട്ടിയ വിവരം ഉപ്പയെ പോലീസുകാര്‍ കൊണ്ടുപോയി എന്നായിരുന്നു. വളാഞ്ചേരി സ്റ്റേഷനില്‍ ചെന്നപ്പോള്‍ മഞ്ചേരി സബ്ജയിലിലാണുള്ളതെന്ന അറിവു കിട്ടി. പിറ്റേന്ന് തികച്ചും അപ്രതീക്ഷിതമായി ഉപ്പയെ ജയിലറയില്‍ കണ്ടപ്പോള്‍ ഞാന്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു പോയി. പക്ഷേ ഉപ്പയാകട്ടെ, ശാന്തചിത്തനായി പുഞ്ചിരി തൂകുകയായിരുന്നു അപ്പോഴും. ഒരുവിധ ആശങ്കകളുമില്ലാതെ, ഇതെല്ലാം ഈ മാര്‍ഗത്തില്‍ സാധാരണമാണെന്നും അല്‍പം പോലും പ്രയാസപ്പെടേണ്ടതില്ലെന്നും ഉപദേശിക്കുകയായിരുന്നു ഉപ്പ.

ഞങ്ങളുടെ ചെറുപ്പകാലത്ത് ജമാഅത്ത് ഓഫീസില്‍ നിന്നു ഉപ്പക്ക് കിട്ടുന്ന ശമ്പളമല്ലാതെ കുടുംബത്തിന് വേറെ വരുമാനം ഒന്നും ഉണ്ടായിരുന്നില്ല. ഒരുവിധം അരിഷ്ടിച്ചാണ്  ഞങ്ങള്‍ ഒമ്പത് മക്കള്‍ അടങ്ങുന്ന കുടുംബം കഴിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നത്. വല്ല്യുമ്മ (ഹാജി സാഹിബിന്റെ സഹോദരി) പറമ്പില്‍ നടത്തിയിരുന്ന കൃഷിപ്പണികളായിരുന്നു ആ സമയത്ത് വലിയ അളവില്‍ ആശ്വാസമായത്. പക്ഷേ, ഏത് സാഹചര്യത്തിലും എന്തെങ്കിലും ആവശ്യവുമായി വീട്ടില്‍ എത്തുന്നവരെ വെറും കൈയോടെ ഉപ്പ തിരിച്ചയക്കാറുണ്ടായിരുന്നില്ല. കാശ് കടം ചോദിച്ച് വരുന്നവരെ ഉപ്പ നിരാശപ്പെടുത്താറില്ല. എന്തെങ്കിലും ചെയ്ത് ഉപ്പ കൊടുക്കും. അതു തിരിച്ചു തരുന്നതിനു മുമ്പേ അതേ ആളുകള്‍ തന്നെ വീണ്ടും കടത്തിനായി സമീപിക്കുമ്പോള്‍ ഒരു വൈമനസ്യവുമില്ലാതെ കൈയില്‍ ഉള്ളത് എടുത്തുകൊടുക്കുന്ന ഉപ്പയെ അത്ഭുതത്തോടെ ഞങ്ങള്‍ നോക്കി നിന്നിട്ടുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ 'ഓഫീസിലെ തങ്ങള്‍' ആയിരുന്നു നാട്ടുകാരുടെ കണ്ണില്‍ ഏറ്റവും വലിയ 'സമ്പന്നന്‍.'

മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഉദാര നിലപാട് സൂക്ഷിച്ചപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ഉപ്പ വളരെ കണിശത പുലര്‍ത്തിയിരുന്നു. മുഴുവന്‍ ഇടപാടുകളും രേഖപ്പെടുത്തിവെക്കുമായിരുന്നു. ഞങ്ങള്‍ വിദേശത്ത് ജോലി ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ പല ആവശ്യങ്ങള്‍ക്കായി അയച്ചു കൊടുക്കുന്ന കാശിന്റെ കൃത്യമായ കണക്കു സൂക്ഷിക്കുകയും ബാക്കി സംഖ്യ പൈസ കണക്കുള്‍പ്പെടെ ഞങ്ങളെ അറിയിക്കുകയും ചെയ്യുമായിരുന്നു. സമ്പത്തിനെ കുറിച്ചോ വരുമാനത്തെക്കുറിച്ചോ ഒരിക്കല്‍ പോലും വ്യാകുലപ്പെട്ടിട്ടില്ലാത്ത ഉപ്പ അഹിതകരമായത് വന്നുചേരാതിരിക്കാന്‍ അതിയായ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. ഉപ്പയുടെ കുടുംബ സ്വത്തിലെ അവകാശം ഉപ്പ സ്വീകരിക്കുകയോ അതിന് അല്‍പം പോലും താല്‍പര്യം കാണിക്കുകയോ ചെയ്തിരുന്നില്ല. മുന്‍ തലമുറ സമ്പാദിച്ചതില്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് നിരക്കാത്ത ഉറുക്ക്, പിഞ്ഞാണമെഴുത്ത്, മന്ത്രിച്ചൂതല്‍ തുടങ്ങിയവയിലൂടെയുള്ള വരുമാനവും കലര്‍ന്നിട്ടുണ്ടാകാം, അത് അനുഭവിക്കേണ്ടതില്ല എന്ന ചിന്തയായിരുന്നു അതിന് ഉപ്പയെ പ്രേരിപ്പിച്ചത്.

ഞങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളെയും വലുപ്പ-ചെറുപ്പമോ ജാതി-മത ഭേദമോ ഇല്ലാതെ 'നിങ്ങള്‍' എന്ന് അഭിസംബോധന ചെയ്തിരുന്ന ഉപ്പ, അതേ സ്‌നേഹബഹുമാനങ്ങളോടെ തന്നെയാണ് മുഴുവന്‍ ആളുകളോടും ഇടപഴകിയിരുന്നതും. ഒരിക്കല്‍ കുഷ്ഠ രോഗം ബാധിച്ച ഒരാള്‍ സഹായാര്‍ഥനയുമായി വീട്ടില്‍ വന്നു. ഉമ്മയും സഹോദരിമാരും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും അയാളെ തന്റെ കൂടെ ഇരുത്തി ഭക്ഷണം കഴിപ്പിച്ചതിന് ശേഷമാണ് ഉപ്പ പറഞ്ഞയച്ചത്. വീട്ടില്‍ ജോലിക്ക് എത്തുന്നവരെ പോലും കൂടെയിരുത്തി ഭക്ഷിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തലായിരുന്നു ഉപ്പയുടെ പതിവ്.

ഞങ്ങള്‍ മക്കളോട് അങ്ങേയറ്റത്തെ സ്‌നേഹത്തോടെയും കാരുണ്യത്തോടെയും ആയിരുന്നു ഉപ്പയുടെ പെരുമാറ്റം. ഒരിക്കലും ആരെയും ഉപ്പ ശിക്ഷിച്ചതായി ഓര്‍മയിലില്ല. എന്നാല്‍ തെറ്റുകള്‍ കണ്ടാല്‍ അത് തിരുത്തുകയും ഗൗരവത്തോടെ ഉപദേശിക്കുകയും ചെയ്യുമായിരുന്നു. കിട്ടുന്ന വരുമാനത്തിനനുസരിച്ച് ഞങ്ങളുടെ ആവശ്യങ്ങളെല്ലാം നിര്‍വഹിച്ച് തരാന്‍ ഉപ്പ അതീവ ശ്രദ്ധാലുവായിരുന്നു. ബേക്കറി പലഹാരങ്ങള്‍ ഇഷ്ടമില്ലാതിരുന്ന ചെറിയ അനിയന്റെ ഭാര്യ, ഉപ്പ കോഴിക്കോട്ടു നിന്നും കൊണ്ടുവരുന്ന പലഹാരങ്ങള്‍ ഒന്നും കഴിക്കാറുണ്ടായിരുന്നില്ല. ആരും ശ്രദ്ധിക്കാതിരുന്ന ഈ കാര്യം ഉപ്പ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ഇടക്ക് എപ്പോഴോ കൊണ്ടുവന്ന ഒരു ബിസ്‌ക്കറ്റ് അവള്‍ എടുത്തു തിന്നത് പ്രത്യേകം ശ്രദ്ധിച്ച ഉപ്പ പിന്നീട് വരുമ്പോഴെല്ലാം കൊണ്ടുവന്നിരുന്ന പലഹാരങ്ങളുടെ കൂടെ ആ ബിസ്‌ക്കറ്റിനും ഒരു സ്ഥാനം നല്‍കിയിരുന്നു. കൂടുതലായി സംസാരിച്ചില്ലെങ്കിലും ആവശ്യമുള്ളത് കണ്ടറിഞ്ഞ് നിര്‍വഹിക്കുന്നതിലെ ഉപ്പയുടെ അതീവ ജാഗ്രതയായിരുന്നു ഇതിന്റെ കാരണം.

പലപ്പോഴും മക്കള്‍ക്കിടയില്‍ അനൈക്യത്തിന്റെയും പ്രശ്‌നങ്ങളുടെയും വിത്തുകള്‍ പാകുന്നത് മാതാപിതാക്കളുടെ പെരുമാറ്റവൈകല്യവും ചില മക്കളോടുള്ള അമിതമായ വാത്സല്യവുമാണ്. പ്രത്യേകിച്ചും വലിയ കുടുംബങ്ങളില്‍. എന്നാല്‍ എല്ലാ മക്കളെയും ഒരുപോലെ പരിഗണിക്കുന്നതിലും സ്‌നേഹിക്കുന്നതിലും ഉപ്പ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്നെ, 'ഉപ്പക്ക് ഞാനാണ് ഏറ്റവും പ്രിയപ്പെട്ടവന്‍' എന്നാണ് ഞങ്ങള്‍ ഓരോരുത്തര്‍ക്കും തോന്നാറുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നോക്കമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള വിഭവങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിച്ചിരുന്ന ഉപ്പ എന്നാല്‍ പഠന കാര്യത്തിലും വിവാഹത്തിന്റെ കാര്യത്തിലുമൊന്നും തന്റെ തീരുമാനങ്ങള്‍ ആരുടെയും മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല. ഞങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അനുവദിച്ചുതരാന്‍ കഴിയുന്നത് മുഴുവന്‍ അനുവദിക്കുകയുമായിരുന്നു ഉപ്പയുടെ രീതി.

ഉപ്പയുടെ ഉമ്മ മരണപ്പെടുമ്പോള്‍, ഉപ്പക്ക് മൂന്നു വയസ്സായിരുന്നു. പിന്നീട് പെങ്ങളുടെ കൂടെയും മറ്റും താമസിച്ചിരുന്ന ഉപ്പ കൗമാരം വിടുന്നതിനു മുമ്പേ വിദ്യാഭ്യാസത്തിനായി വിദൂര സ്ഥലങ്ങളിലായിരിന്നു താമസം. അങ്ങനെ കുടുംബ ജീവിതത്തിന്റെ വലിയ മാതൃകകളൊന്നും മുന്നില്‍ ഉണ്ടായിരുന്നില്ലെങ്കിലും അങ്ങേയറ്റം മാതൃകാപരമായിരുന്നു ആറു പതിറ്റാണ്ടിലധികം നീണ്ടുനിന്ന ഉപ്പയുടെ ദാമ്പത്യജീവിതം. അതില്‍ ഒരു അസ്വാരസ്യം പോലും ഞങ്ങള്‍ക്ക് അവസാനം വരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഉമ്മയോടു കോപിക്കുന്നത് പോയിട്ട് ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നതു പോലും ഞങ്ങള്‍ ആരും കണ്ടിട്ടില്ല, എന്നല്ല, അങ്ങേയറ്റത്തെ ബഹുമാനത്തോടെ 'നിങ്ങള്‍' എന്നാണ് ഉപ്പ ഉമ്മയെയും അഭിസംബോധന ചെയ്യാറുണ്ടായിരുന്നത്. കോഴിക്കോട് ഓഫീസിലാകുമ്പോള്‍ രാത്രി ഇശാഅ് നമസ്‌കാരത്തിനുശേഷം എല്ലാ ദിവസവും ഞങ്ങളുടെ ഫോണ്‍ ബെല്ലടിക്കും. ഉമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനായുള്ള ഉപ്പയുടെ ആ വിളി ഒരു ദിവസം പോലും മുടങ്ങാറുണ്ടായിരുന്നില്ല. ഉമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉപ്പയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് എന്തെങ്കിലും വിശേഷപ്പെട്ട ഒരു പൊതിയുമായേ ഉപ്പ വീട്ടില്‍ എത്താറുണ്ടായിരുന്നുള്ളൂ.

ആരാധനാനുഷ്ഠാനങ്ങളില്‍ അതീവ നിഷ്ഠ പുലര്‍ത്താന്‍ ഉപ്പ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എത്ര വൈകി കിടന്നാലും തഹജ്ജുദ് നമസ്‌കാരത്തിനായി എഴുന്നേല്‍ക്കുന്ന ഉപ്പ ഏറെ നേരം പ്രാര്‍ഥനക്കും ഖുര്‍ആന്‍ പാരായണത്തിനുമായി നീക്കിവെക്കുമായിരുന്നു. ഏതു പ്രതികൂല കാലാവസ്ഥയിലും സുബ്ഹി ജമാഅത്ത് ഉപ്പ നഷ്ടപ്പെടുത്താറുണ്ടായിരുന്നില്ല.

ശത്രുപക്ഷത്ത് സ്വയം നിലയുറപ്പിച്ചവരോടും അങ്ങേയറ്റത്തെ സ്‌നേഹത്തോടെയും ആദരവോടെയുമായിരുന്നു ഉപ്പ പെരുമാറിയിരുന്നത്. തന്റെ മുഖമുദ്രയായ വിനയം ഒരു സന്ദര്‍ഭത്തിലും ഉപ്പ കൈവെടിഞ്ഞിരുന്നില്ല. പലപ്പോഴും പ്രകോപിപ്പിക്കാന്‍ പ്രതിയോഗികള്‍ നടത്തിയ ശ്രമങ്ങള്‍ മുഴുവന്‍ വൃഥാവിലാവുകയായിരുന്നു. മല പോലെ വന്നിരുന്ന പല പ്രശ്‌നങ്ങളും ഉപ്പയുടെ ഈ സ്വഭാവ സവിശേഷത കൊണ്ട് അലിഞ്ഞില്ലാതാകുമായിരുന്നു. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍