Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

ഏഴര പതിറ്റാണ്ടിന്റെ സൗഹൃദം

ടി.കെ അബ്ദുല്ല /സ്മരണ

         സയ്യിദ് അബ്ദുല്‍ അഹദ് തങ്ങളെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജ് വിദ്യാര്‍ഥിയായിരിക്കെയാണ്. തങ്ങള്‍ അവിടെ അധ്യാപക-വിദ്യാര്‍ഥിയായിരുന്നു. അപ്പോഴത്തെ തങ്ങളുടെ അധ്യാപക പദവി മാനിച്ചുകൊണ്ടുള്ളതായിരുന്നു എന്റെ ബന്ധം. അന്ന് മദീനത്തുല്‍ ഉലൂമില്‍ വളാഞ്ചേരിയിലെ ടി. ഇസ്ഹാഖലി, കടവത്തൂരിലെ പി.കെ അബ്ദുല്ല, കുമരനെല്ലൂരിലെ അഹ്മദ് ഉള്‍പ്പെടെ കാല്‍ ഡസന്‍ വിദ്യാര്‍ഥികളേ ജമാഅത്ത് അനുഭാവികളായി അറിയപ്പെട്ടിരുന്നുള്ളൂ. അധ്യാപകനെന്ന അകലം പാലിച്ചതുകൊണ്ട് 'തങ്ങളി'ലെ ജമാഅത്ത് അനുഭാവം തിരിച്ചറിയാന്‍ അപ്പോള്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് ഞങ്ങള്‍ പ്രസ്ഥാന പ്രവര്‍ത്തകരെന്ന നിലയില്‍ എടയൂരിലെ ജമാഅത്ത് ഓഫീസില്‍ ഒത്തുചേരുകയായിരുന്നു.

പ്രബോധനം സബ് എഡിറ്റര്‍ ടി. മുഹമ്മദ് സാഹിബും മാനേജര്‍ സി.പി അബ്ദുല്‍ ഖാദര്‍ സാഹിബും അനാരോഗ്യം കാരണമായി ഒരേസമയം ഓഫീസില്‍ നിന്ന് ഒഴിവാകേണ്ടിവന്ന സാഹചര്യത്തിലാണ് ഞങ്ങള്‍ രണ്ടു പേരും അങ്ങോട്ട് ക്ഷണിക്കപ്പെടുന്നത്. അപ്പോള്‍ ഞാന്‍ ആലിയ അറബിക് കോളേജ് വിദ്യാര്‍ഥിയായിരുന്നു. മദീനത്തുല്‍ ഉലൂമില്‍ നിന്ന് അബ്ദുല്‍ അഹദ് തങ്ങള്‍ ഓഫീസിലെത്തിയത് എനിക്ക് ശേഷമാണ്. ഏഴര പതിറ്റാണ്ട് മുമ്പ് 1940 അന്ത്യത്തിലും '50 ആദ്യത്തിലുമായിരുന്നു ഈ ഒത്തുചേരലുകള്‍.

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സൗമ്യമുഖം എന്നതാണ് മര്‍ഹൂം സയ്യിദ് അബ്ദുല്‍ അഹദിനെക്കുറിച്ച് ഒറ്റവാക്യത്തില്‍ പറയാവുന്ന വിശേഷണം. തങ്ങള്‍ എന്ന് മാത്രം പറഞ്ഞാല്‍ കേരള ജമാഅത്തില്‍ അബ്ദുല്‍ അഹദ് തങ്ങളാണ്. പിതാവ് അബ്ദുല്ലക്കോയ തങ്ങളില്‍ നിന്ന് പൈതൃകമായി ലഭിച്ചതാവണം ഈ സൗമ്യത. കേരള മുസ്‌ലിം സമൂഹത്തില്‍ സയ്യിദ് പദവിക്ക് അസാമാന്യമായ സ്ഥാന ബഹുമാനവും താരമൂല്യവും നിലനില്‍ക്കുമ്പോഴും അബ്ദുല്‍ അഹദ് തങ്ങള്‍ അത് ആലോചിക്കാനോ കുടുംബസ്വത്തായി കൊണ്ടുനടക്കാനോ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം വിവാഹം കഴിച്ചത് ഹാജി വി.പി മുഹമ്മദലി സാഹിബിന്റെ മരുമകളായ 'മലബാരി' യുവതിയെയാണ്. മക്കളെ 'തങ്ങള്‍ പട്ടം' കെട്ടിക്കാനും അദ്ദേഹം തല്‍പരനായില്ല. അതേസമയം മററുള്ളവര്‍ തന്നെ 'തങ്ങള്‍' എന്ന് വിളിക്കുമ്പോള്‍ അദ്ദേഹം എതിര്‍ത്തതുമില്ല. ഇതും ആ സൗമ്യ വിനയഭാവത്തിന്റെ ഭാഗമാകാം.

കേരള ജമാഅത്തില്‍ സെക്രട്ടറി കം മാനേജര്‍ എന്നതായിരുന്നു അബ്ദുല്‍ അഹദ് തങ്ങളുടെ ഔദ്യോഗിക സ്ഥാന പദവി. ആരോഗ്യം നിലനില്‍ക്കുവോളം ആ പദവികളില്‍ അദ്ദേഹം തുടര്‍ന്നുപോന്നു. ചില ഇടവേളകളില്‍ ജോലി ഭാരം കൂടിയപ്പോള്‍ ജമാഅത്ത് സെക്രട്ടറിയായോ പ്രബോധനം മാനേജറായോ പകരക്കാരെ നിശ്ചയിക്കേണ്ടിവന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി അസ്ഗര്‍ അലി സാഹിബ് സെക്രട്ടറി സ്ഥാനത്ത് നിയമിതനായത് ഓര്‍ക്കുന്നു. ഉര്‍ദു ഭാഷാ പണ്ഡിതന്‍ കൂടിയായിരുന്നു അസ്ഗര്‍ അലി സാഹിബ്.

ഔദ്യോഗിക സ്ഥാനപ്പേര് എന്തായിരുന്നാലും  കേരള ജമാഅത്തിന്റെ സംഘടനാ കാര്യങ്ങളിലും അക്കൗണ്ടിംഗിലും എക്കാലത്തും അതോറിറ്റിയായിരുന്നു അബ്ദുല്‍ അഹദ് തങ്ങള്‍. തങ്ങളുടെ ഓര്‍മശക്തി അപാരമായിരുന്നു. കൃത്യനിഷ്ഠയിലും ചുമതലാ ബോധത്തിലും അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃകയായി. ആഭ്യന്തര-സംഘടനാ കാര്യങ്ങളില്‍ സംശയനിവൃത്തി വരുത്താന്‍ സഹപ്രവര്‍ത്തകര്‍ക്ക് വിശ്വസനീയമായ അവലംബമായിരുന്നു തങ്ങള്‍. ആരോഗ്യം മോശമായ നടപ്പ് മീഖാത്തിന് മുമ്പ് വരെ ശൂറാം മെമ്പറായും തുടര്‍ന്നു.

അബ്ദുല്‍ അഹദ് തങ്ങളുടെ വ്യക്തിത്വത്തിന്റെ ഈ വശം പരാമര്‍ശിക്കുമ്പോള്‍, ദീര്‍ഘകാലം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറിയും സീനിയര്‍ ശൂറാ മെമ്പറുമായിരുന്ന ശഫീഅ് മൂനിസ് സാഹിബിനെ ഓര്‍മ വരിക സ്വാഭാവികം. പ്രായം തൊണ്ണൂറുകള്‍ പിന്നിടുമ്പോഴും പ്രസ്ഥാനത്തിന്റെ ആഭ്യന്തര സംഘടനാ കാര്യങ്ങളില്‍ അവസാന വാക്കായിരുന്നു മൂനിസ് സാഹിബ്. ഗതകാല സംഭവങ്ങളും ചരിത്ര വസ്തുതകളും കൃത്യമായി ഓര്‍ത്തെടുക്കുന്നതില്‍ മൂനിസ് സാഹിബിന്റെ സിദ്ധി അതിശയകരമായിരുന്നു. പ്രസ്ഥാനപൂര്‍വ കാലത്തെ രാഷ്ട്രീയത്തില്‍ പരിചയ സമ്പന്നനായ മൂനിസ് സാഹിബ് സ്വാതന്ത്ര്യ സമരകാല രാഷ്ട്രീയത്തെയും നേതാക്കളെയും നേരില്‍ കണ്ടറിഞ്ഞ അപൂര്‍വ വ്യക്തിത്വമായിരുന്നു.

സൗമ്യ ശീലനെങ്കിലും നിലപാടുകളില്‍ കണിശക്കാരനായിരുന്നു അഹദ് തങ്ങള്‍. ദീനീ സ്ഥാപനങ്ങളുടെ സ്റ്റേജുകളിലും കലാ പരിപാടിയുടെ പേരില്‍ വാദ്യഘോഷങ്ങളുടെ അകടമ്പടിയോടെയുള്ള തട്ടുതകര്‍പ്പന്‍ പാട്ടു ഗോഷ്ടികളും മറ്റും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പത്രപ്രവര്‍ത്തകരായാലും ജോലി സമയത്തെ പത്രവായന 'തങ്ങളി'ലെ മാനേജര്‍ അനുവദിക്കുമായിരുന്നില്ല. ഇത്തരം കണിശതകള്‍ സംഘടിത ജീവിതത്തിലെ അച്ചടക്കത്തിന്റെയും സൂക്ഷ്മതയുടെയും ഭാഗമായേ സഹപ്രവര്‍ത്തകര്‍ കണ്ടിരുന്നുള്ളൂ.

മയ്യലവിയ്യ ഹൈസ്‌കൂളിലെ വിദ്യാര്‍ഥി ജീവിത കാലത്ത് അബ്ദുല്‍ അഹദ് തങ്ങള്‍ക്ക് മാഹി, തലശ്ശേരി ഭാഗങ്ങളില്‍ പരന്ന ഒരു സൗഹൃദ കൂട്ടായ്മ  ഉണ്ടായിരുന്നത് പ്രസ്ഥാന വൃത്തങ്ങളില്‍ പലര്‍ക്കും അറിവുള്ള കാര്യമല്ല. എം.വി ദേവന്‍, പി.സി അഹ്മദ് ഹാജി തുടങ്ങി അഹ്മദ് ഇസ്മാഈല്‍, വി.എന്‍.കെ അഹ്മദ് ഹാജി, ഉസ്മാന്‍ വക്കീല്‍, ഒ.കെ മൊയ്തു സാഹിബ്, സി.കെ ഇബ്‌റാഹീം മാസ്റ്റര്‍ തുടങ്ങിയവര്‍ ആ കൂട്ടായ്മയുടെ ഭാഗമായിരുന്നു. രണ്ടാം തലമുറയില്‍ കെ. എം. അബ്ദുര്‍റഹീം സാഹിബ്, പി.പി അബ്ദുര്‍റഹ്മാന്‍ സാഹിബ്, ഖാലിദ് ഇസ്മാഈല്‍, പി.സി ഫൈസല്‍ തുടങ്ങിയവരും സൗഹൃദ ബന്ധത്തില്‍ കണ്ണികളായി. കെ.കെ അബുസാഹിബുമായും തങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. മാഹി, പെരിങ്ങാടി മേഖലയില്‍ തങ്ങളുടെ അനുസ്മരണ പരിപാടി സംഘടിപ്പിക്കാന്‍ സുഹൃദ് വൃത്തങ്ങളില്‍ ശ്രമം നടക്കുന്നതായി അറിയുന്നു.

ദീനീ സേവനത്തില്‍ ജീവിതം അര്‍പ്പിച്ച് 88-ാം വയസ്സില്‍ വിട പറഞ്ഞ സുഹൃത്തിന്റെ ഖബ്‌റിടത്തില്‍ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുമാറാകട്ടെ-ആമീന്‍.

''ആസ്മാന്‍ തേരീ ലഹദ് പര്‍
ശബ്‌നം അഫ്ശാനി കരേ''

തയാറാക്കിയത്: സുല്‍ത്താന്‍ പാലക്കാട്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍